Latest News

കേരളത്തിന്റെ കോവിഡ് നിരക്ക് ഉയര്‍ന്നതോതില്‍ തുടരാന്‍ കാരണമെന്ത്?

ഒരു വലിയ നഗരമായി കേരളത്തെ കാണേണ്ടതുണ്ട്. ഒറ്റപ്പെട്ട ജനസമൂഹങ്ങള്‍ കേരളത്തില്‍ നന്നേ കുറവാണ്. സ്ഥലങ്ങള്‍ തമ്മില്‍ റോഡ് മുഖാന്തരമുള്ള യാത്രാ സാധ്യത വളരെ കൂടിയ സംസ്ഥാനമാണ് കേരളമെന്നുള്ളത് രോഗപ്പകര്‍ച്ചക്ക് വലിയ ഒരു കാരണമായി കാണാം

corona,കൊറോണ, corona virus, കൊറോണ വൈറസ്, covid-19, കോവിഡ്-19, covid-19 numbers kerala, കോവിഡ്-19 കേരള, corona virus numbers kerala, കൊറോണ വൈറസ് കേരള, covid-19 death toll kerala, കോവിഡ്-19 മരണം കേരള, corona virus death toll kerala, കൊറോണ വൈറസ് മരണം കേരള, covid vaccine, കോവിഡ് വാക്സിൻ, kerala covid, one year of covid in kerala, കേരളത്തിലെ കോവിഡ് ബാധ, കേരളത്തിലെ കോവിഡ് ബാധയുടെ ഒരു വർഷം, ആദ്യ കോവിഡ് കേസിന് ഒരാണ്ട് തികയുമ്പോള്‍, kerala curve, malayalam news, news in malayalam, ie malayalam, ഐഇ മലയാളം

കോവിഡ്-19 എന്ന വൈറസിനെതിരായ പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷകത്തിലെത്തി നില്‍ക്കുകയാണ് രാജ്യം. നിലവില്‍ കേരളത്തില്‍ 9,23,667 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 8,48,476 പേര്‍ രോഗമുക്തരായെന്നു സര്‍ക്കാര്‍ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പോരാട്ടത്തില്‍ ഇതുവരെ 3722 പേരുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ തുടക്കം കേരളത്തില്‍നിന്നായിരുന്നുവെന്നത് ഓര്‍ക്കേണ്ടതുണ്ട്. കൃത്യം ഒരു വര്‍ഷം മുന്‍പ് കേരളത്തിലാണ് രാജ്യത്തെ ആദ്യ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷം നീണ്ട ഈ ജീവന്മരണ പോരാട്ടം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം ദുഷ്‌കരമായിരുന്നുവെന്ന് പറയാതെ വയ്യ. ലോക്ക് ഡൗണും മറ്റു കര്‍ശന നിയന്ത്രണങ്ങളും സാധാരണ ജീവിതം താറുമാറാക്കിയ കാലഘട്ടമായിരുന്നു ഇത്.

Read More: താഴാതെ കോറോണ കര്‍വ്; ആദ്യ കോവിഡ് കേസിന് ഒരാണ്ട് തികയുമ്പോള്‍

ആദ്യ കാലങ്ങളില്‍ പല വിദഗ്ധരും പ്രവചിച്ച പോലെ, ഇന്ത്യയില്‍ വലിയ തോതില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയോ രൂക്ഷമായ രീതിയില്‍ മരണനിരക്ക് ഉയരുകയോ ചെയ്തില്ലെന്നുള്ളത് ആശ്വാസകരമായ വസ്തുത തന്നെയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് അഭിമാനകരമായ നേട്ടവുമാണ്. എന്നാല്‍ സംസ്ഥാനത്തെ കോവിഡ് മരണനിരക്കിനെക്കുറിച്ച് പല വിദഗ്ധര്‍ക്കും ഭിന്നാഭിപ്രായമുണ്ട്. നിലവിലെ മരണനിരക്കിനേക്കാള്‍ പലമടങ്ങ് കൂടുതലാണ് യഥാര്‍ഥ മരണനിരക്കെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. അതിലേക്കു കടക്കുന്നില്ല.

രോഗപ്പകര്‍ച്ച കാര്യമായി കുറയ്ക്കാനായ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഒരു വിരോധാഭാസമായി ഇതിനെ കാണേണ്ട കാര്യമില്ലെന്നതാണ് വാസ്തവം. നിലവില്‍ ഇന്ത്യയില്‍ 1.07 കോടി പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ രോഗികള്‍, സുഖം പ്രാപിച്ചവര്‍, മരണത്തിനു കീഴടങ്ങിയവര്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഈ സംഖ്യയിലെത്തിച്ചേരുന്നത്.

ഈ കണക്കിന്റെ ഏതാണ്ട് 8.5 ശതമാനം രോഗികള്‍ കേരളത്തില്‍നിന്നുള്ളവരാണ്. രാജ്യത്തിന്റെ ജനസംഖ്യയുടെ 2.4 ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്ത് ഇത്രയും രോഗികള്‍ എങ്ങനെയുണ്ടായെന്ന് അതിശയിക്കുന്നവരാണ് ഏറെയും. ദേശീയ ശരാശരി 10 ലക്ഷം പേരില്‍ 7500 കോവിഡ് രോഗികളാണെങ്കില്‍ കേരളത്തിലത് മൂന്നു മടങ്ങിലധികമാണ്. ഏകദേശം 26,400 എന്നതാണ് കേരളത്തില്‍നിന്നുള്ള കണക്ക്. രോഗസാന്ദ്രതയില്‍ കേരളം ദേശീയ ശരാശരിയുടെ മൂന്നു മടങ്ങിലധികമായി നിലകൊള്ളുന്നുവെന്നു സാരം.

Read More: കോവിഡ് ഇന്ത്യയിൽ ഒരുവർഷം പിന്നിടുമ്പോൾ

താരതമ്യേന നല്ലരീതിയില്‍ പ്രവര്‍ത്തിച്ച ഒരു സംസ്ഥാനം രോഗികളുടെ എണ്ണത്തിലും രോഗസാന്ദ്രതയിലും മുന്‍പന്തിയിലെത്തിയത് എങ്ങനെയെന്നുള്ള ചോദ്യം അതിപ്രസക്തമാണ്. ഇതിനു കൃത്യമായ ഉത്തരം നല്‍കുകയെന്നുള്ളത് ദുഷ്‌കരമാണെന്നു സമ്മതിക്കേണ്ടി വരും.

രോഗികളുടെ എണ്ണത്തിലും രോഗസാന്ദ്രതയിലും കേരളത്തെ മുന്‍പന്തിയിലെത്തിച്ച ഘടകങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടായിരിക്കുന്നതു നല്ലതാണെന്നു തോന്നുന്നു. അവ ഇങ്ങനെയാണ്:

1. രാജ്യത്ത് ഏറ്റവും അധികം കര്‍ശനമായി കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് കേരളമാണ്. ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസ് സേനയുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നിതാന്ത പരിശ്രമത്തിലൂടെയാണ് സംസ്ഥാനം ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. ഈ കര്‍ക്കശ നിലപാട് മൂലം കോവിഡ് മഹാമാരിയുടെ വളര്‍ച്ച തികച്ചും പരന്നതാക്കി മാറ്റാന്‍ (Flattening the curve) കേരളത്തിനായി. ഈ പ്രതിഭാസം തന്നെയാണ് നിലവില്‍ നമ്മള്‍ കാണുന്ന ഉയര്‍ന്ന രോഗനിരക്കിനും ഉയര്‍ന്ന രോഗസാന്ദ്രതയ്ക്കും ഒരളവു വരെ വഴിവച്ചതെന്നു തന്നെ പറയാം.

2. മറ്റു സംസ്ഥാനങ്ങളില്‍ രോഗം ക്രമാതീതമായി പടര്‍ന്നുപിടിച്ച കാലഘട്ടങ്ങളില്‍ കേരളത്തില്‍ രോഗപ്പകര്‍ച്ച നിയന്ത്രണവിധേയമായിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആ സമയത്ത് കേരളത്തിന്റെ ‘കര്‍വ്’ പരന്നതായി കാണപ്പെട്ടത് ഇതുമൂലമാണ്. ഈ സ്ഥിതി മാസങ്ങളോളം നീണ്ടുനിന്നു എന്നും കാണാം.

3. സാധാരണ, മഹാമാരികള്‍ രൂപപ്പെടുന്ന സാഹചര്യങ്ങളില്‍ രോഗം കണ്ടുപിടിക്കാനുള്ള സാധ്യത ഒരു പ്രത്യേക തരത്തിലാണു കണ്ടുവരുന്നത്. പലപ്പോഴും, ആദ്യ ഘട്ടത്തില്‍ വലിയതോതില്‍ രോഗം കണ്ടുപിടിക്കാതെ പോകാനുള്ള സാധ്യതയുണ്ട്. രോഗം അതിന്റെ രണ്ടാം പാദത്തിലേക്കു കടക്കുമ്പോഴാണ് കൃത്യമായ പരിശോധനാ ക്രമങ്ങളും മികച്ച പരിശോധനാ മാര്‍ഗങ്ങളും നിലവില്‍ വരുന്നത്. ഈ കാലഘട്ടത്തില്‍ രോഗനിര്‍ണയ തോത് വളരെയധികം കൂടുന്നതായി കാണാം. യൂറോപ്പിലും മറ്റും ഇത് കൃത്യമായി കാണാന്‍ കഴിഞ്ഞു. രോഗികളുടെ അവബോധവും രണ്ടാം പാദത്തില്‍ മെച്ചപ്പെടാറുണ്ട്. ചുരുക്കത്തില്‍, ഒരു മഹാമാരിയുടെ ജീവിതക്രമത്തില്‍ താരതമ്യേന താമസിച്ച് സംഭവിക്കുന്ന രോഗാവസ്ഥകള്‍ മികച്ചരീതിയില്‍ കണ്ടുപിടിക്കപ്പെടുമെന്നു പറയാം. കേരളം ഇതിനു സാക്ഷ്യം വഹിച്ചുണ്ടെന്നു നിസംശയം പറയാം.

4. കേരളത്തില്‍ കോവിഡ് രോഗം കൃത്യമായി കണ്ടുപിടിക്കപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. ഇതിനു മേല്‍പ്പറഞ്ഞതു കൂടാതെ മറ്റു പല അനുകൂല ഘടകങ്ങളുമുണ്ട്. ഉയര്‍ന്ന നിലവാരമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങള്‍, ഡോക്ടര്‍, ന‌ഴ്‌സ് തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ ലഭ്യത, ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളുടെ ലഭ്യത മുതലായവ കേരളത്തില്‍ വളരെയധികമാണ്. സ്വകാര്യ ആരോഗ്യസംവിധാനങ്ങളില്‍ ചികിത്സ തേടുന്നവരുടെ തോതും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെ കൂടുതലാണ്. ഈ ഘടകങ്ങളെല്ലാം തന്നെ, ഉയര്‍ന്ന തോതില്‍ രോഗം കണ്ടെത്താന്‍ സഹാകയകമാവുന്നുവെന്നതില്‍ തര്‍ക്കമില്ല.

5. കേരളത്തിന്റെ ജനസമൂഹ ഘടനയും ഈ ഉയര്‍ന്ന രോഗസാന്ദ്രതയ്ക്ക് ഒരു കാരണമായി ഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനമാണ് കേരളം. അത്തരം ജനസമൂഹങ്ങളില്‍ കോവിഡ്-19 രോഗം വരാനുള്ള സാധ്യത, രോഗലക്ഷണങ്ങളുടെ തീവ്രത എന്നിവ കൂടുതലാണ്. ഈ പ്രായത്തിലുള്ളവര്‍ക്ക് രോഗം വരുമ്പോള്‍ കണ്ടുപിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

6. പ്രവാസികളുടെ എണ്ണത്തിലും അവരുടെ യാത്രകളിലും കേരളം ഇന്ത്യയില്‍ തന്നെ മുന്‍പന്തിയിലാണ്. സാമാന്യം നല്ല രീതിയില്‍ യാത്ര ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ഈ ഉയര്‍ന്ന ജനയാത്രാനിരക്ക് (Crowd mobility) രോഗസാധ്യത കൂട്ടാനുള്ള ഒരു കാരണമായി കാണാവുന്നതാണ്. ഉയര്‍ന്ന യാത്രാ സാധ്യതയും പ്രവാസികളുടെ യാത്രകളുടെ ഉയര്‍ന്ന തോതും വിദേശരാജ്യങ്ങളില്‍നിന്നുള്ള അതിസംക്രമണ സ്വഭാവമുള്ള ജനുസുകള്‍ (യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ കോവിഡ് വകഭേദങ്ങള്‍) കേരളത്തില്‍ എത്താനും പടര്‍ന്നുപിടിക്കാനുമുള്ള സാധ്യത കൂട്ടുന്നു. നിലവില്‍ ഈ സാധ്യത തള്ളിക്കളയാനാവില്ല.

7.കേരളത്തില്‍ ഗ്രാമങ്ങള്‍ എന്നു നിര്‍വചിക്കാവുന്ന സ്ഥലങ്ങള്‍ താരതമ്യേന കുറവാണ്. ഒരു വലിയ നഗരമായി കേരളത്തെ കാണേണ്ടതുണ്ട്. ഒറ്റപ്പെട്ട ജനസമൂഹങ്ങള്‍ കേരളത്തില്‍ നന്നേ കുറവാണ്. സ്ഥലങ്ങള്‍ തമ്മില്‍ റോഡ് മുഖാന്തരമുള്ള യാത്രാ സാധ്യത (Connectivity by road) വളരെ കൂടിയ സംസ്ഥാനമാണ് കേരളമെന്നുള്ളത് രോഗപ്പകര്‍ച്ചക്ക് വലിയ ഒരു കാരണമായി കാണാം.

Read More: ഇൻട്രാനാസൽ കോവിഡ്-19 വാക്സിനുമായി ഭാരത് ബയോടെക്; ബിബിവി 154 വാക്സിനെക്കുറിച്ച് അറിയാം

8. ഉയര്‍ന്ന ജീവിത നിലവാരവും ഉയര്‍ന്ന ജനസാന്ദ്രതയും നഗരങ്ങളുടെ ആധിക്യവും മറ്റു ഘടകങ്ങളായി കാണാവുന്നതാണ്. മറ്റു സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ കെട്ടിടങ്ങള്‍ക്കകത്തെ ആഘോഷങ്ങള്‍ (Indoor events) വളരെയധികം കൂടുതലായി കാണപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിലെ വിവാഹങ്ങള്‍ ഇതിനൊരു ഉദാഹരണമാണ്.

സ്വാഭാവികമായും ഇന്ത്യയില്‍ വളരെയധികം രോഗപ്പകര്‍ച്ച സംഭവിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെത്തന്നെയും ഒറ്റ തിരിഞ്ഞും കൂട്ടമായും ഈ പ്രതിഭാസത്തിന് വഴിതെളിക്കുന്നുവെന്ന് പറയുന്നതാവും കൂടുതല്‍ അനുയോജ്യം. വൈറസിന്റെ സ്വാഭാവിക പരിണാമവും സംസ്ഥാനത്തിന്റെ സവിശേഷതകളും കണക്കിലെടുക്കുമ്പോള്‍ ഈ പ്രതിഭാസത്തില്‍ അത്ഭുതപ്പെടാനുള്ള ഒന്നുമുള്ളതായി തോന്നുന്നില്ല.

അടുത്ത മൂന്നുമാസത്തിനുള്ളില്‍ സമൂഹത്തിലെ പകുതിയിലധികം ജനങ്ങള്‍ക്കു സ്വഭാവികമായി രോഗം മൂലമോ, വാക്‌സിനേഷന്‍ മുഖാന്തരമോ രോഗപ്രതിരോധമുണ്ടാവാനും അതുമൂലം രോഗികളുടെ എണ്ണത്തിലും രോഗപ്പകര്‍ച്ചയിലും ഗണ്യമായ കുറവനുഭവപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിലെ സ്ഥിതിയനുസരിച്ച് മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്ക് കേരളം എത്തിച്ചേരാന്‍ ഈ മൂന്ന് മാസം മതിയാവുമെന്ന് ന്യായമായും പ്രത്യാശിക്കാം. ഈ മഹാമാരി കെട്ടടങ്ങുന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ അവസ്ഥ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടതായിരിക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.

  • കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പീഡിയാട്രിക് പ്രൊഫസറും കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ എപ്പിഡമോളജിസ്റ്റുമാണ്  ഡോ. മനുരാജ്

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Coronavirus reasons behind keralas highest covid 19 rate

Next Story
ഇന്ത്യയിലെ 100 വോട്ടർമാരിൽ നികുതിദായകർ ഏഴ് പേർ മാത്രംIndian Voters, Election
The moderation of comments is automated and not cleared manually by malayalam.indianexpress.com