കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും ദുര്‍ബലരായ ആളുകള്‍ പ്രായമായവരാണ്. രോഗം ബാധിച്ചാല്‍, അവരുടെ അതിജീവന സാധ്യത ഏറ്റവും കുറഞ്ഞതാണ്. വൈറസ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ അവരെ മാറ്റിനിര്‍ത്തുമ്പോള്‍ മറ്റ് അസുഖങ്ങള്‍ക്കുള്ള പരിചരണത്തിന്റെ അഭാവവും അവഗണനയും ഏകാന്തതയും അനുഭവിക്കാൻ സാധ്യതയുണ്ട്. പ്രായമായവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാനവരാശിയുടെ ധര്‍മസങ്കടം മഹാമാരി ഉയര്‍ത്തിക്കാട്ടുന്നു.

ആഗോളതലത്തില്‍, അറുപത്തിയഞ്ചും അതില്‍ കൂടുതലും പ്രായമുള്ള ജനസംഖ്യ മറ്റ് പ്രായക്കാരെ അപേക്ഷിച്ച് അതിവേഗം വര്‍ധിക്കുകയാണ്. മെച്ചപ്പെട്ട ആരോഗ്യ പരിചരണം, പോഷകാഹാരം, ശുചിത്വം എന്നിവ വഴി ആയുസ് വര്‍ധിക്കുന്നു. അറുപത്തിയഞ്ചോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2018 ല്‍ ചരിത്രത്തിലാദ്യമായി കുട്ടികളെ മറികടന്നു. കുട്ടികളാണ് നമ്മുടെ ഭാവിയെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ജനസംഖ്യയുടെ മാറുന്ന രൂപം പാപ്പരായ സമ്പദ്‌വ്യ വസ്ഥയ്ക്കു ഭീഷണിയാകുന്നു. രണ്ടാം തലമുറ തുടര്‍ന്ന് സമൂഹത്തിലേക്കു സംഭാവന ചെയ്യുന്നില്ലെങ്കില്‍, കുറച്ചു മാത്രമുള്ള ചെറുപ്പക്കാര്‍ക്ക് എണ്ണത്തില്‍ കുടുതലുള്ള പ്രായമായവര്‍ക്ക് എങ്ങനെയാണു പരിചരണം നല്‍കാനാവുക?

Read in IE: During pandemic, we must keep older people engaged, not isolate them

ഹെല്‍പ്പ് ഏജ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനെന്ന നിലയില്‍ എന്നെ 2017 ല്‍ സാന്‍സിബാര്‍ (ടാന്‍സാനിയയിലെ അര്‍ധ സ്വയംഭരണ മേഖല) പ്രസിഡന്റ്
സ്വീകരിച്ചിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹം തന്റെ ധര്‍മസങ്കടം എന്നോട് പങ്കുവച്ചു. പ്രായമായവരുടെ അവകാശങ്ങള്‍ സാന്‍സിബാറിന്റെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്, മെച്ചപ്പെട്ട വൃദ്ധസദനങ്ങൾക്കായി പണം നീക്കിവയ്ക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, എല്ലാ സൗകര്യങ്ങളുമുള്ള അഭയകേന്ദ്രങ്ങൾ കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, വയോധികര്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇത്തരം കേന്ദ്രങ്ങളുടെ ഉപയോഗം കുറവാണ്.

പിന്നീട്, സാമൂഹ്യവികസന മന്ത്രിയും ഓള്‍ഡര്‍ പേഴ്‌സണ്‍സ് അസോസിയേഷന്റെ പ്രസിഡന്റും പ്രസിഡന്റിന്റെ ധര്‍മസങ്കടം വിശദീകരിച്ചു. കൊച്ചുമക്കളോടൊത്തുള്ള ജീവിതം ആസ്വദിക്കുന്നവരാണ് ഇരുവരും. അവരെ ചുറ്റിപ്പറ്റി കഴിയാന്‍ കുടുംബങ്ങളും ഇഷ്ടപ്പെടുന്നു. മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെയും വീടും മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ശ്രദ്ധിക്കുന്നു. ഈ ക്രമീകരണം സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്ലല്ലതാണെന്നാണ് ഇരുവരും കരുതുന്നത്.

Also Read: മുതിര്‍ന്നവര്‍ക്ക് വീട്ടു തടങ്കൽ?

ഹെല്‍പ്പ് ഏജ് ഇന്റര്‍നാഷണലില്‍നിന്ന് അവര്‍ക്ക് എന്തു സഹായമാണ് വേണ്ടതെന്ന് ഞാന്‍ ചോദിച്ചു. സാന്‍സിബാറിലെ പ്രായമായവര്‍ക്കുവേണ്ടിയുള്ള ഏറ്റവും മികച്ച പരിഹാരമാണ് തങ്ങളുടേതെന്ന് അന്താരാഷ്ട്ര ധനസഹായ ഏജന്‍സികളെ ബോധ്യപ്പെടുത്താന്‍ കഴിയുമോയെന്ന് മന്ത്രി ചോദിച്ചു. വയോധികരെ കുടുംബത്തിൽനിന്നും മുഖ്യധാരയിൽനിന്നും  അകറ്റി പാർപ്പിക്കുന്ന പ്രത്യേക കേന്ദ്രങ്ങൾക്കായി കൂടുതല്‍ പണം നീക്കിവയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

മഹാമാരി വെളിവാക്കിയതു സംബന്ധിച്ച് ബ്രിട്ടീഷ് മാധ്യമമായ ഇക്കണോമിസ്റ്റിന്റെ വിവരണത്തിന്റെ തലക്കെട്ട് ‘വീട് പോലെ മറ്റൊരു സ്ഥലമില്ല’ എന്നാണ്. സമ്പന്ന ലോകത്തെമ്പാടും കോവിഡ്-19 മരണങ്ങളില്‍ പകുതിയും കെയര്‍, നഴ്‌സിങ് ഹോമുകളിലാണ് സംഭവിച്ചത്, ഇവിടങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകളാണു താമസിക്കുന്നതെങ്കില്‍ പോലും. കെയര്‍ ഹോമുകള്‍ കുറവുള്ള രാജ്യങ്ങളില്‍ കോവിഡ് മരണങ്ങള്‍ കുറവാണ്. മറ്റെല്ലാവരും തുല്യരാണ്.

Also Read: കോവിഡിനെതിരായ യുദ്ധം ചികിത്സാ നടപടികള്‍ക്കും അപ്പുറം

പ്രായമായവർ അവരുടെ ജീവിതസായാഹ്നത്തിൽ കൂടുതല്‍ സന്തോഷത്തുടിപ്പിനാണ് ആഗ്രഹിക്കുന്നത്, അല്ലാതെ ജീവിതത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ ചേര്‍ക്കാനല്ല. ദുര്‍ബലമായ വ്യാപാര മാതൃകകള്‍ തുറന്നുകാട്ടുന്നതിനൊപ്പം, പ്രായമായവരെ സുരക്ഷിതമാക്കുന്നതിലും നന്നായി പരിചരിക്കുന്നതിലുമുള്ള മാനസിക പിരിമുറുക്കം മഹാമാരി വെളിവാക്കി. ”ആളുകള്‍ സ്വന്തം ജീവിതത്തിന്റെ യജമാനനാകണം. വലിയ വൃദ്ധസദനങ്ങളിൽ താമസിക്കുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ താമസിക്കുന്നതാണ്,” എന്നാണ് പ്രായമായവരുടെ പരിചരണത്തിനായി ഗ്രീന്‍ ഹൗസ് പ്രസ്ഥാനം സ്ഥാപിച്ച അമേരിക്കന്‍ ജെറിയാട്രീഷ്യന്‍ ബില്‍ തോമസ് പറയുന്നത്.

വീര്യമുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും പരിഗണിക്കണം. കോവിഡ്-19നെതിരായ പുതിയ മരുന്നുകള്‍ പൊതു ഉപയോഗത്തിനായി പുറത്തിറക്കുന്നതിനു മുമ്പുള്ള പരീക്ഷണത്തില്‍ നാം അതീവ ജാഗ്രത പുലര്‍ത്തുന്നത് ഇതുകൊണ്ടാണ്. മനുഷ്യന്റെ ക്ഷേമത്തിനു കാരണമാകുന്ന നിരവധി ഘടകങ്ങള്‍ മഹാമാരി വെളിപ്പെടുത്തിയിട്ടുണ്ട്. കോവിഡ്-19 മരണങ്ങള്‍ തടയുന്നതിനുള്ള ശക്തമായ മരുന്നായ ലോക്ക് ഡൗണ്‍ പലവിധത്തില്‍ മനുഷ്യന്റെ ക്ഷേമത്തെ ദോഷകരമായി ബാധിച്ചു. മറ്റു ചികിത്സാ പ്രശ്‌നങ്ങളും സമ്പദ് വ്യവസ്ഥ തടസപ്പെട്ടതിനെത്തുടര്‍ന്ന് ദരിദ്ര രാജ്യങ്ങളിലുണ്ടായ പട്ടിണിയും അവഗണിക്കപ്പെട്ടു.

മറ്റെവിടെയും പോലെ ഇന്ത്യയിലും കോവിഡ്-19 മൂലം ദിനംപ്രതിയുള്ള മരണസംഖ്യ കണക്കാക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റു ദുരന്തങ്ങള്‍ കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും കുടിയേറ്റത്തൊഴിലാളികളുടെ പലായനത്തിന്റെ ഹൃദയഭേദകമായ ചിത്രങ്ങളില്‍ തെളിഞ്ഞുകാണുന്നതുപോലെ തന്നെ മറ്റ് രോഗങ്ങളുള്ളവർക്കു ചികിത്സ നിഷേധിക്കപ്പെടുകയും ചെയ്തു.

Also Read: പ്രൈംടൈമില്‍ ഇടം പിടിക്കാത്തവര്‍

സമൂഹങ്ങള്‍ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പ്രാദേശിക സംവിധാനങ്ങള്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്യാവശ്യമാണെന്നതാണ് കോവിഡില്‍നിന്ന് നാം പഠിച്ചത്. സമൂഹങ്ങള്‍ അവരുടെ ആവശ്യങ്ങളും കഴിവുകളും അകലെയുള്ള വിദഗ്‌ധരേക്കാള്‍ നന്നായി മനസിലാക്കുന്നു. വൈറസ് പടരാതിരിക്കാനും അതുപോലെ തന്നെ അവരുടെ അംഗങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനും പല സമൂഹങ്ങളെയും താഴെതട്ടിലുള്ള സഹകരണം പ്രാപ്തമാക്കി.

ഇന്ത്യയില്‍, പ്രാദേശികവും സഹകരണപരവുമായ പ്രവര്‍ത്തനരീതികളുള്ള കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ച പ്രകടനം കാഴ്ചവച്ചതായി തോന്നുന്നു. അന്താരാഷ്ട്ര തലത്തില്‍, ശക്തമായ പ്രാദേശിക സംവിധാനങ്ങളുള്ള രാജ്യങ്ങള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു.

Also Read: ആരും പട്ടിണി കിടക്കരുത്: അമര്‍ത്യ സെന്‍, രഘുറാം രാജന്‍, അഭിജിത് ബാനര്‍ജി

വിയറ്റ്‌നാം മറ്റു മിക്ക രാജ്യങ്ങളെയും അപേക്ഷിച്ച് കോവിഡിനെ മികച്ചരീതിയില്‍ അതിജീവിച്ചതായി തോന്നുന്നു. നിരവധി വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പിന്തുണയുള്ള ഓള്‍ഡര്‍ പേഴ്സണ്‍സ് അസോസിയേഷന്റെ(ഒപിഎ) കരുത്താണ് ഇതിനൊരു കാരണം. ഒപിഎകള്‍ രാജ്യത്തിന്റെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. അവര്‍ പ്രായം കുറഞ്ഞ അംഗങ്ങളെ ചേര്‍ത്ത് വിവിധ തലമുറകള്‍ ഉള്‍പ്പെടുന്ന സ്വയം സഹായ സംഘങ്ങളായി മാറുന്നു. അവര്‍ ഭൂരിഭാഗവും പ്രായം കൂടിയവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.

ഈ സംഘങ്ങള്‍ മുഴുവന്‍ സമൂഹത്തിന്റെയും പ്രയോജനത്തിനായി പ്രാദേശിക സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ക്കുമായി സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തൊക്കെയാണു വേണ്ടതെന്നും ആര്‍ക്കൊക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അറിയാവുന്നവരുടെ ശൃംഖലയിലെ കണ്ണികളാണവര്‍. ഈ സംഘങ്ങളിലെ പ്രായമായ അംഗങ്ങള്‍ സമൂഹത്തിന്റെ വിലപ്പെട്ട സ്വത്താണെന്ന് തെളിയിക്കുന്നു. ഊർജസ്വലരാകുന്നതിനാൽ, തങ്ങള്‍ വിലപ്പെട്ടവരാണെന്ന് തോന്നുന്നതിനാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ വയോധികർ കൂടുതല്‍ നല്ല ജീവിതം നയിക്കുന്നു.

Also Read: കരിപ്പൂരിലുണ്ട് പെട്ടിമുടിയിലില്ല, വിമാനത്തിലുണ്ട്, ലയത്തിലില്ല

നമ്മുടെ ഭാവിയില്‍ പ്രായമായ ആളുകള്‍ക്കു വിലമതിക്കാനാവാത്ത പങ്കുണ്ട്. പ്രായമായവരുമായി നാം ഇടപെട്ട് അവരെ സംരക്ഷിക്കണം. മറിച്ച് വൈറസില്‍നിന്ന് സംരക്ഷിക്കുന്നതിനായി അവരെ അടച്ചുപൂട്ടരുത്.

കോവിഡിനെതിരേ പോരാടുന്നതിനുള്ള ‘ശാരീരിക അകലം’ എന്ന സ്വഭാവിക പ്രതിരോധം നിര്‍ഭാഗ്യവശാല്‍ ‘സാമൂഹിക അകലം’ എന്ന് മുദ്രകുത്തപ്പെട്ടു. ഈ മഹാമാരിക്കെതിരെ പോരാടാനും മനുഷ്യന്റെ ക്ഷേമം മെച്ചപ്പെടുത്താനും സമൂഹങ്ങളിലും, മൊത്തത്തില്‍ മനുഷ്യരാശിയിലും വേണ്ടത് ‘സാമൂഹിക അകലം’ അല്ല, ‘സാമൂഹിക ഐക്യം’ ആണ്.

  • ഹെല്‍പ്പ് ഏജ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ അരുണ്‍ മെയ്‌റ ‘ട്രാന്‍സ്‌ഫോര്‍മിങ് സിസ്റ്റംസ്: വൈ ദ വേള്‍ഡ് നീഡ്‌സ് എ ന്യൂ എത്തിക്കല്‍ ടൂള്‍കിറ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook