scorecardresearch
Latest News

ഭരണഘടനയിൽ വിശ്വസിച്ച സ്ത്രീയോട് കേരളം ചെയ്യുന്ന ക്രൂരതകൾ

സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ച വിധിയുടെ അടിസ്ഥാനത്തിൽ ശബരി മല ദർശനം നടത്തിയ ബിന്ദു അമ്മിണി എന്ന ദലിത് യുവതിയെ മൂന്ന് വർഷമായി കേരളത്തിലെ “കുഞ്ഞിരാമക്കൂട്ടം” നിരന്തരം ആക്രമിക്കുകയാണ്. ഈ അക്രമത്തെ കൈയ്യും കെട്ടി നോക്കിനിൽക്കുന്നവരിൽ ഭരിക്കുന്നവരും പൊലീസും മാത്രമല്ല, കേരളത്തിലെ എല്ലാ ഭരണവർഗ പാർട്ടികളുമുണ്ട്

Bindhu Ammini, ബിന്ദു അമ്മിണി, attack against Bindu Ammini, Police inaction in attacks on Bindu Ammini, attack against Bindu Ammini Kozhikode, attack against Bindu Ammini Kozhikode police case, attack against Bindu Ammini Vellayil police, Murder Attempt against Bindu Ammini, കൊലപാതക ശ്രമം, Crime, Kerala Police, Bindu Ammini first women Sabarimala temple, Kerala news, Malayalam news, News in Malayalam, Kozhikode News, Latest News, Indain Express Malayalam, IE Malayalam, rajaram, ഐഇ മലയാളം
ചിത്രീകരണം : വിഷ്ണു റാം

ഒരു സ്ത്രീ വിവിധ സ്ഥലങ്ങളിൽ നിരന്തരം ആക്രമിക്കപ്പെടുകയെന്നത് കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്തതും ഏറ്റവും ഹീനവും നിഷ്ഠൂരവുമായ ഒന്നാണ്. അങ്ങനെ ആക്രമിക്കപ്പെടുന്ന സ്ത്രീയാണെങ്കിലോ എതെങ്കിലും വാഴക്കുല മോഷണക്കേസിൽ പോലും ആരോപണവിധേയപോലുമല്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചതു പ്രകാരം ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചുവെന്നതാണ് അവർ ചെയ്ത കാര്യം.

ഒന്നാം പിണറായി വിജയൻ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച സുപ്രീം കോടതി വിധിയുടെ കൂടെ പശ്ചാത്തലത്തിലാണ് ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമലയിൽ ദർശനത്തിനായി പോയത്. പൊലീസ് സംരക്ഷണത്തിൽ അവർ ദർശനം നടത്തി മടങ്ങുകയും ചെയ്തു. അന്നു മുതൽ ബിന്ദു അമ്മിണിക്കു നേരെ നടക്കുന്ന വേട്ടയാടൽ വർഷങ്ങൾ കഴിഞ്ഞും തുടരുകയാണ്.

രാജ്യത്തിന്റെ ആധാരമായ ഭരണഘടനയെ അനുകൂലിച്ചതിന്റെ പേരിലാണ് ഈ ദലിത് സ്ത്രീ മൂന്നു വർഷമായി തുടർച്ചയായ അക്രമത്തിനിരയാകുന്നതെന്നത് കൂടി മനസ്സിലാക്കുമ്പോഴാണ് ഇവിടുത്തെ ഭരണസംവിധാനം എത്രത്തോളം തകർന്നടിഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാകുക. കൊച്ചിയിലും കോഴിക്കോട്ടുമൊക്കെ ഒരു സ്ത്രീയെ നിരന്തരം ആക്രമിക്കുന്നു. അക്രമത്തിനെതിരായ പരാതിയിലുള്ള പൊലീസ് നടപടികൾ അക്രമികൾക്കു ശക്തിപകരുന്നതായി മാറുന്നു.

കായികമായും സാമൂഹിക മാധ്യമങ്ങളിലൂടെയും ബിന്ദു അമ്മിണിക്കെതിരായ അതിക്രമങ്ങൾ അരങ്ങേറാൻ തുടങ്ങിയിട്ട് കാലമേറെയായി. ചെറുപ്പക്കാർ മാത്രമല്ല, പ്രായമായവർ വരെ ബിന്ദു അമ്മിണിക്കെതിരായ അക്രമത്തിന് ഇറങ്ങിപ്പുറപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബിന്ദു അമ്മിണിയെ ആക്രമിക്കുന്നവർ ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയെക്കൂടിയാണ് കടന്നാക്രമിക്കുന്നത്.

bindhu ammini, rajaram, iemalayalam

2019 നവംബർ 26 നു കൊച്ചി പൊലീസ് കമ്മിഷണർ ഓഫീസ് വളപ്പിലാണ് ബിന്ദു അമ്മിണിക്കെതിരെ ഹിന്ദുത്വ നേതാവായ ശ്രീനാഥ് മുളക് സ്പ്രേ അടിച്ചത്. ഈ കേസിൽ എറണാകുളത്തെ ബിജെപി നേതാവ് സി ജി രാജഗോപാൽ, ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് എന്നിവർക്കെതിരെയും പരാതി ഉണ്ടായിരുന്നു.

കർഷകസമരത്തിൽ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് അശ്ലീലപരാമർശം നടത്തിയത് ബി ജെ പി വക്തവായ സന്ദീപ് വാര്യരുടെ പിതാവായ ഗോവിന്ദവാര്യരുടെ അക്കൗണ്ടിൽ നിന്നായിരുന്നുവെന്ന് ശക്തമായ വിമർശനമുയർന്നു. തുടർന്ന് പോസ്റ്റ് പിൻവലിച്ച് പ്രൊഫൈൽ ലോക്ക് ചെയ്തു.

കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ മൂന്ന് തവണയാണ് ബിന്ദു അമ്മിണിക്ക് നേരെ അക്രമം ഉണ്ടാകുന്നത്. കേരളത്തിലെ 2021 സെപ്തംബർ 20ന് വന്ന വാർത്തയിൽ സെയ്ൻസ് എന്ന ബസ്സിലെ രാഖി കെട്ടിയ ഡ്രൈവർ വാഹനം സ്റ്റോപ്പിൽ നിർത്താതെയും തെറി വിളിച്ചും അധിക്ഷേപിച്ചതായി ബിന്ദു അമ്മിണി പറയുന്നുണ്ട് . അവരുടെ പരാതിയിൽ ഈ സംഭവത്തിൽ ഐ പി സി 509 പ്രകാരം കേസ് എടുത്തു.

ഡിസംബറിൽ രാത്രി ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താൻ നോക്കി. കഴിഞ്ഞ ദിവസം വീണ്ടും കോഴിക്കോട് ആളുകൾക്ക് മുന്നിൽ വച്ച് ബിന്ദു അമ്മിണിയെ മോഹൻദാസ് എന്നൊരാൾ ആക്രമിച്ചു.

ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പിഞ്ചുകുഞ്ഞിനെ പോലും മാനസികമായി ആക്രമിക്കുന്ന പിങ്ക് പൊലീസും ആരെയും ചവിട്ടിയും ഇടിച്ചും കൊല്ലുന്ന, ആരെയും മാവോയിസ്റ്റാക്കുന്ന കേരളത്തിലെ പുരുഷ പൊലീസും ബിന്ദു അമ്മിണി തുടർച്ചയായി അക്രമത്തിനിരയായിട്ടും അക്രമികൾക്കെതിരെ ചെറുവിരൽ അനക്കിയതായി കാണുന്നില്ല. ഒരിടത്തെങ്കിലും കർശനമായ നടപടി ഉണ്ടായിരുന്നുവെങ്കിൽ തുടർ അക്രമങ്ങൾ ഉണ്ടാകുമായിരുന്നില്ല. തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാൻ ട്രോളിറക്കി സ്വയം അഭിരമിക്കുന്നതിൽനിന്ന് ഒരിഞ്ച് മുന്നോട്ടുനീങ്ങാൻ സാധിക്കാത്ത പൊലീസ് സംവിധാനത്തിൽനിന്നു ബിന്ദു അമ്മിണിക്കു നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.

ബിന്ദു അമ്മിണിക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും കഴിയുമെന്നു തോന്നുന്നില്ല. ഏതോ ഒരു കേന്ദ്രത്തിൽ, ഉന്നതമായ കേന്ദ്രത്തിൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് ബിന്ദു അമ്മിണിക്കെതിരെ ആവർത്തിക്കുന്ന ഗുണ്ടാ അക്രമങ്ങൾ എന്നാരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നതാണ് ഈ ആക്രമങ്ങൾ വിരൽ ചൂണ്ടുന്നത്. കൊച്ചിയിലും കോഴിക്കോടുമൊക്കെ ഒരു സ്ത്രീയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവം കേട്ടുകേൾവിയില്ലാത്ത ഒന്നാണ്. ഇത്രയും ശക്തമായ പൊലീസ് സംവിധാനമുണ്ടെങ്കിൽ അത് അക്രമികൾക്കു കുടപിടിക്കാൻ വേണ്ടിയുള്ളതു മാത്രമാണെന്ന് വ്യക്തമാകുന്നതാണ് ബിന്ദു അമ്മിണിയുടെ അനുഭവം. പലയിടത്ത് വച്ച് പല സമയങ്ങളിൽ ഒരു സ്ത്രീ ഒരു കാര്യവുമില്ലാതെ ആക്രമിക്കപ്പെടുന്നു. റോഡിലാകാട്ടെ, ഫേസ് ബുക്കിലാകട്ടെ ഈ അക്രമികൾക്കെതിരെ നടപടിയെടുക്കാത്ത നിസംഗരൂപികളായി പൊലീസും വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഉൾപ്പടെ സകല ഭരണകൂട സംവിധാനങ്ങളും നിലകൊള്ളുന്നു.

സ്ത്രീകൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നോട്ടുപോയെന്ന് അവകാശപ്പെടുന്ന പ്രദേശത്ത്, എന്ത് വിഷയത്തിലും തമ്മിൽ കൊമ്പ് കോർക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും അതിനൊപ്പം കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബി ജെ പിയും ബിന്ദു അമ്മിണിക്കെതിരായ അക്രമത്തിൽ മൗനം പാലിച്ചുകൊണ്ടു അക്രമികൾക്കു പിന്തുണ നൽകുന്നതിൽ ഒറ്റക്കെട്ടാണ്. ഒരൊറ്റ നൂലിൽ കോർത്ത വ്യത്യസ്ത നിറമുള്ള ആണധികാര പൗരോഹിത്യമാണ് ഈ പാർട്ടികളുടെ എല്ലാം അച്ചുതണ്ടെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ഇവരുടെ അക്രമകരമായ മൗനം.

ബിന്ദു അമ്മിണിക്കെതിരായ തുടർച്ചയായ അക്രമികളെ ഓർമവരുന്നത് തെരുവോരത്ത് ഇരുന്ന് ‘അടിക്കളിയടാ കുഞ്ഞിരാമ, ചാടിക്കളിയട കുഞ്ഞിരാമ’ എന്ന് പറയുമ്പോൾ അദൃശ്യമായ ഭയത്തിൽ അതൊക്കെ ചെയ്യുന്ന ആ കാഴ്ചയാണ്. ഏതോ കേന്ദ്രത്തിലിരുന്ന് നടത്തിയ ഗൂഢാലോചനയുടെ ചരടിന്റെ അറ്റത്തുനിന്നു കൊണ്ട് ബിന്ദു അമ്മിണിക്കെതിരെ നേരിട്ടും സമൂഹമാധ്യമങ്ങളിലും അക്രമം അഴിച്ചുവിടുന്നവർ അവരുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന അദൃശ്യമായ വെറുപ്പിന്റെ ചങ്ങലയുടെ അടിമകളായിരിക്കും. ഏതോ ഒരിടത്തിരുന്നു അവർ ചങ്ങലയുടെ അറ്റത്തുള്ളവരെ കൊണ്ട് ചുടുചോറ് വാരിക്കുന്നു. ‘ആടിക്കളിയടാ കുഞ്ഞിരാമ, ചാടിക്കളിയടാ കുഞ്ഞിരാമ,’ എന്നുള്ള വിളികൾ പോലെ ആക്രമിക്കാനുള്ള അശരീരി അവരിലേക്ക് എത്തുന്നു. ഇരുകാലിൽ നിന്നുകൊണ്ട് അഭിനവ കുഞ്ഞിരാന്മാർ ആക്രമിക്കുന്നു.

ശബരിമലയിൽ യുവതികൾക്കു പ്രവേശനം നൽകാനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നപ്പോൾ ആദ്യം എല്ലാവരും അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ, എൻ എസ് എസ്സിനുള്ള എതിർപ്പുകൊണ്ടോ അതോ മുഖ്യമന്ത്രി പദത്തിലേക്കുള്ള താക്കോലെന്ന് കണ്ടോ ആദ്യം ചാടിവീണത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. കോൺഗ്രസ് കലക്കിയ വെള്ളത്തിൽ മീൻ പിടിക്കാൻ ആർ എസ് എസും ബി ജെ പിയും ഉൾപ്പടെ ഹിന്ദുത്വ സംഘടനകളും രംഗത്തിറങ്ങി. മറുവശത്ത് വിധി വന്നപ്പോൾ നവോത്ഥാന നായകനാകാൻ കിട്ടിയ ചാൻസ് കളയേണ്ടെന്ന് കരുതി മുഖ്യമന്ത്രിയും ചാടിയിറങ്ങി.

കേരളം ഇന്നു വരെ കാണാത്ത കാഴ്ചകൾക്കു വേദിയൊരുങ്ങി. ഭരണഘടനയുടെ തുല്യനീതി എന്ന സങ്കൽപ്പത്തെ നെഹ്രുവിന്റെ പിന്മുറക്കാർ തെരുവിൽ തള്ളിപ്പറയുന്നത് കണ്ടു. ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ആർ എസ് എസ്, ബി ജെപി നേതാക്കളുടെ മുന്നിൽ തന്നെ കെ സുരേന്ദ്രനും വത്സൻ തില്ലങ്കേരിയുമൊക്കെ അതിനെതിരെ നിന്നു. ആർ ഹരി, ഒ രാജഗോപാൽ എന്നിവർ ശബരിമലയിൽ സ്ത്രീപ്രവേശത്തിന് അനുകൂലമായി മുൻകാലങ്ങളിലെടുത്തിരുന്ന നിലപാട് പുതിയ തലമുറ തള്ളിപ്പറഞ്ഞ് നടത്തിയ പ്രവർത്തനങ്ങൾ പലതും ക്യാമറകൾ ജനങ്ങളിലെത്തിക്കുകയും ചെയ്തു.

സുപ്രീം കോടതി വിധിക്കെതിരെ അക്രമം നടത്തിയവർ ശബരിമലയിൽ ഉൾപ്പടെ സ്ത്രീകളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. ഹിന്ദുത്വ സംഘടനകൾ ഒരുക്കിയ എല്ലാ കായികമായ ചെറുത്തുനിൽപ്പുകളെയും ഭേദിച്ചാണ് ബിന്ദു അമ്മിണിയും കനകദുർഗയും ശബരിമല ദർശനം നടത്തിയത്. വിശ്വാസിയും അയ്യപ്പഭക്തയുമായ ബ്രാഹ്മണസ്ത്രീയായ കനകദുർഗയും നിയമബിരുദദാരിയും ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ദലിത് യുവതിയായ ബിന്ദു അമ്മിണിയും ഒന്നിച്ച് 2019 ജനുവരി രണ്ടിന് ശബരി ദർശനം നടത്തിയപ്പോൾ ബി ജെ പി ഉൾപ്പെടയുള്ള ഹിന്ദുത്വ പാർട്ടികളും ഉയർത്തിയ പ്രതിഷേധക്കോട്ടകൾ പൊളിഞ്ഞുവീണു.

ശരിക്കും ഇന്ത്യൻ ഭരണഘടനയുള്ള അന്തഃസത്ത നിലനിർത്താനുള്ള പോരാട്ടത്തിൽ വിജയം നേടിയ സ്ത്രീയെ ആക്രമിക്കുന്നതിനാണ് ഹിന്ദുത്വ സംഘടനകൾ ശ്രമിച്ചത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ആക്രമണത്തിനു മുന്നിൽ മൗനം കൊണ്ട് കയ്യടിക്കുകയാണ് ഭരണഘടനയുടെ സംരക്ഷരായി മാറേണ്ട സർക്കാരും പ്രതിപക്ഷവും. എവിടെ അക്രമികളുണ്ടോ അവർക്കൊപ്പം കേരളാ പൊലീസുണ്ടെന്നതാണ് ഇവിടുത്തെ കാഴ്ച.

പൊലീസിൽനിന്നുള്ള നീതിരഹിതമായ പെരുമാറ്റങ്ങളുണ്ടാകുമ്പോൾ, പൊലീസിൽ ആർ എസ് എസുകാരുണ്ട്, എസ് ഡി പി ഐ ക്കാരുണ്ട് അവരാണ് ഇത് ചെയ്യുന്നത് എന്ന് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും അനുകൂലികൾ പാടിപ്പതിഞ്ഞ പാട്ട് പാടും. എന്നാൽ, എക്കാലത്തും എല്ലാ പാർട്ടിക്കാരും പൊലീസിൽ മാത്രമല്ല എല്ലാ വകുപ്പുകളിലുമുണ്ടാകും. അവരെ പാർട്ടിക്കാര്യം നടത്താനല്ല ശമ്പളം കൊടുക്കുന്നതെന്ന് ബോധ്യപ്പെടുത്തേണ്ടത് സർക്കാരാണ്. ആറ്റിങ്ങലിൽ പിങ്ക് പൊലീസ് നടത്തിയ ക്രൂരവിളയാട്ടത്തിന് ഇരയായ അച്ഛനും മകൾക്കും മുന്നിൽ ആത്മാർത്ഥമായി ഖേദപ്രകടനം പോലും നടത്താൻ തയാറാകാത്ത പൊലീസും ആഭ്യന്തരവകുപ്പും കാക്കിയിട്ട അധികാര അക്രമത്തിന്റെ അടയാളവാക്യമാണ്. അതാണ് കഴിഞ്ഞദിവസം മാവേലി എക്സ്പ്രസിൽനിന്നുള്ള കാഴ്ചയും. അതുതന്നെയാണ് ബിന്ദു അമ്മിണിക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പിന്നിലുള്ളവർക്കു താങ്ങും തണലുമായി മാറുന്ന പൊലീസ് ചെയ്യുന്നതും. ആ പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നവർ ചെയ്യുന്നതും അക്രമികൾക്കു താങ്ങും തണലുമാകുന്ന പ്രവൃത്തികളാണ്.

ശിക്ഷിക്കാനുള്ള അധികാരം കേരളത്തിലോ ഇന്ത്യയിലോ പൊലീസിനു നൽകിയതായി അറിയില്ല. ഏതെങ്കിലും കേസിൽ ഒരാൾ പ്രതിയാണെങ്കിൽ അയാളെ കൊല്ലാൻ പോയിട്ട് തല്ലാൻ പോലും പൊലീസിനു ഭരണഘടനയിലെ ഏതെങ്കിലും വകുപ്പ് അധികാരം നൽകിയിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷേ ഒരാൾ കുറ്റവാളിയാണെന്ന് അയാൾ തന്നെ സമ്മതിച്ചാൽ പോലും കോടതിയുടെ വിചാരണയിലൂടെ കടന്നുപോയി മാത്രമേ അയാൾക്കു ശിക്ഷ വിധിക്കാൻ സാധിക്കുകയുള്ളൂവെന്നതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ജനാധിപത്യവും ശക്തിയും നീതിയും. എന്നാൽ, കോടതിയിൽ കേസ് എത്തുന്നതിനു മുമ്പ് തന്നെ പൊലീസ് ശിക്ഷിക്കുന്ന നടപടികൾ ജനാധിപത്യത്തിലേത് അല്ല. അതുപോലെ തന്നെ അക്രമികൾക്കു കൂട്ടുനിൽക്കുന്ന നടപടിയും.

ബിന്ദു അമ്മിണി മാത്രമല്ല, കേരളാ പൊലീസിന്റെ നിസ്സംഗതയുടെ ഇരയായത്. അടുത്തിടെ നടന്ന ഗാർഹിക പീഡന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പിന്നിലെല്ലാം പൊലീസ് സ്വീകരിച്ച നിസംഗത പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. അതുപോലെ അശ്ലീല യൂട്യൂബർക്കെതിരെ പരാതി നൽകിയിട്ടും ചെറുവിരൽ അനക്കാൻ പൊലീസ് തയാറായില്ല. സഹികെട്ട് സ്ത്രീകൾ അയാളെ തല്ലിയപ്പോഴാണ് പൊലീസിന് ജീവൻ വച്ചത്. ഉടനെ തന്നെ അധിക്ഷേപിക്കപ്പെട്ട സ്ത്രീകൾക്കെതിരെ കേസ് എടുത്ത് പൊലീസ് (അ)ന്യായം നടത്തി. അങ്ങനെ അക്രമികളുടെയും സദാചാരഗുണ്ടകളുടെയും ഒളിത്താവളങ്ങളായി കാക്കിക്കുപ്പായത്തെ മാറ്റിയവർ നിരവധിയുണ്ട്.

കേരളത്തിൽ സർക്കാർ എന്ത് പറഞ്ഞാലും അതിനെതിരെ രംഗത്തുവരുന്നവരാണ് കോൺഗ്രസ് ഉൾപ്പെടുന്ന യു ഡി എഫും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും. ഒരു സ്ത്രീ കഴിഞ്ഞ മൂന്നു വർഷമായി നിരന്തരം പല സ്ഥലങ്ങളിൽ ആക്രമിക്കപ്പെടുന്നതിൽ സർക്കാരിനെ വിമർശിച്ച്, അല്ലെങ്കിൽ പൊലീസിനെ വിമർശിച്ച്, എന്തിന് അക്രമത്തെ, അക്രമികളെ അപലപിച്ച് ഒരു വാക്ക് പോലും ഇവരുടെയൊന്നും വായിൽനിന്നും വന്നിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ആക്രമികൾക്കൊപ്പം പൊലീസ് മാത്രമല്ല, ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രം ഭരിക്കുന്ന ബി ജെപിയുമൊക്കെയുണ്ട്. ഭരണഘടനയിൽ വിശ്വാസം അർപ്പിച്ചതിന് ഒരു സ്തീയോട് കേരളം ചെയ്യുന്നതാണ് ഇത്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Continuing attacks on bindu ammini who entered sabarimala

Best of Express