scorecardresearch
Latest News

പ്രസിഡന്‍ഷ്യല്‍ ഭരണം: ശശി തരൂരിന്റെ വാദങ്ങൾ അപ്രസക്തമാവുന്നത് എന്തുകൊണ്ട്?

സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനായി രൂപംകൊടുത്ത സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അജന്‍ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ബിജെപി ഭരണകൂടം കെട്ടഴിച്ചുവിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആറുവര്‍ഷത്തെ അവലോകനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു.

പ്രസിഡന്‍ഷ്യല്‍ ഭരണം: ശശി തരൂരിന്റെ വാദങ്ങൾ അപ്രസക്തമാവുന്നത് എന്തുകൊണ്ട്?

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ‘പ്രസിഡന്‍ഷ്യല്‍ ഭരണസമ്പ്രദായത്തിനുള്ള വാദഗതി’ എന്ന പേരില്‍ ജൂലൈ 25ന് ഇന്ത്യന്‍ എക്‌സ്‌പ്രസിൽ എഴുതിയ ലേഖനം പാര്‍ലമെന്ററി സമ്പ്രദായം രാജ്യത്തെ പരാജയപ്പെടുത്തിയെന്ന നിഗമനത്തിലെത്തുന്നു. ഇന്ത്യ പ്രസിഡന്‍ഷ്യല്‍ സര്‍ക്കാര്‍ രൂപത്തിലേക്കു മാറണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. രാഷ്ട്രീയത്തെ, മുകളില്‍നിന്നു താഴോട്ടേക്കു നോക്കുന്നതില്‍നിന്നുള്ളതാണ് തരൂരിന്റെ വിശകലനം. അത് ഇന്ത്യന്‍ ജനാധിപത്യത്തെ ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നു.

തെറ്റായ ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ടാണ് തരൂര്‍ തെറ്റായ നിഗമനങ്ങളിലെത്തിയത്. പ്രശ്‌നം പാര്‍ലമെന്ററി അല്ലെങ്കില്‍ പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനം സംബന്ധിച്ചുള്ളതല്ല. പ്രസിഡന്‍ഷ്യല്‍ ഭരണകൂടം നിലവിലുള്ള വ്യവസ്ഥയെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് അന്യമാണ്. ജനാധിപത്യത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിലുള്ള നമ്മുടെ പരാജയമാണ് യഥാര്‍ഥ പ്രതിസന്ധി. വ്യര്‍ഥമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിനേക്കാളുപരി വ്യവസ്ഥയിലെ ഘടനാപരമായ കുറവുകള്‍ നാം മനസിലാക്കുകയാണു വേണ്ടത്. പ്രസിഡന്‍ഷ്യല്‍ ആയാലും പാര്‍ലമെന്ററി ആയാലും ജനാധിപത്യം പ്രാവര്‍ത്തികമാക്കുക എന്നതായിരിക്കണം ലക്ഷ്യം. അതിനാല്‍, അധികാരകേന്ദ്രീകരണം, ജനാധിപത്യവിരുദ്ധമായ തീരുമാനമെടുക്കല്‍ രീതികള്‍, പണത്തിന്റെ സ്വാധീനം, തെരഞ്ഞെടുപ്പുകളിലെ ക്രിമിനല്‍ ബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ നാം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

Read in IE : Shashi Tharoor writes: A Case for Presidential System

ജനങ്ങളാണു നേതാക്കളെ തെരഞ്ഞെടുക്കുന്നത്, പാര്‍ട്ടികളല്ല; അവരുടെ വിശ്വസ്തത വ്യക്തികളോടാണ്, അല്ലാതെ ഒരു പാര്‍ട്ടി പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം ആശയങ്ങളോടല്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇന്ത്യയിലെ പാര്‍ലമെന്ററി സമ്പ്രദായം പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്കു മാറുന്നതിനെ നാം ഔപചാരികമാക്കരുത്. അത്തരമൊരു വഴിത്തിരിവിന്റെ കാരണങ്ങള്‍ നാം കൂട്ടായി വിലയിരുത്തണം. നിയോജകമണ്ഡല തലത്തില്‍ പ്രാതിനിധ്യം എന്ന ആശയത്തിന്റെ പരാജയം മനസിലാക്കേണ്ടത് പ്രധാനമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സമഗ്രമായ അറിവുണ്ടെങ്കില്‍ മാത്രമേ ഈ ധാരണ സാധ്യമാകൂ. ഉദാഹരണത്തിന്, സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് മുതല്‍ തെരഞ്ഞെടുപ്പിലെ അവരുടെ പ്രകടനം വരെ. ജനാധിപത്യ പ്രക്രിയകളും ബഹുകക്ഷി സമ്പ്രദായത്തിന്റെ ആരോഗ്യകരമായ സംസ്‌കാരവും എങ്ങനെയാണ് കൂറുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും കളിയായി ചുരുങ്ങിയതെന്ന് നാം മനസിലാക്കേണ്ടതുണ്ട്.

പ്രധാനമന്ത്രിയുടെ പക്കൽ ‘ടാലന്റ് പൂള്‍’ ഇല്ലാത്തത് പാര്‍ലമെന്ററി സംവിധാനത്തിന്റെ പോരായ്മയായി കാണരുത്, മറിച്ച് അത് ഇന്ത്യയിൽ അത് പ്രയോഗിക്കുന്നതിന്റെ രീതിയുടെ പ്രശ്നം എന്ന നിലയിലാണു കാണേണ്ടത്. പൊതുജീവിതത്തിലും സമൂഹത്തിലും എന്തെങ്കിലും പരിവര്‍ത്തനം കൊണ്ടുവരാൻ ശ്രമിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ എപ്പോഴാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്? ചരിത്രപരമായി അവശേഷിക്കുന്ന അധികാരബന്ധങ്ങളുടെ തുടര്‍ച്ചയുള്ള ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് അവസാനിച്ചിട്ടില്ല. അത്തരം തിരഞ്ഞെടുപ്പുകള്‍ സാമൂഹിക അസമത്വങ്ങള്‍ ഉറപ്പിക്കുകയും നിലവിലുള്ള അവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയാണ് പാര്‍ലമെന്ററി സമ്പ്രദായം പഴയ അധികാരബന്ധങ്ങളെ ശക്തിപ്പെടുത്തുന്നത്. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനായി രൂപംകൊടുത്ത സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള അജന്‍ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ബിജെപി ഭരണകൂടം കെട്ടഴിച്ചുവിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആറുവര്‍ഷത്തെ അവലോകനം ചെയ്യുമ്പോള്‍ വ്യക്തമാകുന്നു.

Also Read: വരവര റാവുവിനും വികാസ് ദുബെയ്ക്കും വേണ്ടി എന്തിനു ശബ്ദമുയര്‍ത്തണം?

ശേഷിക്കുന്നവരെ പണം നൽകിയും ഭീഷണിപ്പെടുത്തിയും വശത്താക്കുന്നു. ഹിന്ദു-മുസ്ലീം, ദേശീയം-ദേശവിരുദ്ധം എന്നിങ്ങനെയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ദ്വന്ദങ്ങളായി ചുരുക്കിക്കൊണ്ട് എല്ലാതരം അനേകത്വങ്ങളെയും ഉന്മൂലനം ചെയ്യുന്നു. രാഷ്ട്രീയം, സംസ്‌കാരം, സമൂഹം എന്നീ മേഖലകളില്‍ ഏകത്വത്തിന്റെ അജന്‍ഡ നടപ്പാക്കാനാണു ശ്രമമെന്നു വ്യക്തം. മുന്നണിരാഷ്ട്രീയത്തെയും സര്‍ക്കാരുകളെയും കുറിച്ചുള്ള തരൂരിന്റെ വിശകലനം വികലമാണ്. കാരണം ഏകത്വത്തിനുള്ള ഈ അജന്‍ഡ ജനാധിപത്യത്തിനെതിരായതാണെന്ന് അദ്ദേഹം കാണുന്നില്ല.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ തലങ്ങളിലെ നമ്മുടെ രാജ്യത്തെ വൈവിധ്യത്തിന്റെ സാക്ഷാത്കാരമാണ് മുന്നണിരാഷ്ട്രീയം. ദേശീയ തലത്തില്‍ സ്വഭാവസമത്വത്തിലേക്കു നയിക്കുന്ന ശക്തികള്‍ക്കെതിരായ പരിശോധനയും സന്തുലിതാവസ്ഥയും മുന്നണിരാഷ്ട്രീയം ഉറപ്പാക്കുന്നു. വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങളുടെ അവകാശവാദത്തിന്റെ അഭാവത്തില്‍, ദേശീയ താല്‍പ്പര്യത്തിന്റെ പേരില്‍ കേന്ദ്രത്തില്‍ അഭൂതപൂര്‍വമായ അധികാര കേന്ദ്രീകരണത്തിനു നാംസാക്ഷ്യം വഹിക്കുകയാണ്. കാരണം, മുന്നണി സര്‍ക്കാരുകളിലൂടെ, നേരത്തെ ഉറക്കെ കേട്ടിരുന്ന പ്രാദേശിക ശബ്ദങ്ങള്‍ നിലവിലില്ല, അല്ലെങ്കില്‍ അവ നിശബ്ധമാണ്. മുന്നണി സർക്കാരുകൾക്ക് ധീരമായ തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നു പറയുന്നത് ഒരു തെറ്റായ വാദഗതിയാണ്. വിവരാവകാശം, ഭക്ഷ്യസുരക്ഷാ അവകാശം, വനാവകാശ നിയമം, എംജിഎന്‍ആര്‍ഇജിഎ തുടങ്ങിയ പുരോഗമന നിയമനിര്‍മാണങ്ങള്‍ നടത്തിയത് മുന്നണി സർക്കാരുകളാണ്.

ജനാധിപത്യം നിയമസഭയുടെ തളത്തിൽ മാത്രം ഒതുങ്ങുന്നി നിൽക്കുന്ന ഒന്നല്ല. നിലവിലെ പ്രതിസന്ധി പാര്‍ലമെന്റില്‍ മാത്രമായി പരിമിതപ്പെടുന്നില്ല, മറിച്ച് ജനങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്ന പ്രക്രിയ പ്രാപ്തമാക്കുന്നതില്‍ ജുഡീഷ്യറി,  എക്‌സിക്യൂട്ടീവ്, നിയമസഭ, മാധ്യമങ്ങള്‍, എന്നിവയുടെ പരാജയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രതിഭാസമാണത്. നമ്മുടെ വീടുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മാധ്യമങ്ങള്‍, സാംസ്‌കാരിക, സാമൂഹിക, പൊതുമണ്ഡലങ്ങള്‍ എന്നിവ ജനാധിപത്യവല്‍ക്കരിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ എന്തൊക്കെയാണ്? ജനാധിപത്യ മൂല്യങ്ങള്‍ അടിത്തറയിലെത്തുന്നുവെന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതി എങ്ങനെ ഉറപ്പുവരുത്തും? ഭീഷണി, സെന്‍സര്‍ഷിപ്പ്, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം എന്നിവയെ നേരിട്ടുകൊണ്ടിരിക്കുയാണു മാധ്യമ സ്വാതന്ത്ര്യം. വാര്‍ത്താവിതരണം കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്നത് സാധാരണമായി മാറി.

Also Read: ഡിജിറ്റല്‍ കാലത്തെ രാഷ്ട്രീയ ആശയവിനിമയം

യുഎസുമായി നമുക്ക് ഇവിടെ ഒരു സമാന്തരരേഖ വരയ്ക്കാം. അവിടെ പ്രസിഡന്‍ഷ്യല്‍ ഭരണകൂടമുണ്ടെങ്കിലും നമ്മുടേതിനു സമാനമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നു.വിദ്വേഷ കുറ്റകൃത്യങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, ചങ്ങാത്ത മുതലാളിത്തം, പകര്‍ച്ചവ്യാധികളോടുള്ള വിവേകമില്ലാത്ത പ്രതികരണം തുടങ്ങിയവ യുഎസില്‍നിന്ന് വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങള്‍, ജനാധിപത്യം, അവരുടെ ഭരണഘടനാ ധാര്‍മികത എന്നിവയ്ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍ ജാഗ്രതയോടെ നിലയില്‍ നിലകൊള്ളുവെന്നതു മാത്രമാണ് വ്യത്യാസം. വിദ്വേഷ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ പ്ലാറ്റ്‌ഫോമുകള്‍ക്കു പോലും അതിന്റെ ജീവനക്കാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും കനത്ത  തിരിച്ചടി നേരിടുന്നു.

പ്രസിൻഷ്യൽ, പാര്‍ലമെന്ററി ഭരണരൂപങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സമാനമാണെന്നും ജനാധിപത്യത്തിന്റെ പ്രയോഗത്തിലെ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നുവെന്നതുമാണ് വസ്തുത. പൗരന്മാരും സ്ഥാപനങ്ങളും തമ്മിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുന്നതില്‍ ഇവ പരാജയപ്പെട്ടു. ജനാധിപത്യത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് നമുക്കു മുന്നിലുള്ള വെല്ലുവിളി. ഇതിനു ഭരണസംവിധാനത്തിന്റെ രൂപാന്തരം സഹായിക്കില്ല. മറിച്ച്, ബഹുസ്വരതയുടെയും അധികാര വികേന്ദ്രീകരണത്തിന്റെയും മാതൃകകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണു വേണ്ടത്.

  • ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റും ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഐസ) ദേശീയ പ്രസിഡന്റുമാണ് ലേഖകന്‍

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Democracy parliament presidential government why shashi tharoor is wrong