2008 ഫെബ്രുവരിയിൽ , കോമൺ വെൽത്ത് ബാങ്ക് പരമ്പരയിൽ, ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (MCG) ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരായ 160 റൺ ലക്ഷ്യത്തെ അനായാസകരമായി നേരിടുകയായിരുന്നു. എം എസ് ധോണി ക്യാപ്റ്റനായതിന് ശേഷമുള്ള രാജ്യാന്താര ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ പതിനഞ്ചാമത്തേത് മാത്രമായിരുന്നു അത്. ഈ സംഭവം നടക്കുമ്പോൾ രോഹിത് ശർമ്മയോടൊപ്പം ധോണി ക്രീസിലാണ്. ജയിക്കുവാൻ പത്തു റൺ മാത്രമാവശ്യമുള്ളപ്പോൾ ആവശ്യമില്ലാതെ തന്നെ അദ്ദേഹം കൈയുറകൾ മാറണമെന്നാവശ്യപ്പെട്ടു. ഒരു ജോടി കൈയുറകളോടോപ്പം , ഡ്രെസ്സിങ് റൂമിൽ നിന്ന് എന്തെങ്കിലും അറിയിപ്പു കൂടി എത്തുക എന്നത് ക്രിക്കറ്റിൽ സാധാരണമാണ്. അതിനു വിപരീതമായ കാര്യമാണ് ധോണി ചെയ്തത്. ഒരു പ്രധാന തീരുമാനം അദ്ദേഹം പവിലിയനിലേയ്ക്ക് കൈമാറി, “നാമീ മത്സരം ജയിക്കുമ്പോൾ ബാൽക്കണിയിലാരും അതാഘോഷിക്കുവാൻ പോകുന്നില്ല.”  അതിനിടെ, മത്സരം കഴിയുമ്പോൾ ഓസ്ട്രേലിയക്കാരുമായി എങ്ങനെയാണാ ചെറുപ്പക്കാരൻ ഹസ്തദാനത്തിൽ ഏർപ്പെടേണ്ടതെന്നുള്ളതിനെക്കുറിച്ച് നിർദ്ദേശങ്ങൾ രോഹിതിന് നൽകിയിരുന്നു. അത് കഴിയുന്നത്ര ആവേശരഹിതമായിരിക്കണമതെന്ന് ധോണി ആഗ്രഹിച്ചു. “അവർ കൈ നീട്ടുമ്പോൾ, കൈമടക്കാതെ ഒരു കടമ പോലെ നിന്റെ കൈ ഉറപ്പോടെ നിവർത്തി നീട്ടുക, പക്ഷേ അമിതമാക്കരുത്. ആവേശത്തിന്റെ സൂചനകളൊന്നുമില്ലാതെ വികാരരഹിതമായി മാത്രം അവരെ നോക്കുക.”

ms dhoni indian crickter

ഫൊട്ടോ : റോയിട്ടേഴ്സ്

ഓസ്ട്രേലിയക്കാർ അവരുടെ ഏറ്റവും ഉന്നതാവസ്ഥയിൽ അജയ്യരായി നിൽക്കുന്ന പഴയ കാലത്തിലായിരുന്നു ഇത്. അവരെ പരാജയപ്പെടുത്തുക എന്നത് ഏതൊരു എതിർടീമിനും വലിയ കാര്യം തന്നെയായിരുന്നു, അതും അവരുടെ സുപ്രധാനമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ. ഓരോ തോൽ‌വിയും എതിരാളിയുടെ വിജയം മാത്രമല്ല, ഒരു ‘അട്ടിമറി‘ തന്നെയാണെന്ന് റിക്കി പോണ്ടിംഗിന്റെ സംഘം വിശ്വസിച്ചിരുന്ന നാളുകളായിരുന്നു അത്. ഈ മത്സരത്തിൽ തുടക്കം മുതൽ ഇന്ത്യ മുന്നേറ്റത്തിലായിരുന്നു. ഇഷാന്ത് ശർമ്മ, ശ്രീശാന്ത്, ഇർഫാൻ പഠാൻ എന്നിവർ ചേർന്ന് ഒൻപതു വിക്കറ്റുകൾ വീഴ്ത്തി, ആതിഥേയരെ 159 റൺസിനു പുറത്താക്കിയിരുന്നു. ഇന്ത്യ ഏറെക്കുറെ തങ്ങളുടെ ലക്ഷ്യത്തിലെത്തുകയും ചെയ്തിരുന്നു, ധോണി എന്ന പുതുമുഖത്തിന്, ആ മുഹൂർത്തത്തിൽ, തന്റെ അജയ്യത തെളിയിച്ച്, ലോക ചാമ്പ്യന്മാരായ എതിരാളികളെ തന്റേതായ രീതിയിൽ നിസ്സാരരാക്കണമായിരുന്നു.

“ഇതൊരു വൻ സംഭവമൊന്നുമല്ലെന്ന് പറയുവാൻ മഹിയുടെ രീതി അതായിരുന്നു. എന്റെ ബൗളർമാർ 160 റൺസിന് അവരെയെല്ലാം പുറത്താക്കി, “ഉസ്മേ കോൻസേ ബഡി ബാത്ത് ഹൈ” (അതിലെന്താണിത്ര വലിയ കാര്യം). നാമത് വൻവിജയമായി കൊണ്ടാടിയാൽ, ഇതൊരു അട്ടിമറിയാണെന്ന ഓസ്സികളുടെ വിശ്വാസത്തെയാകും അത് സാധൂകരിക്കുക. ഇതൊരു ആകസ്മിക നേട്ടമല്ലെന്ന് നമുക്കവരോട് പറയണം. ഇതിനിയുമിനിയും ആവർത്തിക്കുമെന്ന അറിയിപ്പ്. ഓസ്ട്രേലിയക്കാർക്കത് താങ്ങാനായില്ല. അവർ തകർന്നുപോയി.” ഏറെക്കഴിഞ്ഞ് ഒരു ടീമംഗം വെളിപ്പെടുത്തി.

ഇന്ത്യ അന്തിമ വിജയം നേടിയ കോമൺ‌വെൽത്ത് ബാങ്ക് പരമ്പരയിൽ ആസ്ട്രേലിയൻ സംഘത്തെ മാനസികമായി തകർത്ത സന്ദർഭങ്ങൾ വേറേയുമുണ്ടായി. മറ്റോരോ കാര്യങ്ങളിലുമെന്നപോലെ, ഇന്ത്യൻ ക്യാപ്റ്റൻ ഇതുമദ്ദേഹത്തിന്റെ രീതീയിൽ സാധിച്ചു, ഒട്ടും അമിതമാകാതെ തന്നെ.

the dhoni touch

ദ് ധോണി ടച്ച് എന്ന പുസ്തകത്തിന്റെ കവർ

ബാറ്റു ചെയ്യുന്ന അവസരത്തിൽ, എതിരാളിയെപ്പറ്റിയുള്ള തന്റെ ചിന്തകൾ മറച്ചുവയ്ക്കാനാകാത്ത ഒരു പ്രമുഖ ഓസ്ട്രേലിയൻ ബാറ്റ്‌സ്‌മാൻ, തങ്ങളെ പരിഹസിക്കുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് ടീമിലെ ചില യുവകളിക്കാർ ധോണിയോടു പറഞ്ഞു. അവരിലൊരാൾ അതേ രീതിയിൽ തിരിച്ചടിച്ചപ്പോൾ, ആദരവു കാണിക്കണെമന്ന് ആ ഓസ്ട്രേലിയക്കാരൻ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു. അതിനാൽ, അടുത്ത തവണ അയാൾ ഇന്നിംഗ്സ് ആരംഭിക്കുവാനിറങ്ങിയപ്പോൾ, ഒരു തമാശ ഗാർഡ് ഓഫ് ഓണർ രീതിയിൽ, ധോണി ജൂനിയർ കളിക്കാരെയെല്ലാം നിരത്തി നിർത്തി. കരുത്തനായ ആസ്ട്രേലിയക്കാരൻ മൈതാനമധ്യത്തേയ്ക്ക് നടന്നു പോകുമ്പോൾ “ ആദരവ്, ആദരവ്, ആദരവ്” എന്നാവർത്തിച്ചുരുവിടുവാൻ അവരോടാവശ്യപ്പെട്ടു. “ നിങ്ങൾ ആദരവാവശ്യപ്പെട്ടു, ഇതാ പിടിച്ചോ,”  എന്നു പറയുന്ന മഹിയുടെ രീതി അതായിരുന്നു. പഴയ ഒരു ടീമംഗം വെളിപ്പെടുത്തിയതാണ് ഈ സംഭവം.

ms dhoni in ipl

ധോണി സൂപ്പർകിങ്സിനു വേണ്ടി കളിക്കുന്നു

പ്രക്ഷുബ്ദ്ധമായ ഈ മത്സരപരമ്പരയിൽ, പര്യടനത്തിലെ ഒരു ദിവസം, ‘മങ്കിഗേറ്റ്’ വിവാദത്തിനുപരിയായി ഈ രണ്ടു ടീമുകളും കളിക്കളത്തിലും പുറത്തും പല തവണ തമ്മിലടിക്കുക എന്നതും സംഭവിച്ചു. ചില അമ്പയറിങ് തീരുമാനങ്ങൾ, പ്രത്യേകിച്ചും സ്റ്റീവ് ബക്കനറിൽ നിന്നും, എതിരായപ്പോൾ ഇന്ത്യയ്ക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടതായി അനുഭവപ്പെട്ടു. തീരുമാന പുനപരിശോധനാ സംവിധാനം (DRS -Decision Review System) പിറവിയെടുക്കുന്നതിനും ആറുമാസം മുൻപായിരുന്നു ഇത്. ടെസ്റ്റ് ക്യാപ്റ്റനായ അനിൽ കുംബ്ലേ ടെസ്റ്റ് സീരീസിന്റെ അന്ത്യത്തിൽ വീട്ടിലേയ്ക്ക് മടങ്ങി, ഇതു പക്ഷേ “ ഒരു ടീം മാത്രമാണ് ഗെയിമിന്റെ സ്പിരിറ്റിൽ കളിക്കുന്നത് എന്ന പ്രഖ്യാപനത്തിനു മുൻപായിരുന്നില്ല ആ മടക്കം. പെർത്തിലെ അടൂത്ത കളി ഇന്ത്യ ജയിച്ചു, പക്ഷേ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായി. പോണ്ടിംഗും സംഘവും ഏകദിന പരമ്പരയിൽ ഒരു തനിയാവർത്തനത്തിനുള്ള തയാറെടുപ്പിലായിരുന്നു. ഇന്റർനാഷണൽ ക്രിക്കറ്റിൽ നാലുവർഷം മാത്രം പരിചയമുള്ള, ക്യാപ്റ്റൻ എന്ന നിലയിൽ, ഒരു വിദേശ ഏകദിന പരമ്പര ആദ്യമായി നയിക്കുന്ന ധോണി മത്സരച്ചൂട് നേരിടുവാൻ ബാക്കിയായി. അദ്ദേഹമത് തന്റെ തനതായ രീതിയിൽ നിർവഹിച്ചു- ഒരു പ്രകോപനത്തിനോടും പ്രതികരിക്കാതെ രണ്ടു ഭാഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അദ്ദേഹം ഇല്ലായ്മ ചെയ്തു. ഓസ്സികൾ മര്യാദക്കാരായി മാറി.

ഇതായിരുന്നു രക്തച്ചൊരിച്ചിലില്ലാതെയുള്ള ധോണിയുടെ യുദ്ധശൈലി. അത് ഫലിച്ചു. ഒടുക്കം, അതിനു തെളിവായി ഒരു ട്രോഫിയും ലഭിച്ചു.
“ഗോലി മാർത്താ ഹെ അപ്നേ സ്റ്റൈൽ മേം” ( തന്റേതായ ശൈലിയിൽ ആക്രമിക്കുന്നു). എന്റെ കുട്ടികളെ ‘മാ- ബെഹൻ കി ഗാലി ( മറ്റുള്ളവരുടെയും അമ്മയെയും പെങ്ങളെയും ലാക്കാക്കിയുള്ള തെറി വാക്കുകൾ ) പറയുവാൻ ഞാൻ അനുവദിച്ചാൽ, ആർക്കു നേരെ പറയുന്നുവോ അവരാകില്ല , പറയുന്നവർ തന്നെയാകും തങ്ങൾ ചെയ്തതിനുള്ള കുറ്റബോധം ആ ദിവസത്തിന്റെ ബാക്കിയിൽ മുഴുവൻ അനുഭവിക്കുക എന്നദ്ദേഹം പറയുന്നു.” ധോണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാൾ വിശദമാക്കുന്നു. “ കോപ പ്രകടനങ്ങളിൽ ധോണി വിശ്വസിക്കുന്നില്ല. അവരെ വേദനിപ്പിക്കണമെന്നുണ്ടെങ്കിൽ, നിങ്ങളുടേതായ രീതിയിലാകൂ, അവരുടെ രീതിയിലല്ല. അവർ തെറിവിളിയിൽ വിശ്വസിക്കുന്നുവെന്നു കരുതി നിങ്ങളതു ചെയ്യേണ്ടതില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദർഭവശാൽ, ഏഴു വർഷവും രണ്ടു ടൂറുകളും കഴിഞ്ഞ അവസരത്തിലും ധോണി ഇക്കാര്യത്തിൽ തന്റെ അഭിപ്രായം മാറ്റിയിട്ടില്ല എന്നുറപ്പാകുന്നു. 2014-15 ലെ, വിരാട് കോഹ്‌ലിയും ഡേവിഡ് വാർണറും ബ്രാഡ് ഹഡിനും ഉൾപ്പെട്ട പരസ്പര കലഹം മൂലം പ്രശ്നമായ ഓസ്ട്രേലിയൻ ടെസ്റ്റ് സീരീസിൽ എങ്ങനെയാണു താ‍ൻ സംഘട്ടനത്തിൽ നിന്നൊരിക്കലും കളിക്കാരെ പിൻതിരിപ്പിക്കുവാൻ ശ്രമിക്കാതെ തന്നെ കലഹങ്ങളെ വ്യക്തിപരമായെടുക്കരുതെന്ന് മാത്രം അവരോടാവശ്യപ്പെട്ടതിനെപ്പറ്റി ധോണി സംസാരിച്ചിരുന്നു. എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ അഭിപ്രായം അതുതന്നെയായിരുന്നു. എതിർ കളിക്കാരുമായുള്ള തർക്കങ്ങളെ പരിഹരിക്കുന്നതിൽ മാത്രമായിരുന്നില്ല ധോണിയുടെ നിപുണത, സംഘർഷ വേളകളിൽ തന്റെ സംഘാംഗങ്ങളെ ശാന്തരാക്കുന്നതിലും അതു പ്രകടമായി. 2013 ലെ ഐ പി എൽ ഫൈനൽ എടുക്കുക. ചെന്നൈ സൂപ്പർ കിംഗ്സ് ആപത്തിലായി. സ്പോട്ട് ഫിക്സിംഗ് കഥകൾ അതിന്റെ പാരമ്യത്തിലായി, ദിനം പ്രതിയെന്ന കണക്കിൽ പേരുകളും അപവാദങ്ങളും പുറത്തുവന്നുകൊണ്ടിരുന്നു. ‘ക്രിക്കറ്റ് ഭ്രാന്തൻ ” എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട അവരുടെ ടീം മേധാവി ജാമ്യത്തിൽ പുറത്തുവന്നിരുന്നു. സമ്മർദ്ദത്തിലായിരുന്ന ടീം ഹോട്ടലിനുള്ളിൽ തടവിലുമായിരുന്നു. സി എസ് കെ കളിക്കാർ, മൈതാനത്തിന്റെ അതിരിൽ ആചാരപരമായ ഒരു കൂടിച്ചേരലിനു തയാറായപ്പോൾ, തന്നെ വലയം ചെയ്യുന്ന സമ്മർദ്ദം ധോണി തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ നേർക്കുനേർ സമീപനത്തിൽ ഉറച്ചു നിന്നു. “ ബോയ്സ്, ഐ പി എൽ ഫെയർ പ്ലേ അവാർഡ് നിലവാരത്തിൽ നമ്മൾ രണ്ടാം സ്ഥാനത്താണ്. ആ പട്ടികയിൽ ആദ്യമെത്താൻ എല്ലാം ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു, ശുഭാശംസകൾ” അത്രമാത്രം പറഞ്ഞവസാനിപ്പിച്ചു. സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള തന്റെ രീതി അതായിരുന്നുവെന്ന് പിന്നീട് അദ്ദേഹമൊരു കളിക്കാരനോട് പറഞ്ഞു.

dhoni indian cricket

ഫൊട്ടോ: എ പി

സ്ഥിരമനസ്കനാകുന്നതും നിർബന്ധബുദ്ധിക്കാരനാകുന്നതും തമ്മിൽ നേരിയ ഒരു വിഭജനരേഖയുണ്ട്. ഒരു ക്യാപ്റ്റനെന്ന നിലയിൽ ധോണി, ആ രേഖയിലൂടെ ഞാണിന്മേൽ കളി നടത്തി. ഒരു കളിക്കാരനു പിന്തുണകൊടുക്കുമ്പോഴോ ഒരാളെ പിന്തുണയ്ക്കുന്നില്ലെന്ന് കാണിക്കുവാൻ പരമാവധി ശ്രമിക്കുമ്പോഴോ അതു സംഭവിക്കാമായിരുന്നു. അപൂർവ്വമായി മാത്രമാണ് പാഡുകൾ മാറ്റിവച്ച് ബൗളിംഗിനെത്തിയത്, അതും ബൗളിംഗിലുള്ള തന്റെ പാടവം സെലക്ടർമാർ ശ്രദ്ധിക്കുവാൻ തക്ക സൂചനകളൊന്നുമില്ലാതെ തന്നെ. സൂചനകളെപ്പറ്റി സംസാരിക്കുമ്പോൾ, 2008 ൽ, ബസിൽ വച്ച് അദ്ദേഹം നടത്തിയ പൊട്ടിത്തെറിയ്ക്കു ശേഷം ഉടനടിയുണ്ടായ ഒരു സംഭവത്തെപ്പറ്റി വി ബി ചന്ദ്രശേഖർ ഓർമ്മിക്കുന്നു.

“ഈ കളിയ്ക്കുശേഷം എനിക്ക് നിങ്ങളോട് അല്‍പ്പനേരം സംസാരിക്കണമെന്ന് ഞാനയാളോടു പറഞ്ഞു.” എനിക്കതിന് സമയമെവിടെ “അതായിരുന്നു അയാളുടെ പ്രതിരോധശൈലിയിലുള്ള മറുപടി. “നമുക്കാ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട, ഞാൻ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി എനിക്കു തൃപ്തിയുണ്ട്.” താൻ ചെയ്യണമെന്നാഗ്രഹിക്കുന്ന കാര്യങ്ങളെപ്പറ്റി വളരെയധികം സ്ഥിരമനസ്കനായിരിക്കുന്ന ഒരാളിതാ എന്നു ഞാൻ തിരിച്ചറിഞ്ഞു. വരാനിരിക്കുന്ന വർഷങ്ങളിൽ അയാൾ വിജയിക്കുമെന്നുള്ളതിന്റെ കാരണവും അതായിരിക്കും. എന്തെന്നാൽ അയാൾക്ക് സ്വന്തം ആശയങ്ങളുണ്ട്, അതിൽ മറ്റുള്ളവർ കടന്നുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ അയാളനുവദിക്കുകയില്ല,“ മുൻ സെലക്ടറായ അദ്ദേഹം പറയുന്നു. 2016 ൽ ലോക റ്റ്വന്റി-റ്റ്വന്റി ടൂർണമെന്റ് ഇന്ത്യയിലെത്തിയപ്പോൾ, സ്വയം ആഗ്രഹിക്കാത്ത കാര്യങ്ങൾ, ധോണിയെക്കൊണ്ട് നിർബന്ധിതമായി ചെയ്യിക്കുവാൻ കഴിയില്ലെന്ന്, മനസ്സിലാക്കുവാനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഊഴമായിരുന്നു അത്.

ടോസ്സ് നടന്നാലുടൻ തന്നെ, ഓരോ ടീമിന്റെയും ക്യാപ്റ്റന്മാർ, തങ്ങളുടെ 11 അംഗങ്ങളുടെയും പേരുവിവരങ്ങൾ വിളിച്ചുപറയണമെന്ന ഒരാശയം ഐ സി സിയും പ്രക്ഷേപണക്കാരും മുൻപോട്ടു വച്ചു. അതു പ്രാവർത്തികമാക്കേണ്ട, ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ, ന്യൂസിലാന്റിനെ നാഗ്‌പൂരിൽ നേരിടുന്നു. താൽക്കാലിക അനൗൺസറാകുവാൻ ആദ്യം നിയോഗിക്കപെട്ടത് ഇന്ത്യൻ ക്യാപ്റ്റനായ ധോണിയാണ്‌. പക്ഷേ ആ അപേക്ഷ വന്നപ്പോൾ, അദ്ദേഹത്തിന്റെ മറുപടി, എന്നത്തെയും പോലെ ഹ്രസ്വവും കുറിക്കുകൊള്ളുന്നതുമായിരുന്നു. “ ഇല്ല, ഞാനതു ചെയ്യണമെന്ന് കരുതുന്നില്ല” പറയേണ്ടതെങ്ങനെയെന്ന് ധോണിയ്ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ഐ സി സി യുടെ വമ്പൻ ആശയം നടപ്പിലായതുമില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനോടടുക്കുവാൻ, താൻ സമീപനനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കിയതായി ചന്ദ്രശേഖർ ഓർമ്മിക്കുന്നു, മൂന്നാമത്തെ സീസണായപ്പോഴേയ്ക്കും താനതിന്റെ സൂത്രവിദ്യകൾ മനസ്സിലാക്കി. ഒരാശയം ധോണിയിൽ അടിച്ചേല്‍പ്പിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, അയാൾ നിങ്ങളെയും ആ ആശയത്തെയും അവഗണിക്കും. പക്ഷേ കോച്ച് എന്നോ സപ്പോർട്ട് സ്റ്റാഫ് എന്ന നിലയിലോ നിങ്ങളത് ഒരു തുറന്ന ആശയമായി വയ്ക്കുകയാണെങ്കിൽ, അത് പ്രയോഗത്തിൽ വരുത്തുന്നതിനായി പരിഗണിക്കുവാനുള്ള സാധ്യതയെങ്കിലുമുണ്ട്.

അതിനാൽ 2010 ലെ സീസണിൽ, ശ്രീലങ്കയുടെ മാജിക്കൽ സ്പിന്നറായ മുരളീധരൻ, പന്തുമായി അല്പം കഷ്ടപ്പെടുന്നതു കണ്ടപ്പോൾ, ഒരു നിർദ്ദേശം സൗമ്യമായി ധോണിയുടെ മുൻപിൽ വയ്ക്കാമെന്ന് ചന്ദ്രശേഖർ കരുതി.

“തുടർച്ചയായി നാല് ഓവർ അശ്വിൻ ബൗളിംഗ് ചെയ്യുകയും അതിനുശേഷമുള്ള തന്ത്രപ്രധാന ഇടവേളയ്ക്കു (സ്റ്റ്രാറ്റജിക്ക് ബ്രേക്ക്) ശേഷം മുരളി എത്തുകയുമായിരുന്നു ചെയ്തിരുന്നത്. അതോടെ ഒരു ചെറൂവിശ്രമത്തിനു ശേഷം കളി തുടരുന്ന ബാറ്റ്സ്‌മാന്മാർ മുരളിയുടെ പന്തുകളെ ശക്തമായി നേരിടുവാൻ തയാറാകുമായിരുന്നു. “മുരളിയ്ക്ക് ആത്മവിശ്വാസം അല്പം കുറവുണ്ടെന്ന് ധോണി സമ്മതിച്ചു,”  ചന്ദ്രശേഖർ പറയുന്നു. പരിശീലനത്തിനിടെ മുരളിയുടെ പന്തുകൾ ധോണി നിരന്തരമായി പ്രഹരിച്ചിരുന്നതിനാൽ – “അയാളൊരു രാക്ഷസനാണ്” എന്നു ഡയറക്ടറോട് പറയുന്ന തരത്തിലായിരുന്നു അത്- അത് സ്വാഭാവികവുമായിരുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ആദ്യത്തെ മൂന്ന് ഓവറുകൾക്ക് ശേഷം അശ്വിനെ മാറ്റുകയും സ്റ്റ്രാറ്റജിക് ബ്രേക്കിനു മുൻപ് മുരളിയ്ക്ക് തന്റെ ആദ്യ ഓവർ എറിയാൻ അവസരം നൽകുകയും വേണമെന്നതായിരുന്നു ചന്ദ്രശേഖറിന്റെ അഭിപ്രായം. ഇടവേളയ്ക്കു മുൻപ് വിക്കറ്റ് നഷ്ടപ്പെടുന്ന തരത്തിലുള്ള സാഹസികത ബാറ്റ്സ്മാന്മാർ പൊതുവെ കാണിക്കാറില്ലെന്നുള്ളതുകൊണ്ട് – അതുവരെയുള്ള പ്രവണതയുടെ അടിസ്ഥാനത്തിലെങ്കിലും – അവർ മുരളിയെ തകർക്കുന്ന പ്രകടനങ്ങൾക്കു മുതിരില്ല, അത് ആ പ്രതിഭയ്ക്ക് ബൗളിംഗിൽ ആത്മാവിശ്വാസത്തോടെയുള്ള തുടക്കം നൽകും.

dhoni indian batsman

ഫൊട്ടോ: എപി

“ഞാനത് പറഞ്ഞ് മറുപടിയാവശ്യപ്പെടാതെ മടങ്ങി. അടുത്ത കളിയായി, വിശ്വസിച്ചാലും ഇല്ലെങ്കിലും – ധോണിയത് നടപ്പാക്കി. “ പറഞ്ഞത് പരിഗണിച്ചതിനു നന്ദി” എന്നെനിക്കു പോയി പറയാനാകില്ല, “അങ്ങനെ പറഞ്ഞാൽ അടുത്ത കളിയിൽ തീർച്ചയായും അതാവർത്തിക്കില്ല.” അദ്ദേഹം ഹാസ്യാത്മകമായി പറയുന്നു. പക്ഷേ, ചന്ദ്രശേഖർക്കും, പിന്നാലെ വന്ന പരിശീലകർക്കും ടീം ഉപദേശകർക്കും, എങ്ങനെയാണൊരു ആശയം, ധോണിയോട് നിർദ്ദേശിക്കേണ്ടതെന്ന തിനെപ്പറ്റിയുള്ള നല്ലൊരു പാഠമായിരുന്നു – നിർബന്ധിതമായ ഒരു നിർദ്ദേശം എന്ന രീതിയിലല്ലാതെ ഒരു സാധാരണ അഭിപ്രായമെന്ന നിലയിൽ മുൻപിൽ വയ്ക്കുക- അത്.

ഗാരി കിർസ്റ്റെൻ, സ്റ്റീഫെൻ ഫ്ലെമിംഗ് എന്നിവരുടെയും ഒരു പരിധി വരെ ഡങ്കൻ ഫ്ലെച്ചറിന്റെയും ഇഷ്ടങ്ങൾ ധോണിയുടെ ശൈലിയിലുള്ള നായകത്വത്തിനോടൊത്ത് പോകുന്നതിൽ അത്ഭുതമില്ല. അവരെല്ലാം തന്നെ അവരുടെ രീതിയിൽ മഹാന്മാരായ ക്രിക്കറ്റ് കളിക്കാരാണ്, എന്നാൽ, ഒരു നിർദ്ദേശം കൊടുക്കുന്ന സന്ദർഭത്തിൽ, ധോണിയുടെ കാര്യത്തിൽ, നിർബന്ധിതമായ ഒരഭിപ്രായം മുൻപിൽ വയ്ക്കുകയല്ല, ഇടയ്ക്ക് ലളിതമായി പറഞ്ഞുപോകുകയാണവരുടെ രീതി.

പരിഭാഷ : സ്മിത മീനാക്ഷി

(പെൻ‌ഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ യുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്)

.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook