ഞാൻ ഉണർന്നതേയുണ്ടായിരുന്നുള്ളൂ. തലേദിവസം രാത്രി ഫ്ളൈറ്റിൽ ഏറെ വൈകിയാണ് ഞാൻ മുംബൈയിലെത്തിയത്,​ അതിനാൽ ക്ഷീണിതനായിരുന്നു. സീനിയർ പ്രൊഫസറായി (ബിഗ് ഡാറ്റ അനലിറ്റിക്കൽ വിഭാഗം) ഞാൻ ജോലിചെയ്യുന്ന ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഡയറക്ടറും എന്റെ സഹപ്രവർത്തകനുമായ അജിത് പരുലേക്കറിന്റെ മിസ്ഡ് കാൾ ആണ് ഉറക്കമെഴുന്നേറ്റ ഉടനെ കണ്ടത്. പൂണെ പോലീസ് എന്നെ തിരഞ്ഞ് ക്യാമ്പസിൽ വന്നിരുന്നു​ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ഞെട്ടിച്ചു. ഞാൻ ക്യാമ്പസിലേക്ക് പോവുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറകെ അറിയിക്കാമെന്നും പറഞ്ഞാണ് അദ്ദേഹം ഫോൺ വെച്ചത്.

ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയതായിരുന്നു ഞാൻ. മീറ്റിങ്ങിലിരിക്കുമ്പോൾ എന്റെ മൊബൈലിൽ ഫോൺകോളുകളുടെ പ്രവാഹമായിരുന്നു. ആക്റ്റിവിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി അവരിൽ പലരേയും അറസ്റ്റ് ചെയ്തുവെന്ന വാർത്തകൾ എല്ലാ ചാനലുകളിലും ഫ്ളാഷ് ന്യൂസായി വരുന്നുണ്ടായിരുന്നു. ഞാനുടനെ ഭാര്യയെ വിളിച്ചു, എന്റെ വീടും പരിശോധിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം അറിയുന്നത് അപ്പോഴാണ്. ടിവി ന്യൂസുകളിൽ നിന്നും ഈ വിവരമറിഞ്ഞ ഭാര്യയും ഭയന്നിരിക്കുകയായിരുന്നു, വൈകിട്ട് 3.45 ന് ഞങ്ങൾക്കിരുവർക്കും ഗോവയിലേയ്ക്ക് പോകാനുള്ള ഫ്ളൈറ്റ് ടിക്കറ്റും ഭാര്യ ബുക്ക് ചെയ്തിരുന്നു.

തൽക്കാലം, ടിക്കറ്റ് ഹോൾഡ് ചെയ്യൂ എന്ന് ​ഭാര്യയോട് പറഞ്ഞിട്ട് ഞാനുടനെ ഒരു അഡ്വക്കറ്റ് സുഹൃത്തിനെ വിളിച്ച് കാര്യങ്ങൾ​​ അവതരിപ്പിച്ചു. ഞങ്ങളിൽ ആരെങ്കിലും ഒരാൾ ഉടനെ വീട്ടിലെത്തി, പൊലീസ് അവിടെ എന്തെങ്കിലും സാധനങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ് അഡ്വക്കറ്റ് ഉപദേശിച്ചത്. ഉടനടി പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകാനും​ അദ്ദേഹം നിർദ്ദേശിച്ചു. മുംബൈയിൽ എനിക്കൽപ്പം കൂടി ജോലികൾ ബാക്കിയുള്ളതിനാൽ, ഞാൻ ഭാര്യയോട് എന്റെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പറഞ്ഞു.

ഗോവയിലെത്തിയ ഭാര്യ ഒരു വക്കീൽ സുഹൃത്തിന്റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. ഭാര്യ തന്നെ നേരിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് സംസാരിച്ച് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് മനസ്സിലാക്കി. രാവിലെ രണ്ടു വണ്ടിനിറയെ പൊലീസുകാർ ക്യാമ്പസിലേക്ക് ചീറിപ്പാഞ്ഞെ ത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരുടെയെല്ലാം മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയ പൊലീസ് ലാൻഡ് ഫോൺ ബന്ധവും വിച്ഛേദിച്ചു. എന്നെ കുറിച്ച് അന്വേഷിച്ച പൊലീസ്, സെക്യൂരിറ്റി ജീവനക്കാരനോട്​ എന്റെ വീട് കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അതിനിടെ, പ്രധാന ഗേറ്റിനു പുറമെ രണ്ടാമത്തെ ഗേറ്റും പൊലീസ് വളഞ്ഞ് സെക്യൂരിറ്റി ജീവനക്കാരുടെ സെൽഫോണുകൾ പിടിച്ചുവാങ്ങുകയും ലാൻഡ്‌ലൈൻ ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്റെ വീട്ടുമുറ്റത്തേയ്ക്ക് പ്രവേശിച്ച പൊലീസ് താക്കോലിനായി സെക്യൂരിറ്റി ഗാർഡിനെ ഭീഷണിപ്പെടുത്തി. ഗാർഡിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് കീ പിടിച്ചുവാങ്ങി പൊലീസ് വീടിനകത്തു കയറി.

കൊടും കുറ്റവാളിയോടോ ഭീകരവാദിയോടെ പെരുമാറുന്നതു പോലെയായിരുന്നു അവരുടെ നീക്കങ്ങൾ. എന്താണ് അവർക്ക് വേണ്ടതെന്ന് എന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. അതിനായി​​ ഒരു പൊലീസ് ഓഫീസറെ അയക്കുകയോ അല്ലെങ്കിൽ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ ചെയ്താൽ മതിയായിരുന്നു. എന്നാൽ, ഭീതിദമായൊരു​​ അന്തരീക്ഷം ഒരുക്കാനാണ് അവർ ശ്രമിച്ചത്. എന്നെ കുറിച്ചുളള എല്ലാ വിവരങ്ങളും പൊതുമണ്ഡലത്തിലുണ്ട്. ഞാൻ ഐഐഎം അഹമ്മദാബാദിൽ നിന്നുൾപ്പെടെ രാജ്യത്തെ പ്രശസ്തമായ നിരവധി സ്ഥാപനങ്ങളിൽ നിന്നും പ്രശസാംഹർമായ രീതിയിൽ വിദ്യഭ്യാസം പൂർത്തിയാക്കിയിറങ്ങിയ ഒരു വ്യക്തിയാണ്.
സൈബർനെറ്റിക്സിൽ ഡോക്ടറേറ്റ് നേടുകയും കരിയർ മുഴുവൻ കോർപ്പറേറ്റ് സെക്ടറിൽ ജോലി ചെയ്യുകയും ചെയ്ത വ്യക്തിയാണ്. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും പെട്രോനെറ്റ് ഇന്ത്യയുടെ സിഇഒ പദവിയിലും ഇരുന്ന ആളാണ്.anand teltumbde

കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്തുകൊണ്ടിരികുമ്പോള്‍ തന്നെ 20 ഓളം ഗവേഷണ പ്രബന്ധങ്ങൾ വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ലോകത്തോട് വിടപറഞ്ഞപ്പോൾ, ഐഐടി ഖരഗ്‌പൂരിൽ നിന്നും അധ്യാപകനായി എനിക്ക് ക്ഷണം ലഭിച്ചു. അഞ്ച് വർഷക്കാലം ബിസിനസ്സ് മാനേജ്മെന്റ് കോഴ്സ് ഞാൻ പഠിപ്പിച്ചു. പിന്നീട് ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ജൂലൈ 2016 നാണ് ഞാൻ ജോയിൻ ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിഗ് ഡാറ്റ അനലറ്റിക്സ് പ്രോഗ്രാമിന്റെ മേധാവിയാണ്. ഈ വർഷമാണ് ഈ വിഷയത്തിൽ ഒരു ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമാണ് ഇത്തരമൊരു കോഴ്സ് ആരംഭിക്കുന്നത്.

എന്റെ പ്രൊഫഷണൽ ജീവിതം കൂടുതൽ പ്രതിജ്ഞാബദ്ധമായ ഒന്നായി മാറി. നീതിയുക്തമായ സമൂഹ സൃഷ്ടിക്കായി സംഭാവന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ കൂടുതൽ എഴുതുകയും പൊതുപ്രസംഗങ്ങൾ നടത്തുകയും ചെയ്തത്. 26 ഓളം പുസ്തങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി ഇവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ‘ഇക്കണോമിക് ആൻറ് പൊളിറ്റിക്കൽ വീക്കിലി’യിൽ ഞാനെഴുതുന്ന ‘മാർജിൻ സ്പീക്ക്’എന്ന സ്ഥിരം കോളം കൂടാതെ നൂറിലേറെ ലേഖനങ്ങൾ വിവിധ ജേണലുകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥിരമായി എന്റെ ലേഖനങ്ങൾ മറ്റുഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടാറുണ്ട്. ഈ ലേഖനങ്ങളിൽ ഭൂരിഭാഗവും പൊതു മണ്ഡലത്തിൽ ലഭ്യവുമാണ്. വിദേശത്തും ഇന്ത്യയിലുമായി നൂറിലേറെ പ്രഭാഷണങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. രണ്ടു തവണ അമേരിക്കയിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ലക്ച്ചർ ടൂറുകൾക്കായി എനിക്ക് ക്ഷണം ലഭിച്ചിരുന്നു.

എന്റെ വിദ്യാർത്ഥി കാലം മുതൽ തന്നെ ഞാനൊരു ആക്റ്റിവിസ്റ്റാണ്. നിരവധി സംഘടനകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ​​ ആ സംഘടനകളൊന്നും തന്നെ നിയമവിരുദ്ധമോ അക്രമങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതോ ആയിരുന്നില്ല. സത്യമാണ്, ഒരു സാമൂഹിക ബുദ്ധിജീവി (പബ്ലിക് ഇന്റലക്ച്വൽ) എന്ന നിലയിൽ എനിക്ക് സർക്കാറിന്റെ നയങ്ങളെ വിമർശിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും തന്നെ ഉപരിവിപ്ലവമായിരുന്നില്ല, തീർത്തും വസ്തുനിഷ്ഠമായി തന്നെയാണ് വിമർശനങ്ങൾ ഉന്നയിച്ചത്. നിലവിലെ ഭരണ വ്യവസ്ഥയുടെ ഒരു വിമർശകൻ തന്നെയാണ് ഞാൻ. പക്ഷേ, മറ്റുപലരെയും പോലെയല്ല, സ്വാതന്ത്ര്യനാന്തര കാലഘട്ടത്തിൽ​ പിറവിയെടുത്ത ഇന്ത്യൻ ഭരണകൂട സംവിധാനത്തെ അതിന്റെ സമഗ്രതയിലാണ് ഞാൻ വിമർശിക്കുന്നത്.

ഭിമ കൊറേഗാവ്, എല്‍ഗാര്‍ പരിഷത് എന്നിവയുമായുളള എന്റെ ബന്ധങ്ങളെ കുറിച്ചുളള ദുസ്സൂചനകളെ കുറിച്ച് പറയാം, ‘ദ വയറി’ൽ പ്രസിദ്ധീകരിച്ച ഭീമ- കൊറേഗാവ് സംഭവത്തെ കുറിച്ച് വിമർശനാത്മകമായൊരു ലേഖനം ഞാനെഴുതുകയുണ്ടായി. ആ ലേഖനം നിരവധി ദലിതരുടെ അമർഷത്തിന് കാരണമായി. എന്റെ മാവോയിസ്റ്റ് ബന്ധത്തെ കുറിച്ച് ആശങ്കപ്പെടുന്നവർ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം എന്റെ പുസ്തകങ്ങളിൽ അവരുടെ പ്രവർത്തനങ്ങളെയും അക്രമത്തോടുളള അവരുടെ വിശ്വാസത്തെയും വിമർശാനത്മകമായിട്ടാണ് ഞാൻ കൈകാര്യം ചെയ്തിട്ടുളളത്.

ഞാനും ഇപ്പോൾ വേട്ടയാടപ്പെടുന്നവരും എല്‍ഗാര്‍ പരിഷത്തിൽ പങ്കെടുത്തിട്ടു കൂടിയില്ല. എന്നിട്ടും എങ്ങനെയാണ് വെറും ഊഹോപഹോങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രശ്നങ്ങളിലേക്ക് വലിച്ചിട്ട് ഇല്ലാത്ത ബന്ധം ആരോപിക്കുക? നമ്മൾ ഇക്കണ്ട മുഴുവൻ എപ്പിസോഡും പൊലീസ് പറയുന്ന ഒരു കത്തിനെ മാത്രം അടിസ്ഥാനമാക്കിയാണ്, യാതൊരു ആധികാരികതയുമില്ലാത്ത ആരോപണങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് അത്. ജനങ്ങളെ ഭയപ്പെടുത്താനായി കർശന നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആക്റ്റിവ്സ്റ്റുകളെയും ബുദ്ധിജീവികളെയും തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്.

യാതൊരുവിധ തെറ്റുകളും ചെയ്യാഞ്ഞിട്ടും നിരപരാധികളായ ഞാനടക്കമുള്ള ആളുകൾ വലിയ രീതിയിൽ നേരിട്ടു കൊണ്ടിരിക്കുന്ന പീഢനങ്ങളിലേക്കും ദണ്ഡനങ്ങളിലേക്കും നീതിന്യായ വ്യവസ്ഥയുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു. പൊലീസ് എന്നോട് കാണിക്കുന്ന ഈ പെരുമാറ്റം ഞാൻ ‘അർഹിക്കുന്ന’താണോ? എന്നെ അറിയുന്ന രാജ്യത്തെ ജനങ്ങളോട് ഞാൻ ചോദിക്കുകയാണ്, ഞാൻ നീതിരഹിതമായ ഇത്തരമൊരു പെരുമാറ്റത്തിന് ഇരയാകണമെന്ന് നിങ്ങളും വിധിയെഴുതുന്നുണ്ടോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook