ഓരോ ആളെയും ഒരേ ഒരാള്‍ മാത്രം എന്ന് ചെറുതാക്കി അയാളെ അയാളുടെ സാമൂഹ്യവാസത്തില്‍ നിന്നും പെറുക്കിയെടുത്ത് മാറ്റിവെയ്ക്കുന്നു, അങ്ങനെയാണ് കൊറോണ വൈറസിനെതിരെയുള്ള രാഷ്ട്രങ്ങളുടെയും ലോകത്തെ മനുഷ്യസമൂഹങ്ങളുടെയും പ്രതിരോധത്തിന്റെയും രീതി.
ഇത് മുമ്പ് കാണാത്ത ഒന്നല്ല. ഒരിക്കല്‍ വസൂരി പോലുള്ള രോഗങ്ങളെ ലോകം ഇങ്ങനെ നേരിട്ടിരിക്കും. എന്നാല്‍, കൊറോണ, ലോകം ഒരു ഗ്രാമമായ സമയത്താണ് നമ്മള്‍ നേരിടുന്നത് എന്നത് പ്രത്യേകം ശ്രദ്ധ നേടുന്നു. ഒരുസമയം രോഗം പടരുന്ന വേഗതയും രോഗത്തെ ലോകരാഷ്ട്രങ്ങള്‍ നേരിടുന്ന വിധവും അതുകൊണ്ടുതന്നെ വ്യതസ്തവുമാണ്.
ഓരോ രാഷ്ട്രവും കൊറോണയെ നേരിടുന്നത് തങ്ങളുടെ ശേഷിക്ക് അനുസരിച്ച് മാത്രമല്ല ആ രാഷ്ട്രങ്ങളെ നയിക്കുന്ന ഭരണകൂടങ്ങളുടെ സ്വഭാവവും അനുസരിച്ചാണ്. ഉദാഹരണത്തിന് ചൈന നേരിട്ടതുപോലെയല്ല സൗത്ത് കൊറിയ ഇതിനെ നേരിട്ടത്. ചില പഠനങ്ങളെ ആശ്രയിച്ചു പറയുകയാണെങ്കില്‍, ഒരുപക്ഷെ ഏറ്റവും ജനാധിപത്യപരമായി രോഗത്തിന്‍റെ വ്യാപനം തടയാന്‍ ശ്രമിച്ചത് സൗത്ത് കൊറിയ ആയിരുന്നുവത്രെ.
എന്നാല്‍, ഈ അവസരത്തില്‍ ഏറ്റവും ദയനീയമായ നിലയിലേക്ക് കാര്യങ്ങള്‍ പോയത് ഇറാനിലാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ഇപ്പോള്‍ നിലനില്‍ക്കുന്ന ഉപരോധവും അവരെ കൂടുതല്‍ നിസഹായരാക്കിയിരിക്കുന്നു. മാത്രമല്ല, ഇറ്റലിയ്ക്ക് ഒപ്പം ഇറാനും രോഗത്തിന്റെ ഒരു പ്രധാന പ്രഭവകേന്ദ്രവുമാണ്.
ഞാന്‍ താമസിക്കുന്ന കുവൈറ്റ്, മറ്റുപല ഗള്‍ഫ് രാജ്യങ്ങളെയും പോലെ, പടര്‍ന്നുപിടിക്കുന്ന ഈ രോഗത്തിന്റെ പിടിയിലാണ്. സര്‍ക്കാര്‍ അതീവ ജാഗ്രതയിലുമാണ്. ഇതിനകം 112 പേര്‍ പോസിറ്റീവ് ആയി രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊരാള്‍ ഇന്ത്യക്കാരനാണ്. പ്രധാനമായും അയല്‍ രാജ്യമായ ഇറാനില്‍ നിന്നും തിരിച്ചെത്തിയ കുവൈറ്റികളാണ് അധികവും, മറ്റു ചില ദേശക്കാരുമുണ്ട്. ആകെ 534 പേരാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉള്ളത്. ഇത് ഇനിയും കൂടാനുള്ള സാധ്യതയുമുണ്ട്.
ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ വന്നു പാര്‍ത്ത് ജോലി ചെയ്യുന്ന കുവൈറ്റ് പോലുള്ള ഒരു രാജ്യം സ്വഭാവികമായും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പക്ഷെ, ഒട്ടും പരിഭ്രാന്തി കൂടാതെ പല മുന്‍കരുതലുകളും കര്‍ക്കശമായിത്തന്നെ എടുക്കുന്നുമുണ്ട്. മാര്‍ച്ച് മാസം അവസാനം വരെ രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുന്നു.
ഇവിടെ ദീര്‍ഘകാലമായി ജോലി ചെയുന്നതുകൊണ്ടാകും, എന്റെ ജീവിത കഥ, പല രാഷ്ട്രീയ മുഹൂര്ത്തങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍, യുദ്ധങ്ങള്‍, അധിനിവേശം, അഭയാര്‍ത്ഥി ജീവിതം, അങ്ങനെ പ്രവാസം മനുഷ്യര്‍ക്ക് സമ്മാനിക്കുന്ന നരകങ്ങള്‍ പലതും – ഇപ്പോള്‍ ഈ രോഗത്തിന്റെ സന്ദര്‍ശനവും അങ്ങനെയൊരു മുഹൂര്‍ത്തമാകുന്നു.
എല്ലാ രോഗങ്ങളും നമ്മുക്ക് മരണത്തിന്റെ ഓര്‍മ്മ നല്‍കുന്നുവെങ്കില്‍ ഈ രോഗം, കൊറോണയെ കുറിച്ചുള്ള ഭീതി, നമ്മെ മരണത്തിന്റെ ഏകാന്തതയും ഓര്‍മ്മിപ്പിക്കുന്നു. രോഗവും മരണവും നമ്മളെ വിവേകികളുമാക്കുന്നു. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധം, മറ്റൊരര്‍ത്ഥത്തില്‍, സാമൂഹ്യജീവിതത്തില്‍നിന്നും പൗരന്‍ പരസ്യമായി പിന്‍വാങ്ങുന്ന സ്വാത്രന്ത്ര്യ പ്രഖ്യാപനമാകുന്നത് അതിനാലാണ്. എനിക്കുള്ള സൗകര്യങ്ങള്‍ ഞാന്‍ അന്യന്റെ ക്ഷേമത്തിനായി കൈ ഒഴിക്കുന്നു എന്നാണ് ഇത് ആവശ്യപ്പെടുന്നത്.
ആ അര്‍ത്ഥത്തില്‍, നമ്മുക്ക് അതൊരു ടെസ്റ്റിംഗ് മുഹൂര്‍ത്തവുമാണ്.
രോഗം കഠിനമാണ്. മരണം നഷ്ടംതന്നെയാണ്. എന്നാല്‍, ജീവിതത്തോടുള്ള നമ്മുടെ ആഭിമുഖ്യത്തെയാണ്, നമ്മുടെ സ്വാര്‍ത്ഥതയെയാണ്, ഈ രോഗവും പരീക്ഷിക്കുന്നത്. (ഇറ്റലിയില്‍ നിന്നും കേരളത്തില്‍ അവധിയ്ക്കു വന്ന റാന്നി സ്വദേശികള്‍ നമ്മെ പഠിപ്പിച്ചതുപോലെ).
ആഗോളീകരണത്തിന്റെ വാണിജ്യജീവിതത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുക്കുമ്പോള്‍ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇന്ന് ഈ രാജ്യങ്ങളില്‍ എന്നുമെന്നപോലെയുണ്ട്. അല്ലെങ്കില്‍, ഓരോ വിമാനത്താവളവും ഇന്ന് ലോകത്തിലെ അസംഖ്യം പൗരന്മാരുടെ ഓരോ അപ്രഖ്യാപിത രാഷ്ട്രമാകുമ്പോള്‍ ഈ രോഗം പടരുന്ന രീതി നമ്മെ അത്ഭുതപ്പെടുത്തില്ല. സാംക്രമികരോഗങ്ങള്‍ മഹാമാരിയായി വേഷം മാറുന്ന ഗ്രീന്‍ റൂം ഇന്ന് ഈ വിമാനത്താവളങ്ങള്‍കൂടിയാണ്. അതിനാല്‍, രാജ്യങ്ങള്‍ അവരുടെ വിമാനത്താവളങ്ങള്‍ അടച്ചിടുന്നു. യാത്രാ വിലക്കുകള്‍ നടപ്പാക്കുന്നു. ഒപ്പം, വലിയൊരു തൊഴില്‍നഷ്ടത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും ലോകം സ്വയം പ്രവേശിക്കുന്നു.
കേരളത്തിനെക്കാള്‍ എത്രയോ ചെറിയ രാജ്യമാണ് കുവൈറ്റ്, ഒരുപക്ഷെ ഒരു ജില്ലയുടെ വലിപ്പം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍, ജനങ്ങള്‍ കൂട്ടമായി എത്തുന്ന മാളുകള്‍ ഇതെല്ലാം ആകുമ്പോള്‍ ഒരൊറ്റ പട്ടണംപോലെ അത് മിടിക്കുന്നു. അതിനാല്‍, ഒരുപക്ഷെ, കുറേക്കൂടി ഈ നിയന്ത്രണങ്ങള്‍ ഇവിടെ ഫലവത്താകും. സാങ്കേതികമായി മെച്ചപ്പെട്ട ആരോഗ്യമേഖലയുള്ളതുകൊണ്ടും കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. എന്നാല്‍, ഗള്‍ഫ്‌രാജ്യങ്ങളില്‍ ഈ രോഗം പിടിമുറുക്കുമ്പോള്‍ കേരളം ഭയക്കേണ്ടത് ഇതിന്റെ രണ്ടാമത്തെ ഭവിഷ്യത്താണ് എന്ന് പറയാന്‍ തോന്നുന്നു – അത് അനവസരത്തിലാവില്ല എന്നും. തൊഴില്‍രഹിതരായ ഗള്‍ഫ് മലയാളികളുടെ മടക്കമാണത്.
പൊതുവേ സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ രോഗത്തിന്റെ വ്യാപനം ഇതിനകം ഉണ്ടാക്കിയ തൊഴില്‍ നഷ്ടം ഭീമമാണ് – വിശേഷിച്ചും ഹോട്ടല്‍/ വ്യോമയാന മേഖലകളില്‍. ഇപ്പോള്‍ത്തന്നെ അനവധി പേരെ, ഹോട്ടലുകളും മറ്റും അടച്ചിട്ടതിനാല്‍, ശമ്പളം ഇല്ലാത്ത അവധിയിലേക്ക് തൊഴിലുടമകള്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് സ്വാഭാവികമായും നമ്മെയും ബാധിക്കും എന്നുറപ്പാണ്. കേരളത്തിന്‍റെ ആശ്രിത സമ്പദ്‌വ്യവസ്ഥയില്‍ വരാന്‍ പോകുന്ന അത്തരം ആഘാതങ്ങളും സര്‍ക്കാര്‍ കരുതലില്‍ എടുക്കണം – രോഗത്തിന്‍റെ വ്യാപനം തടയുന്നതിനും ഒപ്പം.
ആലോചിക്കുകയാണെങ്കില്‍, ഇത് ആഗോളീകരണത്തിന്റെ തിന്മയാണ്. ഇത് ആഗോളീകരണത്തിന്റെ ചീത്ത മുഖമാണ്. അപ്പോഴും, സാമ്രാജ്യത്വത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും വഞ്ചന എന്ന കണ്ടത്തലുകളെയൊന്നും വകവെയ്കാതെ ആഗോളീകരണം മനുഷ്യസമൂഹത്തിനു നല്‍കിയ ജീവിത വാഗ്ദാനം വമ്പിച്ചതാകുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും സ്വതന്ത്രരാവാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്ക് സാമൂഹികമായ അര്‍ത്ഥം നല്‍കുന്നു എന്നതായിരുന്നു അതില്‍ ഒന്ന്. അങ്ങനെയൊരു ജീവിതാര്‍ത്ഥം തന്നെയാകും ഇനി കൊറോണ പോലുള്ള മഹാമാരികളെയും നേരിടുക എന്നുറപ്പാണ്. തീര്‍ച്ചയായും നല്ല രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒപ്പം.
അത്തരം രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉണ്ടാവാന്‍ ജനങ്ങള്‍ ഭാഗ്യം ഉള്ളവരാകട്ടെ!