ഈ മഹാമാരി കാലത്ത് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ പെൺകുട്ടികളുടെ ഹാജർനിരക്കിൽ ഗണ്യമായ ഇടിവ് സംഭവിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഏറ്റവും കുറവ്. ഈ അടയാളങ്ങൾ ആശങ്കാജനകവും, ലിംഗപരമായ അസമത്വത്തിന്റെ രൂക്ഷമായ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്.
പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത ആണ്‍കുട്ടികളില്‍ 86 ശതമാനം പരീക്ഷയ്ക്കെത്തിയപ്പോള്‍, രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടികളില്‍ 85 ശതമാനം പേരാണ് പരീക്ഷയ്ക്കെത്തിയത്. 2019 ൽ ഇത് 93 ശതമാനവും 92 ശതമാനവുമായിരുന്നു. അധ്യാപകരും വിദഗ്ധരും നല്‍കി വന്ന മുന്നറിയിപ്പുകള്‍ – ഈ പകർച്ചവ്യാധി മൂലം വിദ്യാഭ്യാസ മേഖല നേരിടുന്ന തിരിച്ചടികളുടെ അനന്തരഫലങ്ങള്‍ കൂടുതല്‍ ബാധിക്കുക പെൺകുട്ടികളെയും ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് എത്തുന്ന സ്ത്രീകളെയും – ശരിവയ്ക്കുന്നതാണീ കണക്കുകള്‍. പതിറ്റാണ്ടുകളുടെ ശ്രമങ്ങള്‍ കൊണ്ട് വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിഎടുത്ത ലിംഗപരമായ നേട്ടങ്ങളെയെല്ലാം ഇത് പിന്നോട്ടടിക്കും.
വൈറസിന് ആണെന്നും പെണെന്നും വിവേചനമില്ല, പക്ഷേ പകർച്ചവ്യാധി എന്ന അവസ്ഥ വ്യവസ്ഥാപരമായ എല്ലാ അസമത്വങ്ങളെയെല്ലാം ശക്തിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യൻ സ്ത്രീകളെ, പ്രത്യേകിച്ച് ഇന്ത്യയുടെ ജാതി-വർഗ്ഗ ശ്രേണികളുടെ ഏറ്റവും താഴെയുള്ളവരെയാണ് ഇത് ഏറ്റവും കഠിനമായ രീതിയില്‍ ബാധിച്ചിരിക്കുന്നത്. അത് വിദ്യാഭ്യാസമേഖലയില്‍ മാത്രമല്ല. സാമ്പത്തിക ലോക്ക് ഡൗണിനു ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങളിൽ സ്ത്രീകള്‍ കൂടുതലായി പുറത്താക്കാപ്പെടുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചു വരുന്നു.

ഉദാഹരണത്തിന്, അതിഥി തൊഴിലാളികള്‍ വലിയ അളവില്‍ തിരികെ ഗ്രാമങ്ങളിലേക്ക് കുടിയേറിയപ്പോൾ, മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എമ്പ്ലോയ്മെന്റ് ഗ്യാരന്റി ആക്റ്റ് (എം ജി എൻ ആർ ജി എ) യുടെ കീഴിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളില്‍, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിലെ കണക്കുകളില്‍ സ്ത്രീകളുടെ പങ്ക് കഴിഞ്ഞ എട്ട് വർഷത്തിലേക്കും വച്ച് ഏറ്റവും താഴ്ന്ന നിലയിലേക്കായി. നല്ല കാലത്ത് പോലും ഇന്ത്യയിലെ സ്ത്രീകളുടെ തൊഴിൽ-ശക്തി പങ്കാളിത്ത നിരക്ക് ഞെട്ടിക്കുന്നതാണ്. ഗവേഷകർ ജൂണിൽ നടത്തിയ തത്സമയ തൊഴിൽ ഡാറ്റയുടെ വിശകലനം കാണിക്കുന്നത് പോലെ, വൈറസ് ബാധിക്കുന്നതിനു മുമ്പ് ജോലി ഉണ്ടായിരുന്ന സ്ത്രീകള്‍ക്ക് അവരുടെ ജോലിയില്‍ തുടരാനുള്ള സാധ്യത പുരുഷന്മാരേക്കാൾ 23.5 ശതമാനം പോയിന്റ് കുറവാണ്. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തിൽ, ഏറ്റവും അപകടകരവും ശമ്പളം പറ്റാത്തതുമായ ജോലികൾ മാത്രമാണു ഇവര്‍ക്കായി അവശേഷിക്കുന്നത്. വീട്ടുജോലിയുടെയും ശിശു സംരക്ഷണത്തിന്റെയും വർദ്ധിച്ച ഉത്തരവാദിത്തങ്ങൾ കാരണം അവർ ഇതിനകം ജോലിസ്ഥലത്ത് നിന്ന് മാറിയിട്ടില്ലെങ്കിലുള്ള സാധ്യതയാണിത്. ലോക്ക് ഡൗണ്‍ കാലത്തെ ഉയരുന്ന ഗാർഹിക പീഡനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍, വീടും ഒരു സ്ത്രീയെ സംബന്ധിച്ച് സുരക്ഷിതമായ താവളമല്ല എന്ന് കാണാന്‍ കഴിയും.
വിദ്യാഭ്യാസത്തിലൂടെയും മുന്നോട്ടു പോകണം എന്ന ഉല്‍ക്കടമായ ആഗ്രഹത്തിലൂടെയുമാണ് കുടുംബങ്ങൾ, സാമൂഹിക ഘടനകൾ, സ്ഥാപനങ്ങൾ എന്നിവയിലുള്ള അസമത്വങ്ങളെ ഇന്ത്യൻ സ്ത്രീകൾ പതിറ്റാണ്ടുകളായി വെല്ലുവിളിച്ചു പോന്നത്. അവരുടെ ശക്തിയുടെ ആധാരമായ ആ ഉല്പതിഷ്ണുതയെ പകർച്ചവ്യാധി ഉലയ്ക്കുമ്പോള്‍ തകരുന്നത് അവരുടെ സ്വയംഭരണാധികാരം, ആരോഗ്യം, പോഷണം, പൊതുക്ഷേമം എന്നിവ കൂടിയാണ്. നിശബ്‌ദവും എന്നാൽ രൂക്ഷമാകുന്നതുമായ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനും ലഘൂകരിക്കുന്നതിനും സർക്കാരുകളും നയനിർമ്മാതാക്കളും ഒരു വഴി കണ്ടെത്തണം.
Read in IE