‘ഐസ ലഗ്താ ഹേ ഖബ്ര്‍ മേം ആ ഗയേ ഹേ, ന കോയി ആവാസ് ബഹര്‍ ജാ സക്തി ഹൈ, ന കോയി ആവാസ് അന്ദര്‍ ആ സക്തി ഹേ’ (നമ്മളൊരു കുഴിമാടത്തിലെത്തിയതായി തോന്നുന്നു, ഒരു ശബ്ദവും പുറത്തുപോകില്ല, ഒരു ശബ്ദവും ഉള്ളിലേക്കും വരില്ല). തിഹാറിലെ വനിതാ ജയിലായ ജയില്‍ നമ്പര്‍ ആറില്‍ കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരിയുടെ വിനാശകരമായ രണ്ടാം തരംഗത്തില്‍ ഞങ്ങള്‍ കഴിയുന്നതിനിടെ സഹതടവുകാരില്‍ ഒരാള്‍ നടത്തിയ നിരീക്ഷണമാണിത്. നിലവില്‍ മൂന്നാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗങ്ങളിലൊന്നായ തടവുകാര്‍ നേരിടുന്ന ഭയാനകമായ അവസ്ഥയിലേക്ക് അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. 76 ശതമാനം തടവുകാരും വിചാരണത്തതടവുകാരാണെന്നാണ് ഏറ്റവും പുതിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി) ഡേറ്റ നമ്മോട് പറയുന്നത്. വിചാരണത്തടവുകാരിലും ശിക്ഷിക്കപ്പെട്ടവരിലും ഏറെയും ദലിതുകള്‍, ആദിവാസികള്‍, മുസ്ലിംകള്‍, മറ്റു ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവര്‍ എന്നിവരാണ്.
അകത്തും പുറത്തുമുള്ള ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞ രണ്ടാം തരംഗത്തിലെ തടവറനാളുകളുടെ വേദനയും ഭീതിയും ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. തിഹാറിലെ വനിതാ ജയില്‍ വൈറസിന്റെ വന്‍ വ്യാപനത്തിനാണു സാക്ഷ്യം വഹിച്ചത്. തിങ്ങിനിറഞ്ഞ വാര്‍ഡുകളില്‍നിന്ന് ഒന്നിനുപുറകെ ഒന്നായി കേസുകള്‍ ഉയര്‍ന്നുവരുന്നത് ഞങ്ങള്‍ നിസഹായരായി നോക്കിനിന്നു. വീടുകളില്‍നിന്ന് വളരെ അകലെയുള്ള സഹതടവുകാരുടെ മരണത്തില്‍ ഞങ്ങള്‍ വിലപിച്ചു. പുറത്തുള്ള ഞങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അടുത്ത ദിവസത്തെ അഞ്ച് മിനിറ്റ് ഫോണ്‍ വിളിക്കായി ഞങ്ങള്‍ അസ്വസ്ഥമായ ഭയത്തോടെ കാത്തിരുന്നു. ദുഃഖപൂര്‍ണമായ സ്ഥലത്തിനുള്ളില്‍ ഞങ്ങള്‍ മരണഭയത്തെ അഭിമുഖീകരിക്കാന്‍ തുടങ്ങി. വൈറസ് ബാധിക്കുന്ന തടവുകാരരെ ‘കൊറോണ വാര്‍ഡി’ലേക്കു മാറ്റും. എന്നാല്‍ കേസ് സ്ഥിരീകരിച്ച ബാരക്ക് 14 ദിവസത്തേക്കു ‘ക്വാറന്റൈന്‍’ ബാരക്കായി മാറും. അവിടെ അന്തേവാസികളെ 24 മണിക്കൂറും പൂട്ടിയിടും. ഓരോ ബാരക്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുതിനാല്‍ ഞങ്ങളില്‍ ഭൂരിഭാഗവും സ്ഥിരമായി ക്വാറന്റൈനിലാണ് താമസിച്ചിരുന്നത്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെട്ട ബാരക്ക് ക്വാറന്റൈനിലായപ്പോള്‍ അവരുടെ നിലവിളി കേട്ട് ഹൃദയം നുറുങ്ങുന്ന നിരവധി ദിനരാത്രങ്ങള്‍ ഞങ്ങള്‍ കഴിച്ചകൂട്ടി.
ബാരക്കില്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നയാളും സഹ കുറ്റാരോപിതയുമായഗുള്‍ഫിഷയ്ക്കു കടുത്ത പനിയും ശക്തമായ തലവേദനയും ശരീരവേദനയും ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും അനുഭവപ്പെട്ടു. ‘ലക്ഷണങ്ങള്‍’ ഉണ്ടെന്നു കണ്ടെത്തിയ അവളെ മറ്റു രണ്ട് അന്തേവാസികള്‍ക്കൊപ്പം വീര്‍പ്പുമുട്ടിക്കുന്ന ഒരു ചെറിയ സെല്ലില്‍ പാര്‍പ്പിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ അവള്‍ക്കു കോവിഡ് സ്ഥിരികരിച്ചില്ല. വളരെ പരിമിതമായ എണ്ണം ആന്റിജന്‍ ടെസ്റ്റുകള്‍ മാത്രമാണ് നടത്തുന്നത്. ടെസ്റ്റിങ് കിറ്റുകള്‍ക്കൊപ്പം സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവയുടെ എണ്ണവും പരിമിതമായിരുന്നു. രോഗലക്ഷണങ്ങളുള്ള രോഗികള്‍ നിറഞ്ഞ ബാരക്കുകള്‍ക്ക് ആവശ്യമായത്ര പരിശീലനം സിദ്ധിച്ച മെഡിക്കല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍, പാരാമെഡിക്കുകളായി ജോലി ചെയ്യേണ്ടി വന്ന പരിശീലനം ലഭിക്കാത്ത അന്തേവാസികള്‍ വഴി പാരസെറ്റമോളുകള്‍, സെട്രിസൈൻ, ചുമ സിറപ്പുകള്‍, മറ്റ് വിവിധ മരുന്നുകള്‍ എന്നിവ ഉദാരമായി വിതരണം ചെയ്തു.

മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളില്‍ മുലാഖാത് (തടവുകാരുമായുള്ള കൂടിക്കാഴ്ച)/ഫോണ്‍ കോളുകള്‍/കത്തുകള്‍/പത്രങ്ങള്‍ എന്നിവ നിഷേധിച്ചു. വൈറസ് പിടിപെടുന്നത് സങ്കല്‍പ്പിക്കുക, തിങ്ങിനിറഞ്ഞ രോഗബാധിതമായ ബാരക്കിലേക്കോ അതല്ലെങ്കില്‍ ഏകാന്തമായ സെല്ലിലേക്കോ ഒറ്റയ്ക്ക് തള്ളപ്പെടുകയും നിസാരമായ വൈദ്യസഹായം നല്‍കുകയും നിങ്ങള്‍ക്ക് അത്യന്തം ആവശ്യമുള്ള സമയത്ത് കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാന്‍ അനുവദിക്കാത്തതും സങ്കല്‍പ്പിക്കുക. ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഈ സൗകര്യങ്ങളില്‍ ചിലത് പുനസ്ഥാപിക്കുയും തടവുകാര്‍ക്കു പ്രതിരോധ കുത്തിവയ്പ് നല്‍കുകയും ചെയ്തത്. കുടുംബത്തിന്റെയും നിയമപരമായ മറ്റു സന്ദര്‍ശനങ്ങളും രണ്ട് വര്‍ഷമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടു. 2020 ഓഗസ്റ്റില്‍ ഇ-മുലാഖാത്ത് സൗകര്യം നിലവില്‍ വന്നെങ്കിലും, മിക്ക തടവുകാരുടെയും കുടുംബങ്ങള്‍ക്കു സ്മാര്‍ട്ട്‌ഫോണുകളോ അവ കൈകാര്യം ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ സാക്ഷരതയോ ഇല്ല. കൂടാതെ, കോടതികള്‍ ഓണ്‍ലൈനായി മാറുകയും കോവിഡ് സമയത്ത് ജഡ്ജിമാരുടെയോ സര്‍ക്കാര്‍ അധികൃതരുടെയോ സന്ദര്‍ശനങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെയും ഫലമായി, ജയില്‍ ഭരണകൂടത്തിന്റെ ശിക്ഷാബലം വര്‍ധിച്ചു. ജയില്‍ ജീവനക്കാരുടെ വിവേചനവും ദുരുപയോഗവും സംബന്ധിച്ച് തടവുകാര്‍ക്ക് ലഭ്യമായ ഏറ്റവും കുറഞ്ഞ പരിഹാര സംവിധാനങ്ങള്‍ ഇതോടെ ഇല്ലാതായി.
ഇന്ത്യന്‍ ജയിലുകള്‍ എപ്പോഴും തിങ്ങിനിറഞ്ഞതാണ്. ഉദാഹരണത്തിനു ഡല്‍ഹിയുടെ കാര്യമെടുത്താല്‍ തിഹാര്‍, മണ്ഡോലി, രോഹിണി ജയിലുകളിലായി 10,024 തടവുകാരെ പാര്‍പ്പിക്കാനാണ് അനുമതിയെങ്കില്‍ ഏകദേശം 19,000-20,000 തടവുകാരാണുള്ളത്. ഇത്തരത്തിലുള്ള ഒരു മഹാമാരിയെ കൈകാര്യം ചെയ്യാനും ലഘൂകരിക്കാനും കഴിയുന്ന അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ജയിലുകളിലില്ല. സുപ്രീം കോടതി ഈ വിഷയം സ്വമേധയാ ഏറ്റെടുക്കുകയും ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനു സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തിരിച്ച് ഉന്നതാധികാര സമിതികള്‍ (എച്ച്പിസി) രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2020 മാര്‍ച്ച് 23-നു പുറപ്പെടുവിക്കുകയും ചെയ്തു.
Also Read: സില്‍വര്‍ലൈന്‍ പദ്ധതി: തുറന്ന ചര്‍ച്ച വേണ്ടത് എന്തുകൊണ്ട്?
എന്നാല്‍, തടവുകാരുടെ ഇടക്കാല മോചനത്തിനായി വിവിധ സംസ്ഥാനങ്ങളിലെ എച്ച്പിസികള്‍ തീരുമാനിച്ച മാനദണ്ഡങ്ങള്‍, എല്ലാ മനുഷ്യജീവനും തുല്യത എന്ന അടിസ്ഥാന തത്വത്തെയോ പ്രായം, ആരോഗ്യം, രോഗാവസ്ഥകള്‍, മറ്റ് ശാരീരിക ദൗര്‍ബല്യം എന്നിവ പോലുള്ള ഘടകങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതോ ആയിരുന്നില്ല. മറിച്ച് സ്വഭാവം/കുറ്റകൃത്യത്തിന്റെ തീവ്രത, ശിക്ഷാ കാലാവധി എന്നിവ അടിസ്ഥാനമാക്കി ജീവിക്കാന്‍ അര്‍ഹരായ തടവുകാരെ ഏകപക്ഷീയമായി തരംതിരിക്കുകയായിരുന്നു. അതിനാല്‍, മരണത്തിനുള്ള ‘ഉയര്‍ന്ന അപകടസാധ്യത’ ഉണ്ടായിരുന്നിട്ടും യുഎപിഎ, രാജ്യദ്രോഹം, ലഹരിവസ്തു കൈകാര്യം (എന്‍ഡിപിഎസ്) പോലുള്ള ചില നിയമങ്ങള്‍ പ്രകാരമുള്ള വിചാരണത്തടവുകാര്‍/കുറ്റവാളികള്‍ അല്ലെങ്കില്‍ വിദേശിയ്ക്ക് ഇടക്കാല ജാമ്യം/പരോളിന് അര്‍ഹതയില്ല. കോടതികളുടെ ഓണ്‍ലൈനിലേക്കു മാറുന്നുവെന്നത് വിചാരണ ആരംഭിക്കുന്നത് വൈകുകയോ നടന്നുകൊണ്ടിരിക്കുന്നത് നിർത്തിവയ്ക്കപ്പെടുകയോ ആണ് അര്‍ത്ഥമാക്കുന്നത്. വിചാരണത്തടവുകാരുടെ തടവ് കൂടുതല്‍ നീളുന്നു.
ഇടക്കാല ജാമ്യം അനുവദിക്കുന്നതിലെ അന്യായമായ മാനദണ്ഡങ്ങളാണ് ഫാ. സ്റ്റാന്‍ സ്വാമിക്കു കഴിഞ്ഞ വര്‍ഷം ജാമ്യം ലഭിക്കാത്തതും കസ്റ്റഡിയില്‍ മരിക്കാനും കാരണം. 90 ശതമാനം വികലാംഗനായ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബ വീണ്ടും കോവിഡ് ബാധിച്ച് നാഗ്പൂര്‍ ജയിലില്‍ തടവില്‍ തുടരുകയാണ്. ഇവ നമുക്കറിയാവുന്ന പേരുകള്‍ മാത്രമാണ്. എന്നാല്‍ നമ്മുടെ ജയിലുകള്‍ നൂറുകണക്കിനു തടവുകാരെയും കുറ്റവാളികളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവര്‍ വൈറസിന് ഇരയാകാന്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവരും ഏതെങ്കിലും തരത്തിലുള്ള ഇടക്കാല മോചനം നിഷേധിക്കപ്പെട്ടവരുമാണ്. ഞങ്ങളുടെ വാര്‍ഡില്‍ താമസിച്ചിരുന്ന, ബൊളീവിയയില്‍നിന്നുള്ള എല്‍സിയെപ്പോലെ. മരണത്തിലേക്കു നയിക്കാവുന്ന മറ്റു രോഗങ്ങളുണ്ടായിട്ടും വിദേശി, എന്‍ഡിപിഎസ് വിചാരണത്തടവുകാരി എന്നീ കാരണങ്ങളാല്‍ എച്ച് പി സിയുടെ ഇടക്കാല ജാമ്യ മാനദണ്ഡത്തിന് എല്‍സി അര്‍ഹയായില്ല. തന്റെ രണ്ട് കൊച്ചുകുട്ടികളുടെ മുഖങ്ങള്‍ ഒരുനോക്ക് കാണാന്‍ കൊതിച്ച അവള്‍, അവരില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്ക് ഇപ്പുറം ജയിലില്‍ മരിച്ചു. മൃതദേഹം കൊണ്ടുപോവാനുള്ള ശേഷി കുടുംബത്തിന് ഇല്ലാത്തതിനാല്‍ എല്‍സിയെ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിച്ചു. മരണത്തിലും സ്വാതന്ത്ര്യമുണ്ടായില്ല.
മഹാമാരി സൃഷ്ടിച്ച കഷ്ടപ്പാടുകളുടെയും നിരാശയുടെയും ഈ കാലഘട്ടത്തില്‍, ഇന്ത്യന്‍ ജുഡീഷ്യറിയും ഭരണകൂടവും തങ്ങളുടെ കസ്റ്റഡിയില്‍ തുടരുന്ന ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജയിലുകള്‍ മനുഷ്യാവകാശങ്ങളുടെയും അന്തസിന്റെയും ശ്മശാനങ്ങളാകാന്‍ അനുവദിക്കരുത്.
ഡല്‍ഹി ജെഎന്‍യുവില്‍ മോഡേണ്‍ ഹിസ്റ്ററിയില്‍ ഗവേഷകയാണ് നതാഷ നര്‍വാള്‍. ദേവാംഗന കലിത വിമന്‍സ് സ്റ്റഡീസ് എംഫില്‍ വിദ്യാര്‍ഥിയും. ഡല്‍ഹി യൂണിവേഴ്‌സിറ്റികളിലെ വനിതാ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയായ ‘പിഞ്ജര തോഡ് ‘പ്രവര്‍ത്തകരായ ഇരുവര്‍ക്കും വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ടതിനെത്തുടര്‍ന്ന് തിഹാറിലെ ആറാം നമ്പര്‍ ജയിലില്‍ 13 മാസത്തോളം കഴിയേണ്ടിവന്നു. 2020 മേയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇരുവർക്കും 2021 ജൂണിലാണു ജാമ്യം ലഭിച്ചത്.