ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം തീര്‍ച്ചയായും ഭരണത്തിലുള്ള ഇടതു മുന്നണിക്ക്‌ അഭിമാനിക്കാവുന്നത്‌ തന്നെയാണ്. ഈ ഫലം തികച്ചും അപ്രതീക്ഷിതവുമല്ല. ഏഴായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ ഭരണ മുന്നണി ജയിച്ചിരുന്ന സീറ്റില്‍ അവര്‍ക്ക് ജയിക്കാനാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ഭൂരിപക്ഷം മൂന്നിരട്ടിയായതാണ് അപ്രതീക്ഷിതം എന്നു പറയാവുന്നത്.

വോട്ടിന്‍റെ കണക്കുകള്‍ പരിശോധി ച്ചാല്‍ മൂന്നു കക്ഷികളുടെയും അടിസ്ഥാനവോട്ടില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നു കാണാം. മൊത്തം വോട്ടിലുണ്ടായ പതിനായിരം വോട്ടിന്‍റെ വര്‍ദ്ധനവ്‌ മൂന്നായി ഭാഗിച്ചാല്‍ യു.ഡി.എഫിന് കിട്ടേണ്ടിയിരുന്ന വോട്ടിന്‍റെ തൊട്ടു താഴെയാണ് ഇപ്പോള്‍ അവര്‍ക്ക് കിട്ടിയ വോട്ട്. അതു പ്രകാരം ഇടതുപക്ഷത്തിന് കിട്ടേണ്ടിയിരുന്നതിലും പതിനായിരത്തിലധികം വോട്ടു അവര്‍ക്ക് കൂടുതല്‍ കിട്ടിയിട്ടുണ്ട്.

ഈ രീതിയില്‍ ബി.ജെ.പി.ക്ക് കിട്ടേണ്ടിയിരുന്നതിലും പതിനായിരം വോട്ടു കുറവാണ് അവര്‍ക്ക് കിട്ടി യിരിക്കുന്നത്. ഇതാകട്ടെ ബി.ഡി.ജെ.എസ്. മുന്‍ നിലപാടില്‍ നിന്നു പിന്‍ വാങ്ങിയത് കൊണ്ടാണ് താനും. ഈ വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയതെന്ന് കരുതാം.

Read More: കോൺഗ്രസ് രാഷ്ട്രീയം വഴിത്തിരിവിൽ

ഈ രീതിയിലായിരിക്കണമെന്നില്ല കാര്യങ്ങളുടെ യഥാര്‍ത്ഥ കിടപ്പ്. മറ്റു പല ഘടകങ്ങളും ഇതോടൊപ്പം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം പ്രഖ്യാപിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്‌ മുന്നോക്കവോട്ടാണെന്നു വ്യക്തമാണ്. ഇടതു പക്ഷത്തിനു കിട്ടിയ അധികവോട്ടില്‍ ഒരു ഭാഗം ഇതായിരിക്കാം. ബി.ഡി. ജെ.എസിന്‍റെ പിന്നോക്ക വോട്ടില്‍ ഒരു ഭാഗം യു.ഡി.എഫിനും കിട്ടിയിട്ടുണ്ടാകാം.

സാമുദായിക വോട്ടു ബാങ്കുകളെ ഉപയോഗപ്പെടുത്തുന്നതില്‍ കേരളത്തിലെ പാര്‍ട്ടികള്‍ കുറച്ചു കാലമായി സമര്‍ത്ഥമായ ഇടപെടലുകള്‍ നടത്തി ക്കൊണ്ടിരിക്കുന്നത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്.

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ക്ഷേത്രത്തില്‍ പോയത് മൃദുഹിന്ദുത്വമാണെന്ന് പ്രചരിപ്പിച്ചത് പോലെ ചെങ്ങന്നൂരിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി ദീര്‍ഘകാലമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരുന്നിട്ടും അയ്യപ്പസേവാസംഘത്തിന്‍റെ നേതാവാണെന്ന പേരില്‍ അതേ പ്രചരണമാണ് ഇടതുമുന്നണി കെട്ടഴിച്ചു വിട്ടത്. അതുണ്ടാക്കുന്ന സാമുദായിക ധ്രുവീകരണം ഊഹിക്കാവുന്നതേയുള്ളൂ.

ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ അവിടെ നടത്തിയ ഫലപ്രദമായ വികസനപ്രവര്‍ത്തനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ട്  അവഗണിക്കാവുന്നതല്ല. പുതിയ ഇടതു സ്ഥാനാര്‍ഥിയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനുമാണ്. ഇടതു പക്ഷ തിരഞ്ഞെടുപ്പു സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചപ്പോള്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി പറഞ്ഞത് പല ബൂത്തുകളിലും സ്ലിപ്പ് കൊടുക്കാനുള്ള ആളുപോലും ഉണ്ടായിരുന്നില്ലെന്നാണ്. ഒരു കാഡര്‍ പാര്‍ട്ടി അല്ലാത്ത കോണ്‍ഗ്രസ്സിനെപ്പോലുള്ള പാര്‍ട്ടികളുടെ ഈ അവസ്ഥ സ്വാഭാവികമാണ്.

സംസ്ഥാന തലത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍. അതിനു പ്രതിബദ്ധതയുള്ള നേതൃത്വം വേണം. അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധി അത്തരം ഒരു ബദല്‍ നേതൃത്വമായി ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കേരളത്തില്‍ അങ്ങിനെ ഒരു നേതൃത്വമില്ലെന്നതു കോണ്‍ഗ്രസ്സിന്‍റെ ഗതികേട് തന്നെ. എന്നിട്ടും, ചെങ്ങന്നൂരില്‍ കണ്ടത് പോലെ കോണ്‍ഗ്രസ്സിനും യു.ഡി.എഫി നും അവരുടെ അടിസ്ഥാന വോട്ട് നിലനിര്‍ത്താനാകുന്നു എന്നത് അത്ഭുതകരമായ സംഗതി തന്നെയാണ്.chengannur election,k venu, kevin

തൊഴിലാളിവര്‍ഗ സര്‍വാധിപത്യം പോലുള്ള ഫാസിസ്റ്റ് രാഷ്ട്രീയം കയ്യൊഴിച്ചിട്ടില്ലാത്ത സി.പി.എമ്മിനെപ്പോലുള്ള ഒരു പാര്‍ട്ടിയെ ജനാധിപത്യ നിലപാടില്‍ നിന്നു കൊണ്ട് നേരിടാനുള്ള രാഷ്ട്രീയ ധാരണയോ സംഘടനാശേഷിയോ കോണ്‍ഗ്രെസ്സിനില്ലന്നതാണ് കേരള രാഷ്ട്രീയം നേരിടുന്ന മുഖ്യ പ്രതിസന്ധി.

ചെങ്ങന്നൂരില്‍ കണ്ടതും ഇത് തന്നെയാണ്. സ്റ്റാലിനിസ്റ്റ് ശൈലിയില്‍ സ്വേച്ഛാധിപത്യപരമായി പാര്‍ട്ടിയെ കൊണ്ട് നടന്നതു പോലെ കഴിഞ്ഞ രണ്ടു കൊല്ലമായി ഉദ്യോഗസ്ഥവൃന്ദവും പോലീസും ഉള്‍പ്പെടുന്ന ഭരണ സംവിധാനത്തെ തന്‍റെ വരുതിയിലാക്കാന്‍ ശ്രമിച്ചിട്ടു ദയനീയമായി പരാജയെപ്പെട്ടു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണ പരാജയം ഫലപ്രദമായി തുറന്നുകാട്ടിയിരുന്നെങ്കില്‍ ചെങ്ങന്നൂരിലെ അവസ്ഥ വ്യത്യസ്തമാകുമായിരുന്നു. അടുത്തകാലത്തായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പോലീസതിക്രമങ്ങളും ലോക്കപ്പ് കൊലപാതകങ്ങളും കെവിന്‍ എന്ന ദലിത് ചെറുപ്പക്കാരന്‍റെ നിഷ്ടൂരമായ കൊലപാതകത്തില്‍ എത്തിയിട്ടും ഇതെല്ലാം ഭരണവിരുദ്ധ വികാരമാക്കി മാറ്റാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നത് ഗുരുതരമായ രാഷ്ട്രീയ വീഴ്ച തന്നെയാണ്.

അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ കണ്ടത് ആവര്‍ത്തിക്കാനിടയുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളെ കേരളത്തിലെ ജനങ്ങള്‍ വ്യത്യസ്ത രീതിയിലാണ് സമീപിക്കാറുള്ളതെന്നു ആവര്‍ത്തിച്ചു തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

ലോകസഭയില്‍ ആരാണ് പരാജയപ്പെടെണ്ടത് എന്നു തിരിച്ചറിഞ്ഞു കൊണ്ട് വോട്ടു ചെയ്യാന്‍ ഒരു വിഭാഗം മലയാളികള്‍ ജാഗ്രത കാട്ടാറുണ്ട്‌. ഏറെ ജാഗ്രത പുലര്‍ത്തേണ്ട ഒരു ലോകസഭാ തിരഞ്ഞെടുപ്പ് ആണല്ലോ വരാനിരിക്കുന്നത്. മോദി ഭരണം വീണ്ടും വരികയെന്ന ഫാസിസ്റ്റ് ഭീഷണി ഒഴിവാക്കാനായി അഖിലേന്ത്യാ തലത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ വിശാലമായ ഐക്യം എന്ന ആശയത്തിനു കേരളത്തിലും സ്വീകാര്യത വര്‍ധിച്ചു വരികയാണല്ലോ. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനോടൊപ്പം അഖിലേന്ത്യാ തലത്തില്‍ നടന്ന നാല് ലോകസഭാ മണ്ഡലങ്ങളിലും പതിനൊന്നു നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ വിശാലമായ ഐക്യത്തിന്‍റെ പ്രാധാന്യം യാതൊരു സംശയത്തിനും ഇടം നല്‍കാത്തവിധം തെളിയിച്ചിരിക്കുകയാണ്.

ബി.ജെ.പി.യുടെയും സഖ്യകക്ഷിയുടെയും നിലവിലുള്ള നാല് മണ്ഡലങ്ങളില്‍ രണ്ടിലും ബി.ജെ.പി. തോറ്റിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയ ലോക് ദളിന്‍റെ സ്ഥാനാര്‍ഥിക്ക്‌ മായാവതിയുടെ ബി.എസ്.പി.യും അഖിലേഷ് യാദവിന്‍റെ എസ്.പി.യും കോണ്‍ഗ്രെസ്സും ഒരുമിച്ചു പിന്തുണ നല്‍കുകയാണ് ചെയ്തത്. ആര്‍.എല്‍.ഡി.സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. യു.പി.യില്‍ തന്നെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ എസ്.പി.യുടെ സ്ഥാനാര്‍ഥിയും ബി.ജെ.പി.യെ പരാജ പ്പെടുത്തിക്കൊണ്ട് വിജയിക്കുകയാണുണ്ടായത്. അവിടെയും മഹാസഖ്യം തന്നെയാണ് ഈ വിജയത്തിന് കാരണം.k venu, chengannur election,bjp

2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ യു.പി.യില്‍ എസ്.പി.യും ബി.എസ്.പി. യും വേറിട്ടു മത്സരിച്ചതു കൊണ്ടാണ് ബി.ജെ.പി.ക്കവിടെ തൂത്തുവാരാന്‍ കഴിഞ്ഞത്. ബി.ജെ.പി ഇതര പാര്‍ട്ടികളെല്ലാം ഒന്നിച്ചാല്‍ ബി.ജെ.പി.ക്കു ഒരു സീറ്റ് എങ്കിലും കിട്ടുക എളുപ്പമായിരിക്കില്ല.

ബീഹാറിലും ഇത് തന്നെയാണ് സ്ഥിതി. അവിടെ സമീപ കാലത്ത് രൂപം കൊണ്ടിരുന്ന മഹാ സഖ്യത്തെ പൊളിച്ചു നിതീഷ്കുമാറിന്‍റെ ജെ.ഡി.യു., ബി.ജെ.പി യോടൊപ്പം ചേരുകയായിരുന്നു. ഇപ്പോള്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ ജെ.ഡി.യു നിര്‍ത്തിയ സ്ഥാനാര്‍ഥിയെ ലാലു യാദവിന്‍റെ ആര്‍.ജെ.ഡി. കോണ്‍സ്സിന്‍റെ സഹായത്തോടെ പരാജയപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ ഈ ഐക്യം തുടരുകയാണെങ്കില്‍ ജനാധിപത്യ ശക്തികള്‍ക്ക് മുന്‍കൈ നേടാനാകുമെന്ന് ഉറപ്പാണ്.

ഇത്തരമൊരു ഐക്യം പൊതുവില്‍ രൂപംകൊണ്ടിട്ടില്ലാത്ത മഹാരാഷ്ട്രയില്‍ അതു കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോകസഭാമണ്ഡലങ്ങളില്‍ ഒന്നില്‍ ബി.ജെ.പി ജയിച്ചത്‌. മറ്റൊന്നില്‍ എന്‍.സി.പി യും ജയിച്ചു. അവിടെ ഒരു നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സും ജയിച്ചു.

നാഗാലാന്‍ഡ്‌ ലോകസഭാ മണ്ഡലത്തില്‍ ബി.ജെ.പി സഖ്യകക്ഷിയായ എന്‍.ഡി.പി.പി ക്ക് വിജയിക്കാനായത് അവര്‍ക്ക് ചെറിയൊരു ആശ്വാസം നല്‍കുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നു നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പി.ക്കു വിജയിക്കാനായത്. ബാക്കിയുള്ള പത്തില്‍ നാലിലും കോണ്‍ഗ്രെസും ബാക്കി ആറില്‍ വിവിധ പാര്‍ട്ടികളും വിജയികുകയാണുണ്ടായത്.

ഇതിനുമുമ്പും വിവധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരെഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വിരുദ്ധ പ്രവണത കാണാമായിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ വിപുലമായ മേഖലകളില്‍ പ്രകടമായിരിക്കുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ ഫലസൂചനയായി, ചുവരെഴുത്തായി  ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ