Latest News

കിഷോരി അമോങ്കർ ഇന്ത്യയുടെ സംഗീത സൗരയൂഥം

സി പി എം പൊളിറ്റ് ബ്യൂറോ അംഗവും സ്വരലയ സ്ഥാപകനുമായ ലേഖകൻ കിഷോരി അമങ്കോറുമായുളള സൗഹൃദവും സംഗീത അനുഭവവും ഓർമ്മിക്കുന്നു

kishori amonkar, ma baby,

ഇന്ത്യൻ ശാസ്ത്രീയ സംഗീത ലോകത്തിന് എത്ര വലിയ നഷ്ടമാണ് വിദുഷി കിഷോരി അമോങ്കറുടെ മരണം എന്നത് ആ പ്രതിഭയുടെ ആലാപനം ഒരിക്കലെങ്കിലും കേട്ടിട്ടുളളവർക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. കേട്ടിട്ടില്ലാത്തവർക്ക് പറഞ്ഞാൽ മനസ്സിലാക്കാനും പ്രയാസം.

അറുപത് കഴിഞ്ഞ ചൈമ്പൈ വൈദ്യനാഥ ഭാഗവതരോട് എന്താണ് അങ്ങയുടെ ഏറ്റവും വലിയ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ പറഞ്ഞ മറുപടി പ്രസിദ്ധമാണ്. ” അനായാസേന മരണം”. ഭാഗവതർക്ക് അത് സാധ്യമാവുകയുണ്ടായി എന്നത് സംഗീതപ്രേമികൾക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഒളപ്പമണ്ണയ്ക്ക് അടുത്ത് ഒരു കച്ചേരി കഴിഞ്ഞ് ചെറിയ അസ്വസ്ഥത തോന്നി അധികം വൈകാതെ അദ്ദേഹം മരിച്ചു. തനിക്കും ശിഷ്യർക്കും ആർക്കും അസൗകര്യമോ ആയാസമോ സൃഷ്ടിച്ചില്ല.

കിഷോരി അമോങ്കറുടെ വേർപാട് ഏതാണ്ട് സമാനമായിരുന്നു. അന്നു വൈകുന്നേരവും ശിഷ്യരെ സംഗീതം അഭ്യസിപ്പിക്കുകയും സംഗീതജ്ഞയും ഗുരുവും എന്ന നിലയിൽ തന്റെ കർത്തവ്യങ്ങൾ എല്ലാം അനുഷ്ഠിക്കുകയും ചെയ്തു. രാത്രി കിടക്കുമ്പോൾ കൈത്തലത്തിൽ അസാധാരണമായി തണുപ്പ് പടർന്നു. വത്സല ശിഷ്യ നന്ദിനി ബേടേക്കറുടെ മകൻ ഗാന്ധാർ ബേടേക്കർ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അധികം ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ആ സംഗീതതാരം പൊലിഞ്ഞു.

kishori amonkar, m a baby

പാരമ്പര്യത്തിന്റെ മഹാസ്വാധീനവും ദുസ്സഹമായ നിരന്തര സാധകത്തിന്റെ അച്ചടക്കവും സംയോജിച്ചതാണ് കിഷോരി അമോങ്കറുടെ സംഗീത ജീനിയസ്സ്.എന്നാൽ തന്റെ ഉളളിൽ ഇരന്പുന്ന സംഗീതത്തെ ആസ്വാദകരുടെ മുന്നിൽ അവതരിപ്പിക്കാൻ പുറപ്പെടുമ്പോൾ, തന്നെ, ഒരു തുടക്കക്കാരിയുടെ സംഭ്രമവും സഭാകമ്പവും വിടാതെ ഒരുബാധ പോലെ പിന്തുടരാറുണ്ട് എന്ന് കിഷോരി സംഭാഷണത്തിനിടയിൽ നിഷ്കളങ്കമായി പറഞ്ഞത് ഓർക്കുന്നു. സംഗീത സംഘാടകരെ ദുസ്സാധ്യമായ ആവശ്യങ്ങളും വ്യവസ്ഥകളും പറഞ്ഞ് നെട്ടോട്ടവും കുറിയോട്ടവും ഓടിക്കുന്നതിൽ കിഷോരിജീ രഹസ്യമായി ആഹ്ലാദിച്ചു പോന്നിരുന്നുവോ എന്ന സംശയം തുറന്നു ചോദിച്ചപ്പോഴാണ് ഈ മറുപടി വന്നത്. “പത്താംതരം പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥിനിയുടെ പിടച്ചിലുമായിട്ടാണ് താൻ ഓരോ വേദിയിലും കാലെടുത്ത് കുത്തുന്നത് ” എന്നാണ് അവർ പറഞ്ഞത്. ആ മാനസികാവസ്ഥയിൽ ജനിക്കുന്ന പ്രതികരണങ്ങളും ആവശ്യങ്ങളുമാണ് വിചിത്രമെന്നും ഭ്രാന്തമെന്നും സംഘാടകർക്കു തോന്നുന്ന കിഷോരിയുടെ നിർബന്ധത്തിന്റെയും വാശിയുടെയും പിന്നിലുളളത്.

ഡൽഹിയിൽ സ്വരലയയുടെ ആഭിമുഖ്യത്തിൽ​ തൊട്ടടുത്ത ദിവസങ്ങളിൽ രണ്ട് ജുഗൽബന്ദികൾ സംഘടിപ്പിച്ച ഓർമ്മ ഒരുപാട് ഉത്കണ്ഠകളും കോരിത്തരിപ്പുകളും കലർന്നതാണ്. ഉത്കണ്ഠ സൃഷ്ടിച്ചത് കിഷോരി അമോങ്കറുടെ പങ്കാളിത്തവും നിർബന്ധങ്ങളുമാണ്. കോരിത്തരിപ്പിച്ചത് അന്നത്തെ സംഗീതാവിഷ്ക്കാരങ്ങളുടെ വിവരണാതീതമായ മാധുര്യവും ഗാംഭീര്യവും. ആദ്യ ദിവസത്തെ ജുഗൽബന്ദി, കിഷോരി അമോങ്കറും ബാലമുരളീകൃഷ്ണയും തൊട്ടടുത്ത ദിവസത്തെ ജുഗൽബന്ദി സ്വരലയങ്ങളെ വിരലിലും മനസ്സിലും ആവാഹിച്ച ഉമയാൾപുരം ശിവരാമനും സക്കീർഹുസൈനും. ജുഗൽബന്ദികളെ കുറിച്ച് ഉയർന്നുവന്നിരുന്ന ചില വിമർശനങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു കിഷോരിയും ബാലമുരളിയും ചേർന്ന സംഗീതാന്യോന്യം ക്രമീകരിച്ചത്. ആദ്യം ഓരോ മണിക്കൂർ ഇവർ ഓരോരുത്തരും പ്രത്യേക കച്ചേരി നടത്തും. അതിനുശേഷം ഇവർ രണ്ടുപേരും ഒരുമിച്ച് വേദിയിൽ വന്ന് ഒന്നര മണിക്കൂർ നേരം ജുഗൽബന്ദി അവതരിപ്പിക്കും. ഈ ഘടന പ്രശസ്ത സംഗീത നിരുപകരായ രാഘവ് ആർ. മേനോൻ, സുബ്ബുഡു എന്നിവരെല്ലാം മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. അതിശകരമെന്ന് പറയട്ടേ, കിഷോരിയെ കുറിച്ച് കേട്ടിട്ടുളള സംഘാടകരെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് ആവശ്യങ്ങളൊന്നും ഡൽഹിയിലെ മാവ്‌ലങ്കർ ഓഡിറ്റോറിയത്തിൽ പാടാനെത്തിയ ​ആ മഹിതയിൽ നിന്നുണ്ടായില്ല എന്നത് ഞങ്ങൾക്ക് വളരെ ആശ്വാസം പകർന്നു. എന്നാൽ ഞങ്ങളെ പ്രയാസത്തിലാക്കിയത് താമസ സൗകര്യം സംബന്ധിച്ച നിബന്ധനകളായിരുന്നു. അന്ന് ,​അതായത് കാൽ നൂറ്റാണ്ട് മുമ്പ് 25000 രൂപ പ്രതിദിനം വാടകയുളള ഡൽഹിയിലെ മൗര്യ ഷെറട്ടണിലെ കൊട്ടാരസമാനമായ ഫിർദൗസി സ്യൂട്ടിലേ താൻ താമസിക്കുകയുളളൂ എന്നതായിരുന്നു അവരുടെ വാശി. അത് ഒരുവിധത്തിൽ​ പ്രയാസപ്പെട്ട് ക്രമീകരിച്ചു. ഡൽഹിയിൽ എത്തി മറ്റ് പരിപാടികളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഉമയാൾപുരം ശിവരാമൻജിയും ഉസ്താദ് സക്കീർഹൂസൈനും ചേർന്ന താളവാദ സംഗമമാണ് തൊട്ടടുത്ത ദിവസമെന്ന് ഞാൻ വളരെ അഭിമാനത്തോടെ പറഞ്ഞു.. അപ്പോൾ വരുന്നു കിഷോരി ജിയുടെ ആവശ്യം “മിസ്റ്റർ ബേബി, ഉമയാൾപുരംജിയുടെ മൃദംഗം കേൾക്കണമെന്ന് ഒരുപാട് കാലമായി മോഹിക്കുന്നതാണ്. എന്റെ സുഹൃത്ത് സക്കീർഭായിയെയും കൂടി നിങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്നു. എന്തു ഗംഭീരമായിരിക്കും ആ പരിപാടി. അതുകൊണ്ട് നിങ്ങൾ എന്റെ ടിക്കറ്റെല്ലാം മാറ്റി ഒരു ദിവസം കൂടി ഇവിടെ താമസിപ്പിക്കണം. ആ പരിപാടി കൂടെ ആസ്വദിച്ചശേഷമേ ഞാൻ മടങ്ങിപോകുന്നുളളൂ” എന്നായിരുന്നു കിഷോരിജിയുടെ ആവശ്യം. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട് പലഹാരം വാങ്ങിച്ചു തരാൻ കെഞ്ചുന്ന നിഷ്‌കളങ്കയായ കുഞ്ഞിന്റെ മുഖഭാവത്തിലാണ് കിഷോരിജി അത് പറഞ്ഞത് എന്ന് ഇന്നും ഞാനോർമ്മിക്കന്നു.

kishori amonkar, ma baby

കർണാടക സംഗീതത്തിൽ കല്യാണിയെന്നും ഹിന്ദുസ്ഥാനിയിൽ യെമൻ എന്നും പുകൾപ്പെറ്റ മനോഹര രാഗമായിരുന്നു അന്ന് മാവ്‌ലങ്കറിലെ ആസ്വാദകരെ അവ്യാഖേയമായ മാനസികതലങ്ങളിലൂടെ സഞ്ചരിപ്പിച്ചത്.

1999 ൽ “മാനവീയ”ത്തിന്റെ ഭാഗമായി തിരുവനന്തപുരം സെനറ്റ് ഹാളിൽ കിഷോരിജി അവതരിപ്പിച്ച കച്ചേരിയും അവിസ്‌മരണീയമാണ്. സഹസ്രാബ്ദ സംക്രമണത്തിന്റെ ഓർമ്മയക്കായി ഇ കെ നായനാർ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാർ ഒരുക്കിയ”മാനവീയ”ത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. അടുത്ത ദിവസം സിത്താർ കച്ചേരി അവതരിപ്പിക്കാനുളള പണ്ഡിറ്റ് രവിശങ്കർ ഒരു ദിവസം നേരത്തെ എത്തിയത് കിഷോരിജിയുടെ കച്ചേരി കേൾക്കാൻ വേണ്ടിയായിരുന്നു എന്നതും ഓർക്കുന്നു. ഒപ്പം മകളും ശിഷ്യയുമായ അനുഷ്‌കയും പിന്നീട് അരഡസൻ ഗ്രാമീ അവാർഡ് നേടി പ്രശസ്തയായ, പണ്ഡിറ്റ്ജിക്ക് അമേരിക്കൻ സുഹൃത്തിലുണ്ടായ മകൾ നോറാ ജോൺസും കിഷോരിജിയെ കേൾക്കാൻ എത്തിയിരുന്നു.

കേരളത്തിൽ നിന്നും മടങ്ങുമ്പോൾ ആവശ്യപ്പെട്ടത് പ്രകാരം ഒരു ലോഡ് ചെങ്കദളി പഴവും പായ്ക്ക് ചെയ്തതോർക്കുന്നു. അപ്പോൾ തന്നെ കിഷോരിജിയുടെ ആവശ്യം വന്നു. നിങ്ങൾ ബോംബേ വഴി വരുമ്പോഴെല്ലാം ഈ​ ചെങ്കദളി പഴം ആരെങ്കിലും വഴി എനിക്ക് കൊടുത്തുവിടണം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിയുടെ നിറമായതുകൊണ്ടാണോ ഈ​ പഴത്തോട് ഇത്ര താൽപര്യമെന്ന് സ്നേഹസ്വാതതന്ത്ര്യത്തോടെ ഞാൻ ചോദിച്ചു. അപ്പോൾ അവർ പറഞ്ഞ മറുപടി എനിക്ക് ഓർമ്മയുണ്ട്. ” എനിക്ക് ഒരു പാർട്ടിയുണ്ട്. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുമല്ല, കോൺഗ്രസ് പാർട്ടിയുമല്ല. സംഗീതമാണ് എന്റെ പാർട്ടി.”ദാസേട്ടൻ എന്നു നമ്മൾ വിളിക്കുന്ന യേശുദാസും തന്റെ ഭാഷയിൽ ഇതുതന്നെ പറയാറുളളത് ഞാനപ്പോൾ ഓർമ്മിച്ചു. ബോംബെയിലെ പ്രഭാദേവി അപ്പാർട്ട്മെന്റിൽ ചെങ്കദളിപ്പഴം ദക്ഷിണയായി കൊണ്ടു കൊടുക്കാൻ പോയ ഒന്നിലേറെ സന്ദർഭങ്ങൾ ഞാനോർക്കുന്നു. “ഇതാരെങ്കിലും വഴി കൊടുത്തയച്ചാൽ പോരായിരുന്നോ” എന്ന് ആ മഹതി പറയാതിരുന്നില്ല. പക്ഷേ അവരുടെ മഹത്വം അറിയുന്ന നമ്മളുണ്ടോ അത്തരം ഒരു അവസരം വേണ്ടെന്നു വെയ്ക്കുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സ്വരലയ പുരസ്ക്കാരം നാല് മാസങ്ങൾക്ക് മുമ്പാണ് മുംബൈയിൽ വച്ച് കിഷോരി അമോങ്കർക്കും ഉമയാൾപുരം ശിവരാമനുമാണ് സമർപ്പിച്ചത്. പണ്ഡിറ്റ് ജസ്‌രാജാണ് ചടങ്ങിൽ മുഖ്യതിഥിയായി പങ്കെടുത്തത്. മഹനീയമായ ആ സംഗീത മുഹൂർത്തതിന് സാക്ഷിയാകാൻ കഴിയാതെ പോയതിൽ ദുഃഖിതനാണ് ഞാൻ. ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ ഇന്ത്യയ്ക്ക് പുറത്തായിരുന്നു അന്ന്. ഒരുപാട് ബഹുമതികളാൽ അലങ്കരിക്കപ്പെട്ടിട്ടുളള കിഷോരിജിക്ക്.  കിഷോരിജിയുട സംഗീതയാത്രയിൽ ഒരുപക്ഷേ, അവരെ തേടിയെത്തിയ ഏറ്റവും അവസാനത്തെ ബഹുമതികളിലൊന്നാണ് എന്ന് തോന്നുന്നു സ്വരലയ പുരസ്ക്കാരം.

സംഗീത വിദുഷിയായ സ്വന്തം അമ്മ മോഗുബായ് കുർദികർ ആയിരുന്നു മുഖ്യമായും കിശോരിജിയെ പരിശീലിപ്പിച്ച് വളർത്തിയെടുത്തത്. എന്നാൽ മറ്റ് ഒരുപാട് മഹാഗുരുക്കന്മാരിൽ നിന്നും കിഷോരിജി സംഗീതം പഠിച്ചു. പക്ഷേ, അമ്മ അത്യസാധരണമായ ജയ്‌പൂർ അത്രോളി ഖരാനയുടെ പാരന്പര്യമാണ് പിന്തുടർന്നിരുന്നത്. അതുല്യനായ ഉസ്താദ് അലാദിയാ ഖാൻ അടിത്തറയിട്ട സംഗീത സൗരയൂഥം അതിന്റെ പ്രഭയും പ്രതിഭയുമാണ് പ്രഭാദേവിയിൽ താമസിച്ച സംഗീത ജ്യോതിസ്സായ കിഷോരി അമോങ്കറിൽ നിന്നും നമ്മുക്ക് ലഭിച്ചത്. എന്റെ പ്രിയ സംഗീത സുഹൃത്ത് ഗോപാലകൃഷ്ണൻ കിഷോരിജിക്ക് പ്രണാമമെന്ന നിലയിൽ അയച്ചു തന്ന രാഗശ്രീ രാഗത്തിലെ സുദീർഘമായ ആലാപനമാണ് കിഷോരിജിയുടെ സംഗീതലോകത്തിലൂടെയുളള എന്റെ ഏറ്റവും ഒടുവിലത്തെ സഞ്ചാര അനുഭവം. നന്ദിനി ബേടേക്കറും പേരക്കുട്ടി കൂടിയായ ശിഷ്യ തേജസ്വി അമോങ്കറും മറ്റ് ശിഷ്യരും ഈ​ മഹാ സംഗീത പാരന്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Cpm politburo member ma baby remembers music legend kishori amonkar

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express