scorecardresearch
Latest News

പബ്ലിഷിങ് കൗച്ച് അഥവാ പ്രസാധകരംഗത്തെ അക്ഷരത്തെറ്റുകൾ

കാസ്റ്റിങ് കൗച്ചും മീടുവുമൊക്കെ സിനിമാ മേഖലയിൽ വലിയ തോതിൽ പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ചതായിരുന്നുവെങ്കിൽ കേരളത്തിലപ്പോൾ സാംസ്കകാരിക മേഖലയിലെ ആണധികാര അതിക്രമങ്ങളെ കുറിച്ചാണ് അതിജീവിതകൾ സംസാരിക്കുന്നത്

പബ്ലിഷിങ് കൗച്ച് അഥവാ പ്രസാധകരംഗത്തെ അക്ഷരത്തെറ്റുകൾ

കാസ്റ്റിങ് കൗച്ച് എന്നത് സിനിമാ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ചൂഷണത്തെ കുറിച്ച് പൊതുസമൂഹത്തിൽ രൂപപ്പെട്ട പ്രയോഗമാണെന്ന് തോന്നുന്നു. ഇത് പിന്നീട് ലോക സിനിമാ രംഗത്തെ മാത്രമല്ല, സമൂഹത്തിൽ തന്നെ ആഴത്തിൽ വേരോടിയെ ഇരപിടയിൻ ആണത്തഘോഷങ്ങളുടെ മേലുള്ള പ്രഹരമായി ‘മീടു’ ക്യാംപെയിനിലേക്ക് നയിച്ചു. അതിജീവിതകളുടെ അടിച്ചമർത്തപ്പെട്ട ശബ്ദം ഉയർന്നു വന്നു. അധികാരം കൊണ്ടും ആൾബലം കൊണ്ടും ചവിട്ടിയരയ്ക്കപ്പെട്ട നീതിക്ക് വേണ്ടി ഉയർന്ന ശബ്ദം നിരവധി കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു. വീണവയുണ്ട്, ഉലഞ്ഞവയുണ്ട്, അങ്ങനെ ‘മീടു’ ക്യാംപെയിൻ ഒരു ചലനം സൃഷ്ടിച്ചു.

കാസ്റ്റിങ് കൗച്ച് എന്നത് സിനിമാ മേഖലയിലെ പ്രതിഭാസമായിരന്നുവെങ്കിൽ കൾച്ചറൽ കൗച്ച് എന്ന മറ്റൊരു പ്രതിഭാസത്തിനാണ് മാധമ്യ, സാഹിത്യ പ്രസിദ്ധീകരണ രംഗങ്ങളിൽ നിന്നുള്ള വാർത്തകൾ ലോകത്തോട് പറഞ്ഞത്. ദേശീയ തലത്തിൽ മാധ്യമ പ്രവർത്തനത്തിലെ തൊട്ടപ്പന്മാരും ഗ്രന്ഥകർത്താക്കളും രാഷ്ട്രീയ നേതാക്കളുമായിരുന്നവരാണ് ആദ്യം ഈ ഇരപിടിയന്മാരെന്ന് തിരിച്ചറിയപ്പെട്ടത്. അത് പിന്നീട് മറ്റ് മേഖലകളിലേക്കും കടന്നുവന്നു. കേരളത്തിലേക്ക് എത്തിയപ്പോഴും സിനിമാ മേഖലയിലെ വെള്ളിത്തരിക്കാഴ്ചകൾക്ക് പിന്നിലെ അതിക്രമങ്ങളുടെ കഥകൾ കെട്ടുകഥകളല്ലെന്ന് പലർക്കും ബോധ്യപ്പെട്ടിട്ടില്ല. വെള്ളിവെളിച്ചത്തിലേക്ക് ആകർഷിക്കപ്പെട്ട് ജീവിതം നഷ്ടമാകുന്ന ഈയലുകളല്ല, മറിച്ച് തന്ത്രപരമായി രൂപപ്പെടുത്തുന്ന കുരുക്കുകളിൽ വീണ് ചിറകറ്റുപോകുന്നവരാണ് ആ അതിജീവിതകൾ. പലപ്പോഴും ഇതൊന്നും പുറത്ത് പറയാനുള്ള ശേഷി പോലും ആർക്കും ഉണ്ടാകണമെന്നില്ല. കരിയർ, മാത്രമല്ല, അതിന് തടസമാകുന്നത് മുന്നോട്ടുള്ള ജീവിതം പോലും നഷ്ടമാകാം എന്ന ഭയമാണതിന് അടിസ്ഥാനം.

സിനിമാ മേഖലയും അതിലെ പണവും പദവിയും ബന്ധങ്ങളുമൊക്കെയാണ് അതിജീവിക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നത്. എന്നാൽ, ഇതേയളവിലോ അല്ലെങ്കിൽ ഏറിയോ കുറഞ്ഞോ കേരളത്തിലെ സമസ്ത രംഗങ്ങളിലും ഇത്തരം അതിക്രമങ്ങൾ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. സിനിമ പോലെതന്നെയോ അല്ലെങ്കിൽ അതിൽ നിന്നും അധികം വ്യത്യാസമില്ലതാതെയോ നടക്കുന്നതാണ് കേരളത്തിലെ സാംസ്കാരിക രംഗത്തെ പബ്ലിഷിങ് കൗച്ച് എന്നാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലെ വെളിപ്പെടുത്തൽ അടിവരയിടുന്നത്.

കുറച്ചു കാലം മുമ്പ് ചെറുകഥാകൃത്തുകൂടിയായ ഒരു പ്രസാധക സ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട ജോലിയിലിരുന്ന വ്യക്തിക്കെതിരെയാണ് ‘മീടു’ ആരോപണം ഉയർന്നത്. അത് പിന്നെ എങ്ങനെ അവസാനിച്ചു എന്നറിയില്ല. ഒതുക്കിതീർത്തതാകാം. അല്ലെങ്കിൽ പിന്തുണയില്ലാതെ അതിജീവിത നിശബ്ദയായതാകാം. എന്തായാലും അത് കഴിഞ്ഞ് ആ മേഖലയിൽ നിന്നും അധികം വിഷയങ്ങൾ അടുത്തിടെ വരെ ഉണ്ടായില്ല. എന്നാൽ, രണ്ട് മൂന്ന് മാസത്തിനുള്ളില്‍ കേരളത്തിലേറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത് ഈ കൾച്ചറൽ കൗച്ചിനെ കുറിച്ചാണ്. അടുത്തിടെയാണ് ഒരു പുരോഗമന സാഹിത്യകാരനായ രാഷ്ട്രീയ പ്രവർത്തകനെതിരെ കവിയായ യുവതിയാണ് ആരോപണം ഉന്നയിച്ചത്. വളരെ ചെറിയ പ്രായത്തിൽ ആ വ്യക്തിയിൽ നിന്നും തനിക്കേറ്റ ആഘാതം മറികടക്കാനെടുത്ത 12 വർഷത്തെ ജീവിതത്തെയാണ് അവർ വെളിപ്പെടുത്തിയത്.

ആ വെളിപ്പെടുത്തൽ സൃഷ്ടിച്ച വിറയൽ അവസാനിക്കും മുമ്പ്, അധ്യാപകനും എഴുത്തുകാരനുമായ വ്യക്തിയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന വിഷയം പ്രസാധകയായ മറ്റൊരു യുവതി, രേഖപ്പെടുത്തിയത്. ഇതെന്റെ ‘മീടു’ അല്ല എന്ന് പറഞ്ഞുകൊണ്ട് അവർ മുന്നോട്ട് വച്ച വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായപ്പോൾ അദ്ദേഹത്തിന് വേണ്ടി രംഗത്തിറങ്ങിയതിൽ മുൻ അധ്യാപകനും കവിയും ആയ സ്നേഹമയനായ വ്യക്തിത്വവുമുണ്ടായിരുന്നു. കൃഷ്ണപക്ഷവും രാമപക്ഷവുമൊക്കെയാക്കി തന്റെ പക്ഷം എന്താണെന്ന് വ്യക്തമാക്കി. പക്ഷാന്തം കവിത്വമോ വിടത്തമോ എന്തായാലും തൊട്ടുപിന്നാലെ ആ കവിവര്യന് എതിരെയും വന്നു ആരോപണം.

ഇവയൊക്കെ സൃഷ്ടിച്ച നടുക്കത്തിൽ നിന്നും ഒന്ന് പുറത്തിറങ്ങാവുന്ന അവസ്ഥയിലേക്ക് എത്തുമ്പോഴാണ് പുതിയൊരു വെളിപ്പെടുത്തൽ പുറത്തുവരുന്നത്. അതൊരു പബ്ളിഷിങ് കൗച്ചാണ് എന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് അതിജീവിതയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. “ചെലവൊന്നുമില്ലാതെ രണ്ട് പുസ്തകം ഞാനിറക്കിത്തന്നില്ലേ?” എന്ന ആരോപണവിധേയൻ ചോദിച്ചുവെന്നാണ് അതിജീവിത പറഞ്ഞത്. കേരളത്തിലെ പബ്ളിഷിങ് കൗച്ച് എന്ന കൾച്ചർ കൗച്ചിലെ ഉപവിഭാഗത്തിലേക്ക് വാതിൽ തുറക്കുന്നതാണ് ഈ വിളിച്ചുപറയൽ. ഇത് പബ്ലിഷിങ്ങിൽ മാത്രം ഒതുങ്ങന്ന ഒന്നല്ലെന്നാണ് മറ്റൊരു അരമന രഹസ്യം. ഇത്തരം ചില കുരുക്കുകൾ മുറുക്കുന്ന ആണധികാരത്തിന്റെ അദൃശ്യമായ കൈവേലകളുടെ ബലമുണ്ടിതിന് എന്നത് നിസ്തർക്കമായ വസ്തുതയാണ്.

ഇത് സിനിമാ, മാധ്യമ, സാംസ്കാരിക മേഖലകളിൽ മാത്രമല്ല, രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലും സമസ്ത തൊഴിലിടങ്ങളിലും കാണാം. മാധ്യമരംഗം ഉൾപ്പടെ പലയിടങ്ങളിലും ഔദ്യോഗികമായി തന്നെ നിരവധി പരാതികൾ വരുകയും നല്ലപങ്കും പലവിധ കാരണങ്ങളാൽ പിൻവലിക്കപ്പെടുകയോ തള്ളിപ്പോവുകയോ ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ഉത്തരാവാദികൾക്കെതിരെ സ്ഥാപനങ്ങൾ (മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പടെ) നടപടി സ്വീകരിച്ചിട്ടുണ്ട്. വേട്ടക്കാരെന്ന് ആരോപിക്കപ്പെട്ടവരിൽ ചിലർക്കെതിരെ നടപടിയും ചിലർക്ക് സ്ഥാനമാനങ്ങളും ഒരേ പാർട്ടികളിൽ തന്നെ കാണാനാകും. അതിനെന്താണ് അടിസ്ഥാനം എന്ന് അന്വേഷിച്ചാൽ, ആൾബലമോ അർത്ഥബലമോ കൊണ്ടുള്ള അധികാര കേന്ദ്രത്തോടുള്ള അടുപ്പത്തിലെ ഏറ്റിറക്കങ്ങളാകും കാരണം എന്ന് കാണാനാകും. ഇത് രാഷ്ട്രീയത്തിൽ മാത്രമല്ല, എല്ലായിടത്തും ഒരുപോലെ നിലനിൽക്കുന്നതാകും. സിനിമാ രംഗത്ത് ആണെങ്കിലും മറ്റേത് രംഗത്താണെങ്കിലും തൊഴിൽ നഷ്ടം, അപവാദ പ്രചാരണം, കള്ളക്കേസുകൾ ഉൾപ്പടെയുള്ള ഭീഷണികളെ കൂടി അതിജീവിച്ച് വേണം പരാതിക്കാർക്ക് മുന്നോട്ട് പോകേണ്ടി വരുക.

അടുത്തിടെ സംസ്ഥാന ടൂറിസം ഡയറക്ടർ ഇറക്കിയ ഉത്തരവ് പരാതിക്കാരായ സ്ത്രീകൾക്കെതിരായ നീക്കമായിരുന്നു. അത് വിവാദമായതോടെ ഉത്തരവ് പിൻവലിച്ച് ഡയറ്ക്ടറെ മാറ്റി. ഇപ്പോഴദ്ദേഹത്തിന് നൽകിയിരിക്കുന്ന ചുമതല ജില്ലാ കലക്ടറുടേതാണ്.

ഇതെഴുതിയപ്പോൾ ആരുടെയും പേര് എഴുതാതത്ത് എന്താണ് എന്ന ചോദ്യമോ സംശയമോ വിമർശനമോ തോന്നുന്നവരോടും ഉന്നയിക്കുന്നവരോടും അതിനുള്ള കാരണം കൂടി പറയാം. ഇത് ഒരു വ്യക്തിയുടെയോ പേരിന്റെയോ പ്രശ്നമല്ല. ഭരണകൂടത്തിന്റെ, ആൾക്കൂട്ട ആക്രോശങ്ങളുടെ പാട്രിയാർക്കൽ വേരുകൾ ആഴ്ന്നിറങ്ങിയ സമൂഹത്തിന്റെ വ്യക്തി ചിത്രങ്ങളാണ് വേട്ടക്കാരും അവർക്കൊപ്പമുള്ളവരും. അവരുടെ അധികാരവും സമൂഹം അവർക്ക് നൽകുന്ന പ്രിവില്ലേജും പരിഗണനയും ഒക്കെ ഈ ഇരപിടിയൻ മനോഭാവത്തിലേക്ക് അവരെ നയിക്കുന്നുണ്ടാകണം. ആണധികാരത്തിന്റെ എല്ലാ ആടയാഭരണങ്ങളും അണിഞ്ഞാണ് മറ്റെല്ലായിടത്തുമെന്ന പോലെ സാംസ്കാരിക മേഖലയിലും ഈ അതിക്രമങ്ങളൊക്കെ നടമാടുന്നത്. ഈയവസ്ഥയെ കുറച്ചുകൂടി ചുരുക്കി പറഞ്ഞാൽ പുറംലോകം അറിഞ്ഞ സംഭവങ്ങളേക്കാൾ ഭയാനകമായിരിക്കും അറിയാത്തവ. അതായത് വ്യക്തികളുടെ സ്വഭാവദൂഷ്യമെന്ന അളവുകോലിന് അപ്പുറമാണ് കാര്യങ്ങൾ.

ഇത്തരം അതിക്രമങ്ങളെ അതിജീവിക്കുന്നവർ എവിടെ എത്തുന്നു എങ്ങനെ മുന്നോട്ട് പോകുന്നു എന്നത് പലപ്പോഴും പൊതുസമൂഹം അറിയാറില്ല. അക്രമം നടത്തുന്നവരും അവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അതിജീവിതകൾ സമീപക്കുന്ന ഭരണകൂടവും പാട്രിയാർക്കിയെന്ന അധികാരവ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ നീതിയിലേക്കുള്ള വഴികളിലും അതേ രാഷ്ട്രീയാധികാരത്തിന്റെ വിവിധ രൂപങ്ങൾ മാത്രമേ കാണാനും പൊതുവിൽ സാധിക്കുകയുള്ളൂ. അതിജീവിതകളെ പിന്തുണയ്ക്കാൻ മാത്രമല്ല, ശിക്ഷിക്കുക, രക്ഷിക്കുക എന്ന ദ്വന്ദത്തിനപ്പുറം ഈ വിഷയത്തെ കാണാനും പിതൃമേധാവിത്വരാഷ്ട്രീയത്തിലധിഷ്ഠിതമായ ഭരണകൂടത്തെ ജനാധിപത്യവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി സിനിമയിലും സാംസ്കാരിക രംഗത്തും മാത്രമല്ല, സമൂഹത്തിൽ പൊതുവിൽ നിനിൽക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് വിരമാമിടാനാവുകയുള്ളൂ.

മൂന്നര ദശകത്തോളം പഴക്കമുള്ള കേരളത്തിലെ ആധുനിക സ്ത്രീ പ്രസ്ഥാനങ്ങളുടെ പ്രവർത്തനത്തങ്ങളുടെ ഫലമായാണ് കേരളത്തിൽ മറ്റിടങ്ങളേക്കാളും ഇത്തരം ലൈംഗികാതിക്രമങ്ങളും ലിംഗ അസമത്വം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും കുറച്ചെങ്കിലും പൊതുസമൂഹത്തിലെ ശ്രദ്ധയിൽപ്പെട്ടത്. 1985 ൽ രൂപം കൊണ്ട മാനുഷി മുതൽ രൂപം കൊണ്ട് സ്ത്രീപ്രസ്ഥാനങ്ങൾ കേരളത്തിൽ പല നിലകളിൽ നടന്ന സ്ത്രീ വിമോചന പ്രവർത്തനങ്ങൾ സ്ത്രീ വിഷയങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിലും കേരളത്തെ ആധുനിക സമൂഹത്തിന് യോജ്യമായ രീതിയിൽ ജനാധിപത്യവൽക്കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിലും ഒരുപരിധിവരെ സഹായകമായി.

കേരളത്തിൽ യുവ നടിക്ക് നേരെ നടന്ന ആക്രമണം പൊതുസമൂഹത്തെ ഞെട്ടിച്ച ഒന്നായിരുന്നു. ആ ഞെട്ടലിൽ നിന്നുള്ള ഊർജ്ജം കൂടി ഉൾക്കൊണ്ടുകൊണ്ടായിരിക്കണം മലയാള സിനിമാ മേഖലയിൽ വിമൻ ഇൻ സിനിമാ കലക്ടീവ് (ഡ ബ്ലിയു സി സി) പോലൊരു പ്രസ്ഥാനം രൂപംകൊണ്ടത്. ആ പ്രസ്ഥാനത്തിനെതിരെ എന്തൊക്കെ വിമർശനങ്ങൾ ആരൊക്കെ ഉന്നയിച്ചാലും അത്തരമൊരു മൂവ്മെന്റ് മലയാളം സിനിമാ വ്യവസായത്തിൽ മാത്രമല്ല, പൊതുസമൂഹത്തിലും ഉയർത്തിയ വിഷയങ്ങൾ ചെറുതല്ല. അത് സൃഷ്ടിച്ച അലയൊലികൾ ചെറിയ ചില മാറ്റങ്ങൾക്ക് വഴി തുറന്നു. എത്ര ദുർബലമാണെന്ന് പറഞ്ഞാലും ഉറച്ച ചില പ്രതിരോധ ശബ്ദങ്ങൾ കേൾക്കാൻ നമുക്ക് നമ്മുടെ ചെവികൾ തുറക്കേണ്ടി വന്നു. ഹേമ കമ്മറ്റി നടപ്പാക്കിയാലും ഇല്ലെങ്കിലും ഒരു കമ്മിറ്റി വെക്കാൻ സർക്കാർ നിർബന്ധിതമായി. സിനിമാ വ്യവസായത്തിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിക്കുന്നവരാണെന്നും അവർക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നും അത് പരിഹരിക്കേണ്ടതാണെന്നും വ്യവസായലോകവും പൊതുസമൂഹവും തിരച്ചറിയുകയും ചെയ്തു. അതുകൊണ്ട് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നല്ല, പക്ഷേ, ചെറിയ കാലയളവിൽ ഡബ്ലിയു സി സി പോലെ ചെറിയൊരു സ്ത്രീ സംഘം നേടിയെടുത്ത തിളക്കമാർന്ന നേട്ടം തന്നെയാണിത്.

കേരള സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ നിലവിലുള്ള സംവിധാനങ്ങൾ കൊണ്ടൊന്നും സാധിക്കുകയില്ലെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്. സിനിമാ മേഖലയിലെന്ന പോലെ മറ്റിടങ്ങളിലൊന്നും ഡബ്ലിയു സി സി പോലൊരു സംഘനടയ്ക്ക് പിൻബലമോ വാർത്താ പ്രാധാന്യമോ കിട്ടാൻ സാധ്യതയില്ല എന്നതും വസ്തുതയാണ്. എങ്കിലും എല്ലാ മേഖലകളിലും അതിജീവിതകൾക്ക് പിന്തുണ നൽകാനും തങ്ങളുടെ തൊഴിലിടങ്ങളും സാമൂഹിക ഇടപെടൽ രംഗങ്ങളും കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ ഇതുപോലുള്ള പ്രസ്ഥാനങ്ങൾ എല്ലായിടങ്ങളിലും രൂപപ്പെടേണ്ടതുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Casting couch in publishing