/indian-express-malayalam/media/media_files/uploads/2023/06/dushyant-dave-writes-odisha-train-tragedy-shows-modi-government-rewards-mediocrity-850979.jpeg)
Dushyant Dave writes: Odisha train tragedy shows Modi government rewards mediocrity
ഒഴിവാക്കാനാകുമായിരുന്ന, മൂന്നൂറു ജീവനപഹരിച്ച, നൂറുകണക്കിനു പേർക്ക് പരുക്കേറ്റ ബാലസോർ ട്രെയിൻ ദുരന്തം രാജ്യത്തെ നടുക്കേണ്ടതാണ്. പക്ഷേ, നമ്മൾ ഇന്ത്യക്കാർക്ക് ഇത്തരം ദുരന്തങ്ങൾ പരിചിതമായിക്കഴിഞ്ഞു. ദുരന്തവും ദുരന്തസ്ഥലം സന്ദർശിക്കുന്ന വിവിഐപികളും ഏതാനും ദിവസം വാർത്തകളിൽ നിറഞ്ഞ ശേഷം, ഒന്നുംതന്നെ സംഭവിച്ചിട്ടില്ലാത്ത മട്ടിൽ എല്ലാം നിശബ്ദമാവും. പക്ഷേ, തങ്ങളുടെ കുടുംബങ്ങളിലെ അത്താണി നഷ്ടമായി ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്ന ജീവിതങ്ങളുടെ ആയുഷ്കാല ദുരിതത്തിന് ആര് സമാധാനം പറയും?
ഒരു രാഷ്ട്രമെന്ന നിലയിൽ ഇത്തരം മനുഷ്യനിർമ്മിത ദുരന്തങ്ങൾക്ക് പെട്ടെന്നു മാപ്പു കൊടുക്കുന്നവരാണ് നമ്മൾ. കാർഗിലിലെ ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും പുൽവാമ ആക്രമണവും ഇക്കഴിഞ്ഞ ബാലസോർ അപകടവും പോലെ, പൗരന്മാരുടെ ജീവൻ തന്നെ നഷ്ടമാകുന്ന വലിയ ദുരന്തങ്ങൾക്കു കാരണമാകുന്നതെന്താണെന്ന് ചിന്തിക്കാൻ ഒരു നിമിഷം പോലും ആർക്കും സമയമില്ല. ആരാണ് നമ്മെ തോൽപ്പിച്ചത്? അതിനു കാരണമായവർക്കെതിരെ എന്തെങ്കിലും ശിക്ഷാനടപടികൾ സ്വീകരിച്ചുവോ ? അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എന്തു നടപടികളാണ് കൈക്കൊണ്ടത് ?
ഇത്തരം അപകടങ്ങളും ദുരന്തങ്ങളും ഒന്നുകിൽ ഒരു തരം വിജയമാക്കി മാറ്റുകയോ അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ കമ്മിഷനിൽ പൂഴ്ത്തുകയോ ആണ് പതിവ്. ഒരു രാജ്യമെന്ന നിലയ്ക്ക് നമ്മുടെ ഏക നേട്ടം പൂർണമായ ഉത്തരവാദിത്തമില്ലായ്മയാണ്. ഒരു പ്രതിസന്ധിയെയും നമ്മൾ വിശകലനം ചെയ്യാൻ മെനക്കെടാറില്ല. പകരം ഒന്നും സംഭവിക്കാത്ത മട്ടിൽ മുന്നോട്ടു പോകും. ആരുമതിനെ ചോദ്യം ചെയ്യുകയോ, അതിന്മേൽ പൊതുസംവാദം രൂപപ്പെടുകയോ ഉണ്ടാവാറില്ല. ഭരണാധികാരികളിൽ നിന്ന് നിയമാനുസൃതമായൊരു വിശദീകരണം ലഭിക്കാറുമില്ല. എത്ര കാലം ഇതിങ്ങനെ മുന്നോട്ടു പോകും ?
/indian-express-malayalam/media/media_files/uploads/2023/06/image-10.png)
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും പ്രശ്നം ഭരണനിർവ്വഹണത്തിലെ അപര്യാപ്തതകൾ ആണ്. പരമാധികാര ഭരണത്തിനും മുകളിൽ പാർലമെന്ററി ജനാധിപത്യത്തെ തെരഞ്ഞെടുത്തത് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകിയവരാണ്. അതിനാണ് കൂടുതൽ ഉത്തരവാദിത്തം ഉള്ളത് എന്നായിരുന്നു ബി ആർ അംബേദ്കർ അഭിപ്രായപ്പെട്ടത്. നമ്മുടെ പൊതുസേവകർ ഉത്തരവാദിത്തമുളളവരും ശക്തമായ നേതൃത്വബോധമുളളവരും ആയിരിക്കുമെന്ന പ്രതീക്ഷയിൽ നമ്മൾ സാമാജികരെയും സർക്കാരിനെയും തെരഞ്ഞെടുക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമുഖ്യന്മാരും സമർത്ഥരും കഠിനാദ്ധ്വാനികളും വിശ്വസ്തരും ഉത്തരവാദിത്തമുളളവരും പ്രതികരണശേഷിയുളളവരും ആയിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ അവർ അങ്ങനെയാണോ ?
പരസ്യം ചെയ്യലിലൂടെയോ മാധ്യമപ്രഘോഷണത്തിൽ കൂടിയോ രാഷ്ട്രീയ പ്രകടനങ്ങളിലൂടെയോ വാചാടോപത്തിലൂടെയോ അപക്വമായ അധികാരപ്രയോഗത്തിലൂടെയോ അല്ല ഭരണനിർവഹണം നടത്തേണ്ടത്.
കഴിഞ്ഞ ഒമ്പത് വർഷമായി വന്ദേഭാരത് ട്രെയിനുകളെ കുറിച്ച്, റെയിൽവേ സ്റ്റേഷനുകൾ ആധുനികവൽക്കരിക്കുന്നതിനെ കുറിച്ച്, സാഗർമാല-ഭാരത് മാല പദ്ധതികൾ, ഹൈസ്പീഡ് ട്രെയിനുകൾ, അതിവേഗ ഇടനാഴികൾ എന്തിനധികം, ബുളളറ്റ് ട്രെയിനുകളെ കുറിച്ചു വരെ സംസാരിക്കുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി. എന്നാൽ എപ്പോഴെങ്കിലും റെയിൽവേ നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ടോ?
2021-22ൽ നടത്തിയ ഒരു ഓഡിറ്റിൽ 2017-18 മുതൽ 2020 -21 വരെയുള്ള കാലഘട്ടത്തിൽ ട്രെയിനുകൾ പാളം തെറ്റുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്നങ്ങൾ ഇന്ത്യയുടെ കംപ്ട്രോളർ & ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. ട്രാക്ക് റെക്കോർഡിങ്ങ് കാറിന്റെ ( ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയുള്ള ട്രാക്ക് പരിശോധന) കാര്യത്തിൽ 30 മുതൽ 100 ശതമാനം വരെ കുറവുണ്ടായതായി കണ്ടെത്തി. 422 പാളം തെറ്റൽ കേസുകൾ എഞ്ചിനിയറിങ്ങ് വകുപ്പിന്റെ തലയിലേക്കിട്ടു. അതിനു കാരണമായി ചൂണ്ടിക്കാട്ടിയത് ട്രാക്കുകളുടെ പരിപാലനത്തിലെ പിഴവാണ്. 171 കേസുകളിൽ കാരണം അതായിരുന്നു താനും. 156 കേസുകളിൽ 'ട്രാക്കുകൾക്ക് നിഷ്കർഷിച്ചിട്ടുളള അളവിനുമുപരിയായി സംഭവിച്ച വ്യതിയാനം' ആയിരുന്നു കാരണം. 182 കേസുകളിൽ മെക്കാനിക്കൽ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവായിരുന്നു കാരണം.
മറ്റ് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചെന്താണ് പറയാനുളളത് ? കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി റെയിൽസുരക്ഷ വർദ്ധിപ്പിക്കുന്നതിനു മാത്രമായി ഒരു ലക്ഷം കോടി രൂപയാണ് രാഷ്ട്രീയ റെയിൽ സംരക്ഷാ ഘോഷ് (ആർആർഎസ്കെ) വഴി റെയിൽവേ ചെലവിട്ടതെന്നാണ് 2022ലെ സിഎജി റിപ്പോർട്ടിൽ പറയുന്നത്.
ഏപ്രിൽ ഒന്നിന് ഭോപ്പാലിനും ന്യൂഡൽഹിക്കും ഇടയിലോടുന്ന വന്ദേഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്: 'ഇന്ന്, ഇന്ത്യൻ റെയിൽവേ കൂടുതൽ സുരക്ഷിതമായിരിക്കുന്നു. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ‘മെയ്ഡ് ഇൻ ഇന്ത്യ' ട്രെയിൻ സുരക്ഷാ സംവിധാനമായ 'കവച്' റെയിൽവേയിൽ നിലവിൽ വന്നിരിക്കുന്നു.' എന്നാൽ റെയിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2022 എപ്രിൽ എട്ടിന് സൗത്ത് സെൻട്രൽ റെയിൽവേയുടെ കീഴിൽ വരുന്ന 1445 ആർകെഎം നെറ്റ് വർക്കിൽ മാത്രമാണ് 'കവച്' നിലവിൽ വന്നിട്ടുളളത്. അത്രയ്ക്കുണ്ട് റെയിൽ യാത്രികരുടെ സുരക്ഷയ്ക്കുളള പ്രാധാന്യം!
സാധാരണ ഇന്ത്യൻ കുടുംബങ്ങൾ ആശ്രയിക്കുന്ന ഗതാഗതമാർഗമാണ് ഇന്ത്യൻ റെയിൽവേ എന്നു പ്രധാനമന്ത്രി പറഞ്ഞത് വാസ്തവമാണ്. പിന്നെന്തു കൊണ്ടാണ് വിവിഐപി സുരക്ഷയ്ക്കായി വിമാനങ്ങളും ഹെലികോപ്ടറുകളും കാറുകളും ആയുധങ്ങളും വാങ്ങിക്കൂട്ടാൻ ആയിരക്കണക്കിനു കോടികൾ ചെലവിടുമ്പോൾ സാധാരണക്കാരായ ഇന്ത്യൻ കുടുംബങ്ങളെ മറന്നു പോകുന്നത് ? സാധാരണക്കാരനിൽ നിന്നകന്ന് അതിവിശിഷ്ട വ്യക്തികളിൽ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണ് ഭരണനിർവഹണം.
ഇന്ത്യ ഇപ്പോൾ നേരിടുന്നത് മറ്റൊരു വെല്ലുവിളിയാണ്. ശരാശരിക്കാണ് ഇവിടെ പ്രാധാന്യം. തങ്ങളുടെ രാഷ്ട്രീയനേതാക്കളുടെ അഭീഷ്ടത്തിനായി എത്രത്തോളം തരംതാഴാൻ കഴിയുന്ന പൊതുസേവകരുണ്ടോ, മറ്റൊരു കഴിവുമില്ലെങ്കിലും അവരെയാണ് പ്രധാനസ്ഥാനങ്ങളിൽ അവരോധിക്കുക. റെയിൽവേ പോലെ അത്രയും ബൃഹത്തായ ഒരു പൊതുസ്ഥാപനത്തെ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാൻ അത്രയും സമർത്ഥരും തക്കയോഗ്യതയുളളവരും സ്വതന്ത്രചിന്തയുളളവരും അർപ്പണബോധമുളളവരുമായ ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ് വേണ്ടത്. ട്രെയിനുകൾ വെറും യന്ത്രങ്ങൾ മാത്രമാണ്. അവ പ്രവർത്തിപ്പിക്കുന്ന മനുഷ്യരുടെ കൈയിലാണ് അതിന്റെ നിയന്ത്രണമത്രയും. ഇന്ന്, മറ്റെല്ലാത്തിനേക്കാളുമുപരി, തങ്ങളുടെ താൽപ്പര്യത്തേക്കാൾ ജനങ്ങളുടെ താൽപ്പര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരുകൂട്ടം സത്യസന്ധരായ ആളുകളെയാണ് റെയിൽവേക്കു വേണ്ടത്.
2014ൽ 'മികച്ച ഭരണനിർവഹണം', 'സുതാര്യമായ സർക്കാറും ഉത്തരവാദിത്തമുളള ഭരണകൂടവും' എന്നിവയായിരുന്നു ബിജെപി നൽകിയ വാഗ്ദാനം. ഭരണനിർവഹണത്തിൽ പരിഷ്കാരം കൊണ്ടു വരുന്നതിലാണ് ബിജെപി പ്രാധാന്യം നൽകുന്നത്. ജനങ്ങളുടെ വികസനസ്വപ്നങ്ങളെ പ്രാവർത്തികമാക്കുന്നതായിരിക്കും ഓരോ ഉദ്യമവുമെന്നും സർക്കാർ ഏജൻസികൾ ജനങ്ങളോട് ഉത്തരവാദിത്തമുളളവയായിരിക്കുമെന്നും ബിജെപി വാഗ്ദാനങ്ങളിൽ പറയുന്നു.
2019ലാകട്ടെ 'മിനിമം സർക്കാരും മികച്ച ഭരണനിർവഹണവും' എന്ന നിലയിലേക്ക് സിവിൽ സർവീസും ഭരണനിർവഹണവും പരിഷ്ക്കരിക്കും എന്നതായിരുന്നു ബിജെപിയുടെ വാഗ്ദാനം. മികച്ച ഭരണനിർവഹണമാണ് മികച്ച രാഷ്ട്രീയത്തിന്റെ ആധാരശിലയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും തെളിയിച്ചതായും ബിജെപി അവകാശപ്പെട്ടു.
എങ്കിൽ എന്തുകൊണ്ടാണ് കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സംഭവിച്ച ദുരന്തങ്ങൾക്കൊന്നും - ഒഡിഷ അപകടം ഉൾപ്പെടെ - ആരും ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് ? സിബിഐയെ അന്വേഷണചുമതല ഏൽപ്പിക്കുന്നതിലൂടെ ഈയൊരു പ്രശ്നത്തെ അവഗണിക്കാൻ എളുപ്പമാണ്. പക്ഷേ ഒരു കുറ്റംകൃത്യം സംഭവിച്ചുവെങ്കിൽ എന്തു കൊണ്ട് ഇന്റലിജൻസിൽ നിന്നുളള വിവരങ്ങൾ ലഭ്യമായില്ല ? എന്താണ് ആഭ്യന്തര മന്ത്രാലയം ചെയ്തു കൊണ്ടിരിക്കുന്നത് ? എന്താണ് ഇന്റലിജൻസ് ബ്യൂറോ നിശബ്ദമായിരിക്കുന്നത് ? ഇത്ര വലിയ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് എന്തു കൊണ്ടാണ് ?
ഇന്ത്യയ്ക്കൊരു മാറ്റം ആവശ്യമാണ്. പക്ഷേ നമ്മൾ ജനങ്ങൾ മാറാൻ തീരുമാനിച്ചാൽ മാത്രമേ അത് സാദ്ധ്യമാകൂ. അതു വരെ നമ്മൾ തെരഞ്ഞെടുത്ത നമ്മുടെ പ്രിയങ്കരരായ നേതാക്കന്മാർ നമ്മളെ ഇരുട്ടിൽ തന്നെ നിലനിർത്തും.
സൂപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് ലേഖകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.