Latest News

മുതിര്‍ന്നവര്‍ക്ക് വീട്ടു തടങ്കൽ?

പ്രായം കുറഞ്ഞവര്‍, മക്കളോ പേര കിടാങ്ങളോ, കൂടെ താമസം ഉണ്ടെങ്കില്‍ അകലം പാലിക്കാനായി അച്ചനമ്മൂമ്മമാരെ വീട്ടിനകത്ത് എത്രത്തോളം ഒതുക്കിയിടും? ഇരുട്ടിന്റെ ആത്മാക്കളായി കണക്കാക്കി മുതിര്‍ന്നവരെ തളച്ചിടണോ എന്നാണു ഒരു സ്നേഹിതന്‍ വിളിച്ചു ചോദിച്ചത്

കഴിഞ്ഞ 100 ദിവസമായി കോവിഡിനെതിരെ സ്തുത്യര്‍ഹമായ പ്രതിരോധം സൃഷ്‌ടിച്ച കേരളം ഒരു അനാവശ്യ അനര്‍ത്ഥത്തിന്റെ വക്കിലാണ്. അടുത്ത ഘട്ടത്തില്‍ ലോക്ക്ഡൗൺ ക്രമീകരിക്കുന്നതിന്റെ ഭാഗമായി 65 വയസ്സിനു മുകളിലുള്ള സകലരെയും വീട്ടില്‍ നിന്ന് പുറത്തിറക്കരുത് എന്നൊരു നിര്‍ദേശം വിദഗ്‌ധ സമിതി മുന്നോട്ടുവച്ചതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതേ തുടര്‍ന്നു ഒറ്റയ്ക്ക് താമസിക്കുന്ന പ്രായം ചെന്നവരും അവരെ ഒറ്റയ്ക്കാക്കി വിദേശത്തും വിദൂരത്തും ജോലി ചെയ്യുന്ന വേണ്ടപ്പെട്ടവരും ആശങ്കയോടെ അന്യോന്യം സംസാരിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്നത്തെ സാഹചര്യത്തില്‍ ഏതു ഒറ്റപ്പെടുത്തലിനും യുക്തി കണ്ടെത്താം. നീക്കം സദുദ്ദേശ പ്രേരിതവും ആകാം. പക്ഷെ ഈ നടപടി കേരളത്തിന്‌ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ആയുര്‍ദൈർഘ്യം ആരോഗ്യ സാമൂഹിക രംഗങ്ങളില്‍ നാം നേടി എടുത്ത ഒരു അഭിമാന സൂചികയാണ്. വാർധക്യത്തിലേക്ക് നീങ്ങുന്ന ഒരുപാടു സജീവ സാന്നിധ്യങ്ങളുടെ നാടാണ് ഇത്. സവിശേഷ സാന്നിധ്യങ്ങളും ഈ പ്രായക്കാരില്‍ കുറവല്ല. ഇവരൊക്കെ കര്‍മ്മനിരതരും ആണ്. ഇ.ശ്രീധരന്‍, എം.ടി.വാസുദേവന്‍‌ നായര്‍, വിദഗ്ധ സമിതിയുടെ അധ്യക്ഷനും കൂടി ആയിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസഭയില്‍ ഉള്ള ധനമന്ത്രി തോമസ്‌ ഐസക്‌ അടക്കമുള്ളവര്‍ അറുപത്തഞ്ചു കഴിഞ്ഞവര്‍ ആണ്. അവരാരും വിശ്രമ ജീവിതം നയിക്കുന്നവര്‍ അല്ല.

നമ്മുടെ പരിചയത്തില്‍ ഉള്ള പലരും, ഒറ്റയ്ക്ക് താമസിക്കുന്നവരും ഒറ്റപ്പെട്ട ദമ്പതിമാരും, ഈ വീട്ട് തടങ്കല്‍ അര്‍ഹിക്കുന്ന പ്രായ പരിധിക്കകത്ത് ആണ്. ഇക്കഴിഞ്ഞ മൂന്നു ആഴ്ചയായി അവര്‍ അധികം ഒന്നും പുറത്തിറങ്ങാതെ ആര്‍ക്കും അലോസരം ഉണ്ടാക്കാതെ ജീവിച്ചു പോന്നിട്ടും ഉണ്ട്. സ്വതവേ നിയമ ലംഘനം നടത്തുന്ന ഒരു പ്രായമല്ലല്ലോ അവരുടേത്. യാന്ത്രിക യുക്തിക്കപ്പുറം യാതൊരു പരിഗണനയും ഇല്ലാതെ ഈ വിലക്ക് നടപ്പാക്കിയാല്‍ നിത്യജീവിത തലത്തില്‍ തന്നെ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ടാവും.

തികച്ചും ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വൃദ്ധന് എടിഎമ്മിൽ ചെന്ന് പൈസ എടുക്കാനാവുമോ? പാസ്‌വേര്‍ഡും  പിന്‍ നമ്പരും മറ്റൊരാളുമായി പങ്കു വയ്ക്കരുതെന്നു ബാങ്ക് അനുശാസിക്കുന്നുമുണ്ട്. പ്രായം കുറഞ്ഞവര്‍, മക്കളോ പേര കിടാങ്ങളോ, കൂടെ താമസം ഉണ്ടെങ്കില്‍ അകലം പാലിക്കാനായി അച്ചനമ്മൂമ്മമാരെ വീട്ടിനകത്ത് എത്രത്തോളം ഒതുക്കിയിടും? ഇരുട്ടിന്റെ ആത്മാക്കളായി കണക്കാക്കി മുതിര്‍ന്നവരെ തളച്ചിടണോ എന്നാണു ഒരു സ്നേഹിതന്‍ വിളിച്ചു ചോദിച്ചത്.

ഇത്തരം ഭൗതിക പ്രശ്നങ്ങള്‍ എങ്ങിനെയെങ്കിലും മറികടന്നാല്‍ തന്നെ ഈ നീക്കത്തില്‍ തികഞ്ഞ അനീതി ഉണ്ട്. ലിംഗ വിവേചനം പോലെ പ്രായ വിവേചനം കേരളം പോലൊരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല.

അതിഥി തൊഴിലാളികള്‍ തൊട്ടു പ്രയാസപ്പെടുന്ന സര്‍വ്വജന വിഭാഗങ്ങളോടും നീതി കാണിച്ചുകൊണ്ടാണ് നാം ഇക്കഴിഞ്ഞ നൂറു ദിവസവും അസാമാന്യമായ ക്ഷമയോടെ ജഗ്രതയോടെ കാര്യങ്ങള്‍ നിര്‍വ്വഹിച്ചു വന്നത്. ഈ നീതിബോധം ഇന്നലെ പൊട്ടി മുളച്ചതല്ല. ഒരുപാടു കാലത്തെ മനുഷ്യപ്പറ്റുള്ള സമരവും ഭരണവും കൊണ്ടു ഉണ്ടായതാണ്.

വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ ഭേദപ്പെട്ട നിലവാരം നമുക്ക് ഉണ്ടായതും ഈ സമഭാവം കൊണ്ടുകൂടിയാണ്. പഴയ വാഹനങ്ങളെ റോഡില്‍ ഇറക്കണ്ട എന്ന് പറയുന്ന ലഘവത്തോടെ പഴയ മനുഷ്യരെ മൂലയില്‍ ഇരുത്തരുത്. വീടു തിരിച്ചു പിടിച്ച പേരക്കിടാങ്ങള്‍ അമ്മൂമ്മമാരുടെ അപ്പൂപ്പന്മാരുടെ കൂടെ പട്ടം പറപ്പിക്കുന്ന കാഴ്ചകള്‍ തുടരട്ടെ.

Read More: ഇ.പി.ഉണ്ണി എഴുതിയ കുറിപ്പുകള്‍ വായിക്കാം

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Coronavirus lockdown kerala covid 19 task force report pinarayi vijayan e p unny

Next Story
മോദിണോമിക്‌സ് അര്‍ത്ഥമാക്കുന്നത് എന്താണ്?: ചെലവിടുന്നതിനേക്കാള്‍ പ്രവര്‍ത്തനസജ്ജമായ ഗവണ്‍മെന്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express