scorecardresearch

ചർച്ചകളിൽ നഷ്ടമാകുന്ന ഭാരതത്തിന്റെ സംവാദ പാരമ്പര്യം

“നമ്മളിന്നു കാണുന്ന വാർത്താച്ചർച്ചകളിലുയർന്നു മുഴങ്ങുന്നത് ഏറിയകൂറും ജല്പമോ വിതണ്ഡയോ മാത്രമാണെന്നതാണു സത്യം. വാദമെന്നു പറയാവുന്ന തരം തർക്കം നമ്മുടെ പൊതുമണ്ഡലത്തിൽ നിന്ന് അന്യം നിന്നു പോയിരിക്കുന്നു. ഉറക്കെ ബഹളം വെയ്ക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും ചെയ്യുന്നതാണു ‘സംവാദം’ എന്നായിത്തീർന്നിരിക്കുന്നു”പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ എഴുതുന്നു

ചർച്ചകളിൽ നഷ്ടമാകുന്ന ഭാരതത്തിന്റെ സംവാദ പാരമ്പര്യം

പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ

ഈയടുത്ത് ചാനൽ ചർച്ചയ്ക്കിടെ ബി ജെ പി വക്താവായിരുന്ന നൂപുർ ശർമ്മയുടെ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. . ആ പരാമർശങ്ങളുണ്ടാക്കിയ തുടർചലനങ്ങൾ നയതന്ത്രതലത്തിലെ അസ്വാരസ്യങ്ങളിൽ തുടങ്ങി ഒടുവിൽ എത്തിനിന്നത് രണ്ടു മനുഷ്യരുടെ കൊലപാതകങ്ങളിലാണ്. ഈ വിവാദ വിഷയത്തിൽ നൂപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി ചില പരാമർശങ്ങൾ നടത്തുകയും ചെയ്തു.

ഇന്ത്യയുടെ സംവാദപാരമ്പര്യത്തെയോ ചരിത്രത്തിലെ നിലനിന്നുപോന്നിരുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയോ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിഗണിക്കപ്പെടാതെ പോകുന്നുവെന്നതാണ് ഖേദകരം. പാശ്ചാത്യരാഷ്ട്രങ്ങളിൽ ദൈവനിന്ദയെന്നതോ മതനിന്ദയെന്നതോ ഒന്നോ രണ്ടോ നൂറ്റാണ്ടു മുൻപു വരെ വധശിക്ഷയർഹിക്കുന്ന തരത്തിൽ ഗൗരവമേറിയ കുറ്റമായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ വിമർശനമെന്നതും അഭിപ്രായസ്വാതന്ത്ര്യമെന്നതും പരമപ്രധാനമായിത്തന്നെ നിന്നിരുന്നു. മതങ്ങളെയും മതാചാരങ്ങളെയും പുരാണങ്ങളെയും വിമർശിക്കാനും പരിഹസിക്കാനും കഴിഞ്ഞിരുന്നു. ഹൈന്ദവപദ്ധതികളോരോന്നും ഇനിയൊരു പദ്ധതിയാൽ വിമർശിക്കപ്പെട്ടു പോന്നു. അത്തരം വിമർശനങ്ങൾ ഓരോ പദ്ധതികളെയും അഗാധവും മഹത്വമാർന്നതുമാക്കി മാറ്റി. ഇതു വ്യക്തമാവണമെങ്കിൽ ഭാരതത്തിന്റെ ചരിത്രത്തിൽ സംവാദവും വിമർശനവുമെല്ലാം എങ്ങനെയാണു നിലനിന്നിരുന്നതെന്നതിനെക്കുറിച്ച് പറയേണ്ടതുണ്ട്.

വിമർശനങ്ങളും പരിഹാസങ്ങളും നമ്മുടെ ചരിത്രത്തിൽ

ഹൈന്ദവപദ്ധതികൾ ഒരുകാലത്തും വിമർശനാതീതമായിരുന്നിട്ടില്ല. ഓരോ പദ്ധതിയുടെയും വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടാണ് മറ്റൊരു പദ്ധതിയുണ്ടാവുന്നത്. ഒരു ദർശനപദ്ധതിയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടാണ് മറ്റൊന്നുണ്ടാവുന്നത്. വ്യത്യസ്തങ്ങളായ ദർശനപദ്ധതികളെ പിൻപറ്റുന്നവർ തമ്മിലുള്ള സംവാദങ്ങൾ ഒരുകാലത്തു ഇവിടെ സാധാരണവും പ്രധാനവുമായിരുന്നു. സംവാദങ്ങളിൽ വിജയിക്കുന്ന പക്ഷത്തിന് പ്രാമുഖ്യവും പിന്തുണയും ലഭിച്ചു. വിജയിക്കുന്ന പക്ഷവും പദ്ധതിയും അന്നത്തെ ഭരണകൂടത്തിനിടയിലും ബുദ്ധിജീവിവൃന്ദത്തിനിടയിലും സ്വീകാര്യമായിത്തീർന്നു.

ഭാരതീയദർശനപദ്ധതികളുടെ ചരിത്രത്തെക്കുറിച്ച് ഗഹനമായും ആധികാരികമായും പഠിച്ച സുരേന്ദ്രനാഥ് ദാസ്ഗുപ്ത പറയുന്നത്, വിവിധദർശനപദ്ധതികളിലെ ആചാര്യന്മാർ തമ്മിൽ നടക്കാറുണ്ടായിരുന്ന സംവാദങ്ങൾ അതാതു പദ്ധതികളുടെ പ്രതാപവും പ്രശസ്തിയും നിശ്ചയിക്കുന്ന വിധത്തിൽ സുപ്രധാനമായിരുന്നു എന്നാണ്.

ആയുധങ്ങളോ അധിനിവേശങ്ങളോ അല്ല, ഇങ്ങനെയുള്ള സംവാദങ്ങളാണ് ഭാരതത്തിൽ ദാർശനികരുടെയും ദാർശനികപദ്ധതികളുടെയും പ്രാധാന്യവും പ്രസിദ്ധിയും ഭാവിയും നിർണ്ണയിച്ചിരുന്നത്.

തത്ത്വചിന്താപദ്ധതികളിൽ മാത്രമൊതുങ്ങുന്നതല്ല ഇത്. ആദരവർഹിക്കുന്ന വിശ്വാസപദ്ധതികളെ വിമർശനബുദ്ധിയോടെയോ തമാശയോടെയോ കാണുന്നത് ആരെയും അക്കാലത്ത് ചൊടിപ്പിച്ചിരുന്നില്ല. കഷ്ടി രണ്ടര നൂറ്റാണ്ടു മുൻപു മാത്രമാണല്ലോ മലയാളത്തിൽ കുഞ്ചൻ നമ്പ്യാരെപ്പോലൊരു സർഗാത്മക പ്രതിഭ ജീവിച്ചത്.

“പെണ്ണുങ്ങൾക്കിഹ കണ്ണനെയോർത്താൽ
ഉണ്ണണമെന്നുമുറങ്ങണമെന്നും
തങ്ങടെ തങ്ങടെ വീടുകളെന്നും
ചങ്ങാതികളെക്കാണണമെന്നും
അമ്മ പറഞ്ഞാൽ കേൾക്കണമെന്നും
നമ്മെച്ചിലരെ പേടിയിതെന്നും
നാണമിതെന്നുമടക്കമിതെന്നും
കാണിക്കൊരു കുറി കാണ്മാനില്ലാ!
രാവെന്നുണ്ടോ പകലെന്നുണ്ടോ
കാടെന്നുണ്ടോ വീടെന്നുണ്ടോ
കയ്യേച്ചെന്നു പിടിക്കുമൊരുത്തി
മെയ്യിൽച്ചെന്നു വസിക്കുമൊരുത്തി
മടിയിൽച്ചെന്നു മലയ്ക്കുമൊരുത്തി
അടിയിൽച്ചെന്നു കിടക്കുമൊരുത്തി..”

ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ച് കുഞ്ചൻ നമ്പ്യാരെഴുതിയത് വായിച്ചു ചിരിക്കാൻ കഴിയുമായിരുന്നു.

കാളിദാസന്റെ കുമാരസംഭവത്തിൽ, പരമശിവന്റെ പത്നിയായിരിക്കാനായി പാർവ്വതീദേവി തപസ്സനുഷ്ഠിക്കുമ്പോൾ, ആ തപസ്സിനൊടുക്കം അവിടേക്ക് താപസന്റെ വേഷത്തിൽ പരമശിവനെത്തുന്ന രംഗമുണ്ട്. പാർവ്വതീദേവിയോടു താപസൻ പരമശിവനെ പരിഹസിച്ചുകൊണ്ടു പറയുന്ന വാചകങ്ങൾ നർമ്മരസപ്രധാനം മാത്രമല്ല, ഹൃദ്യവുമാണ്. കാപ്പു ധരിച്ച മൃദുവായ പാർവ്വതീദേവിയുടെ പാണിയെ പാമ്പിൻവളയണിഞ്ഞ ശിവനെങ്ങനെ ഗ്രഹിക്കും? കസവുകുറികൾ ചേർന്ന പുടവയും ചോരക്കറയുള്ള തോൽവസ്ത്രവും എങ്ങനെ ചേരും?

ഇതിലധികമയുക്തമെന്തു? നീയോർ-
ത്തരുളുക! നിന്നുടെയീയുരസ്തടത്തിൽ
ഹരനുടെയുടലീന്നു ചന്ദനത്തിൻ-
പകരമഹോ! പകരും ശ്മശാനഭസ്മം!

കുലമതു നഹി; പിന്നെയാൾ വിരൂപൻ
ബത! പണമോ തികയാ തുണിക്കുപോലും;
ശിവനവനിലെടോ! വരന്നു വേണ്ടും
ഗുണമതതുള്ളതിലൊന്നുപോലുമുണ്ടോ?

ശഠതകൾ കരുതേണ്ട, ധന്യ നീയെ-
ങ്ങഥ ഹരനെങ്ങവലക്ഷണസ്വരൂപൻ?
കഴുവതിലൊരു കൂറ ചേർത്തു, കോവിൽ-
ക്കൊടിമരമെന്നു വണങ്ങുമേതു ഭോഷൻ?

പറഞ്ഞുപറഞ്ഞ് ഒടുവിൽ താപസൻ പാർവ്വതീദേവിയോടു പറയുന്നത്, ശ്മശാനശൂലത്തിനു തുല്യനാണു ശിവനെന്നും സജ്ജനങ്ങളാരും അങ്ങനെയൊരു ശ്മശാനശൂലത്തെ വൈദികാചാരപ്രകാരമുള്ള കൊടിമരമായിക്കണ്ടു വണങ്ങുകയില്ല എന്നുമാണ്.

ഇങ്ങനെ നർമ്മരസപ്രധാനമായിട്ടു മാത്രമല്ല, വിശ്വാസപദ്ധതികളെക്കുറിച്ചോ ഈശ്വരാവതാരങ്ങളെക്കുറിച്ചോ ഒക്കെ ഗൗരവമേറിയ വിമർശനങ്ങളും നമ്മുടെ സാഹിത്യത്തിലെമ്പാടുമുണ്ട്. ‘ചിന്താവിഷ്ടയായ സീത’യെക്കുറിച്ച് മലയാളിയോടു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിൽ, ശൂദ്രമുനിയായ ശംബൂകനെ വധിയ്ക്കാനൊരുങ്ങുന്ന ശ്രീരാമനെക്കാണാം. താൻ ചെയ്യുന്നതു തെറ്റാണെന്ന് തികഞ്ഞ ആത്മനിന്ദയോടെ മനസ്സിലാക്കുന്ന ശ്രീരാമനെയാണു ഭവഭൂതി ചിത്രീകരിക്കുന്നത്. ശംബൂകന്റെ കഴുത്തിനു നേരെ വാളെടുത്തു വീശാനൊരുങ്ങുന്ന രാമന്, അതു പറ്റുന്നില്ല. താൻ ചെയ്യുന്നതിലെ കരുണാരാഹിത്യം രാമന്റെ ഉള്ളിൽനിന്നു രാമനെ തടുക്കുന്നു. അപ്പോൾ തന്റെ വലത് കൈ നോക്കി രാമൻ പറയുന്നു:

ഹേ ഹസ്തദക്ഷിണ! മൃതസ്യ ശിശോർദ്വിജസ്യ
ജീവാതവേ വിസൃജ ശൂദ്രമുനൗ കൃപാണം
രാമസ്യ ബാഹുരസി നിർഭരഗർഭഖിന്ന
സീതാപ്രവാസനപടോഃ കരുണാ കുതസ്തേ!

[അല്ലയോ വലതുകയ്യേ! ഈ വാൾ കൊണ്ടു ശൂദ്രമുനിയെ കൊല്ലൂ. മരിച്ചുപോയ ബ്രാഹ്മണബാലനെ പുനരുജ്ജീവിപ്പിക്കൂ. ഗർഭക്ലേശത്താൽ ബുദ്ധിമുട്ടുന്ന സീതയെ കാട്ടിലുപേക്ഷിച്ച രാമന്റെ അംഗമാണു നീ. ഇപ്പോൾ ഈ കരുണ നിനക്ക് എവിടെ നിന്നു വന്നു?]

ഉത്തരരാമചരിതത്തിനു ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാരെഴുതിയ അതിപ്രസിദ്ധമായ പരിഭാഷയിൽ ഈ ശ്ലോകം ഇങ്ങനെ ചേർത്തിരിക്കുന്നു.

രേ രേ ദക്ഷിണഹസ്ത! വിപ്രതനയന്‍
ജീവിയ്ക്കുവാന്‍വേണ്ടി നീ
ഘോരം ഖഡ്ഗമയയ്ക്ക ശൂദ്രമുനിതന്‍
നേരേ മടിയ്ക്കേണ്ടെടോ
പാരം ഗര്‍ഭഭരാര്‍ത്തയാം ക്ഷിതിജയെ-
ക്കൈവിട്ട കെങ്കേമനാ-
മീരാമന്റെയൊരംഗമാകിയ നിന-
ക്കെങ്ങുന്നു വന്നൂ കൃപാ?

ഇതു രാമായണത്തിലെ ശ്രീരാമനെ വിമർശിക്കുന്ന സന്ദർഭമാണ്. ഇതുപോലെ മഹാഭാരതത്തിലെ സന്ദർഭങ്ങളെ വിമർശിച്ചും പ്രശംസിച്ചും തിളക്കിക്കാണിച്ചും തിരസ്കരിച്ചും എത്രയെത്ര കൃതികളാണുണ്ടായിട്ടുള്ളത്!

ഈയൊരു വിമർശനരീതി നമ്മുടെ സമസ്തബൗദ്ധികമേഖലകളിലും മതപദ്ധതികളിലും ഉടനീളമുണ്ടായിട്ടുണ്ട്. വൈദികതയെ തിരസ്കരിച്ചുകൊണ്ട് തന്ത്രവിദ്യ വരുന്നു. തന്ത്രവിദ്യയെയും വൈദികതയെയും ബുദ്ധമതം തിരസ്കരിക്കുന്നു. ബുദ്ധമതത്തെ തിരസ്കരിച്ചുകൊണ്ട് അദ്വൈതപദ്ധതി വരുന്നു. പതുക്കെപ്പതുക്കെ ഇങ്ങനെയുള്ള തിരസ്കാരങ്ങളും ഖണ്ഡനവുമൊക്കെ ഓരോ പദ്ധതിയെയും ആഴമുള്ളതാക്കുന്നു.

അപ്പോഴൊരു ചോദ്യം വരും. അങ്ങനെയെങ്കിൽ സമീപകാലത്ത് ഹൈന്ദവബിംബങ്ങളോടു ചിലർ കാണിക്കുന്ന പരിഹാസത്തെ വിമർശിക്കേണ്ട കാര്യമുണ്ടോ? ഇപ്പോഴുയരുന്ന ചില പരിഹാസങ്ങളോടു ഹൈന്ദവർ രൂക്ഷമായി പ്രതികരിക്കാനെന്താണു കാരണം? അപരവീക്ഷണത്തിന്, വിമർശനത്തിന്, പരിഹാസത്തിന്, ഹൈന്ദവതയിലോ ഭാരതത്തിലോ ഇടമുണ്ടെങ്കിൽ ഏതു വിമർശനത്തെയും പരിഹാസത്തെയും കണ്ണടച്ചു സ്വീകരിക്കേണ്ടതല്ലേ ഹൈന്ദവർ?

ചോദ്യം പ്രസക്തമാണ്. അതിന്റെ ഉത്തരം ലളിതവുമാണ്. രണ്ടു കാരണങ്ങൾ കൊണ്ട് ഇന്നുയരുന്ന വിമർശനങ്ങളോ പരിഹാസങ്ങളോ വേറിട്ടു നിൽക്കുന്നുണ്ട്. ഈ രണ്ടുകാരണങ്ങളും പൂർണ്ണമായും ന്യായീകരിക്കാവുന്നതാണ്.

ഒന്നാമതായി, ഭാരതം അനുവർത്തിച്ചുപോന്നിരുന്ന സംവാദപദ്ധതിക്കുള്ളിലെ വിമർശനത്തിനും പരിഹാസത്തിനുമെല്ലാം പിറകിൽ പ്രതിപക്ഷബഹുമാനമുണ്ട്, വിമർശിക്കപ്പെടുന്ന പദ്ധതിയോട് ആദരവുണ്ട്, പലപ്പോഴും ഭക്തിയുമുണ്ട്.

“മടിയിൽച്ചെന്നു മലയ്ക്കുമൊരുത്തി / അടിയിൽച്ചെന്നു കിടക്കുമൊരുത്തി” എന്നെഴുതിയ കുഞ്ചൻ നമ്പ്യാർ തന്നെയാണ് ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിൽ

“അന്നേരത്തൊരു വനിതാ നിതാന്തരാഗാ-
ലന്യസ്ത്രീപരിഷകൾ നോക്കിനില്ക്കവേ താൻ
കാന്തന്റേ കരകമലം പിടിച്ചുവേഗാൽ
താൻ തന്നേ മുലകളിലങ്ങു ചേർത്തുകൊണ്ടാൾ

അന്യസ്ത്രീ സപദി തദാ മുരാരി തന്റെ
വന്യശ്രീ ഗുണമണിയും ഭുജാന്തരാളേ
ഉത്തുംഗസ്തനകലശങ്ങൾ ചേർത്തുകൊണ്ട-
ങ്ങത്യന്തപ്രണയമനോഹരം പുണർന്നാൾ”

എന്ന് അതീവഹൃദ്യമായി രാസക്രീഡയെ വർണ്ണിക്കുന്നത്.

അവലക്ഷണസ്വരൂപനാണു ശിവൻ എന്നെഴുതിയ കാളിദാസൻ തന്നെയാണു “വാഗർത്ഥാവിവ സംപൃക്തൗ വാഗർത്ഥപ്രതിപത്തയേ” എന്നു തുടങ്ങുന്ന പ്രസിദ്ധമായ വന്ദനശ്ലോകമെഴുതിയത്.

ആത്മനിന്ദയോടെ നില്ക്കുന്ന രാമനെ ചിത്രീകരിച്ച ഭവഭൂതി തന്നെയാണ്, ലോകത്തിന്റെ പാപമകറ്റി സുകൃതം നല്കുന്ന കഥയാണ് ഉത്തരരാമചരിതമെന്നു പറയുന്നത്.

വിമർശനത്തിനു ശരവ്യമാവുന്ന കഥാപാത്രത്തെയും സന്ദർഭത്തെയും പൂർണ്ണമായും മനസ്സിലാക്കിക്കൊണ്ടും പ്രതിപക്ഷബഹുമാനത്തോടെയുമുള്ള വിമർശനങ്ങളാണിവയെല്ലാം. ഇന്നുയരുന്ന വിമർശനങ്ങളെപ്പോലെ വെറുപ്പിൽ നിന്നുയരുന്ന വിമർശനമായിരുന്നില്ല, ഇതൊന്നും.

ഹൈന്ദവവിശ്വാസപദ്ധതികൾക്കെതിരെ ഇന്നുയരുന്ന പരിഹാസങ്ങൾ, പുലർത്തിപ്പോന്നിരുന്ന പാരമ്പര്യത്തിൽ നിന്നു വേറിട്ടു നിൽക്കുന്നതിനു രണ്ടാമതൊരു കാരണം കൂടിയുണ്ട്. ഭാരതത്തിന്റെ സംവാദപാരമ്പര്യമനുസരിച്ച്, ഒരാൾ പ്രതിപക്ഷത്തിന്റെ വാദങ്ങളെ രൂക്ഷമായി വിമർശിക്കുമ്പോഴോ ഖണ്ഡിക്കുമ്പോഴോ, അതേ നിലയ്ക്ക്, അതേ ഭാഷയിൽ, തന്റെ വാദങ്ങളെ വിമർശിക്കാനും ഖണ്ഡിക്കാനുമുള്ള സ്വാതന്ത്ര്യം പ്രതിപക്ഷത്തിനും നല്കും. ഇത് യുക്തിപൂർണ്ണവും ഏതു സംവാദത്തിന്റെയും അടിസ്ഥാനനിയമങ്ങളിലൊന്നുമാണ്. ഉദാഹരണത്തിന്, ശ്രീബുദ്ധനെക്കുറിച്ച് ‘അസംബന്ധപ്രലാപി’യെന്ന്, അസംബന്ധം പുലമ്പിയ ആളെന്ന്, ശങ്കരാചാര്യസ്വാമികൾ പറയുന്നുണ്ട്. ശങ്കരാചാര്യർ മദ്യപിച്ചോ അല്ലാതെയോ ഉള്ള ‘ഉന്മാദത്തിലാണോ’ ഇതു പറയുന്നതെന്ന് ശങ്കരാചാര്യരുടെ വിമർശകർ അതിശയിക്കുന്നുണ്ട്. ഒരാൾ ഏത് അളവുകോലാണോ പ്രതിപക്ഷത്തിനു നേരെ ഉപയോഗിക്കുന്നത്, അതേ അളവുകോൽ സ്വപക്ഷത്തിനു നേരെ അനുവദിക്കാനും സന്നദ്ധനായിരിക്കണം.

ഭാരതത്തിന്റെ ഈ സംവാദപാരമ്പര്യത്തെ തിരിച്ചറിയുകയും അതിനെ ഏറെക്കുറെ സ്വാംശീകരിക്കുകയും ചെയ്തവരാണ് ഇവിടെയുള്ള മുസ്‌ലിം സമൂഹം. ഇതിനോടു ചേർത്തു പറയേണ്ട മറ്റൊരു കാര്യവുമുണ്ട്. അത് കേരളത്തിലെ മുസ്‌ലിം സമുദായത്തെക്കുറിച്ചാണ്. കേരളത്തിലെ സാമൂഹ്യമാദ്ധ്യമങ്ങളിൽ പലപ്പോഴും നിശിതമായ ഭാഷയിൽ ഇസ്‌ലാമിനെ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന അഭിപ്രായങ്ങൾ കാണാം. അതിനോടു തികഞ്ഞ വിയോജിപ്പുള്ളവർ തന്നെയാവും ഇവിടത്തെ മുസ്‌ലിങ്ങൾ. മുസ്‌ലിങ്ങൾക്കു മാത്രമല്ല, ഇസ്‌ലാമിനെക്കുറിച്ച്, മുസ്‌ലിങ്ങളല്ലാത്തവർക്കും വിയോജിപ്പു തോന്നുന്ന പലതും സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണാറുണ്ട്. അപ്പോഴൊക്കെയും പ്രശംസനീയമായ പക്വതയോടെ മാത്രമേ കേരളത്തിലെ മുസ്‌ലിം സമൂഹം അതിനെക്കണ്ടിട്ടുള്ളൂ. ‌അവരതിനെ ചിലപ്പോൾ അവഗണിക്കുന്നതു കണ്ടിട്ടുണ്ട്‌. ചിലപ്പോൾ തിരിച്ചു പരിഹസിക്കുന്നതു കണ്ടിട്ടുണ്ട്‌. ചില സന്ദർഭങ്ങളിൽ മതപണ്ഡിതർ മതഗ്രന്ഥങ്ങളുദ്ധരിച്ചു തന്നെ വിയോജിക്കുന്നതും കണ്ടിട്ടുണ്ട്. അതൊക്കെയും പക്വതയോടെയും ആദരവർഹിക്കുന്ന ശൈലിയിലുമാവാറാണ് പതിവ്‌. കേരളത്തിലെ മുസ്‌ലിം സമൂഹവും മതനേതൃത്വവും കേരളത്തിന് പുറത്തുള്ളവർക്കു മാതൃകയാവേണ്ടതാണ്‌.

ഭാരതത്തിന്റെ തർക്കപാരമ്പര്യം

ന്യായസൂത്രത്തിൽ അക്ഷപാദഗൗതമൻ മൂന്നുതരത്തിലാണു തർക്കങ്ങളെ തരം തിരിക്കുന്നത്. ‘വാദം’, ‘ജല്പം’, ‘വിതണ്ഡ’ എന്നിങ്ങനെയാണത്. ഇതിൽ ‘വാദം’ എന്നത്, ശ്രീനാരായണഗുരു പറഞ്ഞ പ്രകാരം, ‘അറിയാനും അറിയിക്കാനും വേണ്ടി’ എന്ന മട്ടിലുള്ള തർക്കമാണ്.

‘പ്രമാണതർക്കസാധനോപാലംഭസ്സിദ്ധാന്തവിരുദ്ധഃ പഞ്ചാവയവോപന്നഃ പക്ഷപ്രതിപക്ഷപരിഗ്രഹോ വാദഃ’ എന്നു ന്യായസൂത്രം. വാദമെന്നത്, പക്ഷമെന്നും പ്രതിപക്ഷമെന്നും രണ്ടു ആശയങ്ങളുണ്ടാവുകയും പ്രമാണങ്ങളെക്കൊണ്ടും തെളിവുകളെക്കൊണ്ടും സ്വപക്ഷത്തിന്റെ ആശയത്തെ സ്ഥാപിക്കുകയും പ്രതിപക്ഷത്തിന്റെ ആശയത്തെ ഖണ്ഡിക്കുകയും ചെയ്യുന്ന തർക്കമാണ്. ‘സ്വപരപക്ഷയോഃ സിദ്ധസിദ്ധ്യർത്ഥം വചനം വാദഃ’ എന്നൊരു പ്രമാണമുണ്ട്. സ്വപക്ഷത്തെ സ്ഥാപിക്കുന്നതിനും അപരപക്ഷത്തെ ഖണ്ഡിക്കുന്നതിനുമുള്ള തർക്കമാണു വാദം.

‘ജല്പ’മെന്നത് സ്വപക്ഷത്തിന്റെ വിജയം മാത്രം ലക്ഷ്യം വെച്ച് ഏതുവിധേനയും തർക്കത്തിലേർപ്പെടുന്ന രീതിയാണ്. അവിടെ തർക്കത്തിന്റെ രീതികൾക്കും പ്രമാണങ്ങൾക്കും തെളിവുകൾക്കുമൊന്നും സ്ഥാനമില്ല. ‘യഥോക്തോപപന്നശ്ഛലജാതിനിഗ്രഹസ്ഥാനസാധനോപാലംഭോ ജല്പഃ’ എന്നു ന്യായസൂത്രം. താൻ പറയുന്നത് സ്വപക്ഷത്തെയോ പ്രതിപക്ഷത്തെയോ സഹായിക്കുമോ എന്ന നോട്ടമില്ലാതെ എന്തും ഏതും പറയാമെന്നു വരുന്ന തർക്കമാണു ജല്പം. അതു വെറുതേ ഉറക്കെ ബഹളം വെയ്ക്കൽ മാത്രമാണ്.

മൂന്നാമത്തെ തർക്കരീതി ജല്പത്തിന്റെ തന്നെ മറ്റൊരു മട്ടാണ്. ‘വിതണ്ഡ’ എന്ന ഈ രീതിയെ ന്യായസൂത്രം ഇങ്ങനെ നിർവ്വചിക്കുന്നു: ‘സ്വപ്രതിപക്ഷസ്ഥാപനാഹീനോ വിതണ്ഡാ’. അവനവന്റെ പക്ഷത്തെ സ്ഥാപിക്കാതെ, പ്രതിപക്ഷത്തെ എതിർത്തുകൊണ്ടേയിരിക്കുന്ന തരം ജല്പമാണ് വിതണ്ഡ. ഈ സൂത്രത്തിനു ഭാഷ്യമെഴുതിയ വാത്സ്യായനൻ പറയുന്നത്, പക്ഷപ്രതിപക്ഷങ്ങളില്ലാത്ത തരം തർക്കമാണു വിതണ്ഡയെന്നാണ്. സ്വപക്ഷത്തെ സ്ഥാപിക്കാതെ വാദിച്ചുകൊണ്ടേയിരിക്കുന്നതിന്റെയർത്ഥം സ്വപക്ഷമെന്നൊന്ന് ഇല്ല എന്നാണ്. ഒരു ആശയത്തെ സ്ഥാപിക്കാൻ ശ്രമമുണ്ടെങ്കിൽ മാത്രമേ അതൊരു ‘പക്ഷ’മാവുകയുള്ളൂ.

തർക്കങ്ങൾക്കു രീതിയും നിയമവും തീർത്ത ന്യായസൂത്രം രചിക്കപ്പെടുന്നത് രണ്ടായിരം വർഷങ്ങൾക്കു മുൻപാണെന്നതാലോചിക്കണം. ഭാരതത്തിന്റെ രക്തത്തിലലിഞ്ഞു ചേർന്നതാണ് നിർഭയമായ സംവാദരീതിയും വിമർശനവും തർക്കവുമെല്ലാം.

നമ്മളിന്നു കാണുന്ന വാർത്താച്ചർച്ചകളിലുയരുന്നത് ഏറിയകൂറും ജല്പമോ വിതണ്ഡയോ മാത്രമാണെന്നതാണു സത്യം. ഉറക്കെ ബഹളം വെയ്ക്കുകയും പ്രതിപക്ഷത്തെ അവഹേളിക്കുകയും ചെയ്യുന്നതാണു ‘സംവാദം’ എന്നായിത്തീർന്നിരിക്കുന്നു പൊതുധാരണയും. ന്യായസൂത്രത്തിൽ നിഷ്കർഷിക്കുന്ന തരത്തിലൊരു സംവാദമല്ല, അത്തരത്തിലൊരു വേദിയോ താർക്കികരോ അല്ല, ഇന്നു നമ്മൾ കാണുന്ന വാർത്താസംവാദവും അതിൽ പങ്കെടുക്കുന്നവരുമെന്ന് പറയാം. പക്ഷേ, ഭാരതത്തിന്റെ സംവാദമണ്ഡലത്തിൽ ഒരുകാലത്തു പരമപ്രധാനമായിരുന്ന, തർക്കരീതിയെക്കുറിച്ച് പ്രാഥമികമായി എന്തെങ്കിലും മനസ്സിലാക്കാൻ, സംവാദത്തെ ഉപജീവിച്ചു നിലനിൽക്കുന്ന മാദ്ധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതല്ലേ?

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Debate free speech and communal harmony parappanangadi unnikrishna panicker