/indian-express-malayalam/media/media_files/uploads/2018/06/hareesh-1.jpg)
താരതമ്യേന വൈകിയാണ് ഇളയരാജയുടെ സംഗീതത്തിലേക്ക് ഞാനെത്തുന്നത്. മലയാളചലച്ചിത്ര സംഗീതവും കർണാടക സംഗീതവും മാത്രം കേട്ട് വളർന്ന ഒരു ബാല്യവും കൗമാരവുമായിരുന്നു എന്‍റെത്. രവീന്ദ്രൻ മാഷും, ജോൺസൻ മാഷും, വിദ്യാസാഗറും, ബാബുക്കയും നിറഞ്ഞു നിന്നിരുന്ന അന്നത്തെ എന്‍റെ ചെറിയ സംഗീത ലോകത്തിൽ ഇളയരാജയുടെ ഗാനങ്ങൾ ഏറെയൊന്നും ഉണ്ടായിരുന്നില്ല. ആദ്യ കാലങ്ങളിൽ കേട്ട ഗാനങ്ങൾ 'വീട്ടുക്കു വാസപ്പടി' അല്ലെങ്കിൽ 'മാങ്കുയിലേ പൂങ്കുയിലേ' എന്നിവയൊക്കെ ചുണ്ടില്‍ തത്തിക്കളിച്ചിരുന്നെങ്കിലും ഒരു സംഗീതപ്രേമി എന്ന നിലയിൽ ഇളയരാജയുടെ ഗാനങ്ങൾ അധികം കേള്‍ക്കുകയോ കാര്യമായി വിലയിരുത്തുകയോ ഉണ്ടായില്ല. ഇടയില്‍ എവിടെയോ വച്ച് എ ആർ റഹ്മാന്‍ കടന്നു വന്ന് എന്‍റെ ആസ്വാദന തലങ്ങളെ സ്വാധീനിച്ചു വശത്താക്കുകയും ചെയ്തു.
/indian-express-malayalam/media/media_files/uploads/2018/06/Ilaiyaraaja-1-1024x730.jpg)
1998ൽ ബിറ്റ്സ് പിലാനിയിലെ എഞ്ചിനീയറിംഗ് പഠനത്തിനിടെയാണ് എന്‍റെ സീനിയർ ക്ലാസില്‍ പഠിച്ചിരുന്ന കീ ബോര്‍ഡ് പ്ലയെര്‍ അരവിന്ദനെ പരിചയപ്പെടുന്നത്. കർണാടക സംഗീതത്തിൽ ആകൃഷ്ടരായിരുന്നു ഞങ്ങള്‍ രണ്ടു പേരും.
അരവിന്ദന്‍റെ ടേപ്പ് റെക്കോർഡറിലൂടെയാണ് ഇളയരാജ എന്‍റെ ജീവിതത്തിലേക്ക് ഒഴുകിയിങ്ങുന്നത്. അത് നുരഞ്ഞ് പൊങ്ങി ഒരു ലഹരിയായി മാറിയത് ഞാന്‍ പോലുമറിഞ്ഞില്ല.
കര്‍ണാടക രാഗാധിഷ്ഠിതമാക്കി അദ്ദേഹം ചെയ്ത ഗാനങ്ങളാണ് അക്കാലത്ത് കൂടുതലും ആകര്‍ഷിച്ചത്. ഹോസ്റ്റൽ മുറിയുടെ ഇടതും വലതും ഉള്ള മുറികളിൽ നിന്നു കേട്ടിരുന്നതെല്ലാം ഇളയരാജയുടെ ഗാനങ്ങൾ ആയിരുന്നു. 'സംഗീത മേഘം', 'പനി വിഴും മലർ വനം'... എന്നിങ്ങനെ.
പക്ഷെ ആ പാട്ടുകൾ കേട്ടപ്പോൾ ഒന്നും തോന്നാത്ത ഒരു അയഥാര്‍ത്ഥമായ വികാരം ആയിരുന്നു 'ഓ വസന്ത രാജ' എന്ന പാട്ടു കേട്ടപ്പോൾ. 'ശ്രോതസ്വിനി' എന്ന രാഗത്തെ കുറിച്ച് കേട്ടറിവ് മാത്രം ഉണ്ടായിരുന്ന എനിക്ക് ഈ പാട്ടു ഒരു അദ്‌ഭുതം തന്നെയായിരുന്നു. ഇന്ന് വരെ കേട്ട് പരിചയിച്ചിട്ടില്ലാത്ത ഒരു മെലഡി സ്ട്രക്ച്ചര്‍. 'ബി ജി എം' മ്മില്‍ ഉപയോഗിച്ച തീർത്തും പുതിയതായ ആയ ഒരു ആഖ്യാന രീതി - ഇളയരാജ എന്ന ജീനിയസിനെ തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്.
പിന്നീടങ്ങോട്ട് അദ്ദേഹം ഈണമിട്ട ഒരുപാട് രാഗാധിഷ്ടിത ഗാനങ്ങൾ എന്നിലേക്ക് പെയ്തിറങ്ങി. 'കണ്ണാ വരുവായാ', യേശുദാസും കെ എസ് ചിത്രയും ചേര്‍ന്ന് ആലപിച്ച ഈ മനോഹര ഗാനം ഗൗരി മനോഹരി എന്ന രാഗത്തിലാണ് അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇതേ രാഗത്തിന്‍റെ ഹിന്ദുസ്താനി ജന്യരാഗമായ 'പട്ദീപി'ലും ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. 'പൊൻവാനം പന്നീര്‍ തൂവുത് ഇന്നേരം' എന്ന എസ് ജാനകി ആലപിച്ച ഗാനം. ആ രാഗത്തിന്‍റെ ഇത്രയും മനോഹരമായ ഒരു വ്യാഖ്യാനം തെന്നിന്ത്യന്‍ സംഗീതത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ്.
രാഗാധിഷ്ഠിതമായ മെലഡികളെ സമകാലികമായ ശൈലിയിൽ ക്രമീകരിക്കാനുള്ള ഇളയരാജയുടെ കഴിവും അതുല്യമാണ്. 'എൻ ഉള്ളേ എൻ ഉള്ളേ' എന്ന പാട്ടു ഉദാഹരണം ആയി എടുത്താൽ അതിന്‍റെ പല്ലവി മുഴുവനും ഒരു 3-പാർട്ട് ഹാർമണി ആയാണ് അദ്ദേഹം ക്രമീകരിച്ചിരിക്കുന്നത്. പല്ലവിയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു മൂഡ് ആണ് അനുപല്ലവിയ്ക്ക് - രണ്ടിനേയും 'സീംലെസ്സ്' ആയി കോർത്തിണക്കിയിരിക്കുന്നതു കേള്‍ക്കുമ്പോള്‍ ഇന്നും അത്ഭുതമാണ്, അനിര്‍വ്വചനീയമായ അനുഭൂതിയാണ്.
ഈ ഗാനവും 'മാലയിൽ യാരോ മനതോട് പേസ' എന്ന ശുദ്ധധന്യാസി രാഗത്തിൽ ഇളയരാജ തന്നെ ചിട്ടപ്പെടുത്തിയ മറ്റൊരു ഗാനവുമാണ് അകാലത്തില്‍ മണ്മറഞ്ഞ സ്വർണലതയുടെ 'കരിയര്‍ ബെസ്റ്റ്' എന്ന് വിളിക്കാവുന്ന ഗാനങ്ങള്‍.
യേശുദാസും എസ് ജാനകിയും ചേര്‍ന്ന് പാടിയ 'ഭൂപാളം ഇസൈയ്ക്കും' എന്ന ഗാനത്തിന്‍റെ പല്ലവിയിൽ ഉപയോഗിച്ചിരിക്കുന്ന പിയാനോ - ഗിറ്റാർ അറേഞ്ച്മെന്‍റ് മാത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകാവുന്നതേയുള്ളൂ ഇളയരാജ എന്ന സംഗീതജ്ഞന്‍റെ സിദ്ധിയുടെ അമൂല്യത.
എഴുപതുകളിലും എണ്‍പതുകളിലും പാശ്ചാത്യരാജ്യങ്ങളില്‍ പ്രചാരമാര്‍ജ്ജിച്ച 'ജാസ് ആൻഡ് ഫങ്കി'നെ തെന്നിന്ത്യന്‍ സിനിമയുടെ ഇടനാഴികളില്‍ എത്തിച്ചതില്‍ ഇളയരാജയ്ക്ക് വലിയ പങ്കുണ്ട്. വോക്കലിനേക്കളും വാദ്യങ്ങളുടെ അറേഞ്ച്മെന്റിന് പ്രാധാന്യം നല്‍കുന്ന ഒരു ശൈലിയാണിത്. ഈ ശൈലിയുടെ മുടിചൂടാമന്നൻ വിളിക്കാന്‍ പറ്റുന്ന തരത്തില്‍ മനോഹരങ്ങളായ എത്രയോ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. 'ഇത് ഒരു നിലാക്കാലം', 'ഒരു പൂങ്കാവനം' തുടങ്ങിയവ ഉദാഹരണങ്ങള്‍.
ഇളയരാജ ഗാനങ്ങളുടെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഗാനങ്ങളുടെ അനുപല്ലവി അവസാനിപ്പിക്കുന്നതിലെ രീതിയാണ്. ഇക്കാര്യത്തില്‍ ഇളയരാജക്കുള്ള പാടവം മറ്റാർക്കും തന്നെ ഇല്ല എന്ന് പറയേണ്ടി വരും.
തീർത്തും പ്രവചനാതീതമായ രീതിയിൽ ഒരു മെലഡിയെ നയിച്ചു കളയും അദ്ദേഹം. 'ആഗായ ഗംഗൈ', എസ് പി ബാലസുബ്രമണ്യം ആലപിച്ച 'നീ താനേ യെന്തന്‍ പൊൻ വസന്തം' എന്നിവ ഉദാഹരണങ്ങള്‍.
'Syncopation' എന്നൊരു ടെക്നിക് ഉണ്ട് സംഗീതത്തില്‍. ഈണത്തിന്‍റെ ഒഴുക്കില്‍ നിന്നും വേറിട്ട്, തീര്‍ത്തും വ്യത്യസ്തമായ ഒരു ട്യൂണ്‍ ഇടയില്‍ കയറ്റുന്നതിനെയാണ് രീതിയാണിത്. ഗാനങ്ങളുടെ ബി ജി എമ്മില്‍ ഇത് ഇളയരാജയോളം ഭംഗിയായി ഉപയോഗിച്ചവരില്ല. യേശുദാസ് പാടിയ 'പൂവേ സെമ്പൂവേ' എന്ന ഗാനത്തിന്‍റെ രണ്ടാമത്തെ ബി ജി എം ഇതിനൊരു ഉത്തമ ഉദാഹരണമാണ്. അത് പോലെ തന്നെ കോഡ് അറേഞ്ച്മെന്റിലെ കൌണ്ടർ പോയിന്റുകളുടെ പ്രയോഗം. 'ഊരു സനം' എന്ന പാട്ടിന്‍റെ പല്ലവിയിൽ മാത്രമുഉള്ള കോഡുകളുടെ വ്യത്യസ്തത പാട്ടറിയാവുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഒറ്റ വരിയിൽ ഇത്രയും ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഗാനങ്ങൾ ഇളയരാജയ്ക്കല്ലാതെ വേറെ ആര്‍ക്കും ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
മേല്‍പ്പറഞ്ഞതെല്ലാം സാങ്കേതികത്വങ്ങളാണ്. ഇതെല്ലാം തിരിച്ചറിയുമ്പോള്‍ തന്നെ ഇതൊന്നുമല്ല ഇളയരാജ എന്നും തിരിച്ചറിയുന്നുണ്ട്.
ലാളിത്യം മുഖമുദ്രയായ ആ സംഗീതത്തിന് നമ്മുടെ മനസ്സുകളിലുള്ള സ്ഥാനമാണ് ഇളയരാജ എന്ന സംഗീതജ്ഞനെ വേറിട്ടതാക്കുന്നത്. പ്രായമെത്രയായാലും തിളക്കം കുറയാത്ത ആ ഗാനങ്ങള്‍ എന്നോട് ചെയ്തത് പോലെ ഒരു ലഹരിയായി പടര്‍ന്നു വരും തലമുറകളോടും ഇടകലരട്ടെ. പാട്ട് കേള്‍പ്പിച്ച്, വഴി കാട്ടിയ ഇസൈജ്ഞാനിയ്ക്ക് പിറന്നാള്‍ ആശംസകള്‍.
'അഗം' സംഗീത ബാന്‍ഡിലെ ഗായകനും ഗൂഗിളില്‍ എഞ്ചിനീയറുമായ ലേഖകന്‍ ഹരീഷ് ശിവരാമകൃഷ്ണൻ ഇളയരാജയുടെ 75-ാം പിറന്നാൾ ദിനത്തിൽ എഴുതിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.