ബഹുമാനപ്പെട്ട മുഖ്യമന്ത്രീ… അത് ഏതോ ഒരു പിളളയല്ല!

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കസേരകളിലൊന്നിലിരിക്കുമ്പോൾ അന്ന് അതുപോലെ തന്നെ ജനാധിപത്യത്തിന്റെ ഭാഗമായി ജീവിച്ച ഒരു മനുഷ്യനെ ഇങ്ങനെ അവഹേളിക്കരുത്.

തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച വിവാദം കത്തിപടരുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് അത് ഏതോ ഒരു പിള്ളയുടെ ഭൂമിയായിരുന്നുവെന്നാണ്. അത് ഏതോ ഒരു പിള്ളയല്ലെന്ന് മുഖ്യമന്ത്രി ദയവായി മനസ്സിലാക്കണം.

പ്രശസ്ത തമിഴ് പണ്ഡിതനും അധ്യാപകനുമായിരുന്ന മനോന്മണിയം സുന്ദരനാർ എന്ന പ്രൊഫ. പി.സുന്ദരംപിള്ളയാണ്, സർ ആ ഭൂമിയുടെ ഉടമസ്ഥൻ. അദ്ദേഹത്തിന്റെ പേരിലാണ് തിരുനെൽവേലിയിലെ ഒരു യൂണിവേഴ്സിറ്റിയുടെ പേര് – മനോന്മണിയം സുന്ദരനാർ എന്നാണ് അത്- അദ്ദേഹത്തിനോടുള്ള ആദരം കൊണ്ടും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ചുമാണ് തിരുനെൽവേലി സർവകലാശാലയക്ക് ആ പേര് നൽകിയത്.

അദ്ദേഹത്തിന്റെ മകന്റെ കൈവശമുള്ളപ്പോഴാണ് ഇപ്പോഴത്തെ വിവാദ ഭൂമിയുൾപ്പടെ നൂറേക്കറോളം വരുന്ന ഭൂമി രാജഭരണകാലത്ത് കണ്ടുകെട്ടുന്നത്. തിരുവിതാംകൂർ രാജാവ് തന്നെ സുന്ദരംപിള്ളയ്ക്ക് നൽകിയ ഭൂമിയാണത് എന്നാണ് ഒരു ചരിത്രം. അത് ശരിയാവാനാണ് സാധ്യത. കാരണം അക്കാലത്ത് ഭൂ ഉടമാവകാശവും അത് നൽകുന്നതിലുമെല്ലാം രാജാധികാരത്തിന്റെ ഭാഗമായിരുന്നല്ലോ. എന്നാൽ, ആ ഭൂമിയുടെ പേരിലല്ല ഇതെഴുതന്നത് ആ ഭൂമി വേണ്ടെന്നുവച്ചതുമല്ല, ആ ഭൂമിയിൽ ഒതുങ്ങുന്നതുമല്ല സുന്ദരംപിള്ളയുടെയും മകൻ നടരാജപിള്ളയുടെയും ജീവിതവും സംഭാവനകളും.

കണ്ണൂർ പിണറായി സ്വദേശിയായ മുഖ്യമന്ത്രിക്ക് ഒരു പക്ഷേ, തെക്കൻ കേരളത്തിന്റെ മൂലയിൽ ജീവിച്ച ആ പണ്ഡിതനെയും അദ്ദേഹത്തിന്റെ മകൻ നടരാജപിള്ളയെയും അറിയില്ലായിരിക്കാം. അദ്ദേഹത്തിന്റെ മകന്റെ പേര് പി.എസ്.നടരാജപിള്ള. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള. കേരളത്തിൽ ഇന്നില്ലാത്ത പിഎസ്‌പി എന്ന രാഷ്ട്രീയ പാർട്ടിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1954-55 കാലത്ത് തിരു-കൊച്ചി സംസ്ഥാനത്തിന്റെ ധനമന്ത്രിയായിട്ടുണ്ട്. എംഎൽഎ, എംപി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിനെ തുടർന്ന് ജയിലിൽ പലതവണ കിടക്കേണ്ടി വന്നിട്ടുണ്ട് നടരാജപിള്ളയക്ക്. ബ്രിട്ടീഷ്, രാജഭരണ സംവിധാനങ്ങൾക്കെതിരെ സമരം നടത്തിയതിനെ തുടർന്നു സി.പി.രാമസ്വാമി അയ്യരുടെ ശത്രുതയ്ക്ക് പാത്രമായ നടരാജപിള്ളയ്‌ക്ക് പൈതൃകമായി കിട്ടിയ ഹാർവിപുരം കുന്നും അതിലെ കെട്ടിടവും (ഹാർവിപുരം ബംഗ്ലാവും) അന്നത്തെ രാജഭരണം കണ്ടുകെട്ടിയതാണ്. അതിലെ സ്ഥലത്താണ് ഇപ്പോൾ പേരൂർക്കടയിലെ ലോ അക്കാദമി സ്ഥിതി ചെയ്യുന്നത്.

രാജഭരണം പോയി ജനായത്തം വന്നപ്പോൾ ഭൂമി തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് വച്ച നടരാജപിള്ള പിതാവിന്റെ പേരിലുണ്ടായിരുന്ന സ്കൂളും സർക്കാരിന് കൈമാറുകയാണ് ചെയ്തത്. ഇന്നത് പി.എസ്.നടരാജപിള്ള സ്മാരക സ്കൂളായി പേരൂർക്കടയിൽ വിവാദ ലോ അക്കാദമിക്ക് സമീപം തന്നെയുണ്ട്. ഭൂപരിഷ്ക്കരണത്തിനായുള്ള ആദ്യ കരട് രേഖ തയാറാക്കിയതും ഇദ്ദേഹമായിരുന്നുവെന്നത് ഓർമ്മിക്കുന്നവർ ചിലരെങ്കിലും കേരളത്തിലുണ്ടാകും. അന്ന് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമെല്ലാം കമ്മ്യൂണിസ്റ്റുകാർ ഭൂ സമരം ചെയ്യുകയുമായിരുന്നു.

1962ൽ അദ്ദേഹം തിരുവനന്തപുരത്ത് നിന്നും എം പി ആയത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു. തോൽപ്പിച്ചതോ തന്റെ സ്നേഹിതന്റെ മകനും പി എസ് പിയുടെ സ്ഥാനാർത്ഥിയുമായ പട്ടം കൃഷ്ണപിളളയെയും. ആ എം പി സ്ഥാനത്തിരിക്കുമ്പോഴാണ് 1966ൽ അദ്ദേഹം മരണമടഞ്ഞത്. അപ്പോൾ വാടക വീട്ടിലാണ് അദ്ദേഹവും കുടുബവും കഴിഞ്ഞിരുന്നത്. അതായത് സ്വന്തംപേരിൽ ഒരു തുണ്ട് ഭൂമി പോലും അദ്ദേഹത്തിനില്ലായിരുന്നുവെന്നല്ലേ സർ അതിനർത്ഥം. അതിനുശേഷം രണ്ടു വർഷം കഴിഞ്ഞ് 1968 ൽ ഈ ഭൂമി ലോ അക്കാദമിക്ക് മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയത് അന്ന് കൃഷി മന്ത്രിയായിരുന്ന കേരളാ ക്രൂഷ്ചേവ് എന്നറിയപ്പെട്ടിരുന്ന സിപിഐയിലെ എം.എന്‍ ഗോവിന്ദന്‍ നായരും. ഇതെല്ലാം ചരിത്രമാണ്. പിന്നെ നടന്നതെല്ലാം നാട്ടുകാർ അറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇതാണ് നടരാജപിള്ളയുടെ ജീവിതത്തെ കുറിച്ചുള്ള നഖചിത്രം.

ഇവിടെ ഭൂമി പ്രശ്നമല്ല വിഷയം, വിഷയം മറ്റൊന്നാണ് ഇത്രയും നിസ്വമായി ജീവിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ ഏതോ ഒരു പിള്ളയല്ല സർ, 1966 ൽ അദ്ദേഹം മരിക്കുമ്പോൾ അങ്ങേയ്ക്ക് വോട്ടവകാശം ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങ് ഇന്ന് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കസേരകളിലൊന്നിലിരിക്കുമ്പോൾ അന്ന് അതുപോലെ ജനാധിപത്യത്തിന്റെ ഭാഗമായി ജീവിച്ച, ഒരു മനുഷ്യനെ ഇങ്ങനെ അവഹേളിക്കരുത്. അങ്ങേയ്ക്ക് ഏതോ ഒരു പിള്ളയായിരിക്കാം പക്ഷേ, കേരള മുഖ്യമന്ത്രിക്ക് അതാവാൻ പാടില്ല. സ്വാതന്ത്ര സമര സേനാനിയും സോഷ്യലിസ്റ്റും അങ്ങേയറ്റം സത്യസന്ധനുമായ രാഷ്ട്രീയ പ്രവർത്തകനും അതിലേറെ ഒരു മനുഷ്യനുമായിരുന്നു പി.എസ്.നടരാജപിള്ള എന്ന ഓർമ ശ്രീ പിണറായി വിജയന് വേണം എന്നുപറയുന്നില്ല പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അത് ഉണ്ടാവണം സർ. അത് ചരിത്രബോധത്തിന്റെ മാത്രം പ്രശ്നമല്ല; രാഷ്ട്രീയ ബോധ്യത്തിന്റേത് കൂടിയാണ്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Chief minister pinarayi vijayan law accademy land issue

Next Story
മോദിണോമിക്‌സ് അര്‍ത്ഥമാക്കുന്നത് എന്താണ്?: ചെലവിടുന്നതിനേക്കാള്‍ പ്രവര്‍ത്തനസജ്ജമായ ഗവണ്‍മെന്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express