scorecardresearch
Latest News

നവ ജാതികേരളവും ഫെമിനിസവും

പുതിയ നൂറ്റാണ്ടിലെ ജാതിവിരുദ്ധ സമരത്തിന്‍റെ ഹൃദയഭാഗത്തുതന്നെ ലിംഗ-ലൈംഗിക ഘടനാവിരുദ്ധ സമരവും ഉണ്ടാകണം. മാനവ-അമാനവ പോർവിളികളിൽ ഇക്കാര്യത്തെ മുക്കിക്കളയുന്നത് ആത്മഹത്യാപരമാണ്, ജെ ദേവിക എഴുതുന്നു

j devika

കേരളത്തിലിന്ന് ചില പുതിയ സ്വഭാവങ്ങളോടുകൂടിയ ഹൈന്ദവ-ക്രിസ്തീയ ജാതിചിന്ത വളർന്നു കഴിഞ്ഞിരിക്കുന്നതിനുള്ള അനിഷേധ്യ തെളിവുകളാണ് വടയമ്പാടി ജാതിമതിലും മറ്റ് സമകാലിക സംഭവങ്ങളും. സമീപകാലവരേണ്യതയുടെ – അതായത്, 1990കൾക്കു ശേഷമുള്ള കാലത്തിൽ ഇരുപതാം നൂറ്റാണ്ടിൽത്തന്നെ ശക്തിപ്രാപിച്ച സവർണരും സമീപകാല അവസരങ്ങളിലൂടെ പുതുവരേണ്യത സൃഷ്ടിക്കുന്ന വിഭാഗക്കാരും വളർത്തിയെടുത്തിരിക്കുന്ന സംസ്കാരത്തിന്‍റെ – അവിഭാജ്യഘടകമായി ഈ പുതിയ ജാതിചിന്ത മാറിക്കഴിഞ്ഞിരിക്കുന്നു എന്നു വേണമെങ്കിൽ വാദിക്കാം. 1990കൾക്കു ശേഷം ധനവും പുതിയ സാംസ്കാരിക വിഭവങ്ങളും കൈവരിച്ച നവഇസ്ലാമിന്‍റെ പല വിഭാഗങ്ങളിലും പുതിയ ജാതി-അസമത്വവാദങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതിനെപ്പറ്റി സമകാലിക മലബാറിനെപ്പറ്റിയുള്ള ഗവേഷണത്തിൽ സൂചനകളുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, മലയാളമെന്ന പ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സവിശേഷമായ ജാതിവ്യവസ്ഥ പുതിയ രൂപത്തിൽ തലയുയർത്തുകയല്ലേ ഇന്ന്?

അതിന് ജാതിവിവേചനം ഇവിടെ ഉന്മൂലനം ചെയ്യപ്പെട്ടില്ലല്ലോ എന്നാവും പ്രതികരണം. അത് ശരി തന്നെ, പക്ഷേ ഇവിടെ സാന്നിദ്ധ്യത്തെപ്പറ്റിയല്ല, രൂപത്തെപ്പറ്റിയാണ് പറഞ്ഞത്. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ വികാസങ്ങൾ ജാതിശ്രേണിയുടെ രൂപത്തിലും പ്രവർത്തനത്തിലും ചില മാറ്റങ്ങളുണ്ടായതിന്‍റെ ഫലമായി ജാതിചിന്തയിൽ ഉടലെടുത്ത വിവേചനങ്ങളെ പലവിധ ജാതി-നിരപേക്ഷ ന്യായീകരണങ്ങളാൽ മറച്ചു വയ്ക്കാമെന്ന് വന്നു. മാത്രമല്ല,  മുസ്ലിം സമുദായത്തിന് പരമ്പരാഗത ജാതി വ്യവസ്ഥയിൽ നൽകപ്പെട്ടിരുന്ന സ്ഥാനം ക്രമേണ നഷ്ടമാകാൻ തുടങ്ങുകയും ചെയ്തു. പരമ്പരാഗത ജാതി വ്യവസ്ഥയിൽ ഇവിടുത്തെ ഹിന്ദു വരേണ്യർ (ബ്രാഹ്മണമതക്കാർ), സുറിയാനി ക്രിസ്ത്യാനികൾ, മുസ്ലിം ജനതയിലെ മേലാള വിഭാഗങ്ങൾ എന്നിവരായിരുന്നു അധികാരം കൈയാളിയിരുന്നത്. ഇവരെല്ലാം ഇവിടേയ്ക്ക് കുടിയേറിയവരാണെന്ന് സ്ഥാപിക്കുന്ന ഐതീഹ്യങ്ങളും നിലവിലുണ്ടായിരുന്നു. മലയാളത്തിലെത്തി ഇവിടെ രാഷ്ട്രീയാധികാരം സ്ഥാപിച്ച് അല്ലെങ്കിൽ രാഷ്ട്രീയാധികാരവുമായി ലോഹ്യപ്പെട്ട് പലതരം വിഭവങ്ങളും ജാതിസ്ഥാനങ്ങളും മറ്റും അവർ നേടിയ കഥകൾ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ദലിത് വിഭാക്കാരുടെ ഐതീഹ്യങ്ങളിലാകട്ടെ, നഷ്ടങ്ങളും പിടിച്ചുപറിയ്ക്കപ്പെട്ടതിന്‍റെ അനുഭവങ്ങളും ധാരാളമുണ്ട്.  ആദ്യം പറഞ്ഞ കൂട്ടരും ആദിമവാസികളും തമ്മിൽ നേരിട്ടു തന്നെ ഹിംസാപരവും, അടിമത്തത്തിലൂന്നിയതും, വിഭവ നിഷേധം, ആട്ടിയകറ്റൽ, തുടങ്ങിയ തിരസ്കരണങ്ങളെയും മറ്റും ആശ്രയിച്ച് നിൽക്കുന്നതുമായ അധികാര ബന്ധമാണ് ഉണ്ടായിരുന്നത്.

ഇന്ന്, നാം കാണുന്നത് ഇപ്പറഞ്ഞ പരമ്പരാഗത ജാതി വ്യവസ്ഥയിലേയ്ക്കുള്ള ഭാഗികമെങ്കിലും കാര്യമായ തിരിച്ചു പോക്കല്ലേ എന്നാണ് എന്‍റെ സംശയം. അതായത്, വടക്കേ ഇന്ത്യയിൽ ഉടലെടുത്ത ഗംഗാനദീതട സംസ്കാരവിരോധം അഥവാ ഹിന്ദുത്വവാദം വളർന്ന സാഹചര്യങ്ങളിൽ നിന്ന് പുതുജീവൻ സ്വീകരിച്ച് തങ്ങളുടെ പഴയകാല കോയ്മ വീണ്ടെടുക്കാമെന്ന (പാഴ്)സ്വപ്നവുമായി രംഗത്തെത്തിയിരിക്കുന്ന മലയാള ഹിന്ദുസവർണരും, ആ അന്നദാനസദ്യയിൽ നിന്ന് വല്ലതും തരപ്പെട്ടാൽ നന്നെന്നു മോഹിക്കുന്ന സവർണ ക്രിസ്തീയവിഭാഗങ്ങളും ഇന്നാട്ടിലെ ദലിതരെ നേരിട്ട്, ഹിംസാത്മക അധികാര പ്രയോഗത്തിലൂടെ, നഗ്നമായ പ്രത്യയശാസ്ത്ര ന്യായീകരണങ്ങളിലൂടെ, പഴയകാല സ്വഭാവമുള്ള തിരസ്ക്കരണവും അകറ്റലും വിഭവനിഷേധവും പുനഃസ്ഥാപിക്കുന്നതിലൂടെ, അടിച്ചമർത്തുന്ന കാഴ്ചയല്ലേ ഇന്ന് കാണുന്നത്?

j.devika

വ്യത്യാസങ്ങൾ ചിലതുണ്ട്.  ഉദാഹരണത്തിന്, പഴയ ജാതിവ്യവസ്ഥയിലെ ബ്രാഹ്മണ-ശൂദ്ര ഉടമ്പടി പോലെ, രാഷ്ട്രീയതലത്തിൽ മാത്രമാണെങ്കിലും, ഹിന്ദുത്വവാദികളുമായി ഉടമ്പടിയുണ്ടാക്കാൻ ഉത്സാഹിക്കുന്ന ഈഴവ പ്രമാണിമാരും അരയ സമുദായക്കാരുമുണ്ട്. അതുപോലെ, മുസ്ലിം വരേണ്യർ പുതിയ ജാതിവിവേചനവാദങ്ങൾ നിർമ്മിച്ച് സ്വസമുദായത്തിനുള്ളിലെ അന്തരങ്ങളെ ന്യായീകരിക്കുന്നുണ്ടായിരിക്കാമെങ്കിലും, ആ സമുദായം ഇന്ന് പുറമേ തിരസ്ക്കരിക്കപ്പെടുകയാണ്.

ഈ അവസ്ഥയിൽ ജാതിവിരുദ്ധസമരങ്ങളുടെ മൂർത്തസ്വഭാവം കൂട്ടായ ചിന്തയ്ക്കു വിഷയമാകേണ്ടതാണ്. മേൽവിവരിച്ച സവിശേഷ വിധത്തിൽ ജാതിചിന്ത പുനരുജ്ജീവിക്കപ്പെടുന്നതിനെ നേരിടാൻ കെൽപ്പുള്ള ജാതി വിരുദ്ധ സമരങ്ങളുടെ സൂക്ഷ്മസ്വഭാവം എന്തായിരിക്കണം? ജാതിഘടന തകർക്കപ്പെടേണ്ടതാണെന്ന ബോധവും അതിനായി പ്രവർത്തിക്കാനുള്ള തീരുമാനവും ഇന്ന് എല്ലാത്തരം സാഹചര്യങ്ങളിൽ പിറന്നവരിലുമുണ്ടെന്നതിനാൽ ഈ ചർച്ചയ്ക്ക് അതീവ പ്രാധാന്യമുണ്ട്. സവർണാധികാരം പുറത്തു നിന്നു മാത്രമല്ല, അകത്തു നിന്നും ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ട്. അതു പോലെ സാമൂഹ്യാധികാരത്തെ നാം മനസ്സിലാക്കുന്നതിലും മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ലിംഗ, വർഗ, പ്രായ, വിദ്യാഭ്യാസ- അധികാരങ്ങളുടെ പരസ്പരം മുറിച്ചുകടക്കലുകളെപ്പറ്റി വർദ്ധിച്ച അവബോധം ഇന്നുണ്ട്.

എല്ലാവരും ജാതി വിവേചനത്തെ തുറന്നെതിർക്കണം, സവർണർ വിവേചനം കാട്ടരുത്, എന്നും മറ്റുമുള്ള നിർദ്ദേശങ്ങൾക്ക് പ്രസക്തി തീർച്ചയായും ഉണ്ടെങ്കിലും അവയ്ക്ക് പരിമിതികളുമുണ്ട്. അവ അവ്യക്തങ്ങളും കനം കുറഞ്ഞവയുമാണ്. സർവ്വോപരി, അവ പലപ്പോഴും പ്രശ്നത്തിന്‍റെ ഘടനാതലത്തിന്‍റെ പ്രാധാന്യത്തെ അവഗണിക്കുകയും വ്യക്തിതലത്തിലേയ്ക്ക് പ്രശ്നത്തെ ചുരുക്കുകയും ചെയ്യുന്നു. ഇവയ്ക്ക് കൂടുതൽ കനവും ആഴവും പരപ്പും നൽകുന്നതു കൂടാതെ, ഇന്ന് പുനരുജ്ജീവിക്കപ്പെടുന്ന ജാത്യാധികാരത്തെ താങ്ങിനിർത്തുന്ന ഘടനകളെ അകത്തു നിന്നും പുറത്തു നിന്നും ക്ഷീണിപ്പിച്ച് ഇല്ലാതാക്കുന്ന ജാതിവിരുദ്ധപ്രയോഗങ്ങളെയാണ് നാം തേടേണ്ടത്.

j devika

ഇവിടെയാണ് ഫെമിനിസത്തെ പുനർനിർമ്മിക്കുകയും പുനർവിന്യസിക്കുകയും ചെയ്യേണ്ടത് അനിവാര്യമാകുന്നത്. മേൽവിവരിച്ച നവവരേണ്യത ഊന്നിനിൽക്കുന്നത് ഇരുപതാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ട, പലതരത്തിൽ ശാക്തീകരിക്കപ്പെട്ട, ജാതി-മത-സമുദായങ്ങളിലാണ്. അവയാകട്ടെ, 1990കൾക്കു ശേഷം (വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടമേഖലയിലേക്കു മാറിയതോടെ) സമുദായ കോർപറേറ്റുകളാണ് ജനക്ഷേമത്തിനായി പണ്ട് പതിച്ചു കിട്ടിയ മുതൽ ഇന്ന് ലാഭമുണ്ടാക്കാൻ വിനിയോഗിക്കപ്പെടുന്നു. ഈ ജാതി-മത-സമുദായങ്ങളെ ഏകോപിപ്പിച്ചു നിർത്താൻ, വിവരസാങ്കേതികവിദ്യയടക്കമുള്ള പല സാഹചര്യങ്ങൾ മൂലം, ഇന്ന് പഴയതിലധികം പ്രയാസമാണ്. സജാതീയവിവാഹമെന്ന സമ്പ്രദായമാണ് മുഖ്യമായും അവയെ താങ്ങിനിർത്തുന്നത്.

അപ്പോൾ സമീപകാലവരേണ്യവിരുദ്ധമായ ഫെമിനിസം സവർണജാതികളു ടെയും അവരുടെ കൂട്ടാളികളുടെയും സജാതീയവിവാഹത്തെ തിരസ്ക്കരിക്കുന്ന വിധമാകണം.അതായത്, മർദ്ദകസമുദായഘടനയെ തലമുറയുടെ തലത്തിലും ദൈനംദിനജീവിതത്തിന്‍റെ തലത്തിലും പ്രത്യുത്പാദിപ്പിക്കാൻ വിസമ്മതിക്കുന്ന പ്രയോഗങ്ങൾ ഈ ഫെമിനിസം കണ്ടെത്തണം. അവ സവർണേതര സമുദായക്കാരെ വിവാഹം കഴിക്കണെമെന്ന നിർദ്ദേശത്തിനപ്പുറം പോകുന്നവയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ലൈംഗിക വിമതത്വത്തെ വീണ്ടെടുക്കുന്നതും, സാമ്പ്രദായിക രീതിയിലല്ലാത്ത കുടുംബ-ചാർച്ചാബന്ധങ്ങൾ സൃഷ്ടിക്കലും എല്ലാം മേൽപ്പറഞ്ഞ പ്രത്യുത്പാദനധർമത്തിന്‍റെ നിഷേധം തന്നെയാണ്. അതേസമയം, അവർണ സമുദായ ഫെമിനിസത്തിന്‍റെ മുൻഗണനകൾ മറ്റു ചിലതാകാം . വിശേഷിച്ചും ഈ സമുദായങ്ങൾ നിരന്തരമായ ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ. തീർച്ചയായും ഈ സമുദായങ്ങളിൽ പിതൃമേധാവിത്വം കുറവാണെന്നെല്ല. ഈ സമുദായങ്ങളിലെ സ്ത്രീകൾ പുറത്തേയ്ക്ക് വിവാഹം കഴിച്ച കാരണത്താൽ ആക്രമിക്കപ്പെടുന്നതിനെ തീരെ ന്യായീകരിക്കാനുമാവില്ല. സജാതീയവിവാഹങ്ങളെ അനുകൂലിക്കുന്നതിന് പകരം ഈ സമുദായങ്ങളിലെ സ്ത്രീകൾ വർദ്ധിച്ച അവകാശങ്ങളും അധികാരങ്ങളും ആവശ്യപ്പെടുന്നതിനെ പിൻതാങ്ങേണ്ടതുമുണ്ട്. ഇവിടെ ചർച്ചചെയ്യുന്നത് സമീപകാല വരേണ്യവിരുദ്ധമായ ഫെമിനിസത്തെപ്പറ്റിയാണ്. ആ ഫെമിനിസം അവർണ സമുദായ സ്ത്രീകൾ സ്വസമുദായങ്ങൾക്കുള്ളിൽ നടത്തുന്ന പോരാട്ടങ്ങളെ അവരുടെ സജാതീയ വിവാഹതീരുമാനത്തിനെതിരെ നിർത്തുന്നില്ല.
അതായത്, ചുരുക്കിപ്പറഞ്ഞാൽ പുതിയ നൂറ്റാണ്ടിലെ ജാതിവിരുദ്ധ സമരത്തിന്റെ ഹൃദയഭാഗത്തുതന്നെ ലിംഗ-ലൈംഗിക ഘടനാവിരുദ്ധ സമരവും ഉണ്ടാകണം. മാനവ-അമാനവ പോർവിളികളിൽ ഇക്കാര്യത്തെ മുക്കിക്കളയുന്നത് ആത്മഹത്യാപരമാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Caste feminism j devika

Best of Express