ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പികള്‍ എല്ലാം തന്നെ പുരുഷന്മാരെന്നാണ് സാധാരണ ചരിത്രപാഠങ്ങള്‍ നമ്മെ വിശ്വസിപ്പിച്ചത്. എന്നാല്‍, ഭരണഘടനാ സമിതിയിലെ 229ഇല്‍ 15 പേര്‍ സ്ത്രീകളായിരുന്നു. വളരെകുറച്ച് വിവരങ്ങളെ അവരെക്കുറിച്ച് നിലവില്‍ പ്രചാരത്തില്‍ ഉള്ളു. സ്ത്രീകളുടെ വോട്ടവകാശത്തിനായി നിലകൊണ്ടവര്‍, സ്വാതന്ത്ര്യ സമരപോരാളികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, വക്കീലന്മാര്‍ അങ്ങനെ പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അംബേദ്‌കറുടെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യയ്ക്ക് മാര്‍ഗദര്‍ശനമാവേണ്ട തത്വങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും തര്‍ക്കിക്കുകയും സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തവരാണ് സ്ത്രീകളുമുണ്ട്. ഭരണഘടനക്ക് പിന്നിലെ സ്ത്രീകളിൽ ഏക ദലിത് സ്ത്രീയും ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളുമായിരുന്ന മലയാളിയായ ദാക്ഷായണി വേലായുധനാണ്.

ദാക്ഷായണി വേലായുധന്റെ 61കാരിയായ മകള്‍ മീര വേലായുധന്‍ തന്റെ അമ്മയുടെ ജീവിതകഥ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവര്‍ അമ്മയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്, “വിവിധ ചരിത്ര സന്ദര്‍ഭങ്ങളും ഇടങ്ങളും സ്വത്വങ്ങളും നിര്‍ണയിച്ച ജീവിതമായിരുന്നു അമ്മയുടേത്”.
കൊച്ചി നഗരത്തിനു ചുറ്റുമുള്ള ദ്വീപുകളില്‍ ഒന്നായ മുളവുകാട് 1912ല്‍ ജനിച്ച ദാക്ഷായണിയുടെ ജീവിതവും രാഷ്ട്രീയവും നിശ്ചയിക്കപ്പെട്ടത് അന്നത്തെ കഠിനമായ ജാതിവ്യവസ്ഥയിലൂടെയാണ്. തീര്‍ത്തും അധഃകൃതരായിരുന്ന പ്രധാനമായും കര്‍ഷകതൊഴിലാളികളായിരുന്ന പുലയ സമുദായത്തിലായിരുന്നു അവര്‍ ജനിച്ചത്. അന്നത്തെ ജാതി നിയമങ്ങള്‍ ഏറെ കടുത്തതായിരുന്നു. പൊതുവഴിയില്‍ നടക്കാനും പൊതു ജലാശയങ്ങളില്‍ നിന്നും വെള്ളമെടുക്കാനും ദലിതര്‍ക്ക് അവകാശമില്ലായിരുന്നു. ശരീരത്തിന്റെ മുകള്‍ഭാഗം മറയ്ക്കാനുള്ള അവകാശം പുലയരുള്‍പ്പെടുന്ന ദലിത് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല. മാറുമറയ്ക്കുന്ന മുത്തുമാലകള്‍ അണിയാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നു. 1841ലെഇന്ത്യന്‍ നിയമ കമ്മീഷന്റെ അടിമത്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീണ്ടല്‍ (കാഴ്ചകൊണ്ടു പോലും അശുദ്ധമാവുന്നത് ഒഴിവാക്കാന്‍ ഒരു പ്രത്യേക തരം ശബ്ദം ഉണ്ടാക്കിക്കൊണ്ട് വേണം ഏറ്റവും താഴ്ന്ന ജാതിക്കാര്‍ നടക്കേണ്ടത്, ഉയര്‍ന്ന ജാതിക്കാര്‍ മറുപടി പറഞ്ഞാല്‍ അവരുടെ മുന്നില്‍ പെടാതെ ഒഴിയേണ്ടാതുമാണ്) ഇവിടെ നിലനിന്നിരുന്നു.

ദാക്ഷായണി ജനിച്ചപ്പോഴേക്കും ജാതിക്കെതിരായ സമരങ്ങള്‍ ശക്തി പ്രാപിച്ചിരുന്നു. അയ്യന്‍കാളിയെപ്പോലുള്ള നേതാക്കള്‍ ഒരു പുതുവഴി വെട്ടുകയും ചെയ്തുവെങ്കിലും ഏറെ ദൂരം പോകാനുണ്ടായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ “ഒരു ദരിദ്ര പുലയ കുടുംബത്തിലായിരുന്നില്ല ജനനം” എന്നും അഞ്ചുമക്കളില്‍ ഒരുവളായി ജനിച്ച താന്‍ അച്ഛന്റെ വാത്സല്യം ലഭിച്ചു വളര്‍ന്നയാള്‍ ആണെന്നും ദാക്ഷായണി തന്റെ ബാല്യത്തെക്കുറിച്ച് പറയുന്നുണ്ട്. മേല്‍ക്കുപ്പായം ധരിച്ച ആദ്യ ദലിത് പെണ്‍കുട്ടിയായും ബിരുദധാരിണിയായ ആദ്യ ദലിത് സ്ത്രീയായും പിന്നീട് അറിയപ്പെട്ട അവരുടെ ജീവിതം ചെറുപ്രായത്തിലേ അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങളില്‍ നിന്നും മാറാന്‍ തുടങ്ങിയിരുന്നു. പുലയര്‍ക്കായി മാറ്റിവെച്ചിരുന്ന ‘അഴകി, ചക്കി, പൂമാല, കാളി, കുറുമ്പ, താറ, കിളിപ്പാക്ക എന്നീ പേരുകള്‍ ഒന്നും തന്നെ ഇടാതെ, ദക്ഷന്റെ മകള്‍ എന്ന അര്‍ത്ഥത്തില്‍ പാര്‍വതിയുടെ പര്യായമായ ദാക്ഷായണി എന്ന പേര് തങ്ങളുടെ മകള്‍ക്ക് ആ അച്ഛനമ്മമാര്‍ നല്‍കിയത് തന്നെ ഇത്തരത്തില്‍ ശ്രദ്ധയര്‍ഹിക്കുന്നു. ‘ജാതിതിരിച്ച് പേരിട്ടിരുന്ന അക്കാലത്ത് ഈഴവരുടെ പേരാണല്ലോ നിനക്ക് എന്ന് അമ്മയുടെ കൂട്ടുകാരികള്‍ കളിയാക്കുമായിരുന്നെ’ന്നു മീര പറയുന്നു.
മദ്രാസ് സര്‍വകലാശാലയില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ദാക്ഷായണി നേരിട്ട ഉച്ചനീചത്വങ്ങളെയും അവഹേളനങ്ങളെയും കുറിച്ച് ‘ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ വനിതാശില്പികള്‍’ എന്ന തന്റെ പ്രോജക്ടില്‍ പ്രിയ രാമചന്ദ്രന്‍ കുറിക്കുന്നു. ശാസ്ത്ര വിഭാഗത്തിലെ ഏക വിദ്യാര്‍ഥിനി ആയിരുന്ന ദാക്ഷായണിക്ക് പരീക്ഷണങ്ങള്‍ കാണിച്ചുകൊടുക്കാന്‍ ഉയര്‍ന്ന ജാതിയില്‍ നിന്ന് വന്ന അദ്ധ്യാപകന്‍ വിസമ്മതിക്കുമായിരുന്നതിനാല്‍ 1935ല്‍ ബിരുദം നേടിയ അവര്‍ എല്ലാം ദൂരെ മാറി നിന്ന് നിരീക്ഷിച്ചാണ് പഠിച്ചത്. ഈ മനസ്സുറപ്പും നിശ്ചയദാര്‍ഢ്യവും അവര്‍ ജീവിതത്തില്‍ ഉടനീളം സൂക്ഷിച്ചു.
തൃശൂരിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന കാലത്തൊരിക്കല്‍ വഴിയില്‍ വച്ചൊരു നായര്‍ സ്ത്രീ ദാക്ഷായനിയോട് വഴിമാറിക്കൊടുക്കാന്‍ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. പാടവരമ്പില്‍ നിന്നിരുന്ന അവര്‍ അതിനു വിസമ്മതിച്ചു അവിടെ തന്നെ നിന്ന്. ‘എന്നെ കടന്നു പോകണമെങ്കില്‍ പാടത്തിറങ്ങി തന്നെ പൊയ്ക്കൊള്ളു എന്ന് ഞാന്‍ അവരുടെ മുഖത്ത് നോക്കി പറഞ്ഞു’. വരമ്പില്‍ നിന്നും നാലഞ്ചടി താഴ്ച ഉണ്ടായിരുന്ന പാടത്തിറങ്ങി നടക്കാന്‍ ആ സ്ത്രീ നിര്‍ബന്ധിതയായെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
1942ല്‍ കൊച്ചി നിയമനിര്‍മാണ കൗണ്‍സിലിലേക്കും 1946ല്‍ ഭരണഘടനാ നിര്‍മാണ സമിതിയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട ദാക്ഷായണി വേലായുധന്‍ അക്കൂട്ടത്തിലെല്ലാം ഏക ദലിത് സ്ത്രീയായിരുന്നു. ‘ഭരണഘടന മാത്രമല്ല ഈ സമിതി നിര്‍മ്മിക്കുന്നത്, ജനങ്ങളുടെ ജീവിതത്തിനുള്ള ഒരു മാര്‍ഗരേഖ കൂടിയാണത്’ എന്ന് അവര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഗാന്ധിയൻ ആദർശങ്ങളിൽ ഉറച്ചുനിന്നിരുന്ന ദാക്ഷായണി തൊട്ടുകൂടായ്മ നിലനില്‍ക്കുന്നേടത്തോളം ഗാന്ധിജി പ്രചരിപ്പിച്ച ‘ഹരിജന്‍” എന്ന വാക്കിന് യാതൊരു സാംഗത്യവും ഉണ്ടാവില്ലെന്ന് വിശ്വസിച്ചു. ദലിതര്‍ ഇന്ത്യയിലെ ന്യൂനപക്ഷമല്ലെന്നും മുഴുവന്‍ അവകാശങ്ങളോടെ, ഇന്ത്യക്കാരായി തന്നെ ദലിതര്‍ ഇവിടെ ജീവിക്കുമെന്നും അവര്‍ ശക്തിയുക്തം വാദിച്ചു. തന്റെ സമുദായത്തിനായുള്ള സമരങ്ങളെ തന്‍റെ ലിംഗപദവിക്ക് മുകളിലായി കണ്ടിരുന്നു എന്നതിന് അവരുടെ ഭരണഘടനാ സമിതി പ്രസംഗങ്ങള്‍ തന്നെ തെളിവാണ്. ഒരു പുലയ സ്ത്രീ ആയല്ല ‘നാളത്തെ ഇന്ത്യയില്‍ ജാതി-മത-സമുദായ ഉച്ച-നീചത്വങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്നാഗ്രഹിക്കുന്ന’ ഒരാളായാണ് അവര്‍ പ്രസംഗിച്ചത്. തൊട്ടുകൂടായ്മ നിരോധിക്കുന്ന ഭരണഘടനയിലെ 17ആം ആര്‍ട്ടിക്കിളിന്റെ പ്രാധാന്യം എന്നും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നായിരുന്നു സമിതിയില്‍ മറ്റംഗങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സരോജിനി നായിഡുവിനെയും വിജയലക്ഷ്മി പണ്ഡിറ്റിനേയും പോലെയുള്ള അങ്ങേയേറ്റം പ്രബലരായ സ്ത്രീകളുടെ ഇടയില്‍ ദാക്ഷായണിക്ക് വാചാലയാവേണ്ടി വന്നതില്‍ അത്ഭുതമില്ലല്ലോ.

തന്റെ സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകളിലും വ്യക്തിപരമായ ജീവിതത്തിലും അവര്‍ പുലര്‍ത്തിയ സ്വതന്ത്ര ചിന്തയും അഭിപ്രായങ്ങളും തീര്‍ത്തും സവിശേഷമാണ്. തന്റെ അമ്മയെയും മൂത്ത സഹോദരങ്ങളെയും പോലെ അവര്‍ ക്രിസ്ത്യാനിയായി മതപരിവര്‍ത്തനം ചെയ്തില്ല. മഹാത്മാ ഗാന്ധിയും ഭാര്യ കസ്തൂര്‍ബയും പങ്കെടുത്ത ചടങ്ങില്‍ വെച്ച് ഒരു കുഷ്ഠരോഗിയുടെ കാര്‍മികത്വത്തിലാണ് 1940ല്‍ ദാക്ഷായണി ദലിത് നേതാവായ രാമന്‍ കേളന്‍ വേലായുധനെ വിവാഹം ചെയ്തത്. തന്റെ കുടുംബവുമായി ആഴത്തില്‍ ബന്ധം പുലര്‍ത്തിയ ആളായിരുന്നു ദാക്ഷായണി. തന്റെ മകള്‍ക്ക് അവര്‍ ദീര്‍ഘങ്ങളായ കത്തുകള്‍ എഴുതിയിരുന്നു. ജീവിതത്തില്‍ അമ്മയുടെ സ്വാധീനത്തെ പറ്റി മീര വേലായുധന്‍ ഇങ്ങനെ ഓര്‍ക്കുന്നു “എന്റെ കുടുംബത്തെക്കുറിച്ചു ഞാനെന്നും അഭിമാനിച്ചു. എന്റെ കഴിവുകളിലും. ഒരിക്കലും എനിക്ക് മര്‍ദ്ദിത വിഭാഗത്തില്‍ നിന്നും വരുന്നവളായി തോന്നിയില്ല. എനിക്ക് ഒമ്പതാം വയസ്സില്‍ ആദ്യമായി മാസമുറ വന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ ചിത്രം വരച്ചു കാണിച്ചു തരികയും അച്ഛനെവിട്ട് സ്കൂളിലേക്ക് കൊണ്ടുപോകാന്‍ സാനിറ്ററി പാഡുകള്‍ വാങ്ങിപ്പിക്കുകയും ചെയ്തു അമ്മ”.
കക്ഷിരാഷ്ട്രീയത്തില്‍ ദാക്ഷായണി സജീവമായി ഇടപെട്ടില്ല. “ഡല്‍ഹിയിലെ മുനിര്‍കയിലെ ചേരികളില്‍ തൂപ്പുകാരികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആയിരുന്നു അമ്മയ്ക്ക് കൂടുതല്‍ താല്പര്യം. ഡല്‍ഹിയില്‍ ദലിത് സ്ത്രീകളുടെ, മുഖ്യമായും അംബേദ്‌കര്‍-അനുയായികളുടെ ഒരു ദേശീയ സമ്മേളനം വിളിച്ച്കൂട്ടിയതിനു ശേഷം ദാക്ഷായണി 1977ല്‍ മഹിളാ ജാഗ്രിതി പരിഷത്ത് എന്ന സംഘടന രൂപീകരിച്ചു.

വിനയവും ഗൗരവവും ഒരേസമയം പ്രകടമാകുന്ന ഒരല്‍പം കുനിഞ്ഞ നടത്തമായിരുന്നു അമ്മയുടെതെന്നും മീര ഓര്‍ക്കുന്നു. ചെറുപ്പം മുതലേ അല്പം കുനിഞ്ഞു നടക്കാന്‍ തന്റെ സമുദായത്തിലെ സ്ത്രീകളെ പഠിപ്പിച്ചിരുന്നതിനാല്‍ ആവണം അത്. എന്നാല്‍, അഞ്ചടിക്കാരിയായിരുന്ന അവര്‍, ഏത് വലിയ പ്രതിസന്ധിക്ക് മുന്നിലും തലകുനിക്കാതെ പിടിച്ചു നിന്നു. “ഒരു പരീക്ഷാത്തലേന്നു കൂനിക്കൂടിയിരുന്നു ഉറക്കം മാറാന്‍ കട്ടന്‍ കാപ്പി മോന്തി വായിച്ചുകൊണ്ടിരുന്ന എന്നെ പുറത്ത് തട്ടി നേരെ ഇരിക്കാന്‍ അമ്മ പറഞ്ഞത് ഞാനിന്നും നന്നായി ഓര്‍ക്കുന്നു” എന്ന് മീര വേലായുധന്‍. അത്തരത്തില്‍ തലയുയര്‍ത്തി കാലുറപ്പിച്ച് നിവര്‍ന്നു നിന്ന ദലിത് വനിത എന്നത് തന്നെയായിരിക്കും തന്റെ സമുദായത്തിനും രാജ്യത്തിനും വേണ്ടി ദാക്ഷായണി വേലായുധന്‍ നല്‍കിയ ഏറ്റവും പ്രധാന സംഭാവന.
Read More:ഇന്ത്യൻ എക്‌സ്‌പ്രസ് ജെൻഡർ പരമ്പര ഇവിടെ വായിക്കാം
മൊഴിമാറ്റം: ആർദ്ര എൻ ജി