scorecardresearch

നമുക്കിടയിൽ പുതുതായി ചിലതെല്ലാം

ജിവിതത്തിന്റെയും, ഭാവിതലമുറകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നമ്മുടെ പ്രകൃതിയുടെ പുനർനിർമ്മിതി അനിവാര്യമായിരിക്കുന്നു. അതിനായി ‘വികസനം’ എന്ന സാമ്പത്തിക പ്രക്രിയയെ പ്രകൃത്യാനുസാരിയായി പരിവർത്തിപ്പിക്കേണ്ടിവരും

g madhusoodanan ,iemalayalam

കേരള സാഹിത്യ അക്കാദമി ആവശ്യപ്പെട്ടതനുസരിച്ച് 2017-ൽ ഞാൻ കേരളത്തിന്റെ ആദ്യത്തേതും സമഗ്രവുമായ പാരിസ്ഥിതിക ചരിത്രം എഴുതിയിരുന്നു. അക്കാദമി അത് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനുശേഷം ഒരു മാസത്തിനുള്ളിൽ ആധുനിക കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കൊടുങ്കാറ്റുണ്ടായി. 2017 വരെയുള്ള ഇന്ത്യയുടെ കാലാവസ്ഥാ ചരിത്രത്തിൽ നാമറിഞ്ഞിരുന്നത്, ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ് ബംഗാൾ ഉൾക്കടലിൽ നിന്നുത്ഭവിക്കുന്ന കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്നതെന്നാണ്. പടിഞ്ഞാറൻ തീരങ്ങൾ പൊതുവെ ശാന്തമായിരുന്നു. 2017 നവംബറിലെ ഓഖി കൊടുങ്കാറ്റ് പശ്ചിമ തീരവാസികളുടെ ഈ സുരക്ഷിതബോധം തകർത്തു. ഓഖി ഉത്ഭവിച്ചത് ബംഗാൾ ഉൾക്കടലിലായിരുന്നുവെങ്കിലും ഇന്ത്യയുടെ തെക്കൻ മുനമ്പ് കടന്ന് പശ്ചിമ തീരത്തേക്കെത്തി, കേരളത്തിന്റെ തീരപ്രദേശങ്ങളിൽ അത് വിനാശം വിതച്ചു.

തീവ്രദുരന്തങ്ങൾ സംഭവിക്കാത്ത സുരക്ഷിത ഇടമാണ് കേരളമെന്ന എന്റെ സുരക്ഷിതബോധത്തെ ഇത് വല്ലാതെ ഉലച്ചു. ദിവസങ്ങളോളം ലാപ്‌ടോപ്പിനു മുന്നിൽ തപസ്സിരുന്ന് ഞാൻ അറബിക്കടലിൽ എന്തെങ്കിലും പുതുതായി സംഭവിക്കുന്നുണ്ടോ എന്നന്വേഷിച്ചു. ഈ വിഷയത്തിൽ 2011 മുതൽ അമേരിക്കൻ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നു പുറത്തുവന്ന നിരവധി പഠനങ്ങൾ എനിക്കു കണ്ടെത്താനായി. പ്രിൻസ്ടൺ സർവ്വകലാശാലയിലെ ഡോ. ഹിറയൂക്കി മുറക്കാമി അതിൽ പ്രമുഖ ഗവേഷകനാണ്. വർധിക്കുന്ന കാർബൺ പ്രദൂഷണം മൂലം അറബിക്കടലിന്റെ ഉപരിതലചൂട് (Sea Surface Temperature) 1997-നുശേഷം വർധിച്ചു തുടങ്ങിയെന്നും, അതിന്റെ ഫലമായി അറബിക്കടൽ ഇനി അശാന്തമായിരിക്കുമെന്നുമാണ് ഈ ഗവേഷണ പഠനങ്ങൾ കണ്ടെത്തിയത്.

2014 ഒക്‌ടോബർ 25 മുതൽ 31 വരെ അറബിക്കടലിൽ അതിതീവ്രകൊടുങ്കാറ്റായ (Extremely Severe Cyclonic Storm) ‘നീലോഫർ’ സംഭവിച്ചു. 2015-ൽ വീണ്ടും രണ്ട് അതിതീവ്ര കൊടുങ്കാറ്റുകളുണ്ടായി-ഒക്‌ടോബർ 28 മുതൽ നവംബർ 4 വരെയുണ്ടായ ‘ചപാല’, നവംബർ 5 മുതൽ 10 വരെയുണ്ടായ ‘മേഘ്’ എന്നിവ. ഇവയുടെ പതനസ്ഥലം ഗൾഫ് നാടുകളിലെ ഒമാൻ, യമൻ എന്നീ രാജ്യങ്ങളിലായിരുന്നു.

2018 ഒക്‌ടോബറിൽ ഒരേസമയം അറബിക്കടലിൽ ‘ലുബൻ’ കൊടുങ്കാറ്റും, ബംഗാൾ ഉൾക്കടലിൽ ‘തിത്ത്‌ലി’ കൊടുങ്കാറ്റും ഉത്ഭവിച്ചു; ചരിത്രത്തിൽ രണ്ടാമതാണ് ഈ രണ്ടു കടലുകളിലും ഒരേ സമയം ഇങ്ങനെ സംഭവിക്കുന്നതെന്നാണറിവ്. ‘ലുബൻ’ കൊടുങ്കാറ്റിന്റെ പതനസ്ഥലം ഒമാനിലെ സലാലയും, ‘തിത്ത്‌ലി’യുടേത് ഒറീസ-ആന്ധ്ര തീരങ്ങളിലുമായിരുന്നു. അറബിക്കടലിൽ ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ ഗതിമാറി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് പതിക്കാനുള്ള സാധ്യത തൽക്കാലം ഇല്ലെന്നാണ് അന്തരീക്ഷ ശാസ്ത്രജ്ഞർ പറയുന്നത്.iitm, g madhusoodanan , iemalayalam

എങ്കിലും അറബിക്കടലിലെ ഉപരിതല താപനില വർധിക്കുന്നത് മറ്റൊരു വിധത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് തലവേദനയാകും. തീവ്രതയേറിയ അതിവൃഷ്ടിയാണ് പ്രളയങ്ങൾക്ക് കാരണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അറേബ്യൻകടലിലെ താപവർധനവ് ഇന്ത്യയിൽ പലയിടങ്ങളിലും അതിവൃഷ്ടിക്ക് കാരണമാകുന്നതിനെ സ്ഥിരീകരിക്കുന്ന പഠനങ്ങൾ പൂനയിലെ ഭാരതസർക്കാരിന്റെ കാലാവസ്ഥാ ഗവേഷണ കേന്ദ്രവും, (Indian Institute of Tropical Meteorology) ഗാന്ധിനഗർ ഐഐടിയും 2018ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പഠനങ്ങൾക്കോ മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾക്കോ അറേബ്യൻകടൽ പ്രക്ഷുബ്ധമാകുന്നത് തടയാനാകില്ല; അതിന്റെ പരിണതികളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കാൻ സഹായിക്കുമെങ്കിലും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ 2005 മുതൽ ചെറുതായും, 2017 മുതൽ ഗൗരവതരമായും ഇന്ത്യയിലെമ്പാടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതിനെ നേരിടാൻ നാം തയ്യാറെടുക്കുമ്പോൾ, കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിൽ നമ്മുടെ പ്രകൃതിക്കേറ്റ ക്ഷതം വിലയിരുത്തി, തിരുത്തലുകൾ വരുത്തേണ്ടതാണ്.

പാശ്ചാത്യ അധിനിവേശത്തിന്റെ കാലഘട്ടം വരെ ഭാരതീയ പ്രകൃതിക്ക് സാരമായ ക്ഷതമേറ്റിരുന്നില്ല. അധിനിവേശം ‘ഹരിതസാമ്രാജ്യത്വ’ത്തിന്റെ (Green Imperialism) കാലഘട്ടം കൂടിയായിരുന്നുവെന്ന റിച്ചാർഡ് ഗ്രോവിന്റെ വിശകലനം ഇന്ത്യയുടെ സന്ദർഭത്തിൽ ഏറെ പ്രസക്തമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷുകാർ തെക്കേ ഇന്ത്യയിലും കിഴക്കെ ഇന്ത്യയിലും വലിയ തോതിൽ വനങ്ങൾ നശിപ്പിച്ചു തുടങ്ങി. പശ്ചിമഘട്ടത്തിന്റെ വിനാശം തുടങ്ങിവച്ചത് അവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ അധിനിവേശ മൂലധനവും, ഭാരതീയ കോർപറേറ്റ് മൂലധനവും നമ്മുടെ വനങ്ങളിലേക്ക് കടന്നു കയറിയപ്പോഴാണ് ഭാരതീയ പ്രകൃതിയുടെ ഗണ്യമായ പരിവർത്തനത്തിന്റെ ആരംഭം.

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബയിലെ കപ്പൽ നിർമ്മാണശാലയ്ക്കുവേണ്ടിയും, റയിൽവേ വ്യാപനത്തിനാവശ്യമായ സ്ലീപ്പറുകൾക്കുവേണ്ടിയും ആദ്യം നമ്മുടെ വനങ്ങളിലെ തേക്കും മറ്റും അവർ വൻതോതിൽ മുറിച്ചു മാറ്റിക്കൊണ്ടിരുന്നു. കേരളം, കർണാടകം, തമിഴ്‌നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ബ്രിട്ടീഷുകാർ വനം തെളിച്ച് വാണിജ്യവിളകളുടെ തോട്ടങ്ങൾ നട്ടുവളർത്തിയിരുന്നു.

വനംതെളിച്ച് ‘എസ്റ്റേറ്റ്’ സ്ഥാപിക്കുന്ന ഈ പ്രക്രിയയിലൂടെ 1866 ആകുമ്പോൾ കേരളത്തിലെ പശ്ചിമഘട്ടനിരകളിൽ (വയനാട്ടിൽ) 53 എസ്റ്റേറ്റുകൾ ഉണ്ടായിക്കഴിഞ്ഞിരുന്നു. ഒരുപക്ഷേ ഏറ്റവും വലിയ അത്തരം വൻകിട വിനാശത്തിന് തുടക്കമിട്ടത് 1877-ൽ തിരുവിതാംകൂർ രാജാവിന്റെ സാമന്തനായിരുന്ന പൂഞ്ഞാർ രാജാവിൽ നിന്ന് ഇടുക്കിയിലെ കണ്ണൻദേവൻ കുന്നുകളിലെ 215 ചതുരശ്രമൈൽ, ജോൺ ഡാനിയൽ മൺറോ എന്ന ബ്രിട്ടീഷ് പ്ലാന്റർ തീറെഴുതി വാങ്ങിയതോടെയാണ്. അതോടെ കേരളത്തിലെ പ്രധാനപ്പെട്ട നദികളുടെ ഈറ്റില്ലമായ പശ്ചിമഘട്ടത്തിലെ 144,000-ത്തിലധികം ഏക്കർ ഉഷ്ണമേഖലാവനം തെളിച്ച് തോട്ടവികസനം നടത്തുന്നതിനുള്ള വഴി തെളിഞ്ഞു. തിരുവിതാംകൂറിന്റെ ഭൂവിസ്തൃതിയുടെ  മുന്ന് ശതമാനത്തിലധികമായിരുന്നു ഇങ്ങനെ തീറെഴുതിയത്. 1862-ൽ കേരളത്തിൽ തോട്ടവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭൂവിനിയോഗ നയവും നിലവിൽ വന്നിരുന്നു.g madhusoodanan ,o v vijayan, iemalayalam

സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) റബ്ബർതോട്ടവികസനത്തിനായി പ്രവർത്തിച്ചിരുന്ന അയർലൻഡുകാരനായ ജോൺ ജോസഫ് മർഫി 1902-ൽ കേരളത്തിലെത്തി, ആലുവായ്ക്കടുത്ത് പെരിയാറിന്റെ തീരത്ത് തട്ടേക്കാട് എന്ന സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ വൻകിട റബ്ബർതോട്ടം തുടങ്ങിയതോടെ, മറ്റൊരു വലിയ പ്രകൃതിപരിണാമത്തിനും തുടക്കമായി. പശ്ചിമഘട്ടത്തിലെ താഴ്ന്ന വനമേഖലകളിലും കേരളത്തിലാകമാനമുള്ള കുന്നിൻ പ്രദേശങ്ങളിലും റബ്ബർ പടർന്നുകയറി; 2015-16 ലെ കേരള സർക്കാരിന്റെ സാമ്പത്തിക സർവ്വേ പ്രകാരം, കേരളത്തിലെ റബ്ബർ തോട്ടങ്ങൾ ഇപ്പോൾ 5.5 ലക്ഷം ഹെക്ടറിൽ വ്യാപിച്ചു കഴിഞ്ഞു-കൃഷിവിസ്തൃതിയുടെ 28 ശതമാനം.

കേരളീയ പ്രകൃതിയുടെ വിനാശത്തിനും, ജൈവവൈവിധ്യ നഷ്ടത്തിനും, കൃഷി നാശത്തിനുമെല്ലാം റബ്ബറിന്റെ ഈ കടന്നുകയറ്റം കാരണമായിട്ടുണ്ട്. റബ്ബറിന്റെ ആഗോളചരിത്രകാരനായ ജോൺ ടുളളി അതിനെ വിളിക്കുന്നത് ‘സാത്താന്റെ പാല്’ എന്നാണ്. ‘ഞെക്കുവിളക്കിന്റെ കഥ’ എന്ന തന്റെ ചെറുകഥയിൽ ഒ.വി.വിജയൻ റബ്ബറിന്റെ കേരളീയ ജീവിതത്തിലെ പാരിസ്ഥിതിക-സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെ മൂന്ന് ഹ്രസ്വമായ സൂചകങ്ങളിൽ ചുരക്കെഴുത്തു നടത്തുന്നത് ഇങ്ങനെയാണ്: ”വിശുദ്ധ വൃക്ഷം, കുരിശുമരം, കേരളം പേറുന്ന കുരിശ്.” ഇതിലെ മതസൂചകങ്ങളോട് എനിക്ക് യോജിപ്പില്ലെന്നും പറയട്ടെ.

കേരളീയപ്രകൃതിയിൽ പരിണാത്മകമായ മാറ്റങ്ങൾക്കു കാരണമായ മറ്റൊരു സംഭവം, കേരളത്തിനുള്ളിൽ പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ പശ്ചിമഘട്ട മേഖലകളിലേക്ക് നടന്ന കുടിയേറ്റങ്ങളുടെ മൂന്ന് തരംഗങ്ങളായിരുന്നു. തിരുവനന്തപുരത്തെ ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം (NCESS) നടത്തിയ ഒരു പഠനത്തിൽ വയനാട്ടിലും ഇടുക്കിയിലും അമ്പതു ശതമാനത്തിലധികം വനം നഷ്ടമാകാൻ കുടിയേറ്റം കാരണമായെന്ന് പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ ഏതാണ്ട് 75 ശതമാനം വനമുണ്ടായിരുന്നു. ഐക്യകേരള രൂപീകരണ സമയത്ത്, കേരളത്തിലെ ഭൂവിസ്തൃതിയുടെ ഏകദേശം 36 ശതമാനം വനമായിരുന്നു; 1990 ആകുമ്പോഴേക്കും ഇത് 12 ശതമാനമായി കുറഞ്ഞു.

കേരളത്തിലെ മലനാടൻ മേഖലകളിലെ തോട്ടങ്ങളുടെ വളർച്ച 1976-നും 2010-നും ഇടയ്ക്ക് 27 ശതമാനത്തിൽനിന്നും 40 ശതമാനമായും, ജനവാസ പ്രദേശങ്ങൾ 13 ശതമാനത്തിൽനിന്നും 30 ശതമാനമായും വർധിച്ചു. കൂടാതെ, വയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതും, അശാസ്ത്രീയമായ ഭൂവിനിയോഗവും, വർധിച്ച നഗരവൽക്കരണവും ജലവിനിയോഗവും, നദികളിലെ മണൽസ്തരങ്ങളുടെ സമ്പൂർണവിനാശവും നദികളിലെ നീരൊഴുക്കിനെ ദോഷകരമായി ബാധിച്ചിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം, ഭൂവിനിയോഗത്തിലെ വലിയ മാറ്റങ്ങൾ, പാറമടകളുടെ വ്യാപനം തുടങ്ങിയവയാണ് പാരിസ്ഥിതിക വിനാശത്തിന്റെ ഇതര കാരണങ്ങൾ.

2013 മുതൽ കേരളത്തിലെ ഭൂഗർഭജലനില ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നു. തീവ്രമായ നഗരവൽക്കരണം മൂലം കേരളമൊട്ടാകെ അതിവേഗം ഒരൊറ്റ നഗരമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. 1970-71ൽ കേരളത്തിലെ ജനസംഖ്യ 1.69 കോടിയായിരുന്നപ്പോൾ അതിന്റെ 15.1 ശതമാനം മാത്രമായിരുന്നു നഗര ജനസംഖ്യ. 2015-16-ൽ കേരളത്തിലെ ജനസംഖ്യ 3.34 കോടിയായപ്പോൾ നഗര ജീവികൾ 47.7 ശതമാനമായി. കേരളത്തിന്റെ പകുതിയോളം ജനസംഖ്യ-ഒന്നരക്കോടിയിലധികം-ഇപ്പോൾ നഗരവാസികളാണ്. കേരളമൊട്ടാകെ ഒരു നഗര-ഗ്രാമ തുടർച്ചയാണ്; ചിലരതിനെ ‘റൂർബൻ’ (Rural+Urban=Rurban) എന്നു വിളിക്കുന്നു.

കേരളത്തിലെ ഭക്ഷ്യവിളകളുടെ വിസ്തൃതി ഐക്യകേരള രൂപീകരണ സമയത്തെ 48 ശതമാനത്തിൽനിന്ന് 2015-16ൽ 10.2 ശതമാനമായി കുറഞ്ഞു. 1955-56ൽ 7.6 ലക്ഷം ഹെക്ടറിൽ നെൽകൃഷിയുണ്ടായിരുന്നത് 1970-71 ആകുമ്പോഴേക്കും 8.8 ലക്ഷം ഹെക്ടറായി വർധിച്ചിരുന്നു. എന്നാൽ 1980 മുതൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ തോത് ക്രമാനുഗതമായി കുറഞ്ഞുതുടങ്ങി. മൊത്തം നെൽകൃഷിയുടെ 78ശതമാനം വിസ്തൃതിയും 35 വർഷംകൊണ്ട് കേരളത്തിൽ നഷ്ടമായി. ഇപ്പോൾ മൊത്തം കൃഷിഭൂമിയുടെ 7.4 ശതമാനത്തിൽ മാത്രമാണ് നെല്ല് വിളയുന്നത്. 1972-73 ൽ 13.76 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്ലുൽപാദനം 2015-16 ആയപ്പോൾ 5.49 ലക്ഷം ടണ്ണായി കുറഞ്ഞു. കേരളത്തിലെ വാർഷിക ആവശ്യം 40 ലക്ഷം ടണ്ണിൽ കൂടുതലാണ്. അതായത്, ആവശ്യത്തിന്റെ 14 ശതമാനം മാത്രമാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. വയലുകൾ നെല്ല് ഉൽപാദിപ്പിക്കുന്ന സ്ഥലങ്ങൾ മാത്രമല്ല, ചുറ്റുമുള്ള കുന്നുകളിൽ നിന്നൊഴുകിയെത്തുന്ന ജലം ശേഖരിക്കുന്ന നീർത്തടങ്ങൾ (Wetlands) കൂടിയാണ്. അവയെ ഇല്ലായ്മ ചെയ്തത് പ്രളയത്തിന്റെ ആഘാതം വർധിപ്പിക്കുന്നതിന്റെ ഒരു പ്രധാന കാരണമാണ്.g madhusoodanan , iemalayalam

മനുഷ്യന്റെ കാര്യമായ ഇടപെടലുകളൊന്നുമില്ലെങ്കിൽ ജൈവസമൂഹം പരിണമിച്ചെത്തിച്ചേരുന്ന ആവാസവ്യവസ്ഥയുടെ ഉച്ചസ്ഥിതിയായിരുന്നു (Climax Ecosystem) പശ്ചിമഘട്ടത്തിലെ കാടുകൾ ഏറെയും. മൂന്നുനാല് വിതാനങ്ങളിൽ ഇലച്ചാർത്തുള്ള നിത്യഹരിതവനങ്ങളാണവ. വനത്തിന്റെ മേൽച്ചാർത്തിന്റെ ഉയരത്തിലും, വേർതിരിച്ചുകാണാവുന്ന വിതാനങ്ങളുടെ എണ്ണത്തിലും (Distinguishable Strata of Canopies), പലവിതാനങ്ങൾ തമ്മിലുള്ള അകലത്തിലും, അടിക്കാടിന്റെ (Ground Flora) അല്ലെങ്കിൽ വൻവള്ളിപ്പടർപ്പുകളുടെ (Liana) സാന്നിധ്യത്തിലുമൊക്കെ സ്പഷ്ടമായ പ്രാദേശിക വ്യത്യാസങ്ങളുണ്ടാവും. അത്തരം വനത്തിന് മഴവെള്ളത്തെ ആഗിരണം ചെയ്ത് വർഷം മുഴുവൻ നീരുറവകളും തോടുകളും നിലനിർത്തുന്നതിലൂടെ, മുൻകാലത്ത് വർഷം മുഴുവൻ ഒഴുകിയിരുന്ന (Perennial) നദികളെ സൃഷ്ടിക്കാൻ കഴിഞ്ഞു. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ നിർവ്വചനമനുസരിച്ച് നിബിഡവനമെന്നാൽ 70 ശതമാനത്തിലധികം വൃക്ഷമേലാപ്പ് അഥവാ മേൽച്ചാർത്ത് ഉള്ള പ്രദേശമാണ്; കേരളത്തിൽ അത് മൊത്തം വനത്തിന്റെ വെറും എട്ട് ശതമാനവും (1523 ച.കി.മീറ്റർ). കേരളത്തിന്റെ ഭൂവിസ്തൃതിയുടെ (38,863 ച.കി.മീറ്റർ) ഏകദേശം നാല് ശതമാനവും മാത്രം.

വനങ്ങളും മഴയുടെ സമൃദ്ധിയും ഒത്തുചേർന്ന് നൽകുന്ന വരദാനമാണ് 3,200 കിലോമീറ്റർ ദൈർഘ്യമുള്ള കേരളത്തിലെ 44 നദികളും അവയുടെ 900-ലധികം പോഷക നദികളും തോടുകളും നീരൊഴുക്കുകളും. പശ്ചിമഘട്ടവനമേഖലയെ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്, ‘ജലഗോപുരം’ (Water Tower) എന്നാണ്. സമൃദ്ധമായ മഴയെ ആഗിരണം ചെയ്ത് നമ്മുടെ നദികൾക്ക് ജന്മം നൽകുന്ന ജലഗോപുരം. മഴയിൽ തുടങ്ങി നീരൊഴുക്കുകളിലൂടെയും നദികളിലൂടെയും ശുദ്ധജല തടാകങ്ങളിലേക്കും കായലുകളിലേക്കും തണ്ണീർത്തടങ്ങളിലേക്കും വയലുകളിലേക്കും ഭൂഗർഭജലത്തിലേക്കുമെല്ലാം വ്യാപിക്കുന്ന ജല വ്യൂഹമാണ് (Water Web) നമുക്കുള്ളത്. വനഭൂമിയായിരുന്ന കേരളം ഒരു ജല ഭൂമിയുമാണ് (Water Land). പ്രസിദ്ധ മലയാള സാഹിത്യകാരനായ അയ്മനം ജോൺ കേരളത്തെ ‘ഒരു ജലവൃക്ഷം’ എന്നാണ് വിളിക്കുന്നത്. ഈ ജലവ്യൂഹത്തെ സംരക്ഷിച്ചു നിർത്താൻ കഴിഞ്ഞാലേ കേരളത്തെ സംരക്ഷിക്കാനാവുകയുള്ളൂ, വനമില്ലാതായപ്പോൾ നമ്മുടെ ജലവ്യൂഹത്തിന്റെ വിനാശവും തുടങ്ങി.

2018 ഓഗസ്റ്റിലെ മഹാപ്രളയം കേരളത്തിന്റെ ചരിത്രത്തിൽ അത്തരത്തിലുള്ള ആദ്യസംഭവമല്ല. രേഖപ്പെടുത്തപ്പെട്ട ചരിത്രമനുസരിച്ച് മുമ്പ് രണ്ട് മഹാപ്രളയങ്ങൾ കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. ക്രിസ്ത്വാബ്ദം 1341-ലും, 1924-ലും. 2018-ലെയും 2019-ലെയും പ്രളയങ്ങളെ ചിലർ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കുന്നുണ്ട്; അതിന് സ്ഥിരീകരണയോഗ്യമായ തെളിവുകൾ (Corroborative Evidence) നിരവധിയുണ്ട്.

2018 ഒക്‌ടോബർ 6ന് ഇന്റർഗവണ്മെന്റൽ പാനെൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പുറത്തുവിട്ട ഏറ്റവും പുതിയ പഠനമനുസരിച്ച്, കാലാവസ്ഥാ വ്യതിയാനം 1.5 ഡിഗ്രി സെന്റിഗ്രേഡിൽ പിടിച്ചുനിർത്താൻ ലോകരാഷ്ട്രങ്ങൾക്കുള്ള സമയം 2030 വരെയാണ്-വെറും പന്ത്രണ്ട് വർഷം. കാർബൺ പ്രദൂഷണത്തിന്റെ ഇപ്പോഴത്തെ നില തുടർന്നാൽ 2030-നകം 1.5 ഡിഗ്രി സെന്റിഗ്രേഡിൽ കൂടുതൽ വർധനവ് ഉറപ്പാണ്. 2030-നകം 1.5 ഡിഗ്രി ലക്ഷ്യം നേടണമെങ്കിൽ അടുത്ത 12 വർഷങ്ങളിൽ വാർഷിക ഹരിതഗൃഹ വാതക പ്രദൂഷണം 5,200 കോടി ടണ്ണിൽ നിന്ന് (52 billion tonne) 2,500 കോടി ടണ്ണായി (25 billion tonne) -അതായത് 45 ശതമാനം കുറയ്ക്കണം. ഇത് സാധ്യമാകുമെന്നതിന് യാതൊരു തെളിവുകളും ഇപ്പോൾ ലഭ്യമല്ല.

ഐപിസിസിയുടെ കണ്ടെത്തലുകളനുസരിച്ച്, കാലാവസ്ഥാവ്യതിയാനം ഇന്ത്യയിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളിൽ അതിവൃഷ്ടി ഒരു പ്രധാന ഇനമാണ്. അവരുടെ അഞ്ചാമത്തെ ‘സിന്തസിസ് റിപ്പോർട്ട്’ കാലാവസ്ഥയുടെ സന്ദർഭത്തിൽ ഇന്ത്യയെക്കുറിച്ച് നടത്തുന്ന കണ്ടെത്തലുകൾ ശ്രദ്ധേയമാണ്. ഇന്ത്യയിലെ വാർഷിക ചൂട് 2030-ൽ (1970 മായുള്ള തുലനത്തിൽ) 1.7 മുതൽ 2.2 ഡിഗ്രി സെന്റിഗ്രേഡ് വരെ വർധിക്കും. കാലവർഷക്കാലത്ത് അതിവൃഷ്ടിയുടെ ശരാശരി തോത് ഏറെ വർധിക്കും. കൊടുങ്കാറ്റുകളും, വെള്ളപ്പൊക്കവും വരൾച്ചയും വർധിക്കും. ഐപിസിസി മുൻകൂട്ടി കാണാത്ത ഒന്നാണ് മുമ്പു പറഞ്ഞ അറബിക്കടലിന്റെ താപനം.g madhusoodanan , iemalayalam

ഇനിപ്പറയുന്ന തീവ്രകാലാവസ്ഥാ സംഭവങ്ങൾ 2005 മുതൽ ഇടയ്ക്കിടെ ഇന്ത്യയിലുണ്ടായി. 2005 ജൂലൈ 26-ാം തീയതി മുംബൈയിൽ അതിവൃഷ്ടിയുണ്ടാവുകയും, ആ മഹാനഗരം നിശ്ചലമാവുകയും ചെയ്തു. 2010 ഓഗസ്റ്റ് 6ന് വിനോദസഞ്ചാരികൾ ഏറെയുള്ള സമയത്ത് ലഡാക്ക് അതിവൃഷ്ടിമൂലം പ്രളയത്തിൽ മുങ്ങി. 2013 ജൂണിൽ ദേവഭൂമിയായ ഉത്തരാഖണ്ഡിലുണ്ടായ അതിവൃഷ്ടിയിലും മഹാപ്രളയത്തിലും 5700 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കനുസരിച്ച് പതിനായിരം പേർ മരണമടഞ്ഞു. 2015 നവംബർ-ഡിസംബർ കാലഘട്ടത്തിൽ തമിഴ്‌നാട്ടിലും, ആന്ധ്രാപ്രദേശിലെ പലയിടങ്ങളിലും അതിവൃഷ്ടിയും പ്രളയവുമുണ്ടായി. ചെന്നൈ നഗരം വെള്ളത്തിനടിയിലായി വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. മഴനിഴൽ പ്രദേശമായ ബെംഗളൂരുവിൽ 2005, 2017, 2018 എന്നീ വർഷങ്ങളിൽ അതിവൃഷ്ടിമൂലമുള്ള പ്രളയമുണ്ടായി. 2104 സെപ്റ്റംബർ 6-ാം തീയതി അതിവൃഷ്ടിമൂലമുണ്ടായ പ്രളയത്തിൽ ജമ്മു കശ്മീരിൽ 450 ലധികം പേർ മരിക്കുകയും 10 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തു.

2003 മുതൽ 2017 വരെയുള്ള 14 വർഷങ്ങളിൽ ഇന്ത്യയിലാകമാനമുണ്ടായത് 22 കൊടുങ്കാറ്റുകളാണ്; അവയിൽ 700-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ 2018ൽ അതിരൂക്ഷമായാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള 100 ദിവസങ്ങളിൽ 16 സംസ്ഥാനങ്ങളിലുണ്ടായ 50-ലധികം കൊടുങ്കാറ്റുകളിൽ ആയിരത്തിലധികം പേർ മരണമടഞ്ഞു. കൂടാതെ വൻ കൃഷിനാശവും സാമ്പത്തിക നഷ്ടവും അവ സൃഷ്ടിച്ചു. 2019-ൽ സംഭവങ്ങളുടെ കണക്കെടുപ്പുകൾ നടക്കുന്നതേയുള്ളൂ. ചില അനൗദ്യോഗിക കണക്കുകൾ പറയുന്നത് ഇതിനകം 1000-ലധികം ജനങ്ങൾ മരിച്ചുവെന്നാണ്.

ഈ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നമുക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല. നമുക്ക് ചെയ്യാൻ കഴിയുന്നത് ‘കാലാവസ്ഥാ അനുവർത്തക’ പ്രവർത്തനങ്ങളിൽ (Climate Adaptation or Climate Proofing) ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. 2018 ഒക്‌ടോബർ മാസത്തിൽ കേരളത്തിലെ പ്രളയബാധിതമായ അഞ്ച് ജില്ലകളിലൂടെ മൂന്നു ദിവസങ്ങളിലായി നടത്തിയ യാത്രകളിൽ എനിക്ക് ബോധ്യമായ ഒരു കാര്യം, പ്രളയത്തിന്റെ ആക്കം കൂട്ടുന്നതിൽ നമ്മുടെ പ്രകൃതിയിൽ സംഭവിച്ച വിനാശകരമായ പരിണാമങ്ങൾ വലിയ പങ്കു വഹിച്ചു എന്നതാണ്. അതിനാൽ നവകേരള-നവഭാരത നിർമ്മിതിയിൽ, നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം നഷ്ടമായ പ്രകൃതിയുടെ സവിശേഷതകൾ കഴിയുന്നത്ര പുനഃസ്ഥാപിക്കുക എന്നതാണ്. ദീർഘകാലാടിസ്ഥാനത്തിൽ നടത്തേണ്ട ഈ യജ്ഞം നാം അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്.

ജിവിതത്തിന്റെയും, ഭാവിതലമുറകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നമ്മുടെ പ്രകൃതിയുടെ പുനർനിർമ്മിതി അനിവാര്യമായിരിക്കുന്നു. അതിനായി ‘വികസനം’ എന്ന സാമ്പത്തിക പ്രക്രിയയെ പ്രകൃത്യാനുസാരിയായി പരിവർത്തിപ്പിക്കേണ്ടിവരും. ഭാവി വികസനത്തിലെ ഒരു പ്രധാന ഘടകം പാരിസ്ഥിതിക പുനഃസ്ഥാപനമായി (Ecological Restoration) മാറണം. ഭാവിയിലെ പാരിസ്ഥിതിക സുരക്ഷിതത്വം (Environmental Security) മാത്രമല്ല, ജീവിത സുരക്ഷിതത്വവും (Livelihood Security) തൊഴിൽ സുരക്ഷിതത്വവും സാമ്പത്തിക സുരക്ഷിതത്വവുമെല്ലാം ഈ പുനർനിർമ്മിതിയെ ആശ്രയിച്ചിരിക്കും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Eco restoration may ensure security of future generations