/indian-express-malayalam/media/media_files/uploads/2020/04/amartya-sen-1.jpg)
ഇന്ത്യയില്‍ ആനുകൂല്യങ്ങള്‍ വലിയ തോതില്‍ കൈമാറ്റം ചെയ്യുമ്പോള്‍ വീഴ്ചകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് എന്ന ആശങ്ക സ്വാഭാവികമാണ്. പണം (അല്ലെങ്കില്‍ ഭക്ഷണം) അര്‍ഹതപ്പെടാത്തവരുടെ കരങ്ങളില്‍ എത്തിപ്പെടാം, നികുതിദായകന്റെ ചെലവില്‍ ചില ഇടനിലക്കാര്‍ ധനികരായും മാറിയേക്കാം. അങ്ങനെ, തെറ്റുകള്‍ക്ക് നേരെ കണ്ണടച്ച്, സര്‍ക്കാര്‍ തന്നെ നടത്തുന്ന ചില ഹോട്ടലുകളും ആഢംബരയാനങ്ങളും ഉള്ള ഒരു സാഹചര്യത്തില്‍ ഈ ആശങ്ക സ്വഗതാര്‍ഹമാണ് താനും. എന്നാല്‍ ഇപ്പോള്‍, മഹാമാരിക്കും ആഗോള സാമ്പത്തിക പ്രതിസന്ധിക്കുമിടയില്‍ രാജ്യം ലോക്ക്ഡൗണിലാകുകയും ജീവിതവും തൊഴിലും ഭീഷണിയിലാകുകയും ചെയ്യുമ്പോള്‍ അത് തെറ്റായ ആശങ്കകളാണ് എന്നും പറയേണ്ടിയിരിക്കുന്നു.
ലോക്ക്ഡൗണ്‍ ദീര്‍ഘനാളത്തേക്ക് പൂര്‍ണമായോ പ്രാദേശിക തലത്തിലോ തുടരുമെന്ന് ഉറപ്പായല്ലോ. ഇത് വലിയൊരു വിഭാഗം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയോ അല്ലെങ്കില്‍ തൊഴില്‍ നഷ്ടവും വിതരണ സംവിധാനത്തിലുള്ള തടസ്സവും കൊണ്ട് പട്ടിണിയുണ്ടാകുയോ ചെയ്യുമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. അത് സ്വയമൊരു ദുരന്തം തന്നെയാണ്, അതിലുപരി, ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ വലിയതോതില്‍ ലംഘിക്കാനുള്ള അപകട സാധ്യതയുണ്ട്. കാരണം, പട്ടിണി കിടക്കുന്ന ജനങ്ങള്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ. നമ്മള്‍ ചെയ്യേണ്ടത് എന്താണെന്നുവച്ചാല്‍, സമൂഹം കരുതുന്നുണ്ടെന്നും ജനത്തിന് അവശ്യംവേണ്ട സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
അത് ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ നമുക്കുണ്ട്. 2020 മാര്‍ച്ചില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഭക്ഷ്യധാന്യശേഖരം 77 മില്ല്യണ്‍ ടണ്‍ ആണ്, ഇക്കാലയളവില്‍ സാധാരണ ഉണ്ടാകുന്ന ശേഖരത്തേക്കാള്‍ കൂടുതലാണ്. കൂടാതെ, ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ ശേഖരത്തേക്കാള്‍ മൂന്നിരട്ടിയിലധികമുണ്ടിത്. വരും ആഴ്ച്ചകളില്‍ റാബി വിളവെടുപ്പ് വരുമെന്നതിനാല്‍ ഈ ശേഖരം ഇനിയും വര്‍ദ്ധിക്കും. ലോക്ക്ഡൗണില്‍ കാര്‍ഷിക വിപണിയില്‍ തടസ്സങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ സാധാരണയില്‍ കൂടുതല്‍ കര്‍ഷകരില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നുണ്ട്. ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ കരുതല്‍ ശേഖരത്തില്‍ നിന്നും നല്‍കുന്നതില്‍ കാര്യമുണ്ട്. പൊതു അക്കൗണ്ടിങ് സംവിധാനവും ഇതിനെ അമിതചെലവായി ചിത്രീകരിക്കുകയില്ല.
കരുതല്‍ ഭക്ഷ്യശേഖരം വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വരുന്ന മൂന്ന് മാസത്തേക്ക് ഓരോ മാസവും ഒരു വ്യക്തിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി അധികം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും, മൂന്ന് മാസമെന്നത് കുറവാണ്. അതിന് കാരണം, ലോക്ക്ഡൗണ്‍ ഉടന്‍ അവസാനിച്ചാലും സമ്പദ് വ്യവസ്ഥ ഉണര്‍ന്ന് വരാന്‍ സമയമെടുക്കും. അതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ നല്ലൊരു വിഭാഗം പാവപ്പെട്ടവര്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്നും പുറത്താണ്. (മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലായെന്ന പേരില്‍ റേഷന്‍ കാര്‍ഡ് നിഷേധിക്കപ്പെടുന്നവ പോലുള്ള കാരണങ്ങള്‍). കൂടാതെ, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അഞ്ചുകിലോ ധാന്യം ലഭിക്കുക റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ്. ഉദാഹരണമായി, ചെറിയൊരു സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ പോലും ഞങ്ങളുടെ അറിവ് വച്ച് റേഷന്‍ കാര്‍ഡിനുള്ള ഏഴ് ലക്ഷം അപേക്ഷകള്‍ തീരുമാനമാകാതെ കിടക്കുന്നു. വ്യാജമല്ലെന്ന് ഉറപ്പുള്ള (ഉദാഹരണമായി വയോജന പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്‍പ്പടെ) കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.
അത്തരം കണിശത നല്ലതാണ്, പക്ഷേ ഒരു പ്രതിസന്ധിയുടെ മധ്യത്തില്ല അത് പാലിക്കേണ്ടത്. റേഷന്‍കാര്‍ഡ് ആവശ്യമുള്ളവര്‍ക്കും എല്ലാ മാസവും അവര്‍ക്ക് നല്‍കുന്ന ഭക്ഷ്യധാനവും വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ലഘുവായ പരിശോധനകള്‍ നടത്തി ആറു മാസം സാധുതയുള്ള റേഷന്‍ കാര്‍ഡുകള്‍ നല്‍കണം. അനര്‍ഹര്‍ കയറിക്കൂടാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അര്‍ഹരെ കൂടെ പുറത്താക്കുമ്പോള്‍ സമൂഹത്തിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്.
ഈ തത്വം ഒരിക്കല്‍ അംഗീകരിച്ചാല്‍ ഒരു പിടി പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളുണ്ട്. ഒന്നാമത്തേത്, ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിക്കണം. മുകളില്‍ പറഞ്ഞതുപോലെ പൊതു വിതരണ സംവിധാനം വിപുലപ്പെടുത്തണമെന്നാണ് അര്‍ത്ഥം. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി പൊതു കാന്റീനുകള്‍ സ്ഥാപിക്കുകയും ഇപ്പോള്‍ വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുകയും വേണം ( ചില സംസ്ഥാനങ്ങള്‍ അത് ചെയ്യുന്നുണ്ട്). കൂടാതെ, പ്രാദേശിക സ്വാധീനമുള്ള സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ സര്‍ക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ എത്തണം.
രണ്ടാമതായി, ഇപ്പോള്‍ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും ഭാവിയെക്കുറിച്ചുള്ള ആശങ്കകളുണ്ട്. അപ്രതീക്ഷിതമായി വരുമാനം നിലച്ചതും സമ്പാദ്യം ചോര്‍ന്ന് പോകുന്നതും ഗൗരവകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അടുത്ത സീസണിലേക്ക് വിതയ്ക്കുന്നതിന് വിത്തും വളവും വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് പണം ആവശ്യമുണ്ട്, വ്യാപാരികള്‍ക്ക് വില്‍പനയുള്ള സാധനങ്ങള്‍ വാങ്ങണം, മറ്റുചിലര്‍ക്ക് ബാങ്ക് വായ്പയുടെ മാസത്തവണ അടയ്ക്കണം. ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് ഈ ആശങ്കകളെ അവഗണിക്കാനാകില്ല.
ചില വിഭാഗങ്ങള്‍ക്ക് പണം നല്‍കാമെന്ന് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ ഭാഗികമായി ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തുക വളരെ ചെറുതും വളരെ ചെറിയ വിഭാഗത്തിനുമേ ലഭിക്കുകയുമുള്ളൂ. എന്തുകൊണ്ട് കര്‍ഷകര്‍ക്കു മാത്രം നല്‍കുന്നു, ഭൂരഹിത തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ മൂലം എംജിഎന്‍ആര്‍ഇജിഎ തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍. നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ക്കും സഹായം നല്‍കണം. എല്ലാവരേയും ഉള്‍പ്പെടുത്തുന്നതിനാകണം മുന്‍ഗണന നല്‍കേണ്ടത്.
പി ചിദംബരം മുന്നോട്ടു വച്ചതു പോലെ 2019 മുതല്‍ എംജിഎന്‍ആര്‍ഇജിഎയില്‍ പേരുള്ളവരുടെ പട്ടികയും ജന്‍ ആരോഗ്യ, ഉജ്ജ്വല പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയും ഉപയോഗിച്ച് പാവപ്പെട്ടവരെ കണ്ടെത്തി അവരുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ 5000 രൂപ വീതം നിക്ഷേപിക്കുന്നത് മികച്ച ആദ്യ പടിയാകും. എങ്കിലും ഈ പട്ടികയൊന്നും കൃത്യമല്ലെന്ന് നാം മനസ്സിലാക്കണം. അതിലുപരിയായി, രോഹിണി പാണ്ഡേ, കാര്‍ത്തിക് മുരളീധരന്‍, തുടങ്ങയിയവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ജെഎഎം (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) സൗകര്യം ഉപയോഗിച്ച് ദരിദ്രരില്‍ എത്തുന്നതില്‍ നിരവധി വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍, അര്‍ഹര്‍ വിട്ടുപോകരുതെന്ന നിര്‍ബന്ധത്തിന്റെ ഭാഗമായി കടുത്ത ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പണം ലഭ്യമാക്കണം.
ധീരവും ഭാവനാപൂര്‍ണവുമായ നടപടികള്‍ ആവശ്യമായ സമയമാണിത്. വരുംമാസങ്ങളില്‍ പണത്തിന് ധാരാളം ആവശ്യം വരുമെന്നതിനാല്‍ നമ്മള്‍ വിവേകപൂര്‍വം വിനിയോഗിക്കണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവരെ സഹായിക്കുന്നതില്‍ പിശുക്കു കാണിച്ചാല്‍ ഉറപ്പായും കാര്യം കൈവിട്ടുപോകും.
സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ജേതാവായ സെന്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര, തത്വശാസ്ത്ര പ്രൊഫസറാണ്. മുന്‍ ആര്‍ബിഐ ഗവര്‍ണറായ രഘുറാം രാജന്‍ ചിക്കാഗോ സര്‍വകലാശാലയിലെ ബൂത്ത് സ്‌കൂളിലെ ഫൈനാന്‍സ് പ്രൊഫസറാണ്. നോബല്‍ സമ്മാന ജേതാവായ ബാനര്‍ജി മസ്സാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.