scorecardresearch
Latest News

നോട്ട് നിരോധനം – ഉൾക്കാഴ്ചയും ദിശാബോധവും ഇല്ലാത്ത പാഠം

130 കോടിയിലെ വെറും മൂന്ന് ശതമാനം നടത്തുന്ന അല്ലെങ്കിൽ ഭഗഭാക്കായ സാമ്പത്തിക തിരിമറികളെ പിടിക്കാനാണ് അതിബുദ്ധിമാനായ ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ ഉപദേശിച്ച ചെറിയ സംഘവും കൂടി വലിയ സംഖ്യകളിലുള്ള നോട്ടുനിരോധനത്തിലൂടെ ശ്രമിച്ചത്

നോട്ട് നിരോധനം – ഉൾക്കാഴ്ചയും ദിശാബോധവും ഇല്ലാത്ത പാഠം

നവംബർ എട്ട്, 2016 രാത്രി എട്ട് മണിയ്ക്ക് പുതിയ ഇന്ത്യയെ വാർത്തെടുത്തു സാമ്പത്തിക വളർച്ച 10 ശതമാനത്തിനും മേലെ കൊണ്ടുപോയി ഒരു കൊല്ലം രണ്ട് കോടി പുതിയ ജോലികൾ സ്തൃഷ്ടിക്കുമെന്നു വാഗ്ദാനം നൽകിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആയിരുന്നു അത്. 500 1000 രൂപ നോട്ടുകൾ ഒറ്റയടിക്ക് ഇല്ലാതാക്കിയ നടപടി. ഒരു സാമ്പത്തിക സർജിക്കൽ സ്‌ട്രൈക് – 130 കോടി ജനങ്ങളെ ഒന്നിച്ചു ലാക്കാക്കിയുള്ള നടപടി.

ഈ നടപടിയിലൂടെ രാജ്യത്തെ എല്ലാ ജനങ്ങളും കള്ളപ്പണക്കാരായി, അഴിമതിക്കാരായി, കള്ളനോട്ടടിക്കാരായി. കളളപ്പണക്കാരായവർ  50 ശതമാനം ഒരു സമൂഹത്തിൽ ഉണ്ടായാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, ആർക്കും ആരെയും വിശ്വസിക്കാൻ പറ്റില്ല. എല്ലാവരും കക്കാനും മുടിക്കാനും മാത്രമുള്ളവരാവും. എന്നാൽ  ഈ രാജ്യം എന്നല്ല ലോകത്തിലെ ഒരു സമൂഹവും മൊത്തം കള്ളന്മാരോ അഴിമതിക്കാരോ ആയിട്ടില്ല.

ഇന്ത്യയിലുടെ 20 ശതമാനം പേർക്കു ഒരു ദിവസം 32 രൂപപോലും വരുമാനം ഇല്ല. അതായതു അവരുടെ മാസ കുടുംബ വരുമാനം 3000 – 5000 രൂപക്കും ഇടക്ക് (4 അംഗങ്ങൾ എന്ന കണക്കിൽ) ആണ്. അവർ മോഷ്ടാക്കളോ ക്രിമിനലുകളോ ആയാൽ അതൊരു പെറ്റി കേസിനപ്പുറം പോകാനുള്ള സ്കോപ്പ് ഇല്ല. പിന്നെ 77 ശതമാനം കുടുംബങ്ങൾക്ക് 9000 രൂപ മുതൽ 30000 രൂപ വരെ വരുമാനമുണ്ട്. അവർ കള്ളപ്പണക്കാരും അഴിമതിക്കാരും ആണെന്ന് പറയുകയാണെങ്കിൽ ഊഹിക്കാം എത്ര വലുതാണ് ആ കളളങ്ങൾ എന്നത്. അത്തരം നടപടികളെ നേരിടാനുളള നിയമസംവിധാനം നിലവിലുണ്ടെന്നും ഓർമ്മിക്കണം.

Read More : എട്ടിന്റെ പണി കിട്ടിയിട്ട് എട്ടിന് ഒരു വർഷം; സാധാരണക്കാർ പ്രതികരിക്കുന്നു

130 കോടിയിലെ വെറും മൂന്ന് ശതമാനം നടത്തുന്ന അല്ലെങ്കിൽ ഭാഗഭാക്കായ സാമ്പത്തിക തിരിമറികളെ പിടിക്കാനാണ് അതിബുദ്ധിമാനായ ഒരു പ്രധാനമന്ത്രിയും അദ്ദേഹത്തെ ഉപദേശിച്ച ചെറിയ സംഘവും കൂടി വലിയ സംഖ്യകളിലുള്ള നോട്ടു നിരോധനത്തിലൂടെ ശ്രമിച്ചത്. സമ്പദ് ഘടനയിലെ 85 ശതമാനം തുക അതായതു 14 ലക്ഷം കോടി രൂപയാണ് ഒറ്റ രാത്രികൊണ്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലെ ഒരു അജ്ഞാത സംഘം (ഹസ്മുഖ് ആദിയ IAS ഒഴികെ ഇതിന്റെ പുറകിലെ വേറെ ഒരു പേര് പോലും ഒരു വർഷം കഴിഞ്ഞിട്ടും പുറത്തു വന്നിട്ടില്ല) വെറും കടലാസ് മാത്രമാക്കിയത്. അനിൽ ബോകിലിനെ പോലത്തെ ചിലർ അതും ഞമ്മളാണെന്നു വിളിച്ചു കൂവുന്ന എട്ടുകാലി മമ്മൂഞ്ഞുകൾ മാത്രമേ പുറത്തു വന്നത്. കാറ്റ് കൊടുങ്കാറ്റായെന്നും സമ്പദ് വ്യവസ്ഥയുടെ തായ്‌വേരിനെയാണ് പിടിച്ചുലച്ചതെന്നും മനസിലാക്കിയപ്പോൾ അവരും കളം മാറി.

പണം, ഒരു ക്യാഷ് അടിസ്ഥാനമായ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയും ജീവരക്തവും ആണ്. രക്തത്തിൽ മാലിന്യത്തിന്റെ അളവ് പ്രധാന അവയവങ്ങളെ മാരകമായി ബാധിക്കുന്ന രീതിയിൽ കൂടുമ്പോൾ മാത്രമാണ് ഡയാലിസിനു ഡോക്ടർ ആവശ്യപ്പെടുന്നത്. അല്ലാത്ത ഘട്ടങ്ങളിൽ മരുന്ന് കൊണ്ട് മാറ്റാൻ ശ്രമിക്കും. ഡയാലിസിനു പോകുമ്പോൾ ആദ്യം ഉപകരണങ്ങൾ സജ്ജമാക്കും, പിന്നെ വേണ്ട അളവിൽ ആവശ്യമുള്ള ഗ്രൂപ്പ് രക്തം ഉണ്ടോ എന്ന് നോക്കും. ഇതൊക്കെ കഴിഞ്ഞിട്ടേ ഡോക്ടറും ഉത്തരവാദിത്തപ്പെട്ട ആളുകളും ഡയാലിസിസിന് തയ്യാറാവു.

ഇന്ത്യയിൽ കള്ളപ്പണവും അഴിമതിയും മാരക രോഗങ്ങളായി മാറി. പക്ഷെ അതിന്റെ പങ്കാളികൾ മൊത്തം ജനതയുടെ മൂന്ന് ശതമാനം വരുന്നവർ  മാത്രമാണ്. കാരണം ഒരു ശതമാനം ആളുകൾ 60 ശതമാനം സ്വത്ത് കൈയ്യാളുന്നു. 90 ശതമാനം ആളുകളുടെ കൈയ്യിൽ പത്തുശതമാനം പോലും സ്വത്തില്ല. അപ്പോൾ ഊഹിക്കാം ദൃഢനിശ്ചയവും പ്രതിബദ്ധതയുമുള്ള ഒരു ഗവൺമെന്റിനു കള്ളപ്പണക്കാരെയും, അഴിമതിവീരന്മാരേയും പിടികൂടാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്ന്. രോഗ ചികിത്സക്ക് ഡയാലിസിസ് ഒന്നും വേണ്ടെന്നും.

resmi bhaskaran , Demonetisation,modi ,

എന്നാൽ ഡോക്ടർ, ഒരു സെക്കന്റ് ഒപ്പീനിയനും  ഇല്ലാതെ ഒരു തയ്യാറെടുപ്പും ഇല്ലാതെ ഒരു രാത്രിയിൽ ദേശസ്നേഹത്തിന്റെ പുതിയ കഥയും പറഞ്ഞു രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയെ തളർത്തുകയും തകർക്കുകയും ചെയ്തു – 85 ശതമാനം രക്തം ഒറ്റവലിക്ക് ഊറ്റിയെടുത്ത്. പകരം രക്തം നൽകുന്നത് വൈകിച്ചു വന്നു മാത്രമല്ല, അതിന്റെ അളവ് ആവശ്യത്തിനു വേണ്ടതിൽ നിന്നും വളരെ കുറവും ആയിരുന്നു. ആ അവസ്ഥ ഏകദേശം നാലു മാസത്തോളം തുടർന്ന്. സമ്പദ് വ്യവസ്ഥയുടെ ജീവനാഡി തകർന്നു വെന്നു മാത്രമല്ല, യാതൊരു ഉത്തേജനവും നൽകാതെ അതിനെ പുനർജീവിപ്പിക്കാൻ ഒരു ശ്രമവും നടത്തിയില്ല. ഒപ്പം പണത്തിന്റെ ഉപയോഗം കുറക്കുന്ന പല നയങ്ങളും കൊണ്ടുവരുകയും റിസർവ് ബാങ്കിനെ കൊണ്ട് ദിനം പ്രതി ഒരു ബോധവുമില്ലാത്ത രീതിയിൽ പണമിടപാടിനെ നിയന്ത്രിക്കുന്ന രീതിയിൽ സർക്കുലർ ഇറക്കി റിസർവ് ബാങ്കിലും ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കി മോദിയും അദ്ദേഹത്തിന്റെ രഹസ്യ ബുദ്ധികേന്ദ്രങ്ങളും.

അസംഘടിത – അനൗപചാരിക മേഖലകളെ അതിലെ തൊഴിലാളികളെ (ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ 95 ശതമാനം ഈ മേഖലയിലാണുള്ളത്) പട്ടിണിക്കാരും കടക്കാരും ആക്കി. കാശില്ലാത്തതിനാൽ വിളവ് വിൽക്കാൻ പറ്റാതെ അടുത്ത വിളവെറക്കാൻ വിത്തും വളവും മേടിക്കാൻ പറ്റാത്ത കണ്ണീരിനെ ഈ അധൃശ്യസംഘം കണ്ടില്ല. ഒപ്പം അന്നന്ന് ഉൽപാദിപ്പിച്ചു വിറ്റ് അന്നന്നത്തെ അന്നം തേടുന്നവരെ ക്രയവിക്രയത്തിനു പണമില്ലാതെ വരുന്ന അവസ്ഥ എന്തെന്നും കഠിനാധ്വാനത്തെ പുകഴ്ത്തി ഹാർവാഡിനെ, വിജ്ഞാനത്തിനെ, ഇകഴ്ത്തിയ പ്രധാനമന്ത്രിക്കോ സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.

എലിയെ പിടിക്കാൻ ഇല്ലം ചുട്ട മോദിയും അനുയായികളും സാമ്പത്തിക വർഷത്തെ രണ്ടു പ്രധാന ക്വാർട്ടറിൽ വളർച്ചയെ തകർത്തു കളഞ്ഞു. തൊഴിൽ വളർച്ച മുരടിച്ചു, പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിലേക്ക് നീങ്ങി, ഒപ്പം യാതൊരു ട്രയൽ റണ്ണും നടത്താതെ നേരെ നടപ്പിലാക്കിയ വളച്ചൊടിച്ച ചരക്ക് സേവന നികുതി (GST) ഇടിവെട്ടേറ്റവന്റെ മുകളിൽ പാമ്പുകടിച്ച മാതിരി പ്രയോഗമായി.

നോട്ട് നിരോധനം കൊണ്ട് ആർക്ക് പ്രയോജനം ഉണ്ടായി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ബിജെപിക്ക്. കാരണം ഉത്തർ പ്രദേശിൽ മായാവതിയുടെയും, എസ് പിയുടെയും സാമ്പത്തിക ശൃംഖലകളെ തീർത്തും  നിർവീര്യമാക്കാനും  നശിപ്പിക്കാനും കഴിഞ്ഞു അതുവഴി ഏകദേശം ഒന്നര മാസത്തോളം നീണ്ടുനിന്ന ഇലക്ഷൻ മേളയിൽ ആദ്യഘട്ടത്തോടെ എതിരാളികൾ കോപ്പു തീർന്നു പിൻവലിഞ്ഞ അവസ്ഥയിൽ ആയി. ആദ്യാന്തം പണക്കൊഴുപ്പോടെ മുന്നേറിയത് ബിജെപി മാത്രം. അതുപോലെ മറ്റിടങ്ങളിലും.

resmi bhaskaran , Demonetisation,modi ,

കള്ളനോട്ടിന്റെ ഒഴുക്കിനൊരു കുറവും വന്നില്ല എന്ന് മാത്രമല്ല പുതിയ നോട്ടിലെ രഹസ്യകോഡുകൾ മുഴുവനും ചോർന്നതായും വാർത്തകൾ വന്നു. ബെല്ലാരി റെഡ്‌ഡികൾ 500 കോടി മുടക്കി കല്യാണ മാമാങ്കം നടത്തിയപ്പോൾ ബിജെപി നേതാക്കൾ എത്തി, പണത്തിന്റെ സ്രോതസ്സിനെ പറ്റി ആരും ബേജാറായില്ലായിരുന്നു. കാഷ്‌ലെസ്സ് ഇക്കോണമി ക്യാഷ് തിരിച്ചു വന്നപ്പോൾ അതുപോലെ തിരിച്ചു പോയി.

നോട്ട് നിരോധനമെന്നാൽ ഓടുന്ന വണ്ടിയുടെ ടയർ വെടിവെച്ചിട്ടതാണെന്നു  ഴാങ് ദ്രെസ്സെ പറഞ്ഞത് വളരെ ശരിയാണ്. വണ്ടി നിന്നു, സ്റ്റെപ്പിനിയും ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ദേശസ്നേഹം വിളമ്പാനും അതിർത്തിയിലെ കാവൽക്കാരുടെ സഹന കഥ മിനിട്ടിനു മിനിട്ടിനു വിളിച്ചു കൂവിനടന്ന മോദി അനുകൂലികൾ നോട്ടുനിരോധനത്തെ തുടർന്ന് ബാങ്കുകളിലെ തിരക്കിലും അലച്ചിലിലും പെട്ട് മരിച്ച ആളുകളെ കുറിച്ച് ഒന്നും ഇതുവരെ മിണ്ടിയിട്ടില്ല, ഒപ്പം തൊഴിൽ പോയി നഷ്ടം വന്ന് ആത്മഹത്യ ചെയ്തവരും ഒരു കണക്കിലും ഇല്ല. വണ്ടിയുടെ ടയർ മാറ്റാനുള്ള വിദ്യ അവർക്കറിയില്ലാതിരുന്നതിനാൽ നടു റോഡിൽ ഉപേക്ഷിച്ച വണ്ടിയുണ്ടാക്കിയ അനേകം തുടർ അപകടങ്ങളെ കണക്കിൽ പെടുത്താത്ത ഒരു ഭരണാധികാരിയും ഭരണവും സൂചിപ്പിക്കുന്നത് അരാജകത്വത്തിൽ ഊന്നിയ ഏകാധിപത്യത്തെ ആണ്.

Read More : നോട്ട് നിരോധനം വഴി തൊഴിൽ നഷ്ടമായത് 15 ലക്ഷം പേർക്ക്; വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടു

56 ഇഞ്ചിനു കീഴിൽ കുതിച്ചു ചാടാൻ നിന്ന ഇക്കോണമി കിതക്കാനും ഊർദ്ധശ്വാസം വലിക്കാനും തുടങ്ങി. അത് മാത്രമല്ല വികസന നിലവാരത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ഉണ്ടായിരുന്ന അസന്തുലിതാവസ്‌ഥ ഇല്ലാതെ എല്ലാവരും താഴേക്കു പോരുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കാൻ മോദിക്കും മോദിയുടെ മുഖമില്ലാത്ത അജ്ഞാനികളും വിവേകശൂന്യരും ആയ ഉപദേഷ്ടാക്കൾക്കും സാധ്യമായി. 130 കോടിയിൽ 110 കോടി ജനങ്ങളും പലതലത്തിലെ ദുരിത പർവ്വങ്ങളിലായി, മോദി 2014 മെയ് 16 നു വാഗ്‌ദാനം ചെയ്‌ത അച്ഛാദിനത്തിൽ.

നോട്ട് നിരോധനം തീർത്തും പരാജയപ്പെട്ടെന്നും അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഒന്നോ രണ്ടോ വർഷം കൊണ്ടൊന്നും തീരില്ലയെന്നും നോട്ട് നിരോധത്തെ അനുകൂലിച്ചവർ വരെ പറഞ്ഞു. ആ സാഹചര്യത്തിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറാവുമോ. അല്ലാതെ 33 വർഷം മുമ്പ് മരിച്ചു പോയ ഇന്ദിരാ ഗാന്ധി നോട്ടുനിരോധിക്കാത്തതിനെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ സ്വയം അപഹാസ്യനാവുന്നുവെന്നു മാത്രമല്ല ഒരു ജനതയെ അപഹസിക്കുക കൂടിയാണ്.  ജനങ്ങളെ കൊണ്ട് വീണ്ടും വീണ്ടും രാജാവ് നഗ്നനാണെന്ന് പറയിക്കുകയാണോ ആധുനിക ഇന്ത്യയിലെ സ്വയം കരുത്തനായ നേതാവിന്രെ ലക്ഷ്യം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Demonetization was ill conceived and lacked insights