ഈ വർഷം യു പി എസ് സി (UPSC)യുടെ സിവിൽ സർവീസ് പരീക്ഷയിൽ സ്ത്രീകൾ വീണ്ടും ഒന്നാമതെത്തി എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഹൃദയസ്പർശിയായൊരു വാർത്തയാണ്: ആകെ വിജയിച്ച 933 ഉദ്യോഗാർത്ഥികളിൽ 320 പേർ സ്ത്രീകളാണ്. ഏതൊരു വർഷവും സിവിൽ സർവീസിലേക്ക് വരുന്ന വനിതകളുടെ കണക്ക് നോക്കിയാൽ ഏറ്റവും ഉയർന്ന ശതമാനമാണിത് എന്നത് സന്തോഷത്തിന് കാരണമാകുന്നു, എന്നാൽ ഇത് ജനസംഖ്യയിലെ സ്ത്രീകളുടെ അനുപാതത്തേക്കാൾ വളരെ കുറവാണെന്ന വസ്തുത ആരും മറക്കരുത്.
ഒരു സമൂഹമെന്ന നിലയിൽ, വിദ്യാഭ്യാസമുള്ളവരും സാമ്പത്തികമായി സുരക്ഷിതരും സ്വതന്ത്രരും ആയിരിക്കാൻ നമ്മള്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു. ജോലിസ്ഥലത്ത് അവർ പുരുഷന്മാർക്ക് തുല്യരാകണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, അങ്ങനെയുള്ള സ്ത്രീകളെ വാർത്തെടുക്കുന്നതിൽ നമ്മള്‍ അമ്പേ പരാജയപ്പെട്ടു.
വീട്ടിൽ തുല്യത എന്നതിനെ കുറിച്ച് സംസാരിക്കാൻ പോലും സാധിക്കാറില്ല . സ്ത്രീകൾ പരമ്പരാഗതമായി ശാരീരികമായി ചെയ്യുന്ന ജോലികൾ ചില വീടുകളിൽ ജോലിക്ക് ആളെ നിർത്തി ചെയ്യിക്കുന്നുണ്ടെന്നത് ശരിയാണ് – ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും വസ്ത്രങ്ങൾ അലക്കാനും ആളുണ്ട്. എന്നിട്ടും മാനസികമായ ആധി അവശേഷിക്കുന്നു – പ്രഭാതഭക്ഷണത്തിന് എന്ത് ഉണ്ടാക്കണം, മാവും പഞ്ചസാരയും വാങ്ങണം, കുട്ടിക്ക് വാക്സിനേഷൻ നൽകണം തുടങ്ങിയ പലകാര്യങ്ങളും അതിന് കാരണമാകുന്നു. പ്രധാന മീറ്റിങ്ങുകൾക്കിടിയിൽ എനിക്കൊരു കോൾ വരുകയും “മാഡം, വീട്ടിൽ ഉരുളക്കിഴങ്ങ് തീർന്നു” എന്ന് പറയുകയും ചെയ്യുന്നത് പതിവാണ്. വളരെ കുറച്ച് പുരുഷന്മാരായ ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടാകാം.
ഈ ഫോൺ വിളിക്കുന്ന വ്യക്തിയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, അടുക്കള അദ്ദേഹത്തിന്റെ ജോലിസ്ഥലമാണ്, പോഷകസമൃദ്ധമായ ഭക്ഷണം പാകം ചെയ്യുകയാണ് അയാളുടെ ജോലി. അതിനാൽ, അയാളുടെ കാഴ്ചപ്പാടിൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ സഹായം തേടും. എന്നിരുന്നാലും, അടുക്കള കൈകാര്യം ചെയ്യുന്നതും കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ജോലി ചെയ്യുന്നതും അമിതമല്ലെന്ന് ഞാന്‍ പറഞ്ഞാൽ അത് കള്ളമാകും മുന്നോട്ട് പോകുമ്പോൾ ഈ ഉത്തരവാദിത്തങ്ങൾ കൂടുതൽ തുല്യമായി പങ്കിടാൻ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ശക്തരായ, സ്വതന്ത്രരായ സ്ത്രീകളെ പങ്കാളികളായി തേടുന്ന പല പുരുഷന്മാരും വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ അവരുടെ ശേഷിയോ സ്വാതന്ത്ര്യമോ അംഗീകരിക്കുന്നില്ല എന്നത് ശരിയാണ്. ഒരു സ്ത്രീ എന്ന നിലയിൽ ഈ ദ്വിമുഖ ജീവിതം നയിക്കുന്നത് അങ്ങേയറ്റം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്, അവിടെ ജോലിസ്ഥലത്ത് നിങ്ങൾ നേതൃസ്ഥാനത്ത് നിൽക്കുന്നയാളാണ്, നിങ്ങൾ വീടിന്റെ പടി ചവുട്ടിക്കഴിയുമ്പോൾ, വീട്ടിലെ അതിസങ്കീർണവും പേലവുമായ സന്തുലിതാവസ്ഥയെ നിങ്ങൾ, അസ്വസ്ഥമാക്കരുതെന്ന് ആഗ്രഹിക്കുന്നു. ഇവിടെ, പുരുഷനാണ് നേതൃസ്ഥാനത്ത്. അച്ചടക്കത്തോടെ അവനെ അനുസരിക്കേണ്ടതാണ്. സ്ത്രീകൾ പുരുഷന്മാരെ അനുസരിക്കുകയും വീട്ടിൽ അച്ചടക്കത്തോടെ നിശബ്ദത പാലിക്കുകയും ചെയ്തതിനെ കുറിച്ചും തങ്ങളുടെ കാലത്ത് എങ്ങനെ വ്യത്യസ്തമായിരുന്നുവെന്നും കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ആ കാലത്തെ സ്ഥിതിയെ കുറിച്ചും പറയും. എന്നിരുന്നാലും, ഒരാൾക്ക് അധികാരം അഥവാ ശബ്ദം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുമ്പോഴും അത് ഉപയോഗിക്കാതിരിക്കുന്നത് ബുദ്ധിശൂന്യതയാണ്.
അതിനാൽ, സിവിൽ സർവ്വീസിൽ പ്രവേശിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും, പരിഗണനയിലേക്ക് ചില കാര്യങ്ങൾ.
സൗമ്യതയാണ് ശക്തി. നിങ്ങളുടെ തൊഴിലിൽ അംഗീകരിക്കപ്പെടുന്നതിന് നിങ്ങൾ ആണധികാരി ആയിരിക്കണമെന്നില്ല. നിങ്ങൾ നിങ്ങളുടെ ജോലിയിൽ നല്ലവരായിരിക്കണം, കാര്യങ്ങൾ അവ്യക്തമാകുമ്പോൾ അറിവ് തേടാൻ വിനയമുള്ളവരായിരിക്കണം. തങ്ങൾക്ക് കീഴിൽ വരുന്ന ഉദ്യോഗസ്ഥർ ഏറെ അനുഭവ സമ്പത്തുള്ളവരാണ്. നിങ്ങളുടെ സൗമ്യത ഒരു മെഡൽ പോലെ ധരിക്കുക, പ്രത്യേകിച്ച് ശാന്തതയ്ക്കും ദയയ്ക്കും സ്വാഭാവിക പ്രവണതയുള്ള സ്ത്രീകൾ. ഇടം കണ്ടെത്താനായി മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യേണ്ടതില്ല.
കുറച്ചുകാലം മുമ്പൊരു പ്രയോഗം വളരെ പ്രചാരം നേടിയിരുന്നു, അത് ഇങ്ങനെ സംഗ്രഹിക്കാം: വീടിന് പുറത്ത്, കുട്ടികളില്ലാത്തതുപോലെ സ്ത്രീകൾ ജോലി ചെയ്യണമെന്നും വീടിനുള്ളിൽ ജോലി ഇല്ലാത്തതുപൊലെ അമ്മയാകണമെന്നും കരുതുന്നു. ജോലി ഉപാസനയാണെന്നത് ശരിയാണ്; നിങ്ങൾ ഓവർടൈം ചെയ്തുവെന്ന് ഓർക്കുന്ന ഒരേയൊരു കൂട്ടർ, നിങ്ങളുടെ കുട്ടികൾ മാത്രമാണെന്നതാണ് സത്യം.
എന്റെ തൊഴിലിനോട് ഞാൻ എല്ലാത്തിനും കടപ്പെട്ടിരിക്കുന്നു, എന്റെ ജോലിഭാരം കുറയ്ക്കുമെന്ന് ഞാൻ സ്വപ്നം പോലും കാണില്ല. അതേ സമയം, ഞാൻ ഇതുവരെ സ്നേഹിച്ചിട്ടുള്ളതോ ഇനി സ്നേഹിച്ചേക്കാവുന്നതോ ആയ എന്തിനേക്കാളുമേറെ ഞാൻ എന്റെ കുട്ടിയെ സ്നേഹിക്കുന്നു. അവിടെ സമർത്ഥമായൊരു സമീകരണമുണ്ട്, അത് നേടാനുള്ള പരിശ്രമമാണ് എല്ലാം. അതിനാൽ കുട്ടിയെ വളർത്തുന്നതിൽ പങ്കാളിയുടെയും കുടുംബത്തിന്റെയും സഹകരണം ഉറപ്പാക്കുന്നതിൽ വ്യക്തത ഉണ്ടായിരിക്കണം. നിങ്ങളുടെ കുട്ടിയോടൊപ്പം ചെലവഴിക്കേണ്ട കാര്യങ്ങൾക്കായി എല്ലാ ആഴ്ചയും കുറച്ച് മണിക്കൂറുകൾ നീക്കിവയ്ക്കുക. സന്തോഷകരമായ ഒരു വീട് നിങ്ങളെ മികച്ച ഉദ്യോഗസ്ഥയാക്കുന്നു.
പ്രസവാവധി വെക്കേഷനല്ല, അത് നിങ്ങളെ വീണ്ടും തൊഴിൽ സേനയിൽ ചേരാൻ അയോഗ്യരാക്കില്ല. സ്ത്രീകൾ വൻതോതിൽ ജോലി ചെയ്യാൻ തുടങ്ങിയ കാലം മുതൽ, ഭാവിയിൽ ഗർഭധരിക്കാമെന്നത് അവരെ പല ജോലികളുടെ കാര്യത്തിലും തടസ്സം നിൽക്കുന്നു. ഗർഭധാരണം മേൽ ഉദ്യേഗസ്ഥനെ അറിയിക്കേണ്ടി വരുമ്പോൾ, സ്ത്രീകൾക്ക് പോലും കുറ്റബോധം തോന്നും.
രാജ്യത്തെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 2.0 ആണെന്ന് സൂചിപ്പിക്കട്ടെ (ഇതിൽ നഗര-ഗ്രാമീണ ജനസംഖ്യയും ഉൾപ്പെടുന്നു). അതിനാൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ അവളുടെ മുഴുവൻ കരിയറിൽ പരമാവധി രണ്ട് തവണ ഗർഭിണിയാകാനുള്ള സാധ്യതയുണ്ട്. ജീവനക്കാരിയുടെ ജീവിതത്തിൽ ഇത്തരമൊരു നാഴികക്കല്ലായ സംഭവുമായി ബന്ധപ്പെട്ട് അവരുടെ ചെറിയ അഭാവം സഹിക്കാൻ നമ്മുടെ സംവിധാനങ്ങളും സ്ഥാപനങ്ങളും ശക്തമാണെന്ന് ഞാൻ കരുതുന്നു. ഗർഭധാരണം ഒരാളുടെ കരിയറിനെ തടസ്സപ്പെടുത്തുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ, ഒരു പഠന അവധി, ബന്ധമില്ലാത്ത വകുപ്പിലേക്കുള്ള ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ ഒരു അപകടം പോലും. ഗർഭധാരണത്തെക്കുറിച്ചുള്ള ഉത്കണ്ഠ കാലഹരണപ്പെട്ട ഒന്നാണ്, അത് ഇല്ലാതാക്കേണ്ടതുണ്ട്. അവരുടെ ജീവിതത്തിന്റെ ഈ നിർണായക ഘട്ടത്തിൽ സ്ത്രീകൾക്ക് പിന്തുണ നൽകുകയും അവർക്ക് വളരാനുള്ള സാഹചര്യം ഒരുക്കുകയും വേണം. ഇത് ഒരു കുഞ്ഞിന്റെ ജനനം മാത്രമല്ല, ഒരു സ്ത്രീയുടെ പുനർജന്മം കൂടിയാണ്. എല്ലാവരും കുഞ്ഞിനെ ലാളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറയപ്പെടുന്നു, പക്ഷേ നമ്മൾ അമ്മയെയും ചേർത്തുപിടിക്കുന്നുവെന്ന് ഉറപ്പാക്കണം.
സിവിൽ സർവ്വീസുകളിൽ കൂടുതല്‍ സ്ത്രീകൾ ഭാഗമാകുന്നതോടെ, നമ്മുടെ “സൗമ്യശക്തി” കൊണ്ട് രാജ്യത്തെ മികച്ച രീതിയിൽ നയിക്കാനും, കാലഹരണപ്പെട്ട ആശയങ്ങൾ ഉപേക്ഷിക്കാനും, വീട്ടിലും മൊത്തത്തിൽ സമത്വത്തിന്റേതായ അന്തരീക്ഷം ഉണ്ടാക്കാനും, ഗർഭധാരണവും പ്രസവവും കൂടുതൽ സന്തോഷകരവും സമ്മർദ്ദകുറഞ്ഞതുമായ ഒന്നാക്കി തീർക്കാനും നമുക്ക് കഴിയുമെന്ന് ഒരാൾ പ്രതീക്ഷിക്കാം. .
ലേഖിക ഐ പി എസ് ഉദ്യോഗസ്ഥയാണ്