scorecardresearch
Latest News

സ്വവർഗ പ്രണയം: ഇനി വേണ്ടത് സാംസ്കാരിക മാറ്റങ്ങൾ

“കുടുംബപരമായും സാമൂഹികമായും ഉള്ള അംഗീകാരത്തിലേയ്ക്കുള്ള താക്കോൽ കൂടിയാണ് ഇന്നത്തെ ഈ ചരിത്രപ്രധാനമായ കോടതിവിധി”എന്ന് ലേഖകൻ

lgbt,kishor kumar ,section 377,

ബ്രിട്ടീഷ് കൊളോണിയൽ​ കാലത്ത് വിക്ടോറിയൻ സദാചാരമൂല്യത്തിന്റെ ഭാഗമായി നടപ്പാക്കിയ നിയമം റദ്ദാക്കി സുപ്രീം കോടതി വിധി ചരിത്രമെഴുതി. ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ നിർണായകമായ വിധിയാണ് ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഒന്നര നൂറ്റാണ്ടിലേറെ (157 വർഷം) പഴക്കമുളള നിയമമാണ് കാലാനുസൃതമായ അറിവുകളുടെ അടിസ്ഥാനത്തിൽ കോടതി റദ്ദാക്കിയത്. ജൈവശാസ്ത്രപരമായും സാമൂഹിക ശാസ്ത്രപരമായും മൂഢലോകത്ത് നിന്നകാലത്തെ അധികാരവും മതാധികാരവും ആയി ബന്ധപ്പെട്ട സദാചാര സംജ്ഞകളുടെ പശ്ചാത്തലത്തിൽ​ നിർമ്മിച്ച പുരുഷാധികാര നിയമമാണ് ഇന്ന് സ്വതന്ത്ര ഇന്ത്യയിൽ റദ്ദാക്കപ്പെട്ടത്. ഇതോടെ സ്വവർഗാനുരാഗികൾ അവരുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കാൽകുത്തുകയാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ​ വിധിയെ കുറിച്ചും സമൂഹം ഇനി ചെയ്യേണ്ടതിനെ കുറിച്ചും പറയുകയാണ് ലേഖകൻ.

സ്വവർഗരതി ഇന്ത്യയിൽ നിയമവിധേയമാക്കുന്നതിന് 1993ൽ തുടങ്ങിയ നീണ്ട നിയമ പോരാട്ടം ഇന്ന് വിജയിച്ചിരിക്കുകയാണ്. “പ്രകൃതിവിരുദ്ധ”രതിയെ ശിക്ഷിക്കുന്ന ഐ.പി.സി 377 വകുപ്പ് ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1861ൽ അടിച്ചേൽപ്പിച്ച നിയമമാണ്. വ്യക്തിജീവിതത്തിൽ പ്രണയ സ്വാതന്ത്ര്യ ത്തിനുള്ള പ്രാധാന്യവും സ്വവർഗ ലൈംഗികതയെക്കുറിച്ച് ശാസ്ത്രീയമായ കാഴ്ചപ്പാടുകളും ഒക്കെയുള്ള പാശ്ചാത്യരാജ്യങ്ങളിൽ സ്വവർഗപ്രേമം അരനൂറ്റാണ്ട് മുൻപ് തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും ഇന്ത്യയിൽ കുറ്റകരമായി തുടരുകയായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുതിർന്നവർ പരസ്പരസമ്മതത്തോടെ നടത്തുന്ന സ്വവർഗരതി 377ന്റെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ന്. ഇതോടെ പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം സ്വവർഗപ്രണയത്തെ നിയമപരമായി അംഗീകരിക്കുന്ന ലോകത്തിലെ ഇരുപത്തിയാറാമത്തെ രാജ്യമായി ഇന്ത്യ മുന്നേറിയിരിക്കുകയാണ്.

നാസ് ഫൗണ്ടേഷന്റെ അപ്പീലിൽ മുതിർന്നവരുടെ പരസ്പര സമ്മതത്തോടെ യുള്ള സ്വവർഗരതിയെ നിയമവിധേയമാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതി 2009 ജൂലൈ രണ്ടിന് വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില മതമൗലികവാദികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി 2013 ഡിസംബർ 11ന് ഡൽഹി ഹൈക്കോടതി വിധി റദ്ദാക്കി. 377 ആം വകുപ്പുമായി ബന്ധപ്പെട്ട തീരുമാനം പാർലിമെന്റിന് വിടുകയും ചെയ്തു സുപ്രീം കോടതി. അങ്ങനെ ലോകചരിത്രത്തിൽ ആദ്യമായി സ്വവർഗരതി നിയമവിധേയമാക്കിയതിന് ശേഷം അതിനെ വീണ്ടും നിയമവിരുദ്ധമാക്കി മാറ്റിയ രാജ്യം എന്ന പേരും ഇന്ത്യയുടെ തലയിലായി.

തങ്ങളുടെ പോരാട്ടങ്ങൾ ഊർജ്ജിതപ്പെടുത്തി കൊണ്ടാണ് ഇന്ത്യയിലെ എൽജിബിടി സംഘടനകൾ ഈ പ്രതിലോമകരമായ വിധിയോട് പ്രതികരിച്ചത്. പുനർ കുറ്റവൽക്കരണത്തിനെതിരെ റിവ്യൂ ഹർജിയും അത് പരാജയപ്പെട്ടപ്പോൾ ക്യൂറേറ്റീവ് ഹർജിയും കൊടുത്തു. കൂടാതെ ചില സ്വവർഗപ്രേമികൾ വ്യക്തിഗതമായ പെറ്റീഷനുകൾ ഫയൽ ചെയ്യുകയും ചെയ്തു.

വ്യക്തിയുടെ ലൈംഗിക ചായ് വ് (sexual orientation) എന്നത് സ്വകാര്യതാ നിയമത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിവിധി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്നത് സ്വവർഗരതിക്ക് അനുകൂലമായ വിധി ഭാവിയിൽ ഉണ്ടാവുന്നതിനുള്ള മുന്നോടിയായി പലരും വീക്ഷിച്ചിരുന്നു. ഇതിനൊക്കെയാണ് ഇന്നത്തെ വിധിയോടെ തീരുമാനമായത്.lgbt,kishor kumar ,section 377,

നിയമപരമായ കുറ്റവൽക്കരണവും വൈദ്യശാസ്ത്രപരമായ രോഗവൽക്കരണവുമായിരുന്നു ഇന്ത്യയിലെ സ്വവർഗപ്രേമികൾക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ കടമ്പകൾ. ലോകാരോഗ്യ സംഘടന 1990ൽ തന്നെ സ്വവർഗലൈംഗികതയെ മനോരോഗങ്ങളുടെ പട്ടികയിൽനിന്ന് നീക്കിയെങ്കിലും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി പ്രസിഡണ്ടായ അജിത് ബിഡെ ഈ വർഷം ജൂണിൽ മാത്രമാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇപ്പോൾ കോടതിവിധി കൂടെ വന്നതോടെ സ്വവർഗലൈംഗികത ചികിത്സിച്ചു മാറ്റാം എന്ന് വ്യാജ പ്രചരണം നടത്തി പണം പിടുങ്ങുന്ന ഡോക്ടർമാർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാനുള്ള സാധ്യതയാണ് തെളിഞ്ഞു വന്നിരിക്കുന്നത്. കുറ്റകരമെന്നും മ്ലേച്ചമെന്നും മുദ്രകുത്തപ്പെട്ട സ്വവർഗലൈംഗികത സൃഷ്ടിക്കുന്ന ഭയം, ലജ്ജ എന്നിവ തന്നെയാണ് സ്വവർഗപ്രേമികളിൽ കണ്ടുവരുന്ന വിഷാദരോഗത്തിനും ഉത്കണ്ഠരോഗത്തിനും മൂലകാരണമായി ഭവിക്കുന്നത്. അതിനാൽ തന്നെ ഗേ, ലെസ്ബിയൻ വ്യക്തികളുടെ മാനസികാരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്ന ഒരു കോടതി വിധിയായി കൂടി ഇതിനെ വിലയിരുത്തേണ്ടതുണ്ട്. കുടുംബപരമായും സാമൂഹ്യമായും ഉള്ള അംഗീകാരത്തിലേക്കുള്ള താക്കോൽ കൂടിയാണ് ഇന്നത്തെ ഈ ചരിത്രപ്രധാനമായ കോടതിവിധി.

ആണിനെയും പെണ്ണിനേയും തുല്യരായ വ്യക്തികളായി കണ്ട് പ്രണയമെന്നത് ആണിനും പെണ്ണിനും ഇടയിൽ മാത്രമായി ഒതുക്കാതെ രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമായി പുനർനിർവചിക്കുന്നതാണ് സ്വവർഗ പ്രണയത്തിന്റെ ലിംഗരാഷ്ട്രീയം. ആണിനും പെണ്ണിനും വ്യത്യസ്തമായ ലിംഗ റോളുകൾ ജോലിയിലും കുടുംബത്തിലും സമൂഹത്തിലും പ്രണയത്തിലും രതിയിലും എല്ലാം അടിച്ചേൽപ്പിക്കുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയെ ഗേ, ലെസ്ബിയൻ ബന്ധങ്ങൾ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ സ്വവർഗപ്രേമത്തെ അംഗീകരിക്കുക എന്നത് ജൻഡർപരമായി വലിയൊരു സാംസ്കാരിക വിപ്ലവം തന്നെയാണ്.lgbt,kishor kumar ,section 377,

തെറ്റുകൾ തിരുത്താൻ ശാസ്ത്രത്തിന് കഴിയും; നീതി നൽകുവാൻ കോടതികൾക്കും. ഇന്ത്യയിലെ സ്വവർഗപ്രേമികൾക്ക് വൈദ്യശാസ്ത്ര പരമായും നിയമപരമായും ഉള്ള കടമ്പകൾ ഇന്ന് നീങ്ങിയിരിക്കുന്നു. എന്നാൽ അടുത്തപടിയായ കുടുംബ-സാമൂഹ്യ അംഗീകാരത്തിനായി വേണ്ടത് സാംസ്കാരികമായ മാറ്റങ്ങളാണ്. ദൃശ്യത (Visibility) അതിൽ വളരെ പ്രധാനമാണ്. കുടുംബത്തിലും സമൂഹത്തിലും സ്വന്തം സ്വത്വം തുറന്നു പറഞ്ഞുകൊണ്ട് സ്വവർഗപ്രേമികൾ തന്നെയാണ് അതിനു തുടക്കം കുറിക്കേണ്ടത്. 2014ലെ സുപ്രീംകോടതിയുടെ NALSA വിധിയും അതിനെത്തുടർന്നുണ്ടായ കേരള ഗവൺമെന്റിന്റെ ട്രാൻസ് ജൻഡർ പോളിസിയും വലിയ രീതിയിലുള്ള ട്രാൻസ് ജൻഡർ ദൃശ്യത കേരളത്തിൽ വരുത്തിയിട്ടുണ്ട്. അതുപോലെ ഇന്നത്തെ സ്വവർഗരതിയെക്കുറിച്ചുള്ള സുപ്രീം കോടതിവിധി ഒളിച്ച് ജീവിക്കുന്ന മലയാളികളായ ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ ആളുകൾക്ക് തങ്ങളുടെ സ്വത്വം വെളിപ്പെടുത്താനുള്ള ഒരു സുവർണ്ണാവസരമായി തീരേണ്ടതാണ്. സ്വവർഗപ്രേമികൾ തങ്ങളുടെയൊക്കെ കുടുംബാംഗങ്ങളോ സുഹൃത്തു ക്കളോ സഹപ്രവർത്തകരോ ഒക്കെയാണെന്ന് പൊതുജനങ്ങൾ തിരിച്ചറി യുമ്പോൾ മാത്രമേ സമൂഹത്തിലുള്ള സ്വവർഗഭീതി (Homophobia) ഇല്ലാതാ വുകയുള്ളൂ. സ്വവർഗപങ്കാളികൾ തമ്മിലുള്ള ഭരണഘടന അംഗീകാരമുള്ള നിയമ വിവാഹത്തിന് (Legal Marriage) കാത്തുനിൽക്കാതെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെയുള്ള “സാംസ്കാരിക വിവാഹം” (Cultural Marriage) സ്വവർഗ കമിതാക്കൾക്ക് ഇപ്പോൾ മുതൽ തന്നെ നടത്താവുന്നതാണ്.

വലിയ രീതിയിലുള്ള മാറ്റങ്ങൾ പൊതുസമൂഹത്തിൽ കൊണ്ടുവരുന്നതിന് സാഹിത്യം, കല, സിനിമ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളാണ് മുൻകൈയെടുക്കേണ്ടത്. സ്വവർഗപ്രണയം എഴുത്തിന് വിഷയമാക്കു ന്നതിൽ കേരളത്തിലെ സാഹിത്യകാരന്മാരും പ്രസാധകരും മുൻപേ പറന്ന പക്ഷികളായിരുന്നുവെന്ന് നിസ്സംശയം പറയാം. ഈയടുത്ത കാലത്ത് “ഞാൻ മേരിക്കുട്ടി” എന്ന മുഖ്യധാരാ സിനിമ ട്രാൻസ് സ്ത്രീകളുടെ പ്രശ്നങ്ങൾ സമൂഹമധ്യത്തിലേക്ക് എത്തിക്കുന്നതിന് വലിയതോതിൽ സഹായിച്ചിട്ടുണ്ട്. അതുപോലെ രണ്ട് ഗേ പുരുഷന്മാർ തമ്മിലുള്ള, അല്ലെങ്കിൽ രണ്ട് ലെസ്ബിയൻ സ്ത്രീകൾ തമ്മിലുള്ള പ്രണയം, സഹ ജീവനം എന്നിവയെല്ലാം മുഖ്യധാരാ സിനിമകൾക്ക് വിഷയമാവേണ്ടതാണ്. പൃഥ്വിരാജിനെയും ജയസൂര്യയെയും പോലെ ഗേ, ട്രാൻസ്ജന്റർ വേഷങ്ങൾ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്ന മുതിർന്ന നടൻമാർ വളർന്നുവരുന്ന യുവതാരങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു മാതൃകയാകുമെന്ന് പ്രത്യാശിക്കാം.

“രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ – മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും” എന്ന പുസ്തകത്തിന്റെ രചയിതാവ്. ‘ക്വിയറള ‘ എന്ന കേരളത്തിലെ എൽ.ജി.ബി.ടി സംഘടനയുടെ ബോർഡ് മെമ്പറുമാണ് കിഷോർ കുമാർ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Decriminalisation of homosexuality supreme court

Best of Express