scorecardresearch
Latest News

സിപിഎം എന്നാൽ ജാതി-ലിംഗവരേണ്യത മൈനസ് പശു

ഒരുവശത്ത് എസ് എഫ് ഐ പുരുഷ-വനിതാതാരങ്ങൾ ചുംബനസമരം മുതൽ ആർത്തവസമരം വരെ ഏറ്റുപിടിക്കുന്നു, ലൈംഗികന്യൂനപക്ഷങ്ങളുടെ കൂടെയാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ അവരുടെ പിതൃപ്രസ്ഥാനത്തിൻറെ ലജ്ജാഹീനമായ വരേണ്യലിംഗയുക്തികൾ ഇളക്കമേതുമില്ലാതെ തുടരുന്നു.

സിപിഎം എന്നാൽ ജാതി-ലിംഗവരേണ്യത മൈനസ് പശു

ജനാധിപത്യരാജ്യത്തെ നിയമവ്യവസ്ഥയുടെ കാവലാളുകളാകാൻ തയ്യാറെടുക്കുന്ന സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾ തന്നെയാണ് ആ കലാലയത്തിന്റെ തലപ്പത്തിരുന്നവർ നിഷേധിച്ചതെന്നുള്ള ഞെട്ടിക്കുന്ന വസ്തുത പുറത്തു വന്നത് അവിടെ നടക്കുന്ന വിദ്യാർത്ഥിസമരത്തിന് പൊതുസാധുത നേടിക്കൊടുക്കാൻ വളരെ സഹായിച്ചുവെന്ന് വ്യക്തമാണ്. എങ്കിലും മുഖ്യധാരാ ഇടതുവിദ്യാർത്ഥി നേതാക്കൾ ഒത്തുതീർപ്പിനിറങ്ങിയപ്പോൾ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി വാദിക്കണമെന്ന തോന്നൽ അവർക്കുണ്ടായില്ല. പകരം ആറുമണി വരെ പുറത്തു കളിക്കാമെന്ന വ്യവസ്ഥയ്ക്കു വഴങ്ങാൻ അവർ തയ്യാറായി. ചുരുക്കിപ്പറഞ്ഞാൽ, ലക്ഷ്മിനായർ എന്ന വനിതാ അധികാരിക്ക് ഒരു പോറൽ പോലും ഏറ്റില്ല, പക്ഷേ സ്ത്രീകളുടെ മൊത്തത്തിലുള്ള താത്പര്യങ്ങളും മനുഷ്യർ എന്ന നിലയ്ക്ക് അവർക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളും നിസ്സാരവത്ക്കരിക്കപ്പെട്ടു.

ഇതിൽ ലക്ഷ്മി നായർ ഏതെങ്കിലും വിധത്തിൽ ഇരയായിട്ടുണ്ടോ? സാമൂഹ്യമാദ്ധ്യമങ്ങളിൽ ഈ വിഷയം ചർച്ച ചെയ്ത പലരും ‘അതെ’ എന്നുത്തരം പറയുന്നു. ലക്ഷ്മി നായർ എന്ന സ്ത്രീയെക്കുറിച്ചുള്ള പരാതികൾ പരസ്യമായതോടെ സ്വാശ്രയകോളേജുകളുടെ കൊള്ളരുതായ്മകൾ പൊതുവേയും അവിടങ്ങളിലെ ആൺഭരണം പ്രത്യേകിച്ചും പൊതുചർച്ചയിൽ നിന്ന് അപ്രത്യക്ഷമായി എന്ന് അവരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ വീഴ്ചകളെ ആഘോഷിക്കുന്ന മുഖ്യധാരാമാദ്ധ്യമസംസ്കാരത്തെ അവർ അപലപിക്കുന്നു. ലക്ഷ്മി നായരെ വിമർശിക്കൂ, പക്ഷേ അവരുടെ വസ്ത്രധാരണം, പാചകം മുതലായവയെക്കുറിച്ച് മോശമായ പരാമർശങ്ങൾ ഉന്നയിക്കാതിരിക്കൂ എന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഈ ചർച്ചയിൽ ഒരളവു വരെയെങ്കിലും അവർ ഇരയാക്കപ്പെട്ടിരിക്കുന്നു എന്നാണ് സൂചന. ലക്ഷ്മി നായരും അവരുടെ പിതാവും ഈ സമരത്തെ ‘സ്ത്രീത്വ’ത്തെ അപമാനിക്കലായി ചിത്രീകരിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്.

വിദ്യാർത്ഥിനികളുടെ സഞ്ചാരസ്വാതന്ത്ര്യക്കാര്യത്തിൽ പെൺകുട്ടികൾ ആവശ്യപ്പെട്ട സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും മാത്രം നേടിയെടുക്കാനുള്ള ബാദ്ധ്യതയെ ഇടതുവിദ്യാർത്ഥിപ്രസ്ഥാനത്തിനുള്ളൂ എന്ന വാദവും കേൾക്കുന്നു. ഇടതുവിദ്യാർത്ഥിപ്രസ്ഥാനത്തിന് സ്വന്തമായ പ്രത്യയശാസ്ത്രമോ രാഷ്ട്രീയലക്ഷ്യങ്ങളോ ഇല്ല എന്നാണോ ഇതിന്റെ അർത്ഥം? നാട്ടുകാർ ആവശ്യപ്പെടുന്നതു മാത്രം, ആ ആവശ്യങ്ങളുടെ രാഷ്ട്രീയസ്വഭാവം എന്തുതന്നെയും ആയിക്കൊള്ളട്ടെ, അവ നേടിക്കൊടുക്കുന്ന കേവലം ദല്ലാൾവേലയാണോ ഇടതുവിദ്യാർത്ഥിപ്രസ്ഥാനം ചെയ്യേണ്ടത്? ലോകമെങ്ങും ജനാധിപത്യം വൻ വെല്ലുവിളികളെ നേരിടുമ്പോൾ സാമൂഹ്യമായ അടിച്ചമർത്തലുകൾ നേരിടുന്ന വിഭാഗങ്ങൾക്കായി നിരവധി വഴികളും വാതിലുകളും തുറന്നിടുക, അവരുടെ സ്വാതന്ത്ര്യത്തിന്റെ ചക്രവാളത്തെ പരമാവധി വികസിപ്പിക്കുക ഇതല്ലേ ഇടതുപ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്? ഈ വഴികൾ തങ്ങൾക്കാവശ്യമില്ല എന്ന് കീഴ്നിലയിലകപ്പെട്ടവരിൽ പലരും കരുതിയേക്കാം. അതുകൊണ്ടു മാത്രം ജനാധിപത്യത്തിന്റെ ഇടത്തെ പരമാവധി വികസിപ്പിക്കുക എന്ന ലക്ഷ്യത്തെ ഇടതുകക്ഷികൾ കൈവിട്ടുകൂട. വഴി നിഷേധിക്കപ്പെട്ടവർക്ക് വഴി തുറന്നുകിട്ടിയാൽ അതിലേ ഉടൻ സഞ്ചരിക്കാൻ അവരിൽ പലരും തയ്യാറായെന്നിരിക്കില്ല. വഴി തുറന്നത് അനാവശ്യമായി എന്നല്ല അതിന്റെയർത്ഥം. മാത്രമല്ല, പലപ്പോഴും വഴിയുണ്ടായാൽ അതിലൂടെ സഞ്ചരിക്കാൻ ക്രമേണ ആളുമുണ്ടാകുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. തങ്ങൾക്ക് വൈകുന്നേരം ആറുമണി വരെ പുറത്തു നിന്നാൽ മതിയെന്ന് ലോ അക്കാദമി വിദ്യാർത്ഥിനികൾ പറഞ്ഞുവോ എന്ന് എനിക്കറിയില്ല, പക്ഷേ നീതി-ന്യായ-നിയമരംഗത്ത് പ്രവർത്തിക്കാൻ തയ്യാറെടുക്കുന്നവരായ സ്ത്രീകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും പൂർണസഞ്ചാരസ്വാതന്ത്ര്യം ആവശ്യമാണെന്ന തത്വത്തെ ഉയർത്തിക്കാട്ടാൻ ഇടതുകക്ഷികൾക്ക് കഴിയാത്തത് ഖേദകരമാണെന്നേ പറയാനാകൂ.

lakshmi nair, trivandrum law accademy
ലക്ഷ്മി നായർ

ലക്ഷ്മി നായരുടെ ഇര-നിലയെപ്പറ്റിയും ആലോചിക്കേണ്ടതുണ്ട്. അവരിൽ ആരോപിക്കപ്പെടുന്ന തെറ്റുകളെല്ലാം അവരുടെ സ്ത്രീത്വത്തിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന വാദം തീർച്ചയായും സ്വീകാര്യമല്ല. പക്ഷേ അത് സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല. മറിച്ച് അവർ നിർവ്വഹിച്ചു വരുന്ന വരേണ്യസ്ത്രീത്വത്തെ പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ഈ വാദം ഏറെ സഹായകമാകുന്നു എന്നതാണ് പ്രശ്നം.

വിവാദ-അപവാദപത്രപ്രവർത്തനത്തിന് കേരളത്തിൽ ദീർഘമായ ചരിത്രമാണുള്ളത്. ലൈംഗികാപവാദവും അഴിമതിയും കൂട്ടിക്കലർത്തിയാൽ വൻതോക്കുകളെപ്പോലും വീഴ്ത്താമെന്ന കണ്ടെത്തൽ മലയാളപത്രപ്രവർത്തനത്തിന്റെ സാമാന്യബോധമായി മാറിയിട്ട് നൂറുവർഷത്തോളമാകുന്നു. ഈ തന്ത്രം പ്രയോഗിച്ചവർ പലപ്പോഴും തികഞ്ഞ ഉദ്ദേശ്യശുദ്ധിയുള്ളവരുമായിരുന്നു. പക്ഷേ അതിന്റെ ദീർഘകാലഫലം എല്ലായ്പ്പോഴും സമൂഹത്തിലെ യാഥാസ്ഥിതികപക്ഷങ്ങൾക്ക് സഹായകമായാണ് ഭവിച്ചത്. ഇത്തരം ചർച്ചകൾ ലൈംഗികസമ്മാനങ്ങളായി പ്രത്യക്ഷപ്പെട്ട സ്ത്രീകളെ ശാക്തീകരിച്ചെന്നു പറയാനുമാവില്ല. എന്നാൽ സമീപകാലത്ത് ഈ പാർശ്വ-നിഷ്‌ക്രിയനിലയിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകൾ തന്നെ വിവാദ-അപവാദ പത്രപ്രവർത്തനത്തിന്റെ കേന്ദ്രവസ്തുക്കളായി, സക്രിയരായി, പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. സരിതാ നായരുടെ വിഷയം മുതലെങ്കിലും, ലക്ഷ്മി നായരും അവരുടെ പ്രതിശ്രുത മരുമകളും വരെയെങ്കിലും. സവർണ-വരേണ്യ-സ്ത്രീത്വത്തിന്റെ അടയാളങ്ങൾ പേറുന്നവരായ ഈ സ്ത്രീകളുടെ ഉന്നതസാമൂഹ്യനിലയെക്കുറിച്ചുള്ള സൂചനകളും, അവരുടെ ചെയ്തികളും തമ്മിലുള്ള അകലത്തെ എടുത്തുകാട്ടുന്ന തന്ത്രമാണ് ഈ സംഭവങ്ങളെപ്പറ്റിയുള്ള പൊതുചർച്ചകളിൽ കണ്ടത്. പുരുഷന്മാരെ കേന്ദ്രീകരിച്ച വിവാദ-അപവാദപത്രപ്രവർത്തനം അതിലകപ്പെട്ട പുരുഷന്മാർക്ക് ചിലപ്പോഴെങ്കിലും വിനയായതുപോലെ, ഈ സ്ത്രീകളും ഇതു മൂലം സമ്മർദ്ദത്തിൽ അകപ്പെട്ടുവെന്ന് തീർച്ച തന്നെ. എന്നാൽ വിവാദ-അപവാദപത്രപ്രവർത്തനത്തിന്റെ ഈ വകഭേദവും സാമൂഹ്യയാഥാസ്ഥിതികത്വത്തെത്തന്നെയാണ് പോഷിപ്പിക്കുന്നത്. പുരുഷന്മാരെ കേന്ദ്രീകരിച്ചപ്പോൾ അത് ലൈംഗികയാഥാസ്ഥിതികത്വത്തെ വളർത്തിയെങ്കിൽ, ഇപ്പോൾ അത് വരേണ്യസ്ത്രീത്വത്തെ ഏറെയും വെറുതേ വിടുന്നു.

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിക്കു മുൻപിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം)
ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിക്കു മുൻപിൽ സമരം ചെയ്യുന്ന വിദ്യാർഥികൾ (ഫയൽ ചിത്രം)

ലക്ഷ്മി നായർ പ്രതിനിധാനം ചെയ്യുന്ന വരേണ്യമലയാളിസ്ത്രീത്വം തന്നെയാണ് യഥാർത്ഥത്തിൽ ഇന്ന് വിമർശനവിഷയമാകേണ്ടത്. അവർ ആ ആദർശത്തെ പ്രയോഗത്തിൽ വഞ്ചിച്ചു എന്ന സൂചന മാത്രം നൽകുന്പോൾ ആ ആദർശം വിമർശകദൃഷ്ടിയ്ക്കു പുറത്തുതന്നെയാണ്. ലക്ഷ്മി നായരെപ്പറ്റി കേൾക്കുന്ന കഥകളോളമല്ലെങ്കിലും, അവരിലൂടെ പ്രസരിക്കുന്ന വരേണ്യസ്ത്രീത്വാദർശം പെൺകുട്ടികൾക്കെതിരെ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന മർദ്ദനോപകരണമാണ്. മുഖ്യമായും ഗാർഹികധർമ്മത്തോടു ചേർന്നു നിന്നുകൊണ്ട്, പിതാവോ ഭർത്താവോ നൽകുന്ന നിയുക്താധികാരത്തെ സ്വന്തം സമുദായ-ജാതി-വർഗനില നൽകുന്ന അധികാരത്തോട് ചേർത്ത് സ്വയം മർദ്ദകശക്തിയായിത്തീരുന്ന സ്ത്രീത്വമാണിത്. ഇതേ അധികാരത്തിന്റെ ചെറുരൂപങ്ങൾ കേരളത്തിലെ വീടുകളിലും വിദ്യാലയങ്ങളിലും ഉച്ച-നീചശ്രേണികൾ പ്രാവർത്തികമായ മറ്റു പല ഇടങ്ങളിലും വരേണ്യസ്ത്രീകൾ വിനിയോഗിക്കുന്നുണ്ടെന്നു തീർച്ചയാണ്. കോളേജുകളിൽ ഇത് സർവ്വസാധാരണമാണെന്ന് അവിടങ്ങളിൽ സമീപകാലത്തു നടന്നുകണ്ട സമരങ്ങളും ചെറുത്തുനിൽപുകളും പറയുന്നു.

ചുരുക്കിപ്പറഞ്ഞാൽ മുഖ്യധാരാ ഇടത് അധികാരികൾ ഈ സമരത്തിൽ സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കു പുല്ലുവില കല്പിച്ചുവെന്നു മാത്രമല്ല, അവർ വരേണ്യസ്ത്രീത്വത്തെ വെറുതെ വിടുകയും ചെയ്തിരിക്കുന്നു. വല്ലാത്ത ഒരു കാലം! ഒരുവശത്ത് എസ് എഫ് ഐ പുരുഷ-വനിതാതാരങ്ങൾ ചുംബനസമരം മുതൽ ആർത്തവസമരം വരെ ഏറ്റുപിടിക്കുന്നു, ലൈംഗികന്യൂനപക്ഷങ്ങളുടെ കൂടെയാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ അവരുടെ പിതൃപ്രസ്ഥാനത്തിന്റെ ലജ്ജാഹീനമായ വരേണ്യലിംഗയുക്തികൾ ഇളക്കമേതുമില്ലാതെ തുടരുന്നു.

സിപിഎം എന്നാൽ ജാതി-ലിംഗവരേണ്യത മൈനസ് പശു എന്നു പറയേണ്ടുവരുന്നതിൽ ഖേദമുണ്ട്.

 

സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ അദ്ധ്യാപികയും ഗവേഷകയുമാണ് ദേവിക. ഇംഗ്ളിഷിലും മലയാളത്തിലും കേരളസമൂഹം, രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ച് ഗവേഷണപ്രബന്ധങ്ങൾ രചിക്കുന്നു.kafila.online  എന്ന സംഘബ്ളോഗിൽ കേരളീയ സമൂഹത്തെ പറ്റി ഉറക്കെ ചിന്തിക്കാറുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Cpm j devika law academy lekshmi nair gender caste women