ഇന്ത്യയില്‍ വേരുറച്ചു കഴിഞ്ഞിട്ടുള്ള മതേതര ജനാധിപത്യ ക്രമത്തിന് നേരെ ഫാസിസ്റ്റ് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ വിശാലമായ ഐക്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്നടന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് സി.പി.എം പൊളിറ്റ് ബ്യൂറോ ഈ വിഷയത്തില്‍ രണ്ടാം തവണയും തീരുമാനം എടുക്കാതെ പിരിയുന്നത്. ഇത് കാണുമ്പോള്കഴിഞ്ഞ രണ്ടു ദശകങ്ങളായിട്ടു സി.പി.എം നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചരിത്രപരമായ മണ്ടത്തരങ്ങളില്‍ അവസാനത്തേത് ആയിരിക്കുമോ വരാനിരിക്കുന്ന പാര്‍ട്ടി കോൺഗ്രസ് തീരുമാനം എന്ന് ആരും ചിന്തിച്ചു പോകും.
1996-ല്അഖിലേന്ത്യാതലത്തില് കോൺഗ്രസ്സിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ ഐക്യമുന്നണി അധികാരത്തില്‍ വരാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ ആ മുന്നണിയുടെ പ്രധാനമന്ത്രി ആകാന്‍ ജ്യോതിബസുവിന് ക്ഷണം ലഭിച്ചു. എന്നാല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി ആ ക്ഷണം സ്വീകരിക്കേണ്ടെന്ന് വോട്ടിട്ട് തീരുമാനിക്കുകയാണ് ചെയ്തത്. തങ്ങള്‍ക്കു മേധാവിത്തമില്ലാത്ത ഒരു സര്‍ക്കാരിന്റെ നേതൃത്വം ഏറ്റെടുക്കെണ്ടതില്ലെന്ന രാഷ്ട്രീയ നിലപാടാണ് മുന്‍കൈ നേടിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന ഹർകിഷന്‍ സിംഗ് സുര്‍ജിത്തിന്റെ സജീവ പങ്കാളിത്തം ആ മുന്നണി രൂപീകരണത്തിനു പിന്നില്‍ നിര്‍ണായക ഘടകമായിരുന്നു. അതുകൊണ്ടു തന്നെ ജ്യോതിബസു പ്രധാനമന്ത്രി പദം ഏറ്റെടുക്കണമെന്നത് അദ്ദേഹത്തിന്റെ നിലപാടുമായിരുന്നു. ജനറല്‍സെക്രട്ടറിയുടെ നിലപാട് ആണ് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയത്.
അഖിലേന്ത്യാതലത്തില്‍ പാര്‍ലമെന്റിലെ ചെറിയൊരു കക്ഷി മാത്രമായ സി.പി.എമ്മിന് പ്രധാനമന്ത്രി പദം ലഭിക്കുക എന്നത് അസാധാരണമായ ഒരു സന്ദര്‍ഭമായിരുന്നു. ആ സാഹചര്യം ഉപയോഗപ്പെടുത്താനാകാതെ പോയത് ‘ചരിത്രപരമായ മണ്ടത്തര’മായിപ്പോയി എന്ന് അധികം താമസിയാതെ വിലയിരുത്തി പരസ്യമായി പറഞ്ഞത് ജ്യോതിബസു തന്നെ ആയിരുന്നു. ജ്യോതിബസു ഐക്യമുന്നണിയുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്അന്നത്തെ മുന്നണി ഭരണത്തിന്റെ കാലാവധി നീട്ടാനും ബി.ജെ.പി. ഭരണത്തിന്റെ വരവ് നീട്ടിക്കൊണ്ടു പോകാനും ആകുമായിരുന്നോ എന്നൊന്നും വിലയിരുത്താനാവില്ല. എങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുമായിരുന്നു എന്നു കാണാം. അത് സി.പി.എമ്മിന് ഗുണകരമായി തീരുകയും ചെയ്യുമായിരുന്നു. പാർലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടിട്ടും ആ രാഷ്ട്രീയത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സാധ്യത തളികയില്‍വെച്ച് കിട്ടിയിട്ടും തട്ടി തെറുപ്പിച്ച തീരുമാനത്തെ ചരിത്രപരമായ മണ്ടത്തരം എന്നു തന്നെയാണ് വിലയിരുത്തേണ്ടത്.
2004-ല്‍ബി.ജെ.പി. ഭരണം ഒഴിവാക്കാനായി കോൺഗ്രസ്സുമായി സഹകരിച്ച് യു.പി.എ. സര്‍ക്കാരിന് പിന്തുണ നല്കുന്ന കാര്യത്തില്‍ ശരിയായ തീരുമാനമെടുത്തുവെങ്കിലും സി.പി എം. മന്ത്രിസഭയില്ചേരാതെ മാറി നിന്നത് പഴയ വീക്ഷണത്തിന്റെ സ്വാധീനം നിമിത്തം തന്നെ ആയിരുന്നു. 2008-ല്അമേരിക്കയുമായി ആണവകരാര്ഒപ്പിട്ടതിന്റെ പേരില്‍ യു. പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ടാണ് സി.പി.എമ്മിന്റെ അടുത്ത ചരിത്രപരമായ മണ്ടത്തരം അരങ്ങേറിയത്. യഥാര്‍ത്ഥത്തില്‍ ആണവകരാറില്‍ ഒപ്പ് വെച്ചത് വഴി ഇന്ത്യ കീഴ്പ്പെടുകയല്ല ചെയ്തത്. ആണവശക്തിയാണ് ഇന്ത്യ എന്ന്, അതുവരെ അംഗീകരിക്കാതിരുന്ന അമേരിക്കയും മറ്റു ലോകരാഷ്ട്രങ്ങളും അംഗീകരിക്കുകയാണ് അതോടെ ഉണ്ടായത്. പുതിയ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ പഴയ അമേരിക്കന്‍വിരുദ്ധ പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് സി.പി.എം. നേതൃത്വം ആ തീരുമാനത്തിലൂടെ ചെയ്തത്. പക്ഷേ, കൂടുതല്‍ ഗുരുതരമായ പ്രശ്നം അഖിലേന്ത്യാതലത്തില്‍, ഉള്ള രാഷ്ട്രീയ ശക്തിയെക്കാള്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിരുന്ന സി.പി.എം. അഖിലേന്ത്യാ രഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി തീര്‍ന്നതാണ്. അതോടു കൂടിയായിരുന്നു പശ്ചിമ ബംഗാളില്‍ സി.പി. എമ്മിന്റെ തകര്‍ച്ച ആരംഭിച്ചതും. സി.പി.എമ്മും കോൺഗ്രസ്സും അകന്നതോടെ, തൃണമൂല്കോൺഗ്രസ്സിനു മുന്‍കൈ ലഭിക്കുകയായിരുന്നു. നന്ദിഗ്രാം പോലുള്ള പ്രശ്നങ്ങളും സി.പി. എമ്മിന്റെ ആന്തരിക അപചയവും ആ തകര്‍ച്ചയ്ക്ക് വേഗം കൂട്ടിയെങ്കിലും കോൺഗ്രസ്സ് സി.പി.എം. ബന്ധം തുടര്‍ന്നിരുന്നെങ്കില്‍, തൃണമൂല്‍ മുന്നേറ്റം കുറച്ചു കാലത്തേക്ക് കൂടി നീട്ടിക്കൊണ്ട് പോകാമായിരുന്നു എന്നും കരുതാവന്നതാണ്. യു.പി.എ.യില്‍നിന്നു സി.പി. എം. വിട്ടുപോകാനിടയാക്കിയ തീരുമാനത്തിന് കാരണക്കാരായവരെ ബംഗാള്‍ ഘടകം നിരന്തരം എതിര്‍ത്തു പോന്നത് ഈ പശ്ചാത്തലം നിമിത്തം കൂടിയായിരുന്നു.
1996-ല്ജ്യോതിബസുവിനെ തടഞ്ഞ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രകാശ്കാരാട്ടും സീതാറാം യെച്ചൂരിയും ഒരുമിച്ചായിരുന്നു. എന്നാല്‍ 2004-ല്‍ യു പി എ സര്‍ക്കാരിന് പിന്തുണ നല്കുന്ന കാലത്ത് യെച്ചൂരി സുര്‍ജിത്തിന്റെ വലംകയ്യായി മാറിയിരുന്നു. യു.പി.എ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിനെ പ്രതിനിധീ കരിച്ചു ഇടപെട്ടിരുന്നത് യെച്ചൂരിയായിരുന്നൂ. 2005-ല്‍ പ്രകാശ് കാരാട്ട് ജനറല്‍സെക്രട്ടറി ആയതിനു ശേഷവും യു പി എ കാര്യങ്ങളില്‍ സുര്‍ജിത്ത്, യെച്ചൂരി ടീമാണ് മേധാവിത്ത ത്തില്‍ ഉണ്ടായിരുന്നത്. ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി നേരിട്ട് ബന്ധപ്പെട്ടു കാര്യങ്ങള്നടത്താന് കഴിയുമായിരുന്നു. പ്രകാശ് കാരാട്ടിന് അത്തരം കാര്യങ്ങളില്കാര്യമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. ഇങ്ങിനെ വളര്‍ന്നുവന്ന കാരാട്ട് – യെച്ചൂരി വൈരുധ്യം 2008-ല്‍ യു പി എയില്‍നിന്നു പിൻവാങ്ങാന്‍ കാരാട്ട് നിര്‍ബന്ധം പിടിക്കാന്‍ കാരണമായിട്ടുണ്ടെന്നു പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിന്നീട് വളര്‍ന്നുവന്ന ബംഗാള്ഘടകവുമായുള്ള യെച്ചൂരി ബന്ധത്തിന് ഇങ്ങിനെയൊരു പശ്ചാത്തലവുമുണ്ട്.
കോൺഗ്രസ്സ് ബന്ധം വിട്ടതിനു ശേഷം സി.പി.എമ്മിന്റെ പടിപടിയായുള്ള പതനത്തിന്റെ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ബംഗാളിലെ തകര്‍ച്ചയാണ് ഏറ്റവും ഗുരുതരമായത്. അവിടെ തിരിച്ചുവരവ് സാധ്യമല്ലാത്ത വിധമാണ് തകര്‍ച്ച സംഭവച്ചിരിക്കുന്നത്. അവിടെ സി.പി.എമ്മിന് കഴിഞ്ഞത് പോലെ, നീണ്ട കാലയളവില്‍ തുടര്‍ച്ചയായി ഭരിക്കാന്‍ കേരളത്തിലും അവസരം ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇവിടെയും സി.പി. എമ്മിന് അത്തരമൊരു പതനം നേരിടേണ്ടി വരുമായിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം അതിവേഗം വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അന്തരീക്ഷത്തെ മറികടക്കാന്പ്രതിപക്ഷ കക്ഷികളുടെ ഐക്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബീഹാറില്‍ ഉണ്ടായത് പോലത്തെ മഹാസഖ്യ സാദ്ധ്യത മറ്റു മേഖലകളിലും രൂപംകൊളളുന്നുണ്ട്. ഗുജറാത്തില്‍ അത്തരമൊരു നീക്കം മെച്ചപ്പെട്ട ഫലമുണ്ടാക്കുന്നുമുണ്ട്. ഗുജറാത്തില്‍ സി.പി.എം. അടക്കമുള്ള ഇടതുപക്ഷത്തിന് സാന്നിദ്ധ്യം പോലുമില്ല. പക്ഷേ ബീഹാറില്അവര്ക്കുണ്ടായിരുന്ന ചെറു സാന്നിധ്യം പോലും പ്രതിപക്ഷ മുന്നണിയെ ശക്തിപ്പെടുത്താനല്ല, ബി.ജെ.പി. ഇതര വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഉപയോഗപ്പെട്ടത്.
ഇപ്പോള്അടുത്ത വർഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന സി പി എം പാര്‍ട്ടി കോൺഗ്രസ്സില്ചര്ച്ച ചെയ്യേണ്ട രാഷ്ട്രീയ നയത്തെ പറ്റി ആലോചന ആരംഭിച്ചിരിക്കുന്നു. പൊളിറ്റ്ബ്യുറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും ഒരുവട്ടം സമവായത്തിലെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്പൊളിറ്റ്ബ്യുറോ വീണ്ടും നട ത്തിയ ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്. ജനുവരിയില്നടക്കുന്ന കേന്ദ്രകമ്മിറ്റിയിലും എന്തെങ്കിലും പുതിയ സാധ്യത ഉയർന്നുവരുമെന്നു കരുതാനാവില്ല. വ്യത്യസ്ത നിലപാടുകൾ നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്തെങ്കിലും ഒത്തുതീര്‍പ്പ് ഫോര്‍മുലയായിരിക്കും പാര്‍ട്ടി കോൺഗ്രസ്സിലും അംഗീകരിക്കപ്പെടാന്പോകുന്നത്.
സുര്‍ജിത്ത് ലൈന്പിന്തുടരുന്ന യെച്ചൂരി, മോദി ഫാസിസത്തെ നേരിടാനായി കോൺഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ ശക്തികളുടെ ഐക്യമാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്ന വ്യക്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്. കോൺഗ്രസ്സിന്റെ പേര് പറയാതെയാണ് യെച്ചൂരി ഒത്തുതീര്‍പ്പ് രേഖ ഉണ്ടാക്കിയതെങ്കിലും കോൺഗ്രസ്സുമായി ഒരു ധാരണയും പാടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കാരാട്ട് വിഭാഗം അതിനെ നേരിട്ടത്. 2004-ല്‍ വാജ്പേയി സര്‍ക്കാര്‍വീണ്ടും അധികാരത്തില്‍വരാനുള്ള സാദ്ധ്യത ഒഴിവാക്കാനാണ് സി.പി.എം. കോൺഗ്രസ് സര്‍ക്കാരിന് പിന്തുണ നല്‍കിയത്. കാരാട്ടും കൂട്ടരും അതിനൊപ്പം നില്‍ക്കുകയും ചെയ്തു; പിന്നീട് കാലു വാരിയെങ്കിലും. വാജ്പേയി സര്‍ക്കാരിനേക്കാള്‍ എത്രയോ വലിയ ഭീഷണിയാണ് മോദി സര്‍ക്കാര്‍ എന്ന് ഏവരും തിരിച്ചറിയുന്ന സാഹചര്യത്തില്‍ആ ഭീഷണിക്കെതിരെ എല്ലാ ജനാധിപത്യശക്തികളും ഒന്നിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നവര്‍ക്ക് മറ്റു ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടാകാം എന്നു സംശയിക്കുന്നത് സ്വാഭാവികമാണ്.
ലാവ്ലിന് കേസില്‍ സി.ബി. ഐ.യുടെ പ്രോസിക്യൂഷന് ജോലി ശരിയായി നിര്വഹിക്കപ്പെട്ടിട്ടില്ലെന്ന, ഇപ്പോഴും നിര്വഹിക്കപ്പെടുന്നില്ലെന്ന ആരോപണവും ഈ രാഷ്ട്രീയ നിലപാടും തമ്മില്എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഉന്നയിക്കപ്പെടുന്ന സംശയവും പ്രസക്തം തന്നെ.
കാരാട്ട് വിഭാഗത്തിന്റെ പ്രധാന പിന്തുണക്കാര് കേരള ഘടകമാണ്. കോൺഗ്രസിന് പിന്തുണ നല്കിയാല് കേരളത്തില്സി.പി.എമ്മിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും എന്നതാണ് അവരെ അലട്ടുന്ന പ്രായോഗിക പ്രശ്നം. പക്ഷെ അത് പറയാതെ കോൺഗ്രസ് ബന്ധത്തിന് എതിരായി ബാലിശമായ വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് കൊണ്ട് അവര്‍ക്ക് ഹിന്ദുത്വഫാസിസത്തിനെതിരായി പോരാടാനാവില്ലെന്നാണ് ഒരു വാദം. അസംബന്ധമാണിത്. ക്ഷേത്രദര്‍ശനം നടത്തുന്നതും മതാചാരങ്ങള്പാലിക്കുന്നതും ഒന്നുമല്ല ഹിന്ദുത്വവാദം. ഹിന്ദുമതാധിഷ്ടിത രാഷ്ട്രം ലക്ഷ്യമിട്ടുകൊണ്ടുള്ള രാഷ്ട്രീയമാണ് ഹിന്ദുത്വഫാസിസം. അതില്‍കുറഞ്ഞ ഒന്നുമല്ല അത്. അതില്‍ മൃദുവും കഠിനവും ഒന്നുമില്ല. സാധാരണ മതബോധവും മതഫാസിസവും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാതെയാണ് ഇക്കൂട്ടര്‍ സിദ്ധാന്തം ചമയ്ക്കുന്നതെന്ന് ചുരുക്കം. കേരളത്തിലാണെങ്കില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ശോഭായാത്രക്ക് പകരം തങ്ങളുടെ “ബദല്ശോഭായാത്ര” അവതരിപ്പിക്കുകയും ക്ഷേത്രകമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ മത്സരിക്കുകയുമാണ് സഖാക്കള്‍. എന്നിട്ട് ഇവരാണ് കോൺഗ്രസ്സിനുനേരെ മൃദുഹിന്ദുത്വം ആരോപിക്കുന്നത്.
കോൺഗ്രസ്സിന്റെ നവലിബറല്സാമ്പത്തിക നയങ്ങളോട് വിട്ടുവീഴ്ച്ചയുമില്ലെന്നാണ് അടുത്ത വാദം. പക്ഷെ, ബദല്ആയി അവതരിപ്പിക്കാന്‍ എന്ത് സാമ്പത്തികനയമാണ് അവരുടെ പക്കല്ഉള്ളത്? ബുദ്ധദേവ്ഭട്ടാചാര്യ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തുറന്നു പറയുകയുണ്ടായി, വിപണി സമ്പദ് വ്യവസ്ഥക്ക് ബദലായി പ്രായോഗിക തലത്തില്‍ അവതരിപ്പിക്കാവുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക നയം ലഭ്യമല്ലെന്ന്. അതാണ് യാഥാര്‍ഥ്യം. ചൈന സാമ്പത്തിക മേഖലയില്വിപണി തരിച്ചു കൊണ്ട് വന്നത് അതുകൊണ്ടാണ്. 35 വർഷം ബംഗാളില്‍ ഭരിച്ചിട്ടും ഒരു ബദല്‍ സാമ്പത്തിക നയവും നടപ്പിലാക്കാന്‍ അവര്‍ക്കായില്ല. അങ്ങിനെ ഒന്നില്ലാത്തത് കൊണ്ട് തന്നെ. കോൺഗ്രസ്സിന്റെ സാമ്പത്തിക നയത്തെ കുറിച്ചുള്ള ഇവരുടെ വിമർശനം പൊള്ളയായ വാചകമടി മാത്രമാവുന്നത് അതുകൊണ്ടാണ്.
യെച്ചൂരിയും കൂട്ടരും ജനാധിപത്യരീതികളോട് താൽപര്യം കാണിക്കുന്നുണ്ടെങ്കിലും അവരുടെ പാര്‍ട്ടി പരിപാടിയില്‍ ഫാസിസ്റ്റ് സമീപനം (തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം) ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു എന്ന വസ്തുത അവഗണി ക്കാവുന്നതല്ല. യഥാര്‍ത്ഥത്തിൽ സി പി എം എന്നത് ഒരു ജനാധിപത്യപാർട്ടി ആയിട്ടില്ലെന്നതാണ് വാസ്തവം. കാരാട്ടിന്റെയും കൂട്ടരുടെയും സമീപനങ്ങളില്‍ അത് പ്രകടമാണ്താനും. ഇത്തരം ഒരു പാര്‍ട്ടിയെ ജനാധിപത്യപാർട്ടികളോടൊപ്പം ചേർക്കണമോ എന്നു കോൺഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് തീരുമാനിക്കേണ്ടത്.