ദൈവവും കലയും ശത്രുതയിലാണോ? യേശുവിന്റെ കലാതാല്‍പ്പര്യമെന്തായിരുന്നു എന്ന് നമുക്കറിയില്ല. അതേപ്പറ്റി ആരും രേഖപ്പെടുത്തിയിട്ടില്ല. യേശു ജീവിച്ചിരുന്ന കാലത്ത് സിനിമ എന്ന കലാരൂപത്തെപ്പറ്റി ആര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ദേവാലയത്തെ ശുദ്ധീകരിക്കാന്‍ അദ്ദേഹം ചാട്ടാവാറെടുത്തതായി നമുക്കറിയാം.
മതമേലധികാരികളും രാഷ്ട്രീയ അധികാരികളും യേശുവിനെ മുപ്പത്തിമൂന്നുവയസ്സിനപ്പുറം ജീവിക്കാന്‍ അനുവദിച്ചില്ല. നീതിമാനായ ആ യുവാവിനെ അവര്‍ കുരിശില്‍ കൊലചെയ്തു. മനുഷ്യരാശിയുടെ പാപമോചനത്തിനുവേണ്ടിയുള്ള മരണമായിരുന്നു അതെന്ന് ക്രിസ്തുമതക്കാര്‍ വിശ്വസിക്കുന്നു.
ദൈവമായ യേശു രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യനായി കേരളത്തിൽ അവതരിച്ചാലുള്ള അനുഭവത്തെ വിഭാവനം ചെയ്തുനോക്കുന്നത് രസകരമായിരിക്കും. തന്റെ പേരിന്റെ മലയാളീകരണം എന്നു കരുതപ്പെടുന്ന ഈശോ എന്ന വാക്ക് ഒരു സിനിമയുടെ പേരാക്കുന്നതിനെതിരെ തന്റെ അനുയായികളെന്ന് സ്വയം വിശ്വസിക്കുന്ന ഒരു വിഭാഗം നടത്തുന്ന കടന്നാക്രമണത്തോട് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നു ചിന്തിക്കുന്നത് കൂടുതല്‍ രസകരമാകും. പലസ്തിനിലെ ജീവിതകാലത്ത് സഭാമേലധികാരികളെയും പള്ളിപ്രമാണിമാരെയും യേശു വിശേഷിപ്പിച്ചത് വെള്ളതേച്ച ശവക്കല്ലറകളെന്നാണ്. കേരളത്തില്‍ മനുഷ്യജന്മമെടുത്താല്‍ ഇവിടെയുള്ള സഭയേയും സഭാനേതാക്കളെയും യേശു എങ്ങനെയാകും കാണുക?
ശത്രുക്കളെ സ്‌നേഹിക്കണമെന്നും ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കാണിച്ചുകൊടുക്കണമെന്നുമായിരുന്നു യേശുവിന്റെ സുവിശേഷം. സഹനം, ക്ഷമ, കരുണ എന്നീ ഉന്നത മാനവികമൂല്യങ്ങള്‍ കൊണ്ടാണ് യേശു തന്റെ ദൈവരാജ്യ സങ്കല്‍പ്പങ്ങളെ നിര്‍മ്മിച്ചെടുത്തത്. എന്നാല്‍ ഇന്ന് കേരളത്തിലെ തന്റെ അനുയായികള്‍ അതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നതു കണ്ട് യേശു അതീവ ഖിന്നനാകുമെന്നതില്‍ സംശയം വേണ്ട. തന്റെ പേരില്‍ നടക്കുന്ന ആക്രോശങ്ങള്‍ കണ്ട് അദ്ദേഹം വ്യാകുലചിത്തനാകും.
‘ഈശോ’ എന്ന് സിനിമയ്ക്ക് പേരിടുന്നതിനെതിരെ ചില രൂപതകളും വിശ്വാസികളുടെ പേരിലുള്ള സംഘടനകളും നടത്തുന്ന അക്രമോത്സുകമായ പ്രഖ്യാപനങ്ങള്‍ തന്റെ ദൈവരാജ്യ ദര്‍ശനത്തില്‍ വിള്ളല്‍ വീഴ്ത്തുന്നല്ലോ എന്നോര്‍ത്ത് യേശു ദുഃഖിതനാകും. ഓര്‍ത്തഡോക്‌സ് സഭയുടെ യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവനയാകും മെത്രാന്‍മാരില്‍ നിന്നും യേശുവിന് ലഭിക്കുന്ന ഒരേയൊരു ആശ്വാസവാക്ക്. ഈശോ എന്ന പേര് സിനിമയ്ക്കിടുന്നതിന് എന്താണ് അപാകത എന്നാണ് മെത്രാപ്പോലീത്ത ചോദിച്ചത്.

എന്നാല്‍, ഈ മെത്രാപ്പോലീത്തയേയും യേശുവിനെയും പോലെയല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ ചിന്തിക്കുന്നത്. യേശുവിനെപ്പോലെ അത്ര പഴഞ്ചന്‍ രീതിയില്‍ കാര്യങ്ങളെ കാണാന്‍ അവര്‍ക്കുകഴിയില്ല. ‘ഈശോ’ സിനിമയുടെ പേരില്‍ അനാവശ്യവിവാദമുണ്ടാക്കുന്നത് തെറ്റാണെന്നു പറഞ്ഞ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അഭിപ്രായം എഴുതിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിനു താഴെ ഒരു യേശുവിശ്വാസി കമന്റെഴുതിയത് ഇയാള്‍ താലിബാന്‍കാരെ സഹായിക്കുന്ന യൂദാസാണ് എന്നാണ്. അതിനൊപ്പം സഭ്യേതരമായ ഒരു പ്രയോഗവും!
ഈശോ എന്ന പേരിനെതിരെ വാളെടുക്കുന്നവരുടെ തെറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ ‘ക്രിസംഘികള്‍’ ആകുന്നതിനെതിരെ മുന്നറിയുപ്പ് നല്‍കിയ ഒരു പുരോഹിതനുമുണ്ടായി. യേശുവിന്റെ സ്നേഹത്തെപ്പറ്റിയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിന്റെ പേരില്‍ കത്തോലിക്ക സഭയിലെ യുവവൈദികനായ ഫാ. ജയിംസ് പനവേലിലിനെതിരെ ഭയപ്പെടുത്തുന്ന സൈബര്‍ ആക്രമണം നടത്തിയതും സത്യവിശ്വാസികള്‍ തന്നെയാണ്.

ഈശോ എന്ന് യേശുവിനെ വിളിക്കുന്നവര്‍ ഒരു വിഭാഗം ക്രിസ്ത്യാനികള്‍ മാത്രമാണ്. എന്നിട്ടും അവര്‍ തങ്ങളുടെ സമുദായാധികാരം ഉറപ്പിച്ചെടുക്കുന്നതിനും വര്‍ഗീയമായ ധ്രുവീകരണം ശക്തമാക്കുന്നതിനും യേശുവിനെയും ഒരു കരുവാക്കിമാറ്റി. ഫാ. ജയിംസ് ഓര്‍മ്മിപ്പിച്ച ‘ക്രിസംഘികള്‍’ എന്ന വിശേഷണം പലതുകൊണ്ടും ഇന്ന് അര്‍ത്ഥവത്താണ്.
കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കേണ്ട വിധത്തിലാണ് കാര്യങ്ങളിപ്പോള്‍. തന്റെ അനുയായികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് യേശുവും ചിന്തിക്കുന്നുണ്ടാകും. കേരളത്തിലൊരു അവതാരജന്മമുണ്ടായാല്‍ കുരിശിനേക്കാള്‍ കഠിനമാകും യേശുവിന് തന്റെ അനുയായികളില്‍നിന്നുണ്ടാകാനിടയുള്ള അനുഭവം.
നിലയ്ക്കല്‍ സംഭവം പോലെ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളില്‍ വര്‍ഗ്ഗീയത വേരുറപ്പിച്ചിരുന്നില്ല. എന്നാല്‍ അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. വര്‍ഗീയതയുടെ ആവിഷ്‌കാരം അപരവിദ്വേഷം എന്ന നിലയിലാണ് സംഭവിക്കാറുള്ളത്. മറ്റൊരു സമുദായമാണ് തങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന വ്യാജബോധത്തെ അനുയായികള്‍ക്കിടയില്‍ ഊട്ടിയുറപ്പിക്കുക എന്നതിലാണ് വര്‍ഗീയവത്കരണത്തിന്റെയും വംശീയമായ പകയുടെയും അടിവേരുകള്‍ കുടികൊള്ളുന്നത്. ഹിറ്റ്‌ലര്‍ നടപ്പാക്കിയത് അതാണ്. രണ്ടുഭാഗത്തുമുള്ളവരും അപരവിദ്വേഷത്തിന്റെ അഗ്നിയെ ആളിക്കത്തിച്ചപ്പോഴാണ് ഇന്ത്യാ വിഭജനത്തിന്റെ ഇരുണ്ടനാളുകള്‍ സംഭവിച്ചത്. സ്വതന്ത്രഭാരതത്തിലും ഈ പരീക്ഷണം തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ടു. ഭരണാധികാരം നേടിയെടുക്കാനാവും വിധം അത് വിജയകരമാകുകയും ചെയ്തു.
കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇപ്പോഴിത് വളരെ ആസൂത്രിതമായും സംഘടിതവുമായാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സഭാനേതൃത്വത്തിന്റെ ആശിര്‍വാദത്തോടും പിന്തുണയോടും കൂടിയാണ് ഇത് നടക്കുന്നത് എന്നതാണ് ഏറ്റവും ആശങ്കാജനകമായ വസ്തുത. അതിശയോക്തി കലര്‍ത്തിയ ‘ലവ് ജിഹാദ്’ ഇടയലേഖനത്തിലും ജനസംഖ്യാ മത്സരത്തിന് ആഹ്വാനം ചെയ്യുന്ന ഇടയലേഖനത്തിലുമെല്ലാം ഇതാണ് നിഴലിക്കുന്നത്. ഇടയ ലേഖനങ്ങളില്‍ വര്‍ഗീയതയുടെ മുഴക്കങ്ങളുണ്ടാകുന്നത് ഇടയന്മാര്‍ സ്‌നേഹത്തെപ്പറ്റി പറഞ്ഞ യേശുവില്‍നിന്ന് അകന്നുകഴിഞ്ഞു എന്നതിന്റെ സൂചനയാണ്.
വാട്ട്‌സ്ആപ്പ്, ക്ലബ് ഹൗസ് തുടങ്ങിയ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് വലിയതോതിലുള്ള വിദ്വേഷപ്രചരണവും നടക്കുന്നുണ്ട്. മറ്റൊരു ന്യൂനപക്ഷ സമുദായത്തിനെതിരെ യുദ്ധം ചെയ്യാന്‍ സന്നദ്ധരായ കുരിശുയുദ്ധമനോഭാവക്കാരെയും വര്‍ഗീയമനോഭാവക്കാരെയും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ധാരാളമായി ഉല്‍പ്പാദിപ്പിച്ചെടുക്കാന്‍ ഈ പ്രക്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയതിനൊരു സംഘടിത രൂപം കൂടിയാര്‍ജിക്കാന്‍ കഴിഞ്ഞാല്‍ കേരളത്തിന് ഒരു ക്രിസ്ത്യന്‍ താലിബാനെക്കൂടി ലഭിക്കും, അവർ സംഘപരിവാറിന്റെ രൂപഭാവങ്ങളാര്‍ജിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്യും.
ഈയൊരു പശ്ചാത്തലത്തിലാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുടെ പേരിനെതിരായ ഹാലിളക്കത്തെ കാണാനാകുക. അതുകൊണ്ടാണ് മുമ്പ്, ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിനെതിരെ ബിഷപ്പ് കുണ്ടുകുളവും കൂട്ടരും നടത്തിയ പ്രക്ഷോഭങ്ങളേക്കാള്‍ അശ്ലീലവും അപകടകരവുമായി ഇപ്പോഴത്തെ മുറവിളികള്‍ മാറുന്നത്. അപരവിദ്വേഷത്തിന്റെയും വര്‍ഗ്ഗീയതയുടെയും വിഷലിപ്തമായ മണ്ണിലാണ് ഈശോവിവാദം ഇപ്പോള്‍ തഴച്ചുവളരുന്നത്.

അനുയായികള്‍ ഇങ്ങനെയായാല്‍ യേശു എന്തുചെയ്യും? യേശുപ്രസംഗിച്ചുനടന്ന ദൈവരാജ്യം തികച്ചും മറ്റൊന്നായിരുന്നു. കേരളത്തിലെ സമുദായ അന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കുന്ന അപകത്തിലേക്കാണ് ഈ വിദ്വേഷസന്ദേശങ്ങള്‍ അതിവേഗം പ്രയാണംചെയ്യുന്നത്. യേശുവിന്റെ സ്‌നേഹസന്ദേശത്തെ ഉള്‍ക്കൊള്ളുന്ന ബിഷപ്പുമാരുടെയും പുരോഹിതരുടെയും എണ്ണം തുലോം വിരളമാണ് എന്നതാണ് കേരളത്തിലെ ക്രിസ്തുമതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
യേശുവിനെ രക്ഷിക്കാന്‍ പി.സി. ജോര്‍ജിനെപ്പോലെയൊരു രാഷ്ട്രീയനേതാവ് ആക്രോശങ്ങളുമായി രംഗപ്രവേശം ചെയ്യുന്നതും ഒട്ടും നല്ല കാഴ്ചയല്ല. ഈ സിനിമ പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്. യേശുവിനെ താനാണ് രക്ഷിക്കേണ്ടത് എന്ന ബോധം അദ്ദേഹത്തില്‍ വളരെ ശക്തമാണ്. എന്നാല്‍ ‘ഈശോ’ എന്ന സിനിമയുടെ ഉള്ളടക്കമെന്താണെന്ന് സത്യവിശ്വാസികള്‍ക്കാര്‍ക്കും അറിയില്ല. അതവര്‍ക്ക് അറിയേണ്ട കാര്യവുമില്ല. വര്‍ഗീയബോധത്തെ ഊട്ടിയുറപ്പിക്കാന്‍ കിട്ടിയ ഒരു പിടിവള്ളി എന്ന നിലയിലാണ് ചിലര്‍ അവരെ കുത്തിയിളക്കുന്നത്.
ഈശോ എന്ന പേര് കേരളത്തില്‍ പലര്‍ക്കും ഉണ്ടല്ലോ എന്ന് യൂഹാനോന്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ചോദിക്കുകയുണ്ടായി. പണ്ട് മന്ത്രവാദിനി വേട്ടകളുടെ പേരില്‍ മധ്യകാല യൂറോപ്പില്‍ ധാരാളം പേരെ തീയിലിട്ട് കൊന്നതുപോലെ ഈശോപേരുകാരെയെല്ലാം ഉന്മൂലനം ചെയ്യാന്‍ കഴിയില്ല ല്ലോ. പിന്നെന്തുചെയ്യും? ഒരു കഥാപാത്രത്തിന് ഈശോ എന്ന പേരിടുന്നത് നിരോധിക്കാന്‍ എന്തടിസ്ഥാനത്തിലാണ് അവര്‍ ആവശ്യപ്പെടുന്നത്? ഒരു അടിസ്ഥാനവുമില്ല, വര്‍ഗീയമായ സാഹചര്യമുണ്ടാക്കാന്‍ ഒരു അവസരം എന്നേ അവരതിനെ പരിഗണിക്കുന്നുള്ളു. മുമ്പ് ‘അല്ലാഹു അക്ബര്‍,’ ഈശോ മറിയം ഔസേഫ് എന്ന അര്‍ത്ഥത്തില്‍ ‘ഈമയൗ,’ ‘നരസിംഹം’ തുടങ്ങിയ പലപേരുകളും സിനിമകള്‍ക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ടല്ലോ എന്ന യുക്തിവിചാരങ്ങളും അര്‍ത്ഥരഹിതമാണ്. വര്‍ഗീതയയ്ക്ക് യുക്തിയില്ല. യുക്തിയില്ലാത്ത ഒരു ആവേശരഥത്തിലാണ് അതിന്റെ യാത്ര.
‘ക്രിസംഘി’ എന്ന സംജ്ഞ കേരളത്തിന്റെ സാമൂഹിക – സാമുദായിക വിശകലനങ്ങള്‍ക്ക് കാലം നല്‍കിയ ഒരു മുതല്‍ക്കൂട്ടാണ്. എന്നാലത് യേശുവുമായി തീരെ ചേര്‍ന്നുപോകാത്തതാണ്. യേശു അങ്ങനെ പലതും പറയും, എന്നാല്‍ ഞങ്ങള്‍ക്ക് നേടാനും സംരക്ഷിക്കാനും പലതുമുണ്ടെന്നാണ് വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. ധനത്തിനും അധികാരത്തിനുമൊപ്പം യേശുവിനെയും അവര്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്. അതിനാലാണല്ലോ ഈശോ എന്ന പേരുപയോഗിച്ചവരെ പാഠംപഠിപ്പിക്കാന്‍ അവര്‍ നിശ്ചയിച്ചത്.
ഏത് യേശുവിനെയാണ് അവര്‍ സംരക്ഷിക്കുന്നത് എന്നുമാത്രം ആര്‍ക്കും മനസ്സിലാകില്ല. യേശു സ്‌നേഹമാകുന്നു, എന്നാല്‍ സഭ സ്‌നേഹമല്ല. കരുണയും സഹനവുമല്ല. വ്യാജമായ ഒരു അപരവിദ്വേഷ ഭൂമികയില്‍ തങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സമുദായബോധം കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം എത്രമാത്രം വിനാശകരമാണെന്ന് അവരറിയുന്നില്ല. തങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് അവരറിയാത്തതിനാല്‍ അവരോട് ക്ഷമിക്കേണമേ എന്നുമാത്രമേ നമുക്ക് പറയാനുള്ളു. എന്നാല്‍ ഭാവി തലമുറ അവരോട് ക്ഷമിക്കുമോ എന്നത് സംശയമാണ്; യേശുവും.