scorecardresearch

Latest News

കോറോണ വ്യാപനവും പുതിയ ലോകക്രമവും

രാജ്യങ്ങളെയും, അവയുടെ അതിർത്തികളെയും, നിയമങ്ങളെയും നോക്കുകുത്തികളാക്കി മനുഷ്യരാശിക്കു മേൽ കൊറോണ ഒരു മഹാമാരിയായി പെയ്തിറങ്ങുമ്പോൾ അതേക്കുറിച്ചുള്ള ചില ലോജിക്കൽ ചിന്തകൾ

ഫോണിൻ്റെ അങ്ങേ തലക്കൽ എൻ്റെ ചേച്ചിയുടെ മകളായിരുന്നു. ഇങ്ങേ തലക്കൽ എൻ്റെ മകനും. അവർ ഒരേ വിഷയത്തെക്കുറിച്ചാണ് വലിയ ആകാംക്ഷയോടെ  സംസാരിച്ചുകൊണ്ടിരിക്കുന്നത്. അവർക്കിടയിൽ 13,464 കിലോമീറ്ററിൻ്റെ അകലമുണ്ട്. അവർ ലോകത്തിൻ്റെ രണ്ടറ്റത്താണ് .ഒരാളങ്ങ് നോർത്തേൺ ഹെമിസ്പിയറിലെ  ടൊറൻ്റോ നഗരത്തിൽ. മറ്റൊരാൾ ഇങ്ങ് കേരളത്തിലെ കൊച്ചിയിലും. അവരിരുവരും സംസാരിക്കുന്നത് കൊറോണ വൈറസ്സിനെക്കുറിച്ചാണ്. ഓർക്കുക, ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യരും ഒരേ വിഷയത്തെക്കുറിച്ചാണ് ഇന്നിപ്പോൾ സംസാരിക്കുന്നത്. ആഗോളീകരണത്തിൻ്റെ പിൻബലത്തോടെ ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുന്ന ആ വൈറസ് ബാധയെപ്പറ്റി. ഈ വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അതിൻ്റെ പിടിയിലകപ്പെട്ടവരുടെ എണ്ണം മുന്നേറുന്നത് ലക്ഷങ്ങളിലാണ്. മരണം ആയിരങ്ങളും. അത് പിടിപെടാത്ത രാജ്യങ്ങൾ  ഭൂമിയിലില്ലെന്നു തന്നെ പറയാം.

ആധുനിക ലോക ചരിത്രത്തിലെ  സമാനതകളില്ലാത്ത ഒരു മഹാദുരന്തമായി അത് ദിനംപ്രതി പടർന്നുകൊണ്ടിരിക്കുന്നു. ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടലിലാണ്. ഈ വൈറസിനെ എങ്ങനെ പിടിച്ചുകെട്ടും എന്നതിൽ ആർക്കും ഇതുവരെ വലിയ നിശ്ചയങ്ങളില്ല. ലോകം എല്ലാ അർത്ഥത്തിലും ഭീതിയുടെ മുൾമുനയിലാണ്. സാർസിനും എബോളയ്ക്കും ശേഷം അതിനെക്കാൾ മാരകമായ  മറ്റൊരു വൈറസിനെ നേരിടുകയാണ്. 2019 ഡിസംബർ അവസാനത്തോടെ വ്യക്തമായ കാരണങ്ങളില്ലാതെ ചൈനയിലെ വുഹാൻ നഗരത്തിൽ നിരവധി പേർക്ക് ന്യുമോണിയ ബാധിച്ചു കൊണ്ടാണ് ഈ വില്ലൻ വൈറസ് രംഗപ്രവേശം ചെയ്തത്. മുൻപ് കണ്ടെത്തിയവയിൽ നിന്നും വ്യത്യസ്തമായ ജനിതക ഘടനയുള്ള ഈ വൈറസിന് നോവൽ കൊറോണ വൈറസ് (nCoV) എന്ന പേര് കൈവന്നു. പിന്നിട് Coronavirus Disease – 2019 എന്നറിയപ്പെട്ടു തുടങ്ങി. തുടർന്ന് COVID – 19 എന്ന ചുരുക്കരൂപത്തിൽ അറിയപ്പെട്ടു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്  പകരുന്ന ഈ വൈറസ് ചൈനയെ ഞെട്ടിച്ചു കൊണ്ട് വുഹാൻ നഗരത്തിൽ അനിയന്ത്രിതമായി പകർന്നു പിടിച്ചു. വൈകാതെ അത് മറ്റ് രാജ്യങ്ങളിലേക്കും പകർന്നു തുടങ്ങി.

മുന്നറിയിപ്പിൻ്റെ സൗകര്യം ഈ വൈറസ് ബാധയെ നേരിടുന്നതിൽ ചൈനയ്ക്ക് മാത്രം  ലഭിച്ചില്ല. ചൈനയുടെ അനുഭവം മറ്റ് രാജ്യങ്ങൾക്ക് തീർച്ചയായും ഒരു മുന്നറിയിപ്പായിരുന്നു. അവരത് വേണ്ട വിധം  ശ്രദ്ധിച്ചുവോ, അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തിയോ എന്നത് പ്രത്യേകം ചർച്ച ചെയേണ്ട വിഷയമാണ്. പുതിയ ലോകം ഇതിനെ നേരിടുവാൻ തയ്യാറായിരുന്നില്ല എന്ന യാഥാർത്ഥ്യം നമുക്ക്  മുന്നിലുണ്ട്. ഒരു പക്ഷേ, രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം ഇങ്ങനെയൊരു പൊതു ദുരന്തത്തെ നേരിടേണ്ടി വന്നിട്ടില്ല.

തുടക്കത്തിലെ പ്രതിസന്ധിയെ ചൈന അതിൻ്റെ സ്വേച്ഛാധിപത്യ സംവിധാനങ്ങളിലൂടെ നിലയ്ക്കു നിർത്തി. ഇതിൻ്റെ ഭവിഷ്യത്തിനെപ്പറ്റി അവർ ജനങ്ങളെ ബോധവാന്മാരാക്കി. വൈറസ്സിൻ്റെ പകർന്നു പിടിക്കലിനെ അവർ വളരെ വേഗം  നിയന്ത്രണ വിധേയമാക്കി. രാജ്യത്തെ ആരോഗ്യ സംവിധാനത്തെ അവർ സുസജ്ജമാക്കി നിർത്തി. ഇതു തന്നെയാണ് മറ്റ് രാജ്യങ്ങളും ചെയ്യേണ്ടിയിരുന്നത്. വൈറസ് കടന്നു വരും മുമ്പേ അവർക്കെല്ലാം ഈ മുൻകരുതലുകൾ കൈക്കൊള്ളാമായിരുന്നു. അതിനുള്ള സമയത്തിൻ്റെ വില പിടിച്ച ആനുകൂല്യം അവർക്കൊക്കെ ഉണ്ടായിരുന്നു. അവിടെയാണ് മിക്കവാറും രാജ്യങ്ങൾക്ക് പിഴവു പറ്റിയത്. അവരെല്ലാം വൈറസിൻ്റെ വ്യാപനത്തിനു ശേഷമാണ് ഉണർന്നത്. അപ്പോഴേക്കും രോഗവ്യാപനം ദേശങ്ങളുടെ അതിരുകൾ ലംഘിച്ചിരുന്നു. നേരെത്തെ സൂചിപ്പിച്ചിരുന്ന ആഗോളികരണത്തിൻ്റെ മഹാ സാധ്യതകൾ കൊറോണ പൂർണ്ണമായും പ്രയോജനപ്പെടുത്തി. വൈറസ്  പ്രധാനമായും വിമാനമാർഗം എല്ലായിടത്തേക്കും സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

ശാസ്ത്രത്തിൻ്റെ പ്രതിരോധങ്ങൾ

കൊറോണ ബാധയിലകപ്പെട്ട ലോകത്തെ  ആർക്കാണ് രക്ഷിക്കുവാൻ സാധിക്കുക?  കൊറോണ ഒരേ സമയം ഒരു ആരോഗ്യ പ്രതിസന്ധിയും ഒരു സാമൂഹ്യ പ്രതിസന്ധിയുമാണ്. ആരോഗ്യ പ്രതിസന്ധിയെന്ന നിലയിൽ ഇതിനെ എങ്ങനെ നേരിടണം? ലോകം ഉത്തരം തേടുകയാണ്. ഈ പുതിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള   പ്രതിവിധികളൊന്നും തന്നെ ആധുനിക ശാസ്ത്രത്തിൻ്റെ കയ്യിലില്ല. പാശ്ചാത്യ രാജ്യങ്ങൾക്ക് പൊതുവിൽ പകർച്ചവ്യാധികളെ നേരിട്ട പരിചയമില്ല. ലോക നിലവാരമുള്ള ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളായിട്ടും അവർ ആദ്യമൊന്ന് ഇരുട്ടിൽ തപ്പി. അപ്പോഴേക്കും കൊറോണ വൈറസ് തിമർത്താടി. അതുകൊണ്ടാണ് ചൈനയിൽ  ഇതുവരെയുണ്ടായ മരണത്തെക്കാൾ കൂടുതൽ മരണം അതിലും ചെറിയ കാലയളവിൽ യൂറോപ്പിലുണ്ടായത്. ചൈനയുടെയും അമേരിക്കയുടെയും ജർമ്മനിയുടെയും ഗവേഷണശാലകളിൽ ഈ വൈറസിനെ ശാസ്ത്രീയമായി വിശകലനം ചെയ്ത് പിടിച്ചുകെട്ടാനുള്ള വലിയ മുന്നേറ്റങ്ങൾ ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുന്നു. ഈ വഴിക്കുള്ള ധാരാളം പoനങ്ങൾ ശാസ്ത്രലോകത്ത് ദിനംപ്രതി വരുന്നുണ്ട്. ചൈനയിലെ ക്ലിനിക്കൽ ട്രയൽ രജിസ്ടിയിൽ നൂറിലേറെ ഗവേഷണ പേപ്പറുകൾ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. അമേരിക്കയിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലും ധാരാളം പഠനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ജർമ്മനിയിലെ ലാബുകൾ. ഇതിനെല്ലാം ലോകാരോഗ്യ സംഘടന (WHO) മേൽനോട്ടം വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലും  ആ വാക്സിനെ തങ്ങളുടേതു മാത്രമാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. അതിനായി വലിയ പണം ചിലവഴിക്കാൻ അവർ തയ്യാറാവുന്നു.

 1960കൾ തൊട്ട് കൊറോണ വൈറസ് കുടുംബത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലെ പുതിയൊരു വില്ലനാണ് ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്. ഇതിൻ്റെ വ്യാപനത്തെ പിടിച്ചു നിർത്താനുള്ള ശാസ്ത്രീയ നിർദ്ദേശങ്ങൾ നൽകുക  എന്ന പ്രഥമിക ദൗത്യമാണ് ശാസ്ത്രം ഇപ്പോൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. രോഗലക്ഷണങ്ങളെ നിലവിലുള്ള പ്രോട്ടോക്കോൾ പ്രകാരം ചികിത്സിക്കുകയും ചെയ്യുന്നു. വ്യാപനം വലിയ രീതിയിലേക്കു കടന്നാൽ നിലവിലുള്ള സംവിധാനങ്ങൾ മതിയാവാതെ വരികയും വലിയ ദുരന്തമായി മാറുകയും ചെയ്യും എന്ന് ശാസ്ത്രലോകം ഭയപ്പെടുന്നുണ്ട്. ഓരോ രാജ്യത്തെയും ആരോഗ്യരംഗത്തെ സൗകര്യങ്ങൾക്കൊത്ത് വിധി നടപ്പിലാക്കപ്പെടും എന്ന ഒരവസ്ഥ നിലവിലുണ്ട്. ഈ പ്രതിസന്ധിയെ മുൻകൂട്ടി കാണുന്നതിൽ വന്ന പിഴവ് ഇപ്പോൾ തന്നെ വിവിധ രാജ്യങ്ങളിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ആഗോളീകരണത്തിൻ്റെ ആധുനിക കാലത്ത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുള്ള രോഗവ്യാപനം തടയുക അത്ര എളുപ്പമല്ല എന്ന് ഇതിനകം ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. വൈറസ് ഈ അവസ്ഥയെ പൂർണ്ണമായും ഉപയോഗപ്പെടുത്തുകയും ചെയ്തു. പുതിയ കാലത്തിൻ്റെ വേഗത വൈറസ് വ്യാപനത്തിലും സംഭവിച്ചു.

ഭരണകൂടങ്ങൾ സൃഷ്ടിക്കുന്ന  ദുരന്തവിധികൾ

ഇത്തരമൊരു വൈറസ് വ്യാപനം സൃഷ്ടിച്ച സാമൂഹ്യ പ്രതിസന്ധി ലോകത്തിന് പരിചയമുള്ളതായിരുന്നില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതുപോലൊരു ആഗോള പ്രശ്നത്തെ ലോകം നേരിടേണ്ടി വന്നിട്ടുമില്ല.  സാമൂഹ്യമായ ഇടപെടലുകൾ വഴി വൈറസിൻ്റെ വ്യാപനത്തെ പിടിച്ചു കെട്ടേണ്ടിയിരുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ ചൈനയിലെ ഭരണകൂടത്തിന് മുൻകരുതലിനുള്ള സമയം ലഭിക്കുക എന്ന സൗകര്യമുണ്ടായില്ല.  ചൈന ഏകദേശം ഒരു മാസത്തോളമെടുത്ത് ഇതിനെ നേരിടുമ്പോഴും മറ്റ് രാജ്യങ്ങൾ ഇതിനെ നേരിടാനുള്ള മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ല. കർശനമായ യാത്രാവിലക്കുകൾ വഴി അവർക്കും ഇതിനെ ഒരു പരിധി വരെ അന്നേ തടുക്കാമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. മാറിയ ലോകത്തിൻ്റെ സ്വഭാവത്തെ ഉൾക്കൊള്ളാനുള്ള ശകതി പുതിയ കാലത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്കില്ല എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നു. നമ്മുടെ പുതിയ കാല നേതൃത്വങ്ങൾ ലോകത്തെ പരാജയപ്പെടുത്തുന്നു എന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു.

മുൻ ബ്രട്ടീഷ് പ്രധാനമന്ത്രി ഗോർഡൊൺ ബ്രൗൺ ഇതേപ്പറ്റി ‘ഗാർഡിയനി’ൽ എഴുതിയ ലേഖനം ശ്രദ്ധേയമായ പല നിരിക്ഷണങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. രാജ്യങ്ങൾ ഒറ്റയ്ക്ക് ഒറ്റയ്‌ക്ക് അവരവരുടേതായ രീതിയിൽ നേരിടേണ്ട ഒന്നല്ല ഇപ്പോഴത്തെ പ്രതിസന്ധി എന്നാണ് പ്രധാന വാദം. സവിശേഷമായ ആരോഗ്യ സംവിധാനങ്ങൾ ഓരോ രാജ്യത്തിനുമുണ്ടാകാം . അപ്പോഴും ആഗോളതലത്തിൽ സംവിധാന ചെയ്യപ്പെട്ട ഒരു മെഡിക്കൽ പ്രൊജക്ട് സാധ്യമാണ്. അതാണ് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നത്. യുദ്ധകാലത്തെ മാൻഹട്ടൺ പ്രൊജക്ടിനോട് സമാനമായ ഒന്ന് എന്നാണ് ബ്രൗൺ ഓർമ്മിപ്പിച്ചത്. ആഗോളതലത്തിൽ ആരോഗ്യ സംവിധാനങ്ങളെയും വിഭവങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റം സാധ്യമാവേണ്ടതുണ്ട്. അതുപോലെ ഒരു ആഗോള സാമ്പത്തിക ഇടപെടലും ആവശ്യമായിരിക്കുന്നു. കാരണം ഈ ആരോഗ്യ പ്രതിസന്ധി ലോകത്തെ സാമ്പത്തിക രംഗത്തെ നിശ്ചലമാക്കിയേക്കും. ഉല്പാദനത്തെയും വിതരണത്തേയും ഇത് ബാധിക്കും. ഇത് മൂലം വലിയൊരു സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തിൽ നമ്മളെ കാത്തിരിപ്പുണ്ട്. ഇങ്ങനെ ദേശാതീതമായ നിരവധി പൊതു ഇടപെടലുകൾക്ക് ആര് നേതൃത്വം കൊടുക്കും എന്നതാണ് ചോദ്യം.

ദേശാതിരുകളെ വൈറസ് അവഗണിച്ചെങ്കിലും രാഷ്ട്രീയം അതിന് തയ്യാറാവുന്നില്ല എന്ന ദയനീയ ചിത്രം ലോകത്തിൻ്റെ മുന്നിലുണ്ട്. പുതിയ കാലത്തെ ദേശീയ പോപ്പുലിസത്തിൻ്റെ വക്താക്കൾക്ക് രാജ്യാന്തര ചിന്തകൾ എന്നൊന്നില്ല. തീർത്തും വിഭജിതമായ, നേതൃത്വമില്ലാത്ത ഒരു ലോകമാണ് ഇപ്പോൾ നിലവിലുള്ളത്. ചൈന അവരുടെതായ ലോകത്ത്, അമേരിക്ക അവർക്കു വേണ്ടിയുള്ള മറ്റൊരു ലോകത്തെ സൃഷ്ടിക്കുകയാണ്. ജനുവരി അവസാനം ചൈന കൊറോണ പ്രശ്നത്തിൽ അന്തരാഷ്ട്ര സഹായങ്ങളെ സ്വാഗതം ചെയ്തപ്പോൾ അമേരിക്കയും ബ്രിട്ടനും അത് കണ്ടില്ലെന്ന് നടിച്ചുവെന്നും ചൈനയുടെ കാര്യത്തിൽ  ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകളെയും അവർ കാര്യമായി എടുത്തില്ലെന്നും വിമർശനമുയർന്നിട്ടുണ്ട്.

ലോക പ്രശസ്ത മാധ്യമ പ്രവർത്തകനും ഡോക്യുമെൻ്ററി ഫിലിംമേക്കറുമായ ജോൺ പിൽജർ ഈ വിമർശനം ട്വിറ്ററിലൂടെ നടത്തിയിരുന്നു. പിൽജർ ലോകത്തിൻ്റെ ഇപ്പോഴത്തെ പരിഭ്രാന്തിയെ കളിയാക്കുന്നുമുണ്ട്. പട്ടിണി കൊണ്ട് 24,600 പേർ ദിനംപ്രതി ലോകത്ത്  മരിക്കുന്നുണ്ട്. 3,000 പേർ മലേറിയ കാരണം ദിവസവും മരിക്കുന്നു. പൊതുജനാരോഗ്യ സേവനം ലഭ്യമാവാത്തതിൻ്റെ പേരിൽ 10,000 പേർ മരിക്കുന്നു. യമനിൽ ബോംബിങ്ങിലും പട്ടിണിയിലും ദിവസേനെ ആയിരക്കണക്കിന് കുട്ടികൾ മരിക്കുന്നു. അമേരിക്കയുടെ ഉപരോധം മൂലം മരുന്നുകൾ കിട്ടാതെ ഇറാനിലും വെനിസ്വലയിലും എത്രയോ മരണങ്ങൾ സംഭവിക്കുന്നു. ഇതൊന്നും കാണാത്ത അമേരിക്കയും ബ്രിട്ടനും ആസ്ത്രേലിയുമൊക്കെയാണ് ഇപ്പോൾ കൊറോണ ഭീതിമൂലം  വെപ്രാളപ്പെട്ടിരിക്കുന്നത് എന്നും പിൽജർ വിമർശിക്കുന്നു. കാപ്പിറ്റലിസത്തിൻ്റെ ദുരന്തങ്ങളെ ഓർമ്മിപ്പിക്കുകയാണ് ആ മാധ്യമ പ്രവർത്തകൻ.

വൈറസുകൾ ക്ലേശരഹിതമായി അതിർത്തികൾ കടക്കുമ്പോൾ ദേശീയതയുടെ അതിർവരമ്പുകളെപ്പറ്റി പുനർചിന്തനം നടത്തേണ്ടതുണ്ടെന്ന് പ്രശസ്ത അമേരിക്കൻ തത്ത്വചിന്തകയായ ജൂഡിത്ത് പമേല ബട്ലറും ഓർമ്മിപ്പിക്കുന്നു. ആഗോള സാഹോദര്യത്തെപ്പറ്റിയും പരസ്പരാശ്രയത്വത്തെപ്പറ്റിയും കർത്തവ്യങ്ങളെപ്പറ്റിയും ചിന്തിക്കേണ്ടതുണ്ടെന്നും അവർ വിശദികരിക്കുന്നു. ജർമ്മൻ വാക്സിനു വേണ്ടി അമേരിക്ക നടത്തിയ നീച ശ്രമത്തെ അവര്‍ ഇതേ ലേഖനത്തിൽ പരാമർശിക്കുകയും ചെയ്യുന്നു. വൈറസിന്  വിവേചനമില്ല. അത് ആരേയും കടന്നു പിടിക്കും. പക്ഷേ, മനഷ്യവംശത്തിന് വിവേചനം വിട്ട കളിയില്ല. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം വൈറസിനെ നേരിടുന്നതിൽ പ്രശ്നമാവുമെന്നും ബട്ലർ ഭയപ്പെടുന്നു. നിലവിലുള്ള ലോക ക്രമത്തെ വിമർശിക്കാനാണ് ഇത്തരം ചിന്തകർ ഈ ഘട്ടത്തിൽ ശ്രമിക്കുന്നത്. ആഗോള മുതലാളിത്ത സംവിധാനത്തോടുള്ള ഒരു വെല്ലുവിളിയായി ഇതിനെ കാണണമെന്നും ഇനിയും ഇങ്ങനെ തുടരുക പ്രയാസമാണ്, ഒരു സമൂലമാറ്റം അനിവാര്യമായിരിക്കുന്നു എന്നുമാണ് പ്രശസ്ത സ്ലോവേനിയൻ ചിന്തകനായ സ്ലാവോ സിസെക് അഭിപ്രായപ്പെട്ടത്.

ലോകത്തെ ആര് രക്ഷിക്കും?

രാഷ്ട്രീയ നേതൃത്വം ഇതിനെ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. നിലവിലുള്ള നേതൃത്വം ഇത്തരം പ്രതിസന്ധികളെ നേരിട്ട് പരിചയമുള്ളവരല്ല.   കൊറോണ ബാധിതനായ ഇറാനിലെ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഇറാജ് ഹരിർചി പറഞ്ഞ വാചകം പ്രധാനമാണ്. ” This virus is democratic, and it doesn’t distinguish between poor and rich or between statesman and an ordinary citizen.”  ഈ സത്യം ലോകം തിരിച്ചറിയുമോ? ചൈനയെപ്പോലുള്ള ഒരു സേച്ഛാധിപത്യ രാഷ്ട്രം വിഷമിച്ചിടത്താണ് സാമൂഹ്യ നിയന്ത്രണങ്ങൾ വഴി വൈറസിനെ പിടിച്ചുകെട്ടാൻ മറ്റ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇറ്റലിയും ഇറാനും അമേരിക്കയും സ്പെയിനും വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യയുൾപ്പടെയുള്ള  മറ്റ് രാജ്യങ്ങളും കരുതലുകളിൽ പിറകിലായിരുന്നു. അവരുടെ വിധി നിർണ്ണായകമാണ്. ഈ മഹാമാരിയിൽ നിന്ന് മനഷ്യവംശത്തെ ആരു രക്ഷിക്കും?

ദീർഘവീക്ഷണമോ, അസാധരണ നേതൃപാടവമോ ഉള്ള നേതാക്കൾ ലോകത്ത് ഇല്ലെന്നു തന്നെ പറയാം. നിലവിലുള്ള രാജ്യഭരണാധികാരികൾ അർഹിക്കുന്ന ഗൗരവത്തോടെ ഈ പ്രതിസന്ധിയെ ഉൾക്കൊണ്ട് പരസ്പര വിശ്വാസത്തോടെയും അളവില്ലാത്ത സഹകരണത്തോടെയും നേരിട്ടെങ്കിൽ മാത്രമെ മുന്നോട്ടു പോക്ക് സാധ്യമാവൂ. ശാസ്ത്രീയ വീക്ഷണത്തോടെയുള്ള ദൈനംദിന ജീവിതം ജനങ്ങളിൽ ഉറപ്പു വരുത്തുകയും ആഗോള പങ്കാളിത്തത്തോടെ ശാസ്ത്രഗവേഷണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യണം. നമ്മൾ കെട്ടിപ്പടുത്തതെല്ലാം കണ്ണിൽപ്പെടാത്ത ഒരു വൈറസിനു മുന്നിൽ തകർന്നടിയുന്ന കാഴ്ച യാഥാർത്ഥ്യമാവരുത്. ഇനിയും വരാനിരിക്കുന്ന വൻ ദുരന്തങ്ങളെ എങ്ങനെ നേരിടണം എന്ന പാഠങ്ങളും ഇതിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ഒരു പുതിയ ലോകക്രമത്തെ വാർത്തെടുക്കേണ്ടിയിരിക്കുന്നു. ക്യാപ്പിറ്റലിസം ഇരന്നു വാങ്ങിയ നിരവധി വിനാശങ്ങൾ അണിയറയ്ക്കു പിന്നിൽ അവസരം കാത്തിരിക്കുന്നു. ചൈന പ്രതിവിധിയല്ല. അതിരുകളുടെ ബന്ധനം കൊണ്ട് ജയിക്കാവുന്ന ഒന്നല്ല ഈ യുദ്ധം. നിലവിലുള്ള ലോകക്രമം ഈ വൈറസ് വ്യാപനത്തെപ്പോലും നേരിടാൻ കെല്പുള്ളതല്ല.

നമ്മൾ പുതുവഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Coronavirus pandemic shaping of a new world order

Best of Express