തിരുവനന്തപുരത്ത് സ്കൂളില്‍ നടന്നൊരു കലോത്സവതിനിടയില്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ പരസ്പരം കെട്ടിപ്പിടിച്ച പന്ത്രണ്ടാം ക്ലാസ്സുകാരായ ഒരു ആൺകുട്ടിയെയും ഒരു പെണ്‍കുട്ടിയെയും സസ്‌പെൻഡ് ചെയ്യാനുള്ള സ്കൂളിന്‍റെ തീരുമാനം കേരളാ ഹൈക്കോടതി ശരിവച്ചിരിക്കുന്നു. അഭിജ്ഞനായ ജസ്റ്റിസ് ഷാജി പി. ചാലിയാണ് ഇതില്‍ വിധി പ്രഖ്യാപിച്ചത്.
കലോത്സവവേദിയില്‍ പെണ്‍കുട്ടി അവതരിപ്പിച്ച ഗാനത്തിന് ശേഷം അതിന് അഭിനന്ദിക്കാനാണ് താന്‍ കെട്ടിപ്പിടിച്ചതെന്നാണ് ആണ്‍കുട്ടിയുടെ മൊഴി. മാത്രമല്ല, ഇരുവരും പിന്നീട് തങ്ങളുടെ പരസ്യ സ്നേഹ പ്രകടനത്തിനു വൈസ് പ്രിന്‍സിപ്പലിനോട് മാപ്പ് പറയുകയും ചെയ്തു.

എന്നാല്‍, കോടതി ഈ വാദത്തില്‍ തൃപ്തമായില്ല. ഇൻസ്റ്റാഗ്രാമിലും മറ്റും പ്രചരിച്ച ആലിംഗനത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ച് അതില്‍ സഭ്യമല്ലാത്ത പല നിലകളും (compromising positions) ഉണ്ടായിരുന്നു എന്നും അത് സ്കൂളിന്‍റെ അന്തസ്സിനേയും സല്‍പേരിനെയും (reputation) ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ലജ്ജാകരമായ സന്ദര്‍ഭങ്ങളെ സൂചിപ്പിക്കാന്‍ ഇത്തരം അവ്യക്തവും കൃത്യമല്ലാത്തതുമായ പദങ്ങള്‍ സവിശേഷമായ രീതിയില്‍ പ്രയോഗിക്കുന്ന പ്രവണത നമുക്കുണ്ട്. പ്രത്യുല്പാദന-ലൈംഗികാകാവയവങ്ങള്‍ക്ക് ‘സ്വകാര്യ ഭാഗങ്ങള്‍’ എന്ന് പറയുന്നത് ഒരുദാഹരണമാണ്. ഇതിനു മുന്‍പ് ഇത്തരം പദപ്രയോഗങ്ങള്‍ കേട്ടിരിക്കുന്നത് രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാത്രമാണ്. ഉദാഹരണമായി, ഒരു ഹോട്ടല്‍ മുറിയില്‍ അന്യസ്ത്രീയുമായി ‘സഭ്യമല്ലാത്ത നിലയില്‍’ കാണപ്പെട്ട വീഡിയോ തന്റെ പേരില്‍ പുറത്തുവന്നപ്പോള്‍ അസമിലെ ഒരു എം.എല്‍.എ. അത് തന്‍റെതല്ല എന്നവകാശപ്പെട്ട് രംഗത്ത് വന്നിരുന്നല്ലോ.
കൗമാരക്കാരുടെ പരസ്യ ആലിംഗനത്തെ ‘അസഭ്യ’ രീതിയാക്കി വര്‍ണ്ണിക്കുന്ന നമ്മുടെ ഉയര്‍ന്ന കോടതികളും മറ്റധികാരികളും രാഷ്ട്രീയക്കാരുടെ അനവധി ‘അസഭ്യ’, അസാന്മാര്‍ഗിക’ വിട്ടുവീഴ്ചകള്‍ കാണാതെ പോവുന്നു എന്നതാണ് തമാശ. പ്രേമത്തെയും ലൈംഗികാനന്ദത്തെയുംപറ്റി സംസാരിക്കുന്നതിനേക്കാള്‍ നമുക്കെളുപ്പം അഴിമതിയെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ച് വാചാലരാവുന്നതാണ്.
ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ‘അസഭ്യവും’ അരക്ഷിതവും ആയ പ്രവൃത്തികളിലൂടെ ലോകത്തേറ്റവും കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് ഇന്ത്യാക്കാരാണെന്നിരിക്കെ സെക്സിനെക്കുറിച്ചു സംസാരിക്കാന്‍ നാം കാണിക്കുന്ന വൈമുഖ്യം അവിശ്വസനീയമാണ്. പൗരാണിക കാലം മുതല്‍ ഇന്ന് വരെയുള്ള നമ്മുടെ സാംസ്കാരിക സൃഷ്ടികളെല്ലാം, കാമസൂത്രയും ഖജൂരാഹോയിലെ ക്ഷേത്ര ശില്പങ്ങളും മുതല്‍, പ്രാദേശിക-ബോളിവുഡ് സിനിമകള്‍ വരെ ഇത്തരം ‘അസാന്മാര്‍ഗിക വിട്ടുവീഴ്ചകള്‍’ നിരന്തരം ചിത്രീകരിച്ചിരിക്കുന്നു എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.
ക്ഷേത്രമതിലുകളിലും സിനിമാ സ്ക്രീനുകളിലും ഒതുങ്ങി നില്‍ക്കുന്ന പ്രണയവും സെക്സും അംഗീകൃതമാണെന്നും ആധുനിക ഭാരതത്തിലെ ആധികാരികമായ ദൈനംദിന ജീവിതത്തില്‍ ഇവയ്ക്ക് സ്ഥാനമില്ലെന്നുമാണ് ഈ വൈരുധ്യം വിളിച്ചു പറയുന്നത്.
ഒരു സമൂഹമെന്ന നിലയില്‍ സ്നേഹപ്രകടനത്തിനും പ്രണയ സാധ്യതകള്‍ക്കും ഇടം നല്‍കാത്ത നമ്മുടെ വ്യവസ്ഥ യുവതീ യുവാക്കളുടെ ജിവിതം തീര്‍ത്തും ദുസ്സഹമാക്കുന്നു.
കാട്ടുവഴി മുറിച്ച് കടക്കുമ്പോള്‍ കാറിന്‍റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തില്‍ ദിശതെറ്റി അന്തംവിട്ടു നില്‍ക്കുന്ന മാനിനെ പോലെയാണ് കാമനകള്‍ക്കും അവയുടെ പൂര്‍ത്തീകരണത്തിനുള്ള വിലക്കുകള്‍ക്കും ഇടയില്‍ നമ്മുടെ യുവത പരിഭ്രമിച്ചു നില്‍ക്കുന്നത്.

പരസ്പരം കൈകോര്‍ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത കൗമാരക്കാരെ സസ്‌പെൻഡ് ചെയ്യുന്ന സ്കൂള്‍ അധികൃതരുടെയും അവരെ പീഡിപ്പിക്കുന്ന പൊലീസ്-സദാചാര പൊലീസ് സംഘങ്ങളുടെയും ക്രൂരമായ അസംബന്ധങ്ങളെ മറ്റേതു തരത്തിലാണ് വിശദീകരിക്കാന്‍ ആവുക.
മൃഗോത്സുകമായ ലൈംഗിക തൃഷ്ണയുള്ള നമ്മുടെ യുവാക്കളെ നിയന്ത്രിക്കാന്‍ നിശിതമായ സാമൂഹ്യ ചട്ടങ്ങള്‍ വേണമെന്ന നമ്മുടെ പൊതു ധാരണയ്ക്ക് വിരുദ്ധമായി ലോകത്തിലെ ഏറ്റവും കുറഞ്ഞ തോതില്‍ ലൈംഗിക ജീവിതം ഉള്ളവരാണ് നമ്മുടെ യുവതലമുറ എന്നതാണ് സത്യം.
ആറു സംസ്ഥാനങ്ങളില്‍ നിന്നായി 15നും 29നും ഇടയില്‍ പ്രായമുള്ള അമ്പതിനായിരം പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം വെറും 15 ശതമാനം അവിവാഹിതരും നാല് ശതമാനം അവിവാഹിതകളും മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതും തന്‍റെ കാമുകനോ കാമുകിയോ ആയി മാത്രം.
ഇത് ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്. ലൈംഗിക ജീവിതം ആരംഭിക്കുന്ന പ്രായം ഏറ്റവും ഉയര്‍ന്ന നാടുകളില്‍ ഒന്നുമാണ് നമ്മുടേത്.
നമ്മുടെ കാലത്തിനു മാത്രം സവിശേഷമായ ഒരു അസ്തിത്വ പ്രശ്നമാണ് ഈ യുവതയെ പിടികൂടിയിരിക്കുന്നത്. ഒരു വശത്ത്, കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ നമ്മുടെ വിവാഹപ്രായം കൗമാരത്തില്‍ നിന്നും മാറി ഇരുപതു വയസ്സിനപ്പുറമായിരിക്കുന്നു. (നഗരങ്ങളില്‍ ഇതിലധികവും ഉയര്‍ന്നിട്ടുണ്ടല്ലോ). എന്നാല്‍ ഇതേ കാലയളവില്‍, പ്രായപൂര്‍ത്തിയാകുന്ന പ്രായം കുറഞ്ഞു, പെണ്‍കുട്ടികളില്‍ 13 വയസ്സ് വരെ ആയിരിക്കുന്നു. ഇന്ത്യന്‍ നഗരങ്ങളിലെ 80 ശതമാനം പെണ്‍കുട്ടികളും 11 വയസ്സില്‍ പ്രായപൂര്‍ത്തി നേടുന്നു എന്നതാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്.
ഇതിനിടയില്‍ ലൈംഗികബന്ധത്തിന്‍റെ മുഴുവന്‍ സാധ്യതകളും വിവാഹത്തില്‍ മാത്രം അംഗീകൃതമാവുന്ന, ഒരു ആലിംഗനം പോലും നിഷേധിക്കപെടുന്ന സാമൂഹ്യ ചട്ടങ്ങളുടെ കാര്‍ക്കശ്യം ഒട്ടും കുറഞ്ഞിട്ടുമില്ല.
ശാരീരികവും മാനസികവുമായി ലൈംഗിക പ്രായപൂര്‍ത്തി നേടുന്ന ഇന്നത്തെ യുവതയ്ക്ക് ലൈംഗിക ജീവിതം തുടങ്ങാൻ അവരുടെ മുത്തശ്ശന്മാരുടെ തലമുറയെക്കാള്‍ കാലം കാത്തിരിക്കേണ്ടി വരുന്നു എന്നത് വിചിത്രമാണ്.
ഇന്ത്യന്‍ സ്കൂളുകളില്‍ പൊതുവേ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നില്ല എന്നതും കൊടുക്കുന്ന ഇടങ്ങളില്‍ പോലും അറുബോറന്‍ ശരീരശാസ്ത്ര വിശദാംശങ്ങളില്‍ ഒതുങ്ങി നിന്ന് കൊണ്ട് ജീവശാസ്ത്ര ടീച്ചർമാർ ലജ്ജയോടും വൈമുഖ്യത്തോടും ചെയ്യുന്ന ഒന്നായി അത് മാറുന്നു എന്നതുമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്.
പ്രണയിക്കാന്‍ സുരക്ഷിതമായ ഇടങ്ങള്‍ തീരെ ഇല്ലാത്ത നാടാണ് നമ്മുടേത്. ഗര്‍ഭ നിരോധന മാര്‍ഗങ്ങളെക്കുറിച്ചും സുരക്ഷിതമായ ബന്ധത്തെക്കുറിച്ചും ഉള്ള വിവരങ്ങള്‍ ലഭിക്കുന്നതും പ്രയാസം തന്നെ. അതിനും പുറമെയാണ് കുട്ടികള്‍ ‘വഴിതെറ്റാതിരിക്കാനായി’ കോണ്ടം പരസ്യങ്ങള്‍ അര്‍ദ്ധരാത്രിയിലേയ്ക്ക് മാത്രം ആക്കിയത്.
എന്നാല്‍, യാതൊരു ആധികാരികതയുമില്ലാത്ത വികലവും അപകടകരവുമായ ലൈംഗിക വിഭവങ്ങളുടെ വലിയ ശേഖരം തന്നെ ഇന്റെര്‍നെറ്റിലൂടെ നമ്മുടെ കുട്ടികളുടെ വിരല്‍ത്തുമ്പിലുണ്ട്. ഇവയെല്ലാം ചേർത്ത് നമ്മളൊരു കൊടുങ്കാറ്റാണ് സൃഷ്ടിക്കുന്നത്.
മനുഷ്യനാവുക എന്നതിന്‍റെ പര്യായമാണ് ലൈംഗിക ജീവിയാവുക എന്നത്. ഇത് മനസ്സിലാക്കിക്കൊണ്ട് സ്വയം പ്രഖ്യാപിത സദാചാര വാദികളില്‍ നിന്നും ലൈംഗികതയെ തിരിച്ചുപിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കൗമാരവും യൗവനവും പോലെ തീവ്രമായ ലൈംഗിക ആഗ്രഹങ്ങള്‍ ഉണ്ടാകുന്ന മറ്റൊരു പ്രായവും ഇല്ല.
വൈകി വിവാഹത്തില്‍ എത്തുന്നവരെ പ്രോത്സാഹിപ്പിക്കാനുള്ള സമയമാണിത്. ഈ കാലതാമസം സ്വതന്ത്രവും പരസ്പര സമ്മതതോടുകൂടിയതുമായ ലൈംഗിക ജീവിതത്തിനു തടസ്സമാവാന്‍ പാടില്ല. ചെറുപ്പം മുതലേ ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ലൈംഗിക വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിനോടൊപ്പം പഴയ ചിതലരിച്ച ലൈംഗികതാ മൂല്യങ്ങളും യുവാക്കളുടെ ലൈംഗിക ജിവിതം സംബന്ധിച്ച പഴഞ്ചന്‍ ചട്ടങ്ങളും മാറ്റാനുതകുന്ന സംഭാഷണങ്ങള്‍ തുടങ്ങാന്‍ പ്രാപ്തരായ യുവ നേതാക്കളും നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
വ്യക്തികളുടെ നിലനില്‍പ്പിന്‍റെ ഭാഗമായ, അവകാശമായ, പരസ്പര സമ്മതത്തോടെയുള്ള സെക്സിനെ അംഗീകരിക്കാത്ത നിലപാടു മാത്രമാണ് ഇക്കാര്യത്തിലെ ഒരേയൊരു ‘compromising position’.