അധികാരത്തിലിരിക്കുന്നവർക്ക് ഓർമ്മയുണ്ടോ ഈ കുഞ്ഞുങ്ങളെ?

എൻഡോസൾഫാൻ ദുരിത ബാധിതർ ഇപ്പോഴും സമരത്തിന്റെ വഴിയിലാണ് ഒപ്പം നിന്നവർ അധികാരത്തിലും

endosulfan, sugatha kumar, kanam rajendran,

2016 ജനുവരി 26 ന് എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെയും എടുത്ത് സെക്രട്ടേറിയറ്റിന് മുമ്പിൽ അനിശ്ചിതകാല പട്ടിണി സമരത്തിന് എത്തിയപ്പോൾ സർക്കാരിനോടും പൊതുസമൂഹത്തോടും ചോദിച്ചോരു ചോദ്യമുണ്ട് “ഞങ്ങൾ മരിച്ചാൽ ഈ കുഞ്ഞുങ്ങൾ എന്തു ചെയ്യുമെന്ന് ?”. ഒമ്പത് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ ഫെബ്രുവരി മൂന്നിന് ഉമ്മൻചാണ്ടി സർക്കാർ സമരസമിതിയുമായി ചർച്ചയ്ക്ക് തയ്യാറാകുകയും സമരാവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. സർക്കാർ നൽകിയ കരാറുമായി, ആശ്വാസത്തോടെ അതിലേറെ പ്രതീക്ഷയോടെയാണവർ കാസർഗോഡിന് വണ്ടി കയറിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന നാളുകളിൽ ലഭിച്ച കരാറിനേക്കാൾ അവർ പ്രതീക്ഷയോടെ കണ്ടത് എൻഡോസൾഫാൻ സമരത്തിന്, അതിന്റെ അടിയന്തരാവശ്യങ്ങൾക്ക് ഇടതുപക്ഷ പാർട്ടികൾ നൽകിയ പിന്തുണയായിരുന്നു. സി.പി.എമ്മും. സി. പി. ഐയും അതിന്റെ മുഴുവൻ ബഹുജന സംഘടനകളും സമരത്തിന് പൂർണ്ണ പിന്തുണ നൽകുകയും എല്ലാവിധ സഹായങ്ങളും നൽകുകയും ചെയ്തിരുന്നു. ഈ ഐക്യദാർഢ്യം അത്യന്തം പ്രതീക്ഷയോടെയാണ് സമരസമിതി പ്രവർത്തകർ കണ്ടത്. കാരണം പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നീട് മൂന്ന് മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. സമരത്തിന് പൂർണ്ണ പിന്തുണ നൽകിയ ഇടതുപക്ഷം അധികാരത്തിൽ എത്തുമെന്നും ഇടതുപക്ഷ സർക്കാർ തങ്ങളുടെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ദുരിത ബാധിതരായ അമ്മമാരും സമരസമിതി പ്രവർത്തകരും വിശ്വസിച്ചു. എന്നാൽ ഇടതുപക്ഷ സർക്കാർ അധികാരമേറ്റ് ഒരു വർഷം കഴിയുമ്പോൾ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളിൽ ഒന്നുപോലും നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടില്ല. ഇപ്പോൾ ആ വിശ്വാസങ്ങളെല്ലാം അവിശ്വാസങ്ങളുടെ ജലരേഖകളായി പരിണമിച്ചിരിക്കുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച അടിയന്തര സാമ്പത്തിക സഹായം മെഡിക്കൽ ലിസ്റ്റിൽപ്പെട്ട (5837) മുഴുവൻ ദുരിതബാധിതർക്കും എത്രയും പെട്ടെന്ന് നൽകും, ദുരിത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനാവശ്യമായ തുക ഒരാഴ്ചയ്ക്കുള്ളിൽ ട്രഷറിക്ക് നൽകും, സൗജന്യമായി മരുന്നും ചികിത്സയും ജില്ലാശുപത്രിയിൽ ഒരു ന്യുറോളജിസ്റ്റിന്റെ സേവനം ഏർപ്പെടുത്തും, മെഡിക്കൽ കോളേജ്ജ് നിർമ്മാണം സമയബന്ധിതമായി തീർക്കും, ദുരിതബാധിതരെ കണ്ടെത്തുന്നതിനു പ്രത്യേക മെഡിക്കൽ ക്യാമ്പ് അഞ്ചു ദിവസങ്ങളിലായി അഞ്ചു സ്ഥലങ്ങളിൽ നടത്തും, ലിസ്റ്റിൽപ്പെട്ട മുഴുവൻ ആളുകൾക്കും പെൻഷൻ ലഭ്യമാക്കും, ദുരിത ബാധിതരെ മുഴുവൻ ബി.പി.എൽ. ലിസ്റ്റിൽ ഉൾപ്പെടുത്തി സഹായങ്ങൾ നൽകും തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കുമെന്ന് 2016 ഫെബ്രുവരി മൂന്നിന് നൽകിയ കരാറിൽ സർക്കാർ വ്യക്തമാക്കി. മാത്രമല്ല എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും പുനരധിവാസം “റീഹാബിലിറ്റേഷൻ വില്ലേജ്” നിർമ്മിച്ചുകൊണ്ട് ശാസ്ത്രീയമായി നടപ്പിലാക്കുമെന്നും സർക്കാർ ഉറപ്പ് നൽകി. അന്ന് നടന്ന ചർച്ചകൾക്ക് ഒപ്പമുണ്ടായിരുന്ന ഇടതുപക്ഷ പാർട്ടികൾ ഇന്ന് അധികാരത്തിലാണ്. പിണറായി സർക്കാർ അധികാരമേറ്റ ശേഷം മൂന്ന് പ്രാവശ്യമാണ് സമരസമിതി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്. ധനമന്ത്രി തോമസ് ഐസക്, കൃഷി മന്ത്രി വി. എസ്‌. സുനിൽ കുമാർ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ തുടങ്ങിയവരെയെല്ലാം നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സമരം ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നുപോലും നടപ്പിലാക്കുന്നതിനുള്ള യാതൊരുവിധ പരിഗണനയും പിണറായി സർക്കാർ നല്കുന്നില്ലെന്ന വസ്തുത തിരിച്ചറിയുമ്പോഴാണ് ഇടതുപക്ഷ പാർട്ടികൾ സമരവേളയിൽ നൽകിയ വാഗ്ദാനങ്ങളും പിന്തുണയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രമായിരുന്നെന്ന് തിരിച്ചറിയുന്നത്. എന്ന് മാത്രമല്ല ദുരിത ബാധിതരുടെ ചികിത്സതക്കായി ഉണ്ടായിരുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തിരിക്കുന്നു.

endosulfan. pinarayi vijayan, keraleeyam,
കേരളയാത്രയുടെ ഭാഗമായി പിണറായി വിജയൻ എൻഞ്ഞെസൾഫാൻ ബാധിതരെ സന്ദർശിച്ചപ്പോൾ (ഫയൽ ഫൊട്ടോ: കടപ്പാട് കേരളീയം)

2004 ൽ വി എസ് അച്യുതാനന്ദൻ എൻഡോസൾഫാൻ വിഷം ദുരന്തം വിതച്ച കാസർഗോഡ് ഗ്രാമങ്ങൾ സന്ദർശിച്ച് സമരത്തിൽ പങ്കാളിയാകുന്നതോടുകൂടിയാണ് ഇടത് പാർട്ടികൾ എൻഡോസൾഫാൻ സമരത്തിൽ സജീവമാകുന്നത്. 2000 ൽ ലീലാകുമാരിയമ്മ നല്കിയ കേസിലൂടെ 2002 ആഗസ്റ്റ് 12 ന് കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ താത്കാലികമായി നിരോധിച്ചെങ്കിലും രാജ്യവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കുന്നത് 2011 മെയ് 23 ന് ഡി.വൈ.എഫ്. ഐ. നൽകിയ ഹർജിയിലൂടെയാണ്. 2011 ഏപ്രിൽ 29 ന് സ്വിറ്റ്സർലണ്ടിലെ ജനീവയിൽ സ്റ്റോക്‌ഹോം കൺവെൻഷൻ നടക്കുമ്പോൾ എൻഡോസൾഫാൻ നിരോധനം ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് വി. എസ്. തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ സത്യാഗ്രഹം കിടക്കുകയായിരുന്നു. ഓരോ സമരങ്ങൾക്ക് ശേഷവും നൽകപ്പെട്ട ഉറപ്പുകൾ സർക്കാർ തന്നെ അട്ടിമറിച്ചു. ഒടുവിൽ അന്തിമസമരത്തിന് ദുരിത ബാധിതരായ അമ്മമാർ ഒന്ന് തിരിഞ്ഞു കിടന്നാൽ പോലും എല്ലുപൊടിയുന്ന കുഞ്ഞു ങ്ങളെയുമെടുത്ത് 2016 ജനുവരി 26ന് സെക്രട്ടറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല പട്ടിണി സമരം ആരംഭിക്കുന്നത്. സി. പി. ഐ. എമ്മും സി.പി.ഐയും അവരുടെ യുവജനസംഘടനകളും ബഹുജന സംഘടനകളും സമരത്തിൽ സജീവ പങ്കാളികളായിരുന്നു. സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രനും സമരപ്പന്തിലെത്തി എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ നവകേരള മാർച്ച് തുടങ്ങുന്നത് എൻഡോസൾഫാൻ ദുരിതബാധിത മേഖലയായ നെഞ്ചപറമ്പനിൽ അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ടുകൊണ്ടാണ്. “ഇരകൾ”ക്കൊപ്പം സമരം ചെയ്ത ഇടത് പാർട്ടികൾ അധികാരത്തിൽ എത്തുമ്പോൾ വേട്ടക്കാരനായി മാറുന്നത് ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ അധാർമ്മികതയുമാണ്.

അനന്തമായി നീളുന്ന ‘അടിയന്തര’ സഹായം

എൻഡോസൾഫാൻ ദുരിത ബാധിതരെ കണ്ടെത്താൻ 2010 മുതൽ നടത്തിയ മെഡിക്കൽ ക്യാമ്പുകളിൽ നിന്ന് 5837 ദുരിതബാധിതരെയാണ് ഔദ്യോഗികമായി മെഡിക്കല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 2010 ല്‍ 27 പഞ്ചായത്തുകളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് 4182 പേരെയും, 2011 ല്‍ 11 പഞ്ചായത്തുകളില്‍ നിന്ന് 1318 പേരെയും, 2013 ല്‍ 337 പേരെയുമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥിതി ചെയ്യുന്ന 11 പഞ്ചായത്തുകളിലെ രോഗികളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ മാനദണ്ഡം കൊണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ കഴിയാതെ പോയ ആയിരക്കണക്കിന് രോഗികള്‍ ഇപ്പോഴും 27 പഞ്ചായത്തുകളിലായി ഉണ്ട്. പ്ലാന്റേഷൻ കോർപറേഷൻ കശുമാവിൻ തോട്ടം നിലനിൽക്കുന്ന 11 പഞ്ചായത്തുകളിലാണ് എൻഡോസൾഫാൻ തളിച്ചതെങ്കിലും ജലത്തിലൂടെയും വായുവിലൂടയും 40 കിലോമീറ്റർ വരെ വ്യാപിക്കാൻ കഴിയുമെന്ന് വിവിധ പഠനങ്ങൾ തെളിക്കുകയും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്), ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ബയോകെമിസ്ട്രി വിഭാഗം പ്രാഫ. സതീഷ് രാഘവന്റെ നേതൃത്വത്തില്‍ നടന്ന പഠനവും എന്‍ഡോസള്‍ഫാന്‍മൂലം ജനിതകവൈകല്യങ്ങളും നാഡീസംബന്ധമായ വൈകല്യങ്ങളും പ്രത്യുല്‍പാദന തകരാറും സംഭവിച്ചതായി ആധികാരിക പഠനം പുറത്തിറക്കി. നിരവധി എൻഡോസൾഫാൻ ദുരിത ബാധിതരെ 27 പഞ്ചായത്തുകളിലായി കണ്ടെത്തിയിട്ടും അവരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. 2013 ആഗസ്റ്റിൽ നടന്ന മെഡിക്കൽ ക്യാംപിൽ പന്ത്രണ്ടായിരത്തോളം ദുരിത ബാധിതരാണ് പങ്കെടുത്തത്.പ്രാഥമിക സ്‌ക്രീനിംഗിന് ശേഷം 5800 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി. എന്നാൽ കശുമാവിൻ തോട്ടം നിലനിൽക്കുന്ന 11 പഞ്ചായത്തുകളിലെ ദുരിത ബാധിതരെ ലിസ്റ്റിൽ ഉൾപ്പെടുത്തു എന്ന നിബന്ധന മൂലം 337 പേർ മാത്രമാണ് അന്തിമലിസ്റ്റിൽ ഉൾപ്പെട്ടത്. മരണപ്പെട്ടവർ, പൂർണ്ണമായും കിടപ്പിലായവർ, പരസഹായം കൂടാതെ എഴുന്നേൽക്കാൻ കഴിയാത്തവർ എന്നിവർക്ക് അഞ്ച് ലക്ഷം രൂപയും ബാക്കിയുള്ളവർക്ക് മൂന്ന് ലക്ഷം രൂപയും നൽകണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശച്ചിരുന്നത്. 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എട്ട് ആഴ്ചകൊണ്ട് കൊടുത്തു തീർക്കണമെന്ന് പറഞ്ഞ അടിയന്തിര സഹായം 2017 ജൂലൈ വരെയും നടപ്പിലാക്കി കഴിഞ്ഞിട്ടില്ല. 2017 ജനുവരി 10 നു ദുരിത ബാധിതർക്ക് മൂന്നുമാസത്തിനകം അടിയന്തിര സഹായങ്ങൾ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരിന്നു .കീടനാശിനി കമ്പനികളില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാനസര്‍ക്കാരിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ഉത്തരവിട്ടു. ഒന്നും നടപ്പിലായില്ല എന്ന് മാത്രമല്ല ദുരിത ബാധിത ലിസ്റ്റിൽപ്പെട്ട 3019 പേർക്ക് ഒരു രൂപ പോലും സഹായമായി ഇതുവരെ ലഭിച്ചിട്ടുമില്ല എന്നതാണ് ക്രൂരമായ യാഥാർത്ഥ്യം പിണറായി സർക്കാർ അധികാരത്തിൽ കയറിയ ശേഷം ഒന്നും രണ്ടും ഗഡു ലഭിച്ചവർക്ക് മൂന്നാം ഗഡു കൊടുക്കുക മാത്രമാണ് ചെയ്തത്.

endosulfan, kodiyeri balakrishnan, cpm,
എൻഡോസൾഫാൻ ബാധിതരുടെ സമപന്തൽ കോടിയേരി ബാലകൃഷ്ണൻ, കടകംപളളി സുരേന്ദ്രൻ, വി. ശിവൻകുട്ടി എന്നീ സി പി എം നേതാക്കൾ സന്ദർശിച്ചപ്പോൾ(ഫയൽ ഫൊട്ടോ: കേരളീയം)

എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ലിസ്റ്റില്‍പെട്ട 5837 രോഗികളുടെ 2014 ജനുവരി 28 വരെയുള്ള കടം 25 കോടി രൂപയാണ്. ഇതില്‍ ജപ്തി ഭീഷണി നേരിടുന്ന 2011 വരെയുള്ള കടം 10.90 കോടി രൂപയുമാണ്. ഈ കടം എഴുതിത്തള്ളുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും 50000 രൂപയ്ക്ക് താഴെ ലോൺ ഉണ്ടായിരുന്നവരുടെ കടം എഴുതിത്തള്ളാൻ 1.5 കോടി രൂപ മാത്രമാണ് നൽകിയത്. സർക്കാർ കടങ്ങൾക്ക് മോറിറ്റോറിയം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാത്തത് മൂലം ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ട് പോകുകയാണ്. മരുന്നിനു ഭക്ഷണത്തിനും വകയില്ലാതെ ബേളൂരില്‍ വീട്ടമ്മ രാജി വി. തൂങ്ങി മരിച്ചതും, ദുരിത ബാധിതരായ രണ്ട് മക്കളുടെ പിതാവായ ജഗന്നാഥ പൂജാരി ചികിൽത്സക്കായി എടുത്ത തുക തിരച്ചടക്കാൻ കഴിയാത്തതുകൊണ്ട് ജപ്തി ഭീഷണിയെ തുടർന്ന് മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്യേണ്ടി വന്നതും നാം മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. ബെള്ളൂര്‍ കാപ്പിക്കടവിലെ എല്യണ്ണയെയും, എന്‍മകജെ ഷേണിയിലെ വാസുദേവ നായ്കിൻറെയും, ബെള്ളൂർ കൽക്കയിലെ പാർവതിയും മകൻ ദിനേശനും അടങ്ങുന്ന നാലംഗ കുടുംബമുൾപ്പടെ നിരവധി എൻഡോസൾഫാൻ ദുരിത ബാധിത കുടുംബങ്ങൾ ചികിത്സക്കെടുത്ത തുക തിരിച്ചടക്കാൻ കഴിയാതെ ഇന്ന് ജപ്തി ഭീഷണയിലാണ്. മുൻ ഉമ്മൻചാണ്ടി സർക്കാരിനെ പോലെ ദുരിത ബാധിതരുടെ മരുന്ന് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് 10 കോടി രൂപ കഴിഞ്ഞ രണ്ട് ബഡ്ജക്റ്റിലും വകയിരുത്തുക മാത്രമാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്. ദുരിത ബാധിതരുടെ ജപ്തി കടം വീട്ടാൻ പോലും ഈ തുക മതിയാകില്ല. ജപ്തിയിൽ നിന്ന് “രക്ഷപെടാൻ” ദുരിത ബാധിതർ ആത്മഹത്യ ചെയ്യുമ്പോഴും സർക്കാർ നിശബ്ദമാണ്. ഭരണകൂടം ബോധപൂർവ്വം ചെയ്യുന്ന ഈ കൊലപാതകങ്ങൾക്ക് ആരെയാണ് വിചാരണ ചെയ്യേണ്ടത് ?

ചോദ്യ ചിഹ്നമാകുന്ന ട്രൈബ്യൂണലും പുനരധിവാസവും

ഭോപ്പാലിന് സമാനമായ വിഷ ദുരന്തമാണ് എൻഡോസൾഫാൻ കാസർഗോഡ് ഗ്രാമങ്ങളിൽ വിതച്ചത്. ഭരണകൂടം നടത്തിയ രാസായുധ പ്രയോഗത്തിന്റെ ദുരന്തം പേറേണ്ടിവന്നരിൽ ഭൂരിഭാഗവും ഗ്രാമീണരായ സാധാരണ ജനങ്ങളായിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് 959 പേരാണ് എൻഡോസൾഫാൻ ദുരന്തം കാരണം കൊല്ലപ്പെട്ടത്. യഥാർത്ഥ കണക്ക് എത്രയെന്ന് ആർക്കറിയാം. പതിനായിരക്കണക്കിന് കുഞ്ഞുങ്ങളും അമ്മമ്മാരുമാണ് ഈ രാസായുധ പ്രയോഗത്തിലൂടെ ജീവിതം നരകതുല്യമായത്. സർക്കാരിന്റെ വികസന മാതൃകയുടെ ഇരകളാണ് ഈ കുഞ്ഞുങ്ങളും അമ്മമാരും. കേരളത്തിന്റെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനല്ല കാസർഗോഡ് ജില്ലയിലെ 11 പഞ്ചായത്തുകളിൽ വരുന്ന 12000 ഏക്കറിൽ കശുമാവിൻ തോട്ടങ്ങൾ സ്ഥാപിച്ചതും എൻഡോസൾഫാൻ വിഷം തളിച്ചതും. മറിച്ച് സർക്കാരിന്റെ മൂലധന താല്പര്യവും വിദേശ നാണ്യങ്ങൾ നേടിയെടുക്കുന്നതിനുമായിരുന്നു. അതിന് ഇരകളാകേണ്ടി വന്നത് നിരാലംബരായ ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളും . അമേരിക്കയും, യൂറോപ്പ്യൻ യൂണിയനും വികസിത രാജ്യങ്ങളും നിരോധിച്ച എൻഡോസൾഫാൻ കാസർഗോഡ് ഗ്രാമീണ ജനതയുടെ ജീവനുമേൽ തളിച്ചത് സർക്കാരിന്റെ ബോധപൂർവമായ വംശഹത്യയല്ലാതെ മറ്റെന്താണ്? അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞു നിൽക്കുവാൻ കഴിയുമോ? ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കുവാനാണ് 2013 ൽ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മറ്റിയെ നിയോഗിക്കുന്നത്. തീരാദുരിതം അനുഭവിച്ചുകൊണ്ടിരുന്ന ദുരിത ബാധിതർ വളരെ പ്രതീക്ഷയോടെയാണ് ഇതിനെ കണ്ടത്. 2013 ജൂലൈ 19 ന് ദുരിത ബാധിത മേഖല സന്ദർശിക്കാൻ കാസർകോഡ് എത്തിയ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ “പെസ്റ്റിസൈഡ് അടിക്കുമ്പോള്‍ ഇങ്ങനെയൊരു അപകടസാധ്യതയുണ്ടെങ്കില്‍ അവര്‍ക്ക് അവിടെനിന്ന് മാറിനിന്നാല്‍ മതിയായിരുന്നല്ലോ” എന്ന ക്രൂരമായ ചോദ്യമാണ് നീതി പ്രതീക്ഷിച്ച് നിന്ന ജനതയോട് ചോദിച്ചത്. 11 പഞ്ചായത്തിലുള്ള “രോഗികൾക്ക്” മാത്രം സഹായം നൽകിയാൽ മതി എന്നുള്ള നിർദ്ദേശങ്ങളുൾപ്പടെ കൊണ്ടുവരുന്നത് രാമചന്ദ്രൻ നായർ കമ്മറ്റി റിപ്പോർട്ടിലാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത സാമ്പത്തിക സഹായം നഷ്ടപരിഹാരമെന്ന നിലയിൽ കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒടുവിൽ ഈ റിപ്പോർട്ട് തള്ളണമെന്നു ആവശ്യപ്പെട്ടുകൊണ്ടും എൻഡോസൾഫാൻ ദുരന്ത ബാധിതർക്ക് സമരം ചെയ്യേണ്ടി വന്നു എന്നതാണ് അവരുടെ ഗതികേട്. ജനതയുടെ ജീവിതം തകർത്തെറിഞ്ഞവരെ നിയമപരമായി ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നത് സമരസമിതിയും പൊതുസമൂഹവും കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. പക്ഷെ ഇതിനോട് നിഷേധാത്മകമായ നിലപാടാണ് സർക്കാർ ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

സാമ്പത്തിക സഹായംകൊണ്ടോ അഞ്ചോ പത്തോ വര്‍ഷത്തെ ചികിത്സകൊണ്ടോ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെത്. ഒരു ‘മാതൃകാ പുനരധിവാസ ഗ്രാമം’ സൃഷ്ടിച്ച്കൊണ്ട് ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിലൂടെ മാത്രമെ ദുരിതബാധിതര്‍ നേരിടുന്ന ദുരിതത്തിന് ശ്വാശ്വത പരിഹാരം കാണാന്‍ കഴിയൂ. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പുനരധിവാസത്തിനുള്ള ആവശ്യങ്ങൾ മുന്നോട്ട് വന്നെങ്കിലും ഒരു പ്രൊപ്പോസൽ വരുന്നത് 2015 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. കാസർകോട് ടൗണിൽ നിന്ന് 13 കിലോമീറ്റർ മാറി മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിൽ 25 ഏക്കർ സ്ഥലത്താണ് “പുനരധിവാസ വില്ലേജ്” വിഭാവനം ചെയ്യപ്പെട്ടത്. പ്ലാന്റേഷൻ കോർപറേഷനു കീഴിൽ 12000 ഏക്കർ വരുന്ന സഥലത്ത് വാസയോഗ്യമായതും ജലലഭ്യതയും കാർഷിക യോഗ്യവുമായ നിരവധി സ്ഥലങ്ങൾ ഉള്ളപ്പോഴാണ് മുതലപ്പാറയിലെ മൊട്ടക്കുന്ന് പുനരധിവാസത്തിനായി തെരഞ്ഞെടുത്തത്. ജലദൗർഭല്യമുള്ള ഇവിടെ മൂന്ന് കിലോമീറ്റർ അകലെയുള്ള ചന്ദ്രഗിരി പുഴയിൽ നിന്ന് ജലമെത്തിക്കാൻ കഴിയുമെന്നാണ് പദ്ധതി രേഖയിൽ പറയുന്നത്! ദുരിതബാധിതർക്കും കുടുംബത്തിനും താമസം,ജൈവ കൃഷി, ജീവനോപാധിയായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനും കുറഞ്ഞത് 100 ഏക്കർ ഭൂമിയെങ്കിലും ശാസ്ത്രീയമായ പുനരധിവാസത്തിന് അനുവദിക്കണമെന്നമെന്ന ആവശ്യത്തെ നിഷേധിച്ചുകൊണ്ടാണ് മുതലപ്പാറയിൽ 25 ഏക്കർ അനുവദിച്ചത്. തുടക്കത്തിൽ 100 കുടംബങ്ങളെയെങ്കിലും പുനരധിവസിപ്പിക്കാൻ കഴിയുന്ന പാർപ്പിട സമുച്ചയം, വിദ്ധഗ്ദ ചികിൽസ ലഭിക്കുന്ന ആശുപത്രി, മാനസിക വെല്ലുവിളി നേരിടുന്നവർക്കു വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജൈവകൃഷി, സാംസ്കാരിക – വിനോദ കേന്ദ്രങ്ങൾ, ചെറുകിട ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു “മാതൃകാ ഗ്രാമ “മാണ് പുനരധിവാസത്തിനു വേണ്ടതെന്ന ദുരിത ബാധിതരുടെ ആവശ്യത്തിന്മേൽ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സെക്രട്ടേറിയറ്റിന് മുന്നിൽ​ എൻഡോസൾഫാൻ ബാധിതർ നടത്തിയ സമരം (ഫയൽ ഫൊട്ടോ: കേരളീയം)

എഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെ പഠനത്തിനായി നിർമ്മിച്ച ഏഴ് ബഡ്‌സ് സ്‌കൂളുകളിൽ മഹാത്മ ബഡ്സ് സ്കൂളൊഴിച്ച് ആറു സ്‌കൂളുകളുടെയും അവസ്ഥ ശോചനീയമാണ്. ബഡ്‌സ് സ്‌കൂളുകളുടെ നിർമ്മാണത്തിനായി 2012 ൽ നബാഡ് ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും പല സ്‌കൂളുകളുടെയും നിർമ്മാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. എൻഡോസൾഫാൻ ദുരിത മേഖലയുടെ അടിസ്ഥാന വികസനങ്ങൾക്ക് നബാർഡ് 2012 ൽ 200 കോടി രൂപ ‘ഗ്രാമീണ പശ്ചാത്തല സൗകര്യ വികസന ഫണ്ട്’ ( ആർ. ഐ. ഡി. എഫ്. ) പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 2017 ജൂൺ ആയിരുന്നു പദ്ധതിയുടെ അവസാന കാലാവധി. ഭരണകൂടത്തിന്റെ അനാസ്ഥകൊണ്ടും നിരുത്തരവാദപരമായ സമീപനം കൊണ്ടും കാഞ്ഞങ്ങാട് ജില്ല ആശുപത്രി കെട്ടിടമടക്കമുള്ള പതിനേഴോളം പദ്ധതികളാണ് കാലാവധിക്കുള്ളിൽ തീർക്കാത്തതുകൊണ്ട് പദ്ധതിയിൽ നിന്ന് നീക്കം ചെയ്തത്. ദുരിതബാധിതരുടെ എ.പി. എൽ. കാർഡ് ബി.പി.എൽ കാർഡാക്കി മാറ്റുമെന്ന് 2013 ൽ സർക്കാർ ഉത്തരവിലൂടെ പ്രഖ്യാപിച്ചിരുന്നു. അതും ഇതുവരെയും നടപ്പിലാക്കപ്പെട്ടിട്ടില്ല. തന്മൂലം നിരവധി ദുരിത ബാധിത കുടുംബങ്ങൾക്കാണ് സർക്കാർ നൽകുന്ന സഹായം നിഷേധിക്കപ്പെടുന്നത്. 2017 ഏപ്രിൽ മാസത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ രോഗികളുടെ പട്ടിക പോലും പ്രഖ്യാപിക്കുവാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ദുരിത ജീവിതത്തിനും ആത്മഹത്യയ്ക്കുമിടയിൽ അതിജീവനത്തിൻറെ പോരാട്ടങ്ങളല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലാത്തതുകൊണ്ട് അവർ വീണ്ടും സമരത്തിന് തയ്യാറെടുക്കുകയാണ്. അതിന് തുടക്കം കുറിക്കുന്നതിനാണ് 2017 ആഗസ്റ്റ് ഒമ്പതിന്, നാഗസാക്കിയിൽ അമേരിക്ക അണുബോംബിട്ടു ഒരു ജനതയെ മാത്രമല്ല പിറക്കാൻ പോകുന്ന നിരവധി തലമുറകളെയും ജലത്തെയും മണ്ണിനെയും ആവാസവ്യവസ്ഥയെയും തകർത്ത് തരിപ്പിണമാക്കിയ അതേദിനത്തിലാണ് കാസർഗോഡ് കളക്ട്രേറ്റിലേക്ക് നീതിക്കായ് ദുരിത ബാധിതർ മാർച്ച് നടത്തുന്നത്. നിരോധനം വന്ന് 17 കൊല്ലം കഴിഞ്ഞിട്ടും ഇന്നും തലമാത്രം വളരുന്ന, കൈകാലുകൾ വളരാത്ത, ഒന്നെഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കേണ്ടിവരുന്ന അമ്മമാർ, ഗർഭപാത്രങ്ങളിൽ നിന്ന് ഗർഭപാത്രങ്ങളിലേക്ക് എൻഡോസൾഫാൻ വിഷം പേറേണ്ടി വരുന്നവർ ആഗസ്റ്റ് ഒമ്പത് സമരത്തിനായി തെരഞ്ഞെടുക്കുന്നത് കേരള ഭരണകൂടത്തോടും പൊതുമനഃസാക്ഷിയോടുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.

തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ജീവനും ജീവിതവും തകർന്ന്, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ, ഇതാ ഇവിടെ ഞങ്ങൾ പാതിവെന്ത ശരീരവും മനസ്സുമായി ജീവിച്ചിരിക്കുന്നൂയെന്ന ഓർമ്മപ്പെടുത്തൽ

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Endosulphan victims to revive protest on nagasaki day

Next Story
ഇസ്ലാമിന്റെ ഹിംസ : നിര്‍ണയവാദങ്ങള്‍ക്കപ്പുറംisis, t p snekumar, islam
The moderation of comments is automated and not cleared manually by malayalam.indianexpress.com