scorecardresearch
Latest News

സമ്മേളന കാലങ്ങളിലെ ഉണ്ടയില്ലാ വെടികളും ആദർശത്തിന്റെ പൊയ്ക്കാലുകളും

കേരളത്തിലെ ഭരണമുന്നണിയിലെ പ്രധാനപാർട്ടികളായ സി പി എം, സി പി ഐ എന്നിവയുടെ സമ്മേളനകാലമാണിപ്പോൾ. സമ്മേളന കാലത്ത് ഉയർന്ന് വരുന്ന വിവാദങ്ങൾ അതിജീവനവഴിയോ?

CPI, CPM, Governor, Kanam Rajendran, Lokayukta, Pinarayi Vijayan, iemalayalam

കേരള സമൂഹവും രാഷ്ട്രീയവും എക്കാലത്തും ഉപരി, മധ്യവർഗങ്ങളുടെ സാമൂഹിക രാഷ്ട്രീയ താൽപ്പര്യങ്ങളുടെ വെള്ളവും വളവും ഏറ്റുവാങ്ങിയാണ് വളർന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, കാലത്തും അതിന് വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

ബ്രാഹ്മണ /നമ്പൂതിരി സമുദായങ്ങൾ മുതൽ ശൂദ്രരാണെങ്കിലും നായർ സമുദായം വരെയുള്ളവരുടെയും സവർണ ക്രിസ്ത്യാനികളെന്ന് വിശേഷിപ്പിക്കാവുന്ന ക്രൈസ്തവ സമുദായവിഭാഗങ്ങളുടെയും സാമുദായിക, സാമൂഹിക, രാഷ്ട്രീയ താൽപ്പര്യത്തിൽ ഊന്നി നിന്നുള്ള കേരളമാണ് ഇവിടെ രൂപപ്പെട്ടത്. ആ രൂപപ്പെടലിന് കേരളം കൊടുക്കേണ്ടി വന്ന വലിയൊരു വിലയാണ് വികസനം, അഴിമതി, നവോത്ഥാനം എന്നിവയുടെ സാമൂഹിക കാഴ്ചപ്പാടിനു പകരം പ്രിവില്ലേജുള്ള വ്യക്തികളെ തരാതരം തിരിച്ചെടുത്ത് സംരക്ഷിക്കുന്ന നിലയിൽ വികസന നായകരെയും മികച്ച ഭരണകർത്താക്കളെയും വിഗ്രഹങ്ങളാക്കി നിർമിച്ചെടുത്ത് ആരാധിക്കുന്ന രീതി.

ഈ ആരാധാന രീതി ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പ് തന്നെ ഉണ്ടായിട്ടുണ്ട്. അതിനായി ഈ മികച്ച ഭരണാധികാരിക്കൊപ്പം അധികാരത്തിലെ എല്ലാ പ്രിവില്ലേജുകളുമുള്ള ലക്ഷണയുക്തമായ വില്ലനെയും അവർ തിരഞ്ഞെടുത്തു. വെറും വില്ലനല്ല, നായക പരിവേഷമുള്ള പ്രതിനായകൻ. നായകനൊപ്പം തന്നെ ഈ പ്രതിനായക പരിവേഷമുള്ള വില്ലനെയും സമൂഹം മറ്റൊരു രീതിയിൽ കൊണ്ടാടും. നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും ആടിയതിനും ആടുന്നതിനുമൊപ്പമുള്ള പകർപ്പുപോലും ആകുന്നില്ല സിനിമകളിലെ നായക, പ്രതിനായക വേഷങ്ങൾ എന്നതാണ് ഇതിനെ നൂലിഴ കീറി പരിശോധിച്ചാൽ കാണാനാകുക.

ചരിത്രവും പോയകാലത്തെ കഥകളുമൊക്കെ ഇവിടെ വിസ്തരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യർ, കെ. കരുണാകരൻ തുടങ്ങി പലരും ഇങ്ങനെ നായകരും പ്രതിനായകരായി വേഷപ്പകർച്ചയുടെ ഉദാഹരണങ്ങളാണ്. ഇവരുടെ വേഷപ്പകർച്ചയിൽ ഭരണകൂട ചേരിയിൽ തന്നെ ചില വ്യക്തികൾ വിഗ്രഹങ്ങളായി കൊത്തിയെടുക്കപ്പെട്ടു. അങ്ങനെ ഒരേ ചേരിയിൽ തന്നെയും ഒരേ വ്യക്തി തന്നെയും നായകനും പ്രതിനായകനും ഉണ്ടാകേണ്ട ആവശ്യം ഭരണകൂടത്തിനും ഭരണകൂട സംവിധാനത്തിലെ പ്രതിനിധാനം ചെയ്യുന്നവരുടെ പിന്തുണക്കാരായ സവർണ ഉപരി, മധ്യവർഗ സമുദായങ്ങൾക്കും അവരുടെ രാഷ്ട്രീയ സംവിധാനങ്ങൾക്കും ഉണ്ടായിരുന്നു. അതവർ തരാതരം നേടിയെടുക്കുകയും ചെയ്തു.

അധികാര ശീതളിമയിലിരുന്നുകൊണ്ട് തന്നെ അതിനെ ഒട്ടും അലോസരപ്പെടുത്താതെ ആ അധികാരത്തെ വിമർശിക്കുന്നുവെന്ന വ്യാജഭാവത്തിൽ സമൂഹത്തിൽ ഇടംപിടിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ട്. കേരളത്തിൽ എക്കാലത്തും അവരെ കാണാനും സാധ്യമാകും. പാർട്ടികൾക്കുള്ളിൽ വ്യക്തികളും മുന്നണികൾക്കുള്ളിൽ പാർട്ടികളും ഈ രീതിയുടെ നിർമ്മിതിയിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും പാർട്ടികൾക്കുള്ളിലെ അധികാര സമവാക്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിവാദ പ്രതീതികളുണ്ടാ(ക്കു)കുന്നത്.

കേരളത്തിലെ ഇത്തവണത്ത പ്രത്യേകത എൽ ഡി എഫിന് ഭരണത്തുടർച്ച ലഭിച്ചതാണ്. അതിന്റെ ഒന്നാം വാർഷികമെത്തുന്നതിനു മുമ്പ് തന്നെ കേരളത്തിലെ ഭരണകക്ഷിയിലെ പ്രധാനപ്പെട്ട രണ്ട് കക്ഷികളുടെയും സമ്മേളനങ്ങൾ വന്നു. ഇതോടെ വിവാദങ്ങൾക്കും ക്ഷാമമില്ലാതെയായി. വികസന നായകനായി സി പി എം ഉയർത്തിപ്പിടിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ നേതൃത്വം വിമർശിക്കപ്പെടാതിരിക്കണമെങ്കിൽ മറ്റൊരുവിവാദം വേണമെന്നത് കൊണ്ടായിരിക്കാം പൊടുന്നനെ കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട ഒന്നാണ് കെ-റെയിൽ വിവാദം. അത് അണയാതെ കാത്തുസൂക്ഷിക്കുന്നതിൽ സർക്കാരും കെ- റെയിലും സി പി എമ്മുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നതാണ് ഈ സംശയത്തിന് അടിസ്ഥാനകാരണമായി പലരും സമ്മേളനകാലത്തെ കാണുന്നത്. പദ്ധതി നടപ്പാക്കുകയെന്നത് സി പി എമ്മിനും സർക്കാരിനുമുള്ള മുഖ്യലക്ഷ്യമാണെങ്കിലും ഇപ്പോഴത് സജീവ വിവാദമാക്കി നിർത്തുന്നതിനു പിന്നിൽ സമ്മേളന കാലമെന്നത് മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നു തന്നെ കരുതണം.

സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഈ വിവാദങ്ങളുടെ ഗുണഫലം ലഭിക്കുക മറ്റ് പല ഗൗരവമുള്ള വിഷയങ്ങളിൽനിന്നു സമ്മേളന കാലത്ത് ചർച്ചകൾ വഴിമാറും എന്നതാണ്. ആഭ്യന്തര വകുപ്പ് മുതൽ ആരോഗ്യവകുപ്പ വരെയോ, വ്യവസായ വകുപ്പ് മുതൽ വിദ്യാഭ്യാസ വകുപ്പ് വരെയോ എന്തിന് ഘടകകക്ഷി വകുപ്പുകളുടെ ഉൾപ്പടെ പരാജയങ്ങളുടെയും പിടിപ്പുകേടുകളുടെയും കാണാമറയത്തെ കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ സമ്മേളനങ്ങളിൽ വ്യാപകമായി ഉയരില്ല. പകരം എന്തുകൊണ്ട് വികസനം, എന്തുകൊണ്ട് കെ-റെയില്‍ എന്നതിലേക്ക് ചർച്ച പരിമിതപ്പെടുത്തുവാൻ അവർക്ക് സാധിക്കും. താഴെ തട്ട് മുതലുള്ള ചർച്ചകളിൽ ഭരണ നേട്ടങ്ങളും ഭാവിവികസനങ്ങളും (മുഖ്യമായും കെ റെയില്‍) അനുകൂലിച്ചുള്ള ചർച്ചകളാണ് പൊതുവിൽ നടന്നതെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്.

ദോഷംപറയരുതല്ലോ, ചിലയിടങ്ങളിൽ, ഒറ്റയ്ക്കും തെറ്റയ്ക്കും അല്ലറ ചില്ലറ വിമർശനങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. പൊലീസിനെതിരെ (ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രി വിമർശിക്കപ്പെട്ടിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം) ഉയർന്ന ചില വിമർശനങ്ങളൊക്കെയുണ്ട്. ആരോഗ്യമന്ത്രിക്കെതിരെ അവരുടെ സ്വന്തം ജില്ലയിൽ ചെറിയ ചില വിമർശനം ഉയർന്നതൊഴിച്ചാൽ പൊതുവിൽ ഇതുവരെ നടന്ന ബ്രാഞ്ച് മുതൽ ജില്ലവരെയുള്ള ഘടകങ്ങളിലെ പാർട്ടി സമ്മേളന ചർച്ചകളിലൊന്നും മുൻകാലങ്ങളിലെ പോലെ വിമർശനങ്ങളല്ല, മറിച്ച് ഭാവി വികസന സങ്കൽപ്പങ്ങളെ കുറിച്ചുള്ള വെള്ളിവര സ്വപ്നം കാണലുകളുടെ വർണനകളായിരുന്നുവെന്നാണ് ഇതേകുറിച്ചുള്ള വാർത്തകൾ.

കെ- റെയിലും മറ്റ് വികസന പദ്ധതികളും എങ്ങനെ നടപ്പാക്കാമെന്നതിലേക്ക് ചർച്ചയെ വേലികെട്ടി നിർത്താനും സർക്കാരിനെതിരായ വിമർശനങ്ങളെ തടയാനും സി പി എമ്മിനു സാധിച്ചു. ചുരുക്കത്തിൽ, പാർട്ടി സമ്മേളനങ്ങളെ പിണറായി സ്തുതികളുടെ തിരുവാതിര വേദികളാക്കി മാറ്റുന്ന കാഴ്ചയാണ് കേരളം കണ്ടത്. പിണറായിയെ വികസന പുരുഷനാക്കാനുള്ള നീക്കത്തിനു മുന്നിൽ വിമർശനങ്ങളുടെ മുന ഒടിഞ്ഞതായിരുന്നു സംസ്ഥാനത്തെ ഇത്തവണത്തെ സിപി എം ബ്രാഞ്ച് മുതൽ ജില്ലാതലം വരെ നടന്ന സമ്മേളനങ്ങളുടെ പൊതുസ്ഥിതി.

സി പി എം തങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയ ഗോൾ പോസ്റ്റിലേക്ക് പന്താണോ കല്ലാണോ എന്ന് തിരിച്ചറിയാതെ പ്രതിപക്ഷ കക്ഷികളും ബി ജെ പിയുമെല്ലാം കാലുമടക്കി അടിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ടത്. എത്രയൊക്കെ എതിർത്താലും അവസാനം കെ- റെയിലിനൊപ്പം നിലപാട് സ്വീകരിക്കുക എന്നതാകും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും കോൺഗ്രസും ബി ജെ പിയും അവരുടെ മുന്നണികളായ യു ഡി എഫും എൻ ഡി എയും ചെയ്യുകയെന്ന് ചരിത്രമറിയാവുന്നവർക്കൊക്കെ അറിയാം. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പുകളുടെ ആയുസ് വളരെ ക്ഷണികമാണ്. ഭരണക്കസേരയുടെ അടുത്തെത്താനുള്ള വഴികളിലൊന്ന് മാത്രമാണ് അവരുടെ വിയോജിപ്പും വിമർശനവും. വിഴിഞ്ഞം തുറമുഖം അദാനിക്കു നൽകിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രതിപക്ഷത്തിരുന്ന കാലത്ത് എൽ ഡി എഫ് ഉയർത്തിയ വിവാദങ്ങളും അതിലെ ഇപ്പോഴത്തെ അവസ്ഥയും നോക്കിയാൽ ഇത് മനസിലാകും.

അധികാരത്തിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന സി പി ഐയ്ക്ക് പെട്ടെന്നൊരു ഉൾവിളി ഉണ്ടായി. ധാർമികതയുടെ ഉടവാൾ തങ്ങളുടെ കൈവശത്തുനിന്നു നഷ്ടപ്പെടുമോ എന്ന ഭീതി. പാർട്ടി സമ്മേളനങ്ങളുടെ കാലമാണ്. അണികൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ നേതൃത്വത്തിന് കുറച്ച് മൂലധനം വേണം. മുന്നിലൊന്നുമില്ല. പാർട്ടി ഭരിക്കുന്ന വകുപ്പുകളുടെ അവസ്ഥയെക്കുറിച്ച് ഒന്നും പറയാൻ പറ്റില്ല. പറഞ്ഞാൽ പല്ലിട കുത്തി മണപ്പിക്കുന്ന പോലെയാകും കാര്യങ്ങൾ. “എന്തുചെയ്‌വേണ്ടൂ” എന്ന പദം പാടി നിൽക്കുമ്പോഴാണ് മുന്നിലേക്കു ലോകായുക്ത ഓർഡിനൻസ് പൊട്ടി വീഴുന്നത്. പിന്നെ നോക്കിനിൽക്കാതെ കടിച്ചുകീറാൻ രംഗത്തെത്തി സി പി ഐ. പല്ലുകൊഴിഞ്ഞുവെങ്കിലും കടിച്ചു നോക്കാതെ വിടാൻ പറ്റാത്ത കാലമാണ് സിപി ഐയ്ക്കു വിവാദങ്ങൾ. കാരണം പാർട്ടി സമ്മേളനങ്ങളാരംഭിച്ചു കഴിഞ്ഞു.

അധികാരം നൽകിയ സുഖജീവിതത്തിൽ സി പി എമ്മിനു കീഴടങ്ങിയാണ് സി പി ഐയും എന്ന ആരോപണം അണികളിൽ മാത്രമല്ല, പല നേതാക്കന്മാർക്കുമുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയ കേസുകൾ, അലൻ, താഹ എന്നിവരുടെ അറസ്റ്റ് എന്നീ വിഷയങ്ങളിൽ സി പി ഐ പൊലീസിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. മൂർച്ച കുറഞ്ഞതെങ്കിലും സി പി ഐയുടെ വിർശനങ്ങൾ ഒന്നാം ഭരണത്തിൽ പലപ്പോഴും ഉണ്ടായി. ഭരണത്തുടർച്ച വന്നതോടെ സി പി ഐയുടെ ശബ്ദം ഏതാണ്ട് പൂർണമായി ഇല്ലാതായി. മാണി കോൺഗ്രസ് എൽ ഡി എഫിലേക്കു വന്നതും അധികാരത്തുടർച്ചയും അവരെ വിമർശനങ്ങളുടെ മുനയൊടിച്ചു. സമ്മേളനം വന്നപ്പോൾ സി പി ഐ നേതൃത്വത്തിനു തങ്ങളുടെ വിമർശനങ്ങൾ രാകി മൂർപ്പിക്കാൻ സാധിച്ചു. ലോകായുക്ത ഓർഡിനൻസും ഗവർണറും സർക്കാരും തമ്മിലുള്ള സന്ധി സംഭാഷണങ്ങളുമൊക്കെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അരമാക്കിയെടുത്തു.

ലോകായുക്ത ഓർഡിൻസ് മന്ത്രിസഭയുടെ പരിഗണനയിൽ വരുകയും ഒരാഴ്ച കഴിഞ്ഞ് അത് പരിഗണിക്കുകയും ചെയ്തപ്പോഴൊന്നുംവിമർശനം ഉന്നയിക്കാത്തവർ അത് പത്രവാർത്തയായപ്പോൾ വിമർശിക്കുന്ന കാഴ്ചയാണ്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിനുള്ള ഓർഡിനൻസ് ജനുവരി മാസം രണ്ടാമത്തെ ആഴ്ചയിലെ മന്ത്രിസഭയ്ക്ക് മുമ്പാകെ വരികയും അതിനു ശേഷം ചേർന്ന മന്ത്രിസഭ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, അതിന് ശേഷം പത്രവാർത്ത വന്നതോടെയാണ് കാനം രാജേന്ദ്രന് അഴിമതി വിരുദ്ധ പോരാട്ടത്തിന് വീര്യമേറിയത്.

രണ്ടു തവണ ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ സി പി ഐ മന്ത്രിമാരും ഉൾപ്പെടുന്നതാണ്. അന്നൊന്നും അവർ എതിർപ്പു പറയുകയോ ചെയ്തില്ല. എന്നാൽ വാർത്ത ആയതോടെ തങ്ങളാണ് വിശുദ്ധ രാഷ്ട്രീയക്കാരെന്ന നിലയിൽ സി പി ഐ വിമർശനവുമായി രംഗപ്രവേശം ചെയ്തു. ഇത് മുന്നണി മര്യാദ ലംഘിക്കലാണെന്ന് നിലപാടായിരുന്നു സി പി എമ്മിനും സർക്കാരിനുമുണ്ടായിരുന്നത്. നാല് മന്ത്രിമാർ ഉണ്ടായ രണ്ട് മന്ത്രിസഭായോഗങ്ങളിൽ വന്ന വിഷയം പിന്നീട് പരസ്യവിഴുപ്പലിക്കലിനു കാനം തയ്യാറായി. സി പി ഐ സമ്മേളനം നടക്കുന്ന കാലയളവായതിനാലുള്ള കാനത്തിന്റെ “കന്നന്തിരിവ്” മാത്രമാണിതെന്നാണ് പരിഹാസം.

സി പി ഐയിൽ കാനം രാജേന്ദ്രൻ അധികാരത്തിൽ വന്നപ്പോഴുള്ള പിന്തുണ പാർട്ടിയിൽ അദ്ദേഹത്തിന് ഇപ്പോഴില്ലെന്നത് ഏതാണ്ട് പരസ്യമായ രഹസ്യമാണ്. സമ്മേളനത്തിൽ പാർട്ടി എതിർവിഭാഗം പിടിക്കുമോ എന്ന ആശങ്ക കാനം പക്ഷത്തിനുണ്ട്. അതിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് സി പി എമ്മിനെതിരായ ആക്രമണമാണ്. സർക്കാരിനെതിരെ “വിശുദ്ധ” പരിവേഷ യുദ്ധം നടത്താൻ കാനം തയ്യാറാകുന്നത് ആ സാഹചര്യത്തിലാണ്. സി പി എമ്മിനോടുള്ള ഏത് വിമർശനം സി പി ഐ അണികളെ ആവേശഭരിതരാക്കുമെന്നത് നന്നായി നേതാക്കൾക്കറിയാം. അതാണ് അവർ എക്കാലത്തും പയറ്റുന്നത്. പക്ഷേ, ലോകായുക്ത പയറ്റ് വേണ്ടത്ര വിജയിപ്പിക്കാൻ കാനത്തിന് സാധിച്ചോയെന്ന് സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ അറിയാം.

ലോകായുക്തയിൽ എടുത്ത വിരുദ്ധ സമീപന മുഖംമൂടി മാറിയതോടെ എങ്ങനെയും പിടിച്ചുനിൽക്കാനുള്ള ശ്രമം സി പി ഐ നേതൃത്വം നടത്തുന്നതിനിടെയാണ് ഗവർണർ വിവാദം വരുന്നത്. ഗവർണറുടെ ഓഫീസിൽ ജന്മഭൂമി മുൻ പത്രാധിപർ ഹരി എസ് കർത്തയെ നിയമിക്കാനും ഗവർണറുടെ നീക്കം സർക്കാർ ആയുധമാക്കി. രാഷ്ട്രീയ നിയമനം സംബന്ധിച്ച സർക്കാർ തീരുമാനം ഗവർണർ -സർക്കാർ ഏറ്റുമുട്ടലിന് വഴിയൊരുക്കി.

ഗവർണറുടെ ആവശ്യത്തിനു മേൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. നാല് ജീവനക്കാരെ നിയമിക്കാൻ ഗവർണർക്ക് അവകാശമുണ്ടെന്നും അത് നിയമിച്ചാൽ അവരെ സർക്കാരിന് അംഗീകരിക്കേണ്ടി വരുമെന്നാണ് അവർ പറയുന്നത്. സാധാരണ അത്തരം നിയമനങ്ങളിൽ രാഷ്ട്രീക്കാരെ കൊണ്ടുവരാറില്ല. രാജ്ഭവനെ രാഷ്ട്രീയകരുനീക്കങ്ങളുടെ കേന്ദ്രമാക്കി എന്ന ദുഷ്പേര് വരുത്താതിരിക്കാനും ജനാധിപത്യത്തിലെ മര്യാദകൾ പാലിക്കുന്നതിനായുമുള്ള ധാർമിക സമീപനം മാത്രമാണ്. ഈ ധാർമിക സമീപനത്തെ അടിസ്ഥാനപ്പെടുത്തി സർക്കാർ സമീപനം വ്യക്തമാക്കി. ഉത്തരവിൽ നിയമനം സംബന്ധിച്ച് സർക്കാരിനുള്ള വിയോജിപ്പ് വീണ്ടും വിവാദമായി.

Read More: ഗവർണറും സർക്കാരും ഉത്തരവാദിത്തവും ഒത്തുതീർപ്പും

ഇതോടെ ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപനം വായിക്കാനെത്തില്ല എന്ന നിലപാട് ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രി നേരിട്ട് ഗവർണറെ കണ്ട് അനുനയം. പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്തുനിന്നു മാറ്റി. ഈ തീരുമാനം വന്നപ്പോൾ അത് വിവാദമായി. ഭരണഘടനാ ബാധ്യത നിറവേറ്റാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട് എന്നായിരുന്നു വാദം. ആ വാദം അംഗീകരിച്ച് സർക്കാരിനും ഗവർണർക്കുമെതിരെ ആഞ്ഞടിക്കുകയാണ് കാനം ചെയ്തത്.

സർക്കാർ തീരുമാനത്തിനെതിരെ കാനം അഞ്ഞടിക്കുന്നതിലെ പ്രതിഫലനം സി പി ഐ സമ്മേളനങ്ങളിൽ കാണാം. സമ്മേളന കാലയലളവിൽ ഇത്രയും കാലം അധികാരത്തിനകത്ത് നിന്നിരുന്ന സി പി ഐ നേതൃത്വത്തിന് സമ്മേളനത്തിൽ അണികൾക്കു മുന്നിൽ പിടിച്ചുനിൽക്കാനുള്ള പിടിവള്ളിയാണിപ്പോൾ ഗവർണർ വിവാദം. ഗവർണറോട് യുദ്ധപ്രഖ്യാപനത്തിനില്ലെന്ന സി പി എമ്മിന്റെയും സർക്കാരിന്റയെയും വാദങ്ങളെ തള്ളിപ്പറയുന്ന സി പി ഐ കേരളത്തിലൊരു ഭരണഘടനാ പ്രതിസന്ധിയുണ്ടായാൽ അതിൽ ഇടപെടാൻ തക്കംപാർത്തിരിക്കുന്ന കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും മറന്നുകളയന്നുവെന്നാണ് സി പി എമ്മുകാരുടെ വിമർശനം. സി പി എമ്മിനെ വിമർശിച്ച് വിശുദ്ധ പശു ആകുന്ന സിപി ഐ അധികാരത്തിൽ തന്നെ കടിച്ചുതൂങ്ങി നിൽക്കുകയും ചെയ്യുന്നുവെന്ന് അവർ കുറ്റപ്പെടുത്തുന്നു.

സമ്മേളനകാലയളവിൽ സി പി എമ്മിലെ വിമർശനങ്ങൾ സർക്കാരിനെതിരാവാതിരിക്കാൻ അവർ വികസന വാദം അജണ്ടയാക്കി മാറ്റി മുന്നോട്ടുപോയി. ഇതേസമയം, വികസന വാദമെന്ന പരിപ്പ് സി പി ഐയുടെ അടുപ്പിൽ വേവാത്തിനാൽ അണികൾക്കു മുന്നിൽ എന്തെടുത്ത് പയറ്റുമെന്ന് കാത്തിരുന്ന സി പി ഐക്ക് വീണുകിട്ടിയതാണ് ഗവർണർ വിവാദം. അതവർ മുതലാക്കുന്നതിനു കുറ്റം പറയാനുമാകില്ല. എന്നാൽ, സി പി എമ്മുമായി കൊമ്പുകോർക്കൽ സി പി ഐ സമ്മേളനം കഴിയുന്നതു വരെ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതിപക്ഷത്തുള്ളവരുടെ ഉൾപ്പടെയുള്ള വിലയിരുത്തൽ.

Read More: രാജാ റാമിന്റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Cpm cpi state conferences pinarayi vijayan kanam rajendran