scorecardresearch
Latest News

നോട്ട് നിരോധനം: വാക്കുകളും വസ്തുതകളും

കളളപ്പണം ഇല്ലാതാക്കാൻ എന്ന് പ്രഖ്യാപിച്ച നോട്ട് നിരോധനം പിന്നീട് പല പോസ്റ്റുകൾ ലക്ഷമാക്കി പാഞ്ഞ് ഒരു വർഷം കഴിഞ്ഞ് വീണ്ടും കളളപ്പണം എന്ന വാദത്തിലെത്തി നിൽക്കുന്നു. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് ?

നോട്ട് നിരോധനം: വാക്കുകളും വസ്തുതകളും

കഴിഞ്ഞ നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനം എന്ന തീരുമാനം വരുന്നത്.  കളളപ്പണം പിടിക്കാനുളളതെന്നായിരുന്നു  നിരോധനത്തിനുളള ആദ്യ ന്യായീകരണ പ്രഖ്യാപനം. പിന്നെ ലക്ഷ്യം പലതാക്കി പല തവണ പ്രഖ്യാപിച്ചു. ഇപ്പോൾ വീണ്ടും കളളപ്പണം എന്നതാണ് ലക്ഷ്യം എന്നിടത്താണ് പ്രധാനമന്ത്രിയും ബി ജെ പിയും പിന്തുണക്കാരും എത്തിയിരിക്കുന്നത്. ആദ്യം പറഞ്ഞ അവകാശവാദത്തിലേയ്ക്ക് വീണ്ടും എത്തി. അതിനിടിയിൽ ഡിജിറ്റൽ ഇന്ത്യ, കാഷ്‌ലെസ്സ് ഇക്കോണമി, ഭീകരവാദം, തുടങ്ങി പല ഗോൾപോസ്റ്റുകൾ സൃഷ്ടിച്ച് ജനങ്ങളെ വട്ടം കറക്കി. ഇതിനാണോ? ഇതിനാണോ? എന്ന് നോട്ട് നിരോധനത്തെ കുറിച്ചുളള ഓരോ പ്രഖ്യാപനങ്ങളും മാറി മാറി വരുമ്പോൾ ജനങ്ങൾ അത്ഭുതപ്പെട്ടു. ഈ അത്ഭുതപ്പെടലെല്ലാം ഒരു വർഷം കഴിഞ്ഞപ്പോൾ എത്തി നിൽക്കുന്നത് വീണ്ടും കളളപ്പണം എന്ന വാദത്തിൽ.

എന്നാൽ ഇന്ത്യയെ എന്നല്ല, ലോകത്ത് ഒരു രാജ്യത്തും കളളപ്പണം സംബന്ധിച്ച് കൃത്യമായ കണക്കില്ല. അനുമാന കണക്കുകൾ മാത്രമാണ് ഉളളത്. ഈ അനുമാനക്കണക്കുളിൽ ഏറെക്കുറെ കൃത്യമായതെന്ന് കരുതുന്ന ചില അനുമാന പഠനങ്ങൾ ഇന്ത്യയിലും നടന്നിട്ടുണ്ട്. അങ്ങനെ പറയാനുളള കാരണം ഈ പഠനങ്ങളിൽ കണ്ടെത്തിയ കണക്കുകൾ എല്ലാം ഏതാണ്ട് സമാനമായതാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ പഠനത്തിൽ ആദ്യത്തേത് നടക്കുന്നത് 1980 കളിലാണ്. അഞ്ചൂറും ആയിരവും പോലെയുളള വലിയ നോട്ടുകൾ ഇല്ലാതിരുന്ന 1983-85 കാലത്തായിരുന്നു. സർക്കാർ നേരിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാൻസ് ആൻഡ് പോളിസിയാണ് പഠനം നടപ്പാക്കിയത്. ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തികവിദഗ്‌ദ്ധരായ ശങ്കർ ആചാര്യ, രാജ ചെല്ലയ്യ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്. മൊത്തം അഭ്യന്തര ഉൽപ്പാദനത്തിന്രെ (ജി ഡി പി) 21 ശതമാനം നികുതി വെട്ടിപ്പ് ഉണ്ടെന്നാണ് അന്ന് കണ്ടെത്തിയത്. അന്ന് ചുവപ്പുനാടയും വലതുപക്ഷത്തിന്രെ സോഷ്യലിസ്റ്റ് മന്ത്രങ്ങളും ഉച്ചസ്ഥായിൽ നിൽക്കുന്ന കാലത്തായിരുന്നു ഈ കണ്ടെത്തൽ.

Demonetisation in India, Demonetisation Effects,, black money, tax, modi,

പിന്നീട് വീണ്ടും കളളപ്പണക്കണക്കെടുക്കാൻ സർക്കാർ തലത്തിൽ ഒരു ശ്രമം നടക്കുന്നത് ലോക് പാൽബില്ലും അഴിമതി വിരുദ്ധ പ്രചാരണവും ഒക്കെ ശക്തമായ യു പി എ സർക്കാരിന്രെ രണ്ടാം ഘട്ടത്തിലാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാൻസ് ആൻഡ് പോളിസിയെ കൊണ്ടും നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക്സ് ആൻഡ് റിസർച്ചിനെ കൊണ്ടും പഠനം നടത്തിച്ചു. എന്നാൽ ഇതിന്രെ കണക്കുകൾ പുറത്തു വിട്ടിട്ടില്ല.

എന്നാൽ ഇതേ കാലയളവിലാണ് ലോകബാങ്ക് കളളപ്പണം സംബന്ധിച്ച് ലോകത്തെ 166 രാജ്യങ്ങളിൽ പഠനം നടത്തിയത്. ഫ്രെഡറിക് ഷിൻഡറിന്രെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ ലോകത്ത് നിലനിൽക്കുന്ന നിഴൽ സമ്പദ് വ്യവസ്ഥയാണെന്ന് വ്യക്തമാക്കിയ പഠനം ഇന്ത്യയിൽ ഈ നിഴൽ സമ്പദ് വ്യവസ്ഥയുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ 22.4 ശതമാനം ഈ നിഴൽ സമ്പദ് വ്യവസ്ഥയുടെ പരിധിയിലാണെന്ന് അവരുടെ പഠനം വ്യക്തമാക്കുന്നു.

ഈ മേഖലയിലെ അവസാനത്തെ ഒരു പഠനം വരുന്നത് തിരുവനന്തപുരം സി ഡി എസിലാണ്. ആർ മോഹൻ, എൻ രാമലിംഗം, ഡി ഷൈജൻ എന്നിവർ ചേർന്ന് നടത്തിയ പഠനം നോട്ട് നിരോധനത്തിന് ശേഷമാണ് നടന്നത്. 2017 സെപ്തംബർ 22 ന് വന്ന പഠനത്തിൽ 21 ശതമാനം വരെ നിഴൽ സമ്പദ് വ്യവസ്ഥയിൽ വരുമെന്ന്  പറയുന്നു.

ഈ മൂന്ന് പഠനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് കഴിഞ്ഞ മുപ്പത് വർഷമായി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ കാൽഭാഗത്തോളം നിഴൽ സമ്പദ് വ്യവസ്ഥയാണ്. ഇതിനിടിയിൽ കോൺഗ്രസ്സും ബി ജെ പിയും ജനതാദളും ഒക്കെ നേതൃത്വം കൊടുത്ത സർക്കാരുകൾ കേന്ദ്രം ഭരിച്ചു. ഇനി നിഴൽ സമ്പദ് വ്യവസ്ഥയിലെ സാമ്പത്തികമെല്ലാം കറൻസിയുടെ രൂപത്തിലാണ് എന്നവാദവും കൂടെയാണ് ഇവിടെ പൊളിയുന്നത്. കാൽഭാഗത്തോളം കളളപ്പണമെന്ന് പറയാനാകില്ല, അതിനെ നിഴൽ സമ്പദ് വ്യവസ്ഥ എന്നാണ് പറയാൻ കഴിയുകയെന്നാണ് സാമ്പത്തിക വിദ്ഗ്‌ദ്ധർ പറയുന്നത്.

 Demonetisation in India, Demonetisation Effects,, black money, tax, modi,

ഈ കാൽഭാഗത്തിനടത്തു വരുന്ന നിഴൽ സമ്പദ് വ്യവസ്ഥ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ അനുയായികളും പറയുന്നതുപോലെ കറൻസിയായിട്ടാണോ നിൽക്കുന്നത്. അങ്ങനെയാണെങ്കിൽ മാത്രമാണല്ലോ നോട്ട് നിരോധിച്ചു കൊണ്ട് കളളപ്പണം തടയാൻ കഴിയുകയുളളൂ. അതിൽ കേന്ദ്രം വിജയിച്ചോ. അതിന് കേന്ദ്ര സർക്കാരും ആർ ബി ഐയും വിവിധ സർക്കാർ ഏജൻസികളും തന്നെ പുറത്തുവിട്ട കണക്കുകൾ പരിശോധിക്കാം.

നവംബർ എട്ടിന് പണമായി രാജ്യത്ത് നിലനിന്നിരുന്നത് 17 ലക്ഷം കോടിരൂപയായിരുന്നു. ഇതിൽ 14.5 ലക്ഷം  കോടി രൂപയാണ് (500, 1000 രുപയുടെ നോട്ടുകൾ)  കളളപ്പണം പിടിക്കാനെന്ന പേരിൽ നവംബർ എട്ടിന് രാത്രി അസാധുവാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിത്. ഇതിൽ മുന്ന് മുതൽ നാല് ലക്ഷം കോടി വരെ കളളപ്പണമാണെന്നും അവ തിരികെ വരില്ലെന്നും സർക്കാരിന്റെ വക്താക്കളും ബി ജെ പി നേതാക്കളും തരാതരം പോലെ പ്രഖ്യാപിച്ചു. അതോടെ കളളപ്പണം തന്നെ ഇല്ലാതാകുമെന്നും ഭീകരവാദ പ്രവർത്തനം ഇല്ലാതാകുമെന്നുമൊക്കെ അതിദേശീയതയുടെ തിരത്തളളലിൽ ആവേശം കൊണ്ടു. എന്നാൽ ഇതിലെ വസ്തുതയെന്താണ്. നേരത്തെ പറഞ്ഞ പഠനങ്ങളൊക്കെ പരിഗണിച്ചെടുക്കുമ്പോൾ ഇന്ത്യയിലുണ്ടെന്ന് അനുമാനക്കണക്കിൽ വരുന്ന കളളപ്പണത്തിന്രെ 12 ശതമാനം മാത്രമാണ് മൂന്ന് ലക്ഷം കോടി രൂപ. തിരിച്ചുവരും എന്ന് പ്രഖ്യാപിച്ച കളളപ്പണം വെറും 12 ശതമാനം മാത്രമാണെന്നാണ് സർക്കാർ പോലും പറയുന്നത്. അതയാത് കളളപ്പണത്തിന്രെ 88 ശതമാനവും പുറത്തുതന്നെയായിരിക്കും എന്ന് അവർ സമ്മതിക്കുകയാണ്. അതായത് കളളപ്പണം എന്ന ഉമ്മാക്കിയും ദേശീയത എന്ന വികാരവും കൂട്ടിക്കലർത്തിയുളള ഒരു രാഷ്ട്രീയ കളി മാത്രമായിരുന്നു ഇതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്ക്. ഈ കണക്ക് മാത്രമാണ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ചോദ്യം ചെയ്യാതെ പോയത്.

ഇനി കളളപ്പണം പിടിക്കാനെന്ന പേരിൽ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടത്തിയ പദ്ധതികൾ കൂടി പരിശോധിക്കാം. അതിലെന്താണ് സംഭവിച്ചത് എന്നു കൂടെ പരിശോധിക്കപ്പെടണം. അപ്പോഴാണ് കളളപ്പണം എന്ന മുദ്രാവാക്യത്തിന്രെ കളളത്തരം പിടികിട്ടുക. വിദേശത്ത് നിക്ഷേപിച്ചിട്ടുളള കളളപ്പണം കൊണ്ടുവരാനുളള സ്കീം 2015 ൽ മോദി സർക്കാർ പ്രഖ്യാപിച്ചു. ആ പദ്ധതി വഴി വെളിപ്പെടുത്തിയത് 2,400 കോടി രൂപ. 2016 സെപ്തംബർ 30 ന് അടുത്ത പദ്ധതി വന്നു. വരുമാനം വെളിപ്പെടുത്തൽ. അത് വെളിപ്പെടുത്താത്തവർക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. അതിൽ വന്നത് 65, 000 കോടി രൂപ. എന്നിട്ടും കളളപ്പണക്കാർക്ക് ഉറക്കമൊന്നും നഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, ഇരുട്ടടി വന്നത് നോട്ട് നിരോധനത്തിന്രെ രൂപത്തിൽ . അതുകൊണ്ട് കളളപ്പണമെല്ലാം പിടിച്ചുവെന്നാണല്ലോ പറയുന്നത്. എന്നാൽ എന്തിനാണ്. നോട്ട് നിരോധനം നടപ്പാക്കി അടുത്ത മാസം കളളപണം സംബന്ധിച്ച പുതിയ പദ്ധതി പ്രഖ്യാപിച്ചു. 2016 ഡിസംബറിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്നതായിരുന്നു മോദിയുടെ പുതിയ പദ്ധതി. നോട്ട് നിരോധനം ഗുണം ചെയ്തില്ലെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു. പിന്നെ കണ്ണിൽ പൊടിയിടാനായിരുന്നോ ഈ പദ്ധതി. കഴിഞ്ഞ സാമ്പത്തികവർഷത്തിന്രെ അവസാന പാദം മുഴുവൻ ഈ പദ്ധതി നിലവിലുണ്ടായിരുന്നു. അതായത് 2017 മാർച്ച് 31 വരെ. പക്ഷേ അതിൽ കൂടെ എത്ര കളളപണം വന്നു എന്ന കണക്ക് ഇന്നും വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. അനൗദ്യോഗികമായി സർക്കാർ അനുകൂലികൾ അവകാശപ്പെടുന്നത് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി ആറായിരം കോടി രൂപ വന്നുവെന്നാണ്. അത് വിശ്വസിച്ചാൽ പോലും ഈ മൂന്ന് പദ്ധതികളും കൊണ്ട് ലഭിച്ചത് എത്ര തുകയാണ്. ഏകദേശം 74,000 കോടി രൂപ മാത്രം. അതായത് അനുമാനിക്കപ്പെടുന്ന കളളപണത്തിന്രെ 0.21 ശതമാനം മാത്രം.

കളളപ്പണം തിരിച്ചുകൊണ്ടുവരാനുളളതെന്ന പേരിൽ മോദി പ്രഖ്യാപിച്ച പദ്ധതികളൊക്കെ പൊളിഞ്ഞുവെന്നതാണ് ഇത് കാണിക്കുന്നത്.  അല്ലെങ്കിൽ കളളപണമില്ല എന്നാണ് വ്യക്തമാകുന്നത്. ഇതിലേതെങ്കിലും ഒന്ന് അംഗീകരിക്കേണ്ടിവരും. നോട്ട് നിരോധിനത്തിന് മുമ്പും പിന്പും നടത്തിയ പദ്ധതികളോട് കാര്യമായ പ്രതികരണം ഉണ്ടായില്ല. നോട്ട് നിരോധനം കഴിഞ്ഞ് നിരോധിച്ച തുക തിരികെ വരുകയും ചെയ്തു. വരില്ലെന്ന് പറഞ്ഞതെല്ലാം വെറുതെ വാചകമടിയായി മാറി. ഇനി വരുമെന്ന് അവകാശപ്പെട്ട തുക എന്നത് എത്രയാണ്. അതാണ് അതിലേറെ രസകരം ഇന്ത്യയിൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്ന കളളപ്പണത്തിന്രെ 12 ശതമാനം മാത്രമാണ് സർക്കാർ നോട്ട് നിരോധനംകൊണ്ട് തിരികെ വരുമെന്ന് അവകാശപ്പെട്ടത്. അതായത് മൂന്ന് ലക്ഷം കോടി മുതൽ നാല് ലക്ഷം കോടി വരെ. അതയാത് കളളപണത്തിന്രെ 88 ശതമാനവും അപ്പോഴും പുറത്തായിരിക്കുമെന്നാണ് സർക്കാർ തന്നെ സമ്മതിക്കുന്നത്. അപ്പോൾ എന്തിനായിരുന്നു ഈ നോട്ട് നിരോധന നാടകം. പക്ഷേ, സർക്കാർ അവകാശപ്പെട്ട കളളപ്പണം പോലും വരാതിരുന്നില്ല പണം തിരികെ വന്നു. അപ്പോഴാണ്  നോട്ട് നിരോധനത്തിനെ അനുകൂലിക്കുന്ന  വാദങ്ങൾ  എത്രത്തോളം വസ്തുതാവിരുദ്ധമാണെന്ന്  തിരിച്ചറിയുവാൻ കഴിയുക.

തിരികെ വന്ന പണം ആർ ബി ഐ എണ്ണി തീർന്നില്ല എന്ന് പറയുന്നത് എങ്ങനെയാണ് വിശ്വസിക്കുക. കാരണം പണം ആരും നേരെ ആർ ബി ഐ യിൽ അല്ല അടച്ചത്. ബാങ്കുകളുടെ ശാഖയിലാണ് നിരോധിത നോട്ടുകൾ അടയ്ക്കുന്നത്. അവിടുത്തെ നോട്ടിന്രെ കണക്കുകളാണ് ആർ ബി ഐ യിലേയ്ക്ക് പോകുന്നത്. അതുകൊണ്ട് തന്നെ ആർ ബി ഐ ഇതുവരെ കണക്ക് എടുത്തില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. അത് പോലും കണക്കാക്കാൻ സാധിക്കാത്തവിധം കഴിയാത്ത കഴിവുകെട്ട സ്ഥാപനമല്ല, ലോകത്തെ മികച്ച കേന്ദ്ര ബാങ്കുകളിലൊന്നായിരുന്ന ആർ ബി ഐ. മാത്രമല്ല, നിരോധിത നോട്ടുകൾ സംസ്ക്കരിക്കാൻ വഴിയില്ലാതെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിന് ഹാർഡ് ബോർഡ് ഉണ്ടാക്കാനായി വിൽക്കുന്നു. അത് കണക്കെടുക്കാതെ വരുന്നത് തൂക്കി കൊടുക്കുന്ന എന്ന് കരുതേണ്ടി വരുമോ?

നോട്ട് നിരോധനത്തെ കളളപ്പണം പിടുത്തം എന്നതിൽ നിന്നും ഡിജിറ്റൽ ഇന്ത്യ എന്നും കാഷ്‌ലെസ്സ് ഇക്കോണമിയെന്നും ദേശീയതെയെന്നും അതിർത്തിയിലെ പട്ടാളക്കാരന്രെ സഹനമെന്നും ഭീകരവാദ പ്രവർത്തിനെതിരെന്നും തൊഴിലും വികസനവും വർദ്ധിപ്പിക്കാനെന്നുമൊക്കെ പരാവർത്തനം ചെയ്തുകൊണ്ടേയിരുന്നു മോദിയും അനുചരസംഘവും. ഈ പരാവർത്തനങ്ങളുടെ രാഷ്ട്രീയം മനസ്സിലാകാതെ പ്രതിപക്ഷം മോദി  മാറ്റി മാറ്റി വെയ്ക്കുന്ന പോസ്റ്റിൽ ഗോളടിക്കാനോടി. ജനാധിപത്യത്തിന്രെ അച്ചുതണ്ടായ പ്രതിപക്ഷം കപ്പതണ്ടിന്രെ ബലം പോലുമില്ലാതെയാണ് ഈ നീക്കങ്ങളോട് പ്രതികരിച്ചത്.

ഇനി കേന്ദ്ര സർക്കാരിന്രെ മറ്റൊരുവാദം നോട്ട് നിരോധനത്തിന് ശേഷം 2016 നവംബർ ഒമ്പത് മുതൽ 2017 മാർച്ച് 31 വരെ ആദായനികുതി റിട്ടേൺ നൽകിയവരുടെ എണ്ണം വൻതോതിൽ വർധിച്ചുവെന്നാണ്. പക്ഷേ നികുതി നൽകുന്നവരുടെ എണ്ണം വർധിച്ചിട്ടില്ല. നികുതി വരുമാനത്തിൽ  റിട്ടേണിനനുസരിച്ച് വർദ്ധനവ് ഉണ്ടായിട്ടില്ല.  റിട്ടേൺ നൽകുന്നവരുടെ എണ്ണമാണ് വർധിച്ചത്. അതായത് നികുതി പരിധിക്കു താഴെ വരുമാനമുളളവരും ചെറിയ നികുതികൊടുക്കേണ്ടവരുമാണ് റിട്ടേൺ നൽകിയതിൽ ബഹുഭൂരിപക്ഷവും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതും സർക്കാരിന്രെ കണക്കിലാണ് വ്യക്തമാക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം 5.4 ലക്ഷം പേർ അധികമായി നികുതി റിട്ടേണുകൾ സമർപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാരിന്രെ സാമ്പത്തിക രേഖയിൽ ഇതുവഴി ലഭിക്കാവുന്ന നികുതി വരുമാനമായി പറയുന്നത് 10, 587കോടി രൂപയാണ്. അതായത് 5.4 ലക്ഷം പേരിൽ നിന്നുളള നികുതി വരുമാനം എന്നത് 10,587 കോടി രൂപ. നികുതി റിട്ടേൺ നൽകിയതിൽ ഭൂരിപക്ഷവും അടിസ്ഥാനികുതി ഒഴിവായ രണ്ടര ലക്ഷം വാർഷിക വരുമാനത്തിന് താഴെയുളളവരാണെന്നാണ്. ആ കണക്കിൽ വ്യക്തമാകുന്നത് തന്നെ.  2.7 ലക്ഷം രൂപ വാർഷിക വരുമാനമുളളവരാണെന്നാണ് ഇതിൽ ഭൂരിഭാഗവും എന്ന് പറയുന്നു. ഇവരിൽ നിന്നുളള നികുതി വരുമാനം വളരെ കുറവായിരിക്കും. മാത്രമല്ല പലർക്കും മറ്റ് പദ്ധികളുടടെ പേരിൽ ഈ നികുതി ഈടാക്കുന്നതിൽ നിന്ന് ഇളവും ലഭിക്കും.അതായത്. നികുതി റിട്ടേൺ കൂടിയെങ്കിലും അത് വഴി ആദായനികുതി വരുമാനം കൂടിയിട്ടില്ലെന്ന് എന്നാണ് വ്യക്തമാക്കുന്നത്. ഇനി ആ കണക്ക് പരിശോധിച്ചാൽ അതിലും രസകരമാണ്. 10,587 കോടി രൂപയെ പുതുതായി വന്ന 5.4 ലക്ഷം നികുതി റിട്ടേൺ നൽകിയ എണ്ണം കൊണ്ട് ഹരിച്ചു നോക്കൂ.  ശരാശരി ഒരാളുടെ വരുമാനം 1.96 ലക്ഷം രൂപ മാത്രം. ആദായ നികുതിയുടെ പരിധി നിശ്ചയിക്കപ്പെട്ടിട്ടുളളത് രണ്ടര ലക്ഷം രുപ വരെയാണ്. അതിലും കുറവാണ് ഈ തുക. ഏതാണ്ട് പരിധിയേക്കാൾ അരലക്ഷം കുറവാണ് ശരാശരി. അതായത് നികുതി റിട്ടേൺ സമർപ്പിച്ചവരിൽ ഭൂരിപക്ഷവും ആദായ നികുതിയുടെ പരിധിക്ക് പുറത്തുളളവരാണ് എന്നാണ്. ആ വാദവും പൊളളയാകുന്നത്  സർക്കാർ തന്നെ പ്രസിദ്ധീകരിച്ച കണക്കിലാണ്.   ഇക്കണോമിക് സർവേയിലെ സ്റ്റേറ്റ് ഓഫ് ഇക്കോണമി: ആൻ അനലറ്റിക്കൽ ഓവർ വ്യൂ ആൻഡ് ഔട്ട്‌ലുക്ക് ഫോർ പോളിസി എന്ന അധ്യായത്തിലെ 22 പേജിലാണ് ഗ്രാഫ് സഹിതം ഈ കണക്ക് വ്യക്തമാക്കുന്നത്.

 Demonetisation in India, Demonetisation Effects,, black money, tax, modi,
സർക്കാരിന്രെ സാമ്പത്തിക സർവേ രേഖയിലെ നികുതി ദായക റിട്ടേണും നികുതിയും സംബന്ധിച്ച കണക്ക്

ഇത്രയും കണക്കുകൾ സർക്കാരുമായി ബന്ധപ്പെട്ട രേഖകളിൽ നിന്നാണ്. അതായത് സർക്കാരിന്രെ ഏജൻസികൾക്കുപോലും കളളപ്പണം സംബന്ധിച്ച സർക്കാരിന്രെ വാദമുഖങ്ങളെ ന്യായീകരിക്കുന്ന കണക്കുകൾ എത്ര ശ്രമിച്ചിട്ടും എത്തിക്കാൻ സാധിക്കുന്നില്ല എന്നതാണ്.

ഇനി തീവ്രവാദവും ഭീകരവാദവും പറയുമ്പോൾ നോട്ട് നിരോധനത്തിന് ശേഷം കശ്മീരിലും മറ്റുമുണ്ടായ സംഭവങ്ങളെ കുറിച്ച് വിശദീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. കശ്മീരി യുവാവിനെ പട്ടാള ജീപ്പിന് മുന്നിൽ കെട്ടിവച്ച വിവാദം പോലും സംഭവിക്കുന്നത്.  നോട്ട് നിരോധനം കൊണ്ട് ഭീകരവാദത്തെ തടയുമെന്ന് മോദിയുടെയും അനുചരരുടെയും പ്രഖ്യാപനത്തിന് ശേഷമായിരന്നു എന്നോർക്കണം. ഇതിന് പറഞ്ഞ ന്യായീകരണങ്ങൾ കൂടി ചേർത്തു വായിക്കുമ്പോഴാണ് നോട്ട് നിരോധനവുമായ ചേർത്ത് സൃഷ്ടിച്ച അതി ദേശീയതാ വാദത്തിന്രെ അന്താരർത്ഥം തെളിയുക.

അടുത്ത വാദം തൊഴിലും വികസനവുമായിരുന്നു. എന്നാൽ അതിലെന്താണ് സംഭവിച്ചത്. നോട്ട് നിരോധനത്തിന് ശേഷമുളള കഴിഞ്ഞ സാമ്പത്തിക വർഷത്തിന്രെ അവസാന പാദത്തിൽ ( 2017 ജനുവരി മുതൽ മാർച്ചവരെയുളള മൂന്ന് മാസം) സംഘടിത മേഖലയിൽ മാത്രം 15 ലക്ഷം തൊഴിൽ നഷ്ടമായി എന്നാണ് സെന്രർ ഫോർ മോണിറ്റിങ് ഇന്ത്യൻ ഇക്കോണമിയുടെ കണ്ടത്തലിലാണ് ഇത്. തൊഴിലിന്രെ കാര്യത്തിൽ സംഘടിത മേഖലയിലും അസംഘടിത മേഖലയിലും തൊഴിൽ നഷ്ടം കൂടുകയാണെന്ന് വ്യക്തമാകുകയാണ് ഇത്. പുതിയ തൊഴിലുകൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഉളള തൊഴിൽ പോലും നഷ്ടമാവുകയാണ്. കാർഷിക, വ്യാവസായികമേഖലയിൽ കനത്ത നഷ്ടമാണ് താഴെത്തട്ടിൽ സംഭവിക്കുന്നത്.
മൂന്ന് ലക്ഷത്തോളം ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടിയെന്നും പതിനെണ്ണായിരത്തോളം കർഷകർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുകൾ വന്നു. ഇന്നും കാർഷികമേഖലയിൽ എല്ലായിടത്തും സമരമുഖങ്ങളാണ്. നിരോധിക്കപ്പെട്ട നോട്ടുകളിൽ ഇല്ലാതാക്കിയത് ഭീകരവാദവും തീവ്രവാദവും കളളപ്പണമൊന്നുമില്ല. ഭരണകൂടത്തെ തിരഞ്ഞെടുത്ത പൗരസമൂഹത്തിന്രെ ജീവിതങ്ങളാണ്.

 Demonetisation in India, Demonetisation Effects,, black money, tax, modi,

ഇന്ത്യയിൽ സമ്പൂർണ തൊഴിൽവളർച്ച സ്തംഭനമാണ് സംഭവിച്ചിരിക്കുന്നതെന്ന് സാമ്പത്തിക ഗവേഷകർ പറയുന്നു. സെന്രർ ഫോർ ഡെവപല്പമെന്റ് സ്റ്റഡീസിലെ വിനോജ് എബ്രഹാം സെപ്തംബർ 23 ന് ഇക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ തൊഴിൽ നഷ്ട്ടത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. സമ്പൂർണ്ണ തൊഴിൽ നഷ്ടമാണ് ഇന്ത്യയിലെ വിവിധ ഡാറ്റകൾ തൊഴിൽ സംബന്ധിച്ച് വ്യക്തമാക്കുന്നതെന്ന് ” സ്റ്റാഗന്ര് എംപ്ലോയ്മെന്ര് ഗ്രോത്ത്, ലാസ്റ്റ് ത്രീ ഇയേഴ്സ് മേ ഹാവ് ബീൻ ദ് വേഴ്‌സ്റ്റ് ” എന്ന വിനോജ് എബ്രഹാമിന്രെ പഠനം പറയുന്നു. നോട്ട് നിരോധനത്തിന് ശേഷമുളള സാമ്പത്തിക പാദത്തിലെയും ഈ സാമ്പത്തിക വർഷത്തെയും ഇതുവരെയുളള സ്ഥിതിയും രൂക്ഷമാകുന്ന തൊഴിലില്ലായമയുടേതാണ്. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും ഏൽപ്പിച്ച ആഘാതത്തിൽ നിന്നും അടുത്തൊന്നും തൊഴിൽ മേഖലയിൽ ഉണർവുണ്ടാകുമെന്ന് പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ്.

തങ്ങളുടെ തന്നെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞതായി സർക്കാരിന്രെ തന്നെ കണക്കുകൾ തന്നെ വ്യക്തമാക്കിയ ഒരു പ്രഖ്യാപനത്തിന്രെ വാർഷികമാണ് പ്രധാനമന്ത്രിയും സ്തുതിപാഠകരും ആഘോഷിക്കുന്നതിലെ വൈരുദ്ധ്യം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Demonetisation fact check black money cashless india rbi