scorecardresearch
Latest News

മധ്യവർഗത്തിന്റെ മാനിഫെസ്റ്റോയും മാർക്സിന്റെ താടിയും

മാർക്സിനെ വിട്ട് മധ്യവർഗത്തിന്റെ പ്രത്യശാസ്ത്രത്തെ പുണരുകയാണ് സി പി എം ചെയ്യുന്നത്. നേരത്തെ ആ അവിശുദ്ധ ബന്ധത്തിന് ഒരു മറയുണ്ടായിരുന്നുവെങ്കിൽ പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ വികസനം എന്ന കാഴ്ചപ്പാട് മുൻനിർത്തി ആ മറ നീക്കി തുടങ്ങിയിരുന്നു. ഇപ്പോൾ ഈ സംസ്ഥാന സമ്മേളത്തോടെ ആ മറ തന്നെ ഇല്ലാതാക്കുകയാണെന്നാണ് ഈ കരട് രേഖ സംബന്ധിച്ച വാർത്തകൾ വ്യക്തമാക്കുന്നത്

cpim state conference , opinion, raja ram, iemalayalam

സി പി എമ്മിനെ സംബന്ധിച്ചടത്തോളം പല കാരണങ്ങളാൽ പ്രസക്തമാണ് എറണാകുളത്ത് സമാപിച്ച സംസ്ഥാന സമ്മേളനം. കേരളത്തിലെ ചരിത്രത്തിലാദ്യമായി തുടർഭരണം കിട്ടിയ സി പി എം, തുടർഭരണത്തിലെ ഒന്നാം വർഷം പൂർത്തിയാകുന്നതിനിടയിൽ നടക്കുന്ന സമ്മേളനം. ഒരുപക്ഷേ, ഭരണത്തുടർച്ചയിലെ മുന്നോട്ടുള്ള വഴിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ സമ്മേളനം.

പുതിയമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ വന്നു എന്നതുപോലെ തന്നെ, പാർട്ടിയുടെ നയത്തിലും പാർട്ടിക്കും പുതിയ മുഖം വരുന്നു എന്ന് വിരൽ ചൂണ്ടുന്നതാണ് സമ്മേളനത്തിൽ അവതരിപ്പിച്ച രേഖ. വിദ്യാഭ്യാസം മുതൽ വ്യവസായം വരെ മറയില്ലാത്ത മാറ്റത്തിനാണ് സി പി എം തയ്യാറാകുന്നതെന്നാണ് ഈ രേഖ സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസം മുതൽ വ്യവസായം വരെ സമസ്ത മേഖലകളിലും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള കൂറോ സമീപനമോ മൂലധനത്തെ കുറിച്ച് മാർക്സിസ്റ്റ് വീക്ഷണത്തിൽ അധിഷ്ഠിതമായ കാഴ്ചപ്പോടോ അല്ല സി പി എം സമ്മേളനത്തിൽ ചർച്ച ചെയ്ത രേഖയുടെ ഉള്ളടക്കമെന്നാണ് വന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കിഫ്ബി മുതൽ കെ റയിൽവരെയുള്ള വിഷയങ്ങളിലെ സർക്കാരിന്റെയും സി പി എമ്മിന്റെയും സമീപനം വച്ച് ആലോചിച്ചാൽ ഈ വാർത്ത ശരിയാകാനേ സാധ്യതയുള്ളൂ.

2016 ൽ അധികാരമേറ്റ ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഈ സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങളിൽ ശ്രദ്ധേയമായ മാറ്റം കാണാൻ സാധ്യമാകും. ഒന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ അതിശക്തമായ പൊലീസ് വിമർശകരായിരുന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മുതൽ പാർട്ടിയുടെ താഴെതട്ടിലെ അണികൾ വരെ. എന്നാൽ, ഭരണം ലഭിച്ച് പിണറായി ആഭ്യന്തര വകുപ്പ ഏറ്റെടുത്തതിന് ശേഷം കോവിഡ് ലോക്ക് ഡൗൺകാലത്ത് കമാൻഡോയെ ഇറക്കുന്നതും പൊലീസ് ശിക്ഷാ നടപടികൾ വിധിക്കുന്നതും ഏറ്റുമുട്ടൽ കൊലകളും ലോക്കപ്പ് കൊലപാതകങ്ങളുമൊക്കെ കേരളത്തിൽ സാധാരണമായി മാറിയ കാഴ്ചയാണ് ഉണ്ടായത്. പിണറായിയുടെ പാവം പൊലീസിൽ മുഴുവൻ ആർ എസ് എസുകാർ എന്നാണ് ഭക്തജനസംഘത്തിന്റെ സത്സംഗം. എന്നാൽ, ഇതേ പൊലീസ് തന്നെയല്ലേ, നായനാരും ആന്റണിയും വി എസും എന്തിന് തൊട്ടുമുമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും ഭരിച്ചപ്പോഴും ഉണ്ടായിരന്നത്. അന്ന് അവരെ ആക്ഷേപിച്ചവരാണ് ഇന്ന് ന്യായീകരണ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത്.

അതുപോലെ അന്നുമുതലുള്ള മറ്റൊരു നീക്കമാണ് മൂലധന നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങൾ.കിഫ്ബിയുടെ നടപടികൾ അതിന് ഏറ്റവും നല്ല ഉദാഹരണമായിരന്നു. എന്നാൽ പൊലീസും കിഫ്ബിയുമൊക്കെ ഒന്നാം പിണറായിക്കാലത്ത് എന്നതുപോലെ രണ്ടാം പിണറായി സർക്കാരിലും സർക്കാരിന്റെ ഇഷ്ടഭാജനങ്ങൾ തന്നെയാണ്. അതിനാൽ അതിൽ രണ്ടിലും എന്തു സംഭവിച്ചാലും ന്യായീകരിക്കാൻ മുഖ്യമന്ത്രി മുതൽ പാർട്ടിയുടെ അനുഭാവി, അനുയായികൾ വരെ ഉണ്ടാകും.

എന്തൊക്കെയായലും പൊലീസിനെ കയറൂരി വിട്ട് എല്ലാ അതിക്രമത്തെയും ന്യായീകരിക്കുകയും ആഭ്യന്തരവകുപ്പ് കയ്യാളുന്ന പിണറായി വിജയനോടും കിഫ് ബിയും കെ റെയിലുമൊക്കെയായി വികസന നായക വേഷം കെട്ടിയാടുന്ന മുഖ്യമന്ത്രി മുഖ്യമന്ത്രിയും ആ നിലപാടുകളും കേരളത്തിലെ സി പി എമ്മിലെ ഏറ്റവും വലിയ മാറ്റത്തിന്റെ അടയാളമാണ്. കേരളത്തിൽ ഏറ്റവും സ്വാധീനശേഷിയുള്ള മധ്യവർഗത്തിനിടയിൽ സി പി എമ്മിന് കാര്യമായ സ്വാധീനം നേടിക്കൊടുത്തവയാണ് ഇതെന്നും അതാണ് തുടർഭരണത്തിന് കാരണമായതെന്നും സി പി എമ്മിലെ വലിയൊരു നേതൃവിഭാഗം വിശ്വസിക്കുന്നുണ്ട്. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മധ്യവർഗത്തിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിന് ഏറ്റവും വലിയ പങ്ക് വഹിക്കാൻ കഴിയുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. അല്ലെങ്കിൽ എൽ ഡി എഫ് ഭരിക്കുമ്പോഴാണ് എന്ന നിലപാടിനെ സാധൂകരിക്കുന്നതാണ് പുതിയ കരട് രേഖയിലെ ഉള്ളടക്കം.

തൊഴിലാളി വർഗ പാർട്ടി എന്ന നിലയിൽ നിന്നും മധ്യവർഗ താൽപര്യസംരക്ഷണ പാർട്ടി എന്ന നിലയിലേക്കുള്ള മാറ്റം സി പി എം വ്യവസ്ഥാപിതമാക്കുന്നുവെന്നതിനുള്ള തെളിവാണ് പാർട്ടി രേഖയിലെ നയവ്യതിയാനം. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസമേഖലയിലെ പി ത്രീ കൺസെപ്റ്റ്, പൊതുമേഖല ലാഭകരമാക്കാൻ സർക്കാരില്ല എന്ന വാദം, അതിലെല്ലാമുപരി തൊഴിലാളികളോടുള്ള സമീപനത്തിൽ വന്നിട്ടുള്ള വ്യത്യാസം, മൂലധന നിക്ഷേപത്തോടുള്ള സമീപനം എന്നിവയിലൊക്കെ മാർക്സിസ്റ്റ് സമീപനത്തിൽ നിന്നും മാറി മധ്യവർഗ പ്രത്യയശാസ്ത്രമാണ് സി പി എം ഇപ്പോൾ ഉയർത്തിപ്പിടിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഇത്.

വിദ്യാഭ്യാസമേഖലയിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കും കർണാടകത്തിലേക്കും പോകുന്ന പൈസ (അത് പച്ചക്കറിയും അരിയും വാങ്ങാൻ ഇതേ സംസ്ഥാനങ്ങളിലേക്ക് പോകുന്ന പൈസയുടെ നാലിലൊന്ന് എങ്കിലും വരുമായിരുന്നില്ല) കേരളത്തിൽ നിലനിർത്താൻ എന്ന പേരിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് കേരളത്തിൽ പ്രൊഫഷണൽ രംഗത്ത് സ്വാശ്രയ കോളജുകൾ ആരംഭിച്ചത്. ഇപ്പോൾ ഈ അവസ്ഥ കേരളത്തിലെല്ലാർക്കും അറിയാം പുറത്ത് കോളജുകളിൽ പോയി പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി എന്ന് മാത്രമല്ല,കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ, സാമൂഹികമായി കൂടുതൽ അസ്വസ്ഥവും സങ്കീർണ്ണവുമാക്കി അത് മാറ്റി എന്നതും യാഥാർത്ഥ്യമാണ്.

ഇപ്പോൾ, കോവിഡ് ഒന്നാം തരംഗ കാലത്ത് വിവിധ വിദേശ സ്ഥലങ്ങളിലുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ വാർത്തയായിരുന്നു. കേരളത്തിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് തന്നെ ചൈനയിൽ പഠിക്കുന്ന കുട്ടി കേരളത്തിലേക്ക് വന്നപ്പോഴായിരുന്നു എന്നും ഓർക്കുക. യുക്രൈൻ – റഷ്യ യുദ്ധം വന്നപ്പോൾ യുക്രൈനിൽ പഠിക്കുന്ന (പ്രത്യേകിച്ച് മെഡിസിൻ) മലയാളി വിദ്യാർത്ഥികളുടെ വാർത്ത വരുന്നുണ്ട്. യുക്രൈനിൽ മാത്രമല്ല, ചൈനയിലും നേപ്പാളിലും ബെലാാറൂസിലും ജോർജിയയിലും തമിഴ്നാട്ടിലും കർണാകടത്തിലും പ്രൊഫഷണൽ കോഴ്സുകൾ (എൻജിനിയറിങ്ങും മെഡിസിനും) പഠിക്കുന്നവരിൽ നല്ലപങ്കും മലയാളികളാണ് എന്നറിയുമ്പോഴാണ് അന്നത്തെ സർക്കാരും അതിനെ അനുകൂലിച്ചവരും പറഞ്ഞ പൈസ പുറത്തേക്കു പോകുന്ന വാദത്തിലെ നിർത്ഥകതയും മണ്ടത്തരവും കൂടുതൽ വെളിപ്പെടുന്നത്. മുതൽമുടക്കാൻ ശേഷിയുള്ളവരെ പ്രീതിപ്പെടുത്തുകയെന്നതും എൻജിനിയറിങ് കോളജ് മുതലാളി, മെഡിക്കൽ കോളജ് മുതലാളി എന്ന് ചിലർക്ക് അറിയപ്പെടാനുള്ള അവസരം ഒരുക്കുകയുമാണ് അത് ചെയ്തത്. അത് സൃഷ്ടിച്ച സാമൂഹിക സംഘർഷങ്ങളെ രജനി എസ് ആനന്ദ് എന്ന പെൺകുട്ടിയുടെ ആത്മഹത്യ മാത്രമല്ല, അറിയപ്പെടാത്ത ഒട്ടേറെ മാനസിക സംഘർഷങ്ങളുടെ അർദ്ധവിരാമാ ജീവിതങ്ങളുടെയും യാഥാർത്ഥ്യങ്ങൾ അറിയപ്പെടാതെയുണ്ട്.

അത്തരം വിഷയങ്ങളൊന്നും ആലോചിക്കാതെ കഴിഞ്ഞ കാലത്ത് കോൺഗ്രസ് സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച അതേ പി പി പി മോഡൽ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുന്നതിനാണ് സി പി എം കൊടി കാണിക്കുന്നത്. ചുവന്ന കൊടിയുടെ അർത്ഥം മാറ്റി പഠിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അത് തരാതരം പോലെ മധ്യവർഗ താൽപ്പര്യത്തിന് അനുസൃതമായി വീശുന്നതാണ് സി പി എമ്മിലെ അധികാര നയം.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാനുള്ള ചുമതല അവിടുത്തെ ജീവനക്കാർക്ക് മാത്രമാണ് എന്ന പ്രഖ്യാപനം അതീവ ഗുരതര പ്രത്യാഘാതമായിരിക്കും കേരളീയ സമൂഹത്തിന് മേൽ സൃഷ്ടിക്കുക. പൊതുമേഖല ജനസേവനത്തിന് ഉള്ളതാണെന്ന് കാഴ്ചപ്പാടിനെയാണ് ഇത് അട്ടിമറിക്കുന്നത്. പൊതുമേഖലയിലെ ആരോഗ്യ സംവിധാനങ്ങളാണ് കേരളത്തിൽ എക്കാലത്തെയും വലിയൊരു മാതൃക. സ്വകാര്യ ആശുപത്രികളെ വൻകിട ചികിത്സ താങ്ങാൻ സാധിക്കാത്താ ഇടത്തരക്കാരെയും പാവപ്പെട്ടവരെയും തുണയ്ക്കുന്നത് കേരളത്തിലെ സർക്കാർ ആശുപത്രികളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ സർക്കാർ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികളിലെ രോഗികളുടെ തിരക്ക് കേരളത്തിലെ ആരോഗ്യ രംഗത്തെ പൊതുമേഖലയുടെ പ്രസക്തി വിളിച്ചോതുന്നതാണ്.

ഇതേ പ്രസക്തി തന്നെയാണ് കേരളത്തിലെ ഗതാഗതത്തിലെ നട്ടെല്ലായ കെ എസ് ആർ ടി സി വഹിക്കുന്നതും. യാത്രക്കാരുടെ എണ്ണമോ സമയമോ നോക്കാതെ ഉൾപ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്ന കെ എസ് ആർ ടി സി സാധാരണ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആശ്രയമാണ് എന്ന് ഓർക്കണം. അവർ ലാഭത്തിന് വേണ്ടിയല്ല. ജനങ്ങളുടെ സൗകര്യമാണ് പൊതുമേഖലയുടെ ലക്ഷ്യം. അത് ഗതാഗത്തിലായാലും വിദ്യാഭ്യാസത്തിലായും ആരോഗ്യത്തിലായാലും ലാഭമല്ല ലക്ഷ്യം സമൂഹത്തിന്റെയും ജനങ്ങളുടെയും വികസനവും ക്ഷേമവുമാണ്. അതിനാൽ അവയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാണ് ഇതായിരുന്നു അടുത്തകാലം വരെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണ് എന്ന് പറയുമ്പോൾ ഉദാഹരണ സഹിതം സി പി എം നേതാക്കളും അണികളും ഉൾപ്പടെ വാദിച്ചിരുന്നത്. ഈ വാദങ്ങളെ മുഴുവൻ ഒരൊറ്റവരിയിലൂടെ റദ്ദ് ചെയ്യുകയാണ് സംസ്ഥാന സമ്മേളനത്തിലെ കരട് രേഖ.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നത്തെ നിലയിലായതിൽ ചോരയും നീരും ജീവനും ജീവിതവും കൊടുത്തത് പ്രധാനമായും ഇവിടുത്തെ തൊഴിലാളികളാണ്. കർഷക, കയർ, കൈത്തറി, ബീഡി, ചുമട്ട് തുടങ്ങി സമസ്ത മേഖലയിലെയും തൊഴിലാളികളായിരുന്നു ഈ പാർട്ടിയുടെ അടിത്തറയും മേൽക്കൂരയുമെല്ലാം. അധികാരത്തണത്തലിൽ പിന്നെ അത് എൻ ജി ഒകളുടെയും ഗസറ്റഡ് ഓഫീസർമാരുടെയും സർക്കാർ, സ്വകാര്യ സ്കൂൾ, കോളജ് അധ്യാപകരുടെയും സ്വാധീന വലയത്തിലായി.

1970 കളിൽ ശക്തമായ ഗൾഫ് പ്രവാസം ആദ്യകാലത്ത് ഗൾഫിലെ തൊഴിലാളികളുടെ ആശയബദ്ധ സ്വപ്നവുമായി കേരളത്തിലെ പാർട്ടി. എന്നാൽ, 90 കൾക്ക് ശേഷം ഇതെല്ലാം മാറി. ഐക്യ കേരള രൂപീകരണത്തിന് മുമ്പ് തന്നെ തൊഴിലാളികൾ എന്നത്, മധ്യവർഗത്തിന്, പ്രത്യേകിച്ച് ഉപരിമധ്യവർഗത്തിന്, ജന്മിമാർക്കും മുതലാളിമാർക്കും കാര്യസ്ഥന്മാർക്കുമൊക്കെ കണ്ണെടുത്താൽ കണ്ടുകൂടാത്തവരായിരുന്നു. പിന്നീട് സർക്കാർ ഉദ്യോഗസ്ഥരും ആ ഗണത്തിൽ വന്നു. കേരളത്തിലെ മുഖ്യധാര പത്രങ്ങളില്‍ വന്നിരുന്ന കാർട്ടുണുകളിൽ തൊഴിലാളികൾ അധിക്ഷേപിക്കപ്പെട്ടു. അതിൽ വർഗപരമായ അധിക്ഷേപം മാത്രമായിരുന്നില്ല, ജാതിപരമായ അടിയൊഴുക്കുമുണ്ടായിരുന്നുവെന്ന് സൂക്ഷ്മമായി നോക്കിയാൽ തെളിഞ്ഞു കാണാൻ സാധിക്കും.

1990കളിലെ ആഗോളവൽക്കരണ കാലത്ത് തൊഴിലാളികൾക്കെതിരായ നീക്കം അതിശക്തമായി. ചെറുത്ത്നിൽപ്പ് ഏതാണ്ട് അസാധ്യമായി. ഇതേ കാലയളവിൽ 90കളുടെ രണ്ടാം പകുതിയിലാണ് വി എസ് അച്യുതാനന്ദൻ വിഭാഗം സി പി എമ്മിലെ സി ഐടിയു വിഭാഗത്തെ വെട്ടിനിരത്തിയത്. അന്ന് വി എസ്സിനൊപ്പം പടനയിച്ച നേതാവാണ് പിണറായി വിജയൻ എന്നത് കൂടി ഓർക്കുമ്പോഴാണ് ഇപ്പോഴത്തെ തൊഴിലാളി വിരുദ്ധ, മൂലധന സംരക്ഷണാർത്ഥ കരുനീക്കങ്ങളുടെ കാലപ്പഴക്കം തിരിച്ചറിയാൻ കഴിയുന്നത്. അന്ന് വി എസ്സിനൊപ്പം കാൽപ്പനിക ചിത്രമെഴുതി നിലകൊണ്ട നേതാക്കളൊക്കെ ഇന്ന് പിണറായിയുടെ വികസന സങ്കൽപ്പങ്ങളുടെ ചിറകിലേറി പറക്കുകയാണ്.

മാർക്സിനെ വിട്ട് മധ്യവർഗത്തിന്റെ പ്രത്യശാസ്ത്രത്തെ പുണരുകയാണ് സി പി എം ചെയ്യുന്നത്. നേരത്തെ ആ അവിശുദ്ധ ബന്ധത്തിന് ഒരു മറയുണ്ടായിരുന്നുവെങ്കിൽ പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ വികസനം എന്ന കാഴ്ചപ്പാട് മുൻനിർത്തി ആ മറ നീക്കി തുടങ്ങിയിരുന്നു. ഇപ്പോൾ ഈ സംസ്ഥാന സമ്മേളത്തോടെ ആ മറ തന്നെ ഇല്ലാതാക്കുകയാണെന്നാണ് ഈ കരട് രേഖ സംബന്ധിച്ച വാർത്തകൾ വ്യക്തമാക്കുന്നത്.

ഈ നയം മാറ്റം പോലൊരു നയംമാറ്റം കാണാൻ സാധിക്കുക ബംഗാളിലെ തുടർഭരണകാലത്തായിരന്നു. ജ്യോതിബസുവിന്റെ കാലത്ത് തുടങ്ങിയതാണെങ്കിലും അതിന് ആക്കം കൂടിയത് ബുദ്ധദേബിന്റെ കാലത്തായിരന്നു. അതുപിന്നീട് എന്ത് സംഭവിച്ചു എന്ന് ഇന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ബംഗാളിൽ മാത്രമല്ല. തുടർഭരണത്തിലിരുന്ന ത്രിപുരയിലും സ്ഥിതി വ്യത്യസ്തമായല്ല സംഭവിച്ചത്. ബംഗാളിലും ത്രിപുരയിലുമുള്ള സ്ഥിതിയല്ല കേരളത്തിലേത്. ബംഗാളിലെയും ത്രിപുരയിലെ പോലെയല്ല കേരളത്തിലെ സാമൂഹിക സാമ്പത്തിക ഘടനയല്ല കേരളത്തിലുള്ളതും എന്നതാണ് സി പി എമ്മിനെ സംബന്ധിച്ച് ഈ നിലപാട് സ്വീകരിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം.

കേരളത്തിൽ സി പി എമ്മിന് പിന്തുണ നൽകുന്ന മധ്യവർഗമുണ്ട്. അവരാണ് കേരളത്തിലെ ഏറ്റവും വലിയ ശക്തി അവർ ഒപ്പമുള്ളപ്പോൾ കേരളത്തിൽ പാർട്ടി നിലനിൽക്കും ബംഗാളും ത്രിപുരയൊന്നുമാവില്ല എന്നാണ് സി പി എമ്മിലെ നയം മാറ്റാത്തെ അനുകൂലിക്കുന്നവരുടെ വാദം. പഴയതുപോലുള്ള തൊഴിലാളിവർഗ മുന്നേറ്റവും വിപ്ലവുമൊക്കെ ആവേശം കൊള്ളിക്കാനുള്ളവ മാത്രമാണ് എന്ന തിരിച്ചറിവാണ് ഇപ്പോഴുള്ളത്. പുതിയകാലത്തെ വിപ്ലവം എന്നാൽ വികസനമാണ്. അതിന് വേണ്ടിയുള്ളതാണ് സർക്കാരുകളുടെ നടപടികൾ. സർക്കാർ എന്ന സങ്കൽപ്പം തന്നെ പഴയ കാലത്ത് നിന്നും ഏറെ മാറിയിരിക്കുന്നു. അങ്ങനെ കാലത്തിനൊത്ത് മാറുകയാണ് പാർട്ടി എന്നാണ് അവർ തങ്ങളുടെ വാദത്തെ സാധൂകരിക്കുന്നത്. ആ വാദവും അതിന് വേണ്ടിയുള്ള നയംമാറ്റവും ആ കാഴ്ചപ്പാടിൽ ശരിയായിരിക്കാം പക്ഷേ, ആ മധ്യവർഗത്തിന്റെ മാനിഫെസ്റ്റോയ്ക്ക് മുന്നിൽ മാർക്സിന്റെ താടിക്ക് എന്ത് പ്രസക്തി.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Cpm state conference shift from ideology to aspirations of burgeoning middle class