പൗരത്വ ഭേദഗതി നിയമത്തിനു പിന്നിലെ രാഷ്ട്രീയം

പലരും ഭയപ്പെടുന്നത് പൗരത്വ നിയമം പോലൊരു അട്ടിമറി നടപടി ആസൂത്രണം ചെയ്തവര്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ തന്നെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതികള്‍ നടപ്പിലാക്കില്ലേ എന്നാണ്

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കൂടി പാസാക്കിയതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്റെ ഭീഷണമായ ഇടപെടല്‍ യാഥാര്‍ഥ്യമായിരിക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിക്കൊണ്ടുള്ള പ്രതിഷേധം പല മേഖലകളിലും ഉയര്‍ന്നുകഴിഞ്ഞു. ആരംഭത്തില്‍ തന്നെ വടക്കുകിഴക്കന്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍, പൗരത്വനിയമം വഴി കുടിയേറ്റക്കാര്‍ക്കു വന്‍തോതില്‍ പൗരത്വം ലഭിക്കാനിടയായാല്‍ തദ്ദേശവാസികള്‍ക്ക് തങ്ങളുടെ സാംസ്‌കാരിക അസ്ഥിത്വം അപടത്തിലാകുമോയെന്ന ആശങ്കയില്‍നിന്ന് ഉയര്‍ന്നുവന്നതാണ്. അവിടങ്ങളില്‍ തന്നെ മുസ്‌ലിം വിഭാഗങ്ങള്‍ തങ്ങളുടെ പൗരത്വം തന്നെ അപകടത്തിലാവുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രതിഷേധരംഗത്തുള്ളത്. പശ്ചിമബംഗാളില്‍ ശക്തിപ്രാപിക്കുന്ന മുസ്‌ലിം പ്രതിഷേധവും ആ ആശങ്കയെ അടിസ്ഥാനമാക്കിയുള്ളതാണ്.

Read More: ആരാണ് പൗരന്‍? ആരാണ് പൗരനല്ലാത്തത്?

ഡല്‍ഹിയില്‍ ആദ്യം ജെഎന്‍യുവില്‍ തുടങ്ങുകയും തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ തീവ്രരൂപം കൈവരിക്കുകയും ചെയ്ത പ്രതിഷേധം, പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ മതേതര ജനാധിപത്യ ഘടനയെ തകര്‍ക്കുകയും മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍ രണ്ടാം തരം പൗരന്മാരാക്കുകയും ചെയ്യുന്നുവെന്ന് തിരിച്ചരിഞ്ഞുകൊണ്ടുള്ളതാണ്. ഇത്തരം പ്രതിഷേധങ്ങള്‍ കൂടുതല്‍ വ്യാപിക്കാനാണു സാധ്യത.

ഹിന്ദുത്വ ശക്തികള്‍ രണ്ടാം തവണയും അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഈ പൗരത്വ ഭേദഗതി നിയമത്തിലൂടെ സംഭവിച്ചതുപോലത്തെ ഒരട്ടിമറി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏറെക്കുറെ വേരുറച്ചുകൊണ്ടിരുന്ന നമ്മുടെ മതേതര ജനാധിപത്യഘടനയില്‍ ശക്തമായ ആഘാതമാണ് ഈ നിയമം ഏല്‍പ്പിച്ചിരിക്കുന്നത്.

ഫൊട്ടോ : പ്രവീൺ ഖന്ന

അഫ്ഘാനിസ്ഥാനില്‍നിന്നും നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലെത്തിയ നാനാ മതസ്ഥരായ അഭയാര്‍ഥികളും കുടിയേറ്റക്കാരുമായിട്ടുള്ളവരില്‍ മുസ്ലിങ്ങള്‍ ഒഴികെയുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം പൗരത്വം നല്‍കാമെന്നു വ്യവസ്ഥ ചെയ്യുന്നതാണു പുതിയ നിയമം. മുസ്ലിങ്ങള്‍ക്കെതിരായ ഈ വിവേചനം നമ്മുടെ രാഷ്ട്രീയ, സാമൂഹ്യഘടനയില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ കണക്കുകൂട്ടാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമായിരിക്കും.
ഇപ്പോള്‍ കണക്കുകൂട്ടാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമായിരിക്കും.

ഇന്നത്തെ ഇന്ത്യന്‍ ജനസംഖ്യയില്‍ 15 ശതമാനത്തോളമേ മുസ്ലിങ്ങളുള്ളൂവെങ്കിലും ചുരുങ്ങിയത് കഴിഞ്ഞ ആയിരം വര്‍ഷത്തെ ഇന്ത്യാ ചരിത്രം പരിശോധിച്ചാല്‍ ഹിന്ദു, മുസ്ലിം സമൂഹങ്ങള്‍ തമ്മിലുള്ള കെട്ടുപിണഞ്ഞ സങ്കീര്‍ണബന്ധങ്ങളുടെ ചരിത്രമാണതെന്ന് കൂടി കാണാന്‍ കഴിയും. ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അധികാരം കയ്യാളിയിരുന്ന പ്രമുഖ ചക്രവര്‍ത്തിമാരില്‍ മുസ്ലിങ്ങള്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നുവെന്ന് കാണാം. ജനസംഖ്യയിലെ പങ്കിനെ അപേക്ഷിച്ച് എത്രയോ മടങ്ങ് രാഷ്ട്രീയവും സാമൂഹ്യവും ചരിത്രപരവുമായ സ്വാധീനം ചെലുത്താന്‍ മുസ്ലിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നു ചുരുക്കം. ഫ്യൂഡല്‍ കാല ചരിത്രത്തിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പറയാമെങ്കിലും ഇന്ത്യയെപ്പോലെ അതിവിപുലവും സങ്കീര്‍ണവുമായ ഒരു സമൂഹത്തിനു അതിന്റെ സുദീര്‍ഘമായ ചരിത്രത്തെ എളുപ്പത്തില്‍ വിസ്മരിക്കാനാവുകയില്ല. സമകാലിക യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ ആ ചരിത്രം സഹായിക്കുകയേയുള്ളൂ. പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഈ ചരിത്രബോധം ഏറെ പ്രസക്തവുമാണ്.

പൗരത്വ നിയമത്തില്‍ പ്രകടമാവുന്ന മുസ്ലിം അവഗണന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ സൃഷ്ടിയാണ്. ചരിത്രബോധമില്ലായ്മയല്ല ഇവിടുത്തെ പ്രശ്‌നം. തങ്ങളുടേതായ രീതിയില്‍ ഇന്ത്യാ ചരിത്രം പുതുക്കിയെഴുതാനാണ് ഹിന്ദുത്വ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വബില്‍ പാസാക്കിയതിലൂടെ ഈ ചരിത്ര നിര്‍മിതിയില്‍ വലിയൊരു ചുവടുവയ്പാണ് അവര്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളില്‍ ഏറ്റവും പ്രബല വിഭാഗമായ മുസ്ലിങ്ങള്‍ ഇതോടെ രണ്ടാം തരം പൗരന്മാരായി മാറിയിരിക്കുന്നു. ജാതി, മത, ഭാഷാ, ലിംഗ ഭേദങ്ങളൊന്നുമില്ലാതെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും തുല്യപദവി ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. ബില്ല് പാസാക്കിയവരുടെ ലക്ഷ്യവും അതുതന്നെ.

ഫൊട്ടൊ: വിശാല്‍ ശ്രീവാസ്തവ

നേരത്തെ സൂചിപ്പിച്ച മുസ്ലിം ഭൂരിപക്ഷമുള്ള അയല്‍രാജ്യങ്ങളിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ അവിടങ്ങളില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങളെത്തുടര്‍ന്ന് കാലാകാലങ്ങളായി ഇന്ത്യയില്‍ അഭയം തേടിയിട്ടുണ്ടെന്നും അങ്ങിനെയുള്ളവര്‍ക്ക് പൗരത്വം നല്‍കുകയാണ് ഈ നിയമത്തിന്റെ ഉദ്ദേശ്യമെന്നുമാണ് പ്രയോക്താക്കള്‍ അവകാശപ്പെടുന്നത്. ഈ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷമായതുകൊണ്ട് അവര്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്നും അതുകൊണ്ട് അവര്‍ക്കു പരിഗണന ആവശ്യമില്ലെന്നുമാണ് തുടര്‍വ്യാഖ്യാനം. ഈ വാദം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്ന് ഒറ്റനോട്ടത്തില്‍ കാണാവുന്നതേയുള്ളൂ. മുസ്ലിങ്ങളില്‍ തന്നെയുള്ള പല വിഭാഗങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളും സംഘട്ടനങ്ങളും ലോകമെമ്പാടും നിത്യ യാഥാര്‍ഥ്യങ്ങളാണ്. കണ്ണടച്ചിരുട്ടാക്കി ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നിഷേധിക്കുന്നതില്‍ അര്‍ഥമില്ല. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്ന് മാത്രമല്ല, മ്യാന്മറും ശ്രീലങ്കയും പോലുള്ള മറ്റു പല അയല്‍രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ മുസ്ലിങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

തങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ചില രാജ്യങ്ങളില്‍ മാത്രം, അതും മതാധിഷ്ഠിതമായി മാത്രം പീഡിപ്പിക്കപ്പെടുന്നവരെ മാത്രം സംരക്ഷിക്കാനുള്ള വ്യഗ്രത സത്യസന്ധമോ താത്വാധിഷ്ഠിതമോ അല്ലെന്നു പ്രകടമായി കാണാം. ഈ രാജ്യങ്ങളില്‍ തന്നെ രാഷ്ട്രീയമായും സാമൂഹ്യമായും മറ്റു പല രീതിയിലും പീഡിപ്പിക്കപ്പെടുന്നവര്‍ ഏറെയാണ്. മറ്റു പല രാജ്യങ്ങളിലും മതാധിഷ്ഠിതമായും മറ്റു രീതികളിലും പീഡിപ്പിക്കപ്പെടുന്നവര്‍ ധാരാളമുണ്ട്. അവരുടെ കാര്യത്തിലൊന്നും യാതൊരു താല്‍പ്പര്യവും കാട്ടാതെ ഏതാനും മുസ്ലിം മേധാവിത്ത രാജ്യങ്ങളിലെ മുസ്ലിം ഇതര വിഭാഗങ്ങള്‍ നേരിടുന്ന പീഡനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ കാരണം പ്രകടമാണല്ലോ. മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന് അന്തരീക്ഷമൊരുക്കലാണ് അതിലൂടെ സാധ്യമാവുന്നത്.

നമ്മുടെ ജനാധിപത്യഘടനയെ അടിസ്ഥാനപരമായി ബാധിക്കുന്ന നിയമനിര്‍മാണം നടത്തുമ്പോള്‍ മുകളില്‍ സൂചിപ്പിച്ചത് പോലുള്ള യാഥാര്‍ഥ്യങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം പരിഗണനകള്‍ എല്ലാം ഒഴിവാക്കിക്കൊണ്ട് ചില ഇടുങ്ങിയ ലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് പൗരത്വബില്‍ പാസാക്കിയത്. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതിലൂടെ ഹിന്ദുസമൂഹത്തിനു സ്വാഭാവികമായി ലഭിക്കുന്ന മേധാവിത്തത്തെ ഉപയോഗപ്പെടുത്തി മുഴുവന്‍ ഹിന്ദുക്കളെയും തങ്ങളോടൊപ്പം നിര്‍ത്താനാവുമെന്നാണ് ഹിന്ദുത്വവാദികള്‍ കണക്കുകൂട്ടുന്നത്. പ്രകടമായ ഇത്തരം വര്‍ഗീയ വിഭജനത്തിലൂടെ തങ്ങള്‍ക്കനുകൂലമായ ഭൂരിപക്ഷ ഹിന്ദു വോട്ട് ബാങ്ക് വളര്‍ത്തിയെടുക്കാനാവുമെന്ന് അവര്‍ വിലയിരുത്തുകയും അതിനനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്യുന്നു.

Citizenship Amendment Act protest, ie malayalam
ഫൊട്ടോ: അഭിനവ് സാഹ

ബഹുസ്വരമായ, അതിവിപുല സമൂഹമെന്ന നിലയ്ക്ക് പൗരാണികകാലം മുതല്‍ക്കും ആരോഗ്യകരമായി, ചലനാത്മമകമായി നിലനില്‍ക്കുന്ന ആധുനിക മതേതരജനാധിപത്യ സമൂഹമെന്ന നിലയ്ക്ക് സമകാലിക സാഹചര്യത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഇന്ത്യന്‍ സമൂഹമാണ് മതാധിഷ്ഠിത രാഷ്ട്രീയഘടനയിലേക്കും വര്‍ഗീയ വിഭജനത്തിലേക്കും നിപതിച്ചുകൊണ്ടിരിക്കുന്നത്. മതേതരജനാധിപത്യത്തെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. ഇപ്പോഴും അതങ്ങനെത്തന്നെയാണ്. മുപ്പതു ശതമാനത്തിലേറെ വോട്ട് കൊണ്ട് അധികാരത്തില്‍ വന്നവരാണ് ഇന്നിവിടെ കേന്ദ്രാധികാരം കയ്യാളുന്നത്. അവര്‍ക്കു വോട്ട് ചെയ്തവരില്‍ തന്നെ പലരും ഹിന്ദുത്വരാഷ്ട്രീയം മനസിലാക്കി വോട്ട് ചെയ്തവരായിരിക്കില്ലെന്നും വ്യക്തമാണ്. ഏതായാലും ഇന്ത്യന്‍ രാഷ്ട്രീയം എത്തി നില്‍ക്കുന്നത് വലിയൊരു പ്രതിസന്ധിഘട്ടത്തിലാണ്.

ഇന്ത്യയിലെ മതേതര ജനാധിപത്യശക്തികള്‍ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാന്‍ പോകുന്നത് എങ്ങനെയെന്ന് പ്രവചിക്കുക സാധ്യമല്ല. നാല് വര്‍ഷത്തിനു ശേഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പാണ് ഒരവസരമെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കപ്പെടണമെന്നില്ല. പലരും ഭയപ്പെടുന്നത് പൗരത്വ നിയമം പോലൊരു അട്ടിമറി നടപടി ആസൂത്രണം ചെയ്തവര്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ തന്നെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതികള്‍ നടപ്പിലാക്കില്ലേ എന്നാണ്. ഇത്തരം സാധ്യതകളെ തടയാന്‍ കഴിയും വിധം മതേതരജനാധിപത്യ പ്രതിപക്ഷം ശക്തമല്ലെന്നതാണ് ഈ സാഹചര്യത്തെ കൂടുതല്‍ ഭീഷണമാക്കുന്നത്.

ഏതായാലും പ്രതിപക്ഷപാര്‍ട്ടികളെല്ലാം ചേര്‍ന്ന് സംയുക്തമായി ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത് ശുഭോദര്‍ക്കമാണ്. നിയമം പിന്‍വലിക്കണമെന്നുള്ള ന്യായമായ ആവശ്യം നേടിയെടുക്കത്തക്കവിധം മുന്നോട്ടുപോവാന്‍ അവര്‍ക്കു എത്രത്തോളം കഴിയുമെന്നു കണ്ടറിയണം. കേരളത്തില്‍ നിയമം നടപ്പാക്കുകയില്ലെന്നുള്ള പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അതു ഗൗരവതരമായ രാഷ്ട്രീയപ്രതിസന്ധിയിലേക്കു നയിക്കും.

മേഘാലയയും മറ്റും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാമെന്നു അമിത് ഷാ
പറഞ്ഞിട്ടുണ്ടെങ്കിലും പിണറായിയുടെ വെല്ലുവിളി ആ തലത്തില്‍ കൈകാര്യം
ചെയ്യാനാവില്ല. കേന്ദ്രനിയമം നടപ്പാക്കാതിരിക്കാനാവില്ലെന്നു ഗവര്‍ണര്‍ ഓര്‍മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിയമം നടപ്പാക്കാത്ത സംസ്ഥാനങ്ങളെ പുറത്താക്കാന്‍ കേന്ദ്രത്തിനു ഭരണഘടനാനുസൃതമായ അധികാരമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പൗരത്വ ബില്‍ പ്രശ്‌നം ആ തലം വരെയൊക്കെ എത്തുകയാണെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Citizenship amendment act 2019 protest widened k venu

Next Story
ആരാണ് പൗരന്‍? ആരാണ് പൗരനല്ലാത്തത്?Citizenship (Amendment) Act, പൗരത്വ ഭേദഗതി നിയമം, Citizenship (Amendment) Bill, പൗരത്വ ഭേദഗതി ബില്‍, CAB passed in Parliament, സിഎബി പാർലമെന്റ് പാസാക്കി, CAB, സിഎബി, NRC, എൻആർസി, Indian citizenship, ഇന്ത്യൻ പൗരത്വം, what is CAB, എന്താണ് സിഎബി, Protest against Citizenship (Amendment) Act, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com