മഹാരാഷ്ട്രയില്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടന നടത്തിയ പ്രക്ഷോഭം കൈവരിച്ച വന്‍വിജയം അഖിലേന്ത്യാതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. ത്രിപുര പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സി പി എമ്മിന് ഇത് ഏറെ ആശ്വാസം നല്കുന്ന സംഭവ വികാസമാണ്. മഹാരാഷ്ട്രയില്‍ സി പി എം ഒരു ചെറിയ പാര്‍ട്ടിയാണ്. മറ്റു പല ചെറു കര്‍ഷക സംഘടനകളോട് ചേര്‍ന്ന് ഈ വലിയ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി (മാധ്യമ പ്രവർത്തകരുടെ വിലയിരുത്തല്‍ പ്രകാരം) 35000 ത്തോളം കര്‍ഷകരെ സംഘടിപ്പിച്ചത് വലിയൊരു കാര്യമല്ല. മഹാരാഷ്ട്രയുടെ അന്തരീക്ഷത്തില്‍ 180 കിലോമീറ്ററില്‍ ഇത്രയും പേര് നടത്തിയ കാൽനടജാഥ ശ്രദ്ധേയമാണ്. അതിലേറെ ശ്രദ്ധേയമാണ് മുംബെയില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി അവര്‍ക്ക് ലഭിച്ച ജനപിന്തുണ. ബി ജെ പി ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികളും നല്കിയ പിന്തുണ കണ്ട് അമ്പരന്ന ഫട്നാവിസ് നയിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പെട്ടെന്ന് തന്നെ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ പൊതുവില്‍ അംഗീകരിക്കുകയായിരുന്നു.
മോദി ഭരണത്തിന് കീഴില്‍ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുന്നു എന്ന് ആരോപിച്ചു കൊണ്ടുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ മിക്ക സംസ്ഥാനങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ സമരം ആരു സംഘടിപ്പിച്ചിരുന്നാലും ഫലം ഇത് തന്നെ ആകുമായിരുന്നു. ഈ പ്രക്ഷോഭത്തിന്റെ വന്‍ വിജയത്തിന് പിന്നിലുള്ള ഈ രാഷ്ട്രീയ പശ്ചാത്തലം വിസ്മരിച്ചുകൂടാ.
ഇത്തരമൊരു രാഷ്ട്രീയപശ്ചാത്തലം നിലനില്‍ക്കുന്നത് കൊണ്ട് ഈ കര്‍ഷക പ്രക്ഷോഭത്തിന്റെ വിജയം സി.പി.എമ്മിന് നല്കിയ രാഷ്ട്രീയ നേട്ടത്തിന്റെ മാറ്റ് തെല്ലും കുറയുന്നില്ല. ത്രിപുരയിലെ പരാജയം സൃഷ്ടിച്ച വന്‍തിരിച്ചടിക്ക് തൊട്ടു പിന്നാലെ ആയത് കൊണ്ട് ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിക്കുന്നതേയുള്ളൂ.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ്സിനോടാണ് പരാജയപ്പെട്ടതെങ്കില്‍ ത്രിപുരയിലത് ബി ജെ പിയോടായത് സി പി എമ്മിന് കനത്ത ആഘാതമാണ് ഏല്പിച്ചത്. കേരളത്തില്‍ അണികളോട് പറഞ്ഞ് നില്ക്കാന് തന്നെ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. സാധാരണക്കാരെ ബോധ്യപ്പെടുത്തുക കൂടുതല്‍ പ്രയാസമുള്ള കാര്യമായിരുന്നു. കോൺഗ്രസ്സിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ആദ്യം ശ്രമിച്ചത്. അതിനുവേണ്ടി അവതരിപ്പിച്ച വാദമുഖങ്ങള്‍ അങ്ങേയറ്റം ബാലിശമായിരുന്നു.
കോൺഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നതും കോൺഗ്രസ് വോട്ട് ബാങ്ക് ബി ജെ പിക്കു ലഭിച്ചതും ചൂണ്ടിക്കാട്ടിയാണ് സി പി എമ്മിന്റെ പരാജയത്തിന് കാരണം കോൺഗ്രസ് ആണെന്ന വിചിത്രമായ വാദം സി പി എമ്മിന്റെ പ്രമുഖ നേതാക്കള്‍തന്നെ ഉന്നയിച്ചത്.
മുന്‍തിരഞ്ഞെടുപ്പില്‍ സിപി എമ്മിന് ലഭിച്ച വോട്ടില്‍ ഏഴ് ശതമാനം കുറയുകയും അത് ബി ജെ പി ക്കു ലഭിക്കുകയും ചെയ്തതാണ് ബി ജെ പി വിജയത്തിന് കാരണമെന്നത് സ്പഷ്ടമായ സംഗതിയാണ്. എന്നിട്ടും സി പി എമ്മിന്റെ കേരള നേതാക്കളും അവരെ പിന്തുണയ്ക്കുന്ന പ്രകാശ കാരാട്ടിനെ പോലുള്ളവരും കോൺഗ്രസ്സിനെ പഴി ചാരുന്നതിനു പിന്നില്‍ കൂടുതല്‍ ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങളാണ് ഉള്ളതെന്ന് കാണാം.
ത്രിപുരയിലെ പരാജയത്തിന്റെ സാഹചര്യത്തില്‍ സി പി എമ്മിന്റെ ബംഗാള്‍ ഘടകം കോൺഗ്രസ്സുമായി കൂട്ടുകൂടണമെന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ച് കഴിഞ്ഞു. അതിനെ നേരിടാന്‍ വേണ്ടിയാണ് മറുപക്ഷം മുകളില്‍പ്പറഞ്ഞതു പോലുള്ള ബാലിശ വാദങ്ങള്‍ ഉന്നയിക്കുന്നത്. കോൺഗ്രസ്സുമായി കേരളത്തില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന ധാരണയാണ് കേരള സി പി എം പുലര്‍ത്തുന്നത്. ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് 2006 ലെ കേരള തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുള്ളതാണ്. കേന്ദ്രത്തില്‍ യു പിഎ സര്‍ക്കാരിന് സി പി എം പിന്തുണ നല്കുന്ന സാഹചര്യത്തില്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തി ഇടതുമുന്നണിയാണ് വിജയിച്ചത്.
ഇത്തരം വസ്തുതകള്‍ ആര്‍ക്കും നിഷേധിക്കാന്‍ ആകാത്തവിധം ഉയര്‍ന്നു നില്ക്കുമ്പോള് കേരള സി പി എമ്മിന്റെ ഈ കോൺഗ്രസ് ശത്രുതയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും നിഗൂഢ താല്പര്യങ്ങള് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. അതിനുള്ള ശരിയായ ഉത്തരം ഭാവി സംഭവവികാസങ്ങളില്‍നിന്നു പ്രതീക്ഷിക്കാം.
ത്രിപുര പരാജയത്തോടെ സി പി എം ഒരു കേരള പാർട്ടിയായി ചിത്രീകരിക്കപ്പെടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അഖിലേന്ത്യാ പാര്‍ട്ടിയെന്ന പ്രതിച്ഛായ വീണ്ടെടുക്കാന്‍ മഹാരാഷ്ട്രാ പ്രക്ഷോഭ വിജയം അവര്‍ക്ക് സഹായകമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചില ഗോത്രമേഖലകളിലും ട്രേഡ് യൂണിയന് രംഗത്തും മാത്രമേ ഈ പാര്‍ട്ടിക്ക് സാമൂഹ്യാടിസ്ഥാനം ഉള്ളൂ. എങ്കിലും ഈ കര്‍ഷക പ്രക്ഷോഭത്തിലൂടെ അവിടെ സാന്നിധ്യം തെളിയിക്കാന്കഴിഞ്ഞത് വലിയ നേട്ടം തന്നെയാണ്. പ്രത്യേകിച്ചും ത്രിപുര കഴിഞ്ഞുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍.
പക്ഷേ, മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അവസ്ഥ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൊത്തത്തിലുള്ള തകര്‍ച്ചയുടെ ചരിത്രത്തെ കുറിച്ച് ചിന്തിച്ചുപോകും.
1920-കളില്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് മുംബെയിലെ തൊഴിലാളി രംഗത്താണ്. ഇത്ര വലിയ ചരിത്രമുള്ള ആ പ്രസ്ഥാനം ഇപ്പോഴാകട്ടെ താന, നാസിക് തുടങ്ങിയ അപൂര്‍വ്വം ജില്ലകളിലെ ഗോത്രമേഖലകളില്‍ നിന്നു മാത്രം ഒന്നോ രണ്ടോ നിയമസഭാ സാമാജികരെ മാത്രം ജയിപ്പിക്കാന്‍ കഴിയുന്ന ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയാണ്.
തൊഴിലാളി രംഗത്ത് ഇപ്പോഴും ചെറിയ സാന്നിധ്യമുണ്ടെങ്കിലും മഹാരാഷ്ട്രയിലെ വിശാലമായ ഗ്രാമങ്ങളിലേക്ക് കമ്മ്യൂണിസ്റ്റു പ്രസ്ഥാനം കടന്നു ചെന്നതേയില്ല. ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്ന ഗോദാവരി പരുലേകര് താനയിലെ ഗോത്രജന വിഭാഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും നാസിക്കിലേക്ക് അത് വ്യാപിപ്പിച്ചതിന്റെയും ബാക്കിപത്രമാണ് ഇപ്പോള്‍ അവിടെ കാണുന്നത്.
മഹാരാഷ്ട്രയിലെ ഒരു ദലിത് പ്രവര്‍ത്തകനെ വിവാഹം ചെയ്ത് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ അമേരിക്കക്കാരിയായ സാമൂഹ്യ ഗവേഷക ഗെയില്‍ ഓംവേദത് മഹാരാഷ്ട്രയിലെ കമ്മുണിസ്റ്റു പരാജയത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വര്‍ഗ സമരത്തെകുറിച്ചുള്ള യാന്ത്രികധാരണകള് പുലര്‍ത്തിയിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ജാതിയുടെ ചലനനിയമങ്ങള്‍ മനസ്സിലാക്കുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
മുംബെയിലെ തുണിമില്ലുകളില്‍ വന്‍തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കിയിരുന്ന കമ്മുണിസ്റ്റുകാര്‍ ജാതിയുമായി ബന്ധപ്പെട്ട് ഒരു തൊഴില്‍പ്രശ്നം നേരിടുകയുണ്ടായി. മില്ലിലെ തറികളില്‍ നൂല് പൊട്ടുമ്പോള്‍ തൊഴിലാളികള്അത് യോജിപ്പിച്ചിരുന്നത് ഉമിനീര് ഉപയോഗിച്ചാണ്. ഏതെങ്കിലും മില്ലിലെ തറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അയിത്തജാതിക്കാരാണെങ്കിൽ ആ മില്ലിലെ തുണികള്‍ വിറ്റ്പോകില്ല എന്ന അവസ്ഥ ഉണ്ടായിരുന്നു.
മില്ലുടമകള്‍ ജാതി നോക്കി തൊഴില്‍ നിശ്ചയിച്ചു കൊടുക്കുന്ന രീതിയുമായി പൊരുത്തപ്പെട്ടുപോകാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, അവരുടെ മുന്നില്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. അതോടെ ജാതിപ്രശ്നം തങ്ങള്‍ക്കു തൊടാന്‍ പറ്റാത്ത വിഷയമാണ് എന്ന ധാരണയിലാണ് ഡാങ്കെയും കൂട്ടരും എത്തിച്ചേര്‍ന്നത്.
അക്കാലത്ത് മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളില്‍ കേരളത്തിലെ ശ്രീ നാരായണ പ്രസ്ഥാനത്തെക്കാളും ഉശിരന്‍ സ്വഭാവത്തിലുണ്ടായിരുന്ന മഹാത്മാ ഫൂലെയുടെ ബ്രാഹ്മണവിരുദ്ധ മൂല്യങ്ങളിൽ അടിയുറച്ച ‘സത്യ ശോധക് സമാജ്’ എന്ന പ്രസ്ഥാനം അലയടിക്കുന്നുണ്ടായിരുന്നു. അത് ജാതി പ്രസ്ഥാനം എന്നു കരുതി കമ്മ്യൂണിസ്റ്റുകാര്‍ അതിനോട് മുഖം തിരിച്ചു നിന്നു. ഫലമോ, നേരത്തെ പറഞ്ഞ ഗോത്രമേഖലകളില്‍ ഒഴികെ മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഇതു തന്നെയാണ് തമിഴ്നാട്ടിലും സംഭവിച്ചത്. രാമസ്വാമിനായ്ക്കരുടെ ദ്രാവിഡ കഴകം അവിടെ ശക്തമായിരുന്നപ്പോള്‍ ട്രേഡ് യൂണിയന് രംഗത്ത് സജീവമായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ അതിനോടും മുഖം തിരിച്ചു നിന്നു. മഹാരാഷ്ട്രയിലെ ഫലം തന്നെ അവിടെയും ഉണ്ടായി.
കേരളത്തില്‍മാത്രമാണ് വ്യത്യസ്തമായ ഒരു സമീപനം കണ്ടത്. ഗുരുവായൂര്‍ സത്യാഗ്രഹം പോലുള്ള സാമൂഹ്യപ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന പി കൃഷ്ണപിള്ളയും എ കെ ഗോപാലനും പോലുള്ള പഴയ കോൺഗ്രസ്സുകാർ, കോൺഗ്രസ് സോഷ്യലിസ്റ്റുകളാകുകയും പിന്നീട് കമ്മ്യൂണിസ്റ്റുപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അവർ ആദ്യമെടുക്കുന്ന തീരുമാനം ശ്രീനാരായണ, അയ്യങ്കാളി പ്രസ്ഥാനങ്ങളില്‍ കടന്നു കയറാനാണ്. പ്രയോഗികാനുഭവങ്ങളില് നിന്നാണ് അവർ ആ തീരുമാനം എടുത്തത് എന്നു കാണാം.
അന്നും ഇന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗ്ഗവും ജാതിയും തമ്മിലുള്ള ബന്ധവും അന്തരവും സൈദ്ധാന്തികമായി മനസ്സിലാക്കാന്‍ ആയിട്ടില്ല. ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയവര്‍ക്ക് ഇനിയും മനസ്സിലാക്കാന്ആകുമന്ന് കരുതുന്നതിലും അര്‍ത്ഥമില്ല.
പഴയ കമ്മ്യൂണിസ്റ്റുകാരുടെ പ്രയോഗിക സമീപനം കാരണം കേരളത്തിലെ ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാമൂഹ്യാടിസ്ഥാനം ഉണ്ടായി. പക്ഷെ ഇപ്പോള്‍ അവര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ഹിന്ദുത്വശക്തികള്‍ ശ്രമിക്കുമ്പോള്‍ ബദല്ശോഭയാത്രകള് സംഘടിപ്പിക്കാന്‍ നടക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഗതികേടിൽ നിന്നു തന്നെ അവരുടെ അവസ്ഥ സങ്കല്പിക്കാം. മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷകരില്‍ ഭൂരിപക്ഷവും ഗോത്രവര്ഗക്കാരായത് എന്തുകൊണ്ടാണെന്നും അവര്‍ അന്വേഷിക്കുകയില്ല.
മഹാരാഷ്ട്രയിലെ ഈ കർഷക പ്രക്ഷോഭത്തിന്റെ വിജയാവേശം തണുക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലെ സിപി എമ്മിന്റെ ചെങ്കോട്ടയെന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന കണ്ണൂരിൽ നടന്നത് മറ്റൊന്നാണ്. അധികാരം കൈവശമുളളതിന്റെ ധാർഷ്ട്യം വെളിപ്പെടുത്തന്നതായിരുന്നു അത്.
കണ്ണൂരിലെ കീഴാറ്റൂരിൽ സി പി എം പ്രവർത്തകരാണെന്ന് അവകാശപ്പെടുന്നവരുൾപ്പടെ നടത്തുന്ന സമരത്തെ കൈയൂക്ക് കൊണ്ട് സി പി എം നേരിടുന്നതാണ് കണ്ടത്. ‘വയൽക്കിളികൾ’ എന്ന പേരിൽ രൂപം കൊണ്ട സംഘടനയുടെ വയൽ നികത്തുന്നതിനെതിരയുളള സമരത്തെയാണ് പൊലീസും സി പി എമ്മും അടിച്ചമർത്താൻ ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭത്തെ ആഘോഷിച്ചു തീരുന്നതിന് മുമ്പാണിത് എന്ന് ഓർക്കണം.
ഈ സമരത്തിന്റെ ആവശ്യത്തെയും അതിന്റെ ന്യായന്യായങ്ങളെയും കുറിച്ചുളള ജനാധിപത്യപരമായ ചർച്ചകൾക്കും ഉത്തരാവദിത്വത്തോടെയുളള നടപടികൾക്കും പകരം കൈയ്യൂക്കിന്റെ കളിക്കളത്തിലേയ്കാണ് സി പി എമ്മിനെ അതിന്റെ ധാർഷ്ട്യം കൊണ്ടു ചെന്നെത്തിക്കുന്നത്.
ഇതിന് മുമ്പ് ഇതേ പാതയിലായിരുന്നു അധികാരം കൈവശമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും സി പി എം സഞ്ചരിച്ചത്. അന്ന് അവിടെ വിമർശനമുയർത്തിയവരൊക്കെ അടിച്ചമർത്തപ്പെട്ടു. അവസാനം സി പി എമ്മിന് അവിടങ്ങളിൽ നേരിട്ട കനത്ത തിരിച്ചടി അവർക്ക് കേരളത്തിൽ പാഠമാകുന്നില്ല എന്ന യാഥാർത്ഥ്യം കൂടി ഈ കർഷക സമരം നമുക്ക് മുന്നിൽ തുറന്നിടുന്നു.