അണ്ടര്‍ പതിനേഴ് ലോകകപ്പ് ലക്ഷ്യം വെച്ചു കൊണ്ട് ഇരുപത്തിയഞ്ച് കോടിയോളം രൂപ ചെലവിട്ടാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ മൈതാനമൊരുക്കിയത്. ഫിഫാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യത്തെ ആറ് ഫുട്ബോള്‍ മൈതാനങ്ങളില്‍ ഒന്നാണ് കൊച്ചിയിലേത്. ഈ മൈതാനമാണ് വെസ്റ്റ് ഇന്‍ഡീസുമായ് നടക്കുന്ന ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതുക്കി പണിയാന്‍ പോകുന്നത്. ക്രിക്കറ്റല്ല, ഏതൊരു കളിക്ക് വേണ്ടിയും മൈതാനം നല്‍കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. ഇക്കാര്യത്തില്‍ മിക്കവാറും ഫുട്ബാള്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒരേ നിലപാട് തന്നെയാണ് ഉള്ളതും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
2014-15 വര്‍ഷങ്ങളിലൊക്കെ ഒരു പോലെ ക്രിക്കറ്റും ഫുട്ബാളും കളിച്ചു പോന്നിട്ടുള്ള മൈതാനമാന് കൊച്ചിയിലേത്. എന്നാല്‍ 2017ല്‍ നടന്ന ലോകകപ്പോട് കൂടി മാത്രമാണ് മൈതാനത്തിന്‍റെ പ്രതലം ഫുട്ബാളിന് അനുയോജ്യമാം വിധം മാറ്റുന്നത്. കോടിക്കണക്കിന് രൂപ ചെലവാക്കി നൂറുകണക്കിന് ആളുകള്‍ ചെയ്ത ഈ നിര്‍മാണപ്രവര്‍ത്തനം ഏതൊരു അന്താരാഷ്ട്ര മൈതാനത്തിനോടും കിടപിടിക്കാവുന്ന തരത്തില്‍ കൊച്ചിയിലെ സ്റ്റേഡിയത്തെ മാറ്റിയെടുത്തു. ഈ വര്‍ഷം മുതല്‍ എഐഎഫ്എഫ് ആരംഭിക്കുന്ന സൂപ്പര്‍ കപ്പിനായുള്ള വേദിയായി ആദ്യം പരിഗണിക്കപ്പെട്ടതും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമായിരുന്നു.
രാജ്യത്തെ മികച്ച പതിനാറ് പ്രൊഫഷണല്‍ ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന മത്സരം കൊച്ചിക്ക് നഷ്ടമായത് അത്രയും ടീമുകള്‍ക്കുള്ള താമസവും പരിശീലിക്കാനുള്ള മൈതാനങ്ങളും കൊച്ചിയില്‍ ഇല്ല എന്നൊരു കാരണം കൊണ്ട് മാത്രമാണ്.
ഇതിനു പിന്നാലെയാണ് നവംബര്‍ ഒന്നിന് നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കായ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടു കൊടുക്കാനുള്ള തീരുമാനം വരുന്നത്. വര്‍ഷത്തില്‍ ഏറി വന്നാല്‍ ഒന്നോ രണ്ടോ ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ നടക്കാന്‍ പോകുന്നത് ഒരു ടൂര്‍ണമെന്റോ പരമ്പരയോ അല്ല. ഒരേയൊരു മത്സരത്തിനു വേണ്ടിയാണ് കോടികള്‍ ചെലവിട്ട് നിര്‍മിച്ച മൈതാനത്തിന്‍റെ നടുക്ക് പിച്ച് നിര്‍മ്മിക്കുന്നതും അതിന്‍റെ പ്രതലം ക്രിക്കറ്റിനനുസരിച്ച് മാറ്റുന്നതും. ക്രിക്കറ്റിനായി മാത്രമായി തിരുവനന്തപുരത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കെസിഎയുടെ അധികാരപരിധിയില്‍ തന്നെ ഉള്ളപ്പോഴാണ് മത്സരം കൊച്ചിയില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ഗ്രീന്‍ഫീല്‍ഡ് എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി തന്നെ പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞവര്‍ഷം നടന്ന മത്സരത്തില്‍ സ്റ്റേഡിയം നിറഞ്ഞു കാണികളും ഉണ്ടായിരുന്നു. മഴ പെയ്തിട്ടും വീട്ടിലേക്ക് മടങ്ങാതെ മുഴുവന്‍ സമയമിരുന്ന് കളി കണ്ടവരാണ് ആ ആരാധകര്‍. എന്നിട്ടും കൊച്ചിയില്‍ തന്നെ മത്സരം നടത്തണം എന്ന പിടിവാശി ആവശ്യമുണ്ടോ ? പ്രത്യേകിച്ച് അതേ മാസം തന്നെ അടുത്ത സീസണ്‍ ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ? മൈതാനത്തെ വീണ്ടും ഫുട്ബാളിനായ് മാറ്റിയെടുക്കാന്‍ അത്രയും സമയം മതിയാകുമോ ?
2013ല്‍ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ഫുട്ബാള്‍ മത്സരം നടന്നത് നടുവില്‍ പിച്ചുള്ള മൈതാനത്തിലാണ്. ആരും തന്നെ പരാതിപ്പെട്ടിരുന്നില്ല. ഫുട്ബാളടക്കം ഇന്ത്യയിലെ മറ്റ് കായിക താരങ്ങള്‍ക്കുമൊക്കെ കടന്നു പോകേണ്ടിവന്നിട്ടുള്ള സാഹചര്യങ്ങളാണ് ഇതൊക്കെ.
ആള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ പോലുള്ള ഫുട്ബാള്‍ ഭരണ സംവിധാനങ്ങള്‍ സര്‍ക്കാരിന്‍റെ കീഴില്‍ ഗ്രാന്‍ഡ് പറ്റുന്ന സംവിധാനമാണ്. മറിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയുമൊക്കെ സ്വകാര്യ ബോര്‍ഡുകളാണ്. രാജ്യത്ത് ഏറ്റവും പണവും അധികാരവുമുള്ള കായിക ബോര്‍ഡ് എന്ന നിലയില്‍ ബഹുഭൂരിപക്ഷം വരുന്ന മൈതാനങ്ങളും ക്രിക്കറ്റ് ബോര്‍ഡ് ലീസിനെടുത്തിരിക്കുകയാണ്.
തങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ട മൈതാനത്തില്‍ നിന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ഒഴിയണം എന്നല്ല പറഞ്ഞുവരുന്നത്.
നിലവില്‍ തിരുവനന്തപുരത്ത് ക്രിക്കറ്റിന് മാത്രമായ് കെസിഎയുടെ ഉടമസ്ഥതയില്‍ മറ്റൊരു മൈതാനമുള്ളപ്പോള്‍ കേരളത്തിലെ ഫുട്ബാള്‍ താരങ്ങളും കളി ആരാധകരും ഒരു പോലെ ഉയര്‍ത്തുന്ന ഈ ആവശ്യത്തെ അല്‍പം ഭാവുകത്വത്തോടെ പരിഗണിക്കണം എന്നാണ്.

ഫൊട്ടോ : ഗോപിനാഥ് പാറയില്‍/ഫെയ്‌സ്ബുക്
കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച മൈതാനങ്ങള്‍ ഉണ്ട്. എന്നാല്‍ അതിലെത്ര മൈതാനങ്ങള്‍ കൃത്യമായ് പരിപാലിച്ച് പോരുന്നുണ്ട് ? ഫിഫാ ലോകകപ്പിന്‍റെ ഭാഗമായി ടീമുകള്‍ക്ക് പരിശീലിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പണി തീര്‍ത്തതാണ് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടും വെളി മൈതാനവും. ഓഖി ദുരന്തത്തെ തുടര്‍ന്ന് കൊച്ചി കടല്‍ത്തീരത്ത് നിന്നും കാര്‍ണിവലിന്‍റെ വേദി മാറ്റിയപ്പോള്‍ സ്വാഭാവികമെന്നോണം തിരഞ്ഞെടുക്കപ്പെട്ടത് പരേഡ് ഗ്രൗണ്ടാണ്. പപ്പാഞ്ഞിയെ കത്തിക്കുന്ന പരിപാടിക്കായ് ആ മൈതാനത്ത് തടിച്ചുകൂടിയത് ആയിരങ്ങളാണ് ഇത് തന്നെയാണ് കേരളത്തിലെ മിക്കവാറും എല്ലാ മൈതാനങ്ങളുടെയും അവസ്ഥ. ഞാന്‍ ആദ്യമായ് ഐ ലീഗ് കളിച്ചത് കണ്ണൂരിലെ ജവഹര്‍ മുനിസിപല്‍ സ്റ്റേഡിയത്തിലാണ്. വിവാ കേരളയുടെ ഐലീഗ് മത്സരങ്ങള്‍ അടക്കം പല പ്രൊഫഷണല്‍ മത്സരങ്ങള്‍ നടന്ന വേദിയാണത്. ഇന്ന് അതിന്‍റെ അവസ്ഥ എന്താണ് ?
യാതൊരു നിബന്ധനകളും ഇല്ലാതെ താരനിശകള്‍ക്കും പൊതുപരിപാടിക്കും മറ്റും വാടകയ്ക്ക് നല്‍കിയാണ് നമ്മുടെ ഭൂരിഭാഗം മൈതാനങ്ങളും കളികള്‍ക്ക് അനുയോജ്യമല്ലാതായത്.
മികച്ചൊരു കായിക സംസ്കാരം പടുത്തുയര്‍ത്തണമെങ്കില്‍ മൈതാനങ്ങള്‍ സംരക്ഷിക്കപ്പെടുകയും എല്ലാ കളികള്‍ക്കും ഒരു പോലെ അവസരങ്ങള്‍ നല്‍കുകയും വേണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മൈതാനങ്ങള്‍ ഇല്ലാതാകുന്ന ഈ കാലത്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് ഈ സന്ദേഹങ്ങളെ വേണ്ടപ്പെട്ടവര്‍ ഗൗരവത്തോടെ തന്നെ പരിഗണിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.