Elections 2019: ഗൂഗിളും ഫെയ്സ്ബുക്കുമാണോ ഇന്ത്യയിലെ ഏറ്റവും ശക്തരായ ‘എഡിറ്റര്‍മാര്‍’ ? കഴിഞ്ഞ (2014) പൊതു തിരഞ്ഞെടുപ്പിന് ശേഷം, ഏകദേശം കാൽ ബില്യൺ ഇന്ത്യക്കാർ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗൂഗിളും ഫെയ്സ്ബുക്കും ഏറ്റവും ശക്തരായ ‘എഡിറ്റര്‍മാര്‍’ ആകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

ടെലിവിഷൻ-റേഡിയോ-പത്ര മാധ്യമങ്ങള്‍ വഴി ജനങ്ങൾക്ക് ലഭിക്കുന്ന വാർത്തകൾ ‘ഹ്യൂമന്‍ എഡിറ്റർ’മാരാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍, ഇന്റർനെറ്റ് വാര്‍ത്തകളുടെ കാര്യത്തില്‍, ആല്‍ഗോറിതങ്ങളുടെ (കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ കണക്കുകൂട്ടലുകൾ) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ‘സെർച്ച് എൻജിനു’കളെയും, സമൂഹ മാധ്യമങ്ങളെയുമാണ് ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നത്.

ഇംഗ്ലീഷ് ഭാഷയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള പുതിയ സർവ്വേ പ്രകാരം, മൂന്നിലൊന്നു ആളുകൾ സെർച്ച് എൻജിനുകളെയാണ് വാർത്തകളുടെ മുഖ്യ സ്രോതസ്സായി രേഖപ്പെടുത്തുമ്പോള്‍, കാൽ ഭാഗം പേർ സമൂഹമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത് എന്നും സര്‍വ്വേ റിപ്പോര്‍ട്ട്‌ പറയുന്നു. ഗൂഗിളും ഫേസ്ബുക്കുമാണ് ഈ വാര്‍ത്താ ശ്രോതസ്സുകളില്‍ മുന്‍പന്തിയില്‍. വെറും പതിനെട്ട് ശതമാനം പേരാണ് വാർത്ത വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ നേരിട്ട് പോയി വാർത്തകൾ അറിയുന്നതായി പറഞ്ഞിരിക്കുന്നത്.

വാർത്തകൾക്കായി സമൂഹ മാധ്യമങ്ങളെയും, സെർച്ച് എൻജിനുകളെയും ആശ്രയിക്കുക മാത്രമല്ല, പ്രതികരിച്ചവരിൽ ഭൂരിഭാഗം പേരും ഇത്തരം സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വാർത്തകളെ മറ്റ് വലിയ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വാര്‍ത്ത‍ പോലെത്തന്നെ വിശ്വസിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സര്‍വ്വേ റിപ്പോര്‍ട്ട്‌ പ്രകാരം, കാണുന്ന എല്ലാ വാർത്തകളെയും പൂര്‍ണ്ണമായും വിശ്വസിക്കുന്നു എന്നു പറഞ്ഞത് മൂന്നിലൊന്ന് ശതമാനം ആളുകളാണ്. സെർച്ച് എൻജിനുകളിലെ വാർത്തകള്‍ വിശ്വസിക്കുന്നത് നാൽപ്പത്തിയഞ്ച് ശതമാനം പേരും, സമൂഹ മാധ്യമങ്ങളിലെ വാർത്തകളെ ‘ട്രസ്റ്റ്’ ചെയ്യുന്നത് മുപ്പത്തിനാല് ശതമാനം പേരുമാണ്.

 

Elections 2019: മറ്റു രാജ്യങ്ങളില്‍ കാണപ്പെടുന്ന രീതിയിൽ നിന്നും അതിശയിപ്പിക്കുന്നവണ്ണം വ്യത്യസ്തമാണിത്. മറ്റു രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലും സെർച്ച് എൻജിനുകളിലും വരുന്ന വർത്തകളേക്കാൾ ജനങ്ങൾ വിശ്വസിക്കുന്നത് വാർത്ത മാധ്യമങ്ങളിൽ വരുന്ന വാർത്തകളെയാണ്. സ്ഥാപിത പ്രസ്ഥാനങ്ങളോടുള്ള അവിശ്വാസം നിലനില്‍ക്കുന്ന ധ്രുവീകരിക്കപ്പെട്ട ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ, സെർച്ച് എഞ്ചിനുകൾ വഴി ലഭിക്കുന്ന വാർത്തകൾക്ക് ‘technological objectivity’ യുടെ (സാങ്കേതികമായ വസ്തുനിഷ്ഠ) പുറംമോടി ലഭിക്കുകയും, സമൂഹ മാധ്യമങ്ങൾ വഴി ലഭിക്കുന്ന വാർത്തകൾക്ക് ആധികാരികതയുടെ പരിവേഷം വന്നു ചേരുകയും ചെയ്യുന്നു.

വാർത്തകൾക്ക് വേണ്ടി അധികമായി ആശ്രയിക്കുന്ന ഇത്തരം വേദികൾ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന് പല ഇന്ത്യക്കാർക്കും അറിയില്ല എന്നുളളതാണ് ഇതിലെ ആധിപിടിപ്പിക്കുന്ന വസ്തുത. ഫെയ്സ്ബുക്കിൽ എന്തു തരം വാർത്തകൾ കാണിക്കണം എന്ന വ്യതിരിക്തമായ തീരുമാനം എങ്ങനെയാണു എടുക്കുന്നത് എന്ന ചോദ്യത്തിന്, പ്രതികരിച്ചവരിൽ ഇരുപത്തിയാറ് ശതമാനം പേര്‍ക്കു മാത്രമേ ആല്‍ഗോറിതങ്ങള്‍ വഴിയാണ് എന്ന് ശരിയായ ഉത്തരം പറയാന്‍ സാധിച്ചുള്ളൂ: ജനങ്ങൾ സമൂഹ മാധ്യമത്തിൽ എന്ത് കാണുന്നു എന്നതിന് അനുസരിച്ചു തീരുമാനങ്ങൾ എടുത്ത് അത്തരം വാർത്തകൾ ഫെയ്സ്ബുക്ക് ഫീഡിൽ ഉൾപ്പെടുത്തുന്നത് ‘ഓട്ടോമെറ്റഡ്‌’ആയ സാങ്കേതിക സംവിധാനങ്ങളാണ്. മനുഷ്യരായ എഡിറ്റർമാരും പത്രപ്രവര്‍ത്തകരുമാണ് ഫെയ്സ്ബുക്കിൽ കാണുന്ന ന്യൂഫീഡുകൾ നിർണയിച്ചു നൽകുന്നതെന്നാണ് വലിയൊരു കൂട്ടം വിശ്വസിക്കുന്നത്.

അവർ പറയുന്നത് ഒരർത്ഥത്തിൽ ശരിയാണ്. കാരണം കോടിക്കണക്കിനു ഇന്ത്യക്കാർക്ക് ദിവസം തോറും ഫെയ്സ്ബുക്കും, ഗൂഗിളും വാർത്തകൾ നൽകുന്നത് അൽഗോറിതം പ്രകാരമുള്ള കണക്കുകളെ ആശ്രയിച്ചാണെങ്കിലും, ഇത്തരം വാർത്തകൾ എഴുതുന്നത് പത്രപ്രവർത്തകര്‍ തന്നെയാണ്. അപ്പോൾ ഇവയെല്ലാം തന്നെ, ഓണ്‍ലൈനില്‍ പ്രസക്തമായ ‘റീച്ച്’ ഉള്ള പ്രധാനപത്രങ്ങളുടെ എഡിറ്റോറിയൽ ഉത്തരവാദിത്വത്തിന്റെ ഭാഗമായി തന്നെയാണ് നില്‍ക്കുന്നതും.

വാർത്താമാധ്യമങ്ങളെ കടത്തിവെട്ടി തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ചില രാഷ്ട്രീയ നേതാക്കളും സമൂഹ മാധ്യമങ്ങളിൽ ഒരു നല്ല ശതമാനം ജനങ്ങളെ തങ്ങളെ ‘ഫോളോ’ ചെയ്യിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിർണയിക്കുന്നതിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും വാർത്താ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ തന്നെ നിലനില്‍ക്കുന്നു. അങ്ങനെ നോക്കിയാല്‍ പ്രധാനപ്പെട്ട വാർത്ത മാധ്യമങ്ങളിലെ വാർത്താ എഡിറ്റർമാർ തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ ശക്തരായ എഡിറ്റർമാർ. ഫെയ്സ്ബുക്ക്, ഗൂഗിൾ മാധ്യമങ്ങൾ അവയ്ക്ക് അനുബന്ധമായി പ്രവർത്തിക്കുന്നതല്ലാതെ, അവയുടെ സ്ഥാനം കരസ്ഥമാക്കിയിട്ടില്ല. ജനങ്ങൾ വാർത്തയറിയാനായി സെർച്ച് എൻജിനുകളെയും, സമൂഹ മാധ്യമങ്ങളെയും അമിതമായി ആശ്രയിക്കുമ്പോൾ, രണ്ടു തരം ‘ഗേറ്റ്ക്കീപ്പര്‍’മാരെ കടന്നാണ് വിവരങ്ങൾ അവരിലേക്കെത്തുന്നത്: ആദ്യത്തേത്, എന്ത് തരം വാർത്തകൾ പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിക്കുന്ന എഡിറ്റർമാർ, രണ്ടാമതായി, നമ്മളെന്താണ് ഓൺലൈനായി കാണേണ്ടതെന്ന് തീരുമാനിക്കുന്ന ‘അൽഗോറിതമുകൾ.’

ഒരൊറ്റ ‘ഗേറ്റ്കീപ്പര്‍’ വഴി വാർത്തകൾ എത്തിക്കുന്ന ഓഫ്‌ലൈൻ മാധ്യമങ്ങളെ വച്ചുനോക്കിയാൽ ഇതൊരു വലിയ മാറ്റമാണ്. ഗൂഗിൾ, ഫെയ്സ്ബുക്ക് പോലെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഇന്ത്യൻ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രധാനവും വെല്ലുവിളിയുയർത്തുന്നതുമായ ഒരു റോളിലേക്ക് എത്തുന്നതും ഇതുകൊണ്ട് തന്നെ.

ഗൂഗിൾ ചെയ്യുന്നത് പോലെ, ഒരു കമ്പനി ‘ലോകത്തിലെ എല്ലാ വിവരങ്ങൾ സംയോജിപ്പിച്ച്, സാർവത്രികമായി സമീപിക്കാവുന്നതും, ഉപയോഗപ്രദവുമാക്കി മാറ്റുമ്പോൾ’, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ചിലതുണ്ട്. ശരിയായ വിവരത്തിനും, തെറ്റായ വിവരത്തിനും ഇടയിലുള്ള ഒരു വര വരയ്ക്കല്‍ പ്രയാസമാണ് എന്നതും, ജനങ്ങൾ സ്വമേധയാ തന്നെ പലപ്പോഴും തെറ്റായ വിവരമാണ് അറിയാന്‍ ശ്രമിക്കുന്നത് എന്നതുമാണവ. സുഹൃത്തുക്കളോടും, കുടുംബാംഗങ്ങളോടും ബന്ധപ്പെട്ടിരിക്കാനും, ലോകത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാക്കാനും, അവർക്ക് പ്രാധാന്യമുണ്ടെന്ന് തോന്നുന്നത് പറയാനുമായി ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തില്‍ ഫെയ്സ്ബുക്ക് വരുമ്പോൾ, മനസിലാക്കേണ്ടുന്ന ഒരു കാര്യം, അവിടേയ്ക്ക് വരുന്ന എല്ലാ പ്രകടനങ്ങളും ഒരു പോലെ സൗമ്യമായിരിക്കില്ലെന്നും, ജനങ്ങൾ ചിലപ്പോൾ തെറ്റായതും, തെറ്റിദ്ധാരണ പരത്തുന്നതുമായ ഉള്ളടക്കം സജീവമായി പങ്കു വയ്ക്കുമെന്നതാണ്.

വാർത്തകൾ അറിയാനായി കൂടുതല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ആശ്രയിക്കുന്ന ‘അൽഗോറിത’മുകൾ സ്വന്തമായുള്ള, അവയുടെ പ്രവര്‍ത്തനം വഴി ലാഭം കൊയ്യുന്ന, ഫെയ്സ്ബുക്കിനും ഗൂഗിളിനും ഈ പൊതുതിരഞ്ഞെടുപ്പില്‍ വലിയ അധികാരവും, ഉത്തരവാദിത്വവുമാണ് വന്നു ചേരുന്നത്‌. അവർക്ക് മുൻപ് വന്ന ‘ഹ്യൂമന്‍ എഡിറ്റർമാർക്ക്’ ഉണ്ടായിരുന്നത് പോലെ തന്നെ. ഗൂഗിളും ഫെയ്സ്ബുക്കും അതിനു സജ്ജമാണോ എന്നതിന്റെ നിർണായകമായ പരീക്ഷണമായിരിക്കും 2019-ലെ പൊതുതിരഞ്ഞെടുപ്പ്.

ഓക്സ്ഫോര്‍ഡ്‌ സര്‍വ്വകലാശാല പ്രൊഫസറും
‘റോയിറ്റേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് ജേര്‍ണലിസ’ത്തിന്റെ ഡയറക്ടറുമാണ് ലേഖകന്‍

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook