scorecardresearch
Latest News

മാവോവാദികള്‍ക്ക് മുസ്‌ലിം പിന്തുണയോ?

പ്രത്യയശാസ്ത്രപരമായി മാര്‍ക്സിസത്തെയും മാവോയിസത്തെയും തള്ളി പറയാതിരിക്കുകയും ബൂര്‍ഷ്വാ ജനാധിപത്യമെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.എം. സൈദ്ധാന്തികമായി വലിയ ആശയക്കുഴപ്പത്തിന്‍റെ നടുവിലാണ്

മാവോവാദികള്‍ക്ക് മുസ്‌ലിം പിന്തുണയോ?

സി.പി.എമ്മിന്‍റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാവോയി സ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കി സംരക്ഷിക്കുന്നത് മുസ്ലിം തീവ്ര വാദികളാണെന്ന പ്രസ്ഥാവനയുമായി രംഗപ്രവേശം ചെയ്തത് അവര്‍ സ്വയം ചെന്നുപെട്ട രാഷ്ട്രീയ കുരുക്കില്‍ നിന്ന് തലയൂരാനും വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും വേണ്ടിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും കാണാവുന്നതാണ്. സ്വന്തം പാര്‍ട്ടി അംഗങ്ങളായ രണ്ടു വിദ്യാ ര്‍ത്ഥികളെ മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശംവച്ചതിന്‍റെ പേരില്‍ അറസ്റ്റു ചെയ്തത് തെറ്റായെന്നു സി.പി.എം.പോളിറ്റ്ബ്യൂറോയും സി.പി. ഐ.യും പരസ്യമായിത്തന്നെ വിമര്ശിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പോലീസിന്‍റെ തലയില്‍ കുറ്റം ചാരി രക്ഷപ്പെടാന്‍ ശ്രമിച്ചത്‌ അന്തരീക്ഷം വഷളാക്കുകയാണ് ചെയ്തത്. ഇത്തരമൊരു പശ്ചാത്തലത്തില്‍ വിഷയത്തിന് മറ്റൊരു മാനം നല്‍കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്‍റെ അറിവോടെ തന്നെ പി. മോഹനന്‍ ഇങ്ങിനെയൊരു പ്രസ്താവനയുമായി വന്നതിനു പിന്നിലുള്ളതെന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ. മാവോവാദി നേതാവ് ഗണപതിയുടെ ബി.ബി.സി. അഭിമുഖം പരാമര്ശിച്ചുകൊണ്ട് മാവോവാദികള്‍ ഇന്ത്യയില്‍ ഇസ്ലാമിക വിപ്ലവമാണ് ലക്ഷ്യം വെക്കുന്നതെന്ന മോഹനന്‍റെ തുടര്‍ വിശദീകരണം തെറ്റിദ്ധാരണാപരമാണ്. അത് ഗൗരവത്തിലെടുക്കേണ്ടതില്ല.

മോഹനന്‍റെ പ്രസ്താവന ഒരു രാഷ്ട്രീയ കുരുക്കായിരിക്കുകയാണെന്ന് പറ യാന്‍ കാരണം മാവോയിസത്തിന്‍റെ ഉറവിടമെന്താണെന്നു മറ്റാരെക്കാളും നന്നായി അറിയാവുന്നത് തങ്ങള്‍ക്കു തന്നെയാണെന്ന കാര്യം അവര്‍ വിസ്മരിക്കുന്നതായി ഭാവിക്കുന്നതുകൊണ്ടാണ്.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സോവിയറ്റ് ചേരിയും ചൈനീസ് ചേരിയും വേര്‍പിരി ഞ്ഞപ്പോള്‍ ചൈനീസ് ചേരിയോടൊപ്പം അഥവാ മാവോയിസത്തോടൊപ്പം നിന്നവരാണ് സി.പി.എമ്മായത് എന്നത് ചരിത്രം. സി.പി.എമ്മിനുള്ളില്‍ നിന്ന് മാവോയിസ്റ്റ് തീവ്രവാദികള്‍ ഉയര്‍ന്നു വന്നപ്പോള്‍ ഔദ്യോഗിക നേതൃത്വം മാവോയിസത്തെ തള്ളിപറഞ്ഞു എന്നത് യാഥാര്‍ത്ഥ്യം തന്നെ. പക്ഷെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനുള്ളില്‍ മാവോയിസത്തിന്‍റെ അടിവേരുകളുള്ളത് സി.പി.എമ്മില്‍ തന്നെയാണെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.

പന്തീരാങ്കാവിലെ സി.പി.എം. അംഗങ്ങളായ രണ്ടു വിദ്യാര്‍ഥികള്‍ മാവോയിസത്തിലേക്ക് ആകര്ഷിക്കപ്പെട്ടതും ഈ ചരിത പശ്ചാത്തലം നിമിത്തം തന്നയാണ്. സി.പി.എമ്മിനുള്ളില്‍ ഇത്തരം ചായ്‌വുള്ളവരെ തേടിപിടിച്ചു തന്നെയാണ് മാവോയിസ്റ്റുകള്‍ സമീപിക്കുക. മാവോയിസമാണ് മാര്‍ക്സിസത്തിന്‍റെ ഏറ്റവും ആധുനികവും വികസിതവുമായ രൂപം എന്ന പാഠമാണ് അവര്‍ക്കു ലഭിക്കുക. ഔദ്യോഗിക സി.പി.എം. നേതൃത്വം ഭരണവര്‍ഗമായി മാറിയിരിക്കുന്നു എന്ന് കൂടി അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. മാര്‍ക്സിസത്തിന്‍റെ ശരിയായ രൂപമാണ് മാവോയിസം എന്ന വ്യക്തമായ ധാരണയോടുകൂടിയാണ് സി.പി.എമ്മിനുള്ളില്‍ നിന്ന് മാവോയിസ്റ്റുകള്‍ ഉടലെടുക്കുന്നതെന്ന് ചുരുക്കം. പന്തീരാങ്കാവിലെ രണ്ടു സി.പി.എം.അംഗങ്ങള്‍ മാവോയിസ്റ്റുകളായത് ഇത്തരമൊരു പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്.k venu, opinion ,iemalayalam

മാവോയിസ്റ്റുകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി അവരെ നില നിര്‍ത്തുന്നതില്‍ മുസ്ലിം തീവ്രവാദി സംഘടനകളാണ് പ്രധാന പങ്കു വഹിക്കുന്നതെന്ന സി.പി.എം.നേതാവിന്‍റെ കണ്ടുപിടുത്തം വിചിത്രമാണ്. മുസ്ലിം തീവ്രവാദികള്‍ ഇസ്ലാമിക വിശ്വാസത്തില്‍ മുറുകെ പിടിക്കുന്നവ രാണ്. അവര്‍ക്കു മാവോയിസ്റ്റുകളുടെ കടുത്ത ഭൗതികവാദവുമായി ഒരിക്കലും ആശയപരമായി പൊരുത്തപ്പെടാനാവുകയില്ല. അതേസമയം ഭരണകൂടത്തിനെതിരേ ഏറ്റവും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ എന്ന നിലക്ക് മാവോയിസ്റ്റുകളോട് അവര്‍ താല്‍പര്യം നിലനിര്‍ത്തുന്നു എന്നത് വാസ്തവമാണ്. മാവോയിസ്റ്റ് രാഷ്ട്രീയത്തോടു അല്പം പോലും യോജിപ്പില്ലാത്തവര്‍ പോലും ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നു അതിക്രമ ങ്ങള്‍ ഉണ്ടാകുമ്പോള്‍ മാവോയിസ്റ്റുകള്‍ക്കു പിന്തുണ നല്‍കാറുണ്ട്. അതിന്‍റെ പേരില്‍ അവരെയെല്ലാം മാവോയിസ്റ്റു ബന്ധമുള്ളവരായി ചിത്രീകരിക്കുന്നത് പോഴത്തരമാണെന്ന് മാത്രമല്ല, നിരുത്തരവാദപരം കൂടിയാണ്.

പി.യു.സി.എല്‍.ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പൗരാവകാശ സംഘടന കളെ മാവോയിസ്റ്റു ബന്ധമുള്ളവയായി കേരളാ പോലീസ് പ്രഖ്യാപിച്ചതിനെ ഭോഷ്ക്ക് എന്നു മാത്രമേ പറയാനാകൂ. അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന് പുറത്തുവന്ന അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയനേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ജനാധിപത്യ, പൗരാവകാശ സംരക്ഷണത്തിനു വേണ്ടി രൂപീകരിച്ച സംഘടനയാണ് പി.യു.സി.എല്‍. മാവോ യിസ്റ്റുകളുടേതുള്‍പ്പെടെ പൗരാവകാശ ലംഘനങ്ങള്‍ നടക്കുന്നിടത്തെല്ലാം പി.യു.സി.എല്‍. ഇടപെടാറുണ്ട്. ആന്ധ്രയിലും ചത്തീസ്ഗഡിലുമെല്ലാം അനവധി കപട ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വിവരങ്ങള്‍ അവര്‍ പുറത്തു കൊണ്ടുവന്നിട്ടുമുണ്ട്.

നിലമ്പൂര്‍-ഗൂഡല്ലൂര്‍ വന, മലന്പ്രദേശങ്ങളിലും അട്ടപ്പാടിയിലുമാണ് സമീപ കാലത്ത് മാവോയിസ്റ്റു സംഘട്ടനങ്ങളുണ്ടായത്. അതിന്‍റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട വനപ്രദേശങ്ങള്‍ മുഴുവന്‍ മാവോയിസ്റ്റു താവളങ്ങളായിക്കൊ ണ്ടിരിക്കുന്നു എന്നാണു പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തന രീതികളെക്കുറിച്ച് കേരള പോലീസിനു ഒരു ധാര ണയുമില്ലെന്നാണ് ഇത് കാണിക്കുന്നത്.

മൂന്നു സംസ്ഥാനങ്ങളുടെ അതി ര്‍ത്തികള്‍ ഒന്നിച്ചു വരുന്ന വനമേഖലകള്‍ ഉള്ളിടങ്ങളില്‍ താവളമുറപ്പി ക്കുന്ന ഒരു ശൈലി കുറച്ചു കാലമായി അവര്‍ പ്രയോഗിച്ചു വരുന്നു. ആന്ധ്ര, മഹാരാഷ്ട്രാ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ഒന്നിച്ചുവരുന്ന ദണ്ഡകാരണ്യ വനമേഖലയാണ് മാവോയിസ്റ്റുകള്‍ അവരുടെ ആദ്യത്തെ പ്രധാന താവളമാക്കി മാറ്റിയത്. അവിടെ ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരെ ചേര്‍ത്തുകൊണ്ട് അതിര്‍ത്തി കമ്മിറ്റികള്‍ എന്ന പേരില്‍ മേഖലാ (zonal) കമ്മിറ്റികള്‍ ഉണ്ടാക്കുകയും ചെയ്യും. ഈ മേഖലാ കമ്മിറ്റികളാണ് സൈനിക പ്രവര്‍ത്തനമുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുക. ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസിനു ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനാവില്ലെന്നു മാവോയിസ്റ്റുകള്‍ക്ക് നന്നായിട്ട് അറിയാം. സര്‍ക്കാര്‍ തലത്തിലുള്ള എകോപനമൊന്നും പ്രാദേശിക പോലീസ് തലത്തില്‍ പ്രയോഗത്തില്‍ വരികയില്ലെന്നു അവര്‍ അനുഭവത്തി ലൂടെ പഠിച്ചിട്ടുണ്ട്. അതാണ്‌ ഈ മൂന്നു-സംസ്ഥാന അതിര്‍ത്തികളില്‍ കേന്ദ്രീകരിക്കുന്നതിന് കാരണം.k venu, opinion, iemalayalam

നിലമ്പൂര്‍-ഗൂഡല്ലൂര്‍-അട്ടപ്പാടി വനമേഖലയും ഇതുപോലെ മൂന്നു സംസ്ഥാ നങ്ങളുടെ, കേരളം-തമിഴ്നാട്-കര്‍ണാടകം അതിര്‍ത്തികള്‍ ഒന്നു ചേരുന്ന മേഖലയാണ്. അതുകൊണ്ടാണ് ആ മേഖല താവളമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനം അവര്‍ ആരംഭിച്ചത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്നുകൊണ്ടുള്ള അതിര്‍ത്തി കമ്മിറ്റിയാണ് ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും. പശ്ചിമഘട്ടം മുഴുവനും ഇങ്ങിനെയൊരു കമ്മിറ്റിയുടെ പ്രവര്‍ത്തനമേഖല ആക്കുക എന്നത് തികച്ചും അസംഭവ്യമാണ്. പശ്ചിമഘട്ട മേഖലയില്‍ മറ്റെവിടെയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. പശ്ചിമഘട്ട മേഖലയില്‍ മുഴുവന്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപിചിട്ടുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് ഭാവനാ സൃഷ്ടി മാത്രമാണെന്ന് കാണാം. തീര്‍ച്ചയായും ഇത്തരം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കുന്നതിനു പിന്നില്‍ പോലീസിനു അവരുടേതായ ഇടുങ്ങിയ താല്പര്യങ്ങള്‍ പലതും കണ്ടേക്കാം.

സമീപകാലത്ത് ആന്ധ്രയിലെ സമതലങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കു ന്നത്. അതുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ ദണ്ഡകാരണ്യ മേഖലയിലേക്ക് ചുരുങ്ങിപ്പോയത്. കേരളത്തിലെ പൊതുസമൂഹത്തിലാകട്ടെ വളരെ നേരത്തെ മുതല്‍ക്കു തന്നെ മാവോയിസ്റ്റ് രാഷ്ട്രീയത്തിന് സ്വീകാര്യത ഉണ്ടായിരുന്നില്ല. ഇത്തരം പൊതു പശ്ചാത്തലമൊന്നും പരിശോധിക്കാതെയാണ് സി.പി.എം. ജില്ലാനേതാവ് ആരംഭത്തില്‍ പറഞ്ഞ പ്രസ്ഥാവന നടത്തിയത്. തങ്ങളുടെതന്നെ പാര്‍ട്ടി അംഗങ്ങളായ രണ്ടു ചെറുപ്പക്കാര്‍ മാവോയിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്‌ എന്തുകൊണ്ട് എന്ന ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ സി.പി.എം. നേതൃത്വം തയ്യാറാകുന്നില്ല. തയ്യാറായിരുന്നെങ്കില്‍ പി. മോഹനന്‍ നടത്തി യത് പോലുള്ള ഒരു പ്രസ്താവന സംഭവിക്കുമായിരുന്നില്ല.

മാര്‍ക്സിസത്തിന്‍റെ ഏറ്റവും ആധുനികവും വിപ്ലവസ്വഭാവമുള്ളതുമായ രൂപമായിട്ടാണ് തങ്ങളുടെ അണികള്‍ക്കിടയില്‍ മാവോയിസം അവതരി പ്പിക്കപ്പെടുന്നത് എന്ന വസ്തുതയാണ് സി.പി.എം.നേതൃത്വം ആദ്യം തിരിച്ചറിയേണ്ടത്. അപ്പോള്‍ മാത്രമേ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തില്‍ മാവോയിസം എന്തുകൊണ്ട് അസ്വീകര്യമാവുന്നു എന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്കു കഴിയൂ. പക്ഷെ ആശയപരമായി അവര്‍ക്കത്‌ എളുപ്പം സാദ്ധ്യമാവില്ല. പ്രത്യയശാസ്ത്രപരമായി മാര്‍ക്സിസത്തെയും മാവോയിസത്തെയും തള്ളി പറയാതിരിക്കുകയും ബൂര്‍ഷ്വാ ജനാധിപത്യമെന്ന് അവര്‍ തന്നെ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി.പി.എം. സൈദ്ധാന്തികമായി വലിയ ആശയക്കുഴപ്പത്തിന്‍റെ നടുവിലാണ്. എന്തായാലും അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയും വിധമുള്ള ഒരു രാഷ്ട്രീയ ഇടപെടല്‍ സി.പി.എം.നേതൃത്വം നടത്തുന്നി ല്ലെങ്കില്‍ പന്തീരാങ്കാവിലേത് പോലത്തെ സംഭവങ്ങള്‍ അങ്ങിങ്ങായിട്ടാ ണെങ്കിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Cpm maoist islamic extremist ties