കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെയാണ് ഭിന്ന അവകാശ വാദങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നിരിക്കുന്നത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഭൂപരിഷ്കരണത്തെ കുറിച്ച് നടത്തിയ പ്രസംഗമാണ് വിവാദത്തിനു തിരി കൊളുത്തിയത്. 1970-ല്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയത് അന്നത്തെ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ പിണറായി വിജയന്‍ ആ മുഖ്യമന്ത്രിയുടെ പേര് ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.

സിപിഐ നേതാവും അന്ന് മുഖ്യമന്ത്രി യുമായിരുന്ന സി.അച്യുതമേനോന്റെ നേതൃത്വത്തിലാണ് ഭൂപരിഷ്കരണം നടപ്പിലാക്കിയതെന്നത് ഒരു ചരിത്ര വസ്തുതയാണ്. ആര്‍ക്കും അത് നിഷേധിക്കാനാവുകയുമില്ല. എന്നിട്ടും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പദവിയിലിരുന്നുകൊണ്ട് പിണറായി വിജയന്‍ അച്യുതമേനോന്റെ പേരൊഴിവാക്കിയത് അങ്ങേയറ്റം തരം താണ പണിയായിപ്പോയി. ഒരു മുഖ്യമന്ത്രിയുടെ പദവിക്ക് ഒരിക്കലും ചേരാത്ത പണി. സി.പി.ഐ.യുടെ ഇടക്കാല നിലപാടുകളുടെ പേരില്‍ തന്‍റെ നിലപാട് സമര്‍ഥിക്കാനുള്ള പിണറായിയുടെ പുതിയ ശ്രമം അദ്ദേഹത്തിന്‍റെ സമീപനത്തെ കൂടുതല്‍ പരിഹാസ്യമാക്കുന്നതെയുള്ളൂ.

Read Also: സെക്‌സിനായി വിളിക്കേണ്ടത് ബിജെപിയുടെ ടോൾ ഫ്രീ നമ്പറിലേക്ക്! വലിച്ചുകീറി ഒട്ടിച്ച് നെറ്റ്‌ഫ്‌ളിക്‌സും സോഷ്യൽ മീഡിയയും

ഭൂപരിഷ്കരണം നടപ്പിലാക്കിയതില്‍ നേതൃത്വപരമായ പങ്കു വഹിച്ചത് അച്യുതമേനോനാണെന്ന് പറഞ്ഞാല്‍ അത് തങ്ങളുടെ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ചിന്തയാണ് പിണറായിയെ ഈ സാഹസത്തിനു പ്രേരിപ്പിച്ചതെന്ന് കാണാവുന്നതെയുള്ളൂ. മുഖ്യമന്ത്രി പദത്തിലിരിക്കുമ്പോഴും ഇടുങ്ങിയ കക്ഷിരാഷ്ട്രീയമാണ് പിണറായി വിജയനെ നയിക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. പക്ഷെ പിണറായിയുടെ നെറികേടില്‍ സിപിഐ പ്രതിഷേധിച്ചതോടെ ഫലം നേരെ തിരിച്ചായി. ഭൂപരിഷ്കരണത്തിനു നെടു നായകത്വം വഹിച്ചത് അച്യുതമേനോനും സിപിഐയുമാണെന്ന ധാരണ വ്യാപകമായി ജനങ്ങളിലേക്കെത്തും വിധമുള്ള ചര്‍ച്ചകളാണ് ഉരുത്തിരിഞ്ഞുവന്നത്. അത് തിരുത്തിയെടുക്കുക സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കുകയുമില്ല. ചരിത്രവസ്തുതകളും സിപിഎമ്മിന് അനുകൂലമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന 1957-ലെ മന്ത്രിസഭയുടെ കാലത്ത് തന്നെയാണ് ഭൂപരിഷ്കരണ നിയമം തയ്യാറാക്കപ്പെടുന്നത്. അച്യുതമേനോന്‍ കണ്‍വീനറായിക്കൊണ്ടുള്ള ഒരു
സമിതിയാണ് ആ നിയമം തയ്യാറാക്കിയതും. അവതരിപ്പിച്ചത് ഗൗരിയമ്മയുമായിരുന്നു. നിയമസഭ പാസാക്കിയെങ്കിലും പ്രസിഡന്റിന്റെ അംഗീകാരം കിട്ടാതിരുന്നത് കൊണ്ട് നടപ്പിലാക്കാനുമായില്ല. വീണ്ടും അംഗീകാരത്തിനു വേണ്ടി ശ്രമിക്കുന്നതിനിടെ വിമോചനസമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തു പോവുകയും ചെയ്തു. തുടര്‍ന്ന് വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി സര്‍ക്കാര്‍ വെള്ളം ചേര്‍ത്ത ഭൂപരിഷ്കരണ നിയമമാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്‌. 1967-ല്‍ വീണ്ടും കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ മുന്നണി ഭരണം അധികാരത്തില്‍ വന്നപ്പോഴാണ് പഴയ നിയമത്തിന്റെ ഉള്ളടക്കമുള്ള നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഗൗരിയമ്മ തന്നെയാണ് ഇത്തവണയും ബില്ല് അവതരിപ്പിച്ചത്.

Read Also: ചരിത്രം വായിച്ചുപഠിക്കുന്നതാണ് നല്ലത്; പിണറായിക്ക് കാനത്തിന്റെ മറുപടി

ബില്ല് പാസാക്കിയെടുത്തെങ്കിലും നടപ്പിലാക്കാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ, 1969-ല്‍, മുന്നണിയിലെ ചേരിതിരിവ്‌ കാരണം ആ സര്‍ക്കാരിനും താഴെയിറങ്ങേണ്ടി വന്നു. ഉടനെ തന്നെ സിപിഎം ഇല്ലാതെ സിപിഐയുടെ നേതൃത്വത്തില്‍ അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിക്കൊണ്ട്‌ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. ആ അച്യുതമേനോന്‍ സര്‍ക്കാരാണ് 1970 ജനുവരിയില്‍ ഭൂപരിഷ്കരണനിയമം നടപ്പിലാക്കി തുടങ്ങിയത്.

ഈ സാഹചര്യം സിപിഎമ്മിനെ വലിയൊരു രാഷ്ട്രീയപ്രതിസന്ധിയില്‍ ആണ് കൊണ്ടെത്തിച്ചത്. തങ്ങളുടെ കൂടി സജീവ പങ്കാളിത്തത്തോടെ രൂപപ്പെടുത്തിയ ഭൂപരിഷ്കരണം പോലെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു നിയമം നടപ്പിലാക്കുമ്പോള്‍ തങ്ങള്‍ വെറും കാഴ്ചക്കാരായി തീരുന്നു എന്നതാണ് അവരെ അങ്കലാപ്പിലാക്കിയത്. അതിനവര്‍ ഒരു താല്‍ക്കാലിക പരിഹാരം കണ്ടെത്തിയത് 1970—72 കാലത്ത് കേരളത്തിലുടനീളം ഒരു മിച്ചഭൂമി സമരം നടത്തിക്കൊണ്ടാണ്. യഥാര്‍ഥത്തില്‍ അതൊരു കുടികിടപ്പുകാരുടെ സമരമായിരുന്നു. സ്വന്തമായി കുടില്‍ കെട്ടാന്‍ പോലും ഭൂമിയില്ലാതെ ജന്മിമാരുടെയോ പാട്ടക്കാരുടെയോ
ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന കര്‍ഷകതൊഴിലാളികള്‍ക്ക് 10 സെന്റ്‌ ഭൂമി വീതം കുടികിടപ്പിനായി നല്കണമെന്നു ഭൂപരിഷ്കരണനിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ നിയമം പാസായതു കൊണ്ട് മാത്രം ഉടനടി അത് നടപ്പിലാവുകയില്ലല്ലോ. ചട്ടങ്ങള്‍ ഉണ്ടാക്കി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി മാത്രമേ അത് നടപ്പിലാക്കാനാവൂ.

Read Also: ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും; അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക ഗാന്ധി എത്തി

സര്‍ക്കാര്‍ നടപടികള്‍ക്കൊന്നും കാത്തുനില്‍ക്കാതെ കുടികിടപ്പുകാര്‍ ഉള്ളിടത്തെല്ലാം പത്തു സെന്റ്‌ ഭൂമി വളച്ചുകെട്ടി അവര്‍ക്ക് എൽപ്പിച്ചു കൊടുക്കുന്ന ഒരു പ്രവര്‍ത്തനമാണ് ഒരു ജനകീയ പ്രക്ഷോഭത്തിന്റെ രൂപത്തില്‍ സിപിഎം നടത്തിയത്. പക്ഷെ അതുകൊണ്ട് സിപിഎമ്മിന് ജനപിന്തുണയൊന്നും വര്‍ദ്ധിച്ചതായി കാണാന്‍ കഴിയില്ല.

ആ അച്യുതമേനോന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കിയവരെ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് കേരളീയര്‍ ജയിപ്പിച്ചത്. ഈ കുടികിടപ്പ് സമരമാണ് ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതില്‍ പ്രധാന പ്രേരകശക്തി ആയതെന്ന പിണറായിയുടെ പുതിയ വിശദീകരണം ചരിത്രവസ്തുതകള്‍ക്ക് നിരക്കുന്നതല്ല. പ്രത്യക്ഷത്തില്‍ ദൃശ്യമല്ലാതിരുന്ന മിച്ചഭൂമികളും മറ്റും കണ്ടെത്താന്‍ ആ സമരം സഹായകമായിട്ടുണ്ടെന്നത് മാത്രമാണ് അതിന്റെ നേട്ടമായി പറയാനുള്ളത്.

തന്‍റെ പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതിരുന്നതിനെ ന്യായീകരിക്കാന്‍ സിപിഐയുടെ രാഷ്ട്രീയനിലപാടുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പിണറായിയുടെ നീക്കം രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളർന്നതിനു ശേഷമുള്ള കുറച്ചു കാലത്തേക്ക് സിപിഐ കോണ്ഗ്രസ് പക്ഷം ചേരുന്ന പാര്‍ട്ടിയാണെന്നും തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളെന്നും സമര്‍ഥിച്ച് നടക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരുന്നു. ആ വിപ്ലവ പരിവേഷമാണ് കമ്മ്യൂണിസ്റ്റ് അണികളിലെ ഭൂരിപക്ഷത്തെ ആകര്‍ഷിക്കാന്‍ അവരെ സഹായിച്ചത്. പക്ഷെ ഈ വിപ്ലവ പരിവേഷം അധികനാള്‍ നിലനിന്നില്ല എന്നതും ചരിത്ര യാഥാര്‍ത്ഥ്യമാണല്ലോ.

കോൺഗ്രസ് ഉള്‍പ്പെടെ മറ്റെല്ലാ പാർട്ടികളുമായും ഒരു സന്ദർഭത്തില്‍ അല്ലെങ്കില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ കൂട്ടുകൂടാന്‍ സിപിഐയെ പോലെ തന്നെ സിപിഎമ്മും നിര്‍ബന്ധിതമാകുന്ന കാഴ്ചയാണ് പിന്നീട് നമ്മള്‍ കണ്ടു പോന്നിട്ടുള്ളത്. അവസാനം 2004-ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് സിപിഎമ്മിന്റെ കൂടി പിന്തുണയോടു കൂടി ആയിരുന്നുവല്ലോ. പ്രായോഗിക രാഷ്ട്രീയത്തില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്ത അവസ്ഥ സംജാതമായിട്ട് കാലമേറെയായി. പക്ഷെ സ്വന്തം അണികള്‍ക്കിടയിലെങ്കിലും വിപ്ലവപരിവേഷം നിലനിര്‍ത്താനായി സിപിഐയെ താഴ്ത്തി കെട്ടാനായി കിട്ടുന്ന ഒരവസരവും സിപിഎം നേതൃത്വം നഷ്ടപ്പെടുത്താറില്ല. ഇപ്പോള്‍ പിണറായി വിജയന്‍ ചെയ്തതും അതു തന്നെയാണ്.

സമീപകാല കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ ഒരു വിപ്ലവ പ്രക്രിയയായി കണക്കാക്കപ്പെടുന്ന ഭൂപരിഷ്കരണത്തിന്റെ നേതൃ സ്ഥാനത്തു സിപിഐ നേതാവ് അച്യുതമേനോനെ പ്രതിഷ്‌ഠിക്കേണ്ടി വന്നാല്‍ ഉണ്ടാകുന്ന രാഷ്ട്രീയഭാവിഷ്യത്തിനെ കുറിച്ച് പിണറായി വിജയന്‍ ബോധവാനാകുന്നത് സ്വാഭാവികം മാത്രം. അത്തരമൊരു സാഹചര്യത്തെ മറികടക്കാനായി മുഖ്യമന്ത്രി നടത്തിയ ചെറിയൊരു രാഷ്ട്രീയക്കളി മാത്രമായി ഇതിനെ കണ്ടാല്‍ മതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook