കോവിഡിനെതിരായ വാക്‌സിനുകളുടെ ആദ്യ ബാച്ച് പുറത്തിറക്കിയതോടെ, കഴിഞ്ഞ വര്‍ഷത്തെ യാതനകളോടും മാനസിക വ്യഥകളോടും വിടചൊല്ലാനാവുമെന്ന പ്രതീക്ഷയില്‍ രാജ്യം ഉത്സാഹഭരിതമാണെന്ന് തോന്നുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും സ്വീഡിഷ്-ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍ അസ്ട്ര സെനെക്കയും വികസിപ്പിച്ച് പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവി ഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത് വിപണിക്ക് വ്യക്തമായ സൂചനകള്‍ കൊടുത്തിരിക്കുകയാണ്. അനുമതിയ്ക്കുശേഷം  ഇരു വാക്‌സിനുകളുടെയും നിര്‍മാതാക്കള്‍ തമ്മിലുള്ള സംവാദം നൽകുന്ന സൂചന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ്.

ഈ പ്രതിസന്ധി കാലത്ത് ദുരിതാശ്വാസ ഘടകങ്ങള്‍ കഴിയുന്നത്ര ആളുകൾക്ക് വേഗത്തില്‍ ആശ്വാസം എത്തിക്കാനാണ് ശ്രമിക്കുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നവരും വിപണനക്കാരും അത്തരം ദുരിതാശ്വാസ ഘടകങ്ങളില്‍നിന്ന് വ്യത്യസ്തമല്ലെന്ന് സ്വയം കരുതുന്നു; എങ്കിലും സാമ്പത്തിക നേട്ടങ്ങളും അവര്‍ ആഗ്രഹിക്കുന്നു. അതിനാല്‍, സാമ്പത്തികമായ പ്രചോദനത്തിനൊപ്പം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരോപകാരപ്രദമായ പ്രേരണയും വാക്‌സിന്‍ വികസിപ്പിക്കുന്നവര്‍ക്കുണ്ട്. ”തല്‍ക്ഷണ വരുമാനം” എന്ന വാഗ്ദാനവുമുണ്ട്. അത്തരമൊരു സാഹചര്യം നിയന്ത്രണ ഇടപെടല്‍ ആവശ്യപ്പെടുന്നു. സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനും ഈ പ്രതിസന്ധി നേരിടാന്‍ ആവശ്യമായ ക്ഷമയ്ക്കുമിടയില്‍ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്.

Also Read: കോവിഡിൽ‌ പിന്നോട്ടടിക്കുന്ന സ്ത്രീജീവിതങ്ങള്‍

നിയന്ത്രണ ഏജന്‍സികളുടെ അംഗീകാരം ഫലപ്രദമായ ആരോഗ്യസംരക്ഷണത്തിലേക്കുള്ള നീണ്ട യാത്രയുടെ ആരംഭം മാത്രമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ക്ക് അറിയാം. അതിനാല്‍ മികച്ചരീതിയില്‍ നിര്‍വചിക്കപ്പെട്ട കോവിഡ്-19 രോഗപ്രതിരോധ നയം, പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന പുനര്‍നിര്‍മാണ പരിപാടിയുടെ ആദ്യ പടിയായിരിക്കാം. കോവിഡ്-19 ന്റെ നേരിട്ടുള്ളതും പരോക്ഷവുമായ അതിജീവനക്കാരുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിന്മേലുള്ള ആഘാതം വരും വര്‍ഷങ്ങളില്‍ സ്വാധീനം ചെലുത്തും. പ്രതിസന്ധി ഘട്ടത്തില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെയും (എഫ്എല്‍എച്ച്ഡബ്ല്യു) മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെയും പങ്ക് നിര്‍ണായകമായിരുന്നു. ന്യായമായ വേതനത്തിനും തൊഴില്‍ അംഗീകാരത്തിനുമായുള്ള ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. മാത്രമല്ല, ഗ്രാമീണ മേഖലയിലും കുടിയേറ്റ സമ്പദ്‌വ്യവസ്ഥകളിലും മഹാമാരി സൃഷ്ടിച്ച ആഘാതത്തിന്റെ യഥാര്‍ത്ഥ അളവ് ഇനിയും കണ്ടെത്താനായിട്ടില്ല.

ആരോഗ്യ പ്രതിസന്ധിയുടെ അടിയന്തര പരിഹാരത്തിനൊപ്പം, കഴിഞ്ഞ 10 മാസത്തെ സംഭവവികാസങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും പകര്‍ച്ചവ്യാധി വെളിവാക്കിയ രാജ്യത്തെ ക്ഷേമസംവിധാനങ്ങളിലെ പോരായ്മകളെ മറികടക്കുകയും ചെയ്യേണ്ടത് നയരൂപീകരണ വിദഗ്ധരും അത് നടപ്പാക്കുന്നവരുമാണ്. അമിതഭാരം പേറുന്ന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉചിതമായ സംരക്ഷണം ഉറപ്പു നല്‍കുകയും ചെയ്യുന്നത് വാക്‌സിനേഷന്‍ പരിപാടി ദീര്‍ഘകാല വിജയമാണെന്ന് ഉറപ്പാക്കാന്‍ അനിവാര്യമാണ്.

Also Read: കേരളം മുതല്‍ വെനെസ്വേല വരെ; കോവിഡ്‌ പ്രതിരോധത്തിന്റെ ഇടത് മാതൃകകള്‍

ഇന്ത്യയിലെ പൊതുജനാരോഗ്യം പരമ്പരാഗതമായി ഒരു തിരഞ്ഞെടുപ്പ് വിഷയമായി കണക്കാക്കപ്പെടാറില്ല. സാമ്പത്തിക വളര്‍ച്ച അല്ലെങ്കില്‍ തൊഴിലവസരങ്ങള്‍ പോലുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ആരോഗ്യമേഖലയിലെ ചെലവിന്റെയും സ്ഥാപന നിർമാണ-വികസനത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുക്കാന്‍ നിലവിലെ സാഹചര്യം നയരൂപകര്‍ത്താക്കള്‍ക്കും അത് നടപ്പിലാക്കുന്നവര്‍ക്കും അനുയോജ്യമാണ്. ആരോഗ്യസംരക്ഷണച്ചെലവില്‍ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോഴും വളരെ പുറകിലാണ്. പരമ്പരാഗത സേവന വിതരണവും ക്ഷേമത്തിനായുള്ള സമഗ്രമായ സമീപനവും ഉള്‍ക്കൊള്ളുന്ന പ്രാപ്യമായതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരോഗ്യം ഒരു പ്രധാന ആശങ്കയായിരിക്കുന്ന സമയത്ത് മുന്നോട്ടുകൊണ്ടുപോകാവുന്നതാണ്. നയരൂപകര്‍ത്താക്കള്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തണം.

ദ്രുതഗതിയിലുള്ള പുരോഗതിയുടെ പശ്ചാത്തലത്തില്‍ മന്ദഗതിയിലാകാനുള്ള ധാരാളിത്തം വികസ്വര രാജ്യങ്ങള്‍ക്കില്ല. അവര്‍ക്ക് ”ആസൂത്രണ വീഴ്ച”യ്ക്ക് ഇരയാകാനും മാനവിക വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് ശുഭാപ്തിവിശ്വാസം പുലര്‍ത്താനും കഴിയില്ല. കോവിഡ് മഹാമാരി ജനസംഖ്യയിലെ വലിയ വിഭാഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിച്ചു. അരിഷ്ടിച്ച് ജീവിച്ചിരുന്ന പലരും കടുത്ത ദാരിദ്ര്യത്തിലേക്കു തള്ളപ്പെട്ടു. അതിന്റെ ഫലമായി അവരുടെ അഭിലാഷങ്ങള്‍ക്ക് വലിയ തിരിച്ചടിയേറ്റു. ഇത് അവരുടെ ഭാവിതലമുറയുടെ പ്രതീക്ഷകളെയും ബാധിച്ചേക്കാം. സര്‍ക്കാര്‍ ശ്രമങ്ങളിലൂടെ ജനങ്ങളുടെ പൂര്‍വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

Also Read: കോവിഡില്‍നിന്ന് രക്ഷിക്കാന്‍ പ്രായമായവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്

മികച്ച ഭാവിക്കായി സമൂഹത്തിനിപ്പോള്‍ ഒരു ബ്ലൂപ്രിന്റ് നയരൂപകര്‍ത്താക്കള്‍ നിര്‍ബന്ധമായും നല്‍കണം. ഏറ്റവും സമര്‍പ്പിത ദുരിതാശ്വാസ യൂണിറ്റ് പോലും ആത്യന്തികമായി ഒഴിഞ്ഞുപോകുമെന്ന് നാം മറക്കരുത്. ഒരു പ്രതിസന്ധിക്കുശേഷം പൗരാവലിയാണ് ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. അതിനാല്‍ അത് ഊര്‍ജസ്വലമായിരിക്കേണ്ടതുണ്ട്.

  • അശോക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ബിഹേവിയര്‍ ചേഞ്ചിലെ ഗവേഷകയാണ് നിഷ്‌ത തിവാരി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook