scorecardresearch
Latest News

സെൽഫ് ഗോളിന്‍റെ ഒരു വർഷം

സർവ്വകലാശാല തിരഞ്ഞെടുപ്പുകൾ, ചില ഉപതിരഞ്ഞെടുപ്പുകളും പ്രാദേശിക തിരഞ്ഞെടുപ്പുകളും, കർഷക കലാപങ്ങൾ, ദലിത് മുന്നേറ്റങ്ങൾ, തുടങ്ങിയവയിലെല്ലാം വളർന്നുകൊണ്ടിരിക്കുന്ന ജനവികാരം പ്രകടമാണ്. രാഷ്ട്രീയ നിരീക്ഷകനായ ലേഖകൻ എഴുതുന്നു

Effects on Demonetisation, Negative Effects of Demonetisation black money, modi, k venu,

ഒരു വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടർന്ന് ജനങ്ങൾ നേരിടാൻ തുടങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ ഈ നടപടി മോദിയുടെ സെൽഫ് ഗോളാകുമെന്ന് ഈ ലേഖകൻ എഴുതുകയുണ്ടായി. ആ നടപടിയുടെ അടയന്തിര രാഷ്ട്രീയ ലക്ഷ്യമായി കണക്കാക്കപ്പെട്ടിരുന്ന യു പി തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുളളിൽ നടന്നപ്പോൾ മോദിക്കും കൂട്ടർക്കും ലഭിച്ച വിജയം ചൂണ്ടിക്കാട്ടി എന്‍റെ വിലയിരുത്തൽ തെറ്റിപ്പോയില്ലേ എന്ന് പലരും ചോദിക്കുകയുണ്ടായി. അത് താൽക്കാലിക വിജയം മാത്രമാണെന്നും ജനങ്ങളുടെ യഥാർത്ഥ പ്രതികരണം വരാനിരിക്കുന്നതേയുളളൂവെന്നും മറുപടി നൽകുകയും ചെയ്തു.

നോട്ട് നിരോധനത്തെ തുടർന്നുളള ആദ്യ നാളുകളിൽ സാമ്പത്തിക വിദഗ്‌ദ്ധരിൽ അധികവും പണമിടപാടുകൾ മുഴുവൻ ബാങ്ക് വഴിയും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും സുതാര്യമാക്കാൻ കഴിയുമെന്നും തന്മൂലം ഈ നടപടി സാഹസികമായിരിക്കുമ്പോൾ തന്നെ, ധീരമാണെന്നും വിലയിരുത്തകയാണ് ചെയ്തത്. കേന്ദ്ര നേതൃത്വമാകട്ടെ കളളപ്പണക്കാർക്കും കളളനോട്ടടിക്കാർക്കും തീവ്രവാദികൾക്കും എതിരെ ശക്തമായ പ്രഹരമാണിതെന്ന് ആരംഭത്തിൽ പ്രചരിപ്പിച്ചുവെങ്കിലും കാര്യങ്ങളുടെ പോക്ക് ആ ദിശയിലല്ലെന്ന് കണ്ടപ്പോൾ, സമ്പദ് വ്യവസ്ഥയുടെ സുതാര്യവൽക്കരണമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് മോദി തിരുത്തി പറഞ്ഞു നോക്കി.

Effects on Demonetisation, Negative Effects of Demonetisation black money, modi, k venu,

ബാങ്കുകളിൽ എത്താതെ വരുന്ന നിരോധിത നോട്ടുകൾ മുഴുവൻ കളളപണമായിരിക്കുമെന്നും അങ്ങനെ വരുന്ന മൂന്ന് മുതൽ അഞ്ച് ലക്ഷം കോടി പണം വരെ സർക്കാരിന്‍റെ വരുതിയിലെത്തുമെന്നുമാണ് കണക്കുകൂട്ടിയത്. എന്നാൽ 10-15 അയിരം കോടികൾ മാത്രമാണ് ബാങ്കിലെത്താതെ വന്നത്. പുതിയ നോട്ടടിക്കാനും മറ്റുമായി വന്ന അധികച്ചെലവ് 1.5 ലക്ഷം കോടിയോളം രൂപ സർക്കാർ കണ്ടെത്തേണ്ടിയും വന്നു. കളളനോട്ടടിക്കാർ രണ്ടുമാസത്തിനുളളിൽ തന്നെ പുതിയ കളളനോട്ടുകൾ വിപണിയിലിറക്കി. ബാങ്കിലെത്താതെ വരുമെന്ന് കരുതിയ കളളപണമെല്ലാം 20-30 ശതമാനം കമ്മീഷൻ പറ്റി പുതിയ നോട്ടുകളാക്കി കൊടുക്കുന്ന കിടിലൻ വ്യാപാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വഴി നടക്കുകയാണുണ്ടായത്. മാവോയിസ്റ്റുകൾ ഉൾപ്പടെയുളള തീവ്രവാദികളുടെ പക്കലുണ്ടായിരുന്ന ആയിരക്കണക്കിന് കോടികളിൽ അധിക പങ്കും ഈ വിധം മാറ്റിയെടുക്കപ്പെടുകയായിരുന്നു.

Read More : നോട്ട് നിരോധനം – ഉൾക്കാഴ്ചയും ദിശാബോധവും ഇല്ലാത്ത പാഠം

പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്ന് മാത്രമല്ല, സർക്കാരിന് വൻ നഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത നിരുത്തരവാദപരമായ മണ്ടൻ തീരുമാനമായിട്ടാണ് നോട്ട് നിരോധനം പര്യവസാനിച്ചത്. എന്നാൽ ജനങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ അങ്ങനെ നിസ്സാരമായി എഴുതിതളളാൻ പറ്റുകയില്ല. കളളപ്പണക്കാരെ ഒതുക്കാൻ വേണ്ടി അൽപ്പസമയം എ ടി എമ്മിൽ ക്യൂവിൽ നിൽക്കണമെന്ന് പറഞ്ഞപ്പോൾ ജനങ്ങൾ അതിന് തയ്യാറായി. എന്നാൽ ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്ന് മാത്രമല്ല, വൻ ദുരന്തങ്ങളാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. അഞ്ചാറു മാസം കൊണ്ട് നോട്ട് ലഭ്യത സാധാരണഗതിയിലായെങ്കിലും അതുകൊണ്ട് മാത്രം പൂട്ടിപ്പോയ വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവില്ല. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ 40 ശതമാനത്തോളം വരുന്ന അസംഘടിത ഉത്പാദനമേഖലയെയാണ് ഈ തകർച്ച ബാധിച്ചത്. ഇപ്പോഴും ആ മേഖല നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. കാർഷിക മേഖലയിലും ഇത്തരം പ്രത്യാഘാതങ്ങൾ ഗുരുതരമായിരുന്നു. കർഷക ആത്മഹത്യകൾകൊണ്ട് പൊറുതിമുട്ടിയ ഉത്തരേന്ത്യൻ കാർഷികമേഖല കലാപത്തിന്രെ ദിശയിലാണ്. സാമൂഹിക യാഥാർത്ഥ്യങ്ങളും ജനജീവിതവുമായും നേരിട്ട് ബന്ധമില്ലാത്ത ഉപദേശകരാണ മോദിക്ക് തുണയായിട്ടുളളതെന്ന് തെളിയിക്കുകയാണ് ഈ സംഭവവികാസങ്ങൾ.

Effects on Demonetisation, Negative Effects of Demonetisation black money, modi, k venu,

നോട്ട് നിരോധനം നടപ്പിലാക്കിയ ആദ്യത്തെ രണ്ട് മൂന്ന് മാസങ്ങളിൽ ജനങ്ങൾ ബാങ്കുകളെയും ഡിജിറ്റൽ സംവിധാനങ്ങളെയും ആശ്രയിക്കാൻ നിർബന്ധിതമായതുകൊണ്ട് തങ്ങളുടെ സുതാര്യവത്ക്കരണ വാദം ശരിവെയ്ക്കപ്പെട്ടതായി പല സാമ്പത്തിക വിദഗദ്ധരും സമർത്ഥിക്കുകയുണ്ടായി. എന്നാൽ അധികം താമസിയാതെ ജനങ്ങൾ അധികവും പഴയ രീതിയിലേയ്ക്ക് തിരിച്ചുപോയതായി കാണാം. സ്വാഭാവികമാണത്. നോട്ട് നിരോധനം പോലുളള ബലപ്രയോഗത്തിന് സമാനമായ രീതികളിലല്ല സുതാര്യവൽക്കരണം നടത്തേണ്ടത്. സുതാര്യവൽക്കരണത്തിന് ആരും എതിര് നിൽക്കില്ല. നമ്മുടേത് പോലുളള ഒരു രാജ്യത്ത് അത് നടപ്പിലാക്കേണ്ടത് പടിപടിയായിട്ടും ആസൂത്രിതമായിട്ടുമാണ്. അതല്ല ഇവിടെ നടന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യാവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്‌ദ്ധർ ഉൾപ്പടെ പൊതുവെ അംഗീകരിക്കുന്നു. കഴിഞ്ഞ നാല് മാസങ്ങളിൽ തുടർച്ചയായി ഉത്പാദനത്തിൽ കുറവുണ്ടായിട്ടുളളതുകൊണ്ട് ഇത് മാന്ദ്യാവസ്ഥ തന്നെയാണ്. നോട്ട് നിരോധനം കൊണ്ട് മാത്രമാണഅ അവസ്ഥയുണ്ടായതെന്ന് പറഞ്ഞാൽ അത് വസ്തുതകൾക്ക് നിരക്കുന്നതല്ല. സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുളള കൂടുതൽ അടിസ്ഥാനപരമായ ദുർബലാവസ്ഥകളുടെ പരിണിതഫലം കൂടിയാണിത്. പക്ഷേ, അതിന്രെ ആക്കം കൂട്ടുന്നതിനും അതിന്രെ പ്രത്യാഘാതങ്ങൾ സാധാരണജനങ്ങൾക്ക് അനുഭവപ്പെടാൻ ഇടയാക്കുന്നതിനും നോട്ട് നിരോധനം പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന്, ഇപ്പോൾ, കൃത്യമയാ ആസൂത്രണമില്ലാതെ, അശാസ്ത്രീയമായി നടപ്പാക്കിയ ചരക്ക് സേവന നികുതി ( ജി എസ് ടി) സൃഷ്ടിച്ചിട്ടുളള വ്യാപാരമേഖലയിലെ സ്തംഭനാവസ്ഥ മാന്ദ്യാവസ്ഥയെ മറികടക്കാനുളള അന്തരീക്ഷമൊരുക്കൽ അസാധ്യമായി തീർത്തിരിക്കുന്നു. ആഭ്യന്തര ഉത്പാദനത്തിന്രെ വളർച്ചയിൽ ഒന്നോ രണ്ടോ ശതമാനം കുറവോ കൂടുതലോ സംഭവിക്കുന്നത് ജനജീവിതത്തെ ബാധിക്കാറില്ല. എന്നാൽ നോട്ട് നിരോധനവും ജി എസ് ടിയും കൂടി വന്നപ്പോൾ, ഉത്പാദനസ്തംഭനം, വർദ്ധിച്ച തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയിലൂടെ ജനജീവിതം ദുസ്സഹമായിത്തീർന്നിരിക്കുന്നു.
Effects on Demonetisation, Negative Effects of Demonetisation black money, modi, k venu,

സംസ്ഥാന മുഖ്യമന്ത്രിയായി ഗുജറാത്തിൽ നിന്ന് നേടി അനുഭവങ്ങൾ അതേപടി അഖിലേന്ത്യാ തലത്തിൽ പ്രയോഗിക്കുക മാത്രമാണ് മോദി ചെയ്തതെന്ന് കഴിഞ്ഞ മൂന്നരവർഷം തെളിയിച്ചിരിക്കുന്നു. ദീർഘകാലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ ഫലപ്രദമായി ഇടപെട്ടിരുന്ന പ്ലാനിങ് കമ്മീഷൻ പിരിച്ചുവിട്ട് പകരം സംവിധാനമുണ്ടാക്കാതെ സ്വന്തം അഭിപ്രായമുണ്ടായിരുന്ന റിസർവ്വ് ബാങ്ക് ഗവർണറെ പോലും ഒഴിവാക്കി, എല്ലാ നിർണായക പദവികളിലും ഏറാൻമൂളികളെ മാത്രം നിയമിക്കുന്ന ഗുജറാത്ത് മോഡൽ നടപ്പിലാക്കിയതിന്രെ ദുരന്തഫലങ്ങളാണ് ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മോദിയുടെ പ്രസംഗ ശൈലിയും നാടകാഭിനയവുമൊക്കെ ഇനിയും ജനങ്ങളെ കബളിപ്പിക്കാൻ മതിയാകുമെന്ന് മോദിയും സംഘപരിവാറും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. 2014 ൽ മോദിക്ക് അവസരം നൽകിയ ജനങ്ങൾ, കണ്ടത് പ്രസംഗിക്കുന്നതനുസരിച്ച് പ്രവർത്തിക്കാൻ ഉദ്ദേശമില്ലാത്ത, അതിന് കഴിവില്ലാത്ത ഒരു നേതാവിനെയാണ്. ജനങ്ങൾ ഇത് തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. സർവ്വകലാശാല തിരഞ്ഞെടുപ്പുകൾ, ചില ഉപതിരഞ്ഞെടുപ്പുകളും പ്രാദേശിക തിരഞ്ഞെടുപ്പുകളും, കർഷക കലാപങ്ങൾ, ദലിത് മുന്നേറ്റങ്ങൾ, തുടങ്ങിയവയിലെല്ലാം വളർന്നുകൊണ്ടിരിക്കുന്ന ജനവികാരം പ്രകടമാണ്.

Read More : നോട്ട് നിരോധനം: വാക്കുകളും വസ്തുതകളും

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Demonetisation an year of self goal narendra modi k venu