ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചിരിക്കുന്നു. 70-ല്‍ 50-നോടടുപ്പിച്ച് സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കും എന്നായിരുന്നു വോട്ടെടുപ്പ് നടന്ന ദിവസത്തെ അഭിപ്രായ സര്‍വേകള്‍ അധികവും പ്രവചിച്ചത്. എന്നാൽ 70-ല്‍ 62 സീറ്റുകൾ നേടി മുന്‍ തിരഞ്ഞടുപ്പിലെ തൂത്തുവാരലിനു അടുത്ത് എത്തിയിരിക്കുകയാണ്. ഡല്‍ഹി ഭരണം തങ്ങള്‍ തിരിച്ചു പിടിക്കുമെന്ന് വീമ്പിളക്കിയിരുന്ന അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് വെറും എട്ട് സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാജ്യത്തിന്‍റെ തലസ്ഥാനത്തു വച്ചു തന്നെ ബിജെപിക്കേറ്റ ഈ പ്രഹരത്തിന്‍റെ ആഘാതം ചെറുതല്ല. ഇന്ത്യ മുഴുവനും മാത്രമല്ല, ലോകം മുഴുവനും ഉറ്റുനോക്കിയിരുന്ന തിരഞ്ഞെടുപ്പായിരുന്നത് കൊണ്ട് ഈ ആഘാതവും ലോകതലത്തില്‍ തന്നെ അനുഭവപ്പെടുകയും ചെയ്യും.
പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഇന്ത്യയ്ക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കുന്ന സാഹചര്യമാണല്ലോ ഉള്ളത്. ഇവിടത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകസമൂഹം എത്ര സൂക്ഷ്മമായിട്ടാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്നാണു ഇത് കാണിക്കുന്നത്. തീര്‍ച്ചയായിട്ടും അത് നല്ല കാര്യം തന്നെയാണ്. അനവധി ഭാഷകള്‍, മതങ്ങള്‍, ജാതികള്‍, സംസ്കാരങ്ങള്‍ എല്ലാം കൊണ്ട് അങ്ങേയറ്റം സങ്കീര്‍ണമായതും അതിബൃഹത്തുമായ ഈ സമൂഹം ഏറെ മെച്ചപ്പെട്ട ജനാധിപത്യ പ്രക്രിയ നിലനിര്‍ത്തുന്നതാണ് ലോകശ്രദ്ധയ്ക്കു പാത്രമാവുന്നത്. ഈ പശ്ചാത്തലത്തില്‍ തന്നെയാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലവും ലോകശ്രദ്ധയില്‍ വരുന്നത്.
ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പരിണാമ ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ഉയര്‍ന്നു വന്ന അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്‍റെ രണ്ടാം ഘട്ടമായിട്ടാണ് ആം ആദ്മി പാര്‍ട്ടി ഉടലെടുത്തത്. അധികാര രാഷ്ട്രീയത്തിന്‍റെ അപചയത്തിനെതിരായി ഉയര്‍ന്നുവന്ന ആ സിവില്‍ സമൂഹ പ്രസ്ഥാനം ആം ആദ്മി പാർട്ടി ആയപ്പോള്‍ ആ പ്രസ്ഥാനവും അധികാര രാഷ്ട്രീയത്തിന്‍റെ പിടിയില്‍ അമരുകയാണെന്ന വിമര്‍ശനവും ആശങ്കയും ഉന്നയിക്കപ്പെടുകയുണ്ടായി. അത് സ്വാഭാവികവുമായിരുന്നു.
അഞ്ചു കൊല്ലം മുന്‍പ് നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റു നേടി ആം ആദ്മി പാര്‍ട്ടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഒരു ജനാധിപത്യ സമൂഹത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തുകൊണ്ട് അധികാരം നേടുകയും അതുപയോഗിച്ചു കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുകയുമാണ് വേണ്ടതെന്ന സമീപനമാണ് ആം ആദ്മി പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ കേജ്‌രിവാളും കൂട്ടരും സ്വീകരിച്ചത്. അഴിമതി വിരുദ്ധ സമരത്തിലൂടെ വളര്‍ന്നു വന്ന ഈ പ്രസ്ഥാനം അഴിമതിരഹിത ഭരണമാണ് വാഗ്‌ദാനം ചെയ്തത്. കഴിഞ്ഞ അഞ്ചുകൊല്ലം ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനജീവിതം മെച്ചപ്പെടുത്താൻ സഹായകമായ പല പദ്ധതികളും അവര്‍ നടപ്പിലാക്കിയതോടൊപ്പം അഴിമതിരഹിത ഭരണം സാധ്യമാണെന്ന് തെളിയിക്കുകയും ചെയ്തു. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ദൃശ്യമായത്. ഭരണ വിരുദ്ധ വികാരം ഒട്ടും പ്രകടിപ്പിക്കാതെയാണ് ജനങ്ങള്‍ വോട്ടു ചെയ്തിരിക്കുന്നതെന്ന് വ്യക്തം. തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുന്‍പ് ഒരു പ്രമുഖ എഎപി നേതാവും ഉപമുഖ്യമന്ത്രിയുടെയും ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ വലിയൊരു തുക കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ സംഭവം പാര്‍ട്ടിയുടെ പൊതുവായ അഴിമതി വിരുദ്ധ സ്വഭാവത്തിന് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

സാമ്പത്തിക ശേഷി ഇല്ലാത്തതിന്‍റെ പേരില്‍ ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന സമീപനത്തോടുകൂടിയ പദ്ധതികളാണ് ആദ്യം നടപ്പിലാക്കപ്പെട്ടത്. മാത്രമല്ല, ഏറ്റവും ആധുനികവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ഉദ്യോഗസ്ഥ മേധാവി വര്‍ഗത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍പെട്ട് ഭരണ സംവിധാനം നിഷ്‌ക്രിയവും ജനവിരുദ്ധവും ആവുന്ന അവസ്ഥയാണ് ജനാധിപത്യ സമൂഹങ്ങളില്‍ കണ്ടുവരുന്നത്. ഡല്‍ഹിയില്‍ ഈ അവസ്ഥയ്ക്ക് ഫലപ്രദമായ മാറ്റമുണ്ടാക്കുകയും ഭരണ സംവിധാനത്തെ ചലനാത്മകമാക്കുകയും ചെയ്യുന്നതില്‍ കേജ്‌രിവാളും കൂട്ടരും വലിയൊരു പരിധി വരെ വിജയിക്കുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ക്കും ബില്ലുകള്‍ക്കും മറ്റും വേണ്ടി ജനങ്ങള്‍ മണിക്കൂറുകളും ദിവസങ്ങള്‍ പോലും കാത്തുകെട്ടി നില്‍ക്കേണ്ടി വരാറുള്ളത് പൂര്‍ണമായും ഒഴിവാക്കപ്പെടുക മാത്രമല്ല, അത്തരം രേഖകളും മറ്റും വീട്ടുപടിക്കല്‍ എത്തുന്ന സംവിധാനങ്ങളും നിലവില്‍ വന്നിരിക്കുന്നു. അതോടെ ജനങ്ങളിലേക്ക് എത്താതെ പോയ പല പദ്ധതികളും ജനങ്ങള്‍ക്ക് അനുഭവ വേദ്യമാവാന്‍ തുടങ്ങുകയും ചെയ്തു.
സാമ്പത്തികമായി താഴെ തട്ടിലുള്ളവര്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമായി നല്‍കുന്ന പദ്ധതി വളരെ പെട്ടെന്ന് ജനപ്രിയം ആവുകയായിരുന്നു. സ്ത്രീ സുരക്ഷ ലക്ഷ്യം വച്ചുകൊണ്ട് സിസിടിവി.കള്‍ വ്യാപകമായി സ്ഥാപിച്ചതും സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യമാക്കിയതും സ്ത്രീകളുടെ വന്‍ പിന്തുണയ്ക്ക് കാരണമാവുകയും ചെയ്തു. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാവുന്ന, അതിനു കഴിയുന്ന നേതാവാണ് കേജ്‌രിവാള്‍ എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടാന്‍ തുടങ്ങുകയും ചെയ്തു. കേജ്‌രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും അനുകൂലമായി ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്ന ആഭിമുഖ്യം പ്രത്യക്ഷത്തില്‍ പ്രകടമായിരുന്നില്ല താനും. അതുകൊണ്ടാണ് ജനങ്ങളെ തങ്ങള്‍ക്കനുകൂലമായി മാറ്റാന്‍ കഴിയുമെന്ന വിശ്വാസം പുലര്‍ത്തിക്കൊണ്ട് ബിജെപി നേതൃത്വം തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നു തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെല്ലാം പ്രഖ്യാപിച്ചു കൊണ്ടിരുന്നത്. ജനങ്ങളുടെ ഉള്ളിലിരുപ്പ് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോള്‍ ലഭിച്ചത് പോലുള്ള ജനപിന്തുണ തങ്ങള്‍ക്കു ലഭിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിക്കാര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. അതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല.

പ്രയോഗത്തില്‍ തങ്ങള്‍ ജനാധിപത്യത്തിന്‍റെയും സാമൂഹ്യനീതിയുടെയും പക്ഷത്താണെന്ന് തെളിയിച്ചുകൊണ്ട് പൗരത്വ ഭേദഗതി നിയമം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ ഇടപെടാതിരിക്കുന്ന സമീപനമാണ് കേജ്‌രിവാളും കൂട്ടരും സ്വീകരിച്ചത്. ഡല്‍ഹിയുടെ വികസനം എന്ന ഒറ്റ അജണ്ടയില്‍ ഊന്നിക്കൊണ്ടുള്ള സമീപനം കൊണ്ട് അവര്‍ ലക്ഷ്യമാക്കിയത് മേല്‍പ്പറഞ്ഞ വിവാദ വിഷയ ങ്ങളില്‍ പരസ്പര വിരുദ്ധ നിലപാടുകള്‍ എടുക്കുന്നവരുടെയെല്ലാം വോട്ട് സമാഹരിക്കുക എന്നു തന്നെയാവാം. അതിലവര്‍ വിജയിച്ചുവെന്നു തന്നെ കാണാം. ഇതില്‍ അവസരവാദമുണ്ടെന്നു ആരോപിക്കാമെങ്കിലും അത് പ്രായോഗിക രാഷ്ട്രീയ രീതിയാണെന്ന് സമര്‍ഥിക്കാവുന്നതേയുള്ളൂ.
ഒരു മാസക്കാലമായി ജാമിയ മിലിയ അതിക്രമങ്ങളെ തുടര്‍ന്ന് വീട്ടമ്മമാര്‍ ഷഹീന്‍ ബാഗില്‍ ആരംഭിച്ച പ്രതിഷേധ കുത്തിയിരുപ്പിനോടുള്ള സമീപന ത്തിലും ഇതേ പ്രായോഗിക സമീപനമാണ് കേജ്‌രിവാള്‍ സ്വീകരിച്ചത്. സമരം ചെയ്യാന്‍ അവകാശമുണ്ടെന്നു പറഞ്ഞ് ധാര്‍മികപിന്തുണ പ്രഖ്യാപിക്കുകയും എന്നാല്‍ വഴിയടച്ചു ബുദ്ധിമുട്ടുകളുണ്ടാക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തുകൊണ്ട് അകലം നിലനിര്‍ത്തുന്ന തന്ത്രമാണ് അവിടെ പ്രയോഗിച്ചത്. എല്ലാ വിഭാഗങ്ങളുടെയും വോട്ട് തന്നെയായിരുന്നു ഇവിടെയും ലക്ഷ്യം. ഷഹീന്‍ ബാഗിന് സമീപത്തുള്ള എല്ലാ സീറ്റുകളിലും എഎപി നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
രാജ്യ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുക എന്ന ലക്ഷ്യം നേടുക വഴി ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തിന്‍റെ മുന്നേറ്റത്തിനു തടയിടുക കൂടിയാണ് എഎപി ചെയ്തിരിക്കുന്നത്. രാജ്യാധികാരം കയ്യിലുള്ളപ്പോഴും തലസ്ഥാനാധികാരം കൈപ്പിടിയിലോതുങ്ങാതെ വരുന്നത് രാഷ്ട്രീയമായി ക്ഷീണം തന്നെയാണ്. മതഫാസിസ്റ്റു രാഷ്ട്രീയത്തിനെതിരായി ഇന്ത്യയിലെ ജനാധിപത്യ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമായി ജനാധിപത്യ ഡല്‍ഹി നിലനില്‍ക്കുന്നത് അങ്ങേയറ്റം ശുഭോദര്‍ക്കം തന്നെയാണ്.