സി.പി.എമ്മിലെ കരുത്തനായ എം എല്‍ എയായ പി.കെ.ശശിക്കും കൂടതല്‍ ബലവാനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനുമെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമണ ആരോപണങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ട രീതി ആരെയും അത്ഭുതപ്പെടുത്തും വിധം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. ഷൊര്‍ണൂര്‍ എം.എല്‍.എ.യും സി.പി.എം. പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും ആയ ശശി കരുത്തനായ പ്രാദേശിക നേതാവാണ്. ശശിക്കെതിരെ ഡി വൈ എഫ് ഐ യുടെ പ്രാദേശിക വനിതാ നേതാവാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ പരാതി ഉന്നയിച്ചത്. ഓഗസ്റ്റ് അവസാനമായിട്ടും ഒരു നടപടിയും ഇല്ലാതെ വന്നപ്പോഴാണ് വിഷയം കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലും ജനങ്ങളുടെ മുന്നിലും എത്തിയത്. പക്ഷെ എന്നിട്ടും ഇതൊരു പാര്‍ട്ടി വിഷയമായി ഒതുക്കി നിര്‍ത്താന്‍ എം എല്‍എയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞിരിക്കുന്നു.
സാധാരണയായി ഇത്തരമൊരു വിഷയം പരസ്യമായാല്‍ പൊലീസ് ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു നടപടികളുമായി മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷെ ഇവിടെ ഒന്നുമുണ്ടായില്ല. പരാതിക്കാരി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന ഔപചാരിക യുക്തി ഉന്നയിക്കപ്പെട്ടി ട്ടുമുണ്ട്. യഥാര്‍ഥത്തില്‍ പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ പരാതിക്കാരിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി നല്കിക്കാതിരിക്കുകയാണ് ചെയ്തത്. മാത്രമല്ല, ഒരുവശത്ത് ഭീഷണിയും മറുവശത്ത് പ്രലോഭനവുമായിട്ടാണ് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പരാതി പിന്‍വലിക്കു കയാണെങ്കില്‍ ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ഉണ്ടായിരുവെന്ന ആരോപണങ്ങളും ഉയർന്നു കഴിഞ്ഞു.

അധികാരത്തിലുള്ള പാര്‍ട്ടിയുടെ മുൻകൈയിലാണ് ഇതെല്ലാം നടക്കുന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം പല മടങ്ങ് വര്‍ധിപ്പിക്കുന്നത്. അധികാരത്തിലിരിക്കുമ്പോഴും പാര്‍ട്ടി അധികാരവും സര്‍ക്കാര്‍ അധികാരവും തമ്മിലുള്ള അന്തരം തിരിച്ചറിയാത്തവരാണ്, അഥവാ തിരിച്ചറിയാന്‍ വിസമ്മതിക്കുന്നവരാണ് ഇക്കൂട്ടര്‍ എന്നതും യാഥാര്‍ത്ഥ്യമാണ്. അവരെ അത് മനസ്സിലാക്കിക്കാനും എളുപ്പമല്ല. പാര്‍ട്ടി അധികാരത്തിനു പുറത്ത് മറ്റൊന്നും അവര്‍ക്ക് കാണാനാവില്ല. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ തനതായ അസ്ഥിത്വമുള്ള നിയമവ്യവസ്ഥയാണ് നിര്‍ണായക ഘടകം. അവിടെ അധികാര സംവിധാനത്തിന്റെ വിവിധ ഘടകങ്ങളായ നിയമനിര്‍മാണ സഭകള്‍, നീതിന്യായവ്യവസ്ഥ, നിര്‍വഹണവിഭാഗം, മാധ്യമലോകം എന്നിവയുടെ താരതന്യേന സ്വതന്ത്രമായ പ്രതിപ്രവര്‍ത്തനമാണ് ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ഈ നാല് തൂണുകളെയും താങ്ങി നിര്‍ത്തുന്നത് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി എന്ന ഒറ്റ തൂണാണ്. എല്ലാ രാഷ്ട്രീയപ്രക്രിയകളെയും അന്തിമമായി നിര്‍ണയിക്കുന്നത് ആ തൂണാണ്. ഈ കമ്മ്യൂണിസ്റ്റ് അധികാര സങ്കല്‍പ്പമാണ് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരെയും നയിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കപ്പെട്ട സ്ത്രീപീഡന വിഷയത്തെ പാർട്ടി കാര്യമായി ഒതുക്കി തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയെ തന്നെയാണ് അവര്‍ നിഷേധിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ പൊതുസമൂഹം ഇത്തരം ജനാധിപത്യനിഷേധങ്ങളെ അംഗീ കരിച്ചു കൊടുക്കാന്‍ പാടുള്ളതല്ല. എന്നാല്‍ മലയാളി സമൂഹത്തിന് ഇത്തരം ജനാധിപത്യ ജാഗ്രത പുലര്‍ത്താനാവുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പൊതുവില്‍ ഇടതു ചായ്വുള്ള മലയാളിസമൂഹത്തിന് കമ്മ്യൂണിസ്റ്റ് സമീപനത്തില്‍ അന്തര്‍ലീനമായ ജനാധിപത്യ വിരുദ്ധത തിരിച്ചറിയാനാവുന്നില്ല.
മലയാളി സമൂഹത്തിന്റെ ഈ വീഴ്ച്ചയുമായി ബന്ധപ്പെട്ടുകൊണ്ടു തന്നെയാണ് പി.കെ.ശശി പ്രശ്നത്തില്‍ പ്രകടമാവുന്ന പുരുഷമേധാവിത്ത പ്രവണതയെയും കാണേണ്ടത്. ബലാല്‍സംഗം ആണത്തത്തിന്റെ ലക്ഷണമായി കാണാന്‍ മടിക്കാത്ത പുരുഷകേസരികള്‍ കേരളത്തിലെ സാമൂഹിക,രാഷ്ട്രീയ രംഗങ്ങളില്‍ കുറവല്ല. പുരുഷമേധാവിത്തത്തിന്റെ ചരിത്രപരമായ വേരുകള്‍ തേടിപ്പോയ ഏംഗല്‍സിന്റെ കേരളത്തിലെ ശിഷ്യന്മാര് പുരുഷമേധാവിത്തം എന്ന വാക്ക്പോലും ഉപയോഗിക്കാത്തത് യാദൃശ്ചികമല്ല. അഖിലേന്ത്യാതലത്തില്‍ പരിശോധിച്ചാല്‍ കേരളത്തിലെ സ്ത്രീപുരുഷബന്ധങ്ങള്‍ ഏറെ പിന്നോക്കാവസ്ഥയില്‍ തന്നെയാണെന്ന് കാണാം. നമ്മുടെ പുരോഗമന മുഖം മൂടിക്ക് പിന്നില്‍ ഇങ്ങിനെ ഒളിഞ്ഞിരി ക്കുന്ന പ്രാകൃതാവസ്ഥകള് കുറവല്ലെന്ന് സൂക്ഷിച്ചുനോക്കിയാല്‍ കാണാവുന്നതെയുള്ളൂ.

ബിഷപ്പിന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള കന്യാസ്ത്രീയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളും മലയാളി സമൂഹത്തിന്റെ മേല്‍ചൊന്ന പൊതു അവസ്ഥയെ തന്നെയാണ് പ്രതി ഫലിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയാധികാര സങ്കല്‍പ്പത്തി ലാണ് ജനാധിപത്യ വിരുദ്ധത പ്രകടമാവുന്നതെങ്കില്‍ ഇവിടെ അത് മതാധികാര സങ്കൽപ്പത്തിലാണെന്ന് മാത്രം. ഈ കേസില്‍ സ്ഥിതി അല്പം വ്യത്യസ്തമാണ്. കന്യാസ്ത്രീയുടെ പരാതി ഉള്ളതുകൊണ്ട് പൊലീസ് കേസെടുത്ത് എഫ്.ഐ.ആര്. രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ പിന്നീടുള്ള കേസിന്റെ പുരോഗതിയിലാണ് നിരന്തരം തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരി ക്കുന്നത്. പരാതിക്കാരിയുടെ മൊഴിയും സാക്ഷിമൊഴികളും രേഖപ്പെടുത്തിയപ്പോള്‍ തന്നെ ശക്തമായ തെളിവുകള്‍ ഈ കേസില്‍ ഉണ്ടെന്ന് പൊലീസ് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതാണ്. പ്രാഥമിക തെളിവുകള്‍ ഉണ്ടെന്ന് കണ്ടാല്‍ പൊലീസിന്റെ ആദ്യ നടപടികളിലൊന്ന് പ്രതിയെ അറസ്റ്റു ചെയുകയാണ്. ഇവിടെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞിട്ടും അറസ്റ്റ് നടന്നില്ല. അന്തരീക്ഷം ദുരൂഹമായി. അവിഹിതമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന സംശയം സ്വാഭാവികം മാത്രമായിരുന്നു.
ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ പഞ്ചാബില്‍ പോയി മൊഴിയെടുത്തു വന്നത് തികച്ചും വിചിത്രമായ നടപടിയായിരുന്നു. ഇപ്പോള്‍ പറയുന്നു പരാതിക്കാരിയുടെ മൊഴിയും ബിഷപ്പിന്റെ മൊഴിയും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അവ പരിഹരിച്ചിട്ടെ കൂടുതല്‍ നടപടികള്‍ സാധ്യമാവൂ എന്നും. തികച്ചും ബാലിശമാണ് ഈ വാദം. പരാതിക്കാരിയുടെയും പ്രതിയുടെയും നിലപാടുകളിലെ വൈരുധ്യമാണല്ലോ കേസിനാസ്പദം. ആ വൈരുധ്യം പരിഹരിക്കപ്പെടുമോ ഇല്ലയോ എന്നു തീരുമാനിക്കപ്പെടുന്നത് കോടതിക്ക് മുന്നിലാണ്. സാക്ഷിമൊഴികളിലും മറ്റുമുള്ള പ്രകടമായ പൊരുത്തക്കേടുകള്‍ പരിഹരിക്കേണ്ടെന്നല്ല. അറസ്റ്റു നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ന്യായീകരണമാകുന്നില്ല അതൊന്നും എന്നാണുദ്ദേശിച്ചത്.
പിണറായി സര്‍ക്കാര്‍ ഈ ബിഷപ്പിനെ ഇത്രയധികം ഭയപ്പെടുന്നത് ലജ്ജാകരമാണ്. ബിഷപ്പിനെതിരായ നടപടികള്‍ കത്തോലിക്കാസഭയോട് അടുക്കാന്‍ ഇടതുമുന്നണി നടത്തുന്ന നീക്കങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയാണ് ഈ ഭയത്തിനു അടിസ്ഥാനമെന്നും വ്യക്തമാണ്. ചില രാഷ്ട്രീയ താൽപര്യങ്ങള്ക്ക് വേണ്ടി നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന തത്വം തന്നെ കാറ്റില്‍ പറത്താന്‍ ഇടയാകുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ ധാര്‍മികതയെ ആണ് പ്രതിക്കൂട്ടില്‍ ആക്കുന്നത്.
പി.സി.ജോര്‍ജിന്റെ ഔദ്ധത്യം നിറഞ്ഞ പ്രസ്താവനയിലെ പ്രാകൃതത്വം ഇത്തരം വിഷയങ്ങളോടുള്ള നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മനോഗതിയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. കന്യാസ്ത്രീകള്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീസമൂഹത്തിന്റെ പ്രശ്നങ്ങളോടുള്ള പുരുഷമേധാവിത്ത സമൂഹത്തിന്റെ അവജ്ഞയോട് കൂടിയ ആക്രോശമായും ഇതിനെ കാണാം. പക്ഷെ, കേരളാടിസ്ഥാനത്തില്‍ തന്നെ പൊതുസമൂഹം പ്രാതിനിധ്യ സ്വഭാവത്തിലാണെങ്കിലും ഈ സമരത്തോട് ക്രിയാത്മകമായി പ്രതികരിച്ചു കാണുന്നത് ശുഭോദർക്കമാണ്.