അജിത് ഡോവൽ 1968-ൽ ഇന്ത്യൻ പൊലീസ് സർവീസിൽ (ഐ പി എസ്) ചേർന്നു. അതേ വർഷം തന്നെ ഞാൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) ചേർന്നു. പരിശീലനം പ്രധാനമായിരുന്നു, ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ എല്ലാവരും ഒരേ ഫൗണ്ടേഷൻ കോഴ്സിലൂടെയാണ് കടന്നുപോയത്.
“ട്രെയിനി സിവിൽ സർവീസുകാർക്ക്” അവരുടേതായ വ്യത്യാസങ്ങളുണ്ട്, പക്ഷേ, ഒരു മാറ്റവുമില്ലാതെ, സിവിൽ സർവീസിൽ ചേരുന്ന എല്ലാവരും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പ്രതിജ്ഞയെടുക്കുന്നു. ആ പ്രതിജ്ഞ ഓർമ്മിക്കുന്നത് നന്നായിരിക്കും: ” … എന്ന ഞാൻ നിയമപ്രകാരം ഇന്ത്യയോടും ഇന്ത്യൻ ഭരണഘടനയോടും വിശ്വസ്തനായിരിക്കുമെന്നും യഥാർത്ഥ വിധേയത്വം പുലർത്തുമെന്നും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുമെന്നും എന്റെ ഓഫീസിന്റെ ചുമതലകൾ വിശ്വസ്തമായും സത്യസന്ധമായും നിഷ്പക്ഷതയോടെയും. നിർവഹിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു/സഗൗരവം ഉറപ്പുനൽകുന്നു. (അതിന് എന്നെ സഹായിക്കൂ ദൈവമേ!)
എന്റെ പരിശീലന കാലം മുതൽ വിമർശനാത്മകമായി തുടരുന്ന നിരവധി കാര്യങ്ങളുണ്ട്, എന്നാൽ ഐഎഎസിലെ ഏഴ് വർഷത്തിനു ശേഷവും ഞാൻ വിലമതിക്കുകയും എന്നോടൊപ്പം കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു കാര്യം ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പൊതുസേവകന്റെ (സിവിൽ സെർവന്റ്) വ്യക്തമായ ഉത്തരവാദിത്തമാണ്. ഏറ്റവും ദുർബലരായവർക്ക് നിർദ്ദേശക തത്ത്വങ്ങളുടെ പ്രാധാന്യം ഭരണകൂട നയങ്ങളിൽ ഉൾപ്പെടുത്തുക എന്നതും പ്രധാനപ്പെട്ടതാണ്. അക്കാദമിയിലും സർവീസിലും ഞങ്ങൾക്ക് ലഭിച്ച പരിശീലനം, സമഗ്രത, സത്യസന്ധത, നിഷ്പക്ഷത എന്നിവയുടെ തത്ത്വങ്ങൾ ഭരണഘടനയുടെ പശ്ചാത്തലത്തിൽ മാത്രമേ ശരിയായി മനസ്സിലാക്കാൻ കഴിയൂ എന്ന് ഊന്നിപ്പറയുന്നു. തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവിന് ആ ചുമതലകൾ ലംഘിക്കാനാവില്ലെന്നും അവ ഒരിക്കലും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഓരോ പൊതുസേവകനും ഉത്തരവാദിത്തം ഉണ്ടെന്നും അത് വ്യക്തമാക്കി
എന്നിരിക്കിലും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവൽ നവംബർ 11-ന് ഹൈദരാബാദിലെ പോലീസ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപകടകരമായ പ്രത്യാഘാതങ്ങളും സാധ്യതകളുമുള്ള യുദ്ധത്തിന്റെയും ദേശീയ സുരക്ഷയുടെയും ഒരു പുതിയ “രാഷ്ട്രീയ” സിദ്ധാന്തം അദ്ദേഹം ഏകപക്ഷീയമായി അവതരിപ്പിച്ചു.
അദ്ദേഹം പുതിയ പൊലീസ് ഓഫീസർമാരോട് പറഞ്ഞു: “യുദ്ധത്തിന്റെ പുതിയ അതിരുകള്‍, നിങ്ങൾ നാലാം തലമുറ യുദ്ധം എന്ന് വിളിക്കുന്നത് സിവിൽ സമൂഹത്തെയാണ്. യുദ്ധങ്ങൾ അവരുടെ രാഷ്ട്രീയമോ സൈനികമോ ആയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമായി മാറിയിരിക്കുന്നു. അവയുടെ ഫലങ്ങളെ കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുമ്പോൾ തന്നെ അവ വളരെ ചെലവേറിയതും താങ്ങാനാവാത്തതുമാണ്. എന്നാൽ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ക്ഷതമേൽപ്പിക്കുന്ന തരത്തിൽ അട്ടിമറികൾക്കും, വിഭജനത്തിനും നുണപ്രചാരണത്തിനും കൃത്രിമം കാണിക്കാനും പൗരസമൂഹത്തിന് (സിവിൽ സൊസൈറ്റി)ക്ക് സാധിക്കും.”
തന്റെ ഉദ്യോഗസ്ഥർ യുദ്ധത്തിലേർപ്പെടണമെന്ന് താൻ ആഗ്രഹിക്കുന്ന സിവിൽ സമൂഹത്തെ നിർവചിക്കാൻ ഡോവൽ മെനക്കെടുകയോ നമ്മുടെ സ്വന്തം ജനങ്ങൾക്കെതിരെ “നാലാം തലമുറ യുദ്ധം” പ്രഖ്യാപിക്കാൻ അദ്ദേഹത്തിനുള്ള അധികാരം എന്താണെന്ന് വിശദീകരിക്കുകയോ ചെയ്തില്ല. അദ്ദേഹം തന്നെത്തന്നെ കൂടുതൽ വിശദീകരിക്കേണ്ടതായിട്ടുണ്ട്, പക്ഷേ രാഷ്ട്രീയ എക്സിക്യൂട്ടീവിന്റെയും സ്വകാര്യമേഖലയുടെയും ശ്രമങ്ങളെ രാഷ്ട്രനിർമ്മാണമായി നിയമസാധുത നൽകുന്ന ഒരു സിദ്ധാന്തമാണിത്; കൂടാതെ പൗരരരുടെ സംഘടിത ഗ്രൂപ്പുകളുടെ (പൗരസമൂഹം) വിയോജിപ്പുകളെ അല്ലെങ്കിൽ എതിർ വാദങ്ങളെ വികസനത്തെയും ദേശീയതയെയും തുരങ്കം വയ്ക്കുന്നതായി ചിത്രീകരിക്കുന്നു. ഭരണഘടനയിലെ ജനാധിപത്യ, സാമൂഹിക, വികസന സംരക്ഷണ വ്യവസ്ഥകളെ ബലഹീനമാക്കാൻ അദ്ദേഹം അദമ്യമായി ആഗ്രഹിക്കുന്നു.
1975-ൽ ഐഎഎസിനോട് വിടപറഞ്ഞ്, ഞാൻ ഒരു സാമൂഹിക പ്രവർത്തകയായി. നീതിയുടെയും സമത്വത്തിന്റെയും ഭരണഘടനാ മൂല്യങ്ങൾ ഇന്ത്യൻ, സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന്റെ കൂടുതൽ വശങ്ങളിൽ എങ്ങനെ സാന്ദ്രമാക്കുമെന്ന് അറിയാൻ ശ്രമിച്ചു. ഞാൻ ആദരിച്ച, സഹപ്രവർത്തകരും ക്യാംപെയിനുകളും പ്രസ്ഥാനങ്ങളും അധികാരമോ ലാഭമോ ആഗ്രഹിക്കാതെ. ഒരു സ്വതന്ത്ര രാജ്യത്തിന്റെ അടിത്തറ പാകുന്നതിൽ സത്യസന്ധതയോടെ പ്രവർത്തിച്ചു. സ്വാതന്ത്ര്യ പ്രസ്ഥാന കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ, പൗരരരുടെ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകലും സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം, അന്തസ്സ് എന്നീ ഭരണഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കി വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും വിഷയങ്ങളിൽ തുടർന്നും പ്രവർത്തിക്കുകയും തങ്ങളെ അലട്ടുന്ന കാര്യങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നു. ഇതാകാം ഈ സർക്കാരിന്റെ പ്രശ്നം.
ഇന്ത്യൻ രാഷ്ട്രത്തിന് ഭീഷണിയാകാൻ സാധ്യതയുള്ള ഞങ്ങളെ ലക്ഷ്യമിട്ടു കൊണ്ട്, പുതിയ നാലാം തലമുറ “യുദ്ധം” നടത്തേണ്ട സാധ്യതയുള്ള ശത്രുവായി “സിവിൽ സമൂഹത്തെ” കാണണമെന്ന് ഇന്ത്യൻ പൊലീസ് സർവീസിലെ പുതിയ ബാച്ചിനോടുമാണ് ഡോവൽ ആവശ്യപ്പെട്ടത്. ഇന്ന്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ, ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ള, സർക്കാർ സംവിധാനത്തിലുള്ള (പബ്ലിക്ക് ഓഫീസ്) ഞങ്ങളുടെ ബാച്ചിൽ നിന്നുള്ള ഒരേയൊരു വ്യക്തി അദ്ദേഹമായിരിക്കും. നാലാം തലമുറ യുദ്ധത്തെക്കുറിച്ചും സിവിൽ സമൂഹം ഉയർത്തുന്ന ഭീഷണിയെ ക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിപരമായ വീക്ഷണങ്ങൾ എന്തുമാകട്ടെ, എന്നാൽ, ബാക്കിയുള്ള ഞങ്ങളെ പോലയല്ല അദ്ദേഹം ഒരു പൊതുസേവകൻ എന്ന നിലയിൽ, ഭരണഘടന അനുസരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. “പൗര സമൂഹത്തിന്” നേരെ തോക്ക് ചൂണ്ടാൻ ഡോവലിന് അധികാരം നൽകുന്ന ഒരു വാചകം പോലും ഭരണഘടനയിൽ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല. വാസ്തവത്തിൽ, ഒരു മുതിർന്ന ഉപദേഷ്ടാവ് എന്ന നിലയിൽ, ഇന്ത്യ എന്ന ഭരണഘടനാപരമായ ആശയത്തിന്റെ യഥാർത്ഥ എതിരാളികളേക്കാൾ, ഇന്ത്യയുടെ സിവിൽ സമൂഹത്തിനെതിരെ ആഭ്യന്തര യുദ്ധം ചെയ്യാൻ പോകുകയാണെങ്കിൽ അദ്ദേഹം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ദോഷമാണ് ചെയ്യുക..
ഒരു രാഷ്ട്രീയ നിയമനമാണ് തന്റേത് എന്നതിനാൽ സർക്കാരിനെ നയിക്കുന്നവരെ വിമർശിക്കുന്നവർ രാജ്യത്തിന് ഭീഷണിയാണെന്ന് ഡോവൽ തീരുമാനിച്ചതായി തോന്നുന്നു. ഉള്ളിലെ എതിർപ്പാണ് ശത്രുവായി നിർവചിക്കപ്പെടുന്നത്. ജനാധിപത്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുള്ള ഏക നിയമസാധുത അത് പാസാക്കുന്ന നിയമങ്ങൾക്കും നിക്ഷിപ്തമാണെന്ന് ഇത് വാദിക്കുന്നു. അതേ പ്രസംഗത്തിൽ അദ്ദേഹം പറയുന്നു: ‘ജനാധിപത്യത്തിന്റെ സാരസർവസ്വം ബാലറ്റ് പെട്ടിയിലല്ല. ഈ ബാലറ്റ് പെട്ടികളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആളുകൾ ഉണ്ടാക്കുന്ന നിയമങ്ങളിലാണ് അത് അടങ്ങിയിരിക്കുന്നത്. അതുമാത്രമല്ല, തീർച്ചയായും, “ദേശം”, “ദേശീയത” എന്നിവ പോലെയുള്ള, തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അങ്ങനെ “നിയമവാഴ്ച” യെ നിർവചിക്കുന്ന സ്ഥാപനമായി മാറുന്നു.
ഇതിന് ഒരു പാറ്റേൺ ഉണ്ട്. സായുധ സേനകളുടെയെല്ലാം ആദ്യ മേധാവിയായി നിയമിതനായ ജനറൽ ബിപിൻ റാവത്ത് ടൈംസ് നൗ ടെലിവിഷനിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “ജമ്മു കശ്മീർ (ജെ&കെ) പ്രദേശവാസികൾ തീവ്രവാദികളെ കൊല്ലുമെന്ന് പറയുന്നു, ഇത് വളരെ ശുഭസൂചകമാണ്… എന്തുകൊണ്ട് നിങ്ങളുടെ പ്രദേശത്ത് ഒരു തീവ്രവാദി പ്രവർത്തിക്കുന്നുവെങ്കിൽ, അവനെ കൊല്ലാതിരിക്കണം?” തീവ്രവാദി ആരാണെന്ന് നിർവചിക്കാനും തുടർന്ന് “ശിക്ഷ” സ്വന്തം കൈകളിലേക്ക് എടുക്കാനും ജനറൽ റാവത്ത് ആൾക്കൂട്ടത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതാണോ “നിയമവാഴ്ച”?
രാഷ്ട്രീയമായി നിയമിതനായ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) അധ്യക്ഷൻ, അടുത്തിടെ കേന്ദ്ര പൊലീസ് സേനയുമായി ചേർന്ന് ഒരു സംവാദം സംഘടിപ്പിച്ചു: “ഭീകരവാദവും നക്സലിസവും പോലുള്ള തിന്മകൾക്കെതിരെ പോരാടുന്നതിന് മനുഷ്യാവകാശങ്ങൾ തടസ്സമാണോ?” എന്നതായിരുന്നു അത്. മനുഷ്യാവകാശം സംരക്ഷിക്കാൻ നിയമാനുസൃത ഉത്തരാവാദിത്തമുള്ള (statutory conscience-keeper) സംവിധാനം “മനുഷ്യാവകാശങ്ങൾ” – നിയമപരമായ ഉത്തരവുകളും എൻഎച്ച്ആർസിയും – ഒരു “തടസ്സം” ആണോ എന്ന് ചോദിക്കുന്ന സംവാദം സംഘടിപ്പിച്ചത്.
ഇതെല്ലാം നമ്മുടെ സ്വന്തം ജനങ്ങൾക്കെതിരെയുള്ള അപകടകരമായ ആക്രമണമാണ്. അത് നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും പൗരത്വത്തെയും തുരങ്കം വയ്ക്കുന്ന അനീതിയുടെ ഭാവിയെ പ്രവചിക്കുന്നു. ഇക്കാരണങ്ങളാൽ, ഇത് ഇന്ത്യ എന്ന ആശയത്തെ ദുർബലപ്പെടുത്തുന്നു. ഇത് അല്ലെങ്കിൽ മറ്റേതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അലംഘനീയമായ ജനാധിപത്യ ഉത്തരവാദിത്തങ്ങളുണ്ട്. വ്യതിചലിക്കാനോ വെളിപാടുകൾ കൊണ്ടുള്ള അവകാശവാദങ്ങളോ സാധ്യമല്ലാത്ത നിലയിൽ ഭരണഘടനയ്ക്ക് വിധേയമായതാണ്.