പാകിസ്താന്റെ പ്രധാനമന്ത്രി പദമേറ്റെടുക്കുവാൻ ആയുന്ന ഇമ്രാൻ ഖാന് പരമോന്നത ഓഫീസിലെത്തുവാൻ 22 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ കൂടൂതൽ കാലവും രാജ്യത്തിന്റെ രാഷ്ട്രീയവേദിയുടെ അരികുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ക്രിക്കറ്റ് നായകന്റെ താരപരിവേഷമുണ്ടായിരുന്നിട്ടും 1997 ലെ ആദ്യ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റും നഷ്ടപ്പെട്ട ഇടത്ത് നിന്ന്, 2018 ൽ ‘പാകിസ്താൻ -തരീഖ് ഇ -ഇൻസാഫ്‘ ( തരീഖ് ഇൻസാഫ് പാർട്ടി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നതുവരെ, ഇമ്രാൻ ബഹുദൂരം മുൻപോട്ടുവന്നിരിക്കുന്നു, അതിനിടയിലുള്ള രണ്ടു ദശകങ്ങളിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം നിരവധി മാറ്റങ്ങൾക്കു വിധേയമാകുകയും ചെയ്തു. ഇമ്രാൻ ആശയക്കുഴപ്പത്തിലാണെന്ന് വിമർശകർ പറയുമ്പോൾ, അത് അദ്ദേഹത്തിന്റെ തുറന്ന മനസ്സിനെയാണ് കാണിക്കുന്നതെന്ന് അനുയായികൾ പറയുന്നു.

പക്ഷേ, എല്ലാ വൈരുദ്ധ്യങ്ങൾക്കും അതീതമായി, 65 കാരനായ ഇമ്രാനെപ്പറ്റിയുള്ള ഒരു ധാരണ തുടക്കം മുതൽ അതേപടി നിലനിൽക്കുന്നു: രണ്ട് ഭീമൻ ശക്തികളെ- ഒന്ന്, ബേനസീർ ഭൂട്ടോയും അവരുടെ പാകിസ്താൻ പീപ്പിൾ പാർട്ടിയും, രണ്ട്- നവാസ് ഷെറീഫും അദ്ദേഹത്തിന്റെ പാകിസ്താൻ മുസ്ലിം ലീഗും (എൻ) – അടർത്തിമാറ്റുവാനായി പിറന്ന, പാകിസ്താന്റെ ശക്തമായ സൈനിക സംവിധാനത്തിന്റെ സന്തതിയാണ് ഇമ്രാൻ ഖാൻ.
ഒരു പക്ഷേ, പാകിസ്താന്റെ സമീപകാല ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ധ്രുവീകരണമെന്ന് പറയാവുന്ന ഈ തെരഞ്ഞെടുപ്പ്, ഈ പൊതു സമ്മതിയെയാണു സ്ഥിരീകരിച്ചത്, അതായത്, സൈന്യത്തിന് ഷെരീഫിനോടൂള്ള തുറന്ന വിരോധം. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ചില നീക്കങ്ങൾ ഇമ്രാനോടുള്ള അതിന്റെ ആഭിമുഖ്യത്തെ സൂചിപ്പിക്കുകയും ചെയ്തു.
സമ്മിശ്ര രാഷ്ട്രീയം, സമ്മിശ്ര അണികൾ
ശുദ്ധവും സുതാര്യവുമായ, ഉത്തരവാദിത്വമുള്ള ഒരു സർക്കാരിനോടൂള്ള മധ്യവർഗക്കാരുടെ വാഞ്ച, ഇസ്‌ലാമിക സമത്വവാദം, എല്ലാവർക്കും നീതി, ഉദാര സാമ്പത്തികരീതികൾ, മതപരവും സാമൂഹികവുമായ യാഥാസ്ഥിതികത്വം എന്നിവയുടെ ഒരു ചേരുവയാണ് ഇമ്രാന്റെ രാഷ്ട്രീയം. അദ്ദേഹം മതനിന്ദാനിയമത്തെ പിന്തുണയ്ക്കുന്നു, അഹമ്മദിയ്യയെ അമുസ്‌ലിം ആയി പ്രസ്താവിക്കുന്ന പാകിസ്താന്റെ രണ്ടാം ഭേദഗതി പിൻവലിക്കുന്നതിനെ എതിർക്കുന്നു, താലിബാനുമായി താൽപര്യത്തോടെ സംസാരിക്കുന്നു. കൂടാതെ, ഈ തെരഞ്ഞെടുപ്പിൽ തീവ്രവാദികളായ ടെറീക്ക് -എ ലബ്ബായ്ക്ക് പാകിസ്താന്റെയും സിപാ -ഇ- സഹബയുടെ അതിതീവ്ര ഷിയ വിരുദ്ധ ശാഖയായ അലേ വാൽ സുന്നാ ജമാത്തിന്റെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.

എല്ലാവർക്കും എന്തെങ്കിലുമൊക്കെ വാഗ്ദാനം ചെയ്യുന്ന ‘ഇമ്രാൻ രാഷ്ട്രീയം‘ മൂലം, മതപരമായ യാഥാസ്ഥിതികത്വം തങ്ങളുടെ ജീവിതത്തിൽ കടന്നുവരുന്നതിനെ ഭയക്കുന്ന നാഗരിക പാകിസ്താനിലെ കോസ്മോപൊളിറ്റൻ മധ്യവർഗ്ഗവും , പാകിസ്താൻ അമിതമായി പാശ്ചാത്യവൽക്കരിക്കപ്പെടുന്നു എന്നു വിശ്വസിക്കുന്ന മത പാരമ്പര്യവാദികളും ചേർന്ന ഒരു കൂട്ടാണ് ഇമ്രാൻ അനുയായികൾ.
200 ദശലക്ഷം വരുന്ന പാകിസ്താൻ ജനത അജയ്യമാം വിധം യുവത്വവും പ്രതീക്ഷയും തുളുമ്പുന്നവരാണ്. 18 നും 35 നും മധ്യേ പ്രായമുള്ള 46 ദശലക്ഷം വോട്ടർമാരാണവിടെയുള്ളത്. അവരിൽ ഏകദേശം 17 ദശലക്ഷം പർവേശ് മുഷാറഫിന്റെ ഭരണകാലത്തിനുശേഷം പ്രായപൂർത്തിയായവരാണ്, അവർക്ക് പട്ടാളഭരണത്തിന്റെ അനുഭവങ്ങളൊന്നും തന്നെയില്ല. അവർക്ക് പി പി പി യുടെയും പി എം എൽ ( എൻ) ന്റെയും സൈനികേതര സർക്കാരുകളെ മാത്രമേ പരിചയമുള്ളു. അവർ രണ്ടു കൂട്ടരും അഴിമതിക്കാരായി കരുതപ്പെടുന്നവരാണ്. ഇത്തവണ, പട്ടാളം മുഷാറഫ് ഭരണത്തിന്റെ ഇടക്കാലത്ത് തങ്ങൾക്കുണ്ടായ വിശ്വാസനഷ്ടത്തിൽ നിന്നും പൂർണ്ണമായി കരകയറുകയും പാകിസ്താനികൾക്ക് ആശ്രയിക്കാവുന്ന ഒരേ ഒരു സംവിധാനമായി സ്വയം അവതരിപ്പിക്കുകയും ചെയ്തു.
അങ്ങനെ, ഉത്തരവാദിത്വമെന്നതായി ഇമ്രാന്റെ പ്രധാന വിഷയം. അതിനുപരിയായി പി റ്റി ഐ യുടെ “നയാ പാകിസ്ഥാൻ” എന്ന വാഗ്‌ദാനം ‘അച്ഛേ ദിൻ’, ‘എ എ പി മാജിക്ക്’ എന്നിവ തന്നെയാണ്: ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും പരമാവധി പ്രാധാന്യം, 10 ദശലക്ഷം ജോലിസാധ്യതകൾ അഞ്ചു ദശലക്ഷം ചെലവു കുറഞ്ഞ വീടുകൾ, സമ്പന്ന പാകിസ്താനികൾ വിദേശരാജ്യങ്ങളിൽ രഹസ്യമായി നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ വീണ്ടെടുക്കൽ എന്നിവ ഉൾപ്പെടുന്ന, ‘മദീന‘യ്ക്ക് സമാനമായ ക്ഷേമരാഷ്ട്രമാണ് അതുൾക്കൊള്ളുന്നത്.
ആരോഗ്യപരിപാലനം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്നിവ പോലെയുള്ള ചില വാഗ്‌ദാനങ്ങൾ, പി റ്റി ഐയുടെ ഖൈബർ പഖുതുങ്ക്വയിലെ അഞ്ചുവർഷ ഭരണാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ളവയാണ്. പാർട്ടിയുടെ ആ പ്രവിശ്യയിലെ ആരോഗ്യപരിപാലന സംരംഭങ്ങളെ കക്ഷിഭേദമന്യേ ജനങ്ങൾ പ്രശംസിച്ചിരുന്നു. ഷൗക്കത്ത് ഖാനം മെമ്മോറിയൽ കാൻസർ റിസേർച്ച് ഹോസ്പിറ്റൽ സ്ഥാപിച്ചപ്പോൾ മുതൽ, ജനങ്ങൾക്ക് സാമ്പത്തികമായി താങ്ങാവുന്ന ആരോഗ്യപരിപാലനം ഇമ്രാന്റെ ഇഷ്ടവിഷയമായിരുന്നു.
അദ്ദേഹത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാണ്, പക്ഷേ, അത്രയൊന്നും കുറവല്ലാത്ത രാഷ്ട്രീയ അനിശ്ചിതത്വം ഈ വാഗ്ദാനങ്ങൾപാലിക്കുക എന്നത് അദ്ദേഹത്തിന് ദുഷ്കരമാക്കിയേക്കാം.
ഇന്ത്യയും അയൽപക്കങ്ങളും
പാകിസ്താൻ പ്രധാനമന്ത്രിമാർ ഭയപ്പെടുന്ന മേഖലകളാണ് വിദേശനയവും ദേശീയ സുരക്ഷയും. അവയുടെ മേൽ സൈന്യത്തിന്റെ അവകാശവാദമുള്ളതിനാൽ അതത്ര ചെറിയ കാര്യവുമല്ല. പക്ഷേ താൻ അയൽ രാജ്യങ്ങളുടെ കാര്യങ്ങൾപ്പടെയുള്ള വിദേശനയത്തിൽ, സൈന്യത്തിന്റെ അതേ രേഖയിലായിരിക്കുമെന്ന് ഇമ്രാൻ, ഏറെക്കുറെ വ്യക്തമായ സൂചനകൾ നൽകിയിട്ടുണ്ട്.
അയൽരാജ്യങ്ങളുമായി സമാധാനത്തിലാകുക എന്നതാണ് താൻ ആഗ്രഹിക്കുന്നതെന്നു പറയുമ്പോൾ തന്നെ, ഇന്ത്യയുടെ അധികാര മനോഭാവത്തിനു മുൻപിൽ മുട്ടുമടക്കില്ല എന്നും പറയുന്നു. പാകിസ്താൻ സൈന്യത്തിന് മാത്രമേ ഇന്ത്യയെ എതിരിടാൻ കഴിയൂ എന്ന് ഇമ്രാൻ വിശ്വസിക്കുന്നു. 2016 ലെ “സർജിക്കൽ സ്ട്രൈക്ക്” നോട് പ്രതികരിക്കാത്തതിന് അദ്ദേഹം ഷെരീഫിനെ ഭീരു എന്നു വിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ “ മുസ്ലിങ്ങളെ കൊന്നു” എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. കശ്മീരിൽ യുദ്ധസമാന അന്തരീക്ഷമുണ്ടാക്കുകയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന പാകിസ്താൻ സംരക്ഷണത്തിലുള്ള ലക്ഷർ ഇ -തോയ്ബ/ ജമ അത്ത് -ഉദ്- ദവ, ജയ്ഷ്-ഇ- മുഹമ്മദ് എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാകും ഇന്ത്യയുമായുള്ള യഥാർത്ഥബന്ധം പരിശോധിക്കപ്പെടുന്നത്.
താലിബാനെ സംബന്ധിച്ചിടത്തോളോം, അഫ്ഗാനിസ്താനിലെ യു എസ് സാന്നിധ്യത്തെ ഇമ്രാൻ എതിർത്തിരുന്നു. 9/11 നു ശേഷമുണ്ടായ യു എസ് – പാകിസ്റ്റാൻ പട്ടാള നടപടികളെ വിമർശിക്കുകയും ചെയ്തു. തുടക്കത്തിൽ മുഷാറഫിന്റെ പട്ടാള അട്ടിമറിയെ പ്രശംസിച്ചതിനുശേഷം അദ്ദേഹവുമായി വഴി പിരിയുന്ന വേളയിലായിരുന്നു ഇത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ “ അറിവുകെട്ടവനും നന്ദിയില്ലാത്തവനും” എന്നു വിശേഷിപ്പിച്ചത് ഈ വർഷമാണ്. സാമ്പത്തികസഹായത്തിന് പകരമായി പാകിസ്താൻ ‘അസത്യങ്ങളും വഞ്ചനയുമല്ലാതെ മറ്റൊന്നും തന്നില്ല‘ എന്ന ആരോപണത്തിന്റെ പേരിലായിരുന്നു അത്.
പാകിസ്താനി താലിബാനെതിരായ പാകിസ്താൻ സൈനിക നടപടിയെ ശക്തമായി എതിർത്ത വ്യക്തിയാണു ഇമ്രാൻ. താലിബാന് നൽകിയ പ്രശംസയുടെ പേരിൽ താലിബാൻ ഖാൻ എന്ന ഇരട്ടപ്പേരും ലഭിക്കുകയുണ്ടായി. പക്ഷേ, നൂറിലധികം കുട്ടികൾ മരണപ്പെട്ട പെഷവാറിലെ സ്കൂൾ ആക്രമണത്തിന് ശേഷം ആ നിലപാടിൽ മാറ്റം വന്നു. സൈന്യത്തിന്റെ താലിബാൻ വിരുദ്ധപ്രവർത്തനങ്ങളെ ഇമ്രാൻ പിന്നീട് പിന്തുണച്ചു.

ഇമ്രാന്റെ, ചൈന -പാകിസ്താൻ ഇക്കണോമിക് കോറിഡോർ വിമർശനം ബീജിംഗിലും റാവൽ പിണ്ടിയിലും ചലനങ്ങൾ സൃഷ്ടിച്ചു. സുതാര്യതയില്ലായ്മയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ആ പദ്ധതികളെയെല്ല താനെതിർത്തതെന്നും, ഷെറീഫ് ഗവണ്മെന്റ് അവ നടപ്പാക്കിയ രീതിയോട് മാത്രമാണെതിർപ്പെന്നും വ്യക്തമാക്കിയിരുന്നു. ചൈനീസ് അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ സി പി ഇ സി (ചൈന പാകിസ്താൻ ഇക്കണോമിക് കോറിഡോർ ) പഞ്ചാബിലൂടെ മാത്രമല്ല, ഖൈബർ പഖുതുങ്ക്വയിലൂടെയും കടന്നു പോകണമെന്നാവശ്യപ്പെട്ടതി നോടൊപ്പം അതിനുള്ള പിന്തുണ ആവർത്തിച്ചു പ്രഖ്യാപിക്കുകയു മുണ്ടായി.
വിവാഹങ്ങളും വിവാദങ്ങളും
നേതാവിന്റെ വിവാദപരമായ വ്യക്തിജീവിതത്തെ അവഗണിക്കുവാനാണ് ഇമ്രാൻ അനുയായികളുടെ വ്യക്തമായ തീരുമാനം. ഇമ്രാന്റെ മുൻ ( രണ്ടാം) ഭാര്യയായ രേഷം ഖാന്റെ തുറന്നെഴുത്ത് പുസ്തകം അവരുടെ ഹ്രസ്വകാല ദാമ്പത്യജീവിതത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്നു. ഇമ്രാൻ കൊക്കെയ്ൻ , ലൈംഗികത, ദുർമന്ത്രവാദങ്ങൾ, ആഭിചാരക്രിയകൾ എന്നിങ്ങനെ ഇസ്‌ലാമിന് വിലക്കപ്പെട്ട വിശ്വാസങ്ങൾക്ക് അടിമയാണെ ന്നും, കൂടാതെ ഇന്ത്യയിൽ നിന്നുള്ള വിവാഹത്തിൽ കുട്ടികളുണ്ടെന്ന് അയാൾ വീമ്പു പറയുന്നതായും മുൻ ഭാര്യ വെളിപ്പെടുത്തിയത് അനുയായികളിൽ യാതൊരു വിധ ചലനങ്ങളുമുണ്ടാക്കിയില്ല. ബുഷ്‌റ മനേകയുമായുള്ള മൂന്നാം വിവാഹം അനുയായികളിൽ അൽപ്പം അസ്വസ്ഥത ഉളവാക്കി. ആ സ്ത്രീ വിവാഹിതയും അഞ്ചു മക്കളുടെ അമ്മയുമായിരുന്നു. പിങ്കി എന്നു കൂടി അറിയപ്പെടുന്ന – അടുത്ത കാലത്ത് പിങ്ക് നിറമുള്ള ടി ഷർട്ട് ധരിച്ച ഇമ്രാൻ ഖാനെ ആളുകൾ കണ്ടിരുന്നു- അവർ പൊതുജനത്തിനു മുൻപിൽ അപൂർവ്വമായേ പ്രത്യക്ഷപ്പെടാറുള്ളു. ബുർഖയിൽ ആവരണം ചെയ്യപ്പെട്ട രീതിയിലാണ് ഫോട്ടോകൾ പുറത്തുവരുന്നതും. ബുഷ്‌റ തന്റെ ആത്മീയഗുരുവാണെന്നാണ് ഇമ്രാൻ പറഞ്ഞിട്ടുള്ളത്.
പക്ഷേ ഇമ്രാനിൽ ഗണ്യമായ സ്വാധീനം നിലനിർത്തുന്നതായി കാണപ്പെടുന്നത് ഒന്നാം ഭാര്യയും അദ്ദേഹത്തിന്റെ രണ്ട് ആൾകുട്ടികളുടെ മാതാവുമായ ബ്രിട്ടീഷ് വരേണ്യയായ ജെമിമ ഗോൾഡ്‌സ്മിത്ത് ആണ്. പ്രചാരണങ്ങളിൽ പിന്തുണ നൽകിയ ജെമിമ, അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി എന്ന നിലയിൽ കൂടിയാണുള്ളത്. മാതൃത്വത്തെ തരം താഴ്ത്തിയ ഫെമിനിസം ഒരു പാശ്ചാത്യ ഇറക്കുമതിയാണെന്ന ഇമ്രാന്റെ പ്രസ്താവനയോട് ഈ മുൻ ഭാര്യ യോജിക്കില്ല. വ്യാഴാഴ്ച ഇമ്രാനെക്കൂടി റ്റാഗ് ചെയ്തുകൊണ്ട് അവർ ഇങ്ങനെ ട്വീറ്റ് ചെയ്തിരുന്നു, “ എന്തിനാണ് പ്രധാനമായും രാഷ്ട്രീയത്തിലിറങ്ങിയതെന്ന് ഓർമ്മിക്കുക എന്നതാകും ഇനിയുള്ള വെല്ലുവിളി.”