കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വന്തമായതും വ്യക്തമായതുമായ ഒരു പൈതൃകമുണ്ട്. അത് നമ്മുടെ നവോത്ഥാന പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൊണ്ട് രൂപപ്പെട്ടതാണ്. ഭാരതീയമായ മൂല്യബോധത്തെ ശുദ്ധീകരിച്ച് അടിസ്ഥാന മാർക്സിയൻ മൂല്യങ്ങളോട് ചേർത്തു നിർത്തി രൂപപ്പെട്ട ഒന്നാണത്. അതൊരു ബോധപൂർവ്വ സൃഷ്ടിയാണോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ടാവാം. ആ തർക്കത്തിലേക്ക് ഇപ്പോൾ പോവേണ്ടതില്ല. അതൊരു സ്വാഭാവിക നിർമ്മിതിയാവുകയും പാലിക്കപ്പെടേണ്ട ഒന്നായി അംഗീകരിക്കപ്പെടുകയും ചെയ്തു എന്ന കാര്യത്തിന് ചരിത്രം സാക്ഷ്യം പറയുന്നു. അങ്ങനെ ജീവിച്ച ഒരു കൂട്ടം ആളുകളാണ് ഈ പ്രസ്ഥാനത്തിന് ഇവിടെ വേരോട്ടമുണ്ടാക്കിയത്. ആ യാഥാർത്ഥ്യത്തിനു മുന്നിലാണ് പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതാക്കളെ നമ്മളിൽ പലരും വിലയിരുത്തുന്നത്. ഇതൊരു ശരിയായ രീതിയാണോ? യഥാർത്ഥത്തിൽ അവരൊരു തുടർച്ച ആവകാശപ്പെടുന്നുണ്ടോ? മാത്രവുമല്ല, അത്തരമൊരു തുടർച്ച സാധ്യമാണോ? ഇതിലും പ്രധാന ചോദ്യം അത്തരമൊരു തുടർച്ച സാധ്യമാക്കാൻ പ്രാപ്തിയുള്ളവരാണോ പിൻതുടർച്ചക്കാരായി രംഗത്തെത്തിയത്?

ഇങ്ങനെ അനവധി സന്ദേഹങ്ങൾ കാലം മുന്നോട്ടു വെക്കുന്നുണ്ട്. അതെ, കാലം മുന്നോട്ടു വെക്കുന്നുണ്ട്. ആ വാക്ക് വലിയ അർത്ഥധ്വനിയുള്ളതാണ്. പ്രത്യേകിച്ചും മാർക്സിസത്തെപ്പറ്റി ചിന്തിക്കുമ്പോൾ. കാലം എന്നതിനെ ഉൾക്കൊള്ളാതെ ഒന്നിനും തീർപ്പുകല്പിക്കപ്പെടരുത്. മാർക്സ് പറഞ്ഞ മാറ്റം എന്നതിന്റെ ഏറ്റവും വലിയ പ്രയോക്താവ് ഈ ‘കാല’മാണ്. അതിന്റെ രൂപഭാവ വ്യതിയാനങ്ങളോട് സമരസപ്പെടാതെ ഒന്നിനും നിലനില്പില്ല. ഏതു വിഷയത്തിലായാലും അടിസ്ഥാന പ്രമാണങ്ങൾ എന്ന സംജ്ഞ കൊണ്ട് വിവക്ഷിക്കുന്ന കാര്യങ്ങൾ കാലത്തിന്റെ ഈ മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട് തയ്യാറാക്കപ്പെട്ടവയാണ്. ഉദാഹരണത്തിന് മുതലാളിത്തത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഇങ്ങനെ ദീർഘവീക്ഷണത്തോടെ കരുപ്പിടിപ്പിച്ചവയാണ്. എന്നാൽ ജീവിതവീക്ഷണവുമായി ബന്ധപ്പെട്ട ഒരു ധാർമ്മിക പ്രമാണം മാർക്സിസം മുന്നോട്ടു വെക്കുന്നില്ല. ഇതൊരു കുറവായി ആ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിൽ എല്ലാ കാലത്തും എല്ലായിടത്തും കാണാനുണ്ട്. അത്തരമൊരു തിരിച്ചറിവിനും തിരുത്തലിനും നാളിതുവരെ ആരും തയ്യാറായതുമില്ല. അതുകൊണ്ടാണ് നെറികേടിന്റെയും നിഷ്ഠുരതയുടെയും നിരവധി വലിയ അദ്ധ്യായങ്ങൾ മാർക്സിയൻ രാഷ്ട്രീയ ചരിത്രത്തിൽ എഴുതാനിടവന്നത്. (ഓർക്കുക The Black Book of Communism എന്നൊരു പഠന ഗ്രന്ഥം പോലും ഉണ്ടായിട്ടുണ്ട്).n e sudheer, cpim, iemalayalam

മാർക്സിസവുമായി ബന്ധപ്പെട്ട ഇത്ര കടുത്ത ചർച്ചകളൊന്നും നടത്താൻ ലോകത്ത് ഇന്നാരും മിനക്കെടുന്നുമില്ല. ഭാഗ്യവശാൽ നമുക്ക് ചെറിയ രീതിയിലെങ്കിലും ഈ ചർച്ച തുടരേണ്ടതുണ്ട്. കാരണം നമ്മുടെ നിത്യജീവിത സാഹചര്യത്തിൽ അതിന്റെ ഒരു വകഭേദം ഇന്നും നേരിയൊരു സാന്നിധ്യമായി നില നിൽക്കുന്നു. പറഞ്ഞു വരുന്നത് ഒരു ശരാശരി മാർക്സിസ്റ്റനുഭാവി വെച്ചു പുലർത്തേണ്ട ധാർമ്മികതയെപ്പറ്റിയാണ്. അവിടെയും ഒരു പ്രശ്നമുണ്ട്. ശരാശരി മാർക്സിസ്റ്റ് എന്ന് പറയാമോ? കമ്മ്യൂണിസ്റ്റുകാരിൽ ഇങ്ങനെ വേർതിരിവ് പാടുണ്ടോ? ശരാശരിയും അല്ലാതെയും എന്ന വേർതിരിവ്! സ്വാഭാവിക നീതിബോധമനുസരിച്ച് എല്ലാവരും സഖാക്കളാണ്. ഒ.വി.വിജയനാണ് ആ ചോദ്യം പണ്ടൊരിക്കൽ മുന്നോട്ടുവെച്ചത്. യു.എസ്.എസ്സ് ആറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ ജനറൽ സെക്രട്ടറിയും അയാളുടെ ഡ്രൈവറും താത്ത്വികമായി സഖാക്കൾ തന്നെയാണ്. എന്നാൽ പ്രായോഗികതലത്തിൽ അഭിസംബോധന ചെയ്യപ്പെടുമ്പോൾ ആ വാക്കിന് വലിയ അർത്ഥ വ്യത്യാസം ധ്വനിപ്പിക്കാനുള്ള കഴിവുണ്ട്. അതങ്ങനെ തുടരുകയും ചെയ്തു . ഒരു വേള അധികാരത്തെ മാർക്സിസ്റ്റ് വീക്ഷണത്തിൽ തിരിച്ചറിയുന്നതിലും ആ സിദ്ധാന്തം പരാജയപ്പെട്ടിരിക്കാം.

കേരളത്തിലെ സി.പി.എമ്മിന്റെ സെക്രട്ടറി എന്ന് പറഞ്ഞാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റുകാരനാണ്. കാരണം പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കേരളത്തിലെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രധാനിയായ അധികാരിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടിലെ ധാർമ്മികതയാണ് ഇന്ന് കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. അത് ഒരു പിതാവ് എന്ന നിലയിലാണ് എന്നും മുതിർന്ന മകന്റെ അച്ഛൻ എന്ന നിലയിലാണ് കാണേണ്ടത് എന്നുമുള്ള വാദവും പറഞ്ഞു കേൾക്കുന്നുണ്ട്. അങ്ങനെ പറഞ്ഞൊഴിയാവുന്ന ഒന്നാണോ അദ്ദേഹം നേരിടുന്ന പ്രതിസന്ധി? ഈ സന്ദേഹത്തെ നേരിടേണ്ടി വരും എന്നതുകൊണ്ടാണ് ചില കടുത്ത ചിന്തകളോടെ ഈ കുറിപ്പിന് തുടക്കം കുറിച്ചത് .

കമ്മ്യൂണിസ്റ്റുകാരൻ എന്നത് നിത്യജീവിതത്തിലെ പല തരത്തിലുള്ള ഉത്തരവാദിത്തങ്ങളിൽ ഒന്നു മാത്രമാണോ? മകൻ, സഹോദരൻ , ഭർത്താവ്, അച്ഛൻ, അപ്പുപ്പൻ , തൊഴിലാളി , ഉദ്യോഗസ്ഥൻ , പണക്കാരൻ , പാവപ്പെട്ടവൻ, മുതലാളി ( ഇവയെല്ലാം സ്ത്രീപക്ഷ നാമങ്ങളിലും വായിക്കുക. അതും അനിവാര്യമാണ്). എന്നിങ്ങനെയുള്ള വ്യക്തിത്വങ്ങളെല്ലാം പോലെ അവയിലൊന്നായി മാറി നിൽക്കുന്ന ഒന്നാണോ കമ്മ്യൂണിസ്റ്റുകാരൻ എന്നത്? അല്ലെന്നാണ് രാഷ്ടീയമായി വായിച്ചെടുക്കുമ്പോൾ മനസ്സിലാവുന്നത്. കമ്മ്യൂണിസ്റ്റുകാരൻ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒരാളുടെ വ്യക്തിത്യത്തിന്റെ സമഗ്രമായ ഒരവസ്ഥയെയാണ്. അടിസ്ഥാനപരമായ ഒരു ജീവിതാവസ്ഥ. മനുഷ്യത്വബോധത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ഒരു രാഷ്ട്രീയ ബോധാവസ്ഥ. അങ്ങനെയൊരാളുടെ മറ്റെല്ലാ പകർന്നാട്ടങ്ങളിലും, അഥവാ ഉത്തരവാദിത്തങ്ങളിലും കമ്മ്യൂണിസ്റ്റ് ബോദ്ധ്യത്തിന്റെ വെളിച്ചം കാണും, കാണണം. അങ്ങനെയല്ലാതെ വരുമ്പോൾ അയാൾ ഇനിയും ഒരു കമ്മ്യൂണിസ്റ്റായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പറഞ്ഞു പറഞ്ഞു വന്നപ്പോൾ ആദ്യത്തെ പ്രശ്നത്തിനുള്ള ഉത്തരം നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. കമ്മ്യൂണിസം എന്നത് ഒരു ധാർമ്മിക നിലപാടിന്റെ പേരാണ്. ജീവിത നിലപാടിന്റെ പേരാണ്. മനുഷ്യത്യത്തെ സാമൂഹ്യമായി പ്രയോഗത്തിൽ വരുത്തുന്നതിന്റെ പേരാണ്. ആർക്ക്? ഒരു യഥാർത്ഥ കമ്യൂണിസ്റ്റുകാരന്.n e sudheer, cpim, iemalayalam

പാർട്ടി ആഫീസിലും പൊതുവേദിയിലും എത്തുമ്പോൾ മാത്രം ഒരാൾക്ക് കമ്മൂണിസ്റ്റുകാരനായി മാറാനാവുമോ? അധികാര കസേരയിലിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാരനാവുക എന്നത് ഒരു മിത്താണെന്ന് പല ‘മഹാന്മാരും’ തെളിയിച്ചിട്ടുണ്ട്. വീട്ടിലും നാട്ടിലും അങ്ങനെ ജീവിതത്തിലാകമാനം കമ്മ്യൂണിസ്റ്റായ സഖാക്കളെ കണ്ട ഒരു സമൂഹമാണ് കേരളത്തിലേത്. അവരുടെ ഓർമ്മകൾ പൂർണ്ണമായും ഇല്ലാതാവാത്ത ഒരു കാലത്താണ് നമ്മളിങ്ങനെ ക്യാപ്പിറ്റലിസ്റ്റ് വാദങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത്. മകൻ വഴിമാറി നടന്നത്, നടക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ ഒരച്ഛൻ അറിയണം. തിരുത്താൻ ശ്രമിക്കണം. പരാജയപ്പെട്ടാൽ ഏറ്റുപറയണം. അവനിൽ നിന്ന് അകലം പാലിക്കണം. താങ്കളുടെ പേര് അവൻ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. അത് മറ്റ് സഖാക്കളെ അറിയിക്കണം , ബോദ്ധ്യപ്പെടുത്തണം. കാരണം നിങ്ങൾ കമ്മ്യൂണിസ്റ്റുകാരനായ ഒരച്ഛനാണ്. അതൊരു വലിയ ഉത്തരവാദിത്തമാണ്.

അത് നിർവ്വഹിച്ചതുകൊണ്ടാണ് താങ്കൾക്ക് ഇഷ്ടമുണ്ടാകാനിടയില്ലാത്ത ചിലരുടെ പേരുകൾ വീണ്ടും ഈ വേളയിൽ കേൾക്കാനിടവരുന്നത്. നിങ്ങളോടൊന്നും പഴയ കാല സഖാക്കൾ നയിച്ച ലളിത ജീവിതം നമ്മളാവശ്യപ്പെടുന്നില്ല. അവരുടെ ജീവിത നിലവാരവും നിലനിർത്തേണ്ടതില്ല. കാരണം കാലം മാറിയല്ലോ. പക്ഷേ, ഉത്തരവാദിത്തങ്ങൾ മാറുന്നില്ല. പൊതുബോധത്തിൽ വെള്ളം ചേർക്കരുത്. നീതിബോധത്തിന് ഇളവു കൊടുക്കരുത് . സമൂഹത്തിന്റെ ഉന്നമനം സാധ്യമാക്കുന്നതിൽ നീതിപൂർവ്വം പങ്കാളിയാവും എന്ന തോന്നലിലാണ് ഈ സമൂഹം നിങ്ങളെ ആദരിക്കുന്നത്.  ആ കരുതലിൽ നിങ്ങളുടെ കുടുംബത്തിനും പങ്കുണ്ട്. അതിനെപ്പറ്റിയാണ് കേരളം ചർച്ച ചെയ്യുന്നത്. മാറി നിന്ന് ചിന്തിക്കുക. നിലപാടുകളാണ് ഒരാളെ കമ്മ്യൂണിസ്റ്റുകാരനാക്കുന്നത്. ഓർക്കുക, താങ്കൾ അലങ്കരിക്കുന്ന സ്ഥാനം വെറുമൊരു ‘ശരാശരി’ സഖാവിന്റെതല്ല.

കാലം ഈ കൊച്ചു കേരളത്തിനു മുന്നിൽ വലിയൊരു ചോദ്യചിഹ്നവുമായി നിൽക്കുകയാണ്. ഇടത്തോട്ടോ അതോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളോടൊപ്പം വലത്തോട്ടോ? ആ വലിയ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനിടയിൽ വിലങ്ങുതടിയായി നിൽക്കരുത്. നഷ്ടപ്പെടാനൊരുപാടുണ്ട് നമ്മുടെ കേരളത്തിന്. താങ്കളുടെ മുൻ തലമുറ കഠിനാദ്ധ്വാനം ചെയ്ത് നേടിയ പലതും നഷ്ടമാവും. അതിനായി കാത്തിരിക്കുന്ന കഴുകന്മാരെ കണ്ടില്ലെന്നു നടിക്കരുത്. തിരുത്ത് ഒരു കമ്മ്യൂണിസ്റ്റ് പ്രയോഗമാണ്. സഖാവെ എന്ന് വിളിക്കപ്പെടാൻ ആവശ്യമുള്ള പ്രയോഗം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook