scorecardresearch

ഗോരഖ് നാഥന്റെ യു.പി- അത്ര ലളിതമല്ല ആ സുതാര്യത

ദേവ്ബന്ദ് പട്ടണം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. 2011-ലെ സെന്‍സസ് പ്രകാരം 71 ശതമാനം (80 അല്ല) മുസ്ലിങ്ങളുണ്ട് ഇവിടെ. പക്ഷേ ദേവ്ബന്ദ് നിയോജക മണ്ഡലത്തില്‍ 60 ശതമാനത്തിലേറെ ഹിന്ദുക്കളാണ് ഉളളത്. മുസ്ലീം ജനസംഖ്യ 27 ശതമാനത്തോളം മാത്രം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നും ബി.ജെ.പി വിജയിച്ചിട്ടില്ല.

ദേവ്ബന്ദ് പട്ടണം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. 2011-ലെ സെന്‍സസ് പ്രകാരം 71 ശതമാനം (80 അല്ല) മുസ്ലിങ്ങളുണ്ട് ഇവിടെ. പക്ഷേ ദേവ്ബന്ദ് നിയോജക മണ്ഡലത്തില്‍ 60 ശതമാനത്തിലേറെ ഹിന്ദുക്കളാണ് ഉളളത്. മുസ്ലീം ജനസംഖ്യ 27 ശതമാനത്തോളം മാത്രം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നും ബി.ജെ.പി വിജയിച്ചിട്ടില്ല.

author-image
Sreejith Divakaran
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഗോരഖ് നാഥന്റെ യു.പി- അത്ര ലളിതമല്ല ആ സുതാര്യത

നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഒരു സംസ്ഥാനത്ത് ഭരണം പിടിച്ച പാര്‍ട്ടിയോട്, ആ പാര്‍ട്ടിയെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരാള്‍ക്ക്, നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം, ആരായിക്കൂടാ, എന്നൊന്നും പറയാന്‍ അര്‍ഹതയില്ല എന്നറിയാം. അതുമാത്രമല്ല, ഒരര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ സത്യസന്ധതയെ ബഹുമാനിക്കുകയും വേണം. ബി.ജെ.പിയെ കുറിച്ച് എന്തെങ്കിലും സംശയം ബാക്കിയുള്ളവരോട് കൂടി അവര്‍ സുതാര്യമായി പറയുന്നു- ഒരുകള്ളവുമില്ല. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ല, ഫാഷിസം സ്ഥാപിക്കാനുള്ള ഞങ്ങളുടെ ആയുധം മാത്രമാണ് ജനാധിപത്യത്തിന്റെ ഭാഗമായി നടക്കുന്ന തിരഞ്ഞെടുപ്പുകള്‍, ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ക്കും അധികാരത്തിനും വഴങ്ങി ജീവിക്കുകയാണെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് തുടരാം, ബ്രാഹ്മണിക്കല്‍ ഹിന്ദുത്വമാണ് ഞങ്ങളുടെ രാഷ്ട്രീയം.. എന്നിങ്ങനെ. യോഗി ആദിത്യനാഥ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന 44 കാരനായ അജയ്‌സിങ് നേഗി എന്ന ഗഡ്‌വാളി രജ്പുത് വംശജനും ഗൊരാഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിന്റേയും സന്യാസി മഠത്തിന്റേയും അധിപനും കടുത്ത മുസ്ലീം വിദ്വേഷിയുമായ ഹൈന്ദവ തീവ്രവാദിയെ രാജ്യത്തെ ഏറ്റവും വലിയ നിയമസഭയുടെ തലവനായി, ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി ബി.ജെ.പി പ്രഖ്യാപിക്കുന്നതും അതേ സുതാര്യതയുടെ ഭാഗമാണ്.

Advertisment

എന്നിട്ടും യോഗി ആദിത്യനാഥിനെ യു.പി. മുഖ്യമന്ത്രിയായി ബി.ജെ.പി പ്രഖ്യാപിക്കുമ്പോള്‍ ചെറുതല്ലാത്ത ഞെട്ടലുണ്ടാകുന്നതെന്തിന്? നേരത്തേ അറിയാവുന്നതല്ലേ ഈ സാധ്യത? യോഗി ആദിത്യനാഥ് ഉയര്‍ത്തുന്ന രാഷ്ട്രീയം ബി.ജെ.പി രാഷ്ട്രീയത്തിന് അപ്പുറം എന്താണ്? എന്തിനാണ് വൈകാരിക അഭിനിവേശം? എല്ലാ ചോദ്യവും ന്യായമാണ്. പക്ഷേ അത്ര ലളിതമാണോ കാര്യങ്ങള്‍?

403 നിയമസഭ മണ്ഡലങ്ങളുണ്ട് ഉത്തര്‍പ്രദേശില്‍. രാജ്യത്തെ ഏറ്റവും വലിയ നിയമസഭ. അതില്‍ 312 സീറ്റുകള്‍ ഒറ്റയ്ക്കും 13 സീറ്റുകള്‍ സഖ്യകക്ഷികളും ജയിച്ച് 325 സീറ്റുകളുടെ മഹാഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി 15 വര്‍ഷത്തിന് ശേഷം അധികാരത്തിലേറുന്നത്. ജനാധിപത്യത്തില്‍ ഏതൊരു വിജയവും ആദരണീയം തന്നെ. പക്ഷേ കുറച്ച് ചില കണക്കുകള്‍ കൂടി നോക്കിയിട്ട് വേണം നമുക്ക് യോഗി ആദിത്യനാഥിലേയ്ക്ക് മടങ്ങി വരാന്‍. കാരണം ഓരോ ജനതയ്ക്കും അവരഹര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നുവെന്നും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വിതച്ചത് കൊയ്യുന്നുവെന്നുമൊക്കെ നമ്മള്‍ പറഞ്ഞ് പോകുമ്പോള്‍ അതിലെത്ര ശതമാനം വസ്തുതകളുണ്ട് എന്നുകൂടി ഒന്ന് കണക്കുവയ്ക്കണം.

Advertisment

പതിനാലര കോടി വോട്ടര്‍മാരുണ്ട് യു.പിയില്‍. അതില്‍ 39.7 ശതമാനം പേരാണ് 312 സീറ്റുകള്‍ ലഭിച്ച ബി.ജെ.പിക്ക് വോട്ടു ചെയ്തത്. അഥവാ ബാക്കി 60 ശതമാനത്തിലധികം വോട്ടര്‍മാര്‍, എട്ടര കോടിയോളം വരുമത്, ബി.ജെ.പിക്ക് എതിരായാണ് വോട്ടു ചെയ്തത്. 22.2 ശതമാനം വോട്ടു ലഭിച്ചു ബി.എസ്.പിയ്ക്ക്. വെറും 19 സീറ്റേ എന്നിട്ടും അവര്‍ക്ക് ലഭിച്ചുള്ളൂ. ഭൂരിപക്ഷം മണ്ഡലത്തിനും നിശ്ചിതശതമാനം വോട്ടുകിട്ടി. പക്ഷേ വിജയിക്കാനായില്ലെന്ന് ചുരുക്കം. 21.8 ശതമാനം വോട്ട് സമാജ്‌വാദി പാര്‍ട്ടിക്കും ലഭിച്ചു. ചുമ്മാ ഒരു താരതമ്യക്കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തായ യു.ഡി.എഫിന് ലഭിച്ച ജനപിന്തുണയുടെ, 39.1 ശതമാനം, അത്രമാത്രമാണ് ഈ മാരകവിജയം ലഭിച്ച ബി.ജെ.പിക്ക് യു.പിയിലുള്ളത്. കേരളത്തില്‍ 140-ല്‍ 91 സീറ്റ് ലഭിച്ച ഇടത്പക്ഷത്തിന്റെ ജനപിന്തുണ 44.2 ശതമാനമായിരുന്നു.

up election 2017

ഈ കണക്ക് ചുമ്മാ പറഞ്ഞതല്ല. 19 ശതമാനത്തോളം മുസ്ലീങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 21 ശതമാനം ദളിതരും. ഈ രണ്ട് സമൂഹത്തിന്റേയും താത്പര്യങ്ങളെ കാലാകാലങ്ങളായി പരിഗണിച്ചിട്ട് പോലുമില്ലാത്ത രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്. അതുകൊണ്ട് തന്നെ അവരുടെ പിന്തുണയും മിക്കവാറും പ്രദേശങ്ങളില്‍ ബി.ജെ.പിക്കില്ല. 19 ശതമാനം വരുന്ന മുസ്ലീങ്ങളില്‍ ഒരാളെയെങ്കിലും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ബി.ജെ.പിക്ക് തോന്നിയില്ല. അഥവാ മുസ്ലീം വിരുദ്ധതയാണ് തിരഞ്ഞെടുപ്പിലെ മുദ്രവാക്യമായി ബി.ജെ.പി പ്രഖ്യാപിച്ചത് തന്നെ. ബി.ജെ.പിയുടെ ഒരു മറയുമില്ലാത്ത മുസ്ലീം വിരുദ്ധതയില്‍ അമ്പരന്ന് പോയ മുസ്‌ലീം സമൂഹത്തിനാകട്ടെ ബി.ജെ.പിയെ എതിര്‍ക്കാന്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നതില്‍ ഐക്യപ്പെടാന്‍ ആയതുമില്ല. ബി.എസ്.പിയും എസ്.പിക്കും കോണ്‍ഗ്രസിനുമായി അവരുടെ വോട്ടുകള്‍ നാനാവിധത്തില്‍ ചിതറി. ബി.എസ്.പിയുടെ കീഴില്‍ അണിനിരന്നിരുന്ന ദളിത് സമൂഹത്തിനെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പലതും പയറ്റി. മുസ്ലീം-ദളിത് ഐക്യമെന്ന ബി.എസ്.പിയുടെ മുദ്രവാക്യം സവര്‍ണ്ണ സമൂഹത്തിനിടയില്‍ ബി.ജെ.പിക്ക് തുരുപ്പു ചീട്ടായി. യാദവ ഇതര പിന്നാക്ക ഹിന്ദുവോട്ടുവടക്കം മുസ്ലീം വിരുദ്ധ ഹിന്ദുവോട്ടുകളൊക്കെ, ഒരു ചെറിയ ശതമാനം ദളിത് വോട്ടടക്കം ബി.ജെ.പി നേടി. അവിടെയാണ് യോഗി ആദിത്യ നാഥിനെ പോലുള്ള ഹൈന്ദവ തീവ്രവാദികളുടെ രാഷ്ട്രീയം ബി.ജെ.പിക്ക് ഗുണം ചെയ്തത്. ഹിന്ദുക്കളുടെ ശത്രുക്കളാണ് മുസ്ലീങ്ങള്‍ എന്ന മുദ്രവാക്യത്തിന്റെ നിര്‍ലോഭമായ പ്രചരണമാണ് കഴിഞ്ഞ കാലങ്ങളില്‍ യോഗി ആദിത്യ നാഥിന്റെ യു.പി/ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള സംഭാവന.

തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു പ്രചരണത്തിന്റെ വാസ്തവം കൂടി നോക്കിയ ശേഷം യോഗി ആദിത്യ നാഥിലേയ്ക്ക് തിരിച്ചു വരാം. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ജയത്തിന്റെ ഉന്മാദത്തില്‍ പ്രചരിക്കപ്പെടുന്ന കഥകളില്‍ ചിലതാണ് മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ബി.ജെ.പി കൈവരിച്ച വിജയത്തെ കുറിച്ചുള്ളവ്. മുസഫര്‍ നഗര്‍ കേന്ദ്രീകരിച്ച് നടന്ന മുസ്ലീം വംശഹത്യയിലൂന്നിയ കലാപങ്ങളില്‍ മുഖ്യദേശമായിരുന്ന ദേവ്ബന്ദില്‍ ബി.ജെ.പി ജയിച്ചതാണ് ഈ കഥകളുടെ പൊലിമയില്‍ പ്രധാനം. 80 ശതമാനം മുസ്ലീങ്ങളുള്ള ദേവ്ബന്ദില്‍ ബി.ജെ.പി വിജയിച്ചുവെങ്കില്‍ പിന്നെ എന്ത് ന്യൂനപക്ഷ വിരുദ്ധതയാണ് ബി.ജെ.പിയില്‍ ആരോപിക്കുന്നത് എന്നതായിരുന്നു ചോദ്യം. എന്നാല്‍ വാസ്തവമെന്താണ്? ദേവ്ബന്ദ് പട്ടണം മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. 2011-ലെ സെന്‍സസ് പ്രകാരം 71 ശതമാനം (80 അല്ല) മുസ്ലിങ്ങളുണ്ട് ഇവിടെ. പക്ഷേ ദേവ്ബന്ദ് നിയോജക മണ്ഡലത്തില്‍ 60 ശതമാനത്തിലേറെ ഹിന്ദുക്കളാണ് ഉളളത്. മുസ്ലീം ജനസംഖ്യ 27 ശതമാനത്തോളം മാത്രം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നും ബി.ജെ.പി വിജയിച്ചിട്ടില്ല.

uttar pradesh, bjp

ബി.ജെ.പി തിരഞ്ഞെടുപ്പ് വിജയം ഏകപക്ഷീയമായിരുന്നുവെന്നും സര്‍വ്വജനപിന്തുണ ഉണ്ടായിരുന്നുവെന്നും സ്ഥാപിക്കുന്നതിനാണ് ഈ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്. മുസ്ലീങ്ങളും ദളിതരും പിന്നാക്ക സമുദായക്കാരും ഒരുപോലെ ബിജെപിക്ക് വോട്ടുചെയ്തുവെന്ന മിത്താണ് യു.പി തിരഞ്ഞെടുപ്പിന് ശേഷം പ്രചരിക്കപ്പെട്ടത്.. അഥവാ യു.പി തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളും ദളിതരില്‍ ബഹുഭൂരിപക്ഷവും ഒരേപോലെ നിരസിച്ച പാര്‍ട്ടിയാണ് ബി.ജെ.പി എന്നിരിക്കെയാണ് യോഗി ആദിത്യനാഥ് വരുന്നത്. അപ്പോഴും ചോദ്യമുയരും, ആദിത്യനാഥല്ല യു.പിയിലെ ബി.ജെ.പി അധ്യക്ഷനായ കേശവ് ചന്ദ്ര മൗര്യയോ മുന്‍ ലക്‌നൗ ഗവര്‍ണറും ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മോഡിയുടെ അടുപ്പക്കാരില്‍ പ്രധാനിയുമായ ദിനേശ് ശര്‍മ്മയോ (ഇരുവരും യു.പി ഉപമുഖ്യമന്ത്രിമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്) ആകുന്നതില്‍ എന്തു വ്യത്യാസമാണ് യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പില്‍ ഉള്ളത് എന്ന്.

നേരത്തേ പറഞ്ഞത് പോലെ ബി.ജെ.പിക്ക് മഹാഭൂരിപക്ഷം കിട്ടിയ സമയമാണ്. 403-ല്‍ അവരുടെ 312-ല്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി വേണ്ട ഗൊരഖ്പൂരില്‍ നിന്നുള്ള എം.പിയെ ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കാമെന്ന് അവര്‍ കരുതിയാല്‍ യുക്തിസഹമായി ഒരു എതിര്‍പ്പും പറയാനാകില്ല. പക്ഷേ എന്തുകൊണ്ട് യോഗി ആദിത്യനാഥ്? ഇരുപത്തിയാറാം വയസില്‍ എം.പിയായ മുപ്പത്തിനാലാം വയസില്‍ ബി.ജെ.പിക്കെതിരെ കലാപം സൃഷ്ടിച്ച കിഴക്കന്‍ യു.പിയിലെ ഈ ഹൈന്ദവ തീവ്രവാദിക്ക് മുഖവുരകള്‍ ആവശ്യമില്ല. മുസ്ലിം സ്ത്രീകളെ ശവക്കല്ലറിയില്‍ നിന്നെടുത്തും ബലാത്സംഗം ചെയ്യണമെന്നതടക്കം കേട്ടാലറക്കുന്ന യോഗി വചനങ്ങള്‍ ഇതിനോടകം സമാഹരിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. വിശദീകരിക്കുന്നില്ല. കഴിഞ്ഞ പത്ത് തൊണ്ണൂറു വര്‍ഷത്തിലേറെയായി സിസ്റ്റമാറ്റിക് ആയി ഹൈന്ദവ തീവ്രവാദം നടപ്പിലാക്കുന്ന സംഘപരിവാറിന്റെ ബ്രാഹ്മണ മേധാവികളും വംശഹത്യ എഞ്ചിനീയര്‍ ചെയ്ത പാര്‍ട്ടി നേതൃത്വവും പറയാന്‍ മടിക്കുന്ന, അല്ലെങ്കില്‍ അത്തര്‍ പൂശി പറയുന്ന, അഴുകി നാറിയ വര്‍ഗ്ഗീയത ഒരു തടവുമില്ലാതെ വമിക്കും യോഗി ആദിത്യ നാഥിന്റെ നാവില്‍ നിന്ന്. പ്രവര്‍ത്തിയും അങ്ങനെ തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കിടപ്പുണ്ട് നിലവിലുള്ള കേസുകളുടെ വിദശാംശദങ്ങള്‍.

ബാബ്‌രിപള്ളി തകര്‍ത്ത് രാമക്ഷേത്രം പണിയാനായി ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകള്‍ നാല്‍പ്പതുകളില്‍ തുടങ്ങിയ ഗൂഢാലോചനകളില്‍ മുഖ്യപങ്കുവഹിച്ച മഹന്ത് ദിഗ്‌വിജയ് നാഥിന്റെ മൂന്നാം തലമുറ കൂടിയാണ് യോഗി ആദിത്യനാഥ്. ഗോരഖ് നാഥ് മഹന്ത് എന്ന നിലയില്‍ ആദിത്യ നാഥിന്റെ മുന്‍ഗാമി അദ്വൈത് നാഥിന്റെ ഗുരുവാണ് ദിഗ്‌വിജയ് നാഥ്. സംഘപരിവാറിന്റെ രാഷ്ട്രീയ സ്‌നിഗ്ദ്ധത പോലുമില്ലാത്ത ഹിന്ദു മഹാസഭയുടെ പരിപൂര്‍ണ്ണ, സനാതന ഹൈന്ദവത എന്ന ഒറ്റലക്ഷ്യം മാത്രമുള്ളയാള്‍. ഹൈന്ദവതയുടെ ലക്ഷ്യത്തിലുള്ള മാര്‍ഗ്ഗമായിരുന്നു ആദിത്യ നാഥിന് ബി.ജെ.പി പോലും. അതുകൊണ്ടാണ് 2007-ലെ യു.പി തിരഞ്ഞെടുപ്പിന് മുമ്പ് ലക്‌നൗവില്‍ നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന് സമാന്തരമായി 2006 ഡിസംബര്‍ 22, 23, 24 ദിവസങ്ങളില്‍ ഗൊരഖ് പൂരില്‍ വിരാട് ഹിന്ദു സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ യോഗി ആദിത്യനാഥ് ധൈര്യപ്പെട്ടത്. നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ താന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളാകണം എന്ന നിര്‍ദ്ദേശവും ആദിത്യനാഥ് മുന്നോട്ടു വച്ചു.

പത്ത് വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ ആദിത്യ നാഥിന്റെ ആവശ്യങ്ങള്‍ നിറവേറുകയാണ്. സ്ഥാനാര്‍ത്ഥി പട്ടിക മുതല്‍ തുടങ്ങി ബി.ജെ.പിയുടെ രാഷ്ട്രീയം. ആദ്യഘട്ടത്തില്‍ വികസനമെല്ലാം പറഞ്ഞുവെങ്കിലും തിരഞ്ഞെടുപ്പ് കിഴക്കന്‍ യുപി-യില്‍ ഗൊരഖ്‌നാഥന്റെ മണ്ണിലേയ്ക്ക് എത്തിയപ്പോഴേയ്ക്കും ഖബറിസ്ഥാനുകളുടേയും ശ്മശാനങ്ങളുടെയും താരതമ്യപഠനമായി, ചെറിയപെരുന്നാളിന് നല്‍കിയ വൈദ്യുതിയുടെ കണക്കും ദീപാവലി കാലത്ത് നല്‍കിയ വൈദ്യുതിയുടെ കണക്കുമായി. അഥവാ മുദ്രാവാക്യങ്ങളിലെ കാപട്യമെല്ലാം അഴിഞ്ഞു വീണു. അതല്ലേ, നല്ലതെന്നാണ് ലളിതമായ ചോദ്യം. പരസ്യമായി വെറുപ്പ് പ്രസംഗിക്കാന്‍ മടിക്കുന്ന രാജ്‌നാഥ്‌സിങ്ങിനെ പോലെ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി അവരുടെ സംഘപരിവാര്‍-ഹൈന്ദവ തീവ്രവാദ അജണ്ട നടപ്പിലാക്കുന്നതിനേക്കാള്‍ നല്ലതല്ലേ, ആ അജണ്ട പരസ്യമായി പ്രഖ്യാപിക്കുന്ന ആള്‍ വരുന്നത് എന്നതാണ് ഈ ചോദ്യം.

modi, amit shah, up election

പക്ഷേ 19 ശതമാനം മുസ്ലിങ്ങള്‍ എന്നതിന് നാലുകോടിയോളം മനുഷ്യരെന്നാണ് അര്‍ത്ഥം. അവരെ തിരഞ്ഞെടുപ്പിന് പോലും വേണ്ടാത്ത, ജനാധിപത്യ പ്രക്രിയയില്‍ പേരിന് കൂടെ നിര്‍ത്താല്‍ പോലും ആവശ്യമില്ലെന്ന് തുറന്ന് പ്രഖ്യാപിക്കുന്ന ആദിത്യനാഥനെ പോലെ ഒരാളെ, സംസ്ഥാന ഭരണത്തിന്റെ തലവനാക്കിയതിന് ശേഷവും ജനാധിപത്യത്തില്‍ വിശ്വസിക്കാന്‍ ആ മനുഷ്യരോട് പറയാന്‍ നമുക്കെന്തവകാശം? വംശഹത്യക്ക് ചുക്കാന്‍ പിടിച്ചയാളെ പ്രധാനമന്ത്രിയാക്കിയില്ലേ എന്ന മറുചോദ്യം വരാം. അയാള്‍ക്ക് പക്ഷേ വികസനത്തിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കേണ്ടി വന്നു, കള്ളക്കഥകളില്‍ ചമച്ചതാണെങ്കിലും ഗുജറാത്ത് മോഹനഭൂമിയാക്കിയെന്ന് പ്രചരിപ്പിക്കേണ്ടി വന്നു, മെച്ചപ്പെട്ട ലോകമെന്ന പ്രതീക്ഷ ഏതെങ്കിലും രൂപത്തില്‍ അവതരിപ്പിക്കേണ്ടതായെങ്കിലും വന്നു.

ഇനിമുതല്‍ അതുപോലും ആവശ്യമില്ല. ഗ്രാമങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ ഭീതിയോടെ ജീവിക്കാം. ഉയരുന്ന ഒരോ പ്രതിഷേധ സ്വരവും അടിച്ചമര്‍ത്തപ്പെടും. നാലുകോടി ജനത ഉറങ്ങാനായി ഭയപ്പെടും. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുകയൊന്നുമില്ലെങ്കിലും ഇനിയുള്ള നാളുകളില്‍ യു.പിയില്‍ രാമജന്മഭൂമി തൊണ്ണൂറുകളിലേത് പോലെ അലയടിക്കും. കര്‍ഷക ആത്മഹത്യകള്‍ക്കും ഡീസല്‍ വിലകൂടലിനും ദളിത് കൊലപാതകങ്ങള്‍ക്കും പകരമായി 'ഹിന്ദുവാണെന്നതില്‍ അഭിമാനിക്കൂ' എന്ന മുദ്രവാക്യം 'ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കൂ' എന്ന സര്‍ക്കാര്‍ പരസ്യത്തിനൊപ്പം പ്രചരിക്കും. മായാവതി പറയാറുള്ളത് പോലെ തിരഞ്ഞെടുപ്പ് കാലത്ത് ഹൈന്ദവരായി പ്രഖ്യാപിക്കപ്പെട്ട ദളിതര്‍ ഇനി കൂടുതല്‍ തൊട്ടുകൂടാത്തവരും നീചജാതിക്കാരുമായി പരിഗണിക്കപ്പെടും. അവരുടെ സംവരണങ്ങള്‍ക്കെതിരെ ശബ്ദമുയരും- ഇത് ആദിത്യനാഥന്റെ രാഷ്ട്രീയമല്ല, ബി.ജെ.പിയുടേതാണ്. പക്ഷേ, അത് കൂടുതല്‍ ഭയപ്പാടോടെ ജനങ്ങളിലേയ്‌ക്കെത്തും. അഥവാ 2014-ലെ കേന്ദ്ര വിജയത്തിന് ശേഷം നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കും അവരുടെ രാഷ്ട്രീയത്തിന്റെ ഒരു തുടര്‍ച്ച പരസ്യമായി പ്രഖ്യാപിക്കാന്‍ പാകത്തിന് ഇന്ത്യന്‍ രാഷ്ട്രീയം യു.പി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തോടെ രൂപപ്പെട്ടു. ഇതാ ആ തുടര്‍ച്ച- യോഗി ആദിത്യനാഥ്. ഇനി മോഡിക്ക് വികസനത്തിന്റെ തേന്‍ പുരട്ടാതെ വണ്ടികേറി ചത്ത നായ്ക്കളെ കുറിച്ച് പറയാം. അതേ ഞാന്‍ സൃഷ്ടിച്ചതാണ് യു.പി.യിലെ വര്‍ഗ്ഗീയ കലാപങ്ങളൊക്കെയുമെന്ന് മേല്‍ക്കുമേല്‍ അഭിവൃദ്ധിപ്പെടുന്ന തന്റെ ബയോഡാറ്റയില്‍ അമിത്ഷാക്ക് എഴുതിച്ചേര്‍ക്കാം.

Yogi Adityanath Uttar Pradesh Election 2017

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: