ഡിസിസി പ്രസിഡന്റുമാരുടെ നിയമനം കേരളത്തിലെ കോൺഗ്രസിൽ പുതിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവായി വി ഡി സതീശനെയും കെ പി സി സി പ്രസിഡന്റായി കെ. സുധാകരനെയും നിയമിച്ചുകൊണ്ട് സംസ്ഥാന കോൺഗ്രസിനുള്ളിൽ ഞെട്ടൽ സൃഷ്ടിച്ച ഏകാംഗ കമാൻഡിന്റെ കരുനീക്കമാണ് കോൺഗ്രസിനുള്ളിൽ അസ്വസ്ഥതയുടെ പുക പടർത്തിയിരിക്കുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും മാറ്റിയെഴുതപ്പെടുന്നുവെന്നതിന് അടിവരയിടുന്നതാണ് ഡി സി സി പ്രസിഡന്റ് നിയമനം. ഇത് ഇപ്പോൾ തുടങ്ങിയതല്ല. കുറച്ചുകാലമായി കോൺഗ്രസിനുള്ളിൽ ചിലർ ചിന്തേരിട്ടിരുന്ന ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിലേക്കുള്ള ഒരു ഘട്ടം കൂടി സുഖകരമായി മറികടക്കുകയാണ് ഇപ്പോൾ ചെയ്തത്.
പ്രതിഷേധിച്ച ചില നേതാക്കൾക്കെതിരെ നടപടിയെടുക്കലും മറ്റും നടത്തി പേടിപ്പിച്ചും ചിലർക്കു മറ്റുചില ആനുകൂല്യങ്ങൾ നൽകിയും മക്കളെ യൂത്ത് നേതാക്കളാക്കിയും വരാൻ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമൊക്കെയായി വരച്ച പുതിയ കളിക്കളത്തിൽ, അധികാരമില്ലാത്ത ഗ്രൂപ്പ് നേതാക്കൾ കാലിടറി നിൽക്കുകയാണ്. എ, ഐ ഗ്രൂപ്പുകൾ പതുക്കെ ചരിത്രത്തിലേക്കു വിലയം പ്രാപിക്കുമ്പോഴും പുതിയ ഗ്രൂപ്പിന് ഇപ്പോഴും അക്ഷര രൂപം പ്രാപിച്ചിട്ടില്ല. ഈ അരൂപിക്കു പിന്നിലെ രൂപത്തെ അറിയാമെങ്കിലും അതിനു അക്ഷര രൂപം കൊടുത്ത് ഇതുവരെ ആരും രംഗത്തെത്തിയില്ല.
ഒരു കാലത്ത് കേരളത്തിൽ കോൺഗ്രസിനെ നയിച്ച ശാക്തിക ചേരികളിലൊക്കെ മാറ്റം വരുന്നു. ഇന്ത്യയിൽ കോൺഗ്രസ് തല ഉയർത്തിനിൽക്കുന്ന അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് കേരളം. അങ്ങനെ തനിച്ചുനിൽക്കാൻ കെൽപ്പുള്ള കേരളത്തിലെ കോൺഗ്രസിലെ നീക്കങ്ങൾ ഇന്ന് നിയന്ത്രിക്കുന്നത് കേരളത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസുകാർ തന്നെയാണോ, അതോ കേരളത്തിലേക്ക്, നേതൃത്വത്തിലേക്കു കടന്നുവരാൻ അണിയറിയിൽ ഒരുങ്ങുന്ന നേതാവോ? കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ സംഭവിക്കുന്ന ഗ്രൂപ്പുകളുടെ കൊഴിച്ചിൽ, പുതിയ ഗ്രൂപ്പുകളുടെ തളിരിടലിന് വളമാകുമോ? ഈ ചോദ്യങ്ങളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഉയർത്തുന്നത്.
Also Read: കെ സി വേണുഗോപാലിന്റെ സ്മാഷും, അടിതെറ്റിയ നേതാക്കളും
കേരളത്തിൽ കോൺഗ്രസിലെ രാഷ്ട്രീയ ശാക്തിക ചേരികൾക്ക് അടിപതറാൻ തുടങ്ങിയത് ഇപ്പോഴല്ല. അഞ്ച് വർഷത്തിലേറെയായി. 2016ലെ തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻചാണ്ടിയുടെ പിടിവാശിക്ക് ഹൈക്കമാൻഡ് വഴങ്ങിയപ്പോൾ മുതൽ ഇതുവരെയുള്ള കാര്യങ്ങളുടെ കിടപ്പ് മാറിമറിയുന്നത് കാണാം. കെ. കരുണാകരനും എ.കെ ആന്റണിക്കും ശേഷം, ആലപ്പുഴയിൽനിന്നു ഡൽഹിയിലേക്കു വണ്ടി കയറിയ കെ സി വേണുഗോപാലാണ് ഗാന്ധികുടുംബമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ വിശ്വസ്തനായത്. ആ വിശ്വസ്തന്റെ വിരലുകൾക്കൊത്താണ് കേരളത്തിലെ കൈപ്പത്തി ഇന്ന് ചലിക്കുന്നത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ വെട്ടിയത് രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തിയാണ്. എം ഐ ഷാനവാസ് അന്തരിച്ചതിനെത്തുടർന്ന് വയനാട് സീറ്റ് പിടിച്ചെടുത്ത് ടി സിദ്ധിഖിനു നൽകിയ ഉമ്മൻ ചാണ്ടിയെ വെട്ടിയത് രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കികൊണ്ടായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസ് നിലം തൊടാതെ തോറ്റെങ്കിലും കേരളത്തിൽ അത് കോൺഗ്രസിന് വലിയ വിജയം നേടാൻ സാധിച്ചു. അതിന് തുറുപ്പിറക്കി കളിച്ചത് കെ സി വേണുഗോപാൽ എന്ന, കോൺഗ്രസിലെ താരതമേന്യ ഇളമുറക്കരാനായിരുന്നു.
കെ സി വേണുഗോപാൽ എന്ന, ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറിക്ക് ഏഴ് വയസുള്ളപ്പോൾ നിയമസഭയിലെത്തിയ ആളാണ് ഉമ്മൻ ചാണ്ടി. കെ സിക്ക് 14 വയസുള്ളപ്പോൾ ഉമ്മൻചാണ്ടി കേരളത്തിലെ മന്ത്രിയായി. കെ സി വേണുഗോപാൽ കെ എസ് യു സംസ്ഥാന പ്രസിഡന്റാകുന്നത് 1987 ലാണ്. അതിന് മുമ്പ് 1986ൽ രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിയായി. കരുണാകരൻ ഗ്രൂപ്പുകാരനായ കെ സി 1992ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. അതിനും ഒരു വർഷം മുമ്പ് കണ്ണൂർ ഡി സി സി പ്രസിഡന്റായിരുന്നു കെ സുധാകരൻ. ആ ഡി സി സി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കണ്ണൂർ ടൗൺഹാളിൽ കരുണാകരൻ ഗ്രൂപ്പുകാരനായിരുന്ന കെ. സുധാകരന്റെ ശൗര്യത്തിനു മുന്നിൽ വിറച്ച നിന്ന കരുണാകരൻ ഗ്രൂപ്പ് കോൺഗ്രസുകാരിൽ കെ സി വേണുഗോപാൽ എന്ന യൂത്ത് കോൺഗ്രസ് നേതാവും ഉണ്ടായിരുന്നുവെന്ന് അന്ന് കണ്ണൂരിലെ സജീവ കോൺഗ്രസുകാരും മാധ്യമപ്രവർത്തകരും ഓർക്കുന്നുണ്ട്.

ഇതിലെ ഉമ്മൻചാണ്ടിയെയും രമേശിനെയും കളത്തിനുള്ളിൽ ഒതുക്കുകയും സുധാകരൻ എന്ന പഴയ കൈക്കരുത്തിനെ തന്റെ കൈകൾക്കുള്ളിലേക്ക് പിടിച്ചൊതുക്കുയും ചെയ്തു കെ സി വേണുഗോപാൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിനൊപ്പം നിന്നവർക്കൊക്കെ സീറ്റ് നൽകി. പലരും രഹസ്യമായി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചാണ് മത്സരിക്കാൻ സീറ്റ് തരപ്പെടുത്തിയത്. തങ്ങൾക്കൊപ്പം നിന്ന പലരും ആ പട്ടികയിൽനിന്നു മാറി എന്നറിഞ്ഞില്ല. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ എം എൽ എ മാരുടെ അഭിപ്രായം തേടിയപ്പോൾ മാത്രമായിരുന്നു ഇക്കാര്യം ബോധ്യപ്പെട്ടത്.
”പാഥസാം നിചയം വാര്ന്നൊഴിഞ്ഞളവു
സേതുബന്ധനോദ്യോഗമെന്തെടോ?”
നളചരിതം രണ്ടാം ദിവസത്തിലെ ഈ വരികളെ ഓർമിപ്പിക്കുന്ന അവസ്ഥയായിരുന്നു ഉമ്മൻചാണ്ടിയുടേതും രമേശ് ചെന്നിത്തലയുടേതും. കെ പി സി സി പ്രസിഡന്റായി കെ സുധാകരനെ നിയമിക്കുകയും ഡി സി സി പ്രസിഡന്റുമാരുടെ നിയമനവും കൂടെയായപ്പോൾ ദമയന്തീ സ്വയംവരത്തിന് പോയ കലിയുടെ ഗതിയിലായി കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ.
Also Read: സതീശൻ വരുമ്പോൾ വഴിമാറുന്നവർ
കരുണാകരനെ വെട്ടിയിട്ടവരിൽ മുന്നിലും പിന്നിലും നിന്നവരായിരുന്നു ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. കരുണാകരനെ വെട്ടി സ്ഥാനം പിടിച്ചെടുത്തെങ്കിലും പിന്നീട് അതേ വഴിക്ക് ഡൽഹിക്കു വണ്ടികയറേണ്ട ഗതികേടിലെത്തി എ. കെ. ആന്റണിയും. അതിനേക്കാൾ ഗതികെട്ട അവസ്ഥയിലാണിന്ന് കരുണാകരനെയും ആന്റണിയെയും വെട്ടി സ്ഥാനമാനങ്ങൾ പിടിച്ചെടുത്തവർ. കരുണാകരനും ആന്റണിക്കും മുഖ്യമന്ത്രിസ്ഥാനം പോയെങ്കിലും ഡൽഹിയിൽ പോയിരിക്കാൻ കേന്ദ്രമന്ത്രിസ്ഥാനം ഉണ്ടായിരുന്നു. എന്നാൽ, ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിലെ എം എൽ എ സ്ഥാനത്തിൽ ഒതുങ്ങേണ്ടി വരുന്നുവെന്നതാണ് നേരിടുന്ന അധികാര പ്രതിസന്ധി. അധികാരമില്ലാത്ത നേതാവിനൊപ്പം എത്ര അണികളുണ്ടാകുമെന്നത് ഇരുവരുടെയും ആരാധക സംഘത്തിൽ വന്ന കുറവ് നോക്കിയാൽ കാണാനാകും. ഒപ്പം നിന്ന ചാവേറുകളിൽ പലരും പതിയെ കളം മാറി ചവിട്ടിത്തുടങ്ങി.
കെ സി വേണുഗോപാൽ എം പിയായി പോയതു മുതൽ ദേശീയ തലത്തിൽ ചുവടുറപ്പിച്ചു, 2019ൽ രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മാത്രമല്ല, ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ ഷുവർ സീറ്റിൽനിന്നു മാറ്റുന്നതിനും കൂടിയാണ് വയനാട് മണ്ഡലം തിരഞ്ഞെടുത്തത്. ആ കളിക്കു പിന്നിൽ ഒളിഞ്ഞിരുന്ന നിഷ്കളങ്ക ബുദ്ധി എത്രത്തോളം ക്രൂരവും പൈശാചികമായാണ് ഉമ്മൻചാണ്ടിയോട് പ്രതികാരം വീട്ടാൻ തുടങ്ങിയതെന്ന് മനസിലായപ്പോഴേക്കും പ്രതിപക്ഷ തുടർച്ചയിൽ പകച്ചുനിൽക്കുന്ന ഗതികേടിലായി ഇവിടുത്തെ നേതാക്കൾ. പിന്നെ പ്രതിപക്ഷ സ്ഥാനം രമേശിന് ഉറപ്പിക്കാൻ രമേശ്- ഉമ്മൻ ചാണ്ടി സഖ്യം ഒത്തുപിടിച്ചു. അപ്പോഴാണ് എം എൽ എമാർ പലരും തങ്ങൾക്കൊപ്പമെന്നത് തോന്നൽ മാത്രമായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞത്. വി ഡി സതീശൻ പ്രതിപക്ഷ നേതാവായി. അടുത്തത് കെ പി സി സി പ്രസിഡന്റ് പദവിയായിരുന്നു. അത് കെസി ജോസഫ് എന്നായിരുന്നു ഒ സിയുടെ ലക്ഷ്യം. അതാവട്ടെ കെ സുധാകരൻ കൊണ്ടുപോയി.
രണ്ടു പ്രധാന സ്ഥാനങ്ങൾ നിശ്ചയിക്കുന്നതിൽ കേരളത്തിലെ കോൺഗ്രസിലെ തുറുപ്പ് ചീട്ടായിരുന്ന ഉമ്മൻചാണ്ടിയുടെയും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷനേതാവുമൊക്കെയായിരുന്ന രമേശ് ചെന്നിത്തലയുടെയും ശബ്ദത്തിന് ഹൈക്കമാൻഡ് ചെവികൊടുത്തതു പോലുമില്ല. ഭരണം കൈവശമിരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിൽ സംസ്ഥാന നേതാക്കളെ ഹൈക്കമാൻഡ് തട്ടിക്കളിക്കുന്നു. അപ്പോഴാണ് തോറ്റ് തൊപ്പിയിട്ടു നിൽക്കുന്ന കേരളത്തിൽ. കേരളത്തിലെ മുടിചൂടാമന്നമാരായി നിലകൊണ്ട രണ്ടു നേതാക്കളെയും പുതിയ തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ഹൈക്കമാൻഡ് ‘നൈസായി തേച്ചു’.

എന്നാലും ഡി സി സി പ്രസിഡന്റുമാരുടെ കാര്യത്തിൽ തങ്ങൾക്കു നേട്ടം കൊയ്യാനും അണികളെ കൂടെ നിർത്താനും കഴിയുമെന്ന് ഇരുവരും മോഹിച്ചുവെങ്കിലും വെറുതെ മോഹിക്കുവാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ. കെ സിയും സുധാകരനും സതീശനും കൂടി തീരുമാനിച്ചത് നടപ്പാക്കി ബാക്കി ചർച്ചയൊക്കെ ഡയറിക്കുറിപ്പായി അവശേഷിച്ചു. ഇനി അടുത്ത മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തിലും ഈ ഗ്രൂപ്പ് നേതാക്കളുടെ മോഹങ്ങൾ പൂവണിയുമോയെന്ന ചോദ്യം ഇപ്പോൾ അവർ സ്വപ്നത്തിൽ പോലും കാണുന്നില്ല. തങ്ങളുടെ ശൗര്യം പഴയതുപോലെ ഫലിക്കുന്നില്ലെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങി.
Also Read: ഇന്ത്യന് ജനാധിപത്യം പുതുക്കിപ്പണിയുകയും പുനരുജ്ജീവിപ്പിക്കുകയും വേണ്ടതുണ്ട്
മൂത്ത കോൺഗ്രസിനെ പൂർണമായും കൈപ്പിടിയിലൊതുക്കുന്നതിനൊപ്പം യൂത്ത് കോൺഗ്രസും കെ എസ് യും ഐ എൻ ടിയുസിയുമൊക്കെ അരൂപിയായ പുതിയ ഗ്രൂപ്പിന്റെ കൈകളിലേക്കു വരുത്താനുള്ള നീക്കമാണ് നടക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പുകളുടെ നാനാത്വത്തിനെ നിശേഷം ഇല്ലാതാക്കി, ഒറ്റ നേതാവിലേക്കുള്ള വഴിവെട്ടുകയാണിപ്പോൾ. അധികം വൈകാതെ അതുസംബന്ധിച്ച വാർത്തകൾ കൂടി കേൾക്കാനുള്ള യോഗം കേരളത്തിലെ കോൺഗ്രസുകാർക്കുണ്ടാകും.
വയനാടേക്കു വണ്ടി കയറുന്നതിനു മുമ്പ് തന്നെ രാഹുൽ ഗാന്ധിയുടെ അരമന സഖ്യത്തിലെ പ്രധാനിയായി കെ സി വേണുഗോപാൽ. വയനാട് ജയിക്കുകയും അമേഠിയിൽ തോൽക്കുകയും ചെയ്തതോടെ ‘വേണുവിലാണെൻ വിശ്വാസം, വയനാട്ടിലാണെൻ ആശ്വാസം’ എന്ന നിലയിലായി രാഹുൽ. ഒരുവേള, ചേറ്റൂർ ശങ്കരൻ നായർക്കുശേഷം വീണ്ടുമൊരു മലയാളി എ ഐ സി സി പ്രസിഡന്റാകുമെന്ന കഥവരെ പ്രചരിച്ചു. അങ്ങനെയുള്ള അപകടമൊന്നും കോൺഗ്രസിനു സംഭവിച്ചില്ലെന്നത് ആ പാർട്ടി അണികളുടെ മുജ്ജന്മ സുകൃതം. കേരളത്തിലെ കോൺഗ്രസിലെ ദ്വിതീയാക്ഷര പ്രാസത്തിലെ ഗ്രൂപ്പ് കളികൾക്കു ശമനമായെന്നാണ് പല കാലങ്ങളിലായി കോൺഗ്രസിലെ ഗ്രൂപ്പ് കളിയിൽ തഴയപ്പെട്ടവരുടെ ആശ്വാസം. ചുരുക്കിപ്പറഞ്ഞാൽ “ഇനിതേ ഗതി പഴുതേ, ശകുനപ്പിഴ തവ ജനിതം,” എന്നു മാത്രമേ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറയാനുള്ളൂ.