കൊറോണ പോലുള്ള ഒരു മഹാമാരി മനുഷ്യസമൂഹത്തിനു മുന്നില്‍ അതീവ ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുമ്പോള്‍ മനുഷ്യ സമൂഹത്തെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിഹാരാന്വേഷണങ്ങള്‍ക്ക് വേദിയാവാന്‍ കഴിവുള്ള അതിവിശാലമായ ഒരു തുറന്ന വേദിയാണ് സാമൂഹ്യമാധ്യമങ്ങള്‍. പക്ഷെ അത്തരമൊരു ക്രിയാത്മകമായ പങ്ക് ഏറ്റെടുക്കാന്‍ അതിനു കഴിയുന്നില്ലെന്നാണ് ഇപ്പോഴത്തെ അനുഭവങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
അധികാരികളുടെയും വിദഗ്‌ധരുടെയുമെല്ലാം അറിയിപ്പുകളും നിർദേശങ്ങളും മറ്റും ജനങ്ങളെ അറിയിക്കാന്‍ ഈ വേദിയും സഹായകമാവുന്നുണ്ടെങ്കിലും കപടവാര്‍ത്തകളും കബളിപ്പിക്കല്‍ സന്ദേശങ്ങളും പലപ്പോഴും മുന്‍കൈ നേടുന്ന കാഴ്ചയും സാധാരണമായിരിക്കുന്നു. ആരുടേയും ആസൂത്രണത്തിലൂടെയല്ലാതെ വളര്‍ന്നുവന്ന സാമൂഹ്യമാധ്യമങ്ങളുടെ സ്വാഭാവിക പരിണാമമായിരിക്കാം ഇത്. ആ ചരിത്രത്തിലേക്ക് ഒന്നെത്തിനോക്കാം.
കഴിഞ്ഞ രണ്ടുമൂന്ന് ദശകങ്ങളിലായി വിവരസാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വമായ മുന്നേറ്റത്തിലൂടെ ഭരണകൂടങ്ങളും അധികാരി വര്‍ഗങ്ങളും കെട്ടിപ്പൊക്കിയിരുന്ന വന്മതിലുകള്‍ ഏറെക്കുറെ എല്ലാം തന്നെ തകര്‍ന്നടിഞ്ഞപ്പോള്‍ മനുഷ്യ സമൂഹം ജനാധിപത്യവത്കരണത്തിന്‍റെ ദിശയില്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുകയുണ്ടായി. അതൊരു യാഥാർഥ്യം തന്നെയായിരുന്നു. ഒരിടത്തും ഇരുമ്പുമറ നിലനില്‍ക്കാതായി. ലോകത്തിന്‍റെ ഏതു മുക്കിലും മൂലയിലും ഉടലെടുക്കുന്ന വാര്‍ത്താ ശകലങ്ങള്‍ ലോകം മുഴുവനും വ്യാപരിക്കുന്നത് ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ ആവാത്ത അവസ്ഥയായി. ഈ ആഗോളതല വാര്‍ത്താ വിനിമയ പ്രക്രിയയില്‍ നിന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന ആശയ വിനിമയ സംവിധാനങ്ങള്‍ ലോകതലത്തില്‍ തന്നെ ഉരുത്തിരിഞ്ഞു വന്നത്. മതങ്ങള്‍, ഭാഷകള്‍, രാഷ്ട്രങ്ങള്‍ തുടങ്ങിയ അതിര്‍വരമ്പുകളെയെല്ലാം മറികടന്നു കൊണ്ടുള്ള ഒരു ആശയ വിനിമയോപാധിയായി മനുഷ്യ സമൂഹം ഒന്നടങ്കം അതിനെ സ്വാംശീകരിക്കുകയായിരുന്നു.
അതുവരെ ആശയ വിനിമയ സാധ്യതകള്‍ അങ്ങേയറ്റം പരിമിതമായിരുന്നു. ആദ്യകാലത്ത് അച്ചടിമാധ്യമങ്ങളായിരുന്നു ആശയ പ്രകാശനത്തിനും വിനിമയത്തിനുമുള്ള വേദികള്‍. അത്തരം മാധ്യമങ്ങളുടെ ഉടമകള്‍ ആണ് ആ വിനിമയത്തെ നിയന്ത്രിച്ചിരുന്നത്. അവര്‍ സമ്പന്നരായ വ്യക്തികളോ ഗ്രൂപ്പുകളോ ആവാം. സാമൂഹ്യ രാഷ്ട്രീയ സംഘടനകളാകാം. ജനാധിപത്യവത്കരണ പ്രക്രിയയുടെ ഫലമായി സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ സംഭവിക്കുന്ന സുതാര്യവത്കരണത്തിനു അനുസൃതമായി മാധ്യമങ്ങളുടെ സുതാര്യവത്കരണവും നടക്കുന്നുണ്ടായിരുന്നു. വാര്‍ത്തകളുടെ സത്യസന്ധത ഉറപ്പുവരുത്താനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. മാധ്യമങ്ങളുടെ എണ്ണം വർധിച്ചു വന്നതോടെ, മത്സരം ശക്തമായപ്പോള്‍ ഈ ബാധ്യതയും ഏറി വന്നു.
ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവം ആരംഭത്തില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഏതൊരു സംഭവവും അത് നടക്കുമ്പോള്‍ തന്നെയോ ചെറിയൊരു ഇടവേളക്കുള്ളിലോ ദൃശ്യവാര്‍ത്തയായി അവതരിപ്പിക്കാന്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അച്ചടിമാധ്യമങ്ങള്‍ക്ക് അടുത്ത ദിവസമേ വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയൂ. ഈ മത്സരത്തില്‍ അച്ചടിമാധ്യമങ്ങള്‍ക്ക് അതിജീവിക്കാനാവില്ലെന്നുവരെ പലരും പ്രവചിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളുടെ എണ്ണം വർധിക്കുകയും അവര്‍ക്കിടയിലെ മത്സരം വർധിക്കുകയും ചെയ്തപ്പോള്‍ ഏതാനും മിനിറ്റുകളുടെയോ സെക്കൻഡുകളുടെ പോലുമോ വ്യത്യാസത്തില്‍ ആദ്യം വാര്‍ത്തകള്‍ അവതരിപ്പിക്കാനായി ഓരോരുത്തരുടെയും ശ്രമം. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിക്കാന്‍ സമയമില്ലാത്ത അവസ്ഥയിലേക്കാണ് ഇത് ദൃശ്യമാധ്യമങ്ങളെ കൊണ്ടെത്തിച്ചത്. വാര്‍ത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അച്ചടി മാധ്യമങ്ങളെ തന്നെ ആശ്രയിക്കണമെന്ന് ജനങ്ങളും തിരിച്ചറിയാന്‍ തുടങ്ങി. ഉപരിപ്ലവ രൂപത്തിലാണെങ്കിലും ചൂടുള്ള വാര്‍ത്ത കിട്ടാന്‍ ദൃശ്യമാധ്യമങ്ങളെയും സത്യാവസ്ഥയും ആഴത്തിലുള്ള വിശകലനങ്ങളും ലഭിക്കാന്‍ അച്ചടി മാധ്യമങ്ങളെയും ഉപയോഗിക്കുന്ന രീതിയിലേക്ക് ജനങ്ങളും വളര്‍ന്നു. ദൃശ്യമാധ്യമങ്ങള്‍ വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പലവിധ ചര്‍ച്ചകളിലൂടെ തങ്ങളുടെ പരിമിതി മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ല.
മാധ്യമലോകത്തിന്‍റെ ഇങ്ങിനെയൊരു പരിണാമത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് പ്രചാരത്തില്‍ വന്നതോടെ ഉടമകളുടെ ആശയപരമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ ക്രമേണ ആഗോളതലത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്. ഫെയ്സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അവിടെ ആശയ നിയന്ത്രണം നടക്കുന്നില്ല. ഈ മാധ്യമങ്ങളില്‍ ആര്‍ക്കും കയറിച്ചെല്ലാം, സ്വന്തം അഭിപ്രായങ്ങള്‍ പൂര്‍ണമായി പ്രകടിപ്പിക്കുകയുമാവാം. അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ നന്നേ ചെറിയൊരു ശതമാനം വരുന്ന ബുദ്ധിജീവികള്‍, എഴുത്തുകാര്‍, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി ഒരു ചെറു വിഭാഗത്തിനു മാത്രമേ ആശയ പ്രകാശനത്തിനു അവസരം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം വേർതിരുവുകളൊന്നുമില്ലാതെ ഏതൊരു വ്യക്തിക്കും അഭിപ്രായ പ്രകടനത്തിന് അവസരം ലഭിക്കുന്നു. മനുഷ്യ ചരിത്രത്തില്‍ ഇത് അഭൂതപൂര്‍വമായ ഒരു ജനാധിപത്യ മുന്നേറ്റം തന്നെയാണ്.
ഈ ചരിത്രപരമായ മുന്നേറ്റം മനുഷ്യസമൂഹത്തിനു ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ? കൃത്യമായ പരിശോധന ആരും നടത്തിയിട്ടുമില്ല. അതത്ര എളുപ്പവുമല്ല. തികച്ചും സാമൂഹ്യവിരുദ്ധമായ രീതിയില്‍ ദുരുപയോഗപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട് താനും. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, ബംഗ്ലാദേശില്‍ നിന്ന് വന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുത്തു ജീവിക്കുന്ന പതിനായിരക്കണക്കിനു പേരെ പരിഭ്രാന്തരാക്കുകയും പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ചില കപട വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അത് കപട വാര്‍ത്തയാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഏറെ പാടുപെടേണ്ടി വന്നു. വര്‍ഗീയ കലാപങ്ങളും സാമൂഹ്യ സംഘര്‍ഷങ്ങളും സൃഷ്ടിക്കാന്‍ ഇത്തരം കപടവാര്‍ത്തകള്‍ ഉപയോഗിക്കപ്പെടും എന്നതാണ് ഇത്തരം സംഭവങ്ങളിലൂടെ തെളിയുന്നത്. തിരിച്ച് ഗുണകരം എന്ന് വിശേഷിപ്പിക്കാവുന്ന ചരിത്രസംഭവങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ കാരണമായിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അറബ് കലാപങ്ങള്‍ എന്ന് വിളിക്കപ്പെട്ട ടുണീഷ്യയില്‍ നിന്ന് ആരംഭിച്ച് ഈജിപ്തിലേക്കും മറ്റു അറബ് രാജ്യങ്ങളിലേക്കും അതിവേഗം വ്യാപിച്ച വിപ്ലവങ്ങള്‍ക്കും കലാപങ്ങള്‍ക്കും തുടക്കം കുറിക്കുന്നതിലും അത് വ്യാപിപ്പിക്കുന്നതിലും
സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി.
ഇപ്പോള്‍ ലോകത്തിനു മുന്നില്‍ കൊറോണ വൈറസ് ഗുരുതര ഭീഷണിയായി ഉയര്‍ന്നു നില്‍ക്കുമ്പോഴും സാമൂഹ്യമാധ്യമങ്ങള്‍ ഗുണകരവും ദോഷകരവുമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്. സര്‍ക്കാരുകളും മറ്റു സംവിധാനങ്ങളും ഈ ഭീഷണിയെ നേരിടാനായി ആവിഷ്കരിക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളും നിർദേശങ്ങളുമെല്ലാം ജനങ്ങളില്‍ വേണ്ടസമയത്ത് എത്തിക്കുന്നതില്‍ സമൂഹ്യമാധ്യമങ്ങളുടെ പങ്ക് പ്രധാനം തന്നെയാണ്.
അതേസമയം, ഈ വിഷയത്തില്‍ തന്നെ കപടവാര്‍ത്തകളും ജനങ്ങളെ വഴി തെറ്റിക്കുന്ന സന്ദേശങ്ങളും പടച്ച് വിട്ട് അന്തരീക്ഷം മലീമസമാക്കുന്നതിലും സാമൂഹ്യമാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. ജനാധിപത്യത്തിന്‍റെ മാര്‍ഗമല്ല അത്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവണതകളെ കടിഞ്ഞാണിടാനുള്ള സംവിധാനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് തന്നെ വളര്‍ന്നു വരേണ്ടതുണ്ട്.