scorecardresearch
Latest News

കൊറോണക്കാലത്തെ ഗാര്‍ഹികപീഡനങ്ങള്‍

കേരളത്തിൽ കുടുംബങ്ങൾക്കുള്ളിലെ ഹിംസ കുറവല്ലെന്നു മാത്രമല്ല, അതേക്കുറിച്ചുള്ള വെളിവാക്കൽ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ, വളരെ കുറവാണെന്ന് പഠനങ്ങളുണ്ട്. കുഞ്ഞുങ്ങൾ കുടുംബങ്ങൾക്കുള്ളിൽ പലപ്പോഴും അനുഭവിക്കുന്ന ശാരീരികപീഡനവും ലൈംഗികാതിക്രമവും വളരെ കാര്യമായ ചർച്ചയായിട്ടുണ്ട് സമീപകാലത്ത്

corona kerala, corona kerala cm, j devika, j devika articles, coronavirus india cases, coronavirus testing, covid-19 testing push, covid-19 india death toll, india lockdown, coronavirsu testing centre india, coronavirus tests, കൊറോണ, കൊവിഡ്‌-19, ജെ ദേവിക, പിണറായി വിജയന്‍

കേരള മുഖ്യമന്ത്രി കൊറോണാക്കാല ലോക്ക്ഡൌണിൽ കഴിയുന്ന പുരുഷന്മാർ സ്ത്രീകളെ ഗൃഹജോലികളിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത് ചർച്ചയായിരിക്കുന്നു. അദ്ദേഹത്തെ വിമർശിച്ചു കൊണ്ട് വീടുകളിലെ തുല്യത ആണുങ്ങൾ ഗൃഹജോലി അല്പം പങ്കുവയ്ക്കുന്നതു കൊണ്ട് ഉണ്ടാകാൻ പോകുന്നില്ലെന്ന് പലരും പ്രതികരിച്ചു കണ്ടു. കേവലം പ്രായോഗികമായ, അതീവതാത്കാലികമായ നിർദ്ദേശം മാത്രമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നു തോന്നുന്നു.

അതായത്, സ്ത്രീകൾ അധികവും വീട്ടുജോലികളിൽ വ്യാപൃതരായിരിക്കുന്ന നാട്ടിൽ പുരുഷന്മാരും കുട്ടികളും അധികസമയം വീട്ടിൽ ചെലവഴിക്കുന്നതു കൊണ്ടുണ്ടാകുന്ന അമിതഭാരം മുഴുവൻ അവർ ഒറ്റയ്ക്കു ചുമക്കാനിട വരരുതെന്ന സന്ദേശമായി മുഖ്യമന്ത്രിയുടെ പ്രസ്താവത്തെ വായിക്കാവുന്നതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് സത്യവുമാണ്. ഇവിടെ വിലയേറിയ പ്രഫഷണൽ ബിരുദങ്ങൾ കൈവശമുള്ള സ്ത്രീകൾ പോലും പുറംജോലി ഉപേക്ഷിച്ച് ഗാർഹികവൃത്തിയിൽ ഏർപ്പെടുന്നു. സ്റ്റേറ്റസ് ക്വോയ്ക്കപ്പുറം (Status Quo) തത്ക്കാലം ഒരു ചർച്ച വേണ്ട എന്ന തീരുമാനം ഇക്കാര്യത്തിൽ മാത്രമല്ല, രാജ്യത്തിനു തീ കൊളുത്തിയ മറ്റനേകം പ്രശ്നങ്ങളുടെ കാര്യത്തിലും നാം പൊതുവേ സ്വീകരിച്ചിരിക്കുകയാണല്ലോ.

അതു കൊണ്ട് എനിക്ക് മുഖ്യമന്ത്രിയുടെ വാക്കുകളെപ്പറ്റി അതിശയമൊന്നും തോന്നിയില്ല (ഇതേപ്പറ്റി എന്നോട് അഭിപ്രായം ചോദിച്ച ഒരു പത്രലേഖകന് അതത്ര മനസ്സിലായില്ല എന്നും തോന്നുന്നു). ഏതൊരു ഭരണാധികാരിയും ജനങ്ങളെപ്പറ്റി താൻ വച്ചുപുലർത്തുന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് അവരോട് സംസാരിക്കുന്നത്.

കേരളത്തിലെ സ്ത്രീകൾ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന കുഞ്ഞാടുകളാണെന്നും വിളിച്ചാൽ മാത്രം പുറത്തിറങ്ങി അനുസരണയോടെ പ്രവർത്തിക്കുന്നവരുമാണെന്ന് അദ്ദേഹത്തിനു തോന്നാൻ മതിയായ കാരണങ്ങളുമുണ്ട്. വനിതാമതിൽ പണിയാൻ വിളിച്ചപ്പോൾ ഒരു വാക്കു പോലും മറിച്ചുരിയാടാതെ അനുസരണയുള്ള ശരീരങ്ങളായി അണിനിരന്ന (പ്രമുഖ ഫെമിനിസ്റ്റുകളടക്കമുള്ള) സ്ത്രീകളുടെ നാട്ടിൽ മുഖ്യമന്ത്രി കൊറോണാകാലത്തെ ലിംഗാധികാരവിഷയങ്ങളെ വീട്ടുജോലിയിൽ സഹായിക്കലിൻറെ പ്രശ്നത്തിൽ ഒതുക്കിയതിൽ അത്ഭുതവുമില്ല (അയ്യപ്പജ്യോതിക്കാരികളുടെ കാര്യം പറയുകയും വേണ്ട).

corona kerala, corona kerala cm, j devika, j devika articles, coronavirus india cases, coronavirus testing, covid-19 testing push, covid-19 india death toll, india lockdown, coronavirsu testing centre india, coronavirus tests, കൊറോണ, കൊവിഡ്‌-19, ജെ ദേവിക, പിണറായി വിജയന്‍

സാമൂഹ്യ ഇടങ്ങളുടെ ലിംഗവത്ക്കരണത്തിൻറെ പരിചിത മാതൃക കേരളത്തിലും ലോകം മുഴുവനും കൊറോണാ വൈറസ്ബാധ മൂലം അട്ടിമറിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പതിവില്ലാത്തതു പോലെ സ്ത്രീകളുടെ അദ്ധ്വാനഭാരത്തെയും നൽവാഴ്വിനെയും പറ്റിയുള്ള ചിന്ത മുഖ്യമന്ത്രി പങ്കു വയ്ക്കുന്നത്.

വീടും തൊഴിലിടവും തമ്മിലുള്ള വലിയ വിടവ് ആധുനികതയുടെ സംഭാവനയാണ്. ഉത്പാദനം തൊഴിലിടത്തിലും ഉപഭോഗം വീട്ടിലും നടക്കുന്നതാണ് മാന്യത എന്ന ധാരണയിലേക്ക് കഴിഞ്ഞ ഒന്നു രണ്ടു തലമുറകൾ കൊണ്ട് നാമെല്ലാം ഒഴുകിയെത്തിക്കഴിഞ്ഞിരിക്കുന്നു. ഉത്പാദനത്തിലേർപ്പെട്ട് വരുമാനം നേടുന്നതു പുരുഷന്മാരും വീട്ടിലിരുന്ന് കുടുംബാംഗങ്ങളുടെ ഉപഭോഗത്തിനു വേണ്ട സാഹചര്യം സൃഷ്ടിക്കുന്നത് സ്ത്രീകളും എന്ന ലിംഗപരമായ വേർതിരിവും മാന്യതയുടെ ലക്ഷണമാണെന്നു വന്നു കഴിഞ്ഞു.

അങ്ങനെയിരിക്കെയാണ് പുരുഷന്മാരുടെ അദ്ധ്വാനം ഒന്നുകിൽ മുടങ്ങുകയോ അല്ലെങ്കിൽ വീട്ടിലേക്ക് സ്ഥലംമാറ്റപ്പെടുകയോ ചെയ്തത്. തൊഴിലിടത്തിൽ പുരുഷന്മാർ പണം കൊടുത്തു വാങ്ങിയ പരിചരണസേവനങ്ങൾ വീട്ടിലാകുംപോൾ വിലകൊടുക്കാതെ തന്നെ കിട്ടും. ആ സൗകര്യം മുതലെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നു തോന്നുന്നു. ഒഡിഷാ മുഖ്യമന്ത്രിയും ഇതു പോലൊരു പ്രസ്താവന ചെയ്തിട്ടുണ്ട്, അവിടെയും സ്ഥിതി മറിച്ചല്ല.

പക്ഷേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ ചിലർ മാത്രമല്ല, ലോകരാജ്യങ്ങൾ പലതും ഈ വിഷയത്തെ കൊറോണാകാല പൊതുചർച്ചകളുടെ ഭാഗമാക്കിയത് എന്തു കൊണ്ട് എന്ന് കുറച്ചുകൂടി ആഴത്തിൽ ആലോചിക്കേണ്ടതുണ്ട്. കേരളത്തിലെ കുടുംബജീവിതം മേൽപ്പറഞ്ഞ ലിംഗവത്കൃതമാതൃകയ്ക്കുള്ളിൽ തടസ്സമില്ലാതെ ഒഴുകിനീങ്ങുന്നുവെന്ന ധാരണ നമുക്കു ലഭ്യമായ, മറിച്ചൊരു ചിത്രം കാട്ടിത്തരുന്ന, സ്ഥിതിവിവരക്കണക്കുകളുടെ സാന്നിദ്ധ്യത്തിലും നിലനിൽക്കുന്നെങ്കിൽ അതിന് കാരണമെന്തായിരിക്കാം?

കേരളത്തിൽ കുടുംബങ്ങൾക്കുള്ളിലെ ഹിംസ കുറവല്ലെന്നു മാത്രമല്ല, അതേക്കുറിച്ചുള്ള വെളിവാക്കൽ, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളിൽ, വളരെ കുറവാണെന്ന് പഠനങ്ങളുണ്ട്. കുഞ്ഞുങ്ങൾ ഇവിടെ കുടുംബങ്ങൾക്കുള്ളിൽ പലപ്പോഴും അനുഭവിക്കുന്ന ശാരീരികപീഡനവും ലൈംഗികാതിക്രമവും വളരെ കാര്യമായ ചർച്ചയായിട്ടുണ്ട് സമീപകാലത്ത്.

എങ്കിലും കുടുംബങ്ങളും തൊഴിലിടങ്ങളും തമ്മിലുള്ള ഇടവിഭജനത്തിൻറെ ചില താത്ക്കാലിക അസൗകര്യങ്ങളിൽ മാത്രം ഊന്നുന്ന വിധം പുരുഷ-അബോധത്തിൻറെ സാധാരണപ്രവർത്തനം തടസ്സം കൂടാതെ നടക്കുന്നത് എന്തു കൊണ്ട്? കേരളത്തിൽ അസാധാരണമല്ലാത്ത ഗാർഹികപീഡനം എന്ന പ്രതിഭാസത്തെ നമ്മുടെ നേതാക്കൾ പരാമർശിക്കാതെ പോകുന്നതെന്തു കൊണ്ട്?

ഫ്രാൻസിലും മറ്റു പല രാജ്യങ്ങളിലും പുരുഷന്മാർ മുഴുവൻ സമയവും വീട്ടിലുണ്ടാകുന്നത് ഗാർഹികപീഡനപ്രശ്നത്തെ രൂക്ഷമാക്കാമെന്നുള്ള തുറന്ന അംഗീകാരം സർക്കാർപക്ഷത്തു നിന്നുണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഗാർഹികപീഡനം നേരിടുന്ന സ്ത്രീകൾ അതേപ്പറ്റി രഹസ്യമായി പരാതിപ്പെടാനുള്ള സംവിധാനം അവിടങ്ങളിൽ സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്നു. മരുന്നു കടകളിലൂടെ അധികാരികളെ വിവരം അറിയിക്കുന്നപക്ഷം ഈ സ്ത്രീകൾക്ക് മറ്റു താമസസൗകര്യം – ഹോട്ടലുകളിൽ സൗജന്യതാമസം – ഒരുക്കാൻ അധികാരികൾ അവിടെ തയ്യാറാണ്.

സ്പെയ്നിലും സർക്കാർ ഇതിനു സമാനമായ നടപടികൾ സ്വീകരിച്ചിരിക്കുന്നു. വിശദമായി സംസാരിക്കാനുള്ള സാഹചര്യമില്ലാത്ത പക്ഷം ഗാർഹികപീഡനത്തിൻറെ ഇര ഏതെങ്കിലും മരുന്നുകടയിൽപ്പോയി ‘മാസ്ക്ക് -19’ എന്ന കോഡ് വാക്ക് ഉപയോഗിച്ചാൽ മതി, കടയുടമകൾ വിവരം സർക്കാരിനെ അറിയിക്കുകയും അധികാരികൾ ഇടപെടുകയും ചെയ്യുമെന്നാണ് അവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗാർഹികപീഡനത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഒരു മില്യൺ യൂറോ അധികധനസഹായമാണ് ഫ്രഞ്ച് പ്രസിഡൻറ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു കൂടാതെ അവശ്യസാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്ന സ്ത്രീകളിൽ ശാരീരിക അവശതയുള്ളവർ, ഒറ്റപ്പെട്ടവർ, ശിശുക്കളെ പരിപാലിക്കുന്നവരായ അമ്മമാർ മുതലായവർക്ക് പ്രത്യേക സൗകര്യങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ വില്പനശാലകളിൽ ഒരുക്കാൻ ഫ്രഞ്ചുസർക്കാർ തയ്യാറായിരിക്കുന്നു.

corona kerala, corona kerala cm, j devika, j devika articles, coronavirus india cases, coronavirus testing, covid-19 testing push, covid-19 india death toll, india lockdown, coronavirsu testing centre india, coronavirus tests, കൊറോണ, കൊവിഡ്‌-19, ജെ ദേവിക, പിണറായി വിജയന്‍

കൊറോണാപ്രതിസന്ധിയെ ഭംഗിയായി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിൽ ഇത്തരം ആശയങ്ങൾ സർക്കാർതലത്തിലും അതിനു പുറത്തും കൂടുതൽ ഉയരേണ്ടതാണ്. പക്ഷേ കേരളത്തിലെ സർക്കാർതല ഫെമിനിസം സ്ത്രീകളെ പൊതുസേവനത്തിലൂടെ വീട്ടിനു പുറത്തിറക്കാനാണ് ശ്രമിക്കുന്നത് – ഗാർഹികപീഡനത്തെ പറ്റിയുള്ള ബോധവത്ക്കരണം മുതലായ ഉപരിപ്ളവ ഇടപെടലുകൾക്കപ്പുറം അതു പോകുന്നില്ല.

സർക്കാരിനു പുറത്ത്, സിവിൽ സമൂഹ ഇടത്തിൽ, കൊറോണാക്കാലപ്രതിസന്ധി കേരളത്തിലെ ലിംഗബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെപ്പറ്റി സ്വതന്ത്രവും സമഗ്രവുമായ വിലയിരുത്തലുകൾ നടത്താനും അവയെ പൊതുമണ്ഡലത്തിൽ ചർചചെയ്യാനും അവയുടെ അടിസ്ഥാനത്തിൽ സർക്കാരിനോട് എന്തെല്ലാം ആവശ്യപ്പെടണമെന്ന് തീരുമാനിക്കാനും അവയ്ക്കു വേണ്ടി സർക്കാരിനുള്ളിലും പുറത്തും കാര്യമായ സമ്മർദ്ദം ചെലുത്താനും മുൻകൈ എടുക്കുന്ന തരം ഫെമിനിസ്റ്റ് സാന്നിദ്ധ്യം കേരളത്തിൽ ഇന്നില്ല. മാത്രമല്ല, ഇന്ന് സർക്കാരിൻറെ ഏതു പ്രവർത്തനത്തിലും ഭാരിച്ച അദ്ധ്വാനം കുറഞ്ഞ വേതനത്തിനോ സൗജന്യമായോ ചെയ്തു കൊടുക്കാൻ സന്നദ്ധരായി സ്ത്രീകൾ തദ്ദേശതലത്തിലുണ്ടുതാനും.

സ്ഥിതി ഇങ്ങനെയായിരിക്കുന്നിടത്തോളം മുഖ്യമന്ത്രിയുടെ ഇടുങ്ങിയ മനസ്സിനെ മാത്രം കുറ്റംപറഞ്ഞിട്ടു കാര്യമല്ല. എന്നാൽ നമ്മുടെ ഭാവി തികച്ചും അനിശ്ചിതമായി മാറിയിരിക്കുന്ന വേളയിൽ, കൊറോണയെ ജയിച്ചാലും മറ്റു പല വൈറസുകളുടെയും ഭീഷണി ഇനിയും നിലനിൽക്കുന്നു എന്ന സത്യത്തിൻറെ വെളിച്ചത്തിൽ, ഹ്രസ്വദൃഷ്ടിയും ഹ്രസ്വകാല പ്രഖ്യാപനങ്ങളും ഇക്കാര്യത്തിൽ പോര.

ഇനിയും ഇടയ്ക്കിടെ, പല തവണ, പുരുഷന്മാർ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സാഹചര്യമുണ്ടായാൽ തീർച്ചയായും ഗാർഹിക അതിക്രമത്തിൻറെ പ്രശ്നം ഉയർന്നു വരുമെന്ന് തീർച്ചയാണ്. പക്ഷേ പൊതുവെ മനസ്സിൻറെ ഇടുക്കങ്ങളെ ഇല്ലാതാക്കാൻ പ്രാപ്തമായ പൊതുസാന്നിദ്ധ്യമായി ഫെമിനിസം സ്വയം പൊതുമണ്ഡലത്തിൽ പ്രത്യക്ഷമാകാതിരിക്കുവോളം അധികാരികളുടെ ആൺ-അബോധം വീണ്ടും വീണ്ടും പിതൃമേധാവിത്വ മറവിയ്ക്ക് ഇടവരുത്തിക്കൊണ്ടേയിരിക്കും എന്നതും ഖേദകരമായ സത്യം മാത്രമാണ്.

വാല്‍ക്കഷണം: ഗാര്‍ഹികപീഡനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഇത് എഴുതിയതിനു ശേഷം അറിഞ്ഞു.  അഭിനന്ദനങ്ങള്‍.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Corona period domestic violence